Slider

സ്നേഹക്കാഴ്ചകൾ

0
"എല്ലാരും പോയോ ?"
ദേവി മുറിയിലേക്ക് വന്നപ്പോൾ അശോക് ചോദിച്ചു
"ചെറിയമ്മായി പോയിട്ടില്ല നാളെയേയുള്ളു "അവൾ മെല്ലെ പറഞ്ഞു
"ആ നീയിവിടെ വന്നേ ഒന്ന് കാണട്ടെ "അവൻ അവളെ നീക്കി നിർത്തി.
ദേവിയുടെ മുഖം നാണം കൊണ്ട് ചുവന്നു
"ദുബായിക്കാരൻ അവധിക്കു വന്നാൽ ആളുകൾക്ക് ഒരു വകതിരിവില്ല അല്ലെ കൊച്ചേ ? അവനവന്റ പെണ്ണിനെ കണ്ടിട്ട് എത്ര നാളായിട്ടുണ്ടാകും ?അവന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ടൊക്കെ എത്ര നാളായി എന്നൊന്നും ചിന്തിക്കുകേല .. ?വരുന്നവർ വേഗം പോകുമോ അതൊട്ടില്ല താനും. നമ്മൾ എപ്പോ പോകുമെന്ന അവർക്ക് അറിയണ്ടേ ?
"അവർക്കും കാണാനുള്ള ആഗ്രഹം ഉണ്ടാവും "അവൾ പുഞ്ചിരിച്ചു
"ശരിയാവും എന്നാലും "
അവൻ മുടി ഒന്ന് തഴുകി
"മുടി പൊഴിയുന്നുണ്ടോ? "
"ഉം കുറച്ച്‌ "
"അമ്മയോട് പറഞ്ഞാൽ മതി ഉഗ്രൻ ഒരു എണ്ണക്കൂട്ട് ഒക്കെ ഉണ്ട് പുള്ളിക്കാരിയുടെ കയ്യിൽ "അവൾ തലയാട്ടി
കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞു പോയതാണ്. ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അവൾ അവനെ ഇമ വെട്ടാതെ നോക്കി നിന്നു.
"എന്റെ കൊച്ചെന്താ മിണ്ടാതെ ?ഫോണിൽ എന്താ കലപില ??"
അവൾ ചിരിച്ചു
"ഞാനും കാണുവല്ലേ? "അവളുട ശബ്ദം ഒന്നിടറി
"കുറച്ചു നാളെ ഞാൻ അവിടെ നില്ക്കു ..ഒരു കച്ചവടം തുടങ്ങാനുളളത് തട്ടിക്കൂട്ടിയാൽ ഉടനെ പോരും. കുറച്ചു കടമുണ്ട് അതും വീട്ടണം ..ആ ഒരു കാര്യം മറന്നു "
അവൻ അലമാരയിൽനിന്നു ഒരു പാക്കറ്റ് എടുത്തു പൊട്ടിച്ചു
രണ്ടു വളകൾ, ഒരു മാല , ഒരു മോതിരം.
അവൻ മോതിരം അവളുട വിരലിൽ ഇട്ടുകൊടുത്തു .
"പാകമല്ലെ ?നോക്ക് "
"ഉവ്വ് ..എന്തിനാ ഇതൊക്കെ ഇപ്പൊ ?"
"വെറുതെ ..."അവൻ ബാക്കിയുള്ള ആഭരണങ്ങൾ ഉള്ളംകൈയിലെടുത്തു നോക്കി
" ഇത് അമ്മയ്ക്കാ "
അവൻ വിഷാദത്തോടെ ചിരിച്ചു
"ഇതിന്റെ പിന്നിൽ ഒരു കഥ ഉണ്ട്. ഞാൻ പറയാം നീ ഇവിടെ ഇരിക്ക് "അവൻ അവളെ അടുത്ത് ചേർത്തിരുത്തി.
"ഞാൻ പ്ലസ് ടു ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. ബൈക്ക് വേണമെന്ന് ഭയങ്കര വാശി. നിനക്കറിയാലോ സാമ്പത്തികം ഒക്കെ മോശമാ ഞങ്ങളുടെ ..അച്ഛന്റെ ചെറിയ വരുമാനമേ ഉള്ളു പക്ഷെ അന്നതൊക്കെ ചിന്തിക്കുമോ ?എല്ലാര്ക്കും ബൈക് ഉണ്ട് .എനിക്കില്ല ഞാൻ നിരാഹാരംകിടന്നു ..അമ്മയ്ക്ക് സഹിച്ചില്ല .അന്ന് അമ്മയ്ക്ക് അഞ്ചാറ് വളകളും രണ്ടു മാലയുമൊക്കെ ഉണ്ട്.പുള്ളിക്കാരത്തിക്കു സ്വർണം വലിയ ഇഷ്ടമാ .. പക്ഷെ ഞാൻ വാശി പിടിച്ചപ്പോ 'അമ്മ രണ്ടു വള വിറ്റ് എനിക്ക് ബൈക്ക് വാങ്ങി തന്നു ..പക്ഷെ കഷ്ടകാലം അത് അന്ന് തന്നെ ആക്സിഡന്റ് ആയി .ഞാൻ ആശുപത്രിയിലും ...എന്നെ കിട്ടുകേല എന്ന ആശുപത്രിക്കാര് പറഞ്ഞെ ...പക്ഷെ അമ്മയുടെ കണ്ണുനീര് ..പ്രാർത്ഥന ..ഞാൻ രക്ഷപ്പെട്ടു .ഒരു വർഷം പക്ഷെ കിടപ്പിലായി. വീട്ടിൽ തന്നെ. എന്റെ മലവും മൂത്രവും കോരി എന്റെ അമ്മയും എന്റെ ഒപ്പം. ചികിത്സ ക്കായി .അമ്മയുടെ സ്വർണം മുഴുവനും വിറ്റു"അവൻ കുനിഞ്ഞിരുന്നു ഏങ്ങലടിച്ചു
ദേവി എന്ത്ചെയ്യണമെന്നറിയാതെ പതറിപ്പോയി
അവൻ മുഖം തുടച്ചു ചിരിക്കാൻ ശ്രമിച്ചു
"അനിയത്തിയുട കല്യാണം ആയപ്പോൾ അവൾ ഒരു മാല അമ്മക്ക് കൊടുത്തു ..പക്ഷെ അവൾക്കു കുഞ്ഞു ഉണ്ടായപ്പോൾ 'അമ്മ അത് അരഞ്ഞാണമാക്കി കുഞ്ഞിന് ഇട്ടു കൊടുത്തു,,നീ നിറയെ ആഭരണവുമായി വന്നു കയറിയപ്പോൾ ഞാൻ എന്റെ അമ്മയുടെ ഒഴിഞ്ഞ കഴുത്തും കയ്യും ആണ് ഓർത്തെ .."അവൻ എഴുനേറ്റു ജനലിനരികിൽ പോയി നിന്നു.
" നമ്മുടെ കല്യാണം നിശ്ചയിച്ചപ്പോൾ അച്ഛൻ നിർബന്ധിച്ചു ഒരു മാല വാങ്ങി കൊടുത്തു സ്വർണം അല്ല മുക്ക് പണ്ടം ആണ് .അതാണ് ഇപ്പൊ അമ്മയുടെ കഴുത്തിൽ .."
ദേവി അവനരികിൽ ചെന്നു നിന്നു
"എന്നോടൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻകൊടുക്കില്ലെ അച്ചുവേട്ട ? എന്ത് മാത്രം സ്വർണം ലോക്കറിൽ വെറുതെ ..."
അവന്റ കണ്ണ് വീണ്ടും നിറഞ്ഞു
"ഹേയ് അതൊന്നും വേണ്ട. വലിയ അഭിമാനിയാ എന്റെ 'അമ്മ . നീ ഇതൊന്നും അറിഞ്ഞതായി പോലും ഭാവിക്കരുത് ..നിന്റെ ഈ മനസ്സുണ്ടല്ലോ അത് മതി. എന്റെ അമ്മയെയും അച്ഛനെയും നീ സ്നേഹിച്ചാൽ മതി. ഒന്നും കൊടുക്കണ്ട ..നീ അവരെ സ്നേഹിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ തന്നെ എനിക്ക് ആ മരുഭൂമിയിൽ സമാധാനമായി കഴിയാം "
"അവരിപ്പോ എന്റെയും കൂടെ അച്ഛനും അമ്മയുമല്ലേ ഏട്ടാ ?"
അവനവളെ ഇറുകെ പുണർന്നു
"ഇത് മതിയെടി ഓരോ പ്രവാസിക്കും ഏതു ചൂടിലും ഉള്ളു തണുക്കാൻ ഇങ്ങനെ ഒരു പെണ്ണ് മതി "
പുറത്തു രാത്രി കനത്തു തുടങ്ങി ...
ജീവിതം ഇങ്ങനെയുമുണ്ട് ...അല്ല ഇങ്ങനെയാകട്ടെ .സ്നേഹത്തിന്റെ അനന്തമായ ആഴമേറിയ നീർച്ചുഴികളിലേക്കു നീന്തിയടുത്തു കൊണ്ട് അങ്ങനെ ..അങ്ങനെ ...
By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo