സമയം നാലാകുന്നതെയുള്ളൂ വെളിച്ചം നന്നേ മങ്ങിയിരിയ്ക്കുന്നു പോകുന്നില്ലന്നു ഒരുപാട് പറഞ്ഞതാ അമ്മ കേൾക്കണ്ടേ ഒരുദിവസം പോയില്ലന്നു വച്ച് ഒരു കൊല്ലം പോവോന്നുമില്ലല്ലോ. ദൂരേ കുന്നിൻ ചെരിവു ലക്ഷ്യമാക്കി കാലുകൾ വലിച്ചുനീട്ടിയവൻ നടന്നു. മഴ കനക്കുകയാണ് ഒപ്പം നെഞ്ചിലൊരു നീറ്റലും അനുഭവപ്പെട്ടു.
ചരലും മണ്ണും കുത്തിയൊലിച്ചു ഒഴുകുകയാണ് കാലുകൾ പറിച്ചെടുക്കാൻ പറ്റണില്ല പതിവില്ലാത്തൊരു ശക്തി മഴയ്ക്ക് ആരോടോ വാശി തീർക്കണ പോലെ.
നാലുകൊല്ലമായി ഉരുൾ പൊട്ടുമെന്ന് മുന്നറിപ്പ് തന്നിട്ട് , ഭൂരിഭാഗവും കുന്നിൻ ചെരിവ് ഒഴിഞ്ഞു, പോകാത്തത് വേറൊരു ഇടമില്ലാത്തതു കൊണ്ടാണ്. മോൻ വേഗം വരണേ ഇടയ്ക്ക് അമ്മയുടെ വാക്കുകൾ കാതുകൾക്കരികെ മുഴങ്ങി കേൾക്കുന്നു.
അടുത്തൊന്നും വേറെ വീടുകളില്ല
ഹൃദയമിടിപ്പിന്റെ വേഗതയേറി ഒപ്പം മഴയുടെ ശക്തിയും. വളർന്നു മുറ്റിയ റബർ മരങ്ങൾ കാരണം അധികദൂരം കണ്ണെത്തുന്നില്ല എങ്ങിനെയെങ്കിലും ഈ റബ്ബർ തോട്ടമൊന്നു കഴിഞ്ഞാൽ കുന്നിൻ ചെരുവിൽ വീടുകാണം. കാലുകൾ ചിറകുകളാക്കി പറക്കണമെന്നുണ്ട് പക്ഷേ ഈ നശിച്ച കുത്തൊഴുക്ക് ഒന്നിനുമാവണില്ല. ഒടുവിൽ അവസാന റബ്ബർ മരത്തെയും പിന്നിലാക്കി ദൂരേയ്ക്ക് നോക്കി, കണ്ണുകൾ ചിമ്മിത്തുറന്നു വീട് കാണുന്നില്ല.
പതിവില്ലാതെ കുറച്ചാളുകൾ കുതിച്ചോടി, വീണു പലവട്ടം മുട്ടുകൾ പൊട്ടി ഒന്നും അറിയുന്നുണ്ടായിരുന്നില്ല ഒടുവിൽ ഒരു വലിയ തിട്ടിനുമുകളിൽ എത്തിനിന്നു. വീടുനിന്ന നിരപ്പുപോലും കാണുന്നില്ല കുറെ പാറകഷ്ണങ്ങളും മണ്ണുകുത്തിയൊലിച്ച വലിയൊരു ചാലും കാൽമുട്ടുകൾ മടക്കി മണ്ണിൽ നെറ്റിത്തടം ചേർത്തിരുന്നു. കണ്ണിൽ ഇരുട്ടു വന്നു നിറഞ്ഞു മണിക്കൂറുകൾ തള്ളി നീക്കിയ സിനിമയും ആളൊഴിഞ്ഞ ബസ് സ്റ്റോപ്പും ഉള്ളിലെവിടയോ മിന്നിമറഞ്ഞു ഒപ്പം പേടി കൂട് കൂട്ടിയ അമ്മയുടെ കണ്ണുകളും. പതിഞ്ഞ ആ സ്വരം കാതുകൾക്കരികെ ചുറ്റിത്തിരിഞ്ഞു "വേഗം വരണേ "....
സനു. മാവടി.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക