Slider

അതിഥി

0

ഇത്തവണ ഓണത്തിനു മുൻപേ തറവാട്ടിലേക്കൊരു അതിഥിയെത്തി .അവിചാരിതമായിരുന്നു അയാളുടെ വരവ് . അതുകൊണ്ടുതന്നെ എങ്ങനെ വരവേല്ക്കണമെന്നറിയാതെ ഞാനൊന്നു പകച്ചു . തറവാട്ടിലെ പ്രധാന ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഏഴ് സഹോദരീസഹോദരന്മാരും അവരുടെ മക്കളുമെല്ലാം ഏതെങ്കിലുമൊരു വീട്ടിൽ ഒത്തുചേരുകയാണു പതിവ് . പ്രധാന പരിപാടികളാണെങ്കിൽ നാട്ടിലും വിദേശത്തുമുള്ള
എല്ലാവരുമുണ്ടാവും . താരതമ്യേന പ്രാധാന്യം കുറഞ്ഞ സ്ഥിരമായുള്ള ആചാരാനുഷ്ഠാനങ്ങളാണെങ്കിൽ നാട്ടിലുള്ള അഞ്ചുപേരും കുടുംബാംഗങ്ങളുമേ ഉണ്ടാകാറുള്ളൂ .
എന്നാൽ പതിവിനു വിപരീതമായി എല്ലാവരേയും ഈ ഓണക്കാലത്ത് ഒരുമിച്ചെത്തിച്ചേ അടങ്ങൂ എന്ന നിർബ്ബന്ധവുമായാണ് നമ്മുടെ അതിഥിയെത്തിയത് .
അങ്ങനെ വല്യേട്ടന്റെ വീട്ടിലെല്ലാവരും ഒത്തുകൂടാനാജ്ഞയുമായി അയാൾ അവിടെക്കൂടി .
തറവാട്ടിലെ അഞ്ചാമത്തെ മരുമകളായെത്തിയ എനിക്കാകട്ടെ പരമ്പരാഗത സുറിയാനി യാക്കോബായ കുടുംബത്തിലെ പല ആചാരരീതികളും പുതുമ നിറഞ്ഞതുമായിരുന്നു . മരണാനന്തരച്ചടങ്ങുകളായ ,നാല്പത് , അനീദാ, ആണ്ട് ,തുടങ്ങിയവയും ഊട്ട് ,നേർച്ച, നോമ്പ് ,പെരുന്നാൾ ,മദ്ധ്യസ്ഥപ്രാർത്ഥന തുടങ്ങിയ കാര്യങ്ങളും ക്രമേണ എന്റെയും ജീവിതത്തിന്റെ ഭാഗമായി . ആദ്യമൊക്കെ ഒട്ടൊരത്ഭുതത്തോടെ ആൾക്കൂട്ടത്തിനിടയിൽ ഞാനും ഒഴുകിനടക്കാറായിരുന്നു പതിവ് . വല്യേട്ടത്തിക്കാകട്ടെ എന്റെ കാര്യത്തിൽപ്രത്യേക കരുതൽ എന്നുമുണ്ടായിരുന്നു . എന്നാൽ അയാളാകട്ടെ ഇത്തവണ വല്യേട്ടത്തിയെ ഒന്നു ചുറ്റിച്ചേ അടങ്ങൂ എന്ന തീരുമാനത്തിലും .
ഇടയ്ക്കു പറയട്ടെ അയാളെ ഞാനാദ്യം പരിചയപ്പെടുന്നത് വെറും പതിമൂന്നു വയസ്സുകാരിയായ ഒരു പെൺകുട്ടിയായിരുന്നപ്പോളാണ് . അതും ഒരു ക്രിസ്മസ്ക്കാലത്തിനു മുന്നോടിയായി . അന്നൊരു തണുത്ത വെളുപ്പാൻകാലത്ത് അയാളെന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു . 
അയാളുടെ മുന്നിൽ പകച്ചുനിന്നിരുന്ന ആ പാവം പെൺകുട്ടിയെ നിഷ്കരുണം ഒറ്റയ്ക്കാക്കി തന്റെ പ്രിയപ്പെട്ട അമ്മയെ അന്നയാൾ തട്ടിക്കൊണ്ടു പോയി .അന്നു മുതൽ അയാൾ അവളുടെ ശത്രുവായി ..തണുത്തുറഞ്ഞ ഐസിന്റെ ഭാവവും രൂപവുമായിരുന്നു അന്നയാൾക്ക് . അയാളെ ആദ്യം കണ്ടതും സ്പർശിച്ചതും അവളായിരുന്നു . ഉറങ്ങിക്കിടന്നിരുന്ന തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയ ഭീകരനെ . പിന്നീടും ഇടയ്ക്കിടെ അയാൾ എത്തിനോക്കി അവളെ കരയിപ്പിച്ചു മടങ്ങി . 20 വർഷങ്ങൾക്കു ശേഷം ഒരുനാൾ വീണ്ടും ഒരിടിത്തീരൂപത്തിലാണയാളെത്തിയത്.പിന്നെയും ചിലപ്പോളൊക്കെയെത്തി അയാൾ .
അയാളെ കാണുന്നതും എത്ര ഒളിച്ചിരുന്നാലും ഫലം വൃഥാ . കരയിപ്പിച്ചേ അടങ്ങൂ . മാത്രമല്ല ഒരു നിഴൽ പോലെ അയാളെന്നെ പിന്തുടരുന്നെന്ന തോന്നലിപ്പോൾ ശക്തി പ്രാപിച്ചിരിക്കുന്നു .
ഇക്കൊല്ലത്തെ ഓണം തങ്ങളിൽനിന്നും തട്ടിപ്പറിച്ചെടുത്ത അയാൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി വീണ്ടും വരുന്നതും ഒരുപക്ഷേ അതിവിദൂരമല്ലായിരിക്കാം .
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo