നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കമലമ്മ - ജീവിക്കാൻ മറന്ന സ്ത്രീ

Image may contain: 1 person
*********
പോക്കുവെയിൽ തണൽ മരങ്ങളുടെ നിഴൽ വിരിച്ച, ആ നഗരപാതയിലൂടെയുള്ള പതിവ് സായാഹ്ന നടത്തത്തിനൊടുവിൽ…അന്ന് ഞാൻ എത്തിച്ചേർന്നത് നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് കോംപ്ലക്സിലായിരുന്നു... അതൊരു അവധി ദിവസമായതിനാലാണ് എന്റെ ആ യാത്ര കോംപ്ലക്സ് വരെ നീണ്ടത്. അല്ലെങ്കിൽ പാത രണ്ടായ് പിരിയുന്നിടത്തുള്ള, ഒരു ചെറിയ ചായക്കടയിൽ നിന്നും, മധുരം കൂട്ടി എടുക്കുന്ന ബ്രൂ കോഫിയും കുടിച്ച്, കൂടെയൊരു പഴം പൊരിയോ, ഉള്ളിവടയോ കഴിച്ച് മടങ്ങുകയാണ് എന്റെ പതിവ്.
ജോലി സംബന്ധമായി ഗ്രാമത്തിന്റെ പച്ചപ്പിൽ നിന്നും, നഗരത്തിരക്കിലേക്ക് ചേക്കേറി... ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതലുണ്ടായ ശീലമാണീ നടപ്പ്. വീട്ടിലേക്ക് പോകാൻ സാധിക്കാതെ വരുന്ന അവധി ദിനങ്ങളിൽ…താമസിക്കുന്ന ലോഡ്ജിന്റെ ചുവരുകൾ വല്ലാതെ വീർപ്പുമുട്ടിക്കുമ്പോളാണ് എന്റെ ഈ യാത്ര, കൂടുതൽ നഗരക്കാഴ്ചകളിലേക്ക് നീളുന്നത്!. അങ്ങനെ ആ വൈകുന്നേരം... ആൾക്കൂട്ടത്തിനിടയിലൂടെ...അതിലൊരാളായ് അലയവെയാണ്, ആ ഷോപ്പിംഗ് മാളിന്റെ മുന്നിൽ വെച്ച് അവരെ ഞാൻ കണ്ടുമുട്ടുന്നത്.
വളരെ തിരക്കേറിയ ഒരു ദിവസമായിരുന്നു അത്... ഒഴിവ് ദിനം ചിലവഴിക്കാനെത്തിയ കുടുംബങ്ങളെക്കൊണ്ടും, പ്രണയ ജോഡികളെക്കൊണ്ടും... അവിടമാകെ നിറഞ്ഞിരുന്നു. ആ തിരക്കിനിടയിലൂടെ... ഒരു വൃദ്ധയും, അവരുടെ അരിക് ചേർന്ന് ഒരു യുവാവും നടന്ന് നീങ്ങുന്ന കാഴ്ച എളുപ്പത്തിൽ എന്റെ ശ്രദ്ധയാകർഷിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ ബുദ്ധിവികാസമില്ലാത്തവനെന്ന് തോന്നിക്കുന്ന യുവാവുമായി തിരക്കിലൂടെ മുന്നോട്ട് നീങ്ങാൻ വൃദ്ധ വല്ലാതെ ബദ്ധപ്പെടുന്നുണ്ടായിരുന്നു.
കാഴ്ചയിൽ അമ്മയും, മകനും എന്ന് തോന്നിച്ച അവർ പഴകി പിഞ്ചിയ വസ്ത്രധാരണത്തിലൂടെ ആ നിറക്കാഴ്ചയിൽ വേറിട്ട് നിന്നിരുന്നു...! തിരക്കിലൂടെ ഞാൻ കുറച്ച് കൂടി അവർക്കരികിലേക്ക് ചെന്നു. വൃദ്ധയുടെ ഒരു കൈയ്യിൽ ഭാഗ്യക്കുറി ടിക്കറ്റുകളും, മറുകൈയ്യിൽ മുറുകെപ്പിടിച്ച നിലയിൽ ആ യുവാവിന്റെ കരവുമാണ് ഉണ്ടായിരുന്നത്... പലപ്പോഴും വൃദ്ധയുടെ കൈ വിടുവിച്ച് കുതറി ഓടാൻ ശ്രമിച്ചിരുന്ന അവൻ…അസ്പഷ്ടമായ ഭാഷയിൽ എന്തൊക്കെയോ പുലമ്പുന്നുമുണ്ടായിരുന്നു!.
പാർക്കിംഗ് ഏരിയായിൽ നിർത്തുന്ന കാറുകളിൽ നിന്നും ഇറങ്ങുന്നവരോട്... വൃദ്ധ തന്റെ കൈവശമുള്ള ടിക്കറ്റുകൾ നീട്ടി അത് വാങ്ങാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ ആരും തന്നെ അവരെ ഗൗനിച്ചിരുന്നില്ല.... മാത്രവുമല്ലാ, ചിലരെല്ലാം അതിഷ്ടപ്പെടാത്ത ഭാവത്തിൽ അവർക്ക് നേരെ കയർക്കുകയും, കൂടെയുള്ള മകനെ അസഹ്യതയോടെ നോക്കി മുഖം ചുളിച്ച് അവരെ മറികടന്ന് പോകുകയും ചെയ്തുകൊണ്ടിരുന്നു. വർണ്ണപ്പകിട്ടേറിയ ആ ലോകത്ത് നിറം മങ്ങിയ ഉടയാടകൾ ചാർത്തിയ... രണ്ട് മനുഷ്യരൂപങ്ങളുടെ വില തുലോം കുറവായതിൽ ഞാൻ ഒട്ടും അദ്ഭുതപ്പെട്ടില്ല.
ഇതിനിടയിൽ വൃദ്ധയുടെ പിടി വിടുവിച്ച് കുതറി മുന്നോട്ടോടിയ മകൻ... ആ ഓട്ടത്തിനിടയിൽ ഷോപ്പിംഗ് ട്രോളിയുമായി, കാറിന് സമീപത്തേക്ക് വന്നുകൊണ്ടിരുന്ന... ഒരു സ്ത്രീയുടെ ട്രോളി തട്ടിമറിച്ചിട്ടു!. ട്രോളിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തറയിൽ നാലുപാടും ചിതറി വീണു.
ഈ കാഴ്ച്ച കണ്ട് ...ട്രോളിയുമായ് വന്ന യുവതിക്കൊപ്പം ഉണ്ടായിരുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ... ഉച്ചത്തിൽ ആക്രോശിച്ച് കൊണ്ട് അവന്റെ നേർക്ക് പാഞ്ഞ് ചെന്നു. എന്നിട്ട് ചിതറിക്കിടന്ന സാധനങ്ങൾക്കിടയിൽ നിന്നും... തറ തുടക്കാനായ് ഉപയോഗിക്കുന്ന ഒരു മോപ്പെടുത്ത്... അവനെ തലങ്ങും വിലങ്ങും മർദ്ദിക്കുവാൻ തുടങ്ങി. അവിടേക്കോടിയെത്തിയ വൃദ്ധയുടെ ദേഹത്തും കൊണ്ടു ആ പ്രഹരങ്ങളിൽ ചിലത്!.
ഇത് കണ്ട് ഒരു നിമിഷം ഞാൻ സ്തബ്ധനായ് നിന്നുപോയി... പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്ത ഞാൻ കാണികളായി മാറിയവരുടെ ഇടയിലൂടെ അവർക്കരികിലേക്ക് ഓടിയെത്തി. എന്നിട്ട് അയാളുടെ കൈയ്യിൽ നിന്നും ആ വടി പിടിച്ച് വാങ്ങി ദൂരെ എറിഞ്ഞു. അപ്പോഴേക്കും അടികൊണ്ട് അവശനായ യുവാവ് തറയിൽ കുഴഞ്ഞ് വീണിരുന്നു.
എന്റെ പ്രവൃത്തി ഇഷ്ടപ്പെടാതിരുന്ന ആ മനുഷ്യൻ അപ്പോൾ എന്നെ നോക്കി ഇങ്ങനെ പുലമ്പി :-
"തലക്ക് വെളിവില്ലാത്തതിനെയൊക്കെ വീട്ടിൽ പൂട്ടിയിടണം... അഴിച്ചു വിട്ടാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും." അയാളുടെ ആ മർദ്ദനത്തിൽ മേൽച്ചുണ്ട് മുറിഞ്ഞ് നിലത്ത് വീണ് കിടന്ന തന്റെ മകന്റെ ശിരസ്സ് അവനരികിലിരുന്ന് മടിയിലേക്കെടുത്ത് വെച്ച വൃദ്ധ..ഒരു തേങ്ങലോടെ അയാളെ നോക്കി പറഞ്ഞു :-
"വീട്ടിൽ വേറെ ആരും ഇല്ലാഞ്ഞിട്ടാ സാറെ ഇവനെ കൂടെ കൂട്ടണത്... അവന് സുഖമില്ലാത്തതല്ലെ... ഒറ്റക്കിതിനെ അവിടെ നിർത്തിയിട്ട് പോരാൻ മേലാഞ്ഞിട്ടാ.'' ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ അയാളപ്പോൾ സ്ത്രീയോടൊപ്പം തറയിൽക്കിടന്ന സാധനങ്ങൾ വാരി ട്രോളിയിൽ നിറക്കുന്ന തിരക്കിലായിരുന്നു!.
തന്റെ സാരിത്തലപ്പ് കൊണ്ട് മകന്റെ ദേഹത്ത് പറ്റിയ അഴുക്ക് തുടച്ച് കളഞ്ഞ വൃദ്ധ... അവന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് ചോദിച്ചു: “അപ്പൂട്ടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടാ കുഞ്ഞെ ഓടരുതെന്ന് ... സാരമില്ലാട്ടാ... മോന് വല്ലാതെ നൊന്തോ...? '' ഇതിന് മറുപടിയായി " ആ ചേട്ടൻ എന്നെ തല്ലി " എന്ന് മാത്രം... വികൃതമായ ഭാഷയിൽ അവൻ ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു.
കാഴ്ചക്കാരെല്ലാം പിരിഞ്ഞപ്പോൾ അവിടെക്കണ്ട ഒരു ഓട്ടോറിക്ഷ കൈ കൊട്ടി വിളിച്ച് അവരെ ഞാൻ അതിൽ കയറ്റി... എന്നിട്ട് അവരോടൊപ്പം ആ ഓട്ടോയിൽ ഞാനും കയറി. എന്തോ.. എനിക്കപ്പോൾ അവരെ വീട്ടിൽ കൊണ്ട് ചെന്നാക്കണമെന്ന് തോന്നി…!
അപ്പോഴേക്കും പകൽ വെളിച്ചം വഴിമാറി പട്ടണം വിവിധ വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശമാനമാകാൻ തുടങ്ങിയിരുന്നു... തിരക്കിനിടയിലൂടെ ഞങ്ങളേയും കൊണ്ട് മുന്നോട്ട് നീങ്ങിയ ഓട്ടോയിലിരുന്ന് വൃദ്ധ...എന്റെ പേരും, നാടുമൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ ഇടറിയ ശബ്ദത്തിൽ അവരുടെ ജീവിത കഥ എന്നോട് പറയാൻ തുടങ്ങി :-
കമലമ്മ എന്നായിരുന്നു അവരുടെ പേര്... നന്നേ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അവർ പിന്നീട് കഴിഞ്ഞ് വന്നത് അമ്മയുടെ സഹോദരന്റെ സംരക്ഷണയിൽ, അയാളുടെ വീട്ടിലായിരുന്നു... അമ്മായി വളരെ ദുഷ്ടയായ ഒരു സ്ത്രീയായിരുന്നു. ആ വീട്ടിൽ ഒരു വീട്ടുജോലിക്കാരിയുടെ സ്ഥാനമാണ് അവർ കമലമ്മക്ക് നല്കിയിരുന്നത്. ഇതിനായി അഞ്ചാം ക്ലാസ്സിൽ വെച്ച് തന്നെ അവർ കമലമ്മയുടെ സ്കൂൾ പഠനം അവസാനിപ്പിച്ചു. പലപ്പോഴും ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാത്ത... ദുരിത പൂർണ്ണമായ ജീവിതമായിരുന്നു കമലമ്മക്കവിടെ.
ഇതൊക്കെ എന്നോട് പറയുമ്പോൾ ...ഇടക്കിടക്ക് വൈദ്യുതക്കാലുകളിൽ നിന്നും മറ്റും...ഇരുട്ട് മായ്ച്ച് കടന്ന് വരുന്ന പ്രകാശം, ഉലഞ്ഞോടുന്ന ഓട്ടോ റിക്ഷക്കുക്കുള്ളിലെക്ക് വന്ന്... അവരുടെ ചുളിഞ്ഞ കവിൾത്തടത്തിലൂടെ ഒഴുകുന്ന കണ്ണീർ ചാലുകളെ തിളക്കുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ ഞാൻ നോക്കിക്കണ്ടു.
കമലമ്മക്ക് പതിനെട്ട് തികഞ്ഞപ്പോൾ അവരേക്കാൾ ഇരട്ടിയിലധികം പ്രായമുള്ള ഒരാളുമായി അവരുടെ വിവാഹം നടത്തി.അങ്ങനെ അമ്മാവൻ തന്റെ ബാധ്യത ഒഴിവാക്കി... അയാളോടൊപ്പമാണ് കമലമ്മ ഈ പട്ടണത്തിനടുത്തുള്ള ചേരിയിലെ കൂരയിൽ എത്തുന്നത്. അവിടെയും വിധി അവർക്കെതിരായിരുന്നു... തികഞ്ഞ മദ്യപാനിയും, സംശയരോഗിയുമായിരുന്നു കമലമ്മയുടെ ഭർത്താവ് . അയാൾ കമലമ്മയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. പന്ത്രണ്ട് വർഷക്കാലത്തോളം നീണ്ട അയാളുടെ പീഢനങ്ങൾക്ക് ഒരറുതി... അവർക്ക് ലഭിച്ചത്... അമിത മദ്യപാനം മൂലം രക്തം ശർദ്ദിച്ച് കുഴഞ്ഞ് വീണ്, അയാൾ മരിച്ച ശേഷം ആയിരുന്നു... അപ്പോഴേക്കും രണ്ട് ആൺമക്കൾ കമലമ്മയുടെ ജീവിതത്തിലേക്ക് വന്നിരുന്നു.
കമലമ്മയുടെ കഷ്ടതകൾക്ക് മേൽ മറ്റൊരു ദുരന്തമായി... രണ്ടാമത്തെ മകൻ ബുദ്ധി വളർച്ച ഇല്ലാത്തവനായാണ് ജനിച്ചത്. എങ്കിലും ഭർത്താവിന്റെ മരണ ശേഷം വീട്ട് ജോലിക്ക് പോയും, കെട്ടിട നിർമ്മാണത്തൊഴിലാളിയായും... എങ്ങനെ ഒക്കെയൊ അവർ മക്കളെ വളർത്തി. എന്നാൽ മൂത്തവന്റെ വിവാഹത്തോടെ കാര്യങ്ങൾ വീണ്ടും ദുരിതത്തിലായി…! തന്റെ ഭാര്യയുടെ വാക്ക് കേട്ട അവൻ…സ്വത്തിന്റെ ഭാഗം വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വീട്ടിൽ വഴക്കാരംഭിച്ചു...അങ്ങനെ ആകെ ഉണ്ടായിരുന്ന കിടപ്പാടം കൂടി അവൻ വിൽപ്പിച്ചു. വിറ്റ് കിട്ടിയ പണത്തിൽ ഭൂരി ഭാഗവും കൈക്കലാക്കിയ അവൻ അമ്മയേയും, അനുജനേയും ഉപേക്ഷിച്ച് ഭാര്യയോടൊപ്പം ദൂരെ എവിടേക്കോ താമസ്സത്തിനായ് പോയി. പിന്നെ ഒരിക്കലും അവൻ ഇവർക്കരികിലേക്ക് വന്നിട്ടേയില്ല!.
ഇപ്പോൾ കമലമ്മയും, മകനും താമസിക്കുന്നത് ഒരു പഴയ കടമുറിയിൽ വാടക നൽകിയാണ്... നല്ല പ്രായത്തിലെ കഠിനാധ്വാനം കൊണ്ടും, ജീവിത ദുരിതം കൊണ്ടും ആരോഗ്യം ക്ഷയിച്ച കമലമ്മ ഇന്നൊരു ആസ്മാ രോഗി കൂടിയാണ്. ശാരീരിക അവശതകൾ കൊണ്ടും, കണ്ണ് തെറ്റിയാൽ ഓടി മറയുന്ന മകനെക്കൊണ്ടും പൊറുതിമുട്ടിയ അവരുടെ ഇപ്പോഴത്തെ ഉപജീവനം മാർഗ്ഗമാണ് ഈ ലോട്ടറി വിൽപ്പന.
കമലമ്മ കഥ പറഞ്ഞ് നിർത്തിയപ്പോഴേക്കും... ഓട്ടോ അവർ പറഞ്ഞ് കൊടുത്ത ഏതൊക്കെയോ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് ഇരുൾ നിറഞ്ഞ പഴയ ഒരു കട മുറിയുടെ മുന്നിൽ എത്തിയിരുന്നു. അവരെ അവിടെ ഇറക്കി, ആ ഓട്ടോയിൽ തന്നെ തിരിച്ച് പോരുമ്പോൾ... എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.എന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നം പോലെ കമലമ്മയുടെ ജീവിതം നിറഞ്ഞ് നിന്നു... അവരുടെ മരണ ശേഷം ആ മകന്റെ ഭാവിയെക്കുറിച്ച് ഞാൻ വേവലാതി പൂണ്ടു... ബാല്യകാലം മുതൽക്കേ അവർ അനുഭവിച്ച ദുരിതക്കയത്തിനുള്ളിൽ ജീവിക്കാൻ മറന്ന് പോയ അവരുടെ നിസ്സഹായാവസ്ഥയെക്കുറിച്ച് ഞാൻ ഓർത്തു...ആ കഷ്ടതക്ക് മേലും അങ്ങനെ ഒരു മകനെ അവർക്ക് നൽകിയ ദൈവത്തോട് എനിക്ക് അന്ന് വല്ലാത്ത വെറുപ്പ് തോന്നി!.
പിന്നീട് പലവട്ടം ഞാൻ അവരെ തേടിയെങ്കിലും…. ആ നഗരത്തിരക്കിൽ എനിക്കവരെ കണ്ടെത്താനായില്ല. കാലം പിന്നെയും കുറെ മുന്നോട്ട് നീങ്ങി... കമലമ്മയും, മകനും എന്റെ സ്മൃതി പഥത്തിൽ നിന്നും പതിയെ മാഞ്ഞു തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിനം പത്രത്താളിൽ “വൈകിയെത്തിയ ഭാഗ്യം “എന്ന തലക്കെട്ടോടെ ഒരു വാർത്ത ഞാൻ കാണാനിടയായി..
" ലോറി ഇടിച്ച് ലോട്ടറി വിൽപ്പനക്കാരായ അമ്മയും,ബുദ്ധിമാന്ദ്യമുള്ള മകനും മരിച്ചുവെന്നും...അത്തവണത്തെ 'കാരുണ്യാ ഭാഗ്യക്കുറിയുടെ ' ... ഒന്നാം സമ്മാനം അവരുടെ കൈയ്യിൽ വിൽക്കാതെ അവശേഷിച്ചിരുന്ന ഒരു ടിക്കറ്റിനാണ് ലഭിച്ചതെന്നുമായിരുന്നു ആ വാർത്ത!."
ആ വാർത്ത വായിച്ചതും...
കമലമ്മയുടെ കൈ വിടുവിച്ച് വാഹനങ്ങൾക്കിടയിലേക്ക് പായുന്ന അപ്പുവിന്റെ രൂപവും, പിന്നാലെ ബദ്ധപ്പെട്ട് ഓടുന്ന കമലമ്മയുടെ രൂപവും, ഒരു നിമിഷം എന്റെ മുന്നിൽ തെളിഞ്ഞു വന്നു... പിന്നീടുണ്ടായ കരുണ ഇല്ലാത്ത കാഴ്ച കാണാതിരിക്കാനെന്ന വണ്ണം... ഞാൻ എന്റെ കണ്ണുകൾ മുറെകെ ചേർത്തടച്ചു.
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot