Slider

അബ്ദു രാധ്

0
കുറച്ച് നേരം കൂടെ നിസ്കാരപ്പായയില്‍ തന്നെയിരുന്നു,കാലുകള്‍ മരവിച്ചപോലെ ,തറയിലെ തണുപ്പ് വല്ലാതെ കൂടിയിരിക്കുന്നു .തന്റെ യൗവ്വനം പോലും തോറ്റുപോകുന്നു.തന്നെ പ്പോലെ ..സ്വയം ഓര്‍ത്തുപോയി....അഴികള്‍ക്കിടയിലൂടെ ചോദ്യം ചെയ്യപ്പെടാതെ പരിശോധനകള്‍ കൂടാതെ ഇളം മഞ്ഞ വെയില്‍ കടന്നു വരുന്നു..എത്ര സ്വതന്ത്രന്‍ ...അസൂയതോന്നുന്നു...മധ്യാഹ്ന സൂര്യനു ഇപ്പോഴും പഴയ നിറം തന്നെ... തന്റെ കണ്ണിനു കാഴ്ച കുറഞ്ഞുവോ?പായമടക്കി വെച്ചു,തറയില്‍ തന്നെയിരുന്നു....അലിക്കാന്റെ കടയില്‍ ഒരു ദം ചായ കുടിചിരിക്കണ്ട നേരമാണ്....ഒരു ചായ കിട്ടിയെങ്കില്‍ ...ചുണ്ടുകള്‍ വല്ലാതെ കൊതിക്കുന്നു....
ശാഹിദ് ഭായ് യും നജീബും കൃഷ്ണയും ഒക്കെ കഥപറഞ്ഞിരിക്കുന്നുണ്ടാവും...നജീബിന്റെ പൊട്ടത്തരങ്ങള്‍ക്ക് അവനെ കളിയാക്കുന്നുണ്ടാവും....ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ നാവു തരിക്കുന്നു...എന്ത് പറയാന്‍ ..ഈ ചുവരുകള്‍ തന്റെ വിങ്ങലുകള്‍ കെട്ടു തഴമ്പിച്ചു പോയിരിക്കുന്നു...
ഏഴുനേല്‍ക്ക്....നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു....
ധാര്‍ഷ്ട്യം നിറഞ്ഞ ശബ്ദം ഓര്‍മ്മകളില്‍ നിന്ന് തിരിച്ചു വിളിച്ചു...
ആരാവും ഇപ്പോള്‍....
ആര് വരാന്‍ ..അബ്ബ മാത്രം..എന്തേ ഇപ്പോള്‍....
രാധുവിന് എന്തേലും...
അറിയാതെ ഒരു ആന്തല്‍ ഉള്ളില്‍ മിന്നി...
തിടുക്കത്തില്‍ നടന്നു സന്ദര്‍ശന മുറിയില്‍ എത്തി...
അതെ ..അബ്ബ തന്നെ..പിന്നെയും വയസ്സായോ അബ്ബയ്ക്ക് ...വെളുത്ത താടി ഒതുക്കിയിട്ടില്ല...മൈലാഞ്ചി ഇട്ടിട്ടില്ല...കവിളുകള്‍ പിന്നെയും കുഴിഞ്ഞിരിക്കുന്നു...പരിക്ഷീണനാണ് ...കണ്ണുകളില്‍ വല്ലാത്ത പേടി നിറഞ്ഞ പോലെ...
അസ്സലാമു അലൈക്കും .
വാലൈക്കും അസ്സലാം...
അബ്ബാ....എന്തേ..രാധുവിന്...
ഇല്ല...ഒന്നുമില്ല..അല്‍ഹംദുലില്ല...നന്നായിരിക്കുന്നു....
പിന്നെ....
നിന്നെ ഒന്ന് കാണണം എന്ന് തോന്നി...അത് കൊണ്ട് വന്നതാ...വല്ലാത്ത ഒരു ശ്വാസം മുട്ട് പോലെ....
അല്ല..എന്തോ ഉണ്ട്...അല്ലേല്‍ അബ്ബ വരില്ല...
രാധുവിനെ കൊണ്ട് വരണ്ട എന്ന് പറഞ്ഞതില്‍ പ്പിന്നെ അബ്ബ മാത്രമേ വന്നിട്ടുള്ളൂ....ഗര്‍ഭിണി ആണേലും വാര്‍ഡന്‍ കണ്ണുകള്‍ കൊണ്ട് കൊത്തിപ്പറിച്ചിട്ടെ വിടുകയുള്ളൂ...പിന്നെ അവര്‍ പറയുന്നതും കേള്‍ക്കണം....വരണ്ടാണ് പറഞ്ഞതും അതുകൊണ്ടാണ്...
രണ്ടു തുള്ളി കണ്ണുനീര്‍ കൈയ്യില്‍ വീണു...
"എന്തേ അബ്ബാ...പറയൂ...എന്തായാലും..."
"നമ്മുടെ ആകെ ഉണ്ടായിരുന്ന കാറും ഇന്നലെ രാത്രി ആരോ കത്തിച്ചു....
പകലുകളില്‍ അതില്‍ ഓടിയാണ് വീട്ടില്‍ കഞ്ഞി കുടിക്കാനുള്ള വക കണ്ടിരുന്നത്‌...ആയിട്ടല്ല ..എന്നാലും അതൊരു മാര്‍ഗ്ഗമായിരുന്നു..."
ശ്വാസം നിലച്ചപോലെ തോന്നി....അത് നഷ്ടപ്പെട്ടു...
"പോലീസില്‍ പറഞ്ഞു....രാജ്യദ്രോഹികളുടെ അല്ലെ ..പോട്ടെ ന്ന് പറഞ്ഞു ആട്ടിവിട്ടു...
എനിക്കറിയില്ല ..എന്ത് ചെയ്യണം എന്ന്.."
അബ്ബ ഒരു തേങ്ങലില്‍ മുഴുമിപ്പിക്കാതെ നിര്‍ത്തി....
"സമയം തീര്‍ന്നു...."
വാര്‍ഡന്‍ മുരണ്ടു .
"പൊക്കോ..പൊക്കോ..."
അയാള്‍ ശബ്ദ മുണ്ടാകി...
"അബ്ബ ..രാധു..."
മറുപടി പറയാന്‍ വിട്ടില്ല..വാര്‍ഡന്‍ തന്നെ പിടിച്ചു കൊണ്ട് പൊന്നു...
രാധുവിന് പേടിയായിട്ടുണ്ടാവും....തന്റെ കൂടെ ഇറങ്ങി വരുമ്പോഴും അവള്‍ക്കു പേടിയായിരുന്നു...താന്‍ കൊടുത്ത ധൈര്യം അല്ലാതെ...അബ്ബ പറഞ്ഞു ഇത് നിന്റെ വീടാണ്...നിനക്കു ഇഷ്ടമുള്ള പോലെ ജീവിക്കാം...
അബ്ബയുടെ കാലു തൊട്ടു കണ്ണില്‍ വെക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു....
സേവാ മന്ദിറിലെ ഭഗിനി യോടു യാത്ര പറയുമ്പോഴുംഅവള്‍ കരഞ്ഞു....ഒന്നും പറയാതെ...ആ വിരലുകള്‍ പിടിച്ചു മിണ്ടാതെ നിന്ന്....അല്ലേലും അവള്‍ എന്ത് പറയാന്‍....അതുവരെയും അതിനു ശേഷവും അവള്‍ മിണ്ടിയിട്ടില്ലല്ലോ...
അവള്‍ പറഞ്ഞത് മുഴുവന്‍ തന്നോട് കണ്ണുകള്‍ കൊണ്ടല്ലേ....ഒത്തിരി കാര്യങ്ങള്‍....ആദ്യത്തെ മകന്റെ പേരുപോലും....പേരിട്ടത് അവളല്ലേ...
മകനാണേല്‍ അബ്ദു രാധ് എന്നിടണം എന്ന്....
മകളാണേല്‍ ഫാത്തിക ...ഫാത്തിമ ഉമ്മയുടെ പേരാണ്, രാധികയുടെ പേര് കൂടി ചേര്‍ത്ത് താനാണ് പേര് മാറ്റിയത്...തമാശകള്‍....
രാത്രി ഓട്ടത്തിനു പോകരുതെന്ന് അവള്‍ പലപ്രാവിശ്യം പറഞ്ഞിട്ടുണ്ട്....മഴച്ചാ റ്റ ലുള്ള അന്നും അവള്‍ ഒരുപാട് പറഞ്ഞതാണ്..പോകണ്ടാ എന്ന്..ആശുപത്രി ചെലവ് അധികമാവും ..ആരോടും കൈനീട്ടാന്‍ വയ്യ....ചെറിയ സവാരി ആയാല്‍ അത്രയും നന്ന് എന്ന് പറഞ്ഞു താനാണ് ആ നശിച്ച രാത്രിയില്‍ പോന്നത്...കയറിയവര്‍ ബോംബിന്റെ പെട്ടിയുമായാണ് വന്നതെന്ന് താനെങ്ങിനെ അറിയാന്‍...ചെക്കിങ്ങില്‍ ഒരുത്തന്‍ ഇറങ്ങി ഓടിയപ്പോഴാണ് താനും അപകടം മണത്തത്..അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു...
രാത്രിയായിരിക്കുന്നു...ചെറിയ നിലാവുണ്ട്....നിഴലുകള്‍ ഒരു വലിയ കോട്ടയുടെ ഭീകരത നല്‍കുന്നു...ബൂട്ടുകള്‍ നടക്കുന്ന ശബ്ദം മുഴങ്ങുന്നുണ്ട്....പുതിയതല്ല എങ്കിലും മനസ്സില്‍ അസ്വസ്ഥത നിറയുന്നു...
ആരൊക്കയോ നടന്നു വരും പോലെ...അല്ല തോന്നല്‍ അല്ല....ആരോ അടുത്തുവരുന്നു....
വാതില്‍ തുറക്കപ്പെട്ടു..
"നിന്നെ വിളിക്കുന്നൂ.."
ആര്...
വെറുതെ ചോദിച്ചതാണ് ...ഉത്തരം കിട്ടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ...
മൂന്നാം നിലയിലേക്കാണ് നയിക്കപ്പെട്ടത്...
ചെന്നപാടെ മുഖമടച്ച് ഒരടികിട്ടി...
"നിന്റെ തന്ത എന്തിനാണ് വന്നത്..."
"എന്താണ് പുതിയ പദ്ധതി..."
അബ്ബ വന്നു പോകുമ്പോള്‍ ഒക്കെ ഇതുണ്ടാകാറുണ്ട്...
ഒന്നും പറഞ്ഞില്ല...
അടുത്തടിയും ചവിട്ടും...താന്‍ പറക്കുകയാണ്....
താഴേക്ക്....കാതില്‍ ചെറിയമൂളല്‍ മാത്രം ....ചുറ്റും ചെറിയ ചെടികള്‍ ചതയുന്നു...ഓര്‍മ്മമറയുന്നു....
ദൂരെ ഒരിടത്ത് പഴകിയ വെള്ളത്തുണിയില്‍ പൊക്കിള്‍ക്കൊടി മുറിഞ്ഞുവീണ ഒരു കുഞ്ഞു കരയുന്നുണ്ടായിരുന്നു...അവനെ തഴുകി പോയ ഒരു കുഞ്ഞു കാറ്റ് അവന്റെ കാതില്‍ അബ്ദുരാധ് എന്ന് മധുരമായ് മന്ത്രിച്ചു...അവന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു...അവന്‍ പിന്നെയും കരഞ്ഞു തുടങ്ങി...ഇനിയും ഒരുപാട് കരയാന്‍ ബാക്കിയുള്ളതുപോലെ....
-------------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo