Slider

അപരാധി

0

സ്പീഡിൽ വന്ന കാർ പാർക്കിങ് ഏരിയയിലേക്കു കയറ്റി പാർക്ക് ചെയ്തു ശ്യാമള
പുറത്തിറങ്ങി..പിന്നെ ചടപടാന്നു ഹീലിന്റെ ശബ്ദം ഉണ്ടാക്കി ലിഫ്റ്റിനടുത്തേക്കു നടന്നു..ഇതാണ് നമ്മുടെ ദുഃഖിക്കുന്ന നായിക .ദുഃഖം എന്താണെന്നു വഴിയേ അറിയാം..12വർഷമായി ശ്യാമളയും ഭർത്താവു രാജീവും ദുബായിൽ സെറ്റിൽഡ് ആണ്.ദുബായിലെ തിരക്കുള്ളൊരു ബിസിനസ് മാൻ ആണ് രാജീവ്..ഒരു ദുബായ് പ്രോഡക്റ്റ് ..വിവാഹം കഴിഞ്ഞു ഭാര്യയെയും ഇങ്ങോട്ടു കൊണ്ടുവരികയാണ് ചെയ്തത്..എല്ലാവിധ ന്യൂ ജനറേഷൻ പൊങ്ങച്ചങ്ങളുമടങ്ങിയ ഫാമിലി .
രാജീവ് ഇവിടുത്തെ മലയാളി അസോസിയേഷന്റെ പ്രെസിഡന്റുമാണ് ..
ലിഫ്റ്റിൽ നിന്നിറങ്ങിയ ശ്യാമള തൻറെ ദുഖങ്ങളും ആലോചിച്ചു ഫ്ലാറ്റിലേക്ക് നടന്നു.എങ്ങനെ എങ്കിലും മകനെ മലയാളം പഠിപ്പിക്കണം അതാണിപ്പോൾ ലക്‌ഷ്യം ..
ഇന്നലെ വരെ സകല പാർട്ടികളിലും ഇംഗ്ലീഷ് പറയുന്നോർക്കേ വിലയുണ്ടായിരുന്നുള്ളു..
അതുകൊണ്ടു തന്നെ ചെക്കനെ കൊണ്ട് ഒരക്ഷരം മലയാളം പറയിച്ചിട്ടില്ല..കാര്യം താനൊരു നാട്ടിൻപുറത്തുകാരി ആണെങ്കിലും അതാരും അറിയുന്നത് തനിക്കു ഇഷ്ടമല്ല ..ഇവിടുള്ള പൊങ്ങച്ച കൊച്ചമ്മമാരുടെ കൂടെ പിടിച്ചു നിൽകാൻ വേണ്ടി ആണ്..മുട്ടറ്റം കിടന്ന മുടി എലി
കരണ്ടത് പോലെ മുറിച്ചിട്ടത്..പിന്നെ പട്ടിണി കിടന്നു തടി മെലിഞ്ഞത്..ടൈറ്റ് ജീൻസും ടോപ്പും ഹീലുള്ള ചെരിപ്പുമൊക്കെ ആയതോടെ താനും ഒരു ന്യൂ ജനറേഷൻ കൊച്ചമ്മ ആയി..
സ്പോക്കൺ ഇംഗ്ലീഷിന് പോയി ഇംഗ്ലീഷ് ഇത്തിരി വശമായതിൽ പിന്നെ..മലയാളം സംസാരിച്ചിട്ടേ ഇല്ല..ഈ ഒണക്ക പേരിനു കുറച്ചു ഗമ കുറവായോണ്ട് "ശ്യാമ" എന്നേ എല്ലാരോടും പരിചയപെടുത്താറുള്ളു..ഇതുവരെ ക്ലബിൽ പോകുമ്പോൾ ഉണ്ടായിരുന്ന ഒരേയൊരു ദുഃഖം
പരസ്യമായി ശ്യാമളെന്നു വിളിക്കുന്ന 12ബി യിലെ സൗമ്യ ആയിരുന്നു..അതിനു പകരായിട്ടു ..ഒന്ന് വീതം മൂന്ന് നേരം" കണ്ണിനടിയിലെ കറുപ്പു കുടിവരുന്നുണ്ടല്ലോ സൗമ്യേ.."എന്ന് പറഞ്ഞു സമാധാനിച്ചോണ്ടിരുന്നതാ..അപ്പോളല്ലേ അടുത്ത പണി ..
മലയാളം ശ്രേഷ്ടമാണെന്നു ന്യൂസ് കണ്ടപ്പോ മാത്രം അറിഞ്ഞ തന്റെ കെട്യോനടക്കമുള്ള ക്ലബിലെ അംഗങ്ങൾ അടുത്ത തലമുറയെ സംസ്കാരം വളർത്താൻ കച്ചകെട്ടി നിൽപ്പാണ്.
ഓണാഘോഷങ്ങൾക്ക് മൊത്തം കുട്ടികളും മലയാളം മാത്രമേ സംസാരിക്കാവൂ എന്നാണ് തീരുമാനം..അതിനു മുന്നോടിയായിട്ടു അമ്മമാർക്ക് ബോധവത്കരണ ക്ലാസ് ആണ് മൂന്നാഴ്ചയായിട്ടു ..ഓരോ ആഴ്ചയും ഓരോ വിഷയം..അല്ലെങ്കിൽ തന്നെ ക്ലാസും..സ്പോർട്സ് പ്രാക്റ്റീസും..സ്വിമ്മിങ് ക്ലാസും..യോഗ ക്ലാസും കഴിഞ്ഞു ചെക്കൻ വീടടങ്ങുമ്പോ രാത്രി ആവും..ഇതിനിടെ ട്യൂഷനും..ഇനീപ്പോ അടുത്തതിനെവിടെ സമയം..?
ഓരോന്നാലോചിച്ചു ശ്യാമള ഫ്ലാറ്റിലേക്ക് കയറി.ബെഡ്‌റൂമിൽ മകൻ വല്യ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്..സൗമ്യയുടെ പിള്ളേരായിരിക്കും..ഇന്ന് സെർവന്റ് വരില്ലെന്നു വിളി വന്നപ്പോളേ തോന്നി..മൂന്നും ഇന്ന് സ്വിമ്മിങ് ക്ലാസിനു പോയിട്ടുണ്ടാവില്ലെന്നു..ഹ്മ്മ്,..പോട്ടെ. ഒരുകണക്കിന് പറഞ്ഞാ നന്നായി..ഇന്നത്തെ ക്‌ളാസ് ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിക്കാനായിരുന്നു..അതൊന്ന് തുടങ്ങിവെക്കാം..അവൾ സോഫയിൽ ഇരുന്നു
മകന്റെ സംസാരം ശ്രദ്ധിച്ചു..ഓ ..കഴിഞ്ഞ ആഴ്ച മുതൽ പുരാണങ്ങൾ പഠിപ്പിക്കുന്നുണ്ട്..സംസ്കാരത്തിന് ആദ്യം അതാണത്രേ വേണ്ടത്..അതിനെ പറ്റിയാണ് കുട്ടി ചങ്ങാതിമാരോട് വിസ്തരിക്കുന്നതു..അഭിമാനത്തോടെ ശ്യാമള സോഫയിൽ ചാരിയിരുന്നു ശ്രദ്ധിച്ചു...
ദൈവമേ...അകത്തു കുന്തിയുടെ മകനായ ശ്രീരാമൻ വില്ലൊടിച്ചു പാഞ്ചാലിയെ വിവാഹം ചെയ്യുന്ന രംഗം ആണ് വർണിക്കുന്നതു..ഈശ്വരാ
എല്ലാം കൂടെ ഒന്നിച്ചു തള്ളിയപ്പോ ചെക്കനത് കുഴച്ചടിച്ചുന്നു തോന്നുന്നു..ശ്യാമള വേഗം അകത്തേക്കു ചെന്ന് നോക്കി..രണ്ടുപേർ അവന്റെ സ്റ്റഡി ടേബിളിനടുത്തുള്ള കസേരയിൽ ഇരിപ്പുണ്ട്..ബെഡിൽ ഇരുന്നാണ് മൂപ്പരുടെ മഹാകാവ്യ വർണന ..കേൾക്കുന്നതിൽ ചിഞ്ചു അവനെക്കാൾ മൂത്തതാണ്..അവളും തിരുത്തണ്ട ഭാവമില്ല..ഏകപത്‌നി വ്രതക്കാരനായ ശ്രീരാമ സ്വാമിയുടെ തലയിൽ നിർദാക്ഷിണ്യം പാഞ്ചാലിയെ കെട്ടിവച്ചു കൊടുത്തു ..ബാക്കി തുടരുകയാണവൻ..ദോഷം പറയരുതല്ലോ ഇതെങ്ങാനും കേട്ടാൽ സാക്ഷാൽ കുന്തീ മാതാവ് പോലും ഒന്ന് സംശയിക്കും..കർണന് മുന്നേ ഉണ്ടായ ജാരസന്തതി ആണോ ശ്രീരാമൻ എന്ന്..
അമ്മാതിരി തള്ളാണ് ചെക്കൻ തള്ളുന്നത്..
ശ്രീരാമ സ്വാമി പാഞ്ചാലിയേം കൊണ്ട് പോകും മുന്നേ ചാടിപിടിക്കാൻ മുന്നോട്ടു വന്നതാണ് ശ്യാമള .അപ്പോളാണവൾക്കു അന്നത്തെ ക്‌ളാസ് ഓർമ വന്നത്..കുട്ടികളോട് ക്ഷമയും സ്നേഹത്തിലൂടെയുള്ള ഉപദേശവും ആണ് വേണ്ടതെന്നാണ് ഇന്നത്തെ പഠനം..
ഹാളിലെ സോഫയിൽ തന്നെ പോയിരുന്നു ശ്യാമള ..അല്ലേലും ചെക്കൻ തന്റേതാണെന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല..വിളഞ്ഞ വിത്താണ്..ഇന്നലെ ഡാഡിയും മോനും കളിക്കുമ്പോൾ അടുത്തുചെന്നു..മുഖപുസ്തകത്തിൽ താൻ എഴുതിയ കഥക്കു കിട്ടിയ ലൈക് കാണിച്ചൊന്നു ആളാവാൻ പോയതാണ്..ചെക്കൻ ഒന്ന് നോക്കീട്ടൊരു ഡയലോഗാണ്.."ഡാഡി.. രാജമൗലിക്കു മലയാളം അറിയാഞ്ഞതു ഭാഗ്യം ..അല്ലേലിപ്പോ ചെക്കും കൊണ്ട് വന്നേനെ..മമ്മയേം കൊണ്ട് ബാഹുബലി 3 എഴുതിപ്പിക്കാൻ ",,,എന്ന്..അങ്ങേരുടെ ചിരി ഇന്നും നിന്നിട്ടില്ല തന്നെ കാണുമ്പോ.
അതുകൊണ്ടു പതുക്കെ മതി..ക്‌ളാസിൽ പറഞ്ഞതുപോലെ ക്ഷമയോടെ കയ്കാര്യം ചെയ്തേക്കാം..പുറത്തെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ വേണം സംസാരിക്കാൻ എന്നാണ് പറഞ്ഞിരിക്കുന്നത്..ആ റിസ്കെടുക്കാനുള്ള തൊലിക്കട്ടി ഇനി തനിക്കില്ല.
കഴിഞ്ഞ ആഴ്ച്ച നടത്തിയ പഴഞ്ചോല്ലു മത്സരത്തിൽ പങ്കെടുപ്പിക്കാൻ വേണ്ടി രാപ്പകൽ
ഇല്ലാതെ പരിശീലിപ്പിച്ചതാണ് ..പോകാനിറങ്ങും
വഴി ലിഫ്റ്റിൽ വച്ച് ഒന്നുടെ പറഞ്ഞു നോക്കാൻ പറഞ്ഞതെ ഓർക്കുന്നുള്ളു..വളരെ പേരുകേട്ട ഒന്നാണ് ആദ്യായി പറഞ്ഞത്..പാതി ശരി ..ബാക്കി പാതിയിലെ രണ്ടക്ഷരം ചെറുതായങ്ങു മാറി..പച്ചത്തെറി ആണ് വന്നത് പുറത്തേക്കു..
ശരിക്കു മലയാളം അറിയാത്തോണ്ട് കുട്ടിക്ക് ഒന്നും പിടികിട്ടിയില്ല..വീണ്ടും ചൊല്ലും മുന്നേ ചാടി അവന്റെ വായ്പൊത്തി..ലിഫ്റ്റിൽ ആരെലും മലയാളികൾ ഉണ്ടോന്നു നോക്കി..ഹോ..അത് ലിഫ്റ്റ് ആയതുകൊണ്ട് മാത്രം താൻ പുറത്തേക്കു ചാടിയില്ല..ചിരിച്ചോണ്ട് നില്കുന്നു നെക്സ്റ്റ് ഫ്ലോറിലെ ഷാജി ചേട്ടൻ..അങ്ങേരെയും കുറ്റം പറയാൻ പറ്റുല്ലലോ..നാട്ടിലെ കള്ളുഷാപ്പിൽ പോലും കേട്ടിട്ടുണ്ടാവില്ല ഇത്രേം നല്ല പച്ചത്തെറി.
അതിനു ശേഷം ഇന്നുവരെ അയാളുടെ മുന്നിൽ പെടാതെ ശ്രദ്ധിച്ചാണ് നടപ്പു..ഇനിയും വയ്യ റിസ്കെടുക്കാൻ..അകത്തു ശ്രീരാമൻ ഹിഡുംബിയെയും കൊന്നു വനവാസം ധീരമായി മുന്നേറുകയാണ്..ഇനിയും ഇവനെ വളരാൻ
അനുവദിച്ചുടാ..ശ്യാമള പതുക്കെ സ്നേഹത്തിൽ ചാലിച്ചു വിളിച്ചു..റിക്കി ഇങ്ങു വന്നേ..10വയസുകാരന് ചേരാത്ത ഗൗരവത്തോടെ കണ്ണട നേരെ വച്ച് അവൻ കേറി വന്നു..ശരി
സ്നേഹത്തോടെ തന്നെ തുടങ്ങിക്കളയാം..
"മോനു സ്‌കൂളിൽ എന്തൊക്കെയാ ഇന്നത്തെ വിശേഷം "?ഉടൻ വന്നു മറുപടി ,.നത്തിങ് മമ്മ.
ആസ് യൂഷ്വൽ.."മലയാളം പറ മോനെ...ചെക്കൻ ഒന്നാലോചിച്ചു.."എന്റെ ടിഫ്ഫിൻ ബോക്സ് തുറന്നു,, എന്റെ പെർമിഷൻ ഇല്ലാതെ എന്റെ സ്നാക്ക്സ് കഴിച്ച സാരംഗിനെ ഞാൻ റാസ്കൽ എന്ന് വിളിച്ചു മമ്മ.."ശ്യാമളയുടെ തലയിൽ ലഡ്ഡു പൊട്ടി ..ഉപദേശിക്കാൻ പറ്റിയ വിഷയം..അവൾ മകന്റെ തലയിൽ തലോടിക്കൊണ്ട്..."അവനോടു ക്ഷമിക്കണമായിരുന്നു മോനു"..എന്നും പറഞ്ഞു ഉപദേശ സഞ്ചി തുറന്നു.അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ശ്യാമള മകന്റെ കയും പിടിച്ചു മുന്നേറുമ്പോളാണ് അകത്തൊരു ശബ്ദം..എന്തോ വീണുടയുന്ന പോലെ..
ഉള്ളിലെ കാഴ്ച്ച കണ്ട ശ്യാമളയുടെ ഹൃദയം തകർന്നു പോയി..ലാക്മെയുടെ പുതിയ ഗ്ലാസ് മേക്കപ്പ് സെറ്റ് ..കഴിഞ്ഞ ടുറിനു പോയി വന്നപ്പോ രാജീവ് സമ്മാനിച്ചതാണ് ..പതിനായിരമാണ് വിലയെന്ന്അറിഞ്ഞത് കൊണ്ട് എല്ലാരും കാണുന്ന വിധത്തിൽ ഊഞ്ഞാൽ കസേരയുടെ അടുത്ത് വച്ചിരുന്നതാണ്..ചിഞ്ചുവും അനിയത്തിയും കൂടെ അത്യാവശ്യം മേക്കപ്പ് നടത്തിയിരിക്കുന്നു..രണ്ടുപേരും പെയിന്റടിച്ചു
മതിയാവാതെ വന്നപ്പോൾ പിടിവലി നടത്തിയതായിരിക്കും ..താഴെ തകർന്നു കിടപ്പുണ്ട്..പിന്നൊന്നും ഓർമയില്ല ശ്യാമളയ്ക്കു..
വായിൽ വന്നതൊക്കെ പറഞ്ഞു ,.തന്റെ അലർച്ചയും അട്ടഹാസവും കണ്ടു രണ്ടെണ്ണവും ഇറങ്ങി ഓടും വരെ ..അതുകൊണ്ടരിശം തീരാത്തതിനാൽ ..താഴെയുള്ള പൊളിഞ്ഞ ബോക്സിനിട്ടു ഒരു തൊഴിയും കൂടെ കൊടുത്തു..
പിന്നെ സോഫയിൽ പോയിരുന്നു കിതച്ചു..
അപ്പോളാണ് റിക്കി ഒരു ഗ്ലാസ് വെള്ളവുമായി വന്നത് ..അതും കുടിച്ചു ശ്യാമള ആശ്വസിക്കുമ്പോളാണ് അവന്റെ അടുത്ത ഡയലോഗ്."ഇതിന്റെ പകുതി പോലും ഞാൻ റിയാക്ട് ചെയ്തില്ലലോ മമ്മ ഇന്ന്?ഇത്രേം വലുതായിട്ടും മമ്മ ക്ഷമിക്കാനൊന്നും പഠിച്ചില്ലായിരുന്നോ?" ദൈവമേ മാനം പോയല്ലോ..
ഇനീപ്പോ എന്ത് ഉപദേശം ..എന്ത് സഹനം..നാലു ചാട്ടം അവനോടും ചാടി..നേരെ ബെഡ്‌റൂമിൽ കേറി മുഖം ഒളിപ്പിച്ചു..
പോയ മാനവും കൊണ്ട് ശ്യാമള വിഷമിച്ചിരിക്കുമ്പോളാണ് റിക്കു പതുക്കെ ബെഡ്റൂമിലേക്ക് വന്നത്..പടച്ചോനേ ..ഇനിയെന്തു പണി ആണാവോ ?അവൻ അടുത്ത് വന്നു നിന്നു
ചൂടായ തന്നെ തണുപ്പിക്കാനുള്ള ശ്രമമാണ് ..
"മമ്മ,..ഡോണ്ട് വറി..ഞാൻ ചുമ്മാ പറഞ്ഞതാണ്.,
ഹോ..ശ്യാമളയുടെ മനസൊന്നു തണുത്തു..
മമ്മയുടെ പ്ലേസിൽ ആരായാലും ദേഷ്യം വരും.
ഇന്നത്തെ ഇഷ്യുവിൽ മമ്മ "അപരാധി "
ആണെന്ന് എനിക്കറിയാം...ശ്യാമള ഒന്ന് ഞെട്ടി..
"എന്താ മോനെ പറഞ്ഞത്?"ചെക്കൻ വളരെ
സ്നേഹത്തോടെ കെയിൽ തലോടിക്കൊണ്ട് പിന്നേം പറഞ്ഞു.."മമ്മ വെറും അപരാധിയല്ലേ?"
ഐ മീൻ..യൂ ആർ ഇന്നസെന്റ്.".പാവം നിരപരാധി എന്നാണ് ഉദേശിച്ചത്‌..ശ്യാമള മകനെയൊന്നു നോക്കി..ഒരു കയ്യിൽ ഒരു ഗ്ലാസ് വെള്ളവും പിടിച്ചു മറ്റേ കയ് കൊണ്ട് തന്റെ കൈയിൽ പിടിച്ചു മുഖത്തേക്കു നോക്കി നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇരിക്കുന്നു..ശ്യാമള വെള്ളം വാങ്ങി കുടിച്ചു .എന്നിട്ടു പറഞ്ഞു..ഇപ്പോളാണ് മോനെ 'അമ്മ ശരിക്കും അപരാധി ആയത്....
സമർപ്പണം
അന്ധമായി പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ചു ..നമ്മുടെ സംസ്കാരവും പൈതൃകവും മറന്നു പോകുന്ന ഇന്നത്തെ തലമുറയ്ക്ക്....
Vineetha Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo