Slider

ഒരു പഴയ മഴയനുഭവം

0

ഉമ്മറക്കോലായിലെ ഫൈബർ കസേരയിൽ, മറ്റൊന്നും ശ്രദ്ധിക്കാതെ പുറത്ത് തകൃതിയായി പെയ്യുന്ന മഴയിലേക്ക് ഉറ്റുനോക്കി ഒരേ ഒരിരുപ്പ് തുടങ്ങിയിട്ട് സമയമെത്രയായെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. ആ ഇരുപ്പിൽ എനിക്ക് നല്ല രസം തോന്നി. അപ്പോൾ,
മുറ്റത്തെ പുഴയിൽ കടലാസുതോണി ഇറക്കിയതും സ്കൂൾ വിട്ട് മഴ നനഞ്ഞ് വരുന്നതും പനിപിടിച്ച് കിടക്കുന്നതും കൂട്ടുകാരോടൊത്ത്, നിറഞ്ഞ തോട്ടിൽ ചാടിത്തിമിർക്കുന്നതും രാത്രി കാലങ്ങളിൽ ടോർച്ചും രാകിയ വാളുമായ് വയലിൽ മീൻ വെട്ടിപ്പിടിക്കാൻ പോകുന്നതും... അങ്ങിനെ ഒരു പാട് മഴക്കാല ഓർമ്മകൾ എന്റെ മനസ്സിലേക്ക് കടന്നു വന്നു.
അങ്ങിനെയിരിക്കെ വല്ലപ്പോഴും കവിതകൾ എന്നുപറഞ്ഞ് വല്ലതും കുത്തിക്കുറിക്കുന്ന എനിക്ക് എന്തെങ്കിലും എഴുതണമെന്ന് തോന്നി.
"സജ്നാ... ആ പെന്നും ഡയറിയും ഒന്നിങ്ങോട്ടെടുക്ക്..."
ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
"എന്താ ഇരുന്നിരുന്ന് കവിത വന്നോ...? നിങ്ങൾക്ക് എന്തിന്റെ സൂക്കേടാ മനുഷ്യാ... കവിതയും എഴുതി കുത്തിരിഞ്ഞാൽ കുട്ടികള് ഉച്ചക്ക് വരുമ്പോൾ ചോറ് കൊടുക്കാൻ കഴിയോ..? ദേ.. ഇന്നലെ വൈകുന്നേരം തൊട്ട് ഞാൻ പറയുന്നതാ... ഇവിടെ ഒറ്റമണി അരിയും ഇല്ല.. നിങ്ങള് പണിയില്ല പൈസയില്ല എന്നൊക്കെ പറഞ്ഞ് കുത്തിരിഞ്ഞാൽ കുട്ടികള് ഇതാ ഇപ്പം ഇങ്ങെത്തും.. ആ നാരാണേട്ടന്റെ കടയില് പോയി നോക്കി തരാതിരിക്കൂല...."
ആവശ്യങ്ങളും കുറ്റപ്പെടുത്തലുകളുമായി അവൾ ഉമ്മറക്കോലായിലേക്ക് വന്നു.
മഴ നിർത്താതെ പെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചെട്ട് ദിവസമായി. എനിക്ക് പണി ഇല്ലാതായിട്ടും .മഴ ഒന്ന് കുറഞ്ഞിരുന്നുവെങ്കിൽ പണി ഉണ്ടാകുമായിരുന്നു. ജീവിതത്തിൽ ഇന്നേ വരെ ഏതെങ്കിലും കടയിൽ നിന്നും എന്തെങ്കിലും സാധനങ്ങളോ ആരോടെങ്കിലും പണമോ കടമായിട്ട് വാങ്ങിയിട്ടില്ല. എന്തോ കടം വാങ്ങാൻ എന്തെന്നില്ലാത്ത ഭയമാണ്. എങ്ങിനെയാണ് കടം ചോദിക്കുക എന്ന് പോലും എനിക്കറിയില്ല. ജീവിതത്തിൽ ഇന്നേവരെ ഒരു പണവുമില്ലാതെ കുടുങ്ങിപ്പോയിട്ടുമില്ല.
മഴക്കാലം തുടങ്ങിയതും വീട്ടിൽ എല്ലാവർക്കും ഒരുമിച്ച് പനിയും ഛർദിയും തുടങ്ങിയതാണ് ഞാൻ സൊരുക്കൂട്ടി വെച്ചിരുന്ന ചെറിയ ഒരു തുക അപ്പാടെ തീർന്ന് പോയത്. അല്ലെങ്കിൽ നാലോ അഞ്ചോ ദിവസം കൂടി മഴ നിർത്താതെ പെയ്തിരുന്നുവെങ്കിലും ഇങ്ങനെ കുടുങ്ങില്ലായിരുന്നു.
അവൾ പറഞ്ഞത് എല്ലാം കേട്ടിട്ടും മിണ്ടാതെ അനങ്ങാതെ ഇരുന്ന എന്റെ കൈയ്യിലേക്ക് പെന്നും ഡയറിയും വെച്ച് അവൾ പറഞ്ഞു:
"ഇതാ... എഴുത്... കവിതയല്ല... ഞാൻ പറയുന്നത്.. അരി, പഞ്ചസാര, വെളിച്ചെണ്ണ, ഛായപ്പൊടി....... എന്നിട്ട് നാരാണേട്ടന്റെ പീടികയിൽ പോയി വാങ്ങി വരി... മഴ ഇന്നോ നാളെയോ അങ്ങ് കുറയും എന്നിട്ട് പണിക്ക് പോയാൽ കൊടുക്കാലോ... ഒരു കുറവും വിചാരിക്കണ്ട .നമ്മൾ ഇത് വരെ ആർക്കും ഒന്നും കൊടുക്കാനില്ലല്ലോ... അത്കൊണ്ട് പീടികയിൽ നിന്ന് കിട്ടുകയും ചെയ്യും.... വന്നിട്ട് നിങ്ങൾക്ക് കവിതേം എഴുതാ.. എന്താ.... "
"നശിച്ച മഴ...."
"പടച്ച റഹ് മാനായ തമ്പുരാനേ... ഞാനിത് എന്താ കേൾക്കുന്നത്.. മഴയെ ഇത്രയും ജീവനായിരുന്ന നിങ്ങള് തന്നാണോ ഈ പറഞ്ഞത്...? നിങ്ങൾക്കോർമ്മയില്ലേ മഴ തുടങ്ങുന്നതിനു മുമ്പ് വെള്ളം ചുമന്ന് തളർന്ന് ,വറ്റിയ കിണറുമായി നമ്മള് ഒരു മഴക്കുവേണ്ടി കാത്തിരുന്നത്.... ന്നിട്ട്.... നശിച്ച മഴാന്നോ...? "
"ഞാനതിന് ഉള്ളറിഞ്ഞ് ശപിച്ചതൊന്നുമല്ല സജ്നാ... നീയിത്ര ബേജാറാവാൻ... കടം വാങ്ങാൻ പോകാനുള്ള മടി കൊണ്ട് പറഞ്ഞു പോയതല്ലേ... ഏതായാലും കടം വാങ്ങുക തന്നെ അല്ലാതെന്ത് ചെയ്യും..."
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു.
"""""'"""'''''''""''""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo