നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 14



ഓരോന്ന് ആലോചിച്ച് അവളിരുന്നു .പെട്ടെന്ന് ശ്രീബാലയുടെ  ഫോണിലേക്ക് ഒരു ഫോട്ടോ വന്നു കൂടെ ഒരു മെസ്സേജും.അത് കണ്ട് അവളുടെ സപ്തനാഡികളും തളർന്നുപോയി! അവൾ ആ ഫോട്ടോ നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു!
ശ്രീബാല ഫോണും പേഴ്സുമെടുത്ത് ട്രെയിനിൽ നിന്നും പുറത്തേക്കിറങ്ങി.അവിടെ ഒരു ബെഞ്ചിൽ ചെന്നിരുന്നു.ട്രെയിൻ തന്റെ കണ്മുൻപിൽ കൂടി ചൂളം വിളിച്ചുകൊണ്ട് അകന്നു പോവുന്നത് അവൾ വേദനയോടെ കണ്ടു. എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ അവൾ ആ ബെഞ്ചിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞു.
"ഈ ഓട്ടം ഒളിംപിക്സിൽ ഓടിയിരുന്നെങ്കിൽ ഇപ്പൊ സ്വർണം കിട്ടിയേനേം.."തന്റെ അടുത്ത് നിന്നും കേട്ട ശബ്ദം ആരുടെതെന്ന്  അവൾ തിരിച്ചറിഞ്ഞു.അത് ജിതേഷായിരുന്നു! അവൾ തലയുയർത്തിയില്ല.
"ആ ഫോട്ടോ നോക്കട്ടെ.. കാണിച്ചേ.."ജിതേഷ് ശ്രീബാലയുടെ കൈകളിൽ നിന്നും ഫോൺ ബലമായി പിടിച്ച് വാങ്ങി.
ആ ഫോട്ടോയിൽ  സാബുവിന്റെ ആജാനുബാഹുക്കളായ രണ്ട് ഗുണ്ടകൾ നാട്ടിൽ ശേഖരന്റെ വീടിന് മുൻപിൽ നിൽപ്പുണ്ടായിരുന്നു.അവരുടെ അരയിൽ  ഉള്ള കത്തി ഫോട്ടോയിൽ വ്യക്തമായിരുന്നു! ട്രെയിനിൽ നിന്ന് തിരിച്ച് ഇറങ്ങിയില്ലെങ്കിൽ ഗുണ്ടകൾ വീടാക്രമിക്കുമെന്നും ശേഖരനെ ഇല്ലാതാക്കുമെന്നുമായിരുന്നു ഫോണിൽ വന്ന മെസ്സേജ്!
"നാട്ടിൽ നിന്ന് സാബു അയച്ച ഫോട്ടോയും മെസ്സേജും  ആണിത്..എന്ത് ചെയ്യാനാ.പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവനാ  സാബു.വെറുതെ അവന്റെം അവന്റെ ഗുണ്ടകളുടെയും കത്തിക്ക് പണി ഉണ്ടാക്കി വെയ്‌ക്കേണ്ടല്ലോ.."ജിതേഷ് വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു.ശ്രീബാല മുഖം ഉയർത്തിയില്ല.
"രക്ഷപെടാൻ ശ്രമിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ.നീ എന്താ വിചാരിച്ചത്?ഞാൻ പൊട്ടൻ ആണെന്നോ?എന്റെ തലയ്ക്കകത്ത് കളിമണ്ണ് ആണെന്നോ ?ഭോലയെ  പറ്റിച്ച്  നിനക്ക് രക്ഷപെടാൻ കഴിഞ്ഞേക്കും.പക്ഷെ എന്റെ  കണ്ണുവെട്ടിച്ച് നിനക്കൊരിക്കലും ഓടി ഒളിയ്ക്കാൻ കഴിയില്ല ശ്രീബാലാ.."ജിതേഷ് ശ്രീബാലയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.എല്ലാം തകർന്ന ഒരാവസ്ഥയിലായിരുന്നു അവൾ .കരയുകയല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല.ജിതേഷ് എഴുന്നേറ്റ് ശ്രീബാലയുടെ കൈകളിൽ പിടിച്ചു.അവൾ എഴുന്നേറ്റില്ല.അവൻ അവളെ വലിച്ചെഴുന്നേല്പിച്ചു.എന്നിട്ട്  അവളുടെ കൈ പിടിച്ച് അവളെ ആൾക്കൂട്ടത്തിന് നടുവിലൂടെ വലിച്ചുകൊണ്ട് പോയി.അവൾ ഒരു മരപ്പാവ കണക്കെ അവന്റെ കൂടെ നടന്നു..**
വീട്ടിൽ എത്തിയപ്പോൾ ഭോല അവിടെ അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു..ശ്രീബാല ആരെയും നോക്കാതെ സ്റ്റെയർകേസ് കെയറി മുറിയിലേക്ക് പോയി..അവിടെ അവൾക്കായുള്ള സോഫയിൽ കയറി കിടന്ന് എപ്പോഴോ മയങ്ങിപ്പോയി.രാത്രി അത്താഴം കഴിക്കാൻ ഭോല വിളിച്ചിട്ടും അവൾ അനങ്ങിയില്ല.കുറച്ച് കഴിഞ്ഞ് ജിതേഷ് മുറിയിലേക്ക് കയറി വന്നു.ശ്രീബാല സോഫയിൽ കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.അവളുടെ മിഴികൾ തോരാതെ പെയ്യുകയായിരുന്നു.
"വിശപ്പുണ്ടെങ്കിൽ താഴേക്ക് വന്നേക്കണം.കിച്ചൻ ക്ലോസ്  ചെയ്‌താൽ പിന്നെ ഒന്നും കിട്ടില്ല.."ജിതേഷ് പറഞ്ഞു.
"എനിക്ക് കുറച്ച് വിഷം വാങ്ങി തരാമോ?"ശ്രീബാല ചോദിച്ചു.
"അയ്യോ നിന്നെ കൊല്ലാനൊന്നും എനിക്ക് ഉദ്ദേശമില്ല.അങ്ങനെ എങ്കിൽ പണ്ടേ ആകാമായിരുന്നല്ലോ."ജിതേഷ് തന്റെ കട്ടിലിൽ അവൾക്കഭിമുഖമായിരുന്ന്  കൊണ്ട് പറഞ്ഞു.
"തൽക്കാലം  എനിക്ക് നിന്നെ ആവശ്യമുണ്ട്.ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ അതെ പോലെ ആണ് നടക്കുന്നതെങ്കിൽ അധികം താമസിയാതെ നിനക്ക് നിന്റെ സ്വന്തം വീട്ടിലേക്ക് തിരികെ  പോവാം."ജിതേഷ് പറഞ്ഞത് കേട്ട് ശ്രീബാല വിശ്വാസം വരാതെ സോഫയിൽ നിന്നുമെഴുന്നേറ്റ് അവനെ നോക്കി.
"എന്താ നിങ്ങളുടെ ഉദ്ദേശം?"ശ്രീബാല ചോദിച്ചു.
ജിതേഷ് അതിന് മറുപടി പറയാതെ അവളെ ഒന്ന് നോക്കിയിട്ട് താഴേക്ക് ഇറങ്ങിപ്പോയി.ജിതേഷ് പറഞ്ഞതിന്റെ അർത്ഥം  മനസ്സിലാവാതെ ശ്രീബാല  സോഫയിൽ ഇരുന്നു.***
വൈകിട്ട് ഗിരി വന്നപ്പോൾ വേണി മുറിയിൽ  കട്ടിലിൽ ഭിത്തിയോട് ചേർന്ന് ഇരിക്കുകയായിരുന്നു.
കുട്ടൻ അടുക്കളയിൽ നിലത്ത് പാ വിരിച്ച് കിടന്നുറങ്ങുന്നു.
ഗിരി കുട്ടനെ തട്ടി വിളിച്ചു.അവൻ എന്തോ സ്വപ്നം കണ്ട് അലറിവിളിച്ചുകൊണ്ട് ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.
താൻ കൊണ്ടുവന്ന ആഹാരത്തിന്റെ പൊതി ഗിരി കുട്ടനെ ഏൽപ്പിച്ചു.
കുട്ടൻ അത് പ്ലേറ്റിലാക്കി വേണിയുടെ മുൻപിൽ കൊണ്ടുവന്ന്  വെച്ചു.
വേണി അത് തട്ടിക്കളയുമെന്നാണ് ഗിരി വിചാരിച്ചത്.പക്ഷെ അവൾ അതിലേക്ക് നോക്കിയത് കൂടിയില്ല.
"ചേച്ചി നല്ല വിഷമത്തിലാ.."കുട്ടൻ ഗിരിയോട് പറഞ്ഞു.
"ആണോ?എന്നാ  നീ ഒരു കാര്യം ചെയ്യ്.മടിയിലിരുത്തി താരാട്ട് പാടിക്കൊടുക്ക്.."ഗിരി ദേഷ്യപ്പെട്ടു.
കുട്ടൻ ഒന്നും മിണ്ടിയില്ല.ഗിരിയും കുട്ടനും അടുക്കളയിലിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി.വേണി ആഹാരം തൊട്ടുനോക്കാതെ അതെ ഇരിപ്പ് തന്നെ ആയിരുന്നു.
"നീ രാവിലെ പച്ചക്കറി ഒക്കെ മേടിച്ചിട്ട് ഉച്ചയ്ക്ക് എന്തെങ്കിലും വെച്ചോ?"ഗിരി ചോദിച്ചു.
"ഇല്ല ചേച്ചി ഭയങ്കര കരച്ചിലായിരുന്നു..അത്കൊണ്ട് ഞാൻ.."കുട്ടൻ പറഞ്ഞു.
"ഇതെന്ത് കഷ്ടമാ അവനും അവന്റെ ഒരു ചേച്ചിയും! ചേച്ചി കരഞ്ഞു ചേച്ചി മൂക്കൊലിപ്പിച്ചു .ചേച്ചി എന്താ ഇള്ളാ പിള്ള  കുട്ടിയോ?"കുട്ടനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഗിരി ഒച്ച വെച്ചു.
"മറ്റുള്ളവരുടെ കണ്ണീരിന്റെ വില മനസ്സിലാവണെങ്കിൽ ആദ്യം മനുഷ്യനാവണം.ബന്ധങ്ങളുടെ വില എന്താണെന്ന് മനസ്സിലാക്കാത്തവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല കുട്ടാ.."വേണി കട്ടിലിൽ നിന്നെഴുന്നേറ്റ് വന്നുകൊണ്ട് പറഞ്ഞു.
ഗിരി ഒന്നും മിണ്ടാതെ ഇരുന്ന് കഴിച്ചു..കുട്ടൻ അയാളെ  വേദനയോടെ നോക്കി.
കഴിച്ചെന്ന് വരുത്തി   ഗിരി അവിടെ നിന്നും പെട്ടെന്ന് എഴുന്നേറ്റു.
"ഗിരിയേട്ടാ..ചേച്ചി  അറിയാതെ എന്തോ പറഞ്ഞുപോയതാ.."കുട്ടൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.കൈ പോലും കഴുകാതെ ഗിരി വാതിൽ തുറന്ന് വെളിയിലേക്കിറങ്ങി എങ്ങോട്ടോ പോയി.
"ഗിരിയേട്ടാ..ഗിരിയേട്ടാ.."കുട്ടൻ വിളിച്ചിട്ടും അയാൾ  നിന്നില്ല.വേണി തിരികെ ദേഷ്യത്തോടെ കട്ടിലിൽ  പോയിരുന്നു.
"അങ്ങനെ ഒന്നും അങ്ങേരോട് പറയരുത് കേട്ടോ.."കുട്ടൻ വേണിയുടെ അടുത്ത് വന്ന് പറഞ്ഞു.
"എന്താ പറഞ്ഞാൽ?ഇപ്പൊ ഞാൻ ആയോ കുറ്റക്കാരി?നിങ്ങൾ എല്ലാവരും കൂടെ  എന്നോടും എന്റെ കുടുംബത്തോടും എന്തൊക്കെയാ ചെയ്തതെന്ന് മറക്കരുത്.."വേണിയുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു നിന്നു.കുട്ടൻ ഒന്നും മിണ്ടാതെ തിരികെ അടുക്കളയിൽ പോയി.
പിറ്റേന്ന് വെളുപ്പിനെ വേണി എഴുന്നേറ്റപ്പോൾ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.കുട്ടൻ അടുക്കളയിൽ അവർക്കുള്ള ചായ എടുക്കുകയായിരുന്നു.
"അയാളെന്തിയെ?"വേണി ചുറ്റും നോക്കി ചോദിച്ചു.
"ആര് ഗിരിയേട്ടനോ?"കുട്ടൻ ചോദിച്ചു.
"അതെ നിന്റെ  കീരിയേട്ടൻ!"വേണി ചുണ്ട് കോട്ടി  പറഞ്ഞു.തിരിഞ്ഞു നോക്കിയതും അടുക്കളയുടെ പിൻവശത്തെ വാതിൽ തുറന്ന് തല തുവർത്തികൊണ്ട് ഒരു കൈലിയുമുടുത്ത്  ഗിരി അകത്തേക്ക് വരികയായിരുന്നു.വേണി പെട്ടെന്ന് ഒന്നും മിണ്ടിയില്ല.
"എന്നെ എത്ര നാളത്തേക്ക് ഇങ്ങനെ തടവിൽ ഇടാനാ  പ്ലാൻ?"വേണി രണ്ടുപേരോടുമായി ചോദിച്ചു.
"മുകളിൽ നിന്ന് ഉത്തരവ് വരണം.അത് കഴിഞ്ഞേ പറയാൻ പറ്റുള്ളൂ."കുട്ടൻ പറഞ്ഞു.
"അത് വരെ ഞാൻ നിങ്ങടെ രണ്ടിന്റെയും കൂടെ ഈ വീട്ടിൽ കഴിയണമായിരിക്കും..ഗതികേട്!"വേണി പറഞ്ഞു.
"അതെ ഞങ്ങടെ ഒരു ഗതികേട് നോക്കണേ..മനസമാധാനമായിട്ട് ജീവിച്ചോണ്ടിരുന്നവരാ..ഇപ്പൊ എല്ലാം പോയി..അല്ലെ ഗിരിയേട്ടാ?"കുട്ടൻ ചിരിച്ചുകൊണ്ട് ഗിരിയോട്  പറഞ്ഞു.
"മനസമാധാനം.അതും ഈ കണ്ടാമൃഗത്തിന്റെ കൂടെ.."വേണി ഗിരിയെ ഉദ്ദേശിച്ചാണ് പറഞ്ഞത്.പക്ഷെ അവളുടെ  ആത്മഗതം കുറച്ച് ഉച്ചത്തിൽ ആയിപ്പോയി.
"എന്തെങ്കിലും പറഞ്ഞോ?"ഗിരി അവളുടെ പിന്നിൽ വന്നുകൊണ്ട് ചോദിച്ചു.പെട്ടെന്ന് അവൾ തിരിഞ്ഞുനോക്കി.അയാളെ കണ്ടതും അവൾക്ക് ഉത്തരം മുട്ടി.
ഇല്ല എന്നവൾ പേടിയോടെ തലയാട്ടി.
ഗിരി മുറിയിലേക്ക്  പോയി .
"ഇന്ന് ഇങേര്  പോകുന്നില്ലേ?"വേണി കുട്ടനോട് പതിയെ ചോദിച്ചു.
"ഗിരിയേട്ടാ നിങ്ങൾ ഇന്ന് ജോലിക്ക് പോവുന്നില്ലേ  എന്ന് വേണി ചേച്ചി ചോദിക്കുന്നു.."കുട്ടൻ ഉറക്കെ പറഞ്ഞു.
വേണി അവനെ നോക്കി പല്ലുകടിച്ചു.
ഗിരി ഒരു ഗ്രേ കളർ ഷർട്ടും കൈലിയും ഉടുത്ത് അവളുടെ അടുത്തേക്ക് നടന്ന് വന്നു.വേണി പേടിച്ച് അവനെ തന്നെ നോക്കി നിന്നു.
ഗിരി തന്റെ കൈയിലിരുന്ന മൊബൈൽ എടുത്ത് അവൾക്ക് നേരെ നീട്ടി.
"ചേച്ചിയെ വിളിക്കണമെങ്കിൽ വിളിച്ചോളൂ." ഗിരി പറഞ്ഞത് കേട്ട് വേണി ഒന്ന് ഞെട്ടി! കേട്ട പാതി കേൾക്കാത്ത പാതി അവൾ പെട്ടെന്ന് തന്നെ അവന്റെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.
ഇന്നലെ കാൾ വന്ന നമ്പറിൽ അവൾ തിരിച്ച് വിളിച്ചു.
ജോഗിങ് കഴിഞ്ഞ് ജിതേഷ് തിരികെ വന്നപ്പോൾ ശ്രീബാലയുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു.ശ്രീബാല സോഫയിൽ നല്ല ഉറക്കത്തിലായിരുന്നു.ഫോൺ ബെൽ അടിക്കുന്നത് അവൾ അറിഞ്ഞില്ല.
ജിതേഷ് കുറച്ച് നേരം അവളെ നോക്കി നിന്നു.കാലുകൾ സോഫയുടെ ഹാൻഡ്‌റെസ്റ്റിന് മുകളിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു.നേരെ നിവർന്ന് കിടക്കാൻ അധികം സ്ഥലം ഇല്ലാത്തത് കൊണ്ട് നടു വളഞ്ഞ് കുത്തി ആയിരുന്നു അവൾ കിടന്നിരുന്നത്.ഉറക്കത്തിലും ശ്രീബാലയുടെ  മുഖത്തു പേടിയും സങ്കടവും നിറഞ്ഞ് നിന്നു.അവളുടെ ചുണ്ടുകൾ വിതുമ്പുന്നത് പോലെ ആയിരുന്നു.കണ്ണുകളുടെ വീക്കം അതെ പോലെ തന്നെ ഉണ്ട്..മുടി കെട്ടി വെച്ചിട്ടില്ല സോഫയിലും താഴെയുമായി അത് ഒരു കറുത്ത പുതപ്പ് പോലെ വിരിച്ചിട്ടിരിക്കുന്നു.കുറച്ച് മുടി നെറ്റിയിലേക്ക് വീണ് കിടപ്പുമുണ്ട്.മുറിയിൽ എസി യുടെ തണുപ്പ് കാരണം കൈ രണ്ടും നെഞ്ചോട് ചേർത്ത് ചുരുട്ടിപിടിച്ചു വെച്ചിരിക്കുകയായിരുന്നു.അവൾക്ക് പുതയ്ക്കാൻ ഒന്നും ഇല്ലല്ലോ എന്നവൻ അപ്പോഴാണ് ശ്രദ്ധിച്ചത്. വയറിന് മീതെ സാരി മറച്ച് അതിന്മേൽ കൈ മുട്ട്  വെച്ച് സാരി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാതെ വളരെ ശ്രദ്ധയോടെയാണ് അവൾ കിടന്നിരുന്നത്. ജിതേഷിന്റെ മനസ്സിൽ  എന്ത് കൊണ്ടോ ഒരു നോവ് പടർന്നു..അവന്  അവളുടെ അടുത്തിരിക്കണമെന്നും അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടി ഒന്ന് മാടി ഒതുക്കണമെന്നും  തോന്നി.പക്ഷെ താൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കണമെങ്കിൽ തനിക്ക് തന്റെ ലക്ഷ്യത്തിലെത്തണമെങ്കിൽ താൻ വേറൊന്നും  ഇപ്പൊ ശ്രദ്ധിക്കരുത്.അവൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.
ജിതേഷ് പെട്ടെന്ന് ശ്രീബാലയുടെ ഫോണിലെ കാൾ അറ്റൻഡ് ചെയ്തു.
"എന്റെ ചേച്ചിക്ക് ഫോൺ കൊടുക്ക്"ജിതേഷിന്റെ സ്വരം കേട്ടതും വേണി ആവശ്യപ്പെട്ടു.
"ചേച്ചിയുടെ വീരസാഹസിക കഥ അറിഞ്ഞോ?ഇന്നലെ റെയിൽവേ സ്റ്റേഷൻ വരെ മാരത്തോൺ ഓട്ടം ആയിരുന്നു.."ജിതേഷ് ശ്രീബാല കേൾക്കാൻ ഉച്ചത്തിൽ ചോദിച്ചു..ശ്രീബാല ഞെട്ടി കണ്ണുകൾ തുറന്നു.തന്റെ മുൻപിൽ ജിതേഷിനെ കണ്ടതും അവൾ പെട്ടെന്ന് സോഫയിൽ പിടിച്ച് എഴുന്നേൽക്കാൻ തുടങ്ങി.ഉടുത്തിരുന്ന സാരി അവളുടെ വെളുത്ത വയറിന് മീതെ നിന്നും താഴേക്ക് ഊർന്നിറങ്ങി.ജിതേഷ്  അത് കണ്ട് ഒരു നിമിഷത്തേക്ക് അങ്ങോട്ടേക്ക് നോക്കി.എന്തോ തെറ്റ് ചെയ്തത് പോലെ പെട്ടെന്നവൻ  തിരിഞ്ഞ് നിന്നു.എന്നിട്ട്  ഫോൺ അവൾക്ക് നേരെ നീട്ടി.. ശ്രീബാല വെപ്രാളപ്പെട്ട് എഴുന്നേറ്റ് സാരി നേരെയാക്കി ഇട്ടു.
"നിന്റെ അനിയത്തിയാണ്.."ജിതേഷ് പറഞ്ഞു.
ശ്രീബാല പെട്ടെന്ന് ഫോൺ വാങ്ങി.
"മോളെ.."അവൾ കരച്ചിലോടെ വിളിച്ചു.
" എന്താ ചേച്ചി അയാൾ പറഞ്ഞത്?ചേച്ചി ഇന്നലെ റെയിൽവേ സ്റ്റേഷനിൽ പോയി എന്ന് ?"വേണി ചോദിച്ചു.
ശ്രീബാല താൻ രക്ഷപെടാൻ ശ്രമിച്ച കാര്യം  അവളെ പറഞ്ഞ് കേൾപ്പിച്ചു.
"സാരമില്ല ചേച്ചി.തൽക്കാലം  അയാള് പറയുന്നതുപോലെ കേൾക്ക്.ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ച് തരും.നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ..ചിലപ്പോ എന്തെങ്കിലും നല്ലതിന് വേണ്ടി ആവും ദൈവം നമ്മളെ പരീക്ഷിക്കുന്നത്.."വേണി പറഞ്ഞു.
"നീ അച്ഛനെ വിളിച്ചോ മോളെ?"ശ്രീബാല ചോദിച്ചു.
"ഇല്ല ഞാൻ എന്ത് പറഞ്ഞാ വിളിക്കുക..എവിടാണെന്ന് പറഞ്ഞാ വിളിക്കുക..എന്റെ ഭർത്താവ് എവിടെ എന്ന് ചോദിച്ചാൽ ഞാൻ എന്താ പറയുക.."വേണി ചോദിച്ചു.
"അച്ഛനോട് തൽക്കാലം എന്തെങ്കിലും കള്ളം പറഞ്ഞെ പറ്റു.കണ്ണന് ആന്ധ്ര പ്രദേശിലെ ഒരു ബാങ്കിൽ ജോലി ശരി ആയി എന്നും നിങ്ങൾ അങ്ങോട്ടേക്ക്  മാറി എന്നും പറയാം..നീ ഉടനെ വിളിക്കണ്ട..ഞാൻ സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് നീ അച്ഛനെ വിളിച്ചാൽ മതി.ഇല്ലെങ്കിൽ ഇത്ര പെട്ടെന്ന് എങ്ങനെ അവിടെ എത്തി എന്ന് അച്ഛന് സംശയം തോന്നും."ശ്രീബാല പറഞ്ഞു. വേണി സമ്മതിച്ചു. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് അവർ ഫോൺ വെച്ചു.
"എന്ത് പറ്റി തടവുകാരിയോട് പെട്ടെന്ന് ഒരു സിമ്പതി തോന്നാൻ?"വേണി ഫോൺ തിരികെ ഗിരിയുടെ കൈയിൽ കൊടുത്തിട്ട് പുച്ഛത്തോടെ ചോദിച്ചു.
"ഞാൻ ഒരു മനുഷ്യനായത് കൊണ്ട്.ബന്ധങ്ങളുടെ വില അറിയാവുന്നത് കൊണ്ട്.."ഗിരി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.വേണി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.*****
ജിതേഷ് ഓഫീസിൽ പോയ് കഴിഞ്ഞ് ശ്രീബാല ഭോലയുടെ  അടുത്തേക്ക് ചെന്നു.
"എന്നോട് ദേഷ്യം തോന്നരുത്.ഇന്നലെ ഞാൻ കാരണം നിങ്ങൾക്ക് വഴക്ക്  കേൾക്കേണ്ടി വന്നോ?"ശ്രീബാല ഭോലയോട് ചോദിച്ചു.
"കോയി ബാത്ത് നഹി ബിട്ടിയാ..വളക്ക് എള്ളാബറുടെയും  ബായിൽ നിന്ന് കേൾക്കാറുണ്ട്.."ഭോല ചിരിച്ചുകൊണ്ട് പറഞ്ഞു.
"ബിട്ടിയ അബിടെ നിന്നും ഓടുന്നത് നാൻ കണ്ടു.നാൻ മിണ്ടാതെ ഇറുന്നതാ.."ഭോല ശ്രീബാലയോട് സ്വകാര്യം പറഞ്ഞു.അവൾ അത് കേട്ട് അമ്പരന്ന് അയാളെ നോക്കി.താൻ രെക്ഷപെടുന്നത് ഭോല കണ്ടിട്ടും കാണാത്ത പോലെ ഇരുന്നതായിരുന്നു എന്നവൾക്ക് അറിയില്ലായിരുന്നു.അവൾ അയാളെ നന്ദിയോടെ നോക്കി..
"ഇവിടെ അടുത്ത് അമ്പലങ്ങൾ വല്ലതും ഉണ്ടോ?"ശ്രീബാല  ചോദിച്ചു.
"ബാപ്‌റേ ഇനിയും റക്‌സപെടാൻ  നോക്കള്ളേ  ബിട്ടിയാ.സാബ് മുജേ സരൂർ മാരെഗാ! (എന്റെ ദൈവമേ  ഇനിയും രക്ഷപെടാൻ നോക്കല്ലേ മോളെ..സാർ ഉറപ്പായും എന്നെ കൊന്നുകളയും!)"ഭോല പേടിയോടെ പറഞ്ഞു.
"ഇല്ല..നിങ്ങളും കൂടെ വന്നോളൂ.ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല.എനിക്കൊന്ന് തൊഴാൻ വേണ്ടിയാ.."ശ്രീബാല പറഞ്ഞു.
"എങ്കിൽ ബൈകിട്ട പോകാം.ഇബിടെ അടുത്ത് ഒരു മന്ദിർ ഉണ്ട്."ഭോല പറഞ്ഞു.ശ്രീബാലയ്ക്ക് അവിടെ പ്രത്യേകിച്ച് പണികൾ ഒന്നുമുണ്ടായിരുന്നില്ല.അവൾ വെറുതെ ഗാർഡനിൽ ചെന്ന് നിന്നു.അപ്പുറത്തും ഇപ്പുറത്തും കുറെ വീടുകൾ ഉണ്ടായിരുന്നു.പക്ഷെ വെളിയിൽ എങ്ങും ആരെയും കണ്ടില്ല.ഭോല പറഞ്ഞത് പോലെ എല്ലാം പണച്ചാക്കുകളുടെ വീടാണെന്ന് കണ്ടാലേ അറിയാം.എല്ലാവരും രാവിലെ ജോലിക്ക് പോവുന്നവർ ആണ്.ഇരുട്ട് വീണ് കഴിഞ്ഞാണ് മിക്കവരും  തിരികെ വരുന്നത്..ശ്രീബാല അവിടെ കിടന്ന ഹോസ്  എടുത്ത് ചെടികൾക്കല്ലാം വെള്ളമൊഴിച്ചു.പിന്നെ തിരികെ വന്ന് ശേഖരനെ വിളിച്ചു.കണ്ണൻ കുറച്ച് നാളുകൾക്ക് മുൻപ് ഒരു ബാങ്ക് ടെസ്റ്റ് എഴുതിയിരുന്നു എന്നും ഇപ്പോഴാണ് അതിന്റെ അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നതെന്നും  വേണിയും കണ്ണനും ആന്ധ്ര പ്രാദേശിലേക്ക് പോയി എന്നും പെട്ടെന്നായത്  കൊണ്ട് വിളിച്ചറിയിക്കാൻ പറ്റിയില്ല, അച്ഛനെ അറിയിക്കാൻ അവൾ തന്നോട് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു.വേണിയോട് സംസാരിക്കാൻ കഴിയാത്തതിൽ അദ്ദേഹത്തിന് നല്ല വിഷമം ഉണ്ടായിരുന്നു.
വൈകിട്ട് ശ്രീബാല ഭോലയുടെ  കൂടെ അവിടെ അടുത്ത്  ആർ.കെ പുരം  എന്ന സ്ഥലത്തുള്ള അമ്പലത്തിൽ പോയി.ഭോല ഈശ്വര വിശ്വാസി അല്ലാത്തത് കൊണ്ട് അകത്ത്  കയറാതെ അമ്പലത്തിന്റെ വെളിയിൽ മാറി നിന്നു.സാമാന്യം വലിയ ഒരു അമ്പലം ആയിരുന്നു അത്.അയ്യപ്പൻ ആയിരുന്നു അവിടുത്തെ  മുഖ്യ പ്രതിഷ്ഠ.ശ്രീബാല അവിടെ ചെന്നപ്പോൾ ദീപാരാധന നടക്കുകയായിരുന്നു.. അമ്പലം ചുറ്റു വിളക്കുകളുടെ  പ്രകാശത്തിൽ മുങ്ങിക്കുളിച്ചിരുന്നു.മണിയൊച്ചയും ചന്ദനത്തിന്റെ ഗന്ധവും ഉറക്കെയുള്ള പ്രാർത്ഥനാ മന്ത്രങ്ങളും കേട്ടപ്പോൾ ശ്രീബാലയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.താൻ ഒരു നിമിഷം നാട്ടിലെ മഹാദേവ ക്ഷേത്രത്തിൽ ആണെന്ന് അവൾക്ക് തോന്നിപ്പോയി. തങ്ങളെ  എങ്ങനെയെങ്കിലും ഈ ഊരാക്കുടുക്കിൽ  നിന്നും രക്ഷിക്കണമേയെന്ന് കണ്ണുകളടച്ച് കൈകൾ കൂപ്പി അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു.കുറച്ച് കഴിഞ്ഞപ്പോൾ പ്രസാദമായി കുറച്ച് ഉപ്പുമാവും അതിന്റെ കൂടെ കുറച്ച് പായസവും കിട്ടി.അവൾ അമ്പലത്തിന്റെ സൈഡിലെ പടിക്കെട്ടിലിരുന്ന് അത് കഴിച്ചു.കുറച്ച് പ്രസാദം ഭോലയ്ക്കായി  അവൾ മാറ്റി വെച്ചു.പിന്നെ അവിടുന്നിറങ്ങി ഭോലയോടൊപ്പം വീട്ടിലേക്ക് തിരികെ വന്നു.
അവൾ ഭോലയുടെ കൂടെ ഇരുന്ന് ആഹാരം കഴിച്ചു.ശ്രീബാല കിടക്കാൻ മുറിയിൽ വന്നപ്പോൾ സോഫയിൽ ഒരു പ്ലഷ് ബ്ലാങ്കെറ്റ് ഇട്ടിരുന്നു.അവൾക്ക് പുതയ്ക്കാനായി ജിതേഷ് കൊണ്ടുവെച്ചതാണെന്ന് അവൾക്ക് മനസിലായി.
"അറവുമാടിനോട് വലിയ സിമ്പതി ഒന്നും കാണിക്കണ്ട.."ശ്രീബാല പറഞ്ഞു.
"കൊല്ലുന്നതിന് മുൻപുള്ള ചെറിയ തലോടൽ ആണെന്ന് കരുതിയാൽ  മതി.."ജിതേഷ് കട്ടിലിൽ കിടന്നുകൊണ്ട് പറഞ്ഞു.
"ഒരു സംശയം ചോദിച്ചോട്ടെ?"ശ്രീബാല സോഫയിൽ ഇരുന്നുകൊണ്ട്  ചോദിച്ചു.
"എന്താ?"ജിതേഷ് അവൾക്കഭിമുഖമായി തിരിഞ്ഞ് കിടന്നു.
"എന്നോട് കാണിച്ചതൊക്കെയും അഭിനയം ആയിരുന്നു എന്ന് പറഞ്ഞല്ലോ..ഒരിക്കലെങ്കിലും..ഒരിക്കലെങ്കിലും നിങ്ങൾക്ക് എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ?ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നില്ലേ?"ശ്രീബാലയുടെ സ്വരം ഇടറി. ജിതേഷ് അവളെ കുറച്ച് നേരം നോക്കി ഇരുന്നു.
"ഇല്ല!" ജിതേഷ് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് തിരിഞ്ഞ് കിടന്നു..ശ്രീബാല കണ്ണീരോടെ കുറച്ച് നേരം അവിടെ ഇരുന്നു.പിന്നീട് ജിതേഷ് തന്ന ബ്ലാങ്കെറ്റ് താഴേക്കിട്ട് അവൾ പുതയ്ക്കാതെ സോഫയിൽ കിടന്നു.
രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ ശ്രീബാല ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു.ജിതേഷ് നല്ല ഉറക്കത്തിലാണെന്ന് ഉറപ്പ് വരുത്തി. തന്റെ പെട്ടിയുടെ അടിയിൽ നിന്നും ഒരു കവർ തുറന്ന് അതിൽ നിന്നും ഹരിയെ വിളിക്കാൻ ഉപയോഗിക്കുന്ന മൊബൈൽ എടുത്ത്  അതുമായി ബാത്‌റൂമിൽ കയറി.പൈപ്പ് ഓൺ ചെയ്ത് അവൾ ഹരിയുടെ നമ്പർ അതിൽ ഡയൽ  ചെയ്തു.ജിതേഷ് വീട്ടിൽ ഇല്ലാതിരുന്ന സമയവും അവൾ ഹരിയെ വിളിക്കാൻ ശ്രമിച്ചിരുന്നു..പക്ഷെ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇപ്പോഴും കുറെ റിങ്ങ്  ചെയ്തതല്ലാതെ ആരും ഫോൺ എടുത്തില്ല.അത് അങ്ങനെ ആണ്.ഒളിവിൽ ആയത് കൊണ്ട് ഹരി എപ്പോഴും ഫോൺ ഓൺ ചെയ്ത് വെക്കാറില്ല.ഇടയ്ക്ക് നമ്പർ മാറ്റുകയും ചെയ്യും .പിന്നെ ഇങ്ങോട്ട് വിളിക്കുമ്പോഴേ സംസാരിക്കാൻ പറ്റു.ശ്രീബാല നിരാശയോടെ കാൾ കട്ട് ചെയ്തു.പിന്നെ ടാപ്പ് അടച്ച് ഫോൺ സാരിക്കകത്ത് തിരുകി ബാത്റൂമിന്റെ  വാതിൽ തുറന്നു.വെളിയിലിറങ്ങിയതും അവൾ ഞെട്ടിപ്പോയി! അവിടെ അവളെ നോക്കി കട്ടിലിൽ ജിതേഷ് എഴുന്നേറ്റിരിപ്പുണ്ടായിരുന്നു!
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

1 comment:

  1. Hi I am really liking the novel. In fact, I have read all your novels. Unfortunately, part 15 hasn't been online on this site. But managed to read it on facebook. Many a time we tend to miss it on facebook, could you please post the same on this site as we will get continuity on the same.

    Look forward to reading many more novels of you. Keep writing.

    Love

    Vandana

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot