Slider

വെള്ള റോസാപ്പൂവ്

1

എനിക്കാ പൂവ് വേണം" രണ്ടര വയസുകാരി അനുകുട്ടി ചിണുങ്ങാൻ തുടങ്ങി.
കൈ നീട്ടി പൂവെടുക്കാൻ ശ്രമിച്ച അനുകുട്ടിയുടെ കൈകൾ അയൽക്കാരി ശാന്തേച്ചി പിടിച്ചു മാറ്റി. "അനുകുട്ടി... അതെടുക്കാൻ പാടില്ല. അത് പപ്പക്ക് കൊടുത്തതല്ലേ"...
പപ്പക്കെന്തിനാ പൂവ്... എത്ര ആലോചിച്ചിട്ടും അനുകുട്ടിക്ക് മനസിലായില്ല.
കരഞ്ഞു തളർന്നിരിക്കുന്ന അമ്മയോടും ചോദിച്ചു നോക്കി. ആ പൂവെടുത്ത് താ അമ്മേന്നു. അനുകുട്ടീനെ ഇറുകെ കെട്ടിപിടിച്ചു കരഞ്ഞതല്ലാതെ 'അമ്മ ഒന്നും മിണ്ടിയില്ല.
പപ്പ ഉറങ്ങാൻ കിടന്ന പെട്ടി ചുമന്നു ബന്ധുക്കൾ സെമിത്തേരിയിലേക്കു നടക്കുമ്പോഴും പപ്പേടെ അനിയന്റെ കയ്യിലിരുന്ന അനുകുട്ടി നോക്കിയത് പപ്പേടെ കാൽപാദത്തോട് ചേർന്നിരിക്കുന്ന ആ വെളുത്ത റോസാപൂവിലേക്കായിരുന്നു.
പള്ളിയിലെ പ്രാർത്ഥനകൾക്കൊടുവിൽ സെമിത്തേരിയിൽ വച്ച പപ്പേടെ മുഖം വെളുത്ത തുണി കൊണ്ട് പപ്പേടെ അനിയൻ എന്തിനാ മൂടുന്നേന്ന് അനുകുട്ടിക്ക് മനസിലായില്ല. പപ്പക്ക് ശ്വാസം മുട്ടില്ലേ? 'അമ്മ പറഞ്ഞിട്ടുണ്ടല്ലോ അനുകുട്ടിയോട്... ഉറങ്ങുമ്പോ പുതപ്പ് മുഖത്തിടരുതെന്നു. എന്നിട്ടെന്താ പപ്പേടെ മുഖത്തു തുണിയിടുമ്പോൾ 'അമ്മ ഒന്നും പറയാതെ കരഞ്ഞോണ്ടിരിക്കുന്നത്?
പപ്പ ഉറങ്ങാൻ കിടന്ന പെട്ടി അടക്കുമ്പോൾ 'അമ്മ അലറി കരഞ്ഞപ്പോഴും അനുകുട്ടി അമ്മേനെ നോക്കി "കരയണ്ട അമ്മേ"... ന്നു പറഞ്ഞു കെട്ടിപിടിച്ചു. എന്നിട്ടും 'അമ്മ കരഞ്ഞു കൊണ്ടിരുന്നു.
പപ്പ ഒളിച്ചു കളിക്കുവല്ലേ ഈ അമ്മയെന്തിനാ കരയുന്നേ? അനുകുട്ടീടെ കൂടെ പപ്പ ഒളിച്ചു കളിക്കാറുണ്ടല്ലോ... ആനേം കളിക്കാറുണ്ട്. അപ്പോഴൊന്നും 'അമ്മ കരഞ്ഞിട്ടില്ലല്ലോ.
ആരോ കയ്യിൽ തന്ന ഒരുപിടി മണ്ണ് ആ പെട്ടിയുടെ മുകളിൽ എറിഞ്ഞപ്പോൾ അനുകുട്ടിക്ക് ഇഷ്ടായി. മണ്ണിൽ കളിക്കാൻ ഇഷ്ടമുള്ള അനുകുട്ടി വീണ്ടും വീണ്ടും മണ്ണ് വാരിയെറിഞ്ഞു. ആരോ പിടിച്ചു മാറ്റും വരെ.
അവസാനം നീണ്ട തൂമ്പ കൊണ്ട് മണ്ണിട്ട് മൂടി റീത്തുകൾ വച്ചപ്പോഴും അനുകുട്ടി വിചാരിച്ചത് കുറച്ചു കഴിയുമ്പോൾ പപ്പ ചിരിച്ചു കൊണ്ട് എണീറ്റ് വരും എന്നായിരുന്നു.
അങ്കിൾ അനുകുട്ടീനെ എടുത്ത് വീട്ടിലേക്കു നടക്കുമ്പോഴും അനുകുട്ടി തിരിഞ്ഞു നോക്കി...പപ്പ വരുന്നോ എന്ന്. അങ്കിൾ നോട് ചോദിച്ചപ്പോൾ അങ്കിൾ ഒന്നും മിണ്ടിയില്ല. അനുകുട്ടിയുടെ മുഖം തോളിൽ പതിയെ ചേർത്ത് വച്ച് നടന്നു കൊണ്ടിരുന്നു. അനുകുട്ടി പതിയെ കണ്ണുകളടച്ചു. അപ്പോഴും കണ്ടു പപ്പയുടെ കാൽപാദത്തോട് ചേർത്ത് വച്ച വെളുത്ത റോസാപ്പൂവ്.
By: saritha danex
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo