Slider

°°°ഹംദാ ഫത്ത്വൂം°°°°

0
Image may contain: 1 person, beard and glasses
=================
(Based on a true incident)
തിരക്കുള്ള റോഡിൽ പതിയെ പതിയെ ഞാൻ കാർ മുന്നോട്ടെടുത്തു.പെട്ടെന്നാണ് അരികിലിരിക്കുന്ന ഫോൺ ബെല്ലടിച്ചത്.റൂമിലെ ഇശാം ആണ് വിളിക്കുന്നത്.ഫോണെടുത്ത് സംസാരിച്ച് തുടങ്ങി.
"ന്താടാ ഈ നേരത്ത്."
പറഞ്ഞ് തീരും മുൻപേ അവിടുന്ന് മറുപടി വന്നു.
"എടാ നീ എവിടെയാ.....എത്ര നേരമായി വിളിക്കുന്നു."
"ഞാൻ ഡ്യൂട്ടിയിൽ ആണെടാ,ന്തേ ന്താ കാര്യം."
ധൃതിയിൽ അവൻ സംസാരിച്ച് തുടങ്ങി.
"നീ എളുപ്പം റൂമിലേക്ക് വാ,ഞാനിവിടെ ഉണ്ട്."
ഞാൻ വണ്ടി റൂമിലേക്ക് തിരിച്ചു.ഉച്ചയ്ക്കുള്ള ചൂടും നോമ്പും കൂടെ ആകെ വല്ലാത്തൊരാവസ്ഥ.പോകുന്നതിനിടയിൽ നാട്ടിലുള്ള എന്റെ നല്ല പാതിയെ ഞാൻ ഒന്ന് വിളിച്ചു.പെരുന്നാൾ അടുപ്പിച്ച് നാട്ടിൽ എത്തണം.അപ്പോഴേക്കും ഞങ്ങൾ ഒരുപോലെ കാത്തിരിക്കുന്ന ഞങ്ങളുടെ കുഞ്ഞുമോളും അവൾക്കൊപ്പം എന്നെ സ്വീകരിക്കാൻ ആ ഉമ്മറത്തുണ്ടാകും.രണ്ട് മൂന്ന് തവണ വിളിച്ചിട്ടും അവൾ ഫോണെടുക്കുന്നില്ല.
റൂമിന് മുന്നിൽ വണ്ടി നിർത്തി റൂമിലേക്ക് നടന്നു.അവിടെ റൂമിലെ എല്ലാവരും ഉണ്ട്.
"അല്ലെടാ മക്കളെ നിങ്ങളാരും ഇന്ന് പണിയ്ക്കൊന്നും പോയില്ലേ,ഇന്നാണോ നമ്മുടെ ഇഫ്താർ."
ചിരിച്ചോണ്ട് ഞാനിത് ചോദിച്ചിട്ടും അവരുടെ മുഖത്തെല്ലാം വല്ലാത്തൊരു മൗനം.
ഇശാം എന്നെയും കൂട്ടി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.അവിടെ ഉള്ളവരുടെ ദയനീയമായുള്ള നോട്ടം കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കുള്ളിൽ പെട്ടെന്നൊരു ഭയം കൂടിയിരിക്കുന്നു.
"ആഷീ,നമുക്കൊന്ന് നാട്ടിൽ പോയാലോടാ."
തോളിൽ കൈ ചേർത്ത് അവനിത് ചോദിച്ചപ്പോൾ ചിരിയാണ് എനിക്ക് വന്നത്.
"എടാ...ന്താ നീ പറയണേ അടുത്ത ആഴ്‌ച ഞാനും ന്റെ ഓളും കാത്തിരുന്ന ഞങ്ങടെ കുഞ്ഞുമോൾ ഞങ്ങളെ കാണാൻ വരുവാണ്. ഈ മാസം അവസാനം ഞാൻ പോവൂ എന്നുള്ളത് നിനക്ക് അറിയുന്നതല്ലേ."
"എടാ ഇത് അതല്ല, നീ റൂമിലേക്ക് വാ.അവിടുന്ന് സംസാരിക്കാം."
അവനെന്നെയും കൂട്ടി റൂമിലേക്ക് നടന്നു.
"ആഷീ, ഞാൻ ഇനി പറയുന്നത് നീ ക്ഷമയോടെ കേൾക്കണം.ടിക്കറ്റ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്,പാസ്സ്പോർട് കമ്പനിയിൽ നിന്നും വാങ്ങിയിട്ടുണ്ട്.നീ എളുപ്പം റെഡി ആവ്. നമുക്ക് പോകാം."
എന്റെ കണ്ണിൽ ആകെ ഇരുട്ട് കയറുന്ന പോലെ,തല പെരുക്കുന്നു. എന്തെന്നില്ലാത്ത തളർച്ച.
"എന്താടാ ന്താ പ്രശ്നം ന്താണേലും പറ. നിങ്ങളിങ്ങനെ ആളെ ആധി കയറ്റല്ലേ."
റൂമിലെ ഇക്ക എന്നെ ചേർത്ത് നിർത്തി എന്നോട് പറഞ്ഞു.
"മോനേ നീ ഇപ്പൊ ചെല്ല്. എടാ അസി ഒന്ന് വീണു അവൾ ആശുപത്രയിൽ ആണ്.നിന്നെ കാണണം എന്ന് പറയുന്നുണ്ട്."
"ഇക്കാ.....ന്താ ഇങ്ങളീ പറയുന്നേ, ഓൾക്ക് ന്താ ഉണ്ടായേ."
മുഖം പൊത്തി കരയുന്ന എനിക്കൊപ്പം ഇശാം വന്നിരുന്നു.
"എടാ,അവൾക്ക് കുഴപ്പം ഒന്നും ഇല്ല്യാ.നീ വേഗം റെഡി ആയിക്കേ."
റൂമിൽ നിന്ന് എയർപോർട്ടിൽ എത്തിയതോ ചെക്ക് ഇൻ കഴിഞ്ഞതോ ഒന്നും ഞാൻ അറിഞ്ഞില്ല. ഫ്ലൈറ്റിന് സമയം ആയപ്പോൾ എല്ലാവരെയും വിളിച്ചു.ഒരുപാട് പേർക്കിടയിലൂടെ ഞാനും നടന്നു.ഇഷാമിന്റെ ഒരു കൈ എന്റെ തോളിൽ എന്നെ താങ്ങി നിർത്തിയിട്ടുണ്ട്.
കരഞ്ഞ് കലങ്ങിയ മുഖം കണ്ടവരൊക്കെ സഹതാപത്തോടെ നോക്കുന്നുണ്ട്,കുഞ്ഞു മക്കൾ ആശ്ചര്യത്തോടെ നോക്കുന്നുണ്ട്.
"വല്ല്യ ആൾക്കാരൊക്കെ കരയോ."
എന്നാവും ചിലപ്പോൾ അവരുടെ ചിന്ത.
എത്രയൊക്കെ വളർന്നാലും ചിലരുടെ മുന്നിലെ സ്നേഹത്തിൽ നമ്മളൊരു പിഞ്ചു കുഞ്ഞിനെ പോലാവില്ലേ,അവരിൽ നിന്നുണ്ടാകുന്ന ഒരു അകൽച്ച പോലും കൊച്ചു കുട്ടിയെ പോലെ പൊട്ടി കരയാൻ പാകത്തിൽ നമ്മുടെ മനസ്സിനെ ചെറുതാക്കി കളയില്ലേ.
അതേ എന്റെ അസിയ്ക്ക് മുന്നിൽ ഞാനൊരു കുഞ്ഞായിരുന്നു എന്നും.എന്റെ നല്ല പാതിയായി കടന്ന് വന്നവൾക്ക് മുന്നിൽ കൊഞ്ചിയും കിണുങ്ങിയും ആ മടിയിൽ തല വെച്ചുറങ്ങാറുണ്ട് ഞാൻ.
ഫ്ലൈറ്റ് പറന്നുയർന്നു.അമ്പര ചുംബികളായ കെട്ടിടങ്ങൾ പതിയെ കുഞ്ഞു മൺ പുറ്റ് പോലെയായി,പിന്നീടവ എങ്ങോട്ടോ മറഞ്ഞു.മേഘകെട്ടുകൾ മാത്രമായി ചുറ്റും.എനിക്കൊപ്പം ഇരിക്കുന്നവരൊക്കെ ഉറങ്ങിയിരിക്കുന്നു.
ഞാൻ മാത്രം ഉണർന്നിരുന്നു. ഏതോ ചിന്തയുടെ ലോകത്തേക്ക് വലിച്ചെറിഞ്ഞ എന്റെ മനസ്സിനെ വക വെയ്ക്കാതെ അങ്ങനെ ചാരിയിരുന്നു.
==============================
"ഇക്കാ.....നമുക്ക് മോള് മതി.ഒരു കുഞ്ഞു മോള്.ഇങ്ങളെ പോലെ പൊട്ടിത്തെറിച്ച് നടക്കുന്നൊരുത്തി.ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ."
നെഞ്ചിൽ തലവെച്ചുറങ്ങുന്നവൾ കുലുക്കി വിളിച്ചപ്പോ ഒന്ന് മൂളി എങ്കിലും അതിൽ അവൾക്ക് തൃപ്തി ആയില്ല.
എന്റെ മേലെ കയറിയിരുന്ന് അവൾ താടിയും മുടിയും പിടിച്ച് വലിക്കാൻ തുടങ്ങി.
വേദന സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ എണീറ്റിരുന്നു.
"എടീ പറ ഞാൻ കേൾക്കുന്നുണ്ട്‌.എനിക്ക് നോവുന്നെടീ, നീ ഒന്ന് ഒതുങ്ങി ഇരിയ്ക്ക്."
"ആഹ്‌ന്നോ, ന്റെ കുട്ടിയ്ക്ക് നോവുന്നുണ്ടോ,ന്നാ പറഞ്ഞേ. കുഞ്ഞു മോളേയും കൂട്ടി എവിടെ ഒക്കെ പോണം മ്മക്ക്."
ആദ്യമായി അമ്മയാവാൻ പോകുന്നവൾ ആ സന്തോഷം എനിക്ക് മുന്നിൽ കാണിക്കുന്നത്,അവളുടെ കെട്ടഴിഞ്ഞ മുടി എന്റെ നെഞ്ചിൽ വിരിച്ചിടുന്ന അത്രയും സന്തോഷത്തോടെയാണ്. കുഞ്ഞിനെ ഇത് വരെ കണ്ടില്ലെങ്കിലും അടുത്ത് കിടത്തി ഉറക്കുന്ന ലാഘവത്തോടെ അവൾ വയറിൽ പതിയെ തട്ടി കുഞ്ഞിനെ ഉറക്കുന്നത് കാണാം.ഓരോ ചെറിയ അനക്കത്തിലും അവളെന്നോട് ചെവി വയറിലേക്ക് ചേർത്ത് വെയ്ക്കാൻ പറയും.അത്രമേൽ ആഗ്രഹത്തോടെ ആണ് അവൾ കാത്തിരിക്കുന്നത്.
"ആഷീ,ഇങ്ങളെന്താ മിണ്ടാത്തത്.പോണ്ടേ മ്മക്ക്."
"ആഹ് പോണം,കൊറേ ദൂരം പോണം."
മുഖത്തൊരു നിരാശയെ എടുത്തിട്ട് അവൾ പറഞ്ഞ് തുടങ്ങി.
"കൊറേ സ്ഥലം മാത്രല്ലല്ലോ.വേറൊരിടത്ത് പോണ്ടേ ദ്വീപുകളുടെ........."
കൊഞ്ചൽ കണ്ട ഞാനൊന്ന് കുലുങ്ങി ചിരിച്ചു.
"പോണം അസീ,ദ്വീപുകളുടെ രാജകുമാരിയെ കാണാൻ മോളേം കൂട്ടി മ്മക്ക് പോണം."
ഇരുകവിളിലും കൈ ചേർത്തവൾ എന്നോട് കണ്ണടയ്ക്കാൻ പറഞ്ഞു.അടഞ്ഞ് കിടക്കുന്ന ഇരു കണ്പോളകൾക്ക് മേൽ അവളുടെ ചുണ്ടുകൾ മാറി മാറി പതിഞ്ഞു.നെറ്റികൾ തമ്മിൽ മുട്ടിച്ച് എന്നോട് ചേർന്ന് അവൾ പറഞ്ഞു.
"ആഷീ,ആ ദ്വീപിൽ മ്മള് എത്തിയാൽ പിന്നെ ഈ ദുനിയാവിൽ മ്മള് മൂന്ന് പേർ മാത്രം ഉള്ള പോലെ ആവും ലെ."
"അതേടീ പെണ്ണേ,മ്മള് മാത്രേ ഉണ്ടാവുള്ളൂ. നിറഞ്ഞ സ്നേഹത്തെ കൂട്ട് പിടിച്ച് നമ്മൾ ആ ദ്വീപിൽ മോളേയും കൊണ്ടങ്ങനെ നടക്കും."
"കൊറേ സ്വപ്നം കാണണം മ്മക്ക്. മോളേയും കൂട്ടി അവിടൊക്കെ നടക്കണം."
ഞാൻ അവളിലേക്ക് ഒന്നൂടെ ചേർന്നിരുന്നു.
"എടീ, ഇതൊക്കെ എന്നും നീ പറയുന്നതല്ലേ. പിന്നെ ന്തേ ഇന്ന് വീണ്ടും....."
"അത് പിന്നെ ഇങ്ങള് മറന്നാലോ,അതാ ഇടയ്ക്ക് ഇടയ്ക്ക് ഓർമ്മിപ്പിക്കുന്നത്.അല്ല ആഷീ മ്മടെ മോൾടെ പേരെന്താ......"
"പേരെന്താ അനക്ക് അറീലെ?????"
"ഇൻക്ക് അറിയാ,ന്നാലും ഇങ്ങള് പറഞ്ഞാൽ മതി."
ഞാൻ പതിയെ
"ഹ്മ്മം"
എന്ന് മൂളി.
"പറയ് ആഷീ....."
=============================
ഉടനെ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നതിന്റെ അറിയിപ്പ് വന്നു.ചിന്തയിൽ നിന്നുണർന്ന ഞാൻ മുഖം തുടച്ച് വൃത്തിയായി ഇരുന്നു.ഫ്ലൈറ്റ് നിലംതൊട്ട ഉടനെ ആളുകൾ ഹാൻഡ് ബാഗ്ഗേജ് എടുക്കാൻ ധൃതി കൂട്ടി തുടങ്ങി.ഡോർ തുറന്നതും തിരക്കിട്ട് നടക്കുന്നവർക്കിടയിലൂടെ ഇശാം എന്നെയും കൂട്ടി നടന്നു.
മുൻപൊക്കെ ഇത് വഴി ഞാൻ നടന്ന് പോകുമ്പോൾ ഒരു ഗ്ലാസ്സിനപ്പുറത്ത് ഇരിക്കുന്നവരുടെ മുഖം ഞാൻ ശ്രദ്ധിക്കാറുണ്ട്.അവധി കഴിഞ്ഞ് തിരികെ പോകുന്ന അവരുടെ മുഖത്തപ്പോൾ യാതൊരു വികാരവും ഉറച്ച് നിൽക്കാത്ത ഒരു തരം മരവിപ്പ് മാത്രമായിരിക്കും.
ഇന്നിപ്പോൾ അവരേക്കാൾ നൊമ്പരത്തോടെയാണ് ഞാൻ വന്നിരിക്കുന്നത്.ചെക്ക് ഇൻ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഞങ്ങളെ കാത്ത് അനിയൻ നിൽക്കുന്നുണ്ടായിരുന്നു.അവനോടൊപ്പം വീട്ടിലേക്ക് തിരിച്ചു.അവനൊന്നും മിണ്ടുന്നില്ല.ഇടയ്ക്ക് കേറി ഇശാം അവനോട് ചോദിച്ചു.
"എടാ നമ്മൾ നേരെ വീട്ടിലേക്ക് പോവല്ലേ."
അവനൊന്ന് ഞെട്ടി എന്ന് തോന്നുന്നു. മുഖം നോക്കാതെ അവൻ മറുപടി പറഞ്ഞു.
"ആഹ്,നേരെ വീട്ടിൽ പോവാം."
"വേണ്ടാ, ഹോസ്പിറ്റലിലേക്ക് പോയാൽ മതി."
ഇടയ്ക്ക് കയറി ഞാനിത് പറഞ്ഞപ്പോൾ അനിയൻ എന്നെ ഒന്ന് നോക്കി.
"ഇക്കാ,ഇത്താത്താനെ ഇപ്പൊ ഇനി കാണിച്ച് തരൂലാ.വൈകീട്ടെ കാണിക്കൂ.മ്മക്ക് വീട്ടിൽ ചെന്നിട്ട് പോവ്വാ."
ഞാൻ മറുത്തൊന്നും പറയാതെ തല താഴ്ത്തി ഇരുന്നു.മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള റോഡിലേക്ക് കയറിയതും.വാനം കറുത്തിരുണ്ടു കാറ്റ് ശക്തിൽ വീശാൻ തുടങ്ങി.വീടെത്താൻ തുടങ്ങിയതും ആരൊക്കെയോ മുന്നോട്ട് നടന്ന് പോകുന്നുണ്ട്. അനിയൻ അവർക്ക് ഇടയിലൂടെ വേഗത്തിൽ വണ്ടി ഓടിച്ച് പോയി.വീടിന് മുന്നിൽ വണ്ടി നിന്നതും.എനിക്ക് ആകെ തല ചുറ്റുന്ന പോലെ.വീടിന് മുന്നിൽ ടാർപോളിൻ വലിച്ച് കെട്ടിയത് കണ്ടപ്പോഴേ എന്റെ കണ്ണുകൾ ഇരുട്ട് മൂടി തുടങ്ങിയിരുന്നു.ഇശാം എന്നെ ഒന്ന് നോക്കി.അവന്റെ കണ്ണുകളിലെ ദയനീയത കണ്ടപ്പോഴേ ഞാൻ ആകെ പിടി വിട്ട് പോയിരുന്നു.
"എടാ...ഓള് ഇന്നെ വിട്ട് പോയെങ്കിൽ അതൊന്ന് അനക്ക് ഇന്നോട് പറയാർന്നില്ലെടാ."
പറഞ്ഞ് തീരും മുൻപേ എന്നെ അനിയൻ വന്ന് വണ്ടിയിൽ നിന്നിറക്കി.ഉമ്മറപ്പടി കടന്ന് നടു മുറിയിലേക്ക് ചെന്നതും.എന്റെ നല്ല പാതി അതാ വെള്ള തുണിയിൽ പൊതിഞ്ഞ് അങ്ങനെ കിടക്കുന്നു.
ചിരിച്ചുറങ്ങുന്ന ഓളെ കാണാൻ വല്ലാത്തൊരു ഭംഗി. വട്ട മുഖത്തെ കണ്ണുകളിൽ അഞ്ജനം പടർന്നിട്ടില്ല. എന്നാലും ഓൾടെ കണ്ണുകളുടെ മൊഞ്ചിന് അപ്പോഴും കുറവില്ലായിരുന്നു.
അവളോട് ചേർന്നിരുന്ന് നെറ്റിയിൽ മുഖം ചേർത്ത് പൊട്ടി കരയുമ്പോഴും,അവൾ വൈകാതെ ഉണരുന്ന ഒരു ഉറക്കത്തിൽ ആവണേ എന്നാണ് ഞാൻ പ്രാർഥിച്ചത്.
ചുമലിൽ കൈ വെച്ച് ഉപ്പ വന്നെന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു.
"നേരം ഒരുപാടയെടാ, ഇനീം ഓളെ മ്മള് ഇങ്ങനെ കിടത്തണോ മോനെ."
പൊട്ടികരഞ്ഞ ഉപ്പയെ കൂട്ടി ഞാൻ എന്റെ മുറിയിലേക്ക് വന്നു. അവിടുന്നൊരു വെള്ളതുണി എടുത്ത് ഉടുത്ത് വേഗത്തിൽ പുറത്തിറങ്ങി. അപ്പോഴേക്കും അവളെ പൊതിയാൻ ഉള്ള തുണികൾ ആരോ നടുമുറിയിൽ വിരിച്ചിട്ടിരുന്നു.താങ്ങിയെടുത്ത് അവളെ അതിലേക്ക് കിടത്തും മുൻപേ ആരോ കയ്യിലേക്ക് തന്ന മൈലാഞ്ചി ഇലകൾ ആ തുണിയിൽ ഞാൻ വിതറി.പതിയെ അവളെ എടുത്ത് കിടത്തി.
പഞ്ഞി കെട്ടുകൾ കൊണ്ട് അവളുടെ മുഖം മറയ്ക്കും മുൻപ് അവളെ ഒന്നു കൂടെ നോക്കി.നെഞ്ചിലിട്ട് കൊഞ്ചിച്ചവളുടെ കിടപ്പ് കാണുമ്പോൾ ചങ്ക് പിടയുന്നുണ്ട്.
പൊതിഞ്ഞെടുത്ത് അവളേയും കൊണ്ട് ഇറങ്ങി.പുറത്ത് പെയ്യുന്ന പെരുമഴയിൽ അവളേയും കൊണ്ട് പള്ളി പറമ്പ് ലക്ഷ്യമാക്കി നടന്നു.മുഖത്ത് വീഴുന്ന മഴ തുള്ളിയേക്കാൾ അധികം കണ്ണീർ മുഖത്തൂടെ ഒലിച്ചിറങ്ങുന്ന പോലെ.
പള്ളി പറമ്പിൽ നിന്ന് പച്ച മണ്ണിൽ അവളെ കിടത്തി മൂന്ന് പിടി മണ്ണ് വാരിയിട്ടതും പുറകിലോട്ട് മറിഞ്ഞ് വീണു ഞാൻ.ആരൊക്കെയോ താങ്ങിയെടുത്ത് പള്ളിയിൽ കൊണ്ട് കിടത്തിയ എനിക്ക് ബോധം വന്നപ്പോൾ ഞാൻ ആദ്യം തിരഞ്ഞത്.അവസാനമായി അവളെ പൊതിഞ്ഞ് കിടത്തിയ പുൽപായ ആണ്.
സാധാരണ പള്ളിയിൽ വെക്കുന്ന പായ ഞാൻ തിരികെ വാങ്ങി.വീട്ടിൽ തിരിച്ചെത്തി മുറിയിൽ കയറി വാതിൽ അടയ്ക്കാൻ നേരത്താണ് അനിയൻ വന്ന് തടഞ്ഞത്.
"ഇക്കാ,അനക്ക് നമ്മടെ മോളേ കാണണ്ടേ."
ഒരു അമ്പരപ്പോടെ ആണ് അത് കേട്ടത്.
"എടാ,മോളോ? അവളെവിടെ?"
"നീ വാ..."
എന്നെയും കൂട്ടി അവൻ വീട്ടിൽ നിന്നിറങ്ങി.വണ്ടി പിന്നെ ചെന്ന് നിന്നത് ആശുപത്രിയ്ക്ക് മുന്നിൽ ആണ്.എന്നെയും കൂട്ടി അവൻ നടന്നു.ഒരു മുറിയ്ക്ക് മുന്നിൽ എന്റെ ഉമ്മയും അസിയുടെ ഉമ്മയും തളർന്നിരിക്കുന്നു.
ഡോറിൽ ഒന്ന് മുട്ടിയതും ഒരു നഴ്സ് വന്ന് വാതിൽ തുറന്നു.അനിയൻ അവരോട് പറഞ്ഞു.
"അസീനയുടെ ഭർത്താവാണ്."
അവരൊന്നെന്നേ നോക്കി,എന്നിട്ട് മൗനമായി നിൽക്കുന്ന എന്നെയും കൂട്ടി അകത്തേക്ക് നടന്നു.
ഒരു ചില്ല് കൂടിനകത്തേക്ക് അവരെന്നെ കൊണ്ട് ചെന്നു.
അവിടെ മറ്റൊരു മാലാഖയുടെ കയ്യിലെ ഫീഡിങ് ബോട്ടിൽ നുണഞ്ഞുറങ്ങുന്ന എന്റെ മോളേ കണ്ടതും, അവളെക്കാൾ നേർത്ത മനസ്സോടെ ഞാൻ പൊട്ടി കരഞ്ഞ് തറയിൽ ഇരുന്ന് പോയി.
ഹൃദയത്തിനുള്ളിൽ പൊട്ടി ചിതറിയ മോഹങ്ങളെയും സ്വപ്നങ്ങളെയും, ആരിലും എപ്പോഴും ആവോളം ക്ഷമയെ നൽകുന്ന നാഥനിൽ ഏൽപ്പിച്ച് എന്റെ മോളെ അടുത്തേക്ക് നടന്നു.
"കുഞ്ഞുറങ്ങുവാണ്,ഇവിടിരിക്കൂ, ഞാൻ മോളേ കയ്യിലേക്ക് തരാം."
നഴ്‌സിനഭിമുഖമായി ഇരിക്കുന്ന എന്റെ കയ്യിലേക്ക് അവരെന്റെ മകളെ വെച്ച് തന്നു.
അസിയുടെ അതേ കണ്ണുകൾ,അതേ ചുണ്ടുകൾ നാഥൻ നല്ലൊരു ശില്പിയെ പോലെ അസിയെ എന്റെ മകളിലേക്ക് പകർത്തി വരച്ചിരിക്കുന്നു.
കുറച്ച് സമയത്തിന് ശേഷം മനസ്സില്ലാ മനസ്സോടെ ഞാൻ അവിടുന്ന് പുറത്തിറങ്ങി.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി.ദിവസങ്ങളേറെ വേണ്ടി വന്നു മകളേയും കൂട്ടി ആശുപത്രി വിടാൻ.
ആശുപത്രിയിൽ നിന്നിറങ്ങി അനിയനൊപ്പം വീട്ടിലേക്ക് തിരിച്ചു.
"ഉപ്പാന്റെകുട്ടിയ്ക്ക് ഉമ്മിനെ കാണണ്ടേ...."
മകളെ നോക്കിയുള്ള എന്റെ ചോദ്യം കേട്ട അനിയൻ എന്നെ ഒന്ന് നോക്കി.
"ഞാനും പറയാൻ ഇരിക്കായിരുന്നു ഇക്കാ.ഇത്താത്താനെ കാണിച്ചിട്ട് മതി മോളേയും കൂട്ടി വീട്ടിൽ പോകുന്നത്."
പള്ളി പറമ്പിന്റെ മുന്നിൽ കാർ നിറുത്തി ഞങ്ങൾ നടന്നു അസിയെ കാണാൻ.മൈലാഞ്ചി ചെടികൾക്കിടയിലൂടെ അവളുറങ്ങുന്ന മണ്ണ് തിരഞ്ഞ് നടന്നു.
അവിടെ ചെന്ന് മകളെ അവളുറങ്ങുന്ന മണ്ണിനോട് ചേർത്ത് കിടത്തി.നനഞ്ഞ കണ്ണുകൾ തുടച്ച് മോളേ നോക്കി പറഞ്ഞു.
"ഉമ്മിനെ കാണുന്നുണ്ടോ എന്റെ പൊന്നേ നീ,ഉമ്മി വിളിക്കുന്നത് കേൾക്കുന്നുണ്ടോ ന്റെ കുട്ടി."
കണ്ണടച്ച് ഉറങ്ങുന്ന കുഞ്ഞുമോളുടെ ചുണ്ടിൽ പതിയെ ഒരു ചെറു ചിരി വിടർന്നു.അസി വിളിക്കുന്നത് ഓള് കേൾക്കുന്നുണ്ടാകും.നാളുകൾക്ക് മുൻപ് അസി വിളിക്കാൻ കൊതിച്ച പേര്.
"ഹംദാ ഫത്ത്വൂം"
ആദ്യത്തേത് ഒരു മകൾ ആവണമെന്നും അവൾക്ക് ഈ പേരിടണമെന്നും എന്നെക്കാൾ കൊതിച്ചതാണ് അസി.
കുഞ്ഞിനെ തിരികെ എടുത്തതും അവൾ ഉറക്കത്തിൽ നിന്നുണർന്നു. വാനം വീണ്ടും ഇരുട്ട് മൂടി തുടങ്ങി.തണുത്ത കാറ്റ് അവിടെ ആകെ വീശാൻ തുടങ്ങി.
മോളെ മുഖം നോക്കി പതിയെ ഞാൻ പറഞ്ഞു.
"ന്റെ കുട്ടിന്റെ ഉമ്മിയും ഉപ്പയും തമ്മിൽ നേർപാതികൾ ആയിരുന്നു.ഉമ്മീന്റെ നല്ലൊരു പാതി ഉപ്പയ്ക്ക് തന്നാണ് മോൾടെ ഉമ്മി പോയത്."
ഇമ വെട്ടാതെ എന്നെ നോക്കുന്ന മോളേ ഒന്നൂടെ എന്നിലേക്ക് ചേർത്ത് ഞാൻ തിരികെ നടന്നു.എന്നിലെ ആത്മാവിന്റെ പാതിയെ ആ പള്ളി പറമ്പിൽ തനിച്ചാക്കി കൊണ്ട്.
സ്നേഹത്തോടെ,
(ഒരു തൃശ്ശൂര്ക്കാരൻ ഗെഡി)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo