കാർഗിലിലെ മഞ്ഞുമൂടിയ പർവ്വതനിരകൾ. രക്തം ഉറഞ്ഞു പോകുന്ന തണുപ്പ്.ഉയരത്തിലുള്ള പർവ്വതശിഖരത്തിലൂടെ ഓരോ ചുവട് മുന്നോട്ട് വെക്കുന്നതും ഒരു പരീക്ഷണമായിരുന്നു.
മേജർ വിക്രം സിംഗിന്റെ കൂടെയുണ്ടായിരുന്ന മുപ്പത് സൈനികരിൽ ഒരാൾ ഞാനായിരുന്നു. നുഴഞ്ഞുകയറ്റക്കാരുമായി രണ്ട് ദിവസം നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിൽ നാല് സൈനികർ നഷടമായെങ്കിലും അവസാനം ഞങ്ങൾ ശത്രു പാളയം കീഴടക്കുക തന്നെ ചെയ്തു.പതിനെട്ട് നുഴഞ്ഞുകയറ്റക്കാരെ ഞങ്ങൾ വകവരുത്തിയിരുന്നു. ശേഷിച്ചവർ പാളയം വിട്ടോടി. നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ പരിശോദിച്ചപ്പോൾ മനസ്സിലായി അവർ തീവ്രവാദികളല്ല പാക്ക് ഭടൻമാർ തന്നെയായിരുന്നു.
ഞങ്ങൾ പിടിച്ചടക്കിയ കുന്നിൻ മുകളിൽ നിന്ന് മേജർ വിക്രം സിംഗ് ബൈനോക്കുലേഴ്സെടുത്ത് ചുറ്റുപാടും നോക്കി. അദ്ദേഹത്തിന് ശത്രുവിന്റേതായ യാതൊരു നീക്കവും കാണാൻ കഴിഞ്ഞില്ല.
ഞങ്ങൾ നുഴഞ്ഞുകയറ്റക്കാരുമായി നടത്തിയ ശക്തമായ പോരാട്ടം കാരണം നന്നേ തളർന്നിരുന്നു. ഞങ്ങൾക്കെല്ലാവർക്കും നല്ല വിശപ്പുമുണ്ടായിരുന്നു. ഞങ്ങളുടെ പുറംചുമടിൽ വെടിക്കോപ്പുകൾക്കും ഗ്രനേടുകൾക്കും പുറമെ അത്യാവശ്യ ഭക്ഷണവുമുണ്ടായിരിക്കും. ഇത് സാധാരണ ഗുർചുനയും (ശർക്കരയും ചെറുപയറും ചേർത്തത്) മത്രിയും (എരിവുള്ള ഒരു ഭക്ഷണ പദാർത്ഥം) ആയിരിക്കും. വളരെ കുറഞ്ഞ അളവ് ഭക്ഷണം മാത്രം കഴിക്കുന്നത് കൊണ്ട് മുന്നോ നാലോ ദിവസത്തേക്ക് വിസർജ്ജനം വേണ്ടി വരുന്നില്ല. വെള്ളം മഞ്ഞുരുക്കിയുണ്ടാക്കണം. ഞങ്ങൾ കുന്നിൻ മുകളിലുണ്ടായിരുന്ന ഒരു പലിയ പാറയുടെ മറവിലേക്ക് നീങ്ങി.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വെടി പൊട്ടി. ഞങ്ങൾ വേഗം തറയോട് ചേർന്ന് കിടന്നു. മേജർ വിക്രം സിംഗ് അൽപം മുന്നോട്ടിഴഞ്ഞ് ബൈനോക്കുലേഴ്സെടുത്ത് ചുറ്റുപാടും നോക്കി. അദ്ദേഹം ശത്രുവിനെ കണ്ടില്ലെങ്കിലും വീണ്ടും വന്നു വെടി. അടുത്തുള്ള മറ്റൊരു കുന്നിൽ നിന്നുമാണ് വെടിവരുന്നതെന്നു മനസ്സിലാക്കി ഞങ്ങൾ ആ കുന്നിനെ ലക്ഷ്യമാക്കി വെടി വെക്കാൻ തുടങ്ങി.
ശത്രുവിന്റെ വെടി ശക്തമായിരുന്നിട്ടും മേജർ ഞങ്ങൾക്ക് ധൈര്യം നൽകി വെടിവെച്ചു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ശത്രു പാളയത്തിൽ നിന്നുളള വെടിനിലച്ചു. ഞങ്ങളും വെടിനിർത്തി. അപ്പോൾ ശത്രുത മ്പടിച്ചിരുന്ന കുന്നിൻ മുകളിൽ ഒരനക്കം കണ്ടു. അവിടെ ഒരു ശത്രുഭടൻ പ്രത്യക്ഷപ്പെട്ടു.
" ഇന്ത്യൻ പട്ടികളേ.... ജീവൻ വേണമെങ്കിൽ തിരിച്ചു പോവുക...."
കുന്നിൻ മുകളിൽ നിന്നും വന്ന ശത്രുവിന്റെ ശബ്ദം ഞങ്ങളുടെ കാതിലെത്തി.
" ഞങ്ങൾക്ക് ജീവനെക്കാൾ വലുത് സ്വന്തം രാജ്യത്തിന്റെ മണ്ണാണ്, അത് ഞങ്ങൾ വിട്ടുതരില്ല.... "
ഞങ്ങളുടെ കൂട്ടത്തിലെ ഒരു സൈനികൻ കഴിയാവുന്നയത്ര ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.
" ഇത് നിങ്ങളുടെ മണ്ണാണെന്ന് ആരു പറഞ്ഞു... ജീവൻ വേണമെങ്കിൽ തിരിച്ചു പോവുക... "
വീണ്ടും ശത്രുവിന്റെ ശബ്ദമെത്തി.
"ഞങ്ങളുടെ ജീവന്റെ ഭാഗമായ ഈ മണ്ണിൽ നിങ്ങൾ അതിക്രമിച്ചു കടന്നതാണ്. നിങ്ങളാണ് തിരിച്ചു പോകേണ്ടത്, ഇത് ഞങ്ങൾ വിട്ടുതരില്ല..." - മേജർ വിക്രം സിംഗ് അങ്ങിനെ വിളിച്ച് പറയുകയും ശത്രു വിനു നേരെ വെടിവെക്കുകയും ചെയ്തു. ശത്രു വയർ പൊത്തി തറയിലേക്ക് വീണു.
പിന്നീട് ശത്രു പാളയത്തിൽ നിന്നും തുരുതുരാ വെടി പൊട്ടി. ശത്രു വിന്റെ വലിയൊരു സേനയെ കുന്നിൻ മുകളിൽ കാണായി.
ശത്രു മുകളിലായിരുന്നതിനാൽ അവർക്കായിരുന്നു സൗകര്യം കൂടുതൽ.
അധിക സമയം പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും ഞങ്ങൾ പാറയുടെ മറവിൽ നിന്നും സർവ്വ ധൈര്യവും സംഭരിച്ച് ശത്രുവിനു നേരെ വെടിവെച്ചു കൊണ്ടിരുന്നു. ശത്രു സേനയിലെ പതിനൊന്ന് പേർ വെടിയേറ്റു വീണു. ഞങ്ങളുടെ കൂട്ടത്തിൽ മൂന്ന് പേരും.
രക്ഷയില്ലെന്നു കരുതി ശത്രുവിനെ സൗകര്യത്തിൽ നേരിടാൻ വേണ്ടി ഞങ്ങൾ പാറയുടെ മറവിൽ നിന്നും വെളിയിലേക്ക് വന്നു. മുന്നിൽ മേജർ വിക്രം സിംഗായിരുന്നു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ വലതുകാലിന്റെ മുട്ട് തകർത്തു. പക്ഷേ അദ്ദേഹം തളർന്നില്ല. മുന്നോട്ടു നീങ്ങി ആറ് ശത്രു ഭടൻമാരെ വെടിവെച്ചു വീഴ്ത്തി. അപ്പോഴേക്കും ശരീരത്തിലുടനീളം വെടിയുണ്ടകയറി അദ്ദേഹം വീണു.
"തളരരുത് സർവ്വ ധൈര്യവും സംഭരിച്ച് യുദ്ധം ചെയ്യുക... അന്തിമ വിജയം നമുക്കാണ്..." - അദ്ദേഹം തളരാത്ത ശബ്ദത്തിൽ ഞങ്ങളോട് പറഞ്ഞു.
ഞങ്ങളിൽ ഓരോരുത്തരായി വെടിയേറ്റു വീണു കൊണ്ടിരുന്നു.
എന്റെ ഇടതു കാലിൽ ഒരു വെടിയേറ്റു. അൽപം പോലും വേദന തോന്നിയില്ല. കാൽ മഞ്ഞു പോലെ തണുത്തുറഞ്ഞിരുന്നു. പക്ഷേ എല്ലാ ശക്തിയും ചോർന്ന് പോകുന്നത് പോലെ... ആകെയൊരു തളർച്ച.ഞാൻ തറയിലേക്ക് വീണു. അപ്പോൾ ഞാനൊഴികെ ഞങ്ങളിൽ ആറു പേർ മാത്രമേ ശേഷിച്ചിരുന്നുള്ളൂ.
ശത്രു സേന ഞങ്ങളുടെ തൊട്ടടുത്തെത്തി ഞങ്ങളെ വളഞ്ഞിരുന്നു. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
ഞാൻ ചത്തതുപോലെ തറയിൽ ചേർന്നു കിടന്നു. ശത്രു സേന ആറ് സൈനികരുടെയും നെഞ്ചിൽ തോക്കിൻ കുഴൽ തൊടുവിച്ചു. തോക്ക് താഴെയിടാൻ കൽപ്പിച്ചു. തോക്ക് താഴെയിടുകയല്ലാതെ അവർക്ക് വേറെ നിവൃത്തിയില്ലായിരുന്നു. പിന്നീട് അവരോട് ഡ്രസ്സുകൾ അഴിച്ചു മാറ്റാൻ കൽപിച്ചു.സൈനികർ കൂട്ടാക്കിയില്ല. രക്തം ഉറഞ്ഞു പോകുന്ന ആ തണുപ്പിൽ ശത്രു ഭടൻമാർ ബലം പ്രയോഗിച്ച് സൈനികരെ നഗ്നരാക്കി നിരത്തി നിർത്തിച്ചു.ഓരോ സൈനികന്റെയും കൈകൾ പുറകോട്ട് പിടിച്ചുകെട്ടി. എതിർക്കാൻ ശ്രമിച്ചപ്പോൾ മുഖത്ത് തോക്കിന്റെ പാത്തി കൊണ്ടുള്ള അടി വീണു.സൈനികരുടെ വായിൽ നിന്ന് ചോര തെറിച്ചു.
" ഇത് പോലുള്ള ക്രൂരതകൾ നിങ്ങളല്ലാതെ വേറെയൊരു സൈനികരും ചെയ്യില്ല.... ഇതിന് നിങ്ങൾ അനുഭവിക്കും..."
ഒരു സൈനികൻ പറഞ്ഞു തീരുന്നതിനു മുമ്പെ മുഖത്ത് തോക്കിൻ പാത്തി കൊണ്ടുള്ള അടിവീണു. വായിൽ നിന്നും ചോരയും പല്ലും പുറത്തേക്ക് തെറിച്ചു.
"ഈ ക്രൂരതകൾ, എല്ലാ കരാറുകളുടെയും സംഘനമാണ്.. " - മറ്റൊരു സൈനികൻ വീറോടെ പറഞ്ഞു.ആ സൈനികന്റെ മുഖത്തും അടിവീണു.
"അതേ ടാ പട്ടികളേ... നിങ്ങളുടെ പട്ടാളത്തിനും രാജ്യത്തിനും മുഴുവൻ വേദനിക്കണം. അതിനു വേണ്ടി ഞങ്ങൾ എല്ലാ കരാറുകളും ലംഘിക്കും... "
ശത്രു സേനയുടെ നേതാവെന്നു തോന്നിക്കുന്ന ആൾ പറഞ്ഞു.
പിന്നീട് ശത്രു ഭടൻമാർ ചവണയെടുത്ത് സൈനികരുടെ പിറകിൽ കെട്ടിയ കൈവിരലുകളിൽ നിന്നും നഖം പറിച്ചെടുക്കാൻ തുടങ്ങി. സൈനികർ വേദന കൊണ്ട് പുളഞ്ഞു. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.അൽപം കഴിഞ്ഞ് ഞാൻ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ സൈനികരുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുന്ന കിരാതമായ കാഴ്ചയാണ് കണ്ടത്. സൈനികർ ആർത്ത് കരയുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും കണ്ണുകൾ ഇറുകെ അടച്ചു. കുറച്ച് സമയം കഴിഞ്ഞ് ആറ് വെടിയൊച്ച കേട്ട ഞാൻ കണ്ണുകൾ തുറന്നു. അപ്പോൾ ആറ് സൈനികരും തറയിൽ വീണു കിടക്കുകയായിരുന്നു.
എനിക്ക് വെടിക്കൊണ്ട ഇടതുകാലിൽ ശക്തമായ വേദന അനുഭവപ്പെട്ടു. പെട്ടെന്നെനിക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞാണ് ഉണർന്നത്. അപ്പോൾ അവിടെ മൃതദേഹങ്ങളല്ലാതെ ആരും ഉണ്ടായിരുന്നില്ല.
കുറെ സമയം കൂടി കാതുകൾ കൂർപ്പിച്ച് ഞാൻ ചത്തതുപോലെ കിടന്നു.പിന്നെ സാവധാനം തലപൊക്കി ഇഴയാൻ തുടങ്ങി. വല്ലാത്ത ദാഹം തോന്നി. മഞ്ഞുകട്ടയിൽ ചുണ്ടുകൾ ചേർത്ത് തൊണ്ട നനച്ചു. പാറയുടെ മറവിലെത്തി പാറയോട് ചേർന്നിരുന്നു. ശൂവിന്റെ ലൈസുകൾ അഴിച്ച് കാലിൽ വെടികൊണ്ടഭാഗം വരിഞ്ഞു കെട്ടി. ചുറ്റുപാടും കണ്ണുകളോടിച്ചു. തോക്കുകളെല്ലാം ശത്രുക്കൾ പെറുക്കിക്കൊണ്ടു പോയിരിക്കുന്നു.
ഞാൻ കീശയിൽ നിന്നും ഭാര്യയുടെ ഫോട്ടോ എടുത്ത് അതിലേക്ക് നോക്കി. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. അപ്പോൾ ഒരു തേങ്ങിക്കരച്ചിൽ.ഞാൻ കാതുകൾ കൂർപ്പിച്ചു.കരച്ചിൽ പാറയുടെ അപ്പുറത്തെ സൈഡിൽ നിന്നാണെന്ന് മനസ്സിലായി. ഞാൻ പാറയോടുരഞ്ഞ് സാവധാനം നീങ്ങി അപ്പുറത്തേക്ക് എത്തി നോക്കി.
ഇടത് കൈക്ക് വെടിയേറ്റ ഒരു ശത്രു ഭടൻ പാറയോട് ചാരിയിരുന്ന് വലത് കൈയ്യിൽ ഉയർത്തിപ്പിടിച്ച ഫോട്ടോയിലേക്ക് നോക്കി കരയുന്നു.ഞാൻ ചുറ്റുപാടും സശ്രദ്ധം വീക്ഷിച്ചു. പിന്നീട് സർവ്വശക്തിയും സംഭരിച്ച് ശത്രുഭടന്റെ മുന്നിലേക്ക് ചാടി വീണ് തോക്ക് കൈക്കലാക്കി അവന്റെ നെഞ്ചിനു നേരെ ചൂണ്ടി.
" കൊന്നോളൂ.. സഹോദരാ.... കുറച്ച് സമയം കൂടെ ഞാൻ എന്റ ഭാര്യയെയും മകനേയും കണ്ടോട്ടേ..... "
ശത്രു ഭടൻ ഇരുപ്പിൽ നിന്നും അനങ്ങാതെ പറഞ്ഞു.
"സഹോദരനോ...? ഞാൻ നിങ്ങളുടെ ശത്രുവാണ്. നിങ്ങൾ എന്റയും..."
ഞാൻ പറഞ്ഞു.
"സഹോദരാ... ആരും ആരുടെയും ശത്രു വല്ല. മനുഷ്യർ സഹോദരങ്ങളാണ്... ഈ യുദ്ധം എന്തിനു വേണ്ടി...?"
ശത്രു ഭടൻ എന്റെ മുഖത്തേക്ക് നോക്കി.
"അതിന് ഞങ്ങളല്ല, നിങ്ങളാണ് ഈ യുദ്ധം വരുത്തിവെച്ചത്..."
ഞാൻ ശത്രു ഭടന്റെ നേരെ തോക്ക് ചൂണ്ടിക്കൊണ്ടുതന്നെ അവിടെ നിന്നു .
"സഹോദരാ... ഞാനൊരു രാജ്യസ്നേഹിയാണ് എന്നാൽ അതിനെക്കാളുപരി ഒരു പ്രപഞ്ച സ്നേഹിയും മനുഷ്യ സ്നേഹിയുമാണ്.ഒരു തൊഴിൽ വേണമായിരുന്നതുകൊണ്ടാണ് ഞാൻ പട്ടാളത്തിലെത്തിയത്.രാജ്യസ്നേഹമല്ല എന്നെ ഇവിടെ എത്തിച്ചത് ഈ തൊഴിലിന്റെ സ്വഭാവവും അതിനോടുള്ള ആത്മാർത്ഥതയുമാണ്... ഈ യുദ്ധം രാജ്യത്തിനു വേണ്ടിയോ, ജനങ്ങൾക്കു വേണ്ടിയോ അല്ല. ഗവൺമെന്റ് കൾക്ക് വേണ്ടിയാണ്... അവരുടെ ഏതോ ഗൂഢ താൽപര്യത്തിനു വേണ്ടി. സഹോദരാ.... യുദ്ധം ഒന്നിനും പരിഹാരമല്ല. ഈ യുദ്ധം കാരണം എത്ര ഭാര്യമാർക്ക് ഭർത്താവിനെ, എത്ര കുട്ടികൾക്ക് അച്ഛനെ, എത്ര അമ്മമാർക്ക് മക്കളെ... നഷടപ്പെടുന്നുണ്ടാവും. ഈ യുദ്ധം, അല്ല എല്ലാ യുദ്ധങ്ങളും ഭ്രാന്താണ്.... ഭ്രാന്ത്...."
ശത്രു ഭടൻ സംസാരം നിർത്തി എന്റെ മുഖത്തേക്ക് നോക്കി. ഞാനപ്പോഴും തോക്ക് മാറ്റിയിരുന്നില്ല.
"സഹോദരാ...ഞങ്ങൾ നിങ്ങളുടെ മണ്ണ് കീഴടക്കിയതാണ്... ഞാനിപ്പോഴുള്ളത് നിങ്ങളുടെ മണ്ണിലാണ്... തോൽക്കേണ്ടവർ ഞങ്ങളാണ്, നിങ്ങൾ ജയിക്കേണ്ടവരും.... എന്നെ കൊന്നോളൂ... ഇത് യുദ്ധമാണ്...."
ശത്രു ഭടൻ കൈയ്യിലുണ്ടായിരുന്ന ഫോട്ടോ പോക്കറ്റിലേക്കിട്ട് കണ്ണുകൾ അടച്ചു.
ഞാൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ഒരു വലിയ ആരവം കേട്ടു .ഞാൻ ചുറ്റുപാടും നോക്കി. ഒരു വലിയ ശത്രു സേന ഞങ്ങൾ നിൽക്കുന്ന കുന്നിനെ ലക്ഷ്യമാക്കി മുന്നോട്ട് വരുന്നു.പെട്ടെന്നെനിക്ക് വല്ലാത്ത ധൈര്യവും ശക്തിയും തോന്നി. വെടിയേറ്റ കാലിന് അൽപം പോലും വേദന തോന്നുന്നില്ല.
"സഹോദരങ്ങളേ തിരിച്ചു പോകൂ.... നമുക്ക് യുദ്ധം വേണ്ട.... തിരിച്ചു പോകൂ....
യുദ്ധം ഒന്നിനും പരിഹാരമല്ല.... നമുക്ക് വേണ്ടത് സമാധാനമാണ്.... സമാധാനം.... തിരിച്ച് പോകൂ..... "
ഞാൻ തോക്ക് താഴെയിട്ട് ശത്രു സേനയുടെ മുന്നിലേക്ക് കുതിച്ച്, തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. പിറകെ ആ സഹോദരനും.
അപ്പോൾ ഒരു പാട് വെടിയുണ്ടകൾ ഞങ്ങളുടെ നേരെ ചീറി വരുന്നുണ്ടായിരുന്നു.
""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക