''ജീവിതത്തില്‍ ഞാന്‍ ഒരിക്കലും മദ്യപിക്കില്ല''
ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയ്ക്ക് കൊടുത്ത വാക്കാണ്. എന്‍റെ സുഹൃത്തുക്കളോ..... എല്ലാവരും മദ്യപാനികളും. എന്നാലും ഞാന്‍ ഇന്നോളം അവരുടെ പ്രലോഭനങ്ങളിലൊന്നും വീണുപോയിട്ടില്ല. അതിന്‍റെ ഒരു സല്‍പേര് എനിക്ക് നാട്ടിലുണ്ടുതാനും.
ഞങ്ങളിപ്പോള്‍ കൊളക്കാടന്‍ മലയിലാണ്. തുമ്പി ഗള്‍ഫില്‍നിന്നും വന്നതിന്‍റെ ചിലവാണ്. ഞാനും തുമ്പിയും ആശാനും പിന്നെ ഭാഗ്യവാനും.
ആശാന്‍റെ ഇടതുകൈയ്യില്‍ നിന്നും പാഞ്ഞുപോയ വെള്ളാരന്‍കല്ലുകള്‍ രണ്ട് ചപ്പലക്കോഴികളെ വീഴ്ത്തിയിട്ടു. പിടഞ്ഞുപിടഞ്ഞ് അവ നിശ്ചലമായി. നാലുപേരും ഒാരോ പണികള്‍ സ്വയം ഏറ്റെടുത്തു. ഞാനും തുമ്പിയും തൊപ്പയും തൂവ്വലും പറിക്കാന്‍ തുടങ്ങീ.... ആശാന്‍ മസാലക്കൂട്ട് തയ്യാറാക്കുന്ന തിരക്കിലാണ്.... ഭാഗ്യവാന്‍ കല്ലടുപ്പ് കൂട്ടി തീ പിടുപ്പിച്ചു.
വരട്ടിയ കാട്ടുകോഴിയുടെ ഗന്ധത്താല്‍ മയങ്ങിയ മണ്‍ചട്ടി, പരന്ന പാറപ്പുറത്തേക്ക് മാറ്റിവച്ച് ഞങ്ങള്‍ ചുറ്റിലും ഇരുന്നു. തുമ്പി പ്ലാസ്റ്റിക് കവറില്‍നിന്നും ഒരു കുപ്പി ബ്ലാക്ക് ലാബല്‍ എടുത്ത് ആശാന്‍റെ മുന്നിലേക്ക് വച്ചു.
ജോണി വാക്കര്‍....!!
''മുന്നോട്ടന്‍ കാല് പിന്നോട്ടെങ്കില്‍
പിന്നോട്ടന്‍ കാല് മുന്നോട്ട്''
വിടര്‍ന്ന മുഖത്തോടെ ആശാന്‍ പതിവ് ഗാനം ആലപിച്ചു.
സത്യം പറയാലോ ചങ്ങാതിമാരേ...... യുവത്വം തുളുമ്പുന്ന ആ ചതുരക്കുപ്പി എന്‍റെ മനസ്സ് കീഴടക്കി. എന്‍റെ ദൃഡനിശ്ചയത്തിന് വിള്ളല്‍ വീണുവെന്ന ഒരു തോന്നല്‍.
''എടാ പ്രാന്‍ന്താ.... ജോണി വാക്കര്‍ അടിച്ച് കുടിതുടങ്ങണത് അസുലഭമായി കിട്ടണ ഒരു മഹാഭാഗ്യാണ്.......''
ഇത് തുമ്പിയുടെ ഉപദേശമാണ്.
''ഏട്ടോ...... അല്‍പ്പമദ്യം ആരോഗ്യത്തിന് ഗുണകരമാണ്.''
ഭാഗ്യവാന്‍റെ കുഞ്ഞിവായിലെ വലിയ വര്‍ത്തമാനം എനിക്കത്ര രസിച്ചില്ല.
ആശാന്‍ എന്‍റെ കൈയ്യിലെ കോളകുപ്പി വാങ്ങി കാട്ടിലേക്ക് എറിഞ്ഞ്, വികാരഭരിതനായി പറഞ്ഞു.
''എന്നെ അല്‍പ്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ നീയിന്ന് ഇത്തിരി കുടിക്കണം.......''
ആശാന്‍ നീട്ടിയ ഇടത് കൈതലത്തിലേക്ക് ഞാനെന്‍റെ വലതുകൈകൊണ്ടടിച്ചു. അവര്‍ മൂന്നുപേര്‍ക്കും സന്തോഷമായി, എനിക്കും.......
ഞാന്‍ മദ്യത്തിന്‍റെ രുചിയറിയാന്‍ പോകുന്നു...!
''സ്കോട്ടിഷ് ലോലന്‍ഡിലെ ഒരു ചെറുപട്ടണത്തില്‍ നിന്നും നടത്തം തുടങ്ങിയ ഈ മനുഷ്യന്‍ ഇന്നെത്ര ദൂരം താണ്ടിയെന്നറിയുമോ...... സെക്കന്‍റില്‍ നാല് കുപ്പിയാണ് ഈ മദ്യം ലോകത്ത് വിറ്റഴിയപ്പെടുന്നത്!''
കുപ്പിയിലെ നടക്കുന്ന മനുഷ്യനെ ചൂണ്ടികാണിച്ചുകൊണ്ട് തുമ്പി പറഞ്ഞു.
''സ്വര്‍ഗീയ സാഹിത്യകാരന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് ഈ മദ്യത്തെ വിശേഷിപ്പിച്ചത് എന്താണെന്നോ...... തീ നിറമുള്ള ആശ്വാസം എന്ന്.''
ആശാന്‍റെ ജനറല്‍ നോളജ്ജില്‍ എനിക്ക് അസൂയ തോന്നി.
''സദ്ദാം ഹുസൈന്‍റെ കാലത്ത് ഇറാനികള്‍ക്ക് ഈ ദാഹജലം എത്തിച്ചുകൊടുത്ത് എത്ര കള്ളക്കടത്തുകാര്‍ കോടീശ്വരര്‍ ആയെന്നോ....... കണക്കില്ല.''
ഭാഗ്യവാന്‍റെ ആ ഡയലോഗ് എന്‍റെ നെഞ്ചിടിപ്പ് കൂട്ടി. ആ ചള്ളുചെക്കന്‍ വരെ പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കില്‍ മാനം കപ്പലുകേറും. അത് നിലവാര തകര്‍ച്ചയാണ്. ഞാനെന്‍റെ വിജ്ഞാനകോശംആഴത്തില്‍ മാന്തിനോക്കി. പണ്ടെന്നോ.... എവിടെയോ വായിച്ച ഒരോര്‍മ്മ വീണ്ടെടുത്തു.
എല്ലാവരുടേയും ശ്രദ്ധക്കുവേണ്ടി ഞാനൊന്ന് പൊട്ടിച്ചിരിച്ചു. മദ്യകുപ്പി കയ്യിലെടുത്തുകൊണ്ട് പറഞ്ഞു
''തായ്ലാന്‍ഡില്‍ ബിസിനസുകാര്‍ വാക്കുറപ്പിച്ചിരുന്നത് എങ്ങനെയെന്നറിയാമോ....... ഒരു കുപ്പി ബ്ലാക്ക് ലാബല്‍ മേശപ്പുറത്തേക്ക് ഇങ്ങനെ വച്ചായിരുന്നു.''
നിശബ്ദത
എല്ലാവരും ഷോക്കിലാണ്.
എന്‍റെ ആവേശം കൊണ്ടാണോ, പാറയുടെ ബലം കൊണ്ടാണോന്ന് അറിയില്ല കുപ്പിപൊട്ടി.
''എടാ ദ്രോഹീ.......''
എന്‍റെ ശരീരത്തില്‍ ആദ്യം വീണത് ആശാന്‍റെ ഇടതുകൈയ്യായിരുന്നു. പ്രായത്തില്‍ മൂത്ത പരിഗണന നല്കാതെ ഭാഗ്യവാന്‍ വരെ തലങ്ങുംവിലങ്ങും തലോടി. ഞാന്‍ പാറപ്പുറത്ത് കമഴ്ന്ന്കിടന്നു. മൂവരും എന്‍റെ പുറത്ത് പൂതനും തിറയുമാടി. ഒരു സത്യം ഞാന്‍ മനസിലാക്കി. മദ്യപിച്ചവരേക്കാള്‍ അപകടകാരികള്‍ കുടിക്കാന്‍ മുട്ടി നില്‍ക്കന്നവരെന്ന നഗ്നസത്യം.
''വാടാ നമുക്ക് കല്ലൂഴി ഷാപ്പില്‍ പോകാം''
ഇറച്ചി ചട്ടിയും പിടിച്ച് ആശാന്‍ മുന്നില്‍ നടന്നു.
എന്‍റെ കണ്‍മുന്‍പില്‍ കിടക്കുന്നു ആ പൊട്ടിയ ചതുരക്കുപ്പി. ഇരുപത്തിനാല് ഡിഗ്രി ചെരിവില്‍ ഒട്ടിച്ച ഭംഗിയേറിയ സ്റ്റിക്കര്‍. അതിലെ എഴുത്തുകള്‍.........
''ജോണിവാക്കര്‍
കീപ്പ് വാക്കിംഗ്''
എട്ടാംമാസത്തില്‍ കൊട്ടടി വെയ്ക്കാനെന്നപോലെ ഞാന്‍ എഴുന്നേറ്റു. നീറുന്ന വേദനയോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ഏക ആശ്വാസം ഇതായിരുന്നു.
അമ്മയ്ക്ക് കൊടുത്ത വാക്കിന് കോട്ടമൊന്നും തട്ടിയില്ലലോ......
___________________________________
രമേഷ് പാറപ്പുറത്ത്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക