Slider

കൊച്ചു വലിയ സന്തോഷങ്ങൾ

0
Image may contain: 1 person, smiling, selfie and closeup
.................................................
"അമ്മേ, ഞാനൊരു കാര്യം പറഞ്ഞാൽ വഴക്കു പറയുവോ?" ഒമ്പതു വയസ്സുകാരി ചിഞ്ചു അമ്മയോട് ചോദിച്ചു.
" നീ കാര്യം പറ." എന്താണാവോ, അമ്മയുടെ മനസ്സൊന്നു പാളി.
"ഞാനിന്നൊരു കള്ളം പറഞ്ഞു. "
" ആരോട്? റ്റീച്ചറോടൊ?"
"അല്ല, എന്റെ കൂട്ടുകാരിയോട്. "
"എന്ത്?"
"അമ്മ പ്രഗ്നന്റ് ആണെന്ന്."
" ഹ ഹ, എന്തിനാപ്പൊ അങ്ങനെ പറഞ്ഞേ ?"
"എന്റെ എല്ലാ കൂട്ടുകാർക്കും അനിയനും അനിയത്തിയും ഒക്കെയുണ്ട്. ഞാൻ സ്ക്കൂളിൽ നിന്ന് വീട്ടിൽ വന്നാൽ മുഴുവൻ നേരം ടിവിയുടെ മുന്നിലെന്നല്ലേ പരാതി. പിന്നെ ഞാനെന്തു ചെയ്യണം. പുറത്തിറങ്ങിയാൽ പിള്ളേരെ പിടുത്തകാരുണ്ടെന്ന് പറയും. മൊബൈലിലും കളിക്കാൻ പാടില്ല. ഞാൻ അമ്മയെ പോലെ വലുതായാൽ എനിക്ക് കളിക്കാൻ പറ്റുമോ? തോന്നുമോ? എനിക്കൊരു കുഞ്ഞാവ വേണം." ശ്വാസമെടുക്കാതെ അവൾ പറഞ്ഞു നിറുത്തി.
വല്ലാത്ത സങ്കടവും, കുറ്റബോധവും. എന്തു പറയണമെന്നറിയാതെ നീതു നിൽക്കുമ്പോൾ, ചിഞ്ചു വീണ്ടും തുടങ്ങി.
"അമ്മയ്ക്കറിയാമോ ഒരു കുഞ്ഞാവയുണ്ടാവാൻ ഞാനെന്തൊക്കെ ചെയ്തെന്ന് ?അമ്പലത്തിൽ നെയ് വിളക്കു വച്ചു, ആർക്കും കൊടുക്കാതെ കൂട്ടി വച്ച പത്തിന്റെ സ്വർണ്ണ തുട്ടുകൾ കാണിക്കയിട്ടു, നമ:ശിവായ നൂറു തവണ പറഞ്ഞു... എന്നിട്ടും.. ഞാനൊരൂട്ടം കൂടി ചെയ്തിട്ടുണ്ട്. അമ്മ നോക്കിക്കോ, ഇതു നടക്കും."
"അല്ല, മോളെന്നോടെന്താ പറയാഞ്ഞേ.."
"അമ്മൂമ്മ പറഞ്ഞു, അമ്മയ്ക്ക് മുപ്പതു വയസ്സു കഴിഞ്ഞു, ഇനി കുഞ്ഞാവ വരില്ലെന്ന്.. " ആ മുഖത്ത് ആകെ നിരാശ.
" യേയ്, അമ്മൂമ്മ ചുമ്മ പറഞ്ഞതാട്ടോ. നന്നായി പ്രാർത്ഥിച്ചാൽ എന്തു കാര്യവും നടക്കും.." അവളെ സമാധാനിപ്പിച്ചു നീതു
"അപ്പൊ, അമ്മൂമ്മ കള്ളം പറഞ്ഞതാ."
"അല്ല. മുപ്പതു വയസ്സു കഴിഞ്ഞാൽ കുഞ്ഞാവ വരുന്നത് അമ്മയ്ക്ക് ദോഷമാണെന്ന് കരുതിയാ."
" ശരിക്കും ദോഷമുണ്ടോ? "
"എന്റെ മോളില്ലേ, അമ്മയ്ക്ക്. അമ്മയെ നന്നായി നോക്കിയാൽ മതി."
" അമ്മയേയും വാവയേയും ഞാൻ നോക്കി കോളാം." നീതുവിനെ വട്ടം പിടിച്ചവൾ കെഞ്ചി.
വിളക്കു കൊളുത്താൻ പൂജാമുറിയിൽ കയറിയപ്പോഴാണ് നീതു ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ ചുവട്ടിൽ ചുരുട്ടി വച്ച ഒരു കടലാസ്സു കഷ്ണം കണ്ടത്. നോട്ടുബുക്കിലെ കടലാസ്സിൽ കുഞ്ഞു കൈപ്പടയിൽ പെൻസിൽ കൊണ്ട് ഒരു കുറിപ്പ്..
"ദൈവമേ, എനിക്കൊരു കുഞ്ഞാവയെ തരണേ."
നീതുവിന്റെ കണ്ണു നിറഞ്ഞു. ഒരു കുഞ്ഞു മതിയെന്ന് കരുതി, ഇത്രയും നീണ്ടു പോയി. പക്ഷെ മോൾക്ക് അതിയായ മോഹം. ഞങ്ങളുടെ കാലം കഴിഞ്ഞ് അവൾക്ക് തന്റേതെന്നു പറയാൻ, ഒരു വിഷമം വന്നാൽ പങ്കു വയ്ക്കാൻ ഒരു കൂട്ട്, അത് വേണം. മനുവേട്ടനോടും പറഞ്ഞു, സമ്മതം.
ഒരേ ഒരു കൺഡീഷൻ മനുവേട്ടൻ പറഞ്ഞു: "കൊച്ചപ്പിയിട്ടാൽ നീ വാരണം"
"നൂറു വട്ടം സമ്മതം" ആ കുഞ്ഞു മുഖം റോസാപ്പൂ പോലെ വിടർന്നു.
"കുഞ്ഞു വന്നാൽ, എല്ലാവരും വാവയെ ശ്രദ്ധിക്കും. നിന്റെ പുന്നാരമെല്ലാം തീരും." നീതു ഓർമ്മിപ്പിച്ചു.
" ആരൊക്കെ എന്തു പറഞ്ഞാലും എന്റെ അമ്മ കുട്ടിയ്ക്ക് എന്നോടുള്ള പുന്നാരമൊന്നും മാറില്ല. എനിക്കതു മതി."
ചിഞ്ചുവിന്റെ പ്രാർത്ഥന ദൈവം കേട്ടു. നീ തുവിന്റെ എല്ലാ കാര്യങ്ങളും ചിഞ്ചു കുട്ടി നോക്കി. സമയത്തിന് ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കാനും, മരുന്നു കൊടുക്കാനും, കുഴമ്പു പുരട്ടാനുമെല്ലാം മുന്നിൽ നിന്നു. അമ്മയില്ലാതെ ഒരു പൊട്ടു പോലും കുത്താത്തവൾ, രാവിലെ തന്നെ എണീറ്റു പല്ലുതേച്ച്, കുളിച്ച്, ഒരുങ്ങി, ഭക്ഷണം കഴിച്ചു സ്കൂളിൽ പോകും. ക്ഷീണിച്ചുറങ്ങുന്ന നീതുവിനെ ഉണർത്താതെ ഉമ്മ കൊടുത്തിട്ടേ പോകൂ. യൂണിഫോമും സോക്സും നീതു കഴുകാനെടുത്താൽ ഓടി വന്നു വാങ്ങിക്കും. "അമ്മ കിടന്നോ. ഞാൻ കഴുകിക്കോളാം" എന്ന് പറയും. വയറു വന്നപ്പോൾ കുഞ്ഞി കാന്താരി മുറ്റമടിക്കാൻ കുഞ്ഞു ചൂലുമായി എത്തി. ഏതോ സിനിമയിൽ കണ്ടതാത്രെ. അമ്മയുടെ വയറിൽ കുഞ്ഞു വാവ അനങ്ങുമ്പോൾ കുഞ്ഞു കൈകൾ കൊണ്ടതറിഞ്ഞിട്ട് അവൾ തുള്ളി ചാടി പാടും.
" ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്..
ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്.. "
അതു കേട്ടു മനുവും നീതുവും ചിരിക്കും.
അങ്ങനെ ഒമ്പതു മാസത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് നീതുവിന്റെ പ്രസവം. ചിഞ്ചുവിന് ഇന്ന് കൊല്ല പരീക്ഷയാണ്. വേദന വന്ന് ആശുപത്രിയിൽ അതിരാവിലെ തന്നെ നീതുവിനെ കൊണ്ടു പോയി.
"നന്നായി പരീക്ഷ എഴുതണെ." വേദനയ്ക്കിടയിൽ നീതു, തന്നെ നോക്കി വിഷണ്ണയായി നിൽക്കുന്ന ചിഞ്ചുവിന്റെ തലയിൽ തലോടി പറഞ്ഞു.
" ഉം. നല്ല വേദനയുണ്ടോ അമ്മേ... "
" കുഴപ്പമില്ല, നമ്മുടെ വാവയ്ക്കു വേണ്ടിയല്ലേ."
പരീക്ഷയെഴുതുന്നുണ്ടെങ്കിലും ചിഞ്ചുവിന്റെ മനസ്സു നിറയെ വാവയായിരുന്നു. പരീക്ഷ കഴിഞ്ഞ് അപ്പൂപ്പൻ വിളിക്കാൻ വരുന്നതു കാത്തിരുന്നു അവൾ. ദൂരെ നിന്നു അപ്പൂപ്പൻ കൈയെടുത്തു കാണിച്ചപ്പോൾ തന്നെ അവൾക്ക് മനസ്സിലായി തന്റെ വാവ വന്നെന്ന്. അവൾ ഓടി വന്നു.
"മോളെ വാവ വന്നു. അനിയത്തി വാവ ."
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
" അമ്മ പറഞ്ഞു നിന്നെ കണ്ടാലുടെൻ ഫോൺ ചെയ്യണമെന്ന് "
"ഹലോ, മോളൂ വാവ വന്നെടാ. " നീതു പറഞ്ഞു.
"അമ്മേ, അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ?"
ആ ചോദ്യം കേട്ടപ്പോൾ, നീതുവിന്റെ കണ്ണുകൾ നിറഞ്ഞു പോയീ.
" കുഴപ്പമൊന്നുമില്ലെടാ. " തൊണ്ട ഇടറുന്നു. സന്തോഷം വന്നാലും ഇങ്ങനാണോ?
"വാവയ്ക്ക് നിന്റെ ഛായയാ. വേഗം വാ ചേച്ചീന്ന് വിളിക്കണു. "
ആശുപത്രിയിൽ നീതുവിന്റെ കിടയ്ക്കരികെ കസേരയിൽ പുതിയ ചേച്ചി അനിയത്തി കുട്ടിയെ മടിയിൽ വച്ച് പതുക്കെ പാടി...
" ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്..
ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്.. "
അത് കേട്ട് വാവ ഉറക്കത്തിൽ പതിയെ ചിരിച്ചു.
"അമ്മേ, നോക്കിയേ വാവ ചിരിക്കണൂ. അവൾക്ക് ഓർമ്മയുണ്ടീ പാട്ട്".
നീതുവും മനുവും ചിഞ്ചവും ഹൃദയ മറിഞ്ഞു ചിരിച്ചു.
.......ഇന്ദു പ്രവീൺ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo