Slider

മോചനം

0


കനത്ത ഒരു കാലടി ശബ്ദമാണ് എന്നെ നിദ്രയിൽ നിന്നും ഉണർത്തിയത്. ഇരുട്ടിലേക്ക് കണ്ണ് തുറന്നപ്പോൾ ഭയമാകുന്ന നാഗങ്ങൾ എന്നിൽ പത്തി വിരിച്ചാടാൻ തുടങ്ങിയിരുന്നു. കാലടി ശബ്ദം എന്നിലേക്കടുത്തു കൊണ്ടിരിക്കുന്നു. വിരികളില്ലാത്ത എൻ്റെ ചില്ലു ജാലകത്തിൽ കൂടി വെളിച്ചത്തിൻ്റെ ഒരു കീറ് കടന്നു വന്നിരുന്നെങ്കിൽ!
മഞ്ഞ് കട്ടയെക്കാൾ തണുപ്പുള്ള ഒരു കരം എൻ്റെ തോളിൽ പതിഞ്ഞു. വയറ്റിലൊരാളൽ, തൊണ്ടയിൽ കുരുങ്ങിയ നിലവിളി, മഞ്ഞിൻ തണുപ്പിലും ഞാൻ വെട്ടി വിയർത്തു 'നാവ് വരണ്ടു .... ഒരിറ്റ് ജലം കിട്ടിയിരുന്നെങ്കിൽ ....... കണ്ണുകൾ അടഞ്ഞ് പോകുന്നു. നിതാന്തമായ സുഷുപ്തിയിലേക്ക് ഞാൻ വഴുതി വീണു...
സമയമൊരുപാട് കടന്ന് പോയിരിക്കുന്നു. ഞാൻ വല്ലപാടും കണ്ണുകൾ വലിച്ച് തുറന്നു.ശരീരത്തിനാകെ ഒരു ഭാരക്കുറവ്. സ്വാതന്ത്ര്യത്തോടെ ചലിപ്പിക്കാനാകുന്ന ശരീരം, ഞാൻ ആഹ്ലാദചിത്തയായി. ഞാനൊരു യാത്രയിലാണെന്ന് അപ്പോളാണ് മനസിലായത്... നടക്കുകയല്ല ആയാസ രഹിതയായി അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുകയാണ് ഞാൻ.
പക്ഷെ എൻ്റെ രൂപം, അതെന്നെ നടുക്കിക്കളഞ്ഞു, മഞ്ഞ് പോലെ സുതാര്യമായ കൈകാലുകൾ, മഞ്ഞിൻ നിറമുള്ള ഒരു നിഴൽ രൂപമായി മാറിയിരിക്കുന്നു ഞാൻ!!" എന്താണെനിക്ക് സംഭവിച്ചത് ?" ധൈര്യം സംഭരിച്ച് ചുറ്റും നോക്കി, എൻ്റെ മുന്നിൽ സഞ്ചരിക്കുന്നുണ്ടൊരു കറുത്ത നിഴൽ രൂപം അയാളുടെ നിയന്ത്രണത്തിലാണെൻ്റെ ചലനം എന്ന് ഞാൻ നടുക്കത്തോടെ തിരിച്ചറിഞ്ഞു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുമ്പ് ഞാൻ അവസാനം കണ്ട രൂപമായിരുന്നത് '
വല്ലാത്ത ഒരു തിക്ക് മുട്ടൽ ഞാൻ ഞാൻ മരണപ്പെട്ടിരിക്കുന്നു!! എന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു..ഗത്യന്തരമില്ലാതെ ഞാനാ നിഴൽ രൂപത്തെ പിൻതുടർന്നു.
കാടുകളും മേടുകളും കടന്ന് പുൽപ്രദേശങ്ങളും താണ്ടി ഒരു നദിയുടെ തിരക്ക്‌ എത്തിച്ചേർന്നു. അടുത്ത് കണ്ടപ്പോളാണ് മനസിലായത് അതൊരു വിസ്താരമേറിയ അഴുക്ക് ചാൽ ആയിരുന്നു. ചാൽ കടക്കാൻ ഒരു തോണിയും. അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത വിധം വെള്ള വസ്ത്രം ധരിച്ച ക്രൂര മുഖമുള്ള തോണിക്കാരനും. എൻ്റെ കൂടെ വന്നയാൾ തോണിക്കാരനോട് എന്തോ പിറുപിറുത്തു.
തോണിയിലേറാൻ അയാൾ ആംഗ്യം കാട്ടി. അഴുക്ക് പിടിച്ച ആ വള്ളത്തിൻ്റെ കറുത്ത പടിയിൽ ഞാൻ മെല്ല ഇരുന്നു. എന്നോടൊപ്പം വേറെ ചില യാത്രക്കാരുമുണ്ടെന്ന് എനിക്കേപ്പാൾ മാത്രമാണ് മനസിലായത്
ചിലരാ വളളത്തിൽ കയറാനാവാതെ വൈക്ലബ്യത്തോടെ കരയിലിരിക്കുന്നത് കണ്ടു.
എൻ്റെ നോട്ടത്തിലെ ചോദ്യം മനസിലായിട്ടാവും തോണിക്കാരൻ ശാന്തസ്വരത്തിൽ പറഞ്ഞു. " ഇത് വൈതരണി നദിയാണ് ഇത് കടക്കണമെങ്കിൽ എനിക്കുള്ള വള്ളക്കൂലി ലഭിക്കണം. മൃതദേഹത്തിൻ്റെ വസ്ത്രത്തിൻ്റെ കോന്തലയിൽ ആ നാണയം കെട്ടി വെക്കേണ്ടതുണ്ട് അപ്രകാരം ചെയ്യാത്തതിനാലാണ് അവർക്ക് തോണിയിലേറാനാവാതെ വന്നത്.
" മരണ ലോകത്ത് വിചിത്രമായ നിയമങ്ങൾ ഉണ്ട്. ഒക്കെ പോകെ പോകെ മനസ്സിലാകും." തോണിക്കാരൻ പറഞ്ഞ് നിർത്തി. വീണ്ടും നിശബ്ദമായി തോണി: അസഹ്യമായ ദുർഗന്ധം എന്നെ വീർപ്പുമുട്ടിക്കുന്നു കുറെ സമയം വേണ്ടി വന്നു അക്കരെയെത്തുവാൻ.
വരണ്ടുണങ്ങിയ ഒരു മൊട്ടക്കുന്നിൻ്റെ താഴ്വാരം ആയിരുന്നവിടം.തോണിയിലെ സഹയാത്രികർ ആരുടെയോ നിർദ്ദേശത്തിന് ചലിക്കുന്ന പാവ പോലെ വഴിപിരിഞ്ഞ് ഒരോ ദിശയിലേക്ക് പ്രയാണം തുടർന്നു, ഞാനും. എനിക്ക് വഴികാട്ടിയായിരുന്ന നിഴൽ രൂപം അപ്രത്യക്ഷമായിരിക്കുന്നു.
ഏതോ ഒരു ശക്തിയുടെ ആകർഷണവലയത്തിൽ പെട്ട് ഞാനും മുന്നോട്ട് .ഇതു വരെയുള്ളതിൽ നിന്ന് വ്യത്യസ്തമായി ഞാൻ അൽപ്പം ആയാസത്തോടെ നടക്കാൻ ആരംഭിച്ചിരിക്കുന്നു. തീക്ഷ്ണമായ അഗ്നിച്ചുടുള്ള പ്രകാശം വ്യാപിച്ചിരുന്നു അവിടെ. വല്ലാതെ പൊള്ളുന്നു, തൊണ്ട വരണ്ട് പൊട്ടുന്ന പോലെ... ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കിൽ!!
കാൽ വേച്ച് പോകുന്നത് വകവെയ്ക്കാതെ നടപ്പ് തുടർന്നു. തണുത്ത ഇരുണ്ട പ്രദേശത്താണ് എത്തി ചേർന്നത്. നിറയെ കറുത്ത ഇലകളുള്ള മരങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നു. ഒക്കെയിലും സ്വർണ്ണ നിറത്തിലുള്ള പുഷ്പങ്ങളും ഫലങ്ങളും മരങ്ങൾക്കിടയിലൂടെയുള്ള ഇടുങ്ങിയ പാത നയിച്ചത് വലിയ ഒരു കൊട്ടാരത്തിലേതാണ്.
കറുത്ത ചുവരുകളും തൂണുകളുമുള്ള വലിയ കൊട്ടാരം . ചുവരുകളിൽ അർത്ഥം മനസ്സിലാക്കാനാവാത്ത ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ച ദീർഘകായരായ സ്ത്രീ പുരുഷൻമാർ വിവിധ ജോലികളിൽ മുഴുകിയിരിക്കുന്നു. ഏവരുടെയും മുഖത്ത് കനത്ത നിസംഗ്ഗത മാത്രം;
കൊട്ടാരത്തിനുള്ളിൽ നിന്ന് ഇറങ്ങി വന്ന പുരുഷരൂപം എന്നെ അകത്തേക്ക് നയിച്ചു. അയാളുടെ കാലടികളെ പിന്തുടർന്ന് എത്തിയത് വിശാലമായ തളത്തിലേക്കാണ്. രാജകീയ സൗകര്യങ്ങൾ ഉള്ളയിടം അവിടെ സിംഹാസനത്തിൽ ഉപവിഷ്ടനായി ഒരു കിരീടധാരി. 'ശാന്തഗംഭീരമായ രാജകലയുള്ള മുഖം..
താഴെ ഒരു ഇരിപ്പിടത്തിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം. ഞാൻ മെല്ലെ ഇരപ്പുറപ്പിച്ചു. " നിൻ്റെ നാമം ?'' . അദ്ദേഹം ചുണ്ടനക്കി. ഞാൻ ആരാണ് എന്നത് എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലായിരുന്നു' എനിക്ക് ഒരു പേരുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്. മറവിയുടെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് കുഴങ്ങിപ്പോയി ഞാൻ ഉറക്കെ കരയുവാൻ തോന്നിയെനിക്ക്.
" പാർവതി" അതാണ് നിൻ്റെ നാമം .സിംഹാസനത്തിലും താഴെ വലത് വശത്ത് വ്യത്തിയായി അലങ്കരിച്ച ഇരിപ്പിടത്തിലെ ശുഭ്രവസ്ത്രധാരിയെ ഞാൻ അപ്പോൾ മാത്രമാണ് ശ്രദ്ധിച്ചത്. അയാളുടെ മുഖം ദർശിച്ച മാത്രയിൽ വല്ലാത്ത ഒരു ശാന്തത എന്നിലുളവായി.
അയാളുടെ മേശപ്പുറത്തെ ചുവന്ന പുറംചട്ടയുള്ള പുസ്തകത്തിൽ സുവർണ ലിപികളിൽ പാർവതി എന്ന് എഴുതിയിരിക്കുന്നു.നിൻ്റെ ജീവിതത്തിൻ്റെ ചിത്രമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ വയറ്റിൽ നീ ഉരുവായപ്പോൾ മുതൽ ഇന്നലെ നിൻ്റെ കണ്ണുകൾ അടയുന്നത് വ് രെ യുള്ള കാര്യങ്ങൾ ഒന്നൊഴിയാതെ അടുക്കോടും ചിട്ടയോടും. കൂടി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ശാന്ത ഗംഭീര ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. നിൻ്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക.നിൻ്റെ നന്മതിന്മകളെ അടിസ്ഥാനപ്പെടുത്തി.
ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നെൻ്റെ രൂപം. ഓർമ്മകൾ ഇരുട്ടിനാൽ മായ്ക്കപ്പെട്ടിരുന്ന പാർവതി എന്ന പേരുള്ള മരീചികയായി ഞാൻ.
നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരാൾ കടന്നു വന്നു, എനിക്ക് വഴികാട്ടിയായി വന്ന നിഴൽരൂപിയായിരുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അയാളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അയാൾരാജാവിനെ തൊഴുത് ശുഭ്ര വസ്ത്രധാരിയെസമീപിച്ച് ചെവിയിലെന്തോ മന്ത്രിച്ചു. അദ്ദേഹം ആകെ സംഭ്രമചിത്തനായി അതു കേട്ട്.
" ചിത്രഗുപ്തൻ " രാജാവ് ഘനഗംഭീര ശബ്ദത്തിൽ വിളിച്ചു " യമരാജാവ് പൊറുക്കണം ചിത്രഗുപ്തൻ പറഞ്ഞു പാർവതിയുടെ മരണസമയം അടുത്തിട്ടുണ്ടായിരുന്നില്ല അങ്ങയുടെ കിങ്കരൻ അബദ്ധം പ്രവർത്തിച്ചിരിക്കുന്നു '' രാജാവ് എന്നെ അലിവോടെ നോക്കി "പാർവതിയെ എത്രയും വേഗം അവളുടെ ശരീരത്തിൽ എത്തിക്കൂ. അദ്ദേഹം കൽപ്പിച്ചു.
ചിത്രഗുപ്തൻ പതിയെ എൻ്റെ കരം ഗ്രഹിച്ചു. നിമിഷാർദ്ധത്തിൽ ഒരു ഗ്രാമപ്രദേശത്ത് എത്തിചേർന്നു. അവിടെ ഓടിട്ട ഇടത്തരം വീട് ...'' അത് എൻ്റെ വീടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പറമ്പിൽ പാതിയെരിഞ്ഞ ഒരു ചിത കണ്ടു' എൻ്റെ കണ്ണുകൾ ആകാംഷയോടെ പരതുകയായിരുന്നു. ചിതയുടെ സമീപം ദുഃഖം. ഘനീഭവിച്ച മുഖവുമായി നിൽക്കുന്ന പയ്യനെ ഞാൻ തിരിച്ചറിഞ്ഞു സഹപാഠിയായ റോബിൻ
താൻ നിരാകരിച്ച പ്രണയം. നഷ്ടബോധം തോന്നുന്നിപ്പോൾ .പതിയെ വീട്ടിനുള്ളിലേക്ക് കരഞ്ഞ് തളർന്ന് മയങ്ങുന്ന അമ്മ. സുഹൃത്തുക്കളുടെ ആശ്വാസ വാക്കുകൾക്കിടയിൽ നിസംഗനായ അച്ഛൻ. മരണം കാണാൻ വന്നവരൊക്കെ പിരിഞ്ഞ് പോകാൻ തുടങ്ങിയിരിക്കുന്നു. മണിക്കൂറുകൾക്കു മുൻപ് എൻ്റെ മരണത്തിൽ ദു:ഖിതരായിരുന്നവർ യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത് ഞാൻകണ്ടു.
ഇതാണ് ലോകം ജനനവും മരണവും ഒരു പരിധിക്കപ്പുറം ആരെയും ബാധിക്കുന്നില്ല; എനിക്ക് വല്ലാത്ത ദുഃഖം തോന്നി. - " പാർവതി" ചിത്രഗുപ്തൻ മെല്ലെ വിളിച്ചു കുട്ടി എന്നോട് ക്ഷമിക്കുക ' നിൻ്റെ ശരീരം നശിച്ചിരിക്കുന്നു ' ആയുസ് എത്താത്തതിനാൽ മരണ ലോകത്തും നിനക്ക് വസിക്കാനാവില്ല.
ശരീരമില്ലാത്ത നിയത രൂപമില്ലാത്ത നിഴലായി നീ ത്രിഭുവനങ്ങൾ അലയേണ്ടി വരും. പക്ഷെ തെറ്റ് ഞങ്ങളുടെ ഭാഗത്താണ് അതിന് പകരം ഞാൻ നിനക്ക് ഒരു വരം നൽകാം, ഏതെങ്കിലും പക്ഷിയോ ചെറുജീവിയോ ആകാനുള്ള കഴിവ് നൽകാം
: വേണ്ട ഭഗവൻ ഈ ഭൂമിയിൽ ഇനിയൊരു ജന്മമെനിക്കാവശ്യമില്ല മൂന്ന് ലോകങ്ങളിൽ ഞാൻ അശരീരിയായി അലഞ്ഞു കൊള്ളാം " ശരി" നിൻ്റെ ആശ പോലെ.
ചിത്രഗുപ്തൻ പിരിഞ്ഞു പോയി ഞാൻ ചുറ്റിലും കണ്ണോടിച്ചു. വീട്ടിലെ ശോകാന്തരീക്ഷമാകെ മാറിയിരിക്കുന്നു. എല്ലാവരും തങ്ങളുടെ ജോലികളിൽ വ്യാപൃതരാകാൻ തുടങ്ങിയിരിക്കുന്നു. ആരുടെയും മരണം പ്രപഞ്ചത്തെ ബാധിക്കുന്നില്ല. മറവിയിലേക്ക് മായുന്ന ഒരദ്ധ്യായം മാത്രമായി ഞാനും...
എനിക്കിപ്പോൾ നിരാശയില്ല വേദനയില്ല പെണ്ണായി പിറന്നതിനാൽ അരുതുകളിൽ കുരുങ്ങിയ ജീവിതമായിരുന്നു എൻ്റേത്. കടമകൾ നിറഞ്ഞ ലോകം.. നിരാശകളും വേദനകളും മാത്രം നിറഞ്ഞിടം. ഞാൻ അതിൽ നിന്നും മോചിതയായിരിക്കുന്നു മനസിൽ ഒരായിരം സന്തോഷപൂത്തിരി വിരിഞ്ഞു.
ഇനി എനിക്ക് വിധിയുടെ കെട്ടുപാടുകളില്ല ഞാനിന്ന് സ്വാതന്ത്ര്യയായിരുന്നു, ഈ ചിന്തയെന്നെ ആനന്ദിപ്പിച്ചു. അനന്തമായ സ്വാതന്ത്യ്രത്തിന്റെ ,ആനന്ദത്തിലേക്ക് ഞാൻ ചിറക് വീശിപ്പറന്നുയർന്നു.....

by: 
Annu Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo