എടാ നീ കണ്ടോ , മ്മടെ ഗൾഫുകാരൻ കൊച്ചാപ്പി ചേട്ടൻ ഉഗ്രൻ ഒരു വീട് പണിതു.
അടിപൊളി വീട് , അല്ലിയോ!
ഉം ..എന്താടാ ഒരു ഭംഗി , രാത്രി ഒന്ന് കാണണം , വീടിനു ചുറ്റും വെട്ടവും അലങ്കാരവും..
എത്ര രൂപ മുടക്കിയിട്ടുണ്ടാവും അതിന്
3300 സ്ക്വയർ ഫീറ്റ് അല്ലെ ഏകദേശം 50 - 60 ലക്ഷം ആയിക്കാണും. രണ്ടു പെണ്മക്കളുള്ള വീടാ, എന്തിനാ ഇത്രയും വലിയത് പണിതത് ആവോ?
അല്ലടാ ഉവ്വേ , മ്മ്ടെ ചേട്ടന് എവിടുന്നാടാ ഇത്രയും കാശ് ?
അയ്യാൾ ഗൾഫിൽ അല്ലായിരുന്നോ, ജോലി ചെയ്ത് ഉണ്ടാക്കി കാണും
അതെങ്ങനാടാ , ഒരു കമ്പനിയിൽ അകൗണ്ടന്റായ അയാൾക്ക് ഇത്രയും കാശ്, പോയിട്ട് മൂന്ന് വർഷമല്ലേ ആയുള്ളൂ?
അത് ശരിയാ , വിമാന ടിക്കറ്റിനു പോലും കടം മേടിച്ചു പോയ അയ്യാൾ ഇത്ര പെട്ടെന്ന് ഇത്രയും സമ്പന്നനായോ ? അത് മാത്രമല്ല പോകുമ്പോൾ കുറച്ച് കടവും ഉണ്ടായിരുന്നു
ഇനി വല്ല കള്ളക്കടത്തോ മറ്റോ ആണോ ?
അറിയില്ലടാ, എന്നാലും ആള് രക്ഷപെട്ടു എന്നാ തോന്നുന്നേ.
ഉം ....നാട്ടുകാർ അതും ഇതുമൊക്കെ പറയുന്നുണ്ട് .
അതൊക്കെ അസൂയ കൊണ്ടാടാ പറയുന്നേ. ഒരാൾ നന്നായെന്ന് കണ്ടാൽ അപ്പോൾ തുടങ്ങും അന്യോഷണം ..എന്താ.. എങ്ങനാ എന്നൊക്കെ.
നല്ലതൊന്നും ആരും പറയില്ല. പിന്നെ കള്ളക്കടത്ത്കാരനാക്കും, കൂട്ടിക്കൊടുപ്പുകാരനാക്കും, സംശയിക്കും, പിന്നെ കിംവദന്തി പറഞ്ഞ് നടക്കും , അതൊക്കെ മ്മ്ടെ കേരളത്തിൽ നാട്ട് നടപ്പല്ലയോ?
പെണ്ണാണ് വിദേശത്ത് പോയി ഇത്രയും കാശുള്ള വീടുണ്ടാകുന്നതെങ്കിൽ അവൾക്കവിടെ ജോലിക്കൊപ്പം മറ്റേ പണിയുണ്ടെന്നും പറഞ്ഞു പരത്തി നാറ്റിക്കുന്ന കാര്യത്തിൽ മ്മൾ മിടുക്കരല്ലയോ.
നായ്കുരണ പൊടി ദേഹത്ത് വീണാലും ചൊറിയാത്തവർ, നാട്ടുകാരുടെ കാര്യത്തിൽ എന്തൊരു ചൊറിച്ചിലാല്ലേ..
അന്നും ഇന്നും നല്ലത് ആരേലും പറയുമോടാ ? ചോരുന്ന വീട്ടിൽ താമസിച്ചാലും കുറ്റം പറയും, നന്നായാലും കുറ്റം പറയും.
ഈ നാട്ടുകാർക്കൊക്കെ എന്തും പറയാലോ അതല്ലേ അവരുടെ ജോലി..
കാര്യം പലരും കുറ്റം പറയുന്നത് അസൂയ കൊണ്ടാണെങ്കിലും, ചില വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട് ...
നമുക്ക് മ്മ്ടെ കൊച്ചാപ്പി ചേട്ടന്റെ വീട്ടിൽ പോകാം
എടി , റോസിലി, കൊച്ചാപ്പി പുതിയ വീട്ടിലെ പതു പതാന്നിരിക്കുന്ന സോഫയിൽ കിടന്നു വിളിച്ചു..
എന്താ മനുഷ്യാ,
നീയിങ്ങു വന്നേ..
ഇതിപ്പോ പത്താമത്തെ തവണയാ വിളിക്കുന്നെ ഞാനിവിടെ അടുക്കളയിലാ , ഏതെങ്കിലും തിന്നാൻ ഉണ്ടാക്കണ്ടേ .. റോസിലി പിറു പിറുത്ത് ഹോളിലേക്കു വന്നു.
നമ്മുടെ ഈവീട് ഉഗ്രൻ ആയില്ലേ..
ഇതിപ്പോ ഒരു നൂറു വട്ടം പറഞ്ഞില്ലേ ..ഒന്നു നിർത്ത് മനുഷ്യാ.
എന്നാലും നീ ഒന്നും പറഞ്ഞില്ലയോ..
ഉം ..ഈ അടുത്തെങ്ങും ഇത്രയും നല്ല വീടില്ല, നാട്ടുകാർക്കൊക്കെ ഇപ്പൊ നമ്മുടെ വീടാ സംസാര വിഷയം , അത് കേൾക്കുമ്പോൾ ഒരു സുഖം
അതെ , എനിക്കും സുഖം തോന്നുന്നു റോസിലി
എടീ സംഗതി ഒക്കെ നന്നായി. എന്നാൽ നിനക്കറിയുമോ. ഇനി എന്റെ ജീവിതം മരിക്കുന്ന വരെ അറബിടെ നാട്ടിൽ ബലിയിടണം, ഇനി ജോലിയെങ്ങാനും പോയാലോ ..എല്ലാം കൂടി തൂക്കി വിറ്റ് വാടക വീട്ടിലേക്കു പോകേണ്ടി വരും.
കരി നാക്ക് വളച്ച് ഒന്നും പറയല്ലേ മനുഷ്യാ. റോസിലിക്കും അല്പം ഭയം കയറി
മൂന്ന് വർഷം അവിടെ പോയി കഷ്ടപ്പെട്ടു കിട്ടിയ കാശ് മൊത്തം 10 ലക്ഷം രൂപ. നിനക്കു വീതം കിട്ടിയതും , നമ്മുടെ ഈ വീടും പറമ്പും ഇപ്പോൾ 35 ലക്ഷം പണയത്തിലാ. ദുബായിൽ നിന്ന് കടം വാങ്ങിയത് 10 ലക്ഷം ....മൊത്തം 45 ലക്ഷം കടം ..
വീടിനു മൊത്തം ആയത് 55 ലക്ഷം.
ഇനി കറന്റ് ബില്ല്. ടെലിഫോൺ , വീട്ടു സാധനങ്ങൾ , നാട്ടുകാരുടെയും വീട്ടുകാരുടെയും കല്യാണങ്ങൾ , സമ്മാനങ്ങൾ , കുട്ടികളുടെ വിദ്യാഭ്യാസം , ആശുപത്രി, മരുന്ന്, പത്രം ..ഹോ ഓർക്കാൻ വയ്യ..
ഇതൊക്കെ ഇനി ജോലി ചെയ്ത് വീട്ടണ്ടേ ..അത് പോരാഞ്ഞിട്ട് , 5 വർഷം കഴിഞ്ഞാൽ അവൾക്ക് കല്യാണ പ്രായം ആവും ...എന്ത് ചെയ്യുമോ ആവോ
എടി റോസിലി നമ്മൾ പണിത വീട് അല്പം കൂടി പോയോ , ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ?
ഓ ഈ നാട്ടിലെ ഏറ്റവും വലിയ വീട് പണിയണം എന്ന് നിങ്ങൾ തന്നെയല്ലെ പറഞ്ഞത് ..എന്നിട്ട് ഇപ്പോൾ എന്താ ഒരു മനം മാറ്റം.
എനിക്കും തോന്നുന്നു ഇത്രയും വലിയത് വേണ്ടായിരുന്നെന്ന് ഒരു 1500 അല്ലെങ്കിൽ 1800 നു ഉള്ളിൽ ഒതുങ്ങുന്നത് ആണെങ്കിലും മതിയാരുന്നു.
ഇനി പറഞ്ഞിട്ടെന്ത് കാര്യം, അനുഭവിക്കുക തന്നെ; റോസിലി പരിഭവത്തോടെ പറഞ്ഞു
ഇനി പറഞ്ഞിട്ടെന്ത് കാര്യം, അനുഭവിക്കുക തന്നെ; റോസിലി പരിഭവത്തോടെ പറഞ്ഞു
എടി എനിക്കാകെ വട്ടു കേറുന്നു, ഇതൊക്കെ അടച്ചു വീട്ടാൻ പറ്റുമോ, ദേഹം വിറക്കുന്നു, അവിടെ ചെന്ന് അധിക സമയം ജോലി ചെയ്ത് കുറച്ച് കൂടുതൽ ഉണ്ടാക്കിയാലേ ലോൺ അടഞ്ഞ് പോകൂ.
അപ്പോഴേക്കും എന്റെ ഷഷ്ടി പൂർത്തിയാവും..
വീട് പണിത പിറ്റേ ദിവസം തന്നെ തുടങ്ങുന്നു ആ പാവം ഗൾഫ് കാരന്റെ കഷ്ടതയും ആധിയും
ഇതൊക്കെ തന്നെയല്ലേ പലയിടത്തും
ഭാരങ്ങളും പേറി അയ്യാൾ പിറ്റേ ആഴ്ച്ച വിമാനം കയറി. കൂടെ അവിവേകത്താൽ, അതിമോഹത്താൽ സംഭവിച്ച കുറച്ച് അധിക ഭാരവും പേറി.
മനസ്സിലെ നിറമുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യവുമായി ചേർത്ത് ചിന്തിക്കാതെ അത് പൂർത്തികരിക്കാൻ കൈ വിട്ട കളി കളിക്കുന്നവർക്കു വീട്ടിലെ ശീതീകരണ മുറിയിലിരുന്നും വിയർക്കും.
ആ വീട് കാണുമ്പൊൾ അല്പം അസൂയ ഉണ്ടെങ്കിലും പറയട്ടെ.
കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ..
.......................
ജിജോ പുത്തൻപുരയിൽ
.......................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക