അത്തംനാളില്‍ മുറ്റം നന്നായ് ചാണകം മെഴുകി ശുദ്ധി -
വരുത്തി , സുമങ്ങളാലെയലങ്കരിക്കും.
പൂത്തുമ്പയും തെച്ചി, മന്ദാരം, ചെമ്പരത്തിപ്പൂക്കളും
കാശിത്തുമ്പ , കൊങ്ങിണിപ്പൂ ,മുക്കുറ്റിയുമായ്
മറ്റും പലവിധം പൂക്കള്‍ ചേര്‍ത്തു ഭംഗിയാലെ നല്ല
പൂക്കളംതീര്‍ക്കുന്നവിടെയോണം വരേയും
പാതാളത്തില്‍നിന്നുവരും മാവേലിയെ മണ്ണാല്‍ത്തന്നെ
ചന്തത്തിലുണ്ടാക്കിയലങ്കരിച്ചുവയ്ക്കും.
അരിമാവാല്‍ വാഴിച്ചിട്ടുകൃഷ്ണകിരീടവും ചാര്‍ത്തീ -
യലങ്കരിക്കുന്നു തൃത്താവാദി പൂക്കളാല്‍ .
സ്വര്‍ണ്ണവര്‍ണ്ണമോലും നേന്ത്രന്‍ തന്നെയോണത്തിന്നു മുഖ്യന്‍
പഴം നുറുക്കുപ്പേരി ,ശര്‍ക്കരയുപ്പേരി
കാളനെരിശ്ശേരിയതും നേന്ത്രന്‍ തന്നെ നയിക്കേണം .
സാമ്പാറോലനവിയലുമുണ്ടാക്കീടേണം .
മാനുഷരെയൊന്നുപോലെ കണ്ടു സത്ഭരണം കൊണ്ടു
ഭൂവില്‍ സ്വര്‍ഗ്ഗം തീര്‍ത്ത രാജാ മഹാബലിയെ
സ്ഥാനമോഹിയാകുമിന്ദ്രന്‍ ഭയംകൊണ്ടു ചതിയാലെ
പാതാളത്തിലേക്കയച്ചതറിവൂ നമ്മള്‍.
വാമനവേഷം പൂണ്ടന്നു മഹാവിഷ്ണു , പാദസ്പര്‍ശം
കൊണ്ടു മോക്ഷം നല്കിയന്നാ ചക്രവര്‍ത്തിയെ
ഭൂമിയില്‍ വരുന്നതിന്നും പ്രജകളെ കാണ്മതിന്നു -
മനുവദിച്ചൊരാ വേളയല്ലോ പൊന്നോണം .
വിളവെടുപ്പിന്നുത്സവം , സമത്വത്തിന്‍റെയാഘോഷ -
മെന്നിങ്ങനെയോണത്തിനു മേന്മകളേറെ .
പണ്ഡിതനും പാമരനും ദരിദ്രനും സമ്പന്നനും
കോടിവസ്ത്രവും സദ്യയുമായാഘോഷിപ്പൂ..
മലയാളിമങ്കകള്‍തന്‍ കൈക്കൊട്ടിക്കളിയും പിന്നെ
നതോന്നതയ്ക്കൊത്തുള്ളൊരു വള്ളംകളിയും .
മലയാളിതന്നാഘോഷം പൊന്നോണമതെന്നും ഭൂവില്‍
മലയാളത്തനിമയാല്‍ സമ്പന്നമല്ലോ .
=======കൃഷ്ണരാജ ശര്‍മ്മ========

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക