നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാറേണ്ട കാലം എന്നോ അതിക്രമിച്ചു.(കുറിപ്പ്)

Image may contain: 1 person, beard

ഇതാ ഞങ്ങളുടെ നാടിന്റെ പ്രകൃതി സുന്ദരമായ അങ്ങാടി. ഫോട്ടോയിലേക്ക് നോക്കൂ... ബാനറുകൾ, ഫ്ളക്സുകൾ, നോട്ടീസുകൾ, കൊടികൾ, തോരണങ്ങൾ...
ഇതൊന്നുമില്ലാതെ ആ ചിത്രം മനക്കണ്ണിലൊന്നു കണ്ടു നോക്കൂ.. എത്ര സുന്ദരമായിരിക്കും.
ഒരു നാടിനെ എങ്ങിനെ വൃത്തികേടാക്കാം എന്നതിന്റെ നേർക്കാഴ്ച.ഈ നാടിന്റെയല്ല നമ്മുടെ ഓരോ ഗ്രാമത്തിന്റയും നഗരത്തിന്റെയും കാഴ്ച ഇതു തന്നെ.
വെയിലും മഴയും മഞ്ഞും കൊണ്ട് ദ്രവിച്ചും ദ്രവിക്കാതെയും പഴകി അവയെല്ലാം റോഡിലും മണ്ണിലും വീണ്, മഴക്കാലം തുടങ്ങുമ്പോൾ പകർച്ചവ്യാധികളുടെ ബാക്ടീരിയകൾക്കും മറ്റും വളരാനായി...
എത്ര അനുഭവങ്ങൾ മുന്നിലുണ്ടായിട്ടും എന്തേ നമ്മൾ പഠിക്കുന്നില്ല, മാറുന്നില്ല.
രോഗം പടർന്നു പിടിക്കുമ്പോഴുണ്ട് നമ്മുടെ ഗവൺമെന്റിനും സന്നദ്ധസംഘടനകൾക്കും ശുചിത്വ യഞ്ജം (സ്വയം കണ്ണിൽ പൊടി വാരിയിടുന്ന) ഒരു പരിപാടി.
നമ്മുടെ രാഷ്ട്രീയക്കാരും മത സംഘടനകളും കച്ചവടക്കാരും ഉത്സവക്കാരും എന്നായിരിക്കും ഒന്നു മാറിച്ചിന്തിക്കുക. എന്ത് വിവരമുണ്ടെങ്കിലും വാർത്തയുണ്ടെങ്കിലും നിമിഷങ്ങൾക്കകം മാലോകരെ അറിയിക്കാനും മറ്റും എന്തെല്ലാം ബദൽ സംവിധാനങ്ങൾ, ശാസ്ത്രവും ടെക്നോളജിയും കുതിച്ചുയരുന്ന ഈ ആധുനിക കാലത്ത് ഉപയോഗിക്കാൻ കഴിയും. എന്നിട്ടും നമ്മളീ പ്രാകൃത രീതികൾ പിൻതുടരുന്നതിൽ ലജ്ജ തോനുന്നില്ലേ...
ഉദ്ഘാടങ്ങളുടെയും, ഉൽസവങ്ങളടെയും പൊതു യോഗങ്ങളുടെയും അറിയിപ്പുമായും കച്ചവട സ്ഥാപനങ്ങളുടെ പരസ്യ അറിയിപ്പുകളുമായി ഓരോ അനൗൺസ്മെന്റ് വാഹനങ്ങൾ കടന്നു പോകുന്നതു കാണാം, ഒരു കുട്ടി പോലും ഒന്നെടുത്ത് നോക്കുക പോലും ചെയ്യാത്ത കുറെ നോട്ടീസുകൾ വാരി വിതറി.
ലൈസുകൾ കഴിച്ചൊഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടുകളും മിനറൽ വാട്ടറിന്റെ ബോട്ടിലുകളും മദ്യം സേവിച്ചൊഴിഞ്ഞ ബോട്ടിലുകളും, റോഡ് സൈഡിലേക്കോ കാവകളിലേക്കോ കനാലുകളിലേക്കോ തോടുകളിലേക്കോ പുഴകളിലേക്കോ കടലിലേക്കോ വലിച്ചെറിയുമ്പോൾ എന്തേ നമ്മളൊന്ന് ചിന്തിക്കുന്നില്ല. നമ്മളീ വൃത്തികേടാക്കുന്ന ഭൂമിയിൽ തന്നെയാണ് നമ്മുടെ കുഞ്ഞുങ്ങളും വളരേണ്ടതെന്ന്.
വീടുകളിൽ നിന്നു കുട്ടികളിൽ കുഞ്ഞുനാളിലേ മതത്തിന്റയും മറ്റും വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വിത്തുകൾ മസ്തിഷ്കത്തിൽ മുളപ്പിക്കുന്ന നമ്മൾ എന്തുകൊണ്ട് പരിസര ശുചിത്വത്തിന്റെ നല്ല വശങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കാനും മാതൃക കാട്ടാനും തയ്യാറാവുന്നില്ല?
നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പങ്ങളാണിത്.വിദ്യാലയങ്ങളിൽ പരിസര ശുചീകരണത്തിന്റെ പാoങ്ങൾക്കും മാതൃകകൾക്കും കൂടുതൽ പ്രാധാന്യം നൽകണം.
പ്രാക്ടിക്കലായി അവരെ സന്നദ്ധരാക്കണം. പൗരബോധം വളർത്തണം.
വിദ്യാലയത്തിലേക്ക് വരുമ്പോൾ ഓരോ കുട്ടിക്കും പുസ്തകം പോലെ ചൂലും നിർബന്ധമാക്കിയ മാലിയെ കണ്ട് പഠിക്കണം നാം. അവർ ചെറിയ ക്ലാസുകൾ മുതൽ ശുചിത്വത്തിന് കൊടുക്കുന്ന മുന്തിയ പരിഗണനയുടെ ഫലം മാലിയിലൂടെ ഒന്നു കറങ്ങിയാൽ നമുക്ക് മനസ്സിലാകും. ഒരു ചോക്കളേറ്റിന്റെ പൊതി കളഞ്ഞ കടലാസു പോലും എവിടെയും നമുക്ക് കണ്ടെത്താൻ കഴിയില്ല.
നമ്മുടെ അയൽ രാജ്യമായ കൊച്ചു ഭൂട്ടാൻ.
നേരം പുലരുമ്പോൾ ഓരോ വീട്ടിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം മുഴുവൻ പേരും തെരുവിലേക്കും റോഡിലേക്കുമിറങ്ങുന്നു ശുചീകരണ പ്രവൃത്തികൾക്കായി. ആരും മടിച്ചു നിൽക്കുന്നില്ല. ഏതെങ്കിലും ഒരു ദിവസമോ വാരമോ അല്ല. 365 ദിവസവും.
ഒന്നും ശുചിയാക്കാനില്ലാഞ്ഞിട്ടും ഒരു ദിനചര്യ പോലെ .ആരും പറഞ്ഞിട്ടോ അടിച്ചേൽപ്പിച്ചിട്ടോ അല്ല അവരവരുടെ കടമ പോലെ. അവിടെ എത്തിപ്പെട്ടാൽ നാമറിയാതെ തന്നെ അവരുടെ ആ ആത്മാർത്ഥതയിൽ നമ്മളും പങ്കാളികളായിപ്പോകുമെന്ന് മലയാളത്തിലെ ഒരെഴുത്തുകാരൻ മുൻപ് പറഞ്ഞതോർക്കുന്നു. ഈ പൗരബോധം കണ്ട് നാം തലകുനിക്കണം. ഏതു കാര്യത്തിലായാലും അങ്ങിനെയൊരു ബോധം നമുക്കുണ്ടോ എന്ന് ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തിലും പരിസരവൃത്തിയുടെ കാര്യത്തിലും വികസിത രാജ്യങ്ങൾ മാത്രമല്ല നമ്മേക്കാൾ പിറകിലുള്ള രാജ്യങ്ങൾ പോലും കുതിച്ചു മുന്നേറുമ്പോഴും നാം വീണ്ടും വീണ്ടും പിറകോട്ട് നടക്കുന്നതെന്തേ..?
ലോകത്തിന്റെ വൃത്തിയും വെടിപ്പും കാണണമെങ്കിൽ, പഠിക്കണമെങ്കിൽ ലോക സഞ്ചാരത്തിനിറങ്ങിപ്പുറപ്പെടേണ്ടതൊന്നുമില്ല. ഫെയ്സ് ബുക്കിലും വാട്സാപ്പിലും മതപരവഗ്ഗീയ പോസ്റ്റുകളും രാഷ്ട്രീയ വിദ്വേഷ പോസ്റ്റുകളും ഷെയറു ചെയ്തും ചർച്ച ചെയ്തും മനസ്സുകളിൽ തീപ്പൊരി വിതറുന്ന കലാപരിപാടി അൽപ നേരം മാറ്റി വെച്ച്,
മലയാളികളുടെ അഭിമാനമായ സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനൽ അൽപനേരം കാണാൻ മനസ്സുണ്ടായാൽ മതി.
പ്രത്യേകിച്ച് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ നേരിട്ടുള്ള, ഒരു മണിക്കൂർ സഞ്ചാരം പരിപാടി മാത്രം കണ്ടാൽ മതി ലോകവും നാമും എവിടെ നിൽക്കുന്നു എന്നൊന്ന് താരതമ്യം ചെയ്യാൻ.
ശുചിത്വത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ മുൻപന്തി അറിയാത്തവരോ പഠിക്കാത്തവരോ അല്ല നമ്മെ ഭരിക്കുന്നത്. എന്നിട്ടും. തുടർന്ന് പോരുന്ന കൊളോണിയൽ വിദ്യാഭ്യാസ
രീതിയിൽ കാതലായ മാറ്റം വരുത്തി,
ശുചിത്വത്തിലും മാലിന്യ നിർമ്മാർജ്ജനത്തിലും മാതൃകയാക്കേണ്ട രാജ്യങ്ങളിലെ നടപടികളും നിയമങ്ങളും ആർജ്ജവത്തോടെ അർപ്പണബോധത്തോടെ രാജ്യത്തും കൊണ്ടുവരുന്ന ഒരു ഗവൺമെന്റിനെ എത്രകാലം നാം സ്വപ്നം കാണേണ്ടി വരും.
ഞാനും എന്‍റെ വീടും വൃത്തിയായാല്‍ മതിയെന്ന ധാരണയും പരിസര ശുചിത്വമോ, പൊതുശുചിത്വമോ സാമൂഹ്യശുചിത്വമോ താന്‍ പരിഗണിക്കേണ്ടതല്ല, അല്ലെങ്കില്‍ അത് തന്‍റെ പ്രശ്നമല്ല എന്ന മനോഭാവവും എന്നാണ് മലയാളി മാറ്റുക.
തമിഴ്നാടിലും കർണാടകയിലും കുറെ യാത്ര നടത്തിയ പരിചയം വെച്ച് പരിസരവൃത്തിയുടെ കാര്യത്തിൽ നമ്മൾ
മലയാളികളെക്കാൾ അവർ മുന്നിലാണെന്നാണ് തോന്നിയിട്ടുള്ളത്.
നമ്മുടെ ഗ്രാമങ്ങളിലേയും നഗരങ്ങളിലെ യുംപ്പോലെ ഫ്ലക്സുകളുടെയും
തോരണങ്ങളുടെയും പോസ്റ്ററുകളുടെയും ആധിക്യം അവിടങ്ങളിൽ കാണാറില്ല.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തമിഴ് നാട്ടിലൂടെ നടത്തിയ ഒരു യാത്രയിൽ വെള്ളം കുടിച്ചൊഴിഞ്ഞ ബോട്ടിൽ റോഡ് സൈഡിലേക്കിട്ടപ്പോൾ, കുറച്ചകലെ നിൽക്കുകയായിരുന്ന ,പ്രായമുള്ള ഒരു ദരിദ്ര സ്ത്രീ ഓടിവന്ന് ഞങ്ങളെ ചീത്ത വിളിച്ച്, ആ ബോട്ടിലെടുത്ത് കാറിലേക്കിട്ടു തന്ന അനുഭവം, ഞങ്ങളെ തെല്ലൊന്നുമല്ല ചിന്തിപ്പിച്ചതും ചർച്ച ചെയ്യിപ്പിച്ചതും.
നമ്മുടെ ഗവൺമെന്റുകളും പഞ്ചായത്ത് ഭരണസമിതികളും നാം ഓരോരുത്തരം
ഒന്നു മാറി ചിന്തിച്ചാൽ, അൽപം ആത്മാർത്ഥതയും അർപ്പണബോധവും പൗരധർമ്മവും കാട്ടിയാൽ ഈ കാര്യത്തിൽ വളരെ എളുപ്പം ഒരു നല്ല മുന്നേറ്റം കാഴ്ചവെക്കാൻ കഴിയുമെന്നതിൽ സംശയമേതുമില്ല.
***********************************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot