ചലച്ചിത്ര ലോകത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്പ് നടത്തിയത് SSLC പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആയിരുന്നു .ആദ്യ അനുരാഗം പോലെ അതി മനോഹരമായ ഒരു അനുഭവത്തിന് സാക്ഷ്യം പിടിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തത് പിന് ബെഞ്ചിൽ എന്റെ ഒപ്പം ഇരിക്കുകയും ടീച്ചറു പറയുമ്പോ ഒരുമിച്ചു എഴുനേൽക്കുകയും പുറത്താക്കുമ്പോൾ ഒരുമിച്ചു പോവുകയും ചെയ്തിരുന്ന മഹാന്മാരായ പ്രതീഷും സാജു ലീനസും ആയിരുന്നു.
ഇപ്പോഴത്തെ പോലെ രാജ്യ സഭ അംഗം ഒന്നുമല്ലാതിരുന്ന സുരേഷ് ഗോപി അന്ന് സൂപ്പർസ്റ്റാർ ആയിരുന്നു …അദ്ദേഹം ഓടുകയും ചാടുകയും ഡാൻസ് കളിക്കുകയും ഒക്കെ ചെയ്ത “ചുക്കാൻ ” ആയിരുന്നു ആരാധനയിൽ അന്ന് ഞങ്ങൾ കണ്ടത്. അന്ന് വൈകിട്ട് കൊല്ലം ബീച്ചിൽ അഴിച്ചു വച്ച പുതിയ ലെതർ ചെരുപ്പ് കണ്മുന്നിൽ കൂടി ഒരു മഹാനുഭാവൻ എടുത്തു കൊണ്ട് പോകുന്നത് ഇപ്പോഴും ഒരു ചലച്ചിത്രം പോലെ വ്യക്തം .
ഉപരി പഠനത്തിനായി മാർ ഇവാനിയസ് കോളജിലേക്ക് കയറുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല വരാൻ പോകുന്ന ചലച്ചിത്ര വിസ്മയ ലോകം .ആറു രൂപ മുതൽ പതിനഞ്ചു രൂപ വരെ മുതൽ മുടക്കുള്ള ടിക്കറ്റുകൾ വാങ്ങാൻ ക്യൂ നിക്കുമ്പോൾ കണ്ണുകൾ പരത്തിയത് സിനിമ പോസ്ടറുകൾ ആയിരുന്നില്ല .കുഞ്ഞനിയന്റെ ഭാവിയിൽ സദാ ശ്രദ്ധാലുക്കളും അവന്റെ യാത്രകളിൽ പതിയിരിക്കുന്ന ദുഷ്ട ശക്തികളെ അകറ്റാൻ PMG junctionനിലെ ഹനുമാൻ കോവിലിൽ എല്ലാ വ്യാഴാഴ്ച തോറും നാരങ്ങാ വിലക്ക് തെളിക്കുമായിരുന്ന ജേഷ്ഠ സഹോദരങ്ങളെ ആയിരുന്നു… …ഒന്നെന്റെ സ്വന്തവും മറ്റേതു പിതൃ സഹോദരീ പുത്രനും ..
ഇതിൽ ഈ പറയുന്ന പിതൃ സഹോദരീ പുത്രൻ ആണ് ഇന്ന് ഞങ്ങളുടെ തലമുറയിൽ കാരണവ സ്ഥാനം വഹിക്കുകയും അകാരണമായി തർക്കങ്ങളിൽ ഏർപ്പെടുകയും,അടുത്ത തലമുറയിൽ പെട്ട കുഞ്ഞുങ്ങളുടെ വരെ ട്രോൾ ഏറ്റ് വാങ്ങുകയും ചെയ്യപ്പെടുന്നു.എങ്കിലും ടിയാൻ സജീവമായി രാഷ്ട്രീയ സാമുദായിക ചലച്ചിത്ര മേഖലകളിൽ നവ മാധ്യമങ്ങൾ വഴി സജീവമായി ഇടപെടലുകൾ നടത്തുന്നു (V .S . ഒക്കെ എന്ത്?)
…പിന്നെ ഉള്ളത് സ്വന്തം ആണ്.ദൃശ്യ വിസ്മയ ലോകത്തേക്കുള്ള പ്രയാണത്തിൽ പ്രധാന വെല്ലുവിളി കേശവദാസപുരത്തിന് തൊട്ടുമുന്പുള്ള പരുത്തിപാറ junction ആയിരുന്നു .അവിടെയാണ് മോഹൻലാലും എന്റെ ജേഷ്ടനുമൊക്കെ പഠിച്ച MG കോളേജ് സ്ഥിതി ചെയ്തിരുന്നത്…ദോഷം പറയരുത് ആ രണ്ടു വര്ഷo പുള്ളിക്കാരനെ ഞാൻ ഒരിക്കലും പരുത്തിപാറ junction ൽ കണ്ടിട്ടില്ല.
അങ്ങനെ സിനിമകളുടെ എണ്ണം സെഞ്ച്വറി തികഞ്ഞു നില്ക്കുന്ന ഒരു നാൾ….
കോളേജിൽ നിന്നും ഏതാണ്ട് ഒരു 3 മണിക്ക് മണ്ണാംമൂലയിലെ ഇരു മുറി വീട്ടിലേക്കു വരുമ്പോ മാതാവ് നാഗവല്ലി സ്റ്റൈൽill കൈ പുറകെ കെട്ടി ഡൈനിങ്ങ് റൂം cum drawing റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ..Most probably ഗേറ്റ് തുറന്നു ഞാൻ വരുന്നത് കണ്ടിട്ടാവണം അമ്മ നടപ്പ് തുടങ്ങിയത്.അല്ലെങ്കിൽ അകത്തെ മുറിയിൽ അടക്കി പിടിച്ച ചർച്ചകൾ നടത്തി കൊണ്ടിരുന്ന ജേഷ്ടന്മാർ (സ്വന്തം & പിതൃ സഹോദരീപുത്രൻ ) അമ്മയെ അറിയിചിട്ടുണ്ടാവും …
“അമ്മെ/മാമി ലവൻ വരുന്നുണ്ട് !…
മുറിയിലേക്ക് കയറി ഞാൻ ആദ്യം കണ്ടത് അമ്മയെ …ആ മുഖം കണ്ടപ്പോ പാവം തോന്നി ..ഒരു കലിപ്പ് ഭാവം .അതിൽ ഒട്ടും അസ്വാഭാവികത തോന്നാത്ത എനിക്ക് ആ നിമിഷം അച്ഛനോട് ദേഷ്യം തോന്നി
“why is he scolding my mom like this !”.
മുറിയിലേക്ക് കയറി ഷൂസ് ഊരി കട്ടിലിന്റെ അടിയിലോട്ടും ബാഗെടുത്തു അലമാരിയിലോട്ടും എറിയുന്നതിനിടയിൽ “അമ്മെ ചോറ് താ “എന്ന് വിളിച്ചു പറഞ്ഞു .പക്ഷെ എന്റെ വിശ്വാസം അസ്ഥാനത്താക്കി കൊണ്ട് മാതാവ് അപ്പോഴേക്കും ചോറ് വിളമ്പിയിരുന്നു.മുറിയിലാകെ പടര്ന്ന ശ്മശാന മൂകതയിൽ തോരനും കിളിമീൻ വറുത്തതും ചമ്മന്തിയുമൊക്കെ കൂട്ടി കഴിക്കുമ്പോൾ വരാൻ പോകുന്ന സുനാമിയുടെ അലയടികൾ അപ്പുറത്തെ മുറിയിലിരുന്നു കുനുകുനെ സംസാരിക്കുന്ന ജെഷ്ടന്മാരിൽ നിന്നും ഏകദേശം വ്യക്തമായി.
കൈ കഴുകി തിരികെ വരുമ്പോ മേശ പുറത്തൊരു റോസ് കളർ പേപ്പർ കഷ്ണം .
“ദൈവമേ കഴിക്കുന്ന ഭക്ഷണത്തിന് അമ്മ ബില്ലും തന്നു തുടങ്ങിയോ ” എന്ന ആശ്ച്ചര്യത്താൽ പേപ്പർ നോക്കുമ്പോ അതിൽ വെണ്ടയ്ക്ക അക്ഷരത്തിൽ “ധന്യ ” എന്നെഴുതിയിരിക്കുന്നു ….
“എന്ത് ഞാൻ ഭക്ഷണം കഴിച്ചതിൽ അമ്മ ധന്യ ആയെന്നോ?”…പിന്നീടു മനസ്സിലായി അത് തിരുവനന്തപുരം ധന്യ തീയറ്ററിലെ ടിക്കറ്റ് ആണെന്ന്.ഇതെവിടുന്നു കിട്ടി എന്ന ചോദ്യ ഭാവവും ആയി നില്ക്കുന്ന എന്റെ നേരെ നാഗവല്ലിയെ ബാധ ഒഴിപ്പിക്കാൻ വന്ന ബ്രഹ്മധത്തൻ നമ്പൂതിരിപ്പാടിനെ പോലെ കൈയിൽ ഇരുന്ന വടി കൊണ്ട് അടി തുടങ്ങി ….സണ്ണിയും നകുലനും അകത്തെ മുറിയിൽ ഇരുന്നു പ്രാർത്ഥിച്ചു ….എന്റെ പഠന വൈകല്യങ്ങൾ നികത്താൻ 9am ക്ലാസ്സു മുതൽ അമ്മ കിക്ക് ബൊക്സിങ്ങ് , കരാട്ടെ ,കുങ്ങ്ഫു ,കളരി മുതലായ ആയോധന കലകൾ അഭ്യസിച്ചിരുന്നു .ആ പ്രാവിണ്യം കൊണ്ട് തന്നെ എല്ലാം വളരെ കൃത്യമായി കൊള്ളേണ്ട ഇടങ്ങളിൽ കൊണ്ട് കൊണ്ടേ ഇരുന്നു …..ഇതിനിടയിൽ അറിയാവുന്ന ഭാഷയിൽ ഞാൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു ….
“ഇത് ഞാൻ കണ്ട സിനിമയുടെ ടിക്കറ്റ് അല്ല …അല്ല… അല്ല .ഓരോ അടി ഞാൻ പുറം കൊണ്ടും കൈ കൊണ്ടും തികഞ്ഞ ഒരു അഭ്യസിയെ പോലെ തടുക്കുംപോൾ ഞാൻ എന്നോട് തന്നെ ചോതിച്ചു
“Dude നീ എപ്പ ധന്യയിൽ സിനിമയ്ക്കു പോയി “…അങ്ങനെ ഒരു കൺഫ്യൂഷൻ ഉള്ളത് കൊണ്ടും ഒരു സിനിമ കാണാൻ ഇക്കാലം വരെ ധന്യയിൽ പോകാത്തത് കൊണ്ടും എനിക്കറിയാമായിരുന്നു …വെറുതെ വേദനിപ്പിക്കനല്ലാതെ ഈ അടികൾ എല്ലാം വെറുതെ പാഴായി പോവുകയാണെന്ന്. അന്നും ഇന്നും ഞാൻ എന്നോട് തന്നെ ചോദിക്കും “Dude നീ എപ്പ ധന്യയിൽ സിനിമയ്ക്കു പോയി “….അവസാനം ഇത് വരെ കണ്ട സിനിമകളുടെ പേരുകൾ എഴുതി തരാൻ പറഞ്ഞ അമ്മക്ക് മിമിക്സ് ആക്ഷൻ 500 ‘,വാർധക്യ പുരാണം മുതലായ 8 സിനിമകളുടെ പേര് എഴുതി കൊടുത്തു വിജയീ ഭാവത്തിൽ മുറിയിലോട്ടു ചെല്ലുമ്പൊ നകുലൻ ഓർഗാനിക് കെമിസ്ട്രി യുടെ പുസ്തകം തലകുത്തനെ പിടിച്ചു വായിക്കുകയും …സണ്ണി ഹിന്ദു പത്രത്തിലെ സ്പോര്ട്സ് പേജിൽ സുടോകോ കളിക്കുകയും ചെയ്യുക ആയിരുന്നു…
യേശു ദേവൻ കുരിശിലേറിയത് മറ്റുള്ളവരുടെ പാപങ്ങൾ പൊറുക്കപ്പെടാൻ വേണ്ടി ആയിരുന്നല്ലോ എന്നൊക്കെ ആശ്വസിക്കാം …പക്ഷെ കൊണ്ട അടിയും ഇന്നും മൂടി വെയ്ക്കപ്പെട്ടതുമായ സത്യവും ഇങ്ങനെ വെട്ടി നിവര്ന്നു നിൽക്കുമ്പോൾ ..ഓർമകൾക്ക് ഒരു സുഖം
ഇന്നും ഞാൻ മാത്രമുള്ള എന്റെ ചില സ്വകാര്യ നിമിഷങ്ങളിൽ ഞാൻ എന്നോട് ചോദിക്കും “Dude നീ എപ്പ ധന്യയിൽ സിനിമയ്ക്കു പോയി “….
By: Akhilesh SV
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക