Slider

സെയിൽസ് റപ്രസന്റേറ്റീവ്

0

പത്രത്തിൽ വന്ന പരസ്യത്തെച്ചുവട് പിടിച്ചാണ് ഞാൻ ഒരു മാർക്കറ്റിംഗ് കമ്പനിയിൽ എത്തിയതും അവരുടെ ചില ചെറിയതരം വീട്ടുപകരണങ്ങളുടെ സെയിൽസ് റപ്രസന്ററ്റീവായി ജോലിയിൽ കയറിയതും.
ബാഗ് നിറയെ സാധനങ്ങൾ കുത്തിനിറച്ച് ഞാൻ കച്ചവടത്തിനായി ചെന്നിറങ്ങിയത് 'ഏഴുകണ്ടി ' എന്ന സ്ഥലത്താണ്. ധാരാളം വീടുകളുള്ള സ്ഥലം.
കർക്കടകമായിരുന്നെങ്കിലും നല്ല വെയിൽ.വീടുകൾ കയറിയിറങ്ങി കുറച്ച് സാധനങ്ങളൊക്കെ വിറ്റു.
ഓടിട്ട ഒരു ചെറിയ വീട്ടിലാണ് ഒടുവിൽ കയറിയത്. ചെറുതെങ്കിലും വൃത്തിയുള്ള വീട്.മുൻഭാഗത്തെ വാതിൽ പാതിയടഞ്ഞ നിലയിലാണ്. ആരെയും കണ്ടില്ല. വാതിലിന്റെ കിടപ്പ് ഉള്ളിൽ ആളുണ്ടെന്നതിന്റെ സൂചന.
കാളിംഗ് ബെല്ലിൽ വിരലമർത്തി. ബെല്ലടിഞ്ഞ ശബ്ദം കേട്ടില്ല. ബെല്ല് തകരാറിലായിക്കാണും. അതോ കറണ്ട് പോയതോ?
"ഇവിടെ ആരുമില്ലേ...?" വിളിച്ച് ചോദിച്ചു
കുറച്ച് നേരത്തേക്ക് പ്രതികരണമൊന്നുമില്ല.
"ആരാ..?" അകത്ത് നിന്ന് വന്നത് പ്രായമുള്ള സ്ത്രീ ശബ്ദം. അടുക്കളയിൽ നിന്നാണെന്ന് തോനുന്നു. ഒരു സ്റ്റീൽ പാത്രം നിലത്ത് വീണ ശബ്ദവും കേട്ടു. അൽപസമയത്തിനുള്ളിൽ വാതിൽപ്പൊളി മുഴുവനും തുറന്ന് അറുപതോളം പ്രായം തോന്നിക്കുന്ന വൃത്തിയായി വസ്ത്രം ധരിച്ച, മുഖത്ത് നല്ല പ്രകാശമുള്ള ഒരു സ്ത്രീ കടന്നു വന്നു.
"ആരാ....?"
ഞാൻ തോളിലെ ബാഗ് വരാന്തയിലേക്കിറക്കി വെച്ച് ബാഗ് തുറക്കാൻ ഭാവിക്കുമ്പോഴേക്കും അവർ പറഞ്ഞു:
"ഇവിടെ ഇപ്പം ഒന്നും വേണ്ടല്ലോ മോനേ....
ഞാനും ഒരു വയസ്സായ നായരും മാത്രമേ ഇവിടുള്ളൂ... "
ആ ശബ്ദത്തിൽ ഒരു വാൽസല്യവും ഒപ്പം നിരാശയും കലർന്നിരുന്നു.
"അമ്മക്ക് മക്കളൊന്നുമില്ലേ...?"
" ഉണ്ടായിരുന്നത് ഒരു മോനാ. അവൻ ടൗണില് എടുപ്പൊക്കെയെടുത്ത് അവിടാ താമസം.. "
"അപ്പൊ പറഞ്ഞ നായര് എവിടെ..?"
"മൂപ്പര് രാവിലെ നടക്കാനിറങ്ങിയതാ. വായനശാലയിൽ പോയി പത്രങ്ങളൊക്കെ കലക്കിക്കുടിച്ച് ഉച്ചയാവുമ്പഴേക്കേ തിരിച്ചെത്തൂ."
ഈ അമ്മക്ക് നന്നായിട്ട് സംസാരിക്കാനറിയാമെന്ന് മനസ്സിലായി.
"നല്ല വെയില്, വല്ലാത്ത ദാഹം ഒരു ഗ്ലാസ് വെള്ളം തര്യോ അമ്മേ...?"
"അതിനെന്താ മോനിങ്ങോട്ട് കയറിയിരുന്നോ ഞാനെടുത്തോണ്ടു വരാം."
ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ വരാന്തയിലെ കസേരയിലേക്ക് കയറിയിരുന്നു. പെട്ടെന്നവർ ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളവും ഗ്ലാസുമായി വന്നു.
"പച്ച വെള്ളം കുടിക്കണ്ട. ഇത് ചൂടുള്ള കഞ്ഞിവെള്ളമാ.. "
അതും കുടിച്ച് നന്ദിസൂചകമായി ചിരിച്ച് ഞാനിറങ്ങാൻ ഒരുങ്ങി.
"മോന്റെ വീടെവിട്യാ...?"
"ഇവിടെ അടുത്ത് തന്നാ..."
" വീട്ടില് അമ്മേം അച്ഛനമൊക്കെയുണ്ടോ...?"
"അച്ഛനില്ല. അമ്മയുണ്ട്. അച്ഛൻ നാല് കൊല്ലം മുമ്പ് മരിച്ചു. "
"ഏട്ടന്മാരും പെങ്ങമ്മാരുമൊക്കെയുണ്ടോ...?"
"ഏട്ടന്മാരില്ല. ഞാനാ മൂത്തത് .പിന്നെ ഒരനിയനും അനിയത്തിയും ഉണ്ട് "
"അവരൊക്കെ....?"
"പഠിക്ക്യാ... അമ്മയുടെ മോന് എന്താ ജോലി..?"
"അവൻ ഡോക്ടറാ... കോഴിക്കോട്ട്. ഭാര്യേം ഡോക്ടറാ... രണ്ട് മക്കളുമുണ്ട്."
"അമ്മയും അച്ഛനും ഇവിടെ തന്നാണോ താമസം. അതോ ഇടക്കൊക്കെ മകന്റെ അടുത്ത് പോയി നിൽക്കാറുണ്ടോ..?"
"ഇല്ല. ഞങ്ങള് ഇവിടെതെന്ന്യാ താമസം. അവൻ ഞങ്ങളെയൊക്കെ ഒഴിവാക്കിപ്പോയതല്ലേ .... അവന് അവളെ മതി. പഠിപ്പിച്ച് ഈ നെലേലെത്തിച്ച ഞങ്ങളെ വേണ്ട.. ഇതാ ഈ വീടിന്റെ മുന്നിലുള്ള സ്ഥലം വിറ്റാ അവനെ ഞങ്ങള് ഈ നെലേല് എത്തിച്ചേ.. എന്നിട്ട് കല്യാണം കഴിഞ്ഞ് ആറ് ദിവസാ അവനിവിടെ നിന്നത്. അവന്റെ ഭാര്യക്ക് ഞങ്ങളേം ഈ വീടും സ്ഥലോം ഒന്നും പിടിച്ചില്ല... ഇപ്പോ അഞ്ച് കൊല്ലായി അവനെയൊന്നു കണ്ടിട്ട്... ആ മക്കളെപ്പോലും ഒന്നു കാണാൻ കഴിഞ്ഞിട്ടില്ല.. "
അവരുടെ ശബ്ദം സങ്കടം കൊണ്ട് പതറി. കണ്ണിൽ വെള്ളം നിറഞ്ഞു.
മകനെക്കുറിച്ച് ഒന്നും ചോദിക്കേണ്ടായിരുന്നു എന്നെനിക്ക് തോന്നി. ഞാൻ പോവാനായി കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ
"മോനവിടെ ഇരി ഞാനിപ്പോ വരാം..." എന്നു പറഞ്ഞ് അവർ അകത്തേക്ക് പോയി.
ഒരു പ്ലെയിറ്റിൽ കടലാസിൽ പൊതിഞ്ഞ
നാലഞ്ച് കേക്കുമായാണ് അവർ വന്നത്.പ്ലയ്റ്റ് എന്റെ നേരെ നീട്ടി അവർ പറഞ്ഞു:
"ഇന്നലെ അനിയത്തീം ഭർത്താവും വന്നപ്പോ കൊണ്ടോന്നതാ. അവര് ഞങ്ങളെ വിശേഷങ്ങളറിയാൻ വന്നതായിരുന്നു. ഇതൊക്കെ ഇവിടെ ആര് തിന്നാനാ..? മോൻ തിന്നോ..."
ഞാൻ ഒരു ക്കേക്കെടുത്ത് കടലാസ് കളഞ്ഞു.
"മോനിത് പിടി... " - അവർ പ്ലെയിറ്റ് എന്റെ നേരെത്തന്നെ പിടിച്ചു.
"വേണ്ട ഇത് മതി... "
ഞാൻ കേക്ക് തിന്നുകൊണ്ടിരിക്കെ തെക്ക് നിന്നും ഒരുകാറ്റ് വന്ന് എന്നെയും അവരെയും തഴുകി വടക്കോട്ട് കടന്നു പോയി. വളരെ പെട്ടെന്നാണ് സൂര്യനെ മറച്ച് ആകാശം മേഘാവൃതമായത്.
"നല്ല മഴ വരുന്നു. ഏതായാലും ഇതെന്താവുംന്ന് നോക്കീട്ട് പോവാം..."
അവർ പറഞ്ഞു തീരും മുമ്പ് തന്നെ മഴ ചാറാൻ തുടങ്ങി. വളരെ വേഗം ശക്തിപ്രാപിക്കുകയും ചെയ്തു. വരാന്തയിലേക്ക് മഴ പാറി വന്നപ്പോൾ കസേര ചുമരോട് ചേർത്തിടാൻ പറഞ്ഞു.
"മോൻ ഏത് വരെ പഠിച്ചു...?"
" പ്ലസ് റ്റു വരെ... "
"പിന്നെ... "
"തോറ്റു.ഒപ്പം അച്ഛന്റെ മരണവും. തുടരാൻ കഴിഞ്ഞില്ല."
"പോലീസിലേക്കും പട്ടാളത്തിലേക്കുമൊന്നും നോക്കിലേ..?"
"പട്ടാളത്തിലേക്ക് നോക്കിയിരുന്നു. ഈ കാലിന്റെ വിരല് മറ്റൊരു വിരലിന്റെ മുകളിൽ കേറിയതാ കുഴപ്പമായത്..." - ഞാൻ വലതുകാൽ അവരുടെ മുന്നിലേക്ക് നീട്ടിക്കാട്ടി.
അവർ നെടുവീർപ്പിട്ടു.
"മോൻ വീട്ടിലേക്ക് പോവുമ്പോ സാധനങ്ങളൊക്കെ വാങ്ങേണ്ടി വരും ല്ലേ..‌?"
"വേണ്ട. രാവിലെ വരുമ്പോ പൈസ കൊടുത്തതാ. അനിയൻ വാങ്ങിക്കോളും.. "
"എന്റെ മോനെപ്പോലൊന്നും ആയിപ്പോകരുത്. അമ്മയെ നന്നായിട്ട് നോക്കണം. വെഷമിപ്പിക്കരുത്.."
"ഇല്ല ... "
"മോൻ ഒരു പെണ്ണിനേം സ്നേഹിച്ച് കല്ല്യാണം കഴിക്കരുത്.ഞങ്ങടെ മോൻ ഒരുത്തിയെ സ്നേഹിച്ചതാ ഞങ്ങൾ അനുഭവിക്കുന്നത്.."
എന്നെക്കാൾ നന്നായിട്ട് എന്റെമ്മയെ സ്നേഹിക്കുമെന്നുറപ്പുള്ള ഒരു പെണ്ണിനെയാ ഞാൻ കണ്ടുവെച്ചിരിക്കുന്നത് എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും പറഞ്ഞില്ല. വെറുതെ ചിരിച്ചു.
"മഴ തോർന്നു.ഞാൻ പോയി വരാം അമ്മേ.... "
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു.
"എന്നാ മോൻ പോയ്ക്കോ.സാധനങ്ങളൊക്കെ വിറ്റ് നേരത്തെ വീട്ടിലെത്തേണ്ടതല്ലേ..."
"ഇനി വല്ലപ്പോഴും ഇതിലെ വരികയാണെങ്കിൽ അമ്മയുടെ അടുത്ത് കയറാം. കഞ്ഞി വെള്ളൊക്കെ കുടിക്കാലോ..."
അവർ ചിരിച്ചു. ഞാനും.
"വന്നാൽ തീർച്ചയായും കയറണം.."
"കയറാം..." - ബാഗ് തോളിലേറ്റി നടക്കുന്നതിനിടയിൽ ഓർത്തു.ഈ വാൽസല്യം ഉപേക്ഷിക്കുവാൻ ആ മകന് എങ്ങിനെ മനസ്സു വന്നു?.
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo