Slider

എന്റെ വീടും.... എന്റെ നാടും.

1
Image may contain: 1 person, closeup

അച്ചാ..... എനിക്ക് നാളെ സ്കൂളിൽ എന്റെ വീടും എന്റെ നാടും എന്ന വിഷയത്തേക്കുറിച്ച് നാല് പേജിൽ കുറയാത്ത ഒരു വിവരണം തയ്യാറാക്കണം. അതിന് അച്ചൻ എന്നേ ഒന്ന് സഹായിക്കാമോ...?
ഒൻപതാം ക്ലാസിൽ പഠിക്കുന്ന അമലിന്റെ ഈ ചോദ്യം കേട്ട അവന്റെ അച്ചൻ അരവിന്ദൻ ഒന്നു ചിരിച്ചു.
എടാ.... അത് നിന്റെ വീടിനേയും നാടിനേയും കുറിച്ച് എഴുതാൻ അല്ലേ പറഞ്ഞത്..? ഞാൻ പറയുമ്പോൾ അത് എന്റെ നാടിനേയും വീടിനേയും കുറിച്ച് ആയിപ്പോകില്ല..?അപ്പോൾ ഞാൻ ഏകദേശം 50 വർഷം പിറകിലേയ്ക്ക് പോകും. ആ വീടും ആ നാടും അല്ലല്ലോ നിന്റേത്...?
അത് സാരമില്ല അച്ചൻ പറ
അമൽ ഒരു ബുക്കും പേനയുമായി അച്ചന്റെ അരികിലിരുന്നു.
അരവിന്ദൻ പറഞ്ഞു തുടങ്ങി.....
എനിക്ക് ഒരു വീടുണ്ടായിരുന്നു പ്രകൃതിയിൽ നിന്നും പെറുക്കിയെടുത്ത പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചു വീട്.
ആ വീടിന് മണ്ണിന്റെ മണമായിരുന്നു മഴയാണെങ്കിലും വെയിലാണെങ്കിലും കാറ്റാണെങ്കിലും മഞ്ഞാണെങ്കിലും അതിനുള്ളിലിരുന്ന് ഞാനത് അറിഞ്ഞിരുന്നു ആസ്വദിച്ചിരുന്നു.
തെങ്ങോലയുടെ മേൽക്കൂരയും തെങ്ങിൻതടിയുടെ മോന്തായവും മൺകട്ടകളുടെ ചുവരും ഉള്ള ഒരു കൊച്ചു വീട്. അതിന്റെ അകവും പുറവും ഒരുമയുടെ കളർ പൂശിയിരുന്നു.
അതിന് നാലുവശവും ഇറയം ഉണ്ടായിരുന്നു ആ ഇറയത്തൊക്കെ കുഴിയാനകൾ കൂട്ടമായി താമസിച്ചിരുന്നു .മുൻവശത്ത് വിശാലമായ മുറ്റം ഉണ്ടായിരുന്നു മഴവെള്ളം താഴുന്ന മുറ്റം.ആ മുറ്റത്ത് നമ്പ്യാർവട്ടവും, കനകാമ്പരവും, ചുവന്ന ചെമ്പകവും പൂത്തുലഞ്ഞ് നിന്നിരുന്നു. മുറ്റത്ത് വീണ കരിയിലകൾ കാലത്ത് അമ്മ അടിച്ചുവരുന്നത് നിത്യ കാഴ്ച്ചയായിരുന്നു. ആ വീട്ടിൽ പല മുറികൾ ഇല്ലായിരുന്നു ഒരു മുറിയും ഒരടുക്കളയും ഒരു തിണ്ണയും മാത്രം.
ആ മുറിയിൽ നിന്റെ പ്രായംവരെ ഞാനും എന്റെ പെങ്ങള്പെണ്ണും അച്ചനമ്മമാരോടൊപ്പം ആണ് ഉറങ്ങിയത്. അവൾ വലിയ പെണ്ണായി എന്ന് അമ്മ പറഞ്ഞപ്പോൾ മുതൽക്കാണ് അവളും ഞാനും മാറിക്കിടക്കാൻ തീരുമാനിച്ചത്. ഞാൻ തിണ്ണയിലും അവൾ അച്ചമ്മയുടെ കൂടെ അടുക്കളയിലും.
ആ വീടിന്റെ തിണ്ണയ്ക്ക് എന്നും സന്ധ്യയ്ക്ക് ഒരു കൊച്ചു സ്റ്റീലിന്റെ നിലവിളക്ക് തെളിയുമായിരുന്നു
അതിന് മുന്നിൽ ഞാനും അച്ചമ്മയും അമ്മയും അനുജത്തിയും ഒന്നിച്ചിരുന്ന് നാമം ജപിക്കുമായിരുന്നു.
മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ആണ് ഞങ്ങൾ പഠിച്ചതും അത്താഴമുണ്ടതും ഒക്കെ
മണ്ണെണ്ണ ഇല്ലാത്ത രാത്രികളിൽ പഠിക്കാൻ കഴിഞ്ഞിട്ടില്ല. എന്നും വൈകിട്ട് പണി കഴിഞ്ഞ് വരുന്ന അച്ചന്റെ കയ്യിൽ ഒരു പൊതി കാണുമായിരുന്നു നെയ്യപ്പമോ, ഇലയപ്പമോ, ബോണ്ടയോ ആകും അതിൽ. അത് പങ്കിട്ടെടുക്കാനുള്ള ഞങ്ങളുടെ അടിപിടിയിൽ അമ്മയായിരുന്നു എന്നും റഫറി.
സൈക്കിളിന്റെ പഞ്ചറായ ടയറും, ബാറ് പൊട്ടിയ പാരഗൺ ചെരുപ്പ് വട്ടത്തിൽ വെട്ടിയെടുത്ത് കമ്യൂണിസ്റ്റ് കമ്പിൽ കൊരുത്ത് കപ്പക്കമ്പിൽ കെട്ടിയ വണ്ടിയാണ് ഞങ്ങളുടെ കളിപ്പാട്ടങ്ങൾ
വൈകിട്ട് സ്കൂൾ വിട്ട് വന്നാൽ തലപ്പന്ത് കളിയും, കബഡി കളിയും, സാറ്റു കളിയും ഒക്കെയായിരുന്നു ഞങ്ങളുടെ കളികൾ.
വാട്ടിയ വാഴയിലയിൽ റേഷനരിയുടെ ചോറും, ചുട്ടരച്ച മുളകും, മെഴുക്ക് ഇല്ലാത്ത മെഴുക്ക്പുരട്ടിയും ആയിരുന്നു ഞങ്ങളുടെ സ്കൂൾ ഭക്ഷണം.
തലേന്നത്തേ ചോറിൽ നൂല് പാകിയ കപ്പയും, വളിച്ച സാമ്പാറും, കാന്താരിമുളക് ഞെരടിയതും ആയിരുന്നു ഞങ്ങളുടെ പ്രഭാത ഭക്ഷണം അതിന്റെ പേരാണ് പഴങ്കഞ്ഞി.
എന്റെ അയലുകാർ ആരും വരാതിരിക്കാനും മറ്റാരും എത്തി നോക്കാതിരിക്കാനും എന്റെ വീടിന് മതിലുകൾ ഇല്ലായിരുന്നു.
നേരം വെളുത്തു എന്ന് ഞങ്ങളേ അറിയിച്ചിരുന്നത് നാടൻ പൂവൻകോഴികൾ ആയിരുന്നു
ചേനയും, കാച്ചിലും, കപ്പയും,പാവലും, പടവലവും ഒക്കെ ശ്വസിച്ച് വിട്ട ഓക്സിജൻ ആയിരുന്നു ഞങ്ങളുടെ പ്രാണവായു. ഓണത്തിന് ഊഞ്ഞാല് വള്ളി കെട്ടിയാണ് ഞങ്ങൾ ആടിയിരുന്നത്.ഉത്രാടത്തിന് വൈകിട്ട് പിണ്ടി വിളക്കിൽ മരോട്ടിക്കായ വച്ചാണ് ഞങ്ങൾ വിളക്ക് കത്തിച്ചിരുന്നത്.
തുമ്പപ്പൂവും, കിങ്ങിണിപ്പൂവും, ബന്തിയും, പിച്ചിയും തൊടിയിൽ നിന്ന് പറിച്ചെടുത്താണ് ഞങ്ങൾ പൂക്കളം തീർത്തത്. ചെറിയ കല്ലടുപ്പുകൾ കൂട്ടി ചിരട്ട വച്ച് ഞങ്ങൾ ചോറും കറിയും ഉണ്ടാക്കി കുടുംബം കളിച്ചു
അതിൽ ആങ്ങളയും പെങ്ങളും അച്ചനും അമ്മയുമായി അഭിനയിച്ചു.
മഴയത്ത് ഞങ്ങൾ നാല് കിലോമീറ്ററോളം മാറത്ത് ചൊരികിയ പുസ്തകവും ചേമ്പിലക്കുടയും ചൂടി സ്കൂളിലേയ്ക്കോടി.മോരുംവെള്ളവും, നാരങ്ങാ മിഠായിയും, കമ്പൈസും സ്കൂൾ അങ്കണത്തിൽ നിന്നും വാങ്ങി നുണഞ്ഞു.
പഴം പാളയിൽ കിടത്തി പെങ്ങള് പെണ്ണിനേ അച്ചമ്മ കുളിപ്പിക്കുന്നത് ഞാൻ കൗതുകത്തോട് നോക്കി നിന്നപ്പോൾ നിന്നേയും ഇങ്ങനെ കിടത്തിയാ കുളിപ്പിച്ചത് എന്ന് അച്ചമ്മ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു.
അയലത്തെ പോക്കറിക്കയുടെ വീട്ടിൽ നിന്നും പെരുന്നാളിന് മട്ടൻ ബിരിയാണിയുടെ മണമുയരുമ്പോൾ മുതൽ ഞങ്ങൾ ആവേശത്തോട് കാത്തിരിക്കുമായിരുന്നു അതിലൊരു പങ്ക് വീട്ടിലെത്തുന്നതും കാത്ത്.കൃസ്തുമസിന് കോഴിയിറച്ചിയും കള്ളപ്പവും മറിയച്ചേടത്തി അവരുടെ മക്കൾക്ക് കൊടുക്കുന്നതിന് മുൻപേ ഞങ്ങൾക്ക് തരുമായിരുന്നു. ഞങ്ങൾ ആവേശത്തോട് അത് കഴിക്കുന്നതും കണ്ട് സന്തോഷത്തോട് മടങ്ങുന്ന മറിയച്ചേടത്തി ഇന്നും ഈ മനസ്സിലുണ്ട്
മലയ്ക്ക് പോകാൻ മാലയിട്ട് നൊയമ്പ് നോക്കുമ്പോൾ അമ്മയ്ക്ക് അശുദ്ധിയുള്ള ദിവസങ്ങളിൽ ആഹാരം ഉണ്ടാക്കി തന്നിരുന്നത് അപ്പുറത്തേ പൊന്നമ്മച്ചേച്ചി ആയിരുന്നു.
അമ്പലത്തിലേയ്ക്ക് പെങ്ങള്പെണ്ണിന്
കൂട്ടു പോകാൻ പോക്കറിക്കയുടെ മകൾ ആമിനയെ കൂട്ടിന് വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ അവൾ കൂടെ വന്നു.അമ്പലത്തിനുള്ളിൽ കയല്ലേ പുറത്ത് നിന്ന് പ്രാർത്ഥിക്കണേ എന്ന് അവളുടെ ഉമ്മ അവളോട് പറഞ്ഞപ്പോൾ ആണ് അറിയുന്നത് അവൾ മുസ്ലീം ആണെന്ന്. അതുവരെ ആരും പറഞ്ഞതുമില്ല ഞങ്ങളറിഞ്ഞതുമില്ല.
മറിയച്ചേടത്തിയുടെ മകൾ എൽസിയുടെ കൂടെ പള്ളിയിൽ പോയി കൈകൂപ്പി നിന്ന് ഞങ്ങളും പറഞ്ഞത് എല്ലാർക്കും നന്മ വരുത്തണേ എന്നാണ്
പൊന്നമ്മച്ചേച്ചിയുടെ മകളോട് തോന്നിയ ഇഷ്ടം പടർന്ന് പന്തലിക്കുന്നത് കണ്ടപ്പോൾ പന്തികേട് തോന്നിയ അമ്മയാണ് പറഞ്ഞത് അവർ വേറേ ജാതിയാണെന്ന്.
അന്നാണറിഞ്ഞത് ഹിന്ദുക്കളിലും ഉപജാതി ഉണ്ടെന്ന്.
പാടത്തും പറമ്പിലും പണിക്ക് പോകുന്ന അച്ചന് കഞ്ഞിയും പുഴുക്കുമായി പോകുന്ന അമ്മയേ അനുഗമിച്ച് അവിടിരുന്ന് അച്ചനൊപ്പം കഞ്ഞി കുടിക്കുന്ന ആ സുഖം നിനക്കോ നിന്റെ പരമ്പരയ്ക്കോ ഒരിക്കലും അനുഭവിക്കാനാവില്ല കാരണം നിന്റെ നാട്ടിൽ കൃഷിയില്ല നിന്റെ അച്ചന് കൃഷിപ്പണി അറിയില്ല. ഞാൻ ഈ നാട്ടിൽ എന്റെ ബാല്യത്തിൽ ത്രിവർണ്ണ പതാകയും ചെങ്കൊടിയും മാത്രമേ കണ്ടിട്ടുള്ളു അതിന്റെ ആശയങ്ങളെ നെഞ്ചിലേറ്റി ജീവിച്ചപ്പോൾ നന്മ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
പക്ഷേ ഇന്ന് ഈ നാട്ടിൽ നൂറിൽപ്പരം കൊടികൾ നിനക്ക് കാണാം. ഇന്നത്തെ തലമുറയും ആശയക്കുഴപ്പത്തിൽ ആണ് ഇതിൽ ഏത് കൊടിയുടെ ആശയം സ്വീകരിക്കണം എന്ന ആശയക്കുഴപ്പത്തിൽ. ശനിയാഴ്ച്ച ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ അകലെയുള്ള വായനശാലയിൽ പോകുമായിരുന്നു. ഞയറാഴ്ച്ച ദുരദർശനിലെ സിനിമ കാണാൻ ടെലിവിഷനുള്ള വീടുകളുടെ കണക്കെടുക്കുമായിരുന്നു. ഇതൊക്കെ ആയിരുന്നു മോനേ എന്റെ വീടും എന്റെ നാടും. ഇതിൽ നീ കണ്ടിട്ടുള്ളതായി എന്തെങ്കിലും ഉണ്ടെങ്കിൽ കുറിച്ചെടുക്കുക. അത് കാണില്ല എന്ന് അച്ചനറിയാം അതുകൊണ്ട് നീ നിന്റെ നാടിനേയും വീടിനേയും കുറിച്ച് എഴുതുക. ഇനിയും ഒരുപാടുണ്ട് അച്ചന്
പറയാൻ നാലല്ല നാൽപ്പത് പേജ് എഴുതിയാലും തീരില്ല അതായിരുന്നു അച്ചന്റെ നാടും, വീടും......
തനിക്ക് പരിചയമില്ലാത്ത കാര്യങ്ങളുടെ വിവരണം കേട്ടപ്പോൾ കൗതുകത്തോടെ കേട്ടിരുന്ന അമൽ അവന്റെ കൈയ്യിലിരുന്ന ബുക്കിൽ ഒരു വരിപോലും കുറിച്ചില്ല..........
നൂറനാട് ജയപ്രകാശ്......
1
( Hide )
  1. എന്നിട്ടും അതിരിൽ മതിൽ കെട്ടി
    നീ മറച്ചത്-
    മണ്ണിനെയല്ല;
    മനസ്സിനെയാണ്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo