Slider

അല്ലാ, ഇതിലേതാ ഇപ്പോ കരിക്ക് !

0

അല്ലാ, ഇതിലേതാ ഇപ്പോ കരിക്ക് !!
അച്ഛന്‍റെ തറവാട്ടുപറമ്പില്‍ പണിത പുതിയ വീട്ടില്‍ താമസമാക്കിയതോടെയാണ് അന്നാട്ടിലെ സ്ഥിരതാമസക്കാരനായത്. അതുവരെ അമ്മവീട്ടിലും അച്ഛന്‍ വീട്ടിലും ആയി കാലം കഴിയുകയായിരുന്നു. സ്ക്കൂളില്‍ പഠിച്ച കാര്യമൊക്കെ പറയുകയാണെങ്കില്‍, വളരെ ലളിതമായി "പഠിച്ചു... പഠിച്ചില്ല !!" എന്ന് പറയാം. സ്കൂളില്‍ സ്ഥിരമായി പോകുമായിരുന്നുട്ടോ (അമ്മയെ പേടിച്ച്). ചേച്ചി നന്നായി പഠിച്ചിരുന്നതിനാല്‍ ആ ചേച്ചീടെ- അനിയന്‍ എന്ന ലേബലില്‍ ഒളിഞ്ഞും തെളിഞ്ഞും അങ്ങനെ കഴിച്ചുകൂട്ടുകയായിരുന്നുസത്യത്തില്‍; എന്ന് വച്ച് അതിന്‍റെ അഹങ്കാരമൊന്നുമില്ലാട്ടോ (അന്നും ഇന്നും).
ഹോംവര്‍ക്ക് എന്ന അടിമപ്പണി ചെയ്യല്‍ പണ്ടേ ഇഷ്ടമല്ലാത്തതിനാല്‍ ആ വഴിയ്ക്ക് സാദ്ധ്യമായിരുന്ന ഒരു അടി പോലും മിസ്സാക്കിയിരുന്നില്ല എന്ന് പറയുമ്പോള്‍ ഊഹിയ്ക്കാമല്ലോ. പിള്ളേരെത്തല്ലി സ്വയം തളരാതിരിയ്ക്കാന്‍ ടീച്ചര്‍മാര്‍ തന്നിരുന്ന ഇമ്പോസിഷന്‍, പരമാവധി അച്ഛന്‍റെ അടുത്തിരുന്നേ എഴുതാറുള്ളൂ. കാരണം മോന്‍റെ പഠനവിഷയത്തില്‍ അമ്മ കാട്ടിയിരുന്ന നിഷ്ക്കര്‍ഷ അച്ഛനില്ലായിരുന്നു. പഠിച്ചാലും... പഠിച്ചില്ലേലും അതിന്‍റെ ഗുണവും ദോഷവും നിനക്കുതന്നെ എന്ന ഒരു ലൈന്‍. കാണാപ്പാഠം പഠിയ്ക്കുക എന്നതായിരുന്നു മെയിന്‍ ഇടപാട്. പലവട്ടം ഉരുവിട്ടിട്ടും കിട്ടാതാവുമ്പോള്‍ വരുന്ന അനിയന്ത്രിതമായ ദേഷ്യത്തിനൊടുവില്‍ പുസ്തകത്താളുകളെ വളരെ ക്രൂരമായി ലാളിച്ചിരുന്നതിനാല്‍ പുസ്തകങ്ങള്‍ക്കു വരെ പേടിയായിരുന്നു. വര്‍ഷാവസാനമാകുമ്പോഴേക്കും ഒരുപാട് തവണ പഞ്ചറൊട്ടിച്ച സൈക്കിള്‍ ട്യൂബിന്‍റെ അവസ്ഥയായിരിയ്ക്കും, പുസ്തകങ്ങളുടേത്.
അച്ഛന്‍റെ നാട്ടില്‍ സ്ഥിരതാമസമായതില്‍പ്പിന്നെയാണ് മാതൃഭൂമി സ്റ്റഡിസര്‍ക്കിളില്‍ അംഗമാകുന്നത്. ഈ സ്റ്റഡിസര്‍ക്കിളിന്‍റെ ആഭിമുഖ്യത്തില്‍ നടന്നുവന്നിരുന്ന എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഞങ്ങള്‍. സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിനാഘോഷങ്ങളിലും; കൂടാതെ മറ്റനവധി സന്ദര്‍ഭങ്ങളിലും ഈ ഒത്തുകൂടല്‍ നടത്തിവന്നിരുന്നു. മേല്‍പ്പറഞ്ഞവിധമാം അതി-ദാരുണമായി പഠിച്ചിരുന്ന ഈയുള്ളവന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പത്താംക്ലാസ്-ല്‍ നിന്നും ജയിച്ചതിന്, സ്റ്റഡിസര്‍ക്കിള്‍ വക സമ്മാനം ലഭിച്ചു എന്ന് പറയുമ്പോള്‍, ആ വര്‍ഷം ഭാഗ്യവശാല്‍ വേറെ എതിരാളികള്‍ ആരും തന്നെ ഇല്ലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.
സ്റ്റഡിസര്‍ക്കിളിന്‍റെ സാരഥികള്‍ കൂടാതെ, എല്ലാ പരിപാടികള്‍ക്കും ഞങ്ങള്‍ടെ കൂട്ടത്തില്‍ സീനിയര്‍ അംഗങ്ങളും ഒത്തുചേര്‍ന്നിരുന്നു. അന്നും ഇന്നും കുട്ടികള്‍ക്കായി നടത്തിയിരുന്ന / നടത്തുന്ന ആ സജീവ സദസ്സുകളില്‍, ക്ഷണം സ്വീകരിച്ചു വന്ന / വരുന്ന പല വിശിഷ്ടാതിഥികളേയും ആദരിയ്ക്കുകയുണ്ടായിട്ടുണ്ട്, എന്ന വസ്തുത ഇവിടെ വീണ്ടുമൊരിക്കല്‍ കൂടി സ്മരിയ്ക്കുന്നു.
ഒരിക്കല്‍ ഇത്തരത്തില്‍ അതിഥിയായി വന്ന ഒരാള്‍ക്ക് കരിക്ക് കുടിയ്ക്കണം എന്ന ആഗ്രഹം ജനിച്ചപ്പോള്‍, കേട്ട പാതി കേള്‍ക്കാത്ത പാതി തെങ്ങില്‍ വലിഞ്ഞു കേറിയ ഒരു സീനിയര്‍ മെമ്പര്‍ക്ക് തെങ്ങിന്‍മുകളില്‍ വച്ച് വന്ന സംശയം അക്കാലത്ത് നാട്ടില്‍ ഹിറ്റായിരുന്നു.... "അല്ലാ, ഇതിലേതാ ഇപ്പോ കരിക്ക്" !!
(കൃഷ്ണകുമാര്‍ ചെറാട്ട്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo