നേരം നന്നേ സന്ധ്യയായിരുന്നു. വീടിനടുത്തെ ഊടു വഴിയിൽ ഞങ്ങൾ കുട്ടികൾ അപ്പോഴും കളി തന്നെ. അടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കവലയിൽ നിന്നും അന്നത്തേക്കുള്ള വീട്ടു സാധനങ്ങളും വാങ്ങി ധൃതിയിൽ പോകുന്നുണ്ട്. അവരുടെ നടത്തം എപ്പോഴും പി. ടി. ഉഷയുടെ ഓട്ടം പോലെയാണ്.
"സന്ധ്യയായിട്ടും കളി നിർത്താറായില്ലേ കുട്ടിയോളെ".
അവർ ആ ഓട്ടത്തിനിടയിലും ചിരിച്ചു കൊണ്ട് ഞങ്ങളോട് ചോദിച്ചു.
"ചിന്നു...,കുട്ടാ... എവിടെയാ നീയൊക്കെ."
"ലക്ഷ്മി... വീട്ടിൽ കേറാറായില്ലേ ഇതുവരെ. "
ഇതൊക്കെ കളി നിർത്താനുള്ള സിഗ്നലാണ്. ഞങ്ങൾ അതു കേട്ടതായി ഭാവിക്കാറേയില്ല മിക്കപ്പോഴും.
അപ്പോഴാണ് ആ പാട്ടു കേട്ടത്.
അത് ഗോവിന്ദനാ..അയാൾ അങ്ങനെ പാടിക്കൊണ്ടേ വരാറുള്ളൂ.. പല ഭാഷകളിൽ ഉള്ള പാട്ടുകൾ..
പാട്ടിന്റെ ഒച്ച കൂടി വന്നപ്പോഴേക്കും പിള്ളേരെല്ലാം നാലുപാടും ചിതറി ഓടി അവനവന്റെ വീട്ടിൽ ഒളിച്ചിരുന്നു. ഞാനും അനിയനും വേഗം വീട്ടിലേക്കോടിക്കയറി ഒരു മുറിയുടെ ജന്നലിന്റെ കർട്ടനു ഇടയിൽ സ്ഥാനം പിടിച്ചിരുന്നു. അതു അവിടെ നിന്ന് അയാളെ നോക്കാൻ വേണ്ടിയുള്ള ഞങ്ങളുടെ സ്ഥിരം സ്ഥലമാണ്.
അത് ഗോവിന്ദനാ..അയാൾ അങ്ങനെ പാടിക്കൊണ്ടേ വരാറുള്ളൂ.. പല ഭാഷകളിൽ ഉള്ള പാട്ടുകൾ..
പാട്ടിന്റെ ഒച്ച കൂടി വന്നപ്പോഴേക്കും പിള്ളേരെല്ലാം നാലുപാടും ചിതറി ഓടി അവനവന്റെ വീട്ടിൽ ഒളിച്ചിരുന്നു. ഞാനും അനിയനും വേഗം വീട്ടിലേക്കോടിക്കയറി ഒരു മുറിയുടെ ജന്നലിന്റെ കർട്ടനു ഇടയിൽ സ്ഥാനം പിടിച്ചിരുന്നു. അതു അവിടെ നിന്ന് അയാളെ നോക്കാൻ വേണ്ടിയുള്ള ഞങ്ങളുടെ സ്ഥിരം സ്ഥലമാണ്.
കുട്ടികൾക്കെല്ലാം ഗോവിന്ദനെ പേടിയാണ്. കാരണം വേറൊന്നുമല്ല അയാൾ എപ്പോഴും മദ്യപിച്ചും കഞ്ചാവ് വലിച്ചുമേ നടക്കാറുള്ളു. ഞങ്ങൾ അങ്ങനെയേ അയാളെ കണ്ടിട്ടുള്ളൂ. മുത്തശ്ശി അയാളെ "ഗോന്നാ" ന്നു വിളിച്ചു വർത്താനം പറയുന്നെ ഞാൻ കേട്ടിട്ടുണ്ട്. കാരണം ഗോവിന്നൻ മുത്തശ്ശിയുടെ കൂട്ടുകാരിയുടെ മകൻ ആണത്രേ. അച്ഛനോളവും പ്രായവും അയാൾക്കുണ്ട്. മുത്തശ്ശി വിളിക്കുന്ന കേട്ടാൽ "കോന്നാ "ന്നു വിളിക്കും പോലെ തോന്നും. ചിലർ അയാളെ "കഞ്ചാവ് ഗോവി" ന്നു വിളിക്കും. അച്ഛനും അമ്മയും നാട്ടുകാരുമൊക്കെ അങ്ങനെ വിളിക്കുന്നതാ ഞങ്ങൾ കൂടുതലും കേട്ടിട്ടുള്ളതു.
ഒരു നീല പോലത്തെ ലുങ്കിയും, ചുവന്ന ഷർട്ടും അതാണ് വേഷം.
മുടി വെട്ടിയിട്ടു നാളുകളായീന്നു തോന്നുന്നു. പാറി പറന്നു ഒരു മയം എണ്ണയില്ലാതെ,ചിലതു നരച്ചിട്ടുമുണ്ട്. അതുപോലെ താടിയും മീശയും. ഷർട്ടിൻറെ കുടുക്കുകൾ ഒന്ന് പോലും നേരെ അല്ല. മൊത്തത്തിൽ മുഷിഞ്ഞ വേഷം. റോഡിൽ കൂടി നടക്കുന്നത് കണ്ടാൽ, റോഡിൽ കുറെ ചതുരങ്ങൾ നിര നിരയായി വരച്ചിട്ടുണ്ടേൽ അയാൾ അതിന്റെ ഓരോന്നിന്റെയും ഒരു കോണിൽ നിന്ന് മറു കോണിലേക്കു നടകുവാണെന്നു തോന്നും. എനിക്കപ്പോൾ അച്യുതൻ മാഷിന്റെ കണക്കു പീരിയഡ് ഓര്മ വന്നു.പിന്നെ ബോർഡിലെ കുറെ ചതുരങ്ങളും വൃത്തങ്ങളും.
മുടി വെട്ടിയിട്ടു നാളുകളായീന്നു തോന്നുന്നു. പാറി പറന്നു ഒരു മയം എണ്ണയില്ലാതെ,ചിലതു നരച്ചിട്ടുമുണ്ട്. അതുപോലെ താടിയും മീശയും. ഷർട്ടിൻറെ കുടുക്കുകൾ ഒന്ന് പോലും നേരെ അല്ല. മൊത്തത്തിൽ മുഷിഞ്ഞ വേഷം. റോഡിൽ കൂടി നടക്കുന്നത് കണ്ടാൽ, റോഡിൽ കുറെ ചതുരങ്ങൾ നിര നിരയായി വരച്ചിട്ടുണ്ടേൽ അയാൾ അതിന്റെ ഓരോന്നിന്റെയും ഒരു കോണിൽ നിന്ന് മറു കോണിലേക്കു നടകുവാണെന്നു തോന്നും. എനിക്കപ്പോൾ അച്യുതൻ മാഷിന്റെ കണക്കു പീരിയഡ് ഓര്മ വന്നു.പിന്നെ ബോർഡിലെ കുറെ ചതുരങ്ങളും വൃത്തങ്ങളും.
"ചേട്ടാ നമുക്കിയാളെ പാമ്പു ഗോവീന്ന് വിളിച്ചാലോ. "
അനിയൻ കർട്ടന്റെ മറവിൽ തന്നെ മറഞ്ഞിരുന്നു കൊണ്ട് എന്നോട് ചോദിച്ചു. ഞാൻ "ശ് ശ്" ശബ്ദമുണ്ടാക്കി അവനോടു മിണ്ടാതിരിക്കാൻ പറഞ്ഞു. ഇതും പറഞ്ഞു നാക്ക് വായിലിട്ടില്ല ചക്ക വെട്ടിയിട്ട പോലൊരു ശബ്ദം.
" അമ്മെ... ഗോവി വീണു... മുത്തശീ ..
ഗോവി ദേണ്ടെ കടച്ചാലിൽ വീണു... "
ഗോവി ദേണ്ടെ കടച്ചാലിൽ വീണു... "
അനിയൻ ചാടി തുള്ളി അടുക്കളയിലേക്കു പോയി. അമ്മയും മുത്തശ്ശിയും അതു കേട്ട് അടുക്കളയിൽ നിന്നും ധൃതിയിൽ മുൻ വശത്തേക്കോടി വന്നു. അമ്മ ഞങ്ങൾക്കൊപ്പം ജനലിലൂടെ സംഭവമെന്തെന്നറിയാൻ എത്തി വലിഞ്ഞു നോക്കി. മുത്തശ്ശി ഗോവിയുടെ അടുത്തേക്കോടി ചെന്നു. എവിടെയോ പോയിട്ട് വീട്ടിലേക്കു വരുകയായിരുന്ന അച്ഛനും ഇത് കണ്ടു ഗോവിന്ദൻറെ അരികിലേക്കോടി. രണ്ടു പേരും ചേർന്നു ഗോവിയെ പിടിച്ചെണീപ്പിക്കാൻ ശ്രമിച്ചു.
"എന്നെ വിട്.. എന്നെ വിടാൻ... ആരുടേം ഓശാരം ഗോവിന്ദന് വേണ്ടാ.. പിടി വിടാൻ. എന്നെ വിടാനല്ലേ പറഞ്ഞെ. "
ഗോവി ഉച്ചത്തിൽ പറഞ്ഞു.. എങ്ങനെയോ അവർ രണ്ടും കൂടി അയാളെ പിടിച്ചെണീല്പിച്ചു ഒരു കയ്യാല മേലെ ഇരുത്തി.. വീണത് വീടിന്റെ ഫ്രണ്ടിലെ റോഡിൻറെ സൈഡിലെ വെള്ളച്ചാലിൽ എവിടുന്നോ ഒഴുകി വന്ന കുറച്ചു കുപ്പിച്ചില്ലിന്റെ മുകളിലേക്കായിരുന്നു. ശരീരത്തിൽ പലയിടത്തും കുപ്പി ചില്ലുകൾ കൊണ്ട് മുറിഞ്ഞു ചോരയൊലിക്കുന്നുണ്ടാരുന്നു. അതയാളെ ഒന്ന് കൂടി അവശനാക്കി. ഇപ്പോൾ ആർക്കായാലും അയാളോട് സഹതാപം തോന്നി പോകും.
"തള്ളെ...നിങ്ങൾ എനിക്കിത്തിരി വെള്ളം താ കുടിക്കാൻ."
അയാൾ മുത്തശ്ശിയോട് പറഞ്ഞു.അങ്ങനെവിളിക്കുന്നെ മുത്തശ്ശിക്ക് തീരെ ഇഷ്ടമല്ല. അതു ഗോവിക്കറിയാം. അതുകൊണ്ടു മനഃപൂർവം വിളിക്കുന്നതാണ്.
"ഇതാടാ നിനക്ക് കൊണം പിടിക്കാത്തേ. "
മുത്തശ്ശി ദേഷ്യത്തിൽ അതും പറഞ്ഞു ആ അരങ്ങൊഴിഞ്ഞു.ഇതിനിടയിൽ അമ്മ ഓടിപോയി ഒരു മൊന്തയിൽ കുറെ വെള്ളവുമായി വന്നു അതു അച്ഛനെ ഏല്പിച്ചു.
"നന്നിയുണ്ട് പെങ്ങളെ.. കുറെ നന്നിയുണ്ട്. അതു മാത്രമേ ഉള്ളു കേട്ടോ ഗോവിന്ദന്റെ കയ്യിൽ . "
അതും പറഞ്ഞു അയാൾ ആ വെള്ളം കുറെ ഒറ്റ വലിക്കു കുടിച്ചു.. പിന്നെ കുറെ ആ മുഖത്തേക്കൊഴിച്ചു. എന്നിട്ടു ഉച്ചത്തിൽ ചിരിച്ചു. എന്തിനോ എന്തോ. മുഖത്തു അങ്ങിങ്ങായി മുറിവിലൂടെ രക്തം കിനിയുന്നുണ്ട്.
"സാറേ എനിക്കൊരു നൂറു രൂപ തരുവോ.. ഓഹ്ഹ് അല്ലേൽ വേണ്ടാ... ഗോവിന്ദന് ആരുടേം ഓശാരം വേണ്ടാ..ഞാൻ പോവാ.ആരുടേം ഓശാരം വേണ്ടെനിക്ക്. ഞാൻ പോവാ.. "
ഇതും പറഞ്ഞു ഉറക്കാത്ത ചുവടുകളുമായി അയാൾ നടന്നകന്നു.
"എന്താ അച്ഛാ അയാൾ ഇത്രേം മുറിഞ്ഞിട്ടും ഞങ്ങളെ പോലെ കരയാത്തെ? അയാൾക്കു വേദനിക്കില്ലേ ? "
അനിയന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അമ്മയായിരുന്നു.
" അതെങ്ങനാ ആ തലമണ്ട നിറയെ കഞ്ചാവല്ലേ പിന്നെ എങ്ങനെയാ ഈ വേദനയൊക്കെ അറിയുന്നേ. "
രാത്രി ഉറങ്ങാൻ കിടന്നപ്പോഴും എന്റെ ചിന്ത അയാളെ പറ്റി തന്നെ ആയിരുന്നു.. പിന്നെ കഞ്ചാവിനെ പറ്റിയും.. എന്താണാവോ അതിന്റെ ഗുണം.. വേദന അറിയില്ലേ അതു വലിച്ചാൽ.. വലുതാകട്ടെ ഞാനും ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട്.
* * * *
ഹോസ്റ്റലിൽ നിന്നും ബസ്സ് കിട്ടി വീടെത്താറായപ്പോഴേക്കും ഒരു നേരമായിരുന്നു..
"ആഹാ കുഞ്ഞു വരുന്ന വഴിയാണോ ? എങ്ങനിരിക്കുന്നു കുഞ്ഞിന്റെ പഠിപ്പൊക്കെ ? ആട്ടെ അനിയൻ കുഞ്ഞും വന്നു കാണുമോ? "
അന്നാമ്മ ചേടത്തി ഒരു ശ്വാസത്തിൽ ഒരു നൂറു ചോദ്യങ്ങൾ ചോദിച്ചു. അവർ കുറച്ചു കൂടി പ്രായമായ പോലെ തോന്നി എനിക്ക്. വിശേഷങ്ങളൊക്കെ പറഞ്ഞു പതിയെ നടന്നു വീടെത്തിയപ്പോഴേക്കും മണി അഞ്ചു കഴിയാറായി. നോക്കുബോൾ ഗോവിയുണ്ട് മുറ്റത്തു നില്കുന്നു. വല്യ പണിയെന്തോ ചെയ്തിട്ട് വന്ന ഭാവത്തിലാണ് പുള്ളി. എന്നെ കണ്ടതും പറഞ്ഞു
" കുഞ്ഞേ എന്റെ കൂലി ഇങ്ങു തരാൻ പറ. അഞ്ചു കഴിഞ്ഞില്ലേ. ഞാൻ പോട്ടെ. "
ഞാനൊന്നും മിണ്ടിയില്ല.. പണ്ട് കുട്ടിയായിരുന്നപ്പോൾ അയാളോടുള്ള വികാരം പേടിയായിരുന്നെങ്കിൽ ഇന്നത് ഒരു തരം അറപ്പു ആയി മാറി.. നശിക്കാൻ വേണ്ടി ഉണ്ടായ ചില ജന്മങ്ങൾ. ഞാൻ ഒന്നും അനങ്ങാതോണ്ടാണോ എന്തോ ഗോവി എന്നോട്
" സെ യുവർ ഫാദർ ടു പേ മി മൈ മണി. ഐ നീഡ് ടു ഗോ നൗ. ഇറ്സ് ആൾറെഡി ലേറ്റ് "
ഇത് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാൻ ആണ്. പിന്നെ ഹിന്ദിയിലും അതു ആവർത്തിച്ചു. ഗോവിയുടെ അത്ര ഹിന്ദി സത്യമായും എനിക്കറിഞ്ഞൂടാ അതുകൊണ്ടു അതു ഞാൻ ഇവിടെ എഴുതുന്നില്ല. അപ്പോഴേക്കും അച്ഛൻ ഇറങ്ങി വന്നു അയാളുടെ കൂലി കൊടുത്തു.. അതു വാങ്ങി പോക്കറ്റിലിട്ടു അയാൾ നടന്നു.
"ഇയാൾക്ക് ഹിന്ദിയും ഇംഗ്ലീഷും ഒക്കെ അറിയുമോ?".
ഞാൻ എല്ലാവരോടുമായി ചോദിച്ചു. എന്റെ കുട്ടിക്കാലത്തിന്റെ ഒരു പകുതി ബോര്ഡിങ്ങിൽ ആയിരുന്നതിനാൽ ഗോവിന്നനെ ഞാൻ കുറെയൊക്കെ മറന്നിരുന്നു.
"അവൻ ന്റെ സാവിത്രിയുടെ മോനല്ലെ.. നല്ല കേമനാരുന്നു എല്ലാത്തിലും.. പഠിപ്പിലും കളിയിലും ഒക്കെ. അതിയാൻ മരിച്ചപ്പോ ഓളുടെ വിഷമമൊക്കെ ഇവനാൽ തീർന്നെന്നു കരുതിയതാ. ബോംബായിൽ നല്ല ജോലിയല്ലാരുന്നോ. അവസാനം ഒരു സുന്ദരി പെണ്ണിനേം കെട്ടി സുഗമായിരിക്കുന്നെന്നു കേട്ടതുമാ. ന്തു ചെയ്യാനാ..വല്ലാത്തൊരു വിധിയായി പോയി ൻറെ സാവിത്രിക്ക്.. അവിടുന്ന് കിട്ടിതാത്രെ ഈ ദുശീലങ്ങളൊക്കെ. അവസാനം പണീം പോയി. പണോം പോയി. പെണ്ണും പോയി. അവളെന്ത്യേന്നു ചോദിച്ചാൽ അവന് പറയും ഭാര്യയെ കെട്ടിച്ചു വിട്ടൂന്നു. ഇങ്ങനെ ഓരോ ജന്മങ്ങൾ.ആർക്കും ഒരു ഗുണോമില്ലാതെ."
മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞെന്നു തോന്നി. ഞാൻ ആ സീൻ ഒന്ന് മാറ്റാനായി നാട്ടു വിശേഷമൊക്കെ ചോദിച്ചു.
"സാവിത്രിക്ക് തീരെ വയ്യാ.. ദീനമാണെന്നു ഇത് വഴി പോണ പെണ്ണുങ്ങൾ പറയണ കേട്ടു. കാശൊന്നും കാണില്ല്യ. അതും പറഞ്ഞ അവൻ ജോലിക്കു വന്നേ. ഇതേലും അവൾക്കു കൊണ്ട് കൊടുത്താ മത്യാർന്നു. അതെങ്ങനെയാ കിട്ടുന്നതെല്ലാം ഇങ്ങനെ കളയുകയാ പതിവ്. ആരേലും പണിക്കു വിളിച്ചാ ആ പൈസ ഒന്ന് പോലും വേറൊരാവശ്യത്തിനില്ല; അവന്റെ തോന്ന്യാസത്തിനല്ലാതെ. അല്ലേൽ ഏതേലും പറമ്പിൽ കയറി ഉടയർ പറഞ്ഞിട്ടെന്ന് പറഞ്ഞു കൊലയോ തേങ്ങയോ ഒക്കെ മോഷ്ടിക്കും. "
മുത്തശ്ശിയുടെ മനസ്സിൽ ഇപ്പോഴും പഴയ കളിക്കൂട്ടുകാരി തന്നെയാ. സീൻ മാറ്റിയാലും മാറില്ലെന്നു തോന്നി. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
എല്ലാ തവണയും വീട്ടിൽ വരുമ്പോ രണ്ടു ദിവസം രണ്ടു മണിക്കൂർ പോലെയങ്ങു പോവും. നിന്ന് മതിയാവില്ല, അതിനു മുന്നേ തിരിച്ചു പോകണം. പോകാൻ ചിലപ്പോ തോന്നുകയേ ഇല്ല.. ഹോസ്റ്റലിലെ ഫുഡും, അസ്‌സൈൻമെൻറ്സും, എക്സാമും.... ഓർക്കുമ്പോൾ തന്നെ ഉള്ള സമാധാനം പോകും.
* * * *
കുറെ ദിവസതെക്കിനി അവധിയാണ് .. അന്ന് വൈകിട്ടാണ് അവധിയുടെ കാര്യം ക്ലാസ്സിൽ പറയുന്നത്.. കേട്ട പാതി കേൾക്കാത്ത പാതി വീട്ടിലേക്കോടാൻ തോന്നി.
പിറ്റേന്ന് വീടെത്തിയപ്പോ ആരും ഉണ്ടായിരുന്നില്ല.. അനിയന് അവധി നേരത്തെ തുടങ്ങിയിരുന്നു. അവനുള്ളൊണ്ട് എല്ലാരും കൂടെ പുറത്തു പോയതാണ്. തിരികെ വരുമ്പോ ഞാൻ ടി. വി. കണ്ടിരിക്കുകയായിരുന്നു. മുത്തശ്ശിയുടെ മുഖത്ത് ഒരു സന്തോഷവുമില്ല. എന്ത് പറ്റിയോ എന്തോ. എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല.
കാര്യം പറഞ്ഞത് അനിയനാണ്.
"ഗോവി മരിച്ചു."
"എങ്ങനെ?"എനിക്കതൊരു ഞെട്ടലാരുന്നു.
"ആത്മഹത്യ ചെയ്തതാ. വിഷം കഴിച്ചു. ന്നിട്ടു കിണറിന്റെ പാലത്തിൽ തൂങ്ങിയതാ.. രാത്രിയാരുന്നു സംഭവം. അതുകൊണ്ടു ആരും അറിഞ്ഞില്ല. "
അവനതു പറഞ്ഞു മുഴുമിപ്പിച്ചു.
അവനതു പറഞ്ഞു മുഴുമിപ്പിച്ചു.
മനസ്സ് മുഴുവൻ എനിക്കോർമ്മ വെച്ച നാൾ മുതലുള്ള ഗോവിയുടെതായ പല സീനുകളും മാറി മാറി വന്നു. ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി ആ ഓർമകളിൽ വെറുതെ നടന്നു.അപ്പോൾ മാത്രം എനിക് എന്തിനെന്നറിയാത്ത ഒരു സങ്കടം അയാളെ പറ്റി തോന്നി..
റോഡിൽ അപ്പോഴും കുട്ടികൾ കളിക്കുന്നുണ്ട്. കവലയിൽ നിന്നും അന്നന്നത്തേക്കുള്ള സാധനങ്ങൾ വാങ്ങി സ്ത്രീകൾ പി. ടി. ഉഷയെ പോലെ വീട്ടിലേക്കു ഓടി പോകുന്നു. വീടുകളിൽ നിന്നും കുട്ടികളെ അമ്മമാർ വിളിക്കുന്നത് കേൾക്കാം. ആരും കളി മതിയാക്കുന്ന ഭാവമില്ല. പേടിപ്പിക്കാൻ ഇനി മദ്യത്തിന്റെയും കഞ്ചാവിന്റെയും മണവും ആടി കുഴഞ്ഞുള്ള നടത്തവുമായി ഗോവിന്ദൻ വരില്ലല്ലോ. ഇല്ല. ഇനി ഗോവിന്ദൻ ഒരിക്കലും ഈ വഴി വരില്ല.
ഇനിയൊരു ഗോവിന്ദൻ ഉണ്ടാകാതിരിക്കട്ടെ.ഇങ്ങനെ ഇത് വഴി വരാതെയുമിരിക്കട്ടെ.
ഇനിയൊരു ഗോവിന്ദൻ ഉണ്ടാകാതിരിക്കട്ടെ.ഇങ്ങനെ ഇത് വഴി വരാതെയുമിരിക്കട്ടെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക