Slider

നമ്പൂരിയും യക്ഷികളും

1

മിനിഞ്ഞാന്ന് ഉച്ചക്ക് വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ കിടന്നൊന്നു മയങ്ങുമ്പോഴാണ് പോസ്റ്മാൻ ഉത്തമൻ ചേട്ടൻ സൈക്കിളിന്റെ ആ കിണികിണി അടിച്ചു എണീപ്പിച്ചത്.
"മാധവാ.... ഒരു കത്തുണ്ടെടാ നിനക്ക്." മൂപ്പര് വേലിക്കു അപ്പുറത്തു നിന്ന് വിളിച്ചു കൂവി.
കൃഷ്ണേട്ടന്റെ ഇലക്ഷൻ ചിലവിന് ആകെയുള്ള മൂന്നു സെന്റിന്റെ ആധാരം സൊസൈറ്റിയിൽ വെച്ച് കുറച്ചു കാശ് വാങ്ങി കൊടുത്തിരുന്നു. അന്നേ 'അമ്മ പറഞ്ഞതാ വേണ്ടാന്ന്. പക്ഷെ പെറ്റ തള്ളയേക്കാൾ വലുതാണല്ലോ പാർട്ടിയും ഇന്ക്വിലാബും.
'ജപ്തി നോട്ടീസ് വന്നിട്ടും കൃഷ്ണേട്ടൻ ജയിച്ചില്ല' എന്ന് മനസ്സിൽ പറഞ്ഞു ഉത്തമേട്ടന്റെ കയ്യിലിരിക്കണ ആ അവാർഡ് ഏറ്റുവാങ്ങാൻ എണീറ്റ് ചെന്നു.
"നിന്റെ ആരാടാ ബോംബേല്" എന്ന് ചോദിച്ച് ഒരു ഇല്ലെൻറ് എനിക്ക് തന്ന് മൂപ്പര് സൈക്കിൾ ചവിട്ടി പോയി. അടുത്ത വളവ് തിരിഞ്ഞതും കേട്ടു വീണ്ടുമൊരു കിണികിണി. സുബൈദത്തയ്ക്ക് കെട്ടിയോൻ കദർക്കാന്റെ കത്തുണ്ട്, കുവൈറ്റിന്ന്. ആ വളവിനപ്പുറം കേട്ട കിണികിണി അതിന്റെയാണ്. ഇല്ലെന്റിന്റെ പുറകിൽ ഫ്രം ഉണ്ണി.കെ.എസ്, മുംബൈ എന്നുണ്ട്. ഉണ്ണി, എന്റെ നമ്പൂരി.
കൂട്ടുകാരനായോണ്ട് പറയുകയല്ല. ഇവനെപ്പോലൊരു തെണ്ടി മറ്റാർക്കും കൂട്ടുകാരനായി ഉണ്ടാകില്ല. എട്ടൊമ്പത് വർഷങ്ങൾക്ക് മുൻപ് അവന്റെ അപ്പൻ നമ്പൂരി എഴുതിക്കൊടുത്ത സ്വത്തും വിറ്റ് കുറച്ചു നാള് കഴിഞ്ഞു വരാന്നും പറഞ്ഞു പോയതാണ്. പിന്നെ ഇപ്പോഴാണ് ഒരു കത്തെങ്കിലും അയക്കുന്നത്.
ഇന്ന് ഈ സ്റ്റേഷനിൽ വൈകീട്ട് ആറുമണിക്കെത്തണ ട്രെയിനിൽ അവൻ വരുമെന്നാണ് ആ ഇല്ലെന്റിൽ എഴുതീർന്നത്. അന്ന് സ്വത്തുക്കളൊക്കെ വിറ്റപ്പോഴും കണ്ണാറപ്പുഴക്ക് തീരത്തുള്ള ആ പത്തു സെന്റും വീടും അവൻ വിറ്റില്ല. അവൻ പറഞ്ഞതനുസരിച്ച് വീടെല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ട്. അവിടെയായിരിക്കും അവന്റെ വാസം. കാരണം, തറവാട്ടിൽ ഇനി അവനെ കയറ്റുമെന്ന് തോന്നുന്നില്ല. സ്വത്തുക്കൾ വിറ്റ് നാടുതെണ്ടാൻ ഇറങ്ങിയപ്പഴേ ചേട്ടന്മാർ കോലൊടിച്ച് ഇട്ടതാണ്.
ട്രെയിൻ വന്നുപോയി. അവനെ കാണാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് പുറകിൽനിന്ന് ആ വിളി കേട്ടത്. " ഡാ മാക്കേ..." . ആ വിളിച്ചവന്റെ തന്തക്കും തള്ളക്കും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ദാ നിൽക്കണ് എന്റെ ഉണ്ണി നമ്പൂരി. അവൻ ഒന്നൂടെ ചുവന്നു തുടുത്തിരിക്കുന്നു. വാപൊളിച്ച് നിന്ന എന്നെ അവൻ കെട്ടിപ്പുണർന്നു. പണ്ടേ അവൻ അങ്ങനെയാണ്. ഒരു താഴ്ന്ന ജാതീലുള്ള എന്നോടുള്ള കൂട്ടിന്റെ പേരിൽ തറവാട്ടിൽനിന്നും അവൻ വെറുക്കപ്പെട്ടവനായി. അവൻ എപ്പോഴും പറയും " എടാ, മനുഷ്യന് ഒരു ജാതിയെ ഉള്ളു, ഒരു മതമേ ഉള്ളു, ഒരു ദൈവമേ ഉള്ളു. അതാണ് വിശപ്പ്. ആ വിശപ്പാണ് ഒരാളുടെ ജീവിതവും നയങ്ങളും നിശ്ചയിക്കുന്നത്".
"എവിടെയായിരുന്നു ഇത്രയും കാലം? ഇപ്പോൾ എന്താണ് ചെയ്യുന്നത്? എന്താണ് ചെയ്തുകൊണ്ടിരുന്നത്?" എന്റെ ചോദ്യങ്ങൾക്കിടയിൽ അവൻ ഒരാളെ പരിചയപ്പെടുത്തി.
'പേര് വർഷ'
മലയാളിയല്ല. ഹിന്ദി ആണെന്ന് തോനുന്നു. എനിക്ക് മനസ്സിലാകാത്ത ഭാഷയിൽ അവർതമ്മിൽ എന്തൊക്കെയോ പറയുന്നു. ഞങ്ങൾ പെട്ടിയെല്ലാം എടുത്തു സ്റ്റേഷന് പുറത്തേക്കു നടന്നു.
"കെട്ടീതാണോ?"
ഞാൻ അവന്റെ ചെവിയിൽ ചോദിച്ചു.
"കെട്ടീട്ടൊന്നും ഇല്ല"
"പിന്നെ?"
"പെണ്ണ് എന്നാൽ അമ്മയും സഹോദരിയും ഭാര്യയും മാത്രമല്ല. വേറെ പലതും ആണ്. നീയൊന്നു നടക്ക്"
അവന്റെ ആ മറുപടിയിൽ ഞാൻ ഒതുങ്ങി. ഞാനാ പെണ്ണിനെ അടിമുടിയൊന്ന് നോക്കി. കാണാനൊരു ചന്തമൊക്കെ ഉണ്ട്. അധികം പ്രായമൊന്നും ഇല്ല. കൂടിയാൽ ഒരു 25-28.
ആ പഴയ വീട്ടിൽ അവനായി ഒരുക്കിയ മുറി അവൻ വർഷക്ക് നൽകി. അവൻ അവൾക്കു കുളിമുറി ചൂണ്ടികാണിച്ചു അവരുടെ ഭാഷയിൽ എന്തോ പറഞ്ഞു. അവൾക്കു മനസ്സിലായി. എനിക്കും.
നാടുവിട്ടു നിന്നവന്റെ ആർത്തിയായിരിക്കാം ഞങ്ങളെ ആ പുഴയിൽ എത്തിച്ചത്. ആ തീരത്തു നിന്നപ്പോൾ ഞാൻ കുറച്ചു വർഷങ്ങൾ പുറകോട്ടു പോയപോലെ തോന്നി. മടിക്കുത്തിൽ തിരുകിയ സിഗരറ്റ് പാക്കിൽ നിന്നും ഒന്നെടുത്തു അവൻ എനിക്ക് നീട്ടി. പണ്ടും അവൻ തരുമ്പോൾ മാത്രമായിരുന്നു ഞാൻ സിഗരറ്റ് വലിക്കാറുള്ളത്. എല്ലാത്തപ്പോഴൊക്കെ കവലയിലെ അമ്മിണിയമ്മയുടെ തെറുപ്പുബീഡി ആയിരുന്നു എനിക്ക്. പുഴയിലിറങ്ങും മുൻപ് ഒരു പുക. അന്നും ഇന്നും എന്നും. അവനു മാറ്റമൊന്നും ഇല്ല. അവനു വേണ്ടത് അമ്മിണിയമ്മയുടെ ബീഡിയായിരുന്നു. ഞാൻ കൊടുത്ത ബീഡി വിരലുകൾക്കൊണ്ട് ഒന്ന് ഞരടിയ ശേഷം അവൻ കത്തിച്ചു വലിച്ചു.
"കൃഷ്ണേട്ടൻ തോറ്റല്ലേ..?"
"കൃഷ്ണേട്ടൻ തോറ്റു, സൊസൈറ്റിക്കാർ ജയിച്ചു"
"അതെന്താടാ"
"അതൊക്കെയുണ്ട്. പറയാൻ സമയമുണ്ടല്ലോ. പറയാം. നീയിപ്പോൾ നിന്റെ വിശേഷങ്ങൾ പറ. എവിടെയായിരുന്നു? എന്ത് ചെയായിരുന്നു?" ഞാൻ അവന്റെ വിശേഷങ്ങൾ ചോദിച്ചു.
നമുക്ക് ഇറങ്യാലോ? എന്നിട്ട് പറയാം.
അവൻ ഓടിവന്നു പുഴയിലേക്ക് ചാടി. തെറിച്ചു പൊന്തിയ വെള്ളം എന്നെയും നനച്ചു. ഞാൻ പതിയെ പുഴയിലേക്കിറങ്ങി. അവൻ ഒരുപാടുതവണ മുങ്ങിനിവർന്നു. ഓർമ്മകൾ ശുദ്ധംചെയ്ത് അവൻ പറഞ്ഞു തുടങ്ങി...
"എട്ട് വർഷങ്ങൾക്ക് മുൻപ് ലക്ഷ്യമില്ലാതെ പുറപ്പെട്ട ആ യാത്ര ചെന്നെത്തിയത് കാശിയിൽ ആയിരുന്നു. മാസങ്ങൾ നീണ്ട അവിടത്തെ വാസത്തിനിടയിൽ ഒരു ബ്രിട്ടീഷ്കാരൻ ഫിലിപ്പിനെ പരിചയപ്പെട്ടു. മൂപ്പരും ഭാര്യയും കാശിയെക്കുറിച്ചു പഠിക്കാൻ വന്നതാണത്രേ. അയാൾ ബ്ലാക്ക് മാജിക്നെ പറ്റി പഠിക്കുകയും അതിനെപ്പറ്റി ഒരുപാട് പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്."
"ബ്ലാക്ക് മാജിക്?" എനിക്കത് എന്താണെന്ന് മനസ്സിലായില്ല.
"ഈ ആഭിചാര ക്രിയകളെ ആണ് ബ്ലാക്ക് മാജിക് എന്ന് പറയുന്നത്" എനിക്ക് മനസ്സിലാകണ ഭാഷയിൽ അവൻ പറഞ്ഞു തന്നു.
"അത് പഠിക്കാനാണോ അയാൾ ഇന്ത്യയിൽ വന്നത്. കാശിയിൽ അതുണ്ടോ? നിനക്കവരെ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നില്ല. ഇവിടെന്താ അതില്ലാഞ്ഞിട്ടാ....
അവൻ ഒന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി.
എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായി. ഞാൻ ഒന്നും ചോദിച്ചില്ല. അവൻ തുടർന്നു....
"ഫിലിപ്പ് ആഭിചാരത്തിലെ അയാളുടെ കണ്ടെത്തലുകൾ വിവരിച്ചു തന്നപ്പോൾ എനിക്ക് ആ വിഷയത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി. എന്റെ മനസ്സിൽ പുതിയ ലക്ഷ്യങ്ങൾ ഉടലെടുത്തു. എനിക്കും അത് പഠിക്കണം എന്ന ആഗ്രഹം ഞാൻ ഫിലിപ്പിനെ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫിലിപ്പും ഭാര്യ ആനും ഇംഗ്ലണ്ട് ലേക്ക് തിരിച്ചുപോയി.
ആഴ്ചകൾ കഴിഞ്ഞപ്പോൾ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ നിന്നും എനിക്കൊരു അറിയിപ്പ് വന്നു. എന്നോടവിടെ നേരിട്ട് ഹാജരാകാൻ പറഞ്ഞിരിക്കുന്നു. അങ്ങനെ ജീവിതത്തിലെ കാശീകാണ്ഡം മതിയാക്കി ഡൽഹിയിലേക്ക് പുറപ്പെട്ടു. അവിടെ, ഡോക്ടർ ഫിലിപ്പ് അയാളുടെ റിസേർച് അസിസ്റ്റന്റ് ആയി എന്നെ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും എനിക്കുവേണ്ട യാത്ര രേഖകളും തയ്യാറാക്കി അയച്ചിരുന്നു. പതിനെട്ടാം വയസ്സിൽ ഞാൻ പാസ്പോർട്ട് എടുത്തത് എന്തിനായിരുന്നെന്നു അന്ന് എനിക്ക് മനസ്സിലായി. ഫിലിപ്പ് ഇംഗ്ലണ്ട് ലേക്ക് മടങ്ങുമ്പോൾ എന്റെ പാസ്സ്പോർട്ടിന്റെ പകർപ്പും വിലാസം അടക്കമുള്ള മറ്റു രേഖകളും വാങ്ങിയിരുന്നു. 'നമുക്ക് താമസിയാതെ വീണ്ടും കാണാം' എന്നും പറഞ്ഞിരുന്നു".
"നീ എന്നിട്ട് ഇംഗ്ലണ്ടിൽ പോയോ?"
"ഉം...അങ്ങനെ അഞ്ചുവർഷം ഇംഗ്ലണ്ടിൽ, ഫിലിപ്പിന്റെ റിസർച്ച് അസിസ്റ്റന്റ് ആയി. അവിടെനിന്നും ബ്ലാക്ക് മാജിക് നെ കുറിച്ച് ഒരുപാട് പഠിച്ചുകൂടുതൽ പഠിക്കാനായി അതിനുശേഷം അവിടെനിന്നും ഇൻഡോനേഷ്യയിലേക്ക്. അവിടം ഇതിന്റെ വേറെ ഒരു ലോകമാണ്. അറിഞ്ഞതിലും പഠിച്ചതിലും അപ്പുറമുള്ള കാഴ്ചകളാണ് അവിടം എനിക്ക് തന്നത്. എന്റെ പഠനത്തിനും യാത്രകൾക്കും ഉള്ള സ്കോളർഷിപ്പ് ഫിലിപ്പ് തന്നെ എനിക്ക് ശരിയാക്കി തന്നിരുന്നു."
"നീയിന്നിട്ട് മന്ത്രവാദവും ആഭിചാരവും ഒക്കെ പഠിച്ചോ?"
"പഠിച്ചു"
"എടാ നമ്പൂരി..... നമ്മളൊക്കെ കമ്മ്യൂണിസ്റ്റുകാരല്ലേ. ഈ ലോകത്തു ദൈവം ഇല്ലെന്നും അത് ആളെ പറ്റിക്കാനുള്ള ഒരു സങ്കല്പം മാത്രമാണെന്നും നീയല്ലേ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. നമ്മൾ വിശ്വസിക്കുന്ന ആശയങ്ങൾ അതല്ലേ പറയുന്നത്."
"ലോകത്ത് ദൈവമുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. പക്ഷെ പിശാചുണ്ട്. ഒന്നല്ല, ഒരുപാട്. അവയെ കണ്ടവനാണ് ഞാൻ. വിശ്വസിക്കാതിരിക്കാൻ നിർവാഹമില്ല."
"ചെറുപ്പത്തിൽ കുറേകാലം ഒരു ബ്രാഹ്മണനായി നടന്നു. പിന്നെ കുറേനാൾ ഇൻക്വിലാബ് വിളിച്ച് നടന്നു. ഇപ്പൊ ദാ ഇങ്ങനെ. നിന്നെപ്പോലൊരു കമ്മ്യൂണിസ്റ്കാരൻ ഇങ്ങനെയൊക്കെ പറയുന്നതിൽ സങ്കടമുണ്ട്."
"എടാ... കമ്മൂണിസം വളരേണ്ടത് പെരക്കകത്തല്ല. കൊടിക്ക് കീഴിലാണ്. നേരിട്ട് കാണുന്നത് വിശ്വസിക്കരുത് എന്ന് അത് പ്രത്യേയശാസ്ത്രം പറഞ്ഞാലും അനുസരിക്കരുത്. പൊളിക്കേണ്ടത് പൊളിച്ചെഴുതുക തന്നെ വേണം. അല്ലാത്തിടത്തോളം ആ കൊടിയിലെ ചുവപ്പ് വെറും ഛായം മാത്രമാകും. അതിനൊരിക്കലും രക്തത്തിന്റെ മണമോ നിറമോ കിട്ടുകയില്ല. നമ്മളൊക്കെ മാറണമെടാ ഒരുപാടൊരുപാട്."
"അല്ലാ... എന്നിട്ടിപ്പോൾ നീ എവിടുന്നാണ് വരുന്നത്?"
"ഇൻഡോനേഷ്യയിലെ പഠനത്തിന് ശേഷം ഇംഗ്ലണ്ടിൽ തിരിച്ചെത്തി. അവിടെ ഫിലിപ്പും ഞാനും ചേർന്ന് ഒരു പുസ്തകം തയ്യാറാക്കുന്ന സമയത്താണ് ഫിലിപ്പിന്റെ ഭാര്യ ആൻ മരിക്കുന്നതു. പുസ്തകമെഴുത്ത് അവിടെവെച്ച് മുടങ്ങി. ഒരു ദിവസം യാദൃശ്ചികമായി ഞാനൊരു കാഴ്ച കണ്ടു. ഫിലിപ്പിന് താൽപര്യമില്ലെങ്കിൽ ആ പുസ്തകം തുടർന്ന് ഞാൻ എഴുതിക്കൊള്ളാം എന്ന് പറയുവാനായി ഞാൻ ഫിലിപ്പിന്റെ വീട്ടിൽ പോയതാണ്. അപ്പോൾ അവിടെ അയാൾ ഒരു സ്ത്രീയുമായി സംസാരിക്കുന്നു. ഫിലിപ്പ് തന്റെ ഭാര്യ ആൻ നോട് സംസാരിക്കുന്നതു പോലെ തന്നെയായിരുന്നു ആ സ്ത്രീയോടും സംസാരിച്ചിരുന്നത്. അയാൾ അവളെ ആൻ എന്ന് വിളിക്കുന്നു, തന്റെ കുട്ടികളെ കുറിച്ച് സംസാരിക്കുന്നു. ആ സ്ത്രീ ആണെങ്കിലോ ആനിനെപോലെ തെന്നെ തിരിച്ചും പ്രതികരിക്കുന്നു. അയാൾ തന്റെ ഭാര്യയുടെ ആത്മാവിനെ മറ്റൊരു സ്ത്രീയുടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. അയാൾ പഠിച്ചത് ജീവിതത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു, പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നു."
"എന്നിട്ട്?" ഞാൻ ആകാംക്ഷ സഹിക്കാൻ വയ്യാതെ നമ്പൂരിയോട് ചോദിച്ചു.
"എന്നിട്ടൊന്നും ഇല്ല. ഞാൻ തിരിച്ചെന്റെ റൂമിൽ വന്നു. പിന്നീടവിടെ നിൽക്കാൻ എനിക്കെന്തോ താല്പര്യം ഇല്ലാതായി. അങ്ങിനെ തിരിച്ച് ഇന്ത്യയിൽ വന്നു, ബോംബയിൽ. അവിടെ നിൽക്കുമ്പോഴാണ് എനിക്കും ഈ വിഷയത്തിൽ കൂടുതൽ എന്തൊക്കെയോ ചെയ്യണമെന്ന് തോന്നിയത്. ഒരു റിസർച്ച് പോലെ. അതിനായി കന്യകയായ ഒരു പെൺകുട്ടിയെ ആവശ്യമായിരുന്നു. ആയിടക്കാണ് മകളെ ശരീരം വിൽക്കാൻ പ്രേരിപ്പിക്കുന്ന അച്ഛനെയും സമ്മതമല്ലെന്നു പറഞ്ഞു കരഞ്ഞു നിന്നിരുന്നു ഇവളെയും കാണുന്നത്. പിന്നീട് പലപ്പോഴും ഞാൻ ഇവളെ കണ്ടു. എന്റെ ജോലിക്ക് സഹായത്തിന് ഒരാളെ ആവശ്യമാണെന്ന് ഞാൻ അവളോട് പറഞ്ഞു. കൂടെ പോരുന്നോ എന്ന് ചോദിച്ചു. അവൾ സമ്മതിച്ചു. അവളുടെ അച്ഛന് കുറച്ചു പണം കൊടുക്കേണ്ടി വന്നു. ചുവന്ന തെരുവിൽ ശരീരം വിൽക്കുന്നതിനേക്കാൾ നല്ലതാണ് ഇതെന്ന് അവൾക്ക് തോന്നിക്കാണും. എന്റെ കൂടെ ഇങ്ങു പോന്നു."
"എന്നിട്ട്?"
"എന്നിട്ടെന്താ.... ഇപ്പോൾ ഇവിടെ, ഈ പുഴയിൽ...."
അവൻ ഇതുവരെ ചെയ്തതിനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ ദേഹമാകെ വിറക്കാൻ തുടങ്ങി. ഇനി അതിലും കൂടുതലാണ് ചെയ്യാനിരിക്കുന്നതും.
"എന്റെ നമ്പൂരി....എനിക്ക് പേടിയാവുന്നു..." ഞാൻ അറിയാതെ പറഞ്ഞുപോയി.
കുളി കഴിഞ്ഞ് അവനെ വീട്ടിലാക്കി ഞാൻ അവർക്കുള്ള ഭക്ഷണം വാങ്ങാനായി തിരിച്ചു. ഇന്നുരാത്രിയിലെ ഭക്ഷണം മമ്മദ്ക്കാന്റെ കടയിൽ പറഞ്ഞിട്ടുണ്ട്. അവന്റെ ഭാവി പരിപാടികൾ അറിഞ്ഞിട്ടുവേണം ആവശ്യമെങ്കിൽ ജാനുഅമ്മേനെയോ ശാന്തേടത്തിനെയോ അവനുള്ള ഭക്ഷണം ഉണ്ടാക്കാൻ ഏൽപ്പിക്കാൻ. മമ്മദ്ക്കാന്റെ കടയിൽ പോകുന്നതിനു മുൻപ് തുണിയൊന്നു മാറ്റാമെന്ന് കരുതി വീട്ടിൽ ചെന്നു. ആ വീട്ടിലിപ്പോൾ ഞാൻ തനിച്ചാണ്. 'അമ്മ പോയിട്ട് അഞ്ചു വർഷം കഴിയാൻ പോകുന്നു. വീടിപ്പോഴും ഓലമേഞ്ഞതാണ്. അതുതന്നെ വർഷത്തിലൊരിക്കൽ പൊളിച്ചുമേയാൻ പെടുന്നപാട് എനിക്കെ അറിയൂ. കാത്തിരിക്കാൻ ആളില്ലാത്ത കാരണം എന്റെ പോക്കും വരവൊക്കെ പറയുംപോലെയാണ്. ചിലപ്പോൾ പാർട്ടി ഓഫീസിൽ, ചിലപ്പോൾ വായനശാലയിൽ, അങ്ങിനെയൊക്കെ ആയിരിക്കും എന്റെ രാത്രികളിൽ മിക്കവയും. മമ്മദ്ക്കാന്റെ കടയിൽനിന്ന് ശാപ്പാട്. ഒറ്റത്തടി, സ്വതന്ത്ര ജീവിതം. ഇതാണോ ഗാന്ധി വാങ്ങിത്തന്ന സ്വാതന്ത്ര്യം, അതിനും എത്രയോ വലുതാണിതെന്ന് ചിലപ്പോഴെല്ലാം തോന്നാറുണ്ട്.
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ചാണകമെഴുതിയ ഉമ്മറത്തിന്റെ നിലത്ത് ഉഷ ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത വീട്ടിലെ കണ്ടങ്കോരൻ ചേട്ടന്റെ മകളാണ് ഉഷ. ഞാൻ വന്നാലും ഇല്ലെങ്കിലും അവൾ എന്നും വന്ന് വീടെല്ലാം അടിച്ച് വൃത്തിയാക്കി ഇടും, ഒരുപാടുതവണ ഞാൻ വിലക്കിയിട്ടുണ്ടെങ്കിലും. എന്റെ അമ്മക്ക് സ്വന്തം മകളെപ്പോലെ ആയിരുന്നു ഉഷ. ചെറുപ്പത്തിലേ അമ്മ മരിച്ച അവൾക്ക്ഒരമ്മയുടെ സ്നേഹവും ലാളനയും നൽകി വളർത്തിയത് എന്റെ അമ്മയാണ്.
"നിന്റെ അനുജത്തിയാണ് അവൾ. അവൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്റെ മോൻ ഉണ്ടാകണം" എന്ന് 'അമ്മ എപ്പോഴും എന്നെ ഓര്മിപ്പിക്കുമായിരുന്നു.
" നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരു ചിമ്മിണിയെടുത്തു കത്തിച്ചു വെക്കാർന്നില്ലേ ഉമ്മറത്ത്. എന്തിനാ ഈ ഇരുട്ടത്ത് ഇരിക്കുന്നെ?"
"അച്ഛൻ എത്തീട്ടില്ല. അപ്പൊ ഇവിടെ വന്നിരുന്നത്."
മൂപ്പരെന്താ ഇന്നേരായിട്ടും വരാത്തത്. ആൾക്കീയിടെ കളി ഇത്തിരി കൂടുന്നുണ്ട്. ഒരു പെണ്ണ് വീട്ടിലുണ്ടെന്ന കാര്യമെങ്കിലും ഓർക്കണ്ടേ?"
"ഉം... അച്ഛൻ ചിലപ്പോ അങ്ങനെയാ"
അല്പം മടിയോടെ അവൾ തുടർന്നു "ഉണ്ണ്യേട്ടൻ വന്നൂന്ന് കേട്ടല്ലോ. ശര്യാ...? മാധവേട്ടൻ കണ്ടോ?"
"ഉം.. ഞാനാ സ്റ്റേഷനീപോയി കൂട്ടികൊണ്ടു വന്നത്."
"കൂടെ ഒരു പെണ്ണുണ്ടെന്നു കേട്ടല്ലോ?"
"ആരാ നിന്നോട് പറഞ്ഞത്"
"എല്ലാരും പറയുന്നുണ്ട്"
"പെണ്ണുണ്ട് കൂടെ. പക്ഷെ കെട്ടീതൊന്നും അല്ല. എന്തോ ജോലി ആവശ്യത്തിനായി കൂടെ വന്നതാ"
"എന്നെ ചോദിച്ചോ?"
" ഇല്ല "
"എന്നെ ഓർമ്മയുണ്ടാവോ? മറന്നുണ്ടാവോ?"
അവളുടെ ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. എന്റെ മൗനം കണ്ടപ്പോൾ അവളും ചെറുതായൊന്നു ഭയന്നപോലെ എനിക്ക് തോന്നി. അവൾ മുഖം തിരിച്ച് ഉമ്മറത്തെ മുളയുടെ ഊന്നുകാലിൽ ചാരിനിന്നു.
"പോകുമ്പോൾ എന്നോട് കാത്തിരിക്കാൻ പറഞ്ഞിരുന്നു. എന്റെ പ്രാർത്ഥനകള് ദൈവങ്ങള് കെട്ടുണ്ടാവില്ലേ മാധവേട്ടാ. എന്റെ കാത്തിരിപ്പ് അവര് കണ്ടണ്ടാവില്ലേ മാധവേട്ടാ."
"മോള് പേടിക്കണപോലൊന്നും ഇല്ല. അവൻ ഇനി ഇവിടെ ഉണ്ടാകും. നിന്നെ മറന്നെങ്കില് അവൻ വേറെ കേട്ടീട്ടുണ്ടാകില്ലേ ഇന്നാള്കൊണ്ട്. നീയിപ്പോ വീട്ടിലേക്കു ചെള്ള്. അച്ഛൻ വന്നിട്ടുണ്ടാകും. നിന്നെ കാണാതാവുമ്പോൾ പേടിക്കും. ചെല്ല്."
അവളെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുമ്പോൾ അവളുടെ ഉള്ളിലെ തീ എന്നിലേക്ക് പടർന്നിരുന്നു.
ഉണ്ണി ഉഷയെ പ്രേമിക്കുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാണ്. ഇവിടെ ഉണ്ണി എന്ന ആണും ഉഷ എന്ന പെണ്ണും ആയിരുന്നില്ല പ്രശനം. ഒഎസ് ഉന്നത കുലജാതനായ ആണാണ് ഒരു താഴ്ന്ന ജാതിക്കാരിയെ ഇഷ്ടപ്പെടുന്നത്. അന്നും എന്റെ പേടി അതായിരുന്നു. പക്ഷെ അവന്റെ ധൈര്യം അവൻ ഒരു നമ്പൂരിയായല്ല കമ്മ്യൂണിസ്റ്റ് ആയാണ് ജീവിക്കുന്നതെന്നതായിരുന്നു. അവൾ നല്ല സുന്ദരിയാണ്. അതായിരിക്കണം അവനേയും ആകർഷിച്ചത്. പാർട്ടിയുടെ ഒരു സജീവ പ്രവത്തകനാണ് കോരൻചേട്ടൻ, സഖാവ് കോരൻ. സ്വാഭാവികമായും അവൾ ജനിച്ചതും വളർന്നതും കമ്മ്യൂണിസ്റ്റ് ആയിത്തന്നെ. പാർട്ടി ക്ലാസ്സ്കളിലും പരിപാടികളിലും ഉഷ സ്ഥിരം സന്നിദ്ധമാണ്. അന്നും ഇന്നും. അത്തരം പരിപാടികളും ക്ലാസ്സുകളും ഉഷയെയും ഉണ്ണിയേയും കൂടുതൽ അടുപ്പിച്ചു. ആ പ്രണയം അങ്ങിനെ ശക്തമായി നിൽക്കുന്ന സമയത്താണ് ഞങ്ങൾക്കാർക്കും മനസ്സിലാകാത്ത അതോ ഒരു കാര്യത്തിന് എന്തോ ഒരു കാരണത്താൽ അവൻ നാട്ടിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത്. അവൻ പോകുന്നതിന്റെ തലേന്ന് പറ്റി ആപ്പീസിന്റെ പുറകിൽ നിന്ന് അവർ ഒരുപാടുനേരം സംസാരിച്ചു. കണ്ണീരോടെ ഓടിപ്പോകുന്ന അവളുടെ മുഖമൊന്നും ഉണ്ണിയെ ആ യാത്രയിൽനിന്നും പിന്തിരിപ്പിച്ചില്ല. ആ കണ്ണീരോടെത്തന്നെ അവൾ വർഷങ്ങൾ കാത്തിരുന്നു. യുദ്ധങ്ങൾ ഒരുപാട് ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാ യുദ്ധത്തിലും ജയിച്ച ഒരു മഹാറാണിയെപ്പോലെ അവൾ അവനായി കാത്തിരുന്നു.
ഉണ്ണി പോയി രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴാണെന്ന് തോന്നുന്നു, ഒരു തിരുവോണനാളായിരുന്നു അന്ന്. രാവിലെ എണീറ്റ് പുഴയിൽപോയി ഒരു കുളിയെല്ലാം കഴിഞ്ഞു ഞാൻ എന്റെ കുടിലിന്റെ ഉമ്മറത്ത് ഇനിയെന്ത് എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ കോരൻചേട്ടൻ വന്നു വിളിച്ചു,
"മാധവാ വാടാ. വീട്ടിൽ പോയി ഇരിക്കാടാ.."
"ഞാൻ കഴിക്കാറാവുമ്പോൾ വന്നാൽ പോരെ?"
ഞങ്ങൾക്കിരുവർക്കും ഈ ആഘോഷങ്ങളിൽ തീരെ താല്പര്യം ഇല്ല. പക്ഷെ ഉഷക്ക് എല്ലാം ആഘോഷിക്കണം, ചെറുതായി ആണെങ്കിലും. ഓണം, വിഷു,ക്രിസ്മസ്,ഈസ്റ്റർ,ബക്രീദ്, റംസാൻ അങ്ങിനെ വലിയ വിശേഷങ്ങൾ മുതൽ കാളീടെ അമ്പലത്തിലെ പ്രതിഷ്ഠാദിനം വരെ ആഘോഷിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു. ആഘോഷം എന്ന് പറയുമ്പോൾ വലുതായൊന്നും ഉണ്ടാകില്ല. സാധാരണയിൽ കൂടുതൽ ഒന്നോ രണ്ടോ തരം കറി, പിന്നെ എന്നെ ഉണ്ണാൻ വിളിക്കും, അത്രതന്നെ. ആ ഓണത്തിനും പതിവ് തെറ്റിച്ചില്ല. കഴിക്കാൻ സമയമായില്ലെങ്കിലും കോരൻചേട്ടൻ എന്നെ നിർബന്ധിച്ച് അപ്പോൾ തന്നെ കൂട്ടികൊണ്ടു പോയി.
"രാവിലെ ചെത്തി ഇറക്കിയതാ"
ഒരു കുടത്തിലേക്ക് കള്ളൊഴിച്ചു എനിക്ക് തന്നുകൊണ്ടു കോരൻചേട്ടൻ പറഞ്ഞു. മൂപ്പരും വലിയ ഒരു കാനിൽനിന്നും ഒരു ചെറിയ കുടത്തിലേക്ക് പകർത്തി കുടിച്ചു. കോരൻചേട്ടന് എന്റെ അച്ഛന്റെ അതേ പ്രായമാണെന്നാണ് 'അമ്മ പറഞ്ഞു കേട്ടിട്ടുള്ളത്. ഒന്നിച്ചുള്ള മദ്യപാനം ആദ്യമല്ലാത്തതുകൊണ്ട് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല എനിക്ക്. ബഹുമാനം ഇല്ലാത്തതുകൊണ്ടൊന്നും അല്ല.
"രണ്ടുകുപ്പി കള്ളടിച്ച് നേരെ നടക്കാനറിയുന്നവനാണ് ആണ്. കുടിക്കാത്തവനും കുടിച്ച് കിടന്നാടുന്നവനും ആണിന്റെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല." ഇങ്ങളെ പറയുന്ന ആളാണ് മൂപ്പര്. തിരുവോണമായിട്ടും മൂപ്പർക്കെന്തോ സന്തോഷക്കുറവ് തോന്നി എനിക്ക്.
"എന്താ ചേട്ടാ.. എന്താ ഒരു വിഷമം. ചിരിക്കൊന്നും ഒരു ഉഷാറില്ലല്ലോ?"
"ഏയ്, ഒന്നൂല്ലടാ."
" എന്താണേലും പറയ് ചേട്ടാ. നിങ്ങളെ ഈ ചേട്ടന് വിളിക്കണുണ്ടേലും എന്റെ അച്ഛന്റെ സ്ഥാനതല്ലേ ഞാൻ നിങ്ങളെ കാണുന്നെ. ഞാൻ ഇന്നും ഇന്നലേം കാണുന്നതല്ലല്ലോ."
"അതല്ലടാ. പറയാൻ മാത്രം ഒന്നൂല്യ. അതാ..."
" നമ്മുടെ ഈ രണ്ടു പെരകൾക്കിടയിലെ വേലിയുള്ളു, മനസ്സുകൾക്കിടയിൽ ഇല്ല എന്നാണ് എന്റെ ഇത്. കാര്യം ചെറുതായാലും വലുതായാലും പരിഹാരമില്ലാതിരിക്കില്ലല്ലോ."
ഉഷ, ആവലാണിപ്പോൾ കോരൻചേട്ടന്റെ സങ്കടം. ആലോചനകൾ ഒരുപാട് വരുന്നുണ്ട്. അവൾക്കു ഒന്നിനും സമ്മതമല്ല. ഉണ്ണിയും ഉഷയും തമ്മിലുള്ള ബന്ധം മൂപ്പർക്ക് അറിയാമായിരുന്നു. പക്ഷെ അവൻ പോയി മൂന്നുവർഷത്തോളം ആയകാരണം ആൾക്ക് ഉള്ളിലൊരു പേടി കേറി തുടങ്ങീക്കുന്നു. അവൻ ഇനി തിരിച്ചു വന്നില്ലെങ്കിൽ, ഉഷ ഉണ്ണിക്കായി ഈ കാത്തിരുപ്പ് തുടർന്നാൽ, ഈ ചിന്തകളെല്ലാം കോരൻചേട്ടനെ വല്ലാതെ അലട്ടുന്നു. ഒരച്ഛന് സ്വാഭാവികമായും തോന്നാവുന്ന ഒരു ഭയം.
അങ്ങനെ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള ചുമതല എനിക്കായി. ഞങ്ങൾ രണ്ടാളും കഴിക്കാനായി ഇരുന്നു. മൂപ്പര് വേഗം കഴിച്ച് എണീറ്റു. കോരൻചേട്ടൻ എണീറ്റപ്പോൾ ഞാൻ ഉഷയോടു ഇരുന്ന് കഴിച്ചോളാൻ പറഞ്ഞു. അവൾ എന്റെ അടുത്തുതന്നെ ഇല വിരിച്ച് കഴിക്കാൻ ഇരുന്നു. ഞാൻ പതിയെ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഞാൻ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണിൽനിന്നും കവിളിലേക്ക് ഒഴുകുന്നുണ്ടായിരുന്നു സങ്കടം.
"അച്ഛനും ഏട്ടനും പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്. നിങ്ങളുടെ സമാധാനത്തിനുവേണ്ടി ഞാൻ കല്യാണത്തിന് സമ്മതിക്കാം. പക്ഷെ ഉണ്ണിയേട്ടൻ എന്നെങ്കിലും തിരിച്ചുവരുമ്പോൾ "എന്നെ ചതിച്ചല്ലേ..." എന്ന് ചോദിക്കില്ലാന്നു ഉറപ്പുണ്ടോ? അങ്ങിനെ ഉണ്ടായാൽ പിന്നെ ആരും ഈ ഉഷയെ ജീവനോടെ കാണില്ല. എനിക്ക് ആരെയും വിഷമിപ്പിക്കണം എന്നില്ല. അച്ഛനും ഏട്ടനും എന്റെ സന്തോഷമാണ് വലുതെങ്കിൽ ഉണ്ണിയേട്ടനുവേണ്ടി കാത്തിരിക്കാനെങ്കിലും എന്നെ അനുവദിക്കണം. ഉണ്ണിയേട്ടൻ വരും. എന്റെ വിശ്വാസമാണ് അത്. എന്റെ ദൈവങ്ങളിലുള്ള വിശ്വാസം."
ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റ്. അതായിരുന്നു അവൾ. അതിൽ തെറ്റൊന്നും ഇല്ലല്ലോ അല്ലെ?
അതിൽപിന്നെ ഞാനും കോരൻചേട്ടനും അവളെ ഒരു വിവാഹത്തിനായി നിര്ബന്ധിക്കാറില്ല. അവളുടെ നെറ്റിയിലെ സിന്ദൂരത്തേക്കാൾ വലുതാണ് ഞങ്ങൾക്ക് അവളുടെ ജീവൻ.
ഉഷ പറഞ്ഞതുപോലെ വര്ഷങ്ങള്ക്കു ശേഷം ഉണ്ണി തിരിച്ചുവന്നിരിക്കുന്നു. അവളുടെ പ്രാർത്ഥന ദൈവങ്ങൾ കേട്ടിരിക്കുന്നു. അതിനു ദൈവങ്ങൾ ഇല്ലല്ലോ. പിന്നെ ആര് കേൾക്കാൻ. ഉഷ വിളിക്കുന്ന ദൈവങ്ങൾ ഉണ്ടായിരിക്കാം. ഞാൻ ഇതുവരെ ദൈവത്തോടൊന്നും പ്രാർത്ഥിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് ദൈവങ്ങളില്ല, ഇശ്വരന്മാരില്ല, പടച്ചോൻമാരില്ല. ഇനി ദൈവം ഉണ്ടോ? അങ്ങിനെ തോന്നാൻപോലും പാടില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റാണ്.
മമ്മദ്ക്കാന്റെ കടയിൽപോകാനായി ഞാൻ വസ്ത്രം മാറി വീടടച്ച് പുറത്തേക്കിറങ്ങി. ഉഷയുടെ വീടിനു മുൻപിൽ എത്തിയപ്പോൾ അവൾ അവിടെ വേലിക്കരികിൽ നില്പുണ്ടായിരുന്നു.
"നീയെന്തെടി പെണ്ണെ ഈ ഇരുട്ടത്ത് വന്നു നിൽക്കുന്നെ?"
"മാധവേട്ടൻ ഉണ്ണിയേട്ടന്റെ അങ്ങടെക്കാണോ?"
"മമ്മദ്ക്കാന്റെ കടയിൽപോയി അവർക്കുള്ള ഭക്ഷണം വാങ്ങണം. എന്നിട്ടേ പോകു."
"ഞാനൂടെ വന്നോട്ടെ?"
"ഈ രാത്രീല് എന്തായാലും നീ അവിടേക്ക് വരേണ്ട. നാളെ ആവട്ടെ."
അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ചിണുങ്ങി
"കാത്തിരുന്ന അത്രക്കൊന്നും ഇനി വേണ്ടാല്ലോ. ഈ ഒരു രാത്രികൂടി അല്ലെ."
അവൾ അതുകേട്ട് ചിരിച്ചുകൊണ്ട് വീടിനകത്തേക്ക് ഓടിപ്പോയി. അവളുടെ ചിരിക്കും അവളുടെ പാദസ്വരത്തിന്റെ കിലുക്കത്തിനും ഒരേ ശബ്ദമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴും എനിക്കങ്ങനെ തോന്നി. കോരൻചേട്ടൻ തന്റെ ചുമയെ തോൽപ്പിച്ചുകൊണ്ട് ഉമ്മറത്തെ കട്ടിലിൽ കിടന്നു ആഞ്ഞാഞ്ഞു വലിച്ചു വലിച്ചു പുക തള്ളുന്നുണ്ടായിരുന്നു.
ഭക്ഷണം വാങ്ങി ഞാൻ ഉണ്ണിയുടെ വീട്ടിലെത്തി. കറന്റ് ഉള്ള വീടായിട്ടും ലൈറ്റുകൾ എല്ലാം അണഞ്ഞുകിടക്കുന്നു. "നമ്പൂരിയെ..... നീ എവിടെയാ....?" എന്ന് ചോദിച്ച് ഞാൻ വീടിനകത്തേക്ക് കടന്നു. മറുപടിയിന്നും കേട്ടില്ല. അകത്ത് കടന്നപ്പോൾ വർഷയുടെ മുറിയിൽ ചെറിയ വെളിച്ചം കണ്ടു. ഞാൻ അങ്ങോട്ട് ചെന്നു. ചുറ്റും പൂർണ നിശബ്ദത. കരണമില്ലാത്തൊരു ഭയം ഉള്ളിൽ തോന്നി. ആ മുറിയുടെ അടുത്തെത്തിയപ്പോൾ ചാരിയിട്ട വാതിലിൽ ഞാൻ തട്ടി. "നമ്പൂരിയേ..", മറുപടി ഇല്ലാതായപ്പോൾ ഒന്നൂടെ വിളിച്ചു. അവൻ വന്നു വാതിൽ തുറന്നു. അകത്തു വരാൻ പറഞ്ഞു. മുറിയുടെ ബൾബ് അണഞ്ഞുതന്നെ ആയിരുന്നു. മുറിയുടെ നാല് മൂലയിലും ഓരോ നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ട്. കട്ടിലിനരികിലും ഒരു നിലവിലക്കിരുന്നു കത്തുന്നു. അതിന്റെ ചുവന്ന വെളിച്ചം ആ മുറിയിൽ നിറഞ്ഞുനിൽക്കുന്നു. ഒരരികിലായി ചാംബ്രാണി പുകയുന്നുണ്ടായിരുന്നു. വർഷ കട്ടിലിൽ കണ്ണടച്ച് കിടക്കുന്നു. അവളെ ഒരു വെള്ള തുണികൊണ്ട് കഴുത്തുവരെ പുതപ്പിച്ചിട്ടുണ്ട്. ഒരു കാവിമുണ്ട് മാത്രമാണ് ഉണ്ണിയുടെ വേഷം. നാടുവിട്ട് പോകുന്നതിനുമുന്നെ മാറിനുകുറുകെ ഇശമില്ലെങ്കിലും ഒരു പൂണൂലുണ്ടായിരുന്നു. ഇന്നതില്ല അവിടെ. ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
"നീയെന്താ ഈ ചെയ്യാൻ പോകുന്നത്?"
"ഞാൻ മരിച്ചുപോയ ഒരാളുടെ ആത്മാവിനെ ഇവളുടെ ശരീരത്തിലേക്ക് വിളിച്ചു വരുത്താൻ പോവുകയാ.."
എന്ത്? എന്താത്മാവ്? ഏതാത്മാവ്? നിനക്ക് വട്ടാണ്. ഞാൻ പോവുകയാ. രണ്ടാൾക്കും ഉള്ള ഭക്ഷണം അവിടെ വെച്ചിട്ടുണ്ട്."
"നീ എവിടേക്കാ ഈ പോകുന്നത്. എന്താ പേടിയുണ്ടോ? പേടിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ. പിന്നെ പ്രേതങ്ങൾ നമ്മളെപ്പോലല്ല. പാവങ്ങളാ...."
"എനിക്ക് പേടിയൊന്നും ഇല്ല."
"എന്നാൽ ഇവിടെ എന്റെ കൂടെ നില്ക്കു. നിന്റെ പേടിയും സംശയവും എല്ലാം ഞാൻ മാറ്റിത്തരാം."
അവനോടു പേടിയില്ലെന്ന് പറഞ്ഞെങ്കിലും സത്യത്തിൽ ഉള്ളിൽ നല്ല പേടിയുണ്ട്. പേടികൊണ്ടാണോന്നറിയില്ല കയ്യും കാലും തളരുന്നപോലെ തോന്നി. ഉടനെത്തന്നെ എന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ഉണർന്നു. " നീയൊരു കമ്മ്യൂണിസ്റ്റാണ്. ഭയപ്പെടരുത്. പ്രത്യേകിച്ച് ഇല്ലാത്ത ഒന്നിനെ" ഉള്ളിലിരുന്ന് ആരോ പറഞ്ഞു.
എന്റെ സംശയങ്ങൾ തീർക്കാൻ തന്നെ അവൻ തീരുമാനിച്ചു. എനിക്ക് സംസാരിക്കണമെന്ന് ആഗ്രഹമുള്ള മരിച്ചുപോയ ഒരാളെ പറയാൻ പറഞ്ഞു. അവൻ അയാളുടെ ആത്മാവിനെ വർഷയുടെ ശരീരത്തിലേക്ക് വിളിച്ചു വരുത്തുമത്രെ. ഞാൻ ആരെ പറയും. എനിക്കങ്ങനെ പറയാൻ മാത്രം ആരാണുള്ളത്. അമ്മയോട് സംസാരിക്കണം എന്ന് പറഞ്ഞാലോ? അമ്മയോട് പത്തിരുപത്തിരണ്ട് കൊല്ലം സംസാരിച്ചതല്ലെ. അമ്മയെ ഇനി വിളിച്ചു വരുത്തി പ്രശ്നമാക്കേണ്ട. ഞാൻ ഇനിയും പെണ്ണുകെട്ടാത്തതിന് ചിലപ്പോൾ വഴക്ക് പറഞ്ഞാലൊ. അച്ഛനായാലോ എന്ന് ഒന്ന് ചിന്തിച്ചു. എന്റെ പന്ത്രണ്ടാം വയസ്സിൽ മരിച്ചതാണ്. ബുദ്ധി ഉറച്ചെപ്പിന്നെ അച്ഛനോട് സംസാരിക്കാൻ പറ്റിയിട്ടില്ലല്ലോ. അച്ഛൻ തന്നെ ആകാം. അല്ലെങ്കിൽ വേണ്ട.
"നമ്പൂരി..."
"തീരുമാനിച്ചോ? ആരെ വേണം?"
"നമ്മുടെ മാർക്സ് വിളിച്ചാൽ വരുമോ?"
അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.
"മൂപ്പര് വന്നാത്തന്നെ ഞാനെന്തു ചോദിക്കാനാല്ലേ...? അതിനും മാത്രം അറിവൊന്നും എനിക്കില്ല."
വേറെ ആരെയാ നിനക്ക് വേണ്ടത്? വേഗം പറയ്. സമയം പോകുന്നു."
കുറച്ചുനേരംകൂടെ ആലോചിച്ചു. ഒരാളോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ആളെ തന്നെ വരുത്താം. ജീവിച്ചിരുന്നപ്പോൾ ആളോടിത് ചോദിക്കണമെന്ന് ഒരുപാടുതവണ വിചാരിച്ചതാ. അയാൾ മരിച്ചു കഴിഞ്ഞിട്ടും ആ സംശയം വീണ്ടും വീണ്ടും എന്നെ ഒരുപാട് ശല്യം ചെയ്തിട്ടുണ്ട്.
"വിളിക്കെടാ നമ്മുടെ ഓമനേടത്തിനെ"
"ഏതോമനേടത്തി"
"നമ്മുടെ നാട്ടിലെ പഴയ രോമാഞ്ചം, തോട്ടത്തിൽ ഓമന"
"ഓമനേടത്തി മരിച്ചോ?"
"ഉം, വർഷം രണ്ടുമൂന്നായി"
"ആളെ മതിയോ? എന്തിനാണ്?"
"ഒരു കാര്യം ചോദിക്കാനുണ്ട്"
"ആയിക്കോട്ടെ...."
അവൻ എന്നോട് കുറച്ചുനേരം മുറിക്ക് പുറത്തുനിൽക്കാൻ പറഞ്ഞു എന്നെ പുറത്താക്കി കതകടച്ചു. അവൻ ചെയ്യുന്നതെന്തെന്ന് ഞാൻ കാണാതിരിക്കാനാകും. കുറച്ചു കഴിഞ്ഞു അവൻ കതകു തുറന്ന് എന്നെ അകത്തേക്ക് കൊണ്ടുപോയി. അപ്പോൾ അവിടെ അത്രയുംനേരം കണ്ണടച്ച് കിടന്നിരുന്ന വർഷ കട്ടിലിൽ ഏണീറ്റിരിക്കുന്നു.
"നിനക്കെന്നോടെന്തോ ചോദിക്കാനുണ്ടെന്ന് ഉണ്ണി പറഞ്ഞല്ലോ, എന്താ അത്?"
എനിക്കതുകേട്ടു തലകറങ്ങുന്നപോലെ തോന്നി. മലയാളം അറിയാത്ത വർഷ മലയാളത്തിൽ എന്നോട് സംസാരിക്കുന്നു. അതും ഓമനേടത്തീടെ അതേ ശബ്ദം. ഉണ്ണി പറഞ്ഞതെല്ലാം വിശ്വസിക്കാതെ വേറെ വഴിയില്ല. എന്റെ വിശ്വാസങ്ങൾ പലതും തെറ്റാണെന്ന് ആ ഞാൻ തിരിച്ചറിഞ്ഞു. അവൻ എനിക്ക് കുടിക്കാൻ വെള്ളം തന്നു. എന്റെ അമ്പരപ്പൊന്ന് മാറിയശേഷം എന്റെ ആ സംശയം ഞാൻ ഓമനേടത്തിയോട് ചോദിച്ചു. ഒരേ ഒരു ചോദ്യം. അതിനൊരു ഉത്തരവും. വർഷ പെട്ടന്ന് ആ കട്ടിലിൽ ബോധം നഷ്ടപ്പെട്ട് വീണു. ഉണ്ണി അവളെ പിടിച്ചു കട്ടിലിൽ ശെരിക്കു കിടത്തി. വെള്ളത്തുണിയെടുത്തു പഴയപോലെ പുതപ്പിച്ചു.
ഉണ്ണി നാട്ടിലില്ലാത്ത സമയം. ഞാൻ വല്ലാതെ ഒറ്റപ്പെട്ടുപോയപോലെ എനിക്ക് തോന്നി. ആയിടക്കാണ് അങ്ങനെ ഒരാഗ്രഹം ഉണ്ടായത്. ആ ആഗ്രഹം നടത്താനായി ഞാനൊരു രാത്രിയിൽ ഓമനടത്തീടെ വീട്ടിൽ ചെന്ന്. ഏത് സമയത്തും ഏതവനെ വേണമെങ്കിലും വിളിച്ചുകെട്ടാൻ മടിയില്ലാത്ത ഓമനേടത്തി എന്നെ അന്ന് അവിടുന്ന് തെറിപറഞ് ഓടിപ്പിച്ചു. എന്തിന്? ഞാനെന്താ ഒരു ആണല്ലേ?
വർഷയുടെ ദേഹത്തുനിന്നും ഓമനേടത്തീടെ ആത്മാവ് പോകുന്നതിനു മുൻപ് ഓമനേടത്തി അതിനുള്ള ഉത്തരം തന്നിരുന്നു.
" ഞാനും മക്കളും പട്ടിണി കിടക്കാതിരിക്കാൻ ഞാൻ ആരെയും വിളിച്ച് വീട്ടിൽ കയറ്റും. ആർക്കും കിടന്നു കൊടുക്കും. പക്ഷെ ഇന്നേവരെ ഞാനെന്റെ മക്കൾക്ക് കിടന്നുകൊടുത്തിട്ടില്ല"
ആ വാക്കുകൾക്കു അതികം വിശദീകരണം ആവശ്യമില്ലായിരുന്നു. ഓമനേടത്തിനെപ്പോലെ ഉള്ള ഒരാൾ എങ്ങനെയൊക്കെ ഒരു മകന്റെ സ്ഥാനത്താണ് കണ്ടു സ്നേഹിച്ചിരുന്നതെന്ന് അറിഞ്ഞപ്പോൾ അവരോടുള്ള ദേഷ്യവും വെറുപ്പുമെല്ലാം മാറി. പകരം മനസ്സിലിപ്പോൾ അവരോടു ബഹുമാനവും വാത്സല്യവുമാണ്.
ഇശ്വരന്മാരില്ലെങ്കിലും പ്രേതങ്ങളുണ്ടെന്ന് അവൻ എനിക്ക് കാണിച്ചുതന്നു. വിശ്വസിപ്പിച്ചുതന്നു. അവൻ ആ മുറിക്കകത്ത് അവനുവേണ്ട ആത്മാവിനെ വിളിച്ചു വരുത്തുകയാണ്. വർഷങ്ങൾക്ക് മുൻപ് അവൻ എന്തിനാണ് നാടുവിട്ട് പോയതെന്ന് എനിക്ക് ഇപ്പോൾ അറിയാം. കുറച്ചു മുൻപാണ് ആ കാര്യങ്ങളെല്ലാം അവൻ എന്നോട് പറഞ്ഞത്.
ആ വർഷം പാർട്ടിയുടെ സമ്മേളനം നടന്നത് ഞങ്ങളുടെ നാട്ടിൽ വെച്ചായിരുന്നു. അന്ന് അവിടെ ഒത്തുകൂടിയ പുരുഷാരത്തിനിടയിൽ വളരെ പരിചിതമായൊരു അപരിചിതയെ അവൻ കണ്ടു, മായ. ഓർമകളിലെ പരിചയം വെറുതെയായില്ല. ഒരു നാലാം ക്ലാസുകാരന്റെ മനസ്സിൽ കൊത്തിയ ആ സുന്ദര മുഖത്തിന്റെ ഛായ എവിടെയൊക്കെയോ മായയിൽ ഉണ്ടായിരുന്നു. എൽപി സ്കൂളിലെ കൂട്ടുകാരി, കുട്ടിക്കാലത്തെ തോന്നലാണെങ്കിലും ആദ്യമായി സ്വന്തമാക്കണമെന്ന് തോന്നിയ പെണ്ണ്. ഒരു നാലാം ക്ലാസുകാരന്റെ മുഴുവൻ സ്നേഹവും അവൻ അവൾക്ക് നൽകി, അവൾ അറിയാതെ. അവർ തമ്മിലായിരുന്നു പരീക്ഷകളിൽ ഒന്നാമനാകാനുള്ള മത്സരം നടന്നിരുന്നത്. മത്സരത്തിനൊരുവിൽ വിജയം ഇപ്പോഴും അവൾക്കൊപ്പമായിരുന്നു. അവൾക്ക് ജയിക്കാൻ വേണ്ടി എഴുതാതെ വിട്ടുകളഞ്ഞ അവസാന ചോദ്യത്തിന് പ്രണയമെന്ന ഉത്തരമേ അവനു അറിവുണ്ടായിരുന്നുള്ളു. സ്കൂൾമുറ്റത്തെ പ്ലാവിൽനിന്നും വീഴുന്ന കറുത്ത നിറമുള്ള ചക്കക്കുരുന്നുകൾ അന്നൊരു കളിപ്പാട്ടമായിരുന്നു. ഒരിക്കൽ അവൻ അതെടുത്തു അവളുടെ ഉടുപ്പിലേക്ക് എറിഞ്ഞു. പക്ഷെ ഉന്നം തെറ്റിയ ആ പ്രണയം ചെന്നുകൊണ്ടത് അവളുടെ വെളുത്തുതുടുത്ത ഇടതു കവിളിലായിരുന്നു. ആ സൗഹൃദം അവിടെ തീർന്നു. ചക്കകൊണ്ട് ഏറുകിട്ടിയതായിരുന്നില്ല അവളുടെ പ്രശനം. ഉണ്ണി എറിഞ്ഞു എന്നതായിരുന്നു

By: Najmal Akkili
1
( Hide )
  1. നജ്മൽ,
    കഥ അവസാനിപ്പിയ്ക്കാൻ സാധിച്ചില്ല,ല്ലോ....!
    ചക്രവ്യൂഹത്തിൽ‌പ്പെട്ടു പോയാതാവാം, അല്ലേ?
    ഒരുപാട് വാരിവലിച്ച് എഴുതിയിരിയ്ക്കുന്നു...
    ആറ്റിക്കുറുക്കിയാൽ സത്ത് കിട്ടും.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo