Slider

കണ്ടന്തറ കാഴ്ചകൾ

0

കണ്ടന്തറ എനിക്ക് എന്തക്കൊയോ ആണ്. അതെന്റെ ജന്മനാടല്ല. എന്റെ വേനലവധിക്കാലങ്ങൾ എനിക്കു മുമ്പിൽ തുറന്നിട്ട ഒരു കഥക്കൂമ്പാരമാണ് കണ്ടന്തറ. കണ്ട ന്തറയിലെ ഓരോ മനുഷ്യനും ഒരു കഥയുണ്ട്. അല്ലെങ്കിൽ ഓരോ മനുഷ്യനും ഓരോ കഥയാണ്.കണ്ടന്ത റയ്ക്ക് ഒരു താളമുണ്ട്. തമ്പ്രാന്റെ പറമ്പിൽ പണിയെടുത്ത് ജീവിതം സ്വപ്നം കാണുന്ന അടിയാന്റെ നിസ്സംഗതയുടെ താളം .ഒന്നു പൂവിടുമ്പോഴേക്കും വേരോടെ മരം തന്നെ പിഴുതെറിയുന്ന കണക്ക് അടിയാനെ നശിപ്പിക്കുന്ന ജന്മിയുടെ രൗദ്രതാളം.പക്ഷെ അതെല്ലാം പഴയ കഥ. കാലം കണ്ടന്തറയേയും മാറ്റി. തല കുനിച്ചിരിക്കുന്ന തലമുറ കണ്ടന്തറയേയും വിഴുങ്ങി തുടങ്ങി,എങ്കിലും പഴയ തൊന്നും പൂർണ്ണമായി മറക്കാത്ത അല്ലെങ്കിൽ ആ മാറ്റത്തെ ഉൾക്കൊള്ളാനാവാത്ത ചിലരുണ്ട് കണ്ടന്തറയിൽ.അവർ പലപ്പോഴായി എന്റെ അരികിലൂടെ കടന്നു പോയവരാണ്.പലരെയും കാലം മടക്കി വിളിച്ചെങ്കിലും തെളിവാർന്ന ഓർമ്മകൾ അവരെ ജീവിപ്പിക്കുന്നു. എന്റെ മുന്നിൽ വന്ന കഥകളായ മനുഷ്യർ എന്റെ ഏറ്റവും വലിയ പാഠപുസ്തകങ്ങളായിരുന്നു.
********""'':*""""'*************"""""""""****************
ആന്ത്രാക്കാരന്റെ കണ്ണുകൾ രണ്ടു വെള്ളാരം കല്ലുകളെ ഓർമിപ്പിച്ചു.ക്രൂരതയാണോ ,കൗശലമാണോ അതിൽ മുന്നിട്ടു നിൽക്കുന്നത് എന്ന് പറയാൻ പ്രയാസമാണ്. ആന്ത്രാക്കാരന്റെ യഥാർത്ഥ പേര് മറ്റെന്തോ ആണ്. പക്ഷെ അത് എന്താണെന്ന് ആന്ത്രാക്കാരൻ പോലും മറന്നിരിക്കുന്നു. കണ്ടന്തറയുടെ മറ്റൊരു പ്രത്യേകതയാണത്. കണ്ടന്തറ നിവാസികൾ പലരും അറിയപ്പെടുന്നത് അവരുടെ അപരനാമത്തിൽ ആയിരിക്കും. കണ്ടന്തറയ്ക്കുള്ളിലെ ഏതെങ്കിലും ഒരു രസികൻ ചാർത്തിക്കൊടുത്തതാവും അത്. കാലന്തരത്തിൽ യഥാർത്ഥ പേരിനു മുകളിൽ ആധിപത്യം പുലർത്തിക്കൊണ്ട് ഈ ഇരട്ട പേരുകൾ കണ്ടന്തറയെ സ്വന്തമാക്കുന്നു.
ആന്ത്രാക്കാരനാണ് ആദ്യമായ് കണ്ട ന്തറയ്ക്കു പുറത്ത് ജോലി അന്വോഷിച്ചു പോയ ആൾ .പഴയ പത്താം ക്ലാസ് ആയിരുന്നു ആന്ത്രാക്കാരൻ. നാടുവിട്ടു പോയ ആന്ത്രാക്കാരൻ തിരിച്ചു വന്നത് എട്ടു വർഷങ്ങൾക്കൊടുവിൽ.ആന്ത്രാക്കാരനിൽ വന്ന മാറ്റം കണ്ടന്തറക്കാർക്ക് പുതിയ കഥകൾ മെയ്യാനുള്ള അവസരം കൊടുത്തു.സ്ഥാനത്തും അസ്ഥാനത്തും ആന്ത്രാക്കാരൻ ടീക് ഹെ എന്നും അച്ഛാ എന്നും പറഞ്ഞു. അവസാനം ആന്ത്രാക്കാരന്റെ വീട്ടിൽ പുറമ്പണിക്കു നിന്ന കുഞ്ഞാമനും ടീക് ഹെ പറയാതെ ഒന്നും പറയാറില്ല എന്ന് കണ്ടന്തറക്കാർ കുശുകുശുത്തു. ആന്ത്രാക്കാരൻ ആരെയും വകവച്ചില്ല. പുറം നാട്ടിൽ സമ്പാദിച്ച കാശു കൊണ്ട് അയാൾ കുറച്ചു പറമ്പു വാങ്ങി. മൂന്ന് നാല് പശുക്കളെയും. ഇതെല്ലാം നോക്കി നടത്താൻ വേണ്ടി ഒരു കല്യാണവും കഴിച്ചു.സ്ത്രീ വിഷയത്തിൽ അതീവ തൽപരനായിരുന്ന ആന്ത്രാക്കാരനു പുറം നാട്ടിൽ പറയാൻ കൊള്ളാവുന്ന പണിയായിരുന്നില്ല എന്ന് അസൂയക്കാർ അടക്കം പറഞ്ഞു. ആന്ത്രാക്കാരന്റെ കൂസലില്ലായ്മ അയാളെ കുറിച്ചുള്ള കഥകളുടെ എണ്ണം കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ. പതിനെട്ടു തികയാത്ത പെൺപിള്ളേരെ അടുത്തേക്ക് വിളിച്ച് വീട്ടുവിശേഷങ്ങൾ ചോദിക്കുമെന്നും ,വിശേഷങ്ങൾ അറിയുന്നതിനിടയിൽ ആന്ത്രാക്കാരന്റെ കൈയ്യുകൾ അവരുടെ ശരീരവളർച്ചയും വിലയിരുത്തുമെന്നും വാസ്തവമുണ്ടോ എന്നറിയാത്ത ഒരു കഥ കണ്ടന്തറയിൽ പാട്ടായിരുന്നു. അപ്പോൾ ജനിച്ച കുഞ്ഞിനു പോലും കണ്ടന്തറയിലെ കഥകൾ കാണാപാഠമായിരുന്ന തിനാലാവാം ആന്ത്രാക്കാരൻ അടുത്തെക്കു വരുന്നുവെന്ന് തോന്നിയാൽ കൗമാരത്തിലെത്തിയ പെൺകുട്ടികൾ ഓടി രക്ഷപെട്ടിരുന്നു. ആന്ത്രാക്കാരനെ ഞാൻ കണ്ടത് അദ്ധേഹത്തിന്റെ എൺപതുകളിലാണ്. കണ്ടത്തറയിലെ ഒഴിവുകാലങ്ങളിൽ നീണ്ടു പരന്നു കിടക്കുന്ന പറമ്പുകളായിരുന്നു എന്റെ കൂട്ട് .പറമ്പിന്റെ അറ്റത്തുള്ള കുളത്തിൽ വല്ലപ്പോഴും തലപൊക്കി നോക്കുന്ന വരാലിനെ പ്രതീക്ഷിച്ചിരുന്ന ഞാൻ പെട്ടെന്നാണ് കുളത്തിന്റെ വശത്തുള്ള കുറ്റിക്കാട് അനങ്ങുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഉടുമുണ്ടും പൊക്കിപ്പിടിച്ചിരിക്കുന്ന ആന്ത്രാക്കാരൻ. അമ്മയുടെയും വല്യമ്മയുടെയും രഹസ്യം പറച്ചിലുകളിൽ നിന്ന് എനിക്ക് ആന്ത്രാക്കാരനെ അറിയാമായിരുന്നു. കഥകളിൽ കേട്ട ആന്ത്രാക്കാരൻ ഇടയ്ക്ക് എന്റെ ദു:സ്വപ്നങ്ങളിൽ മുഖം കാണിക്കാറുമുണ്ടായിരുന്നു. ഒറ്റ ഓട്ടത്തിനു തിരിച്ചു വീട്ടിൽ എത്തിയ എന്നോട് അമ്മമ്മ എന്തു പറ്റിയെന്നു ചോദിച്ചു .അന്നാണ് ഞാൻ ആന്ത്രാക്കാരന്റെ പുതിയ കഥകൾ അറിയുന്നത്.ആന്ത്രാക്കാരൻ പാൽ സൊസൈറ്റിയിലേക്കു പാൽ അളക്കാൻ പോകുന്നത് നമ്മുടെ പറമ്പിലൂടെയാണെന്നും, തിരിച്ചു വരുന്ന വഴി ആന്ത്രാക്കാരന്റെ വെളിക്കിറങ്ങലിനു വേദിയാകുന്നതും നമ്മുടെ പറമ്പിലെ കുറ്റിക്കാടാണെന്നും അമ്മമ്മ പറഞ്ഞു.വെളിക്കിറങ്ങുമ്പോൾ ആന്ത്രാക്കാരൻ തന്റെ അടിവസ്ത്രം സുരക്ഷിതമായ് പാൽ പാത്രത്തിൽ സൂക്ഷിക്കാറുണ്ടെന്ന് മുറ്റത്ത് പുല്ല് ചെത്തിക്കൊണ്ടിരുന്ന മല്ലിക ചേച്ചിയും കൂട്ടിച്ചേർത്തു. തികട്ടി വന്ന ഓക്കാനം അടക്കിപ്പിടിച്ച് ഞാൻ രണ്ട് പുതിയ തീരുമാനങ്ങളിൽ എത്തിച്ചേർന്നു. കുളവും പരിസരവും സന്ദർശന നിരോധിത മേഖലയായ് സ്വയം അവരോധിക്കുകയും,കണ്ടൻ തറയിലെ അവധിക്കാലങ്ങൾ പാൽവർജജ്യമാക്കുകയും ചെയ്തു.
പിന്നെയും രണ്ടു മൂന്നു വർഷത്തിനു ശേഷമാണ് ഒരു വൈകുന്നേരം ഞാൻ ആന്ത്രാക്കാരനെ കാണുന്നത്. ഇടവമാസത്തിലെ ഒരു വൈകുന്നേരം. കണ്ടന്തറയിലെ ഇടവപ്പാതി എല്ലാ ദംഷ്ട്രകളും പുറത്തു കാണിച്ച് അട്ടഹസിക്കുന്ന രാക്ഷസിയെ പോലെയാണ്. ഓരോ മിന്നലും കാത്തു വച്ചിരിക്കുന്നത് ഒച്ചയുടെ ഓരോ വിസ്ഫോടനങ്ങളെയാണ്. മിന്നലിനേക്കാൾ എനിക്കു പേടി അതിന്റെ അലർച്ചകളെയായിരുന്നു. അന്ന് അമ്മമ്മയും ഞാനും മാത്രമായിരുന്നു വീട്ടിൽ .തിമിർത്താടുന്ന മഴയും അട്ടഹസിച്ചു കൊണ്ടിരിക്കുന്ന മിന്നലുകളും എന്നെ അമ്മമ്മയുടെ അടുത്തേക്ക് ഒന്നു കൂടി ചേർത്തിരുത്തി. ചെറുതായ് കാറ്റു വരുമ്പോൾ തന്നെ കരണ്ടു പോകുന്നത് കണ്ടന്തറയുടെ പ്രത്യേകത ആയിരുന്നു.പുറത്തേക്കു നോക്കുമ്പോൾ കാണുന്ന ഓരോ നിഴലും മനസ്സിൽ ഓരോ ഭീകരരൂപമായ് മാറുന്നത് കണ്ട് ഞാൻ കണ്ണ് മുറുക്കെ അടച്ച് അമ്മമ്മയോടു ചേർന്നിരുന്നു.നാരായണ നാമം ചൊല്ലിക്കൊണ്ടിരുന്ന അമ്മമ്മയുടെ മുഖത്തു ഇപ്പോൾ ഒരു ചിരി ഉണ്ടാകുമെന്ന് നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു. അപ്പോഴാണ് വാതിൽക്കൽ ഒരു മുട്ടുകേട്ടത്." ഈ മഴയത്തു ഇതാരപ്പാ " ? എന്നു പറഞ്ഞ് അമ്മമ്മ പതുക്കെ എന്നെ പിടിച്ചു മാറ്റി ,എണീറ്റു ചെന്നു വാതിൽ തുറന്നു." ഇതെന്താ കണാരേട്ടാ, ഈ കൊടും മഴയത്ത്. "? അമ്മമ്മയുടെ ചോദ്യം കേട്ട് ഞാനറിയാത്ത കണാരേട്ടനെ കാണാൻ വാതിൽക്കലേക്കു ചെന്നപ്പോൾ അവിടെ നനഞ്ഞൊലിച്ച് ആന്ത്രാക്കാരൻ.ഇയാൾക്കു ഇങ്ങനെ ഒരു പേരോ? ഞാൻ അമ്മമ്മയെ അദ്ഭുതത്തോടെ നോക്കി. അമ്മമ്മ എന്നെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് ഒരു തോർത്തെടുത്ത് ആന്ത്രാക്കാരനു നേരെ നീട്ടി. "കണാരേട്ടൻ കയറി ഇരി. ഞാനിത്തിരി കടും കാപ്പി ഇടാം." എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി. ആന്ത്രാക്കാരൻ അപ്പോഴാണ് എന്നെ കണ്ടത്. "നീ ലീലേടെ മോളോ രാധേടെ മോളോ?" എന്ന് ചോദിക്കുമ്പോൾ അയാൾ വല്ലാതെ വിറയ്ക്കുകയായിരുന്നു.'' രാധേടെ ", എന്തോ എന്റെ ഉത്തരം പ്രതീക്ഷിക്കാത്ത മട്ടിൽ ആന്ത്രാക്കാരൻ നിന്നു. അമ്മമ്മ ഉണ്ടാക്കിയ ചൂടുകാപ്പി കുടിച്ചപ്പോൾ കുറച്ചൊന്നാശ്വസമായിക്കാണും. മഴ ഒന്നൊതുങ്ങിയപ്പോൾ ആന്ത്രാക്കാരൻ യാത്ര പറഞ്ഞു. അപ്പോഴാണ് ഞാൻ ഓർത്തത് വന്നപ്പോൾ മുതൽ അയാൾ ആ വാതിലിനരികിൽ നിൽക്കുകയായിരുന്നു. കണ്ടന്തറവാസികളുടെ കാമത്യക്ഷ്ണകൾ കഥയാക്കി മാറ്റിയ ഒരു ജീവിതം ആ നടന്നകലുന്ന വൃദ്ധൻ ചുമലിലേറ്റുന്ന പോലൊരു തോന്നലിൽ ഞാൻ മഴയെ മറന്നു.

By: Kavitha ketteth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo