സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു ദൂരദര്‍ശന്‍ മലയാളം ചാനല്‍ തുടങ്ങുന്നതും അതിലെ ഞായറാഴ്ച്ച തോറുമുള്ള സിനിമ കാണല്‍ ഭ്രാന്ത് തുടങ്ങുന്നതും. വീട്ടില്‍ ടിവി വാങ്ങുന്നേനു മുന്നേ അടുത്ത വീട്ടില്‍ പോയാണ് ഈ സിനിമ കാണല്‍ സാധിയ്ക്കാറുള്ളത്. അന്നും (ഇന്നും) വാര്‍ത്ത കാണാനും കേള്‍ക്കാനും ഇഷ്ടമല്ലാത്തതിനാല്‍ ആ സമയമാകുമ്പോള്‍ വീട്ടില്‍ പോകുന്നതും, സിനിമയുടെ ബാക്കി കാണാന്‍ തിരിച്ചുവരുന്നതുമൊരു പതിവായിരുന്നു അക്കാലത്ത്.
ജന്മനാ തന്നെ പട്ടികളെ ഭയങ്കര പേടിയായതിനാല്‍, പട്ടിയുള്ളവീടുകളില്‍ പോകുക എന്നത്, എന്നുമൊരു സമസ്യയാണ്. ടിവി കാണാന്‍ പോയിരുന്ന ആ വീട്ടിലും ഉണ്ടായിരുന്നു രണ്ടെണ്ണം. അല്‍സേഷ്യന്‍ ഇനത്തില്‍പെട്ട ഒന്നിനെ സദാ കെട്ടിയിടുകയും, പോമറേനിയന്‍ ഒന്നിനെ- "മോത്തി" മേയാന്‍ വിടുകയുമാണ് പതിവ്. സകല സമയവും റോഡിലും പരിസരത്തുമായി കണ്ടിരുന്നതിനാല്‍ മോത്തിയെ അത്രയ്ക്കങ്ങ് പേടിയില്ല, എന്നാല്‍ ചങ്ങാത്തമില്ല താനും. വലുതിനെ കെട്ടിയിട്ടിരിയ്ക്ക്യാണേലും ഉള്ളിലെ പേടിയും മുഖത്ത് വച്ചുപിടിപ്പിച്ച ധൈര്യവും ഒക്കെക്കൂടി, ആ വീട്ടില്‍ വരികയും പോകുകയും ചെയ്യുമ്പോള്‍ ഏതാണ്ട് മണിച്ചിത്രത്താഴ് സിനിമയില്‍ ഇന്നസെന്റ് തമിഴത്തിയെ പേടിച്ച് നടക്കണ പോലിരിയ്ക്കും (വടി പോലെ).
ഒരു നാള്‍ പതിവുപോലെ വാര്‍ത്തകള്‍ കഴിയുന്ന നേരത്തിന് വീട്ടില്‍ നിന്നും ഇറങ്ങി സിനിമ കാണാന്‍ നടക്കാര്‍ന്നു. നിത്യേനെയെന്നോണം അച്ഛന്‍റെ തറവാട്ടുപടിയ്ക്കല്‍ ഇരുന്ന്‍ വര്‍ത്തമാനം പറയാറുള്ള അമ്മായീടെ മകനും കൂട്ടുകാര്‍ക്കും ഇടയില്‍ക്കേറി പ്രായത്തിനൊക്കാത്ത തരത്തില്‍ എന്തേലും തല്ലുകൊള്ളിത്തരം പറഞ്ഞ് അവരുടെ വായീന്നെന്തേലും ഒപ്പിച്ചെടുക്കുന്നത് ഒരു "ശീലം" ആയിരുന്നതിനാല്‍, ആ ദിവസവും അത് തെറ്റിച്ചില്ല. അന്നും കണക്കിനു വാങ്ങിച്ചുകൂട്ടീട്ടാണ് സിനിമ കാണാനായി തിരിച്ചത്. അപ്പൊ ദാ വരുന്നു നമ്മുടെ മോത്തി. പെട്ടെന്ന് അതിനെ മുന്നില്‍ക്കണ്ട് ഒന്ന് വിരണ്ടെങ്കിലും, അത് ചേട്ടന്മാര്‍ അറിയാതിരിയ്ക്കാനായി ആ പട്ടിയെ ജീവിതത്തിലാദ്യമായി അതിന്‍റെ പേരെടുത്തു വിളിച്ചു, "മോത്തീ...."
ഇത്രയും നാള് പേരു വിളിക്കാത്തതില്‍ കെറുവിച്ചതിനാലും, മനുഷ്യര്‍ വിളികേള്‍ക്കണ മാതിരി വിളി കേള്‍ക്കാനറിയാത്തതിനാലും അത് മറുപടിയോതി.... "ഭ്ഭ്ഭൌ...." !!!
ഒന്നാമത് ഇരുട്ട്, പിന്നെ ഇരുട്ടില്‍ പട്ടിയെ കണ്ടതിലെ അന്ധാളിപ്പ്, പോരാഞ്ഞ് കുരയും...... ഉള്ളില്‍ നിന്നും കരച്ചിലോ, നിലവിളിയോ, അതോ രണ്ടിന്റേം ഒരു മേളനമായിരുന്നോ.... എന്തായാലും, അതൊരു വികൃതസ്വരമായി പുറത്തുവന്നു, അതിനെ അക്ഷരങ്ങളിലൂടെ കാണിയ്ക്കാന്‍ ഈയുള്ളവന്‍റെ അറിവ് പോരാ....
ചേട്ടന്മാര്‍ക്ക് അന്ന് ആഘോഷമായിരുന്നു, എങ്ങനെ ആകാതിരിയ്ക്കും... അവര്‍ സര്‍വ്വതിനും സാക്ഷിയാര്‍ന്നില്ലേ !!!
(കൃഷ്ണകുമാര്‍ ചെറാട്ട്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക