നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസം - Part 5 House Driver

Image may contain: 1 person, text

                             Download Nallezhuth Android App to read തുടർക്കഥകൾ 


'ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്.
Part 5
ജോലി സമയം കൂടുതലാണെങ്കിലും സാമ്പത്തികമായി സഹായിച്ചില്ലെങ്കിലും എന്നോടുള്ള പെരുമാറ്റം ഏറെക്കുറെ മുതലാളിമാരുടെ ഭാഗത്തുനിന്ന് വളരെ മയത്തിൽ ഉള്ളതായിരുന്നു. അങ്ങിനെ പ്രവാസ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഒരു ദിവസം വൈകിട്ട് മാഡത്തെ വീട്ടിലാക്കി ഞാൻ തിരിച്ചു പോകാനൊരുങ്ങിയപ്പോൾ 'ഇശാ നിസ്കാരം കഴിഞ്ഞ് ഓട്ടമുണ്ട് നിസ്കാരം കഴിഞ്ഞ ഉടനെ വരണം' എന്നു പറഞ്ഞു. വരാമെന്ന് സമ്മതിച്ചു ഞാൻ റൂമിലേക്ക് പോയി രാത്രി പള്ളിയിൽ പോയി നിസ്കരിക്കാൻ നിന്ന് ഉടനെ മൊബൈൽ അടിക്കാൻ തുടങ്ങിയിട്ടുണ്ട് നിസ്കാരം കഴിഞ്ഞു നോക്കിയപ്പോൾ നാലോ അഞ്ചോ തവണ എന്റെ മൊബൈലിലേക്ക് മാഡം വിളിച്ചിട്ടുണ്ട് പുറത്തിറങ്ങിയ ഉടനെ അടുത്ത വിളി 'എവിടെയാണെന്ന്' ചോദിച്ചു 'ഞാൻ പള്ളിയിൽ നിന്നും പുറത്തിറങ്ങിയതേയൊള്ളൂ അഞ്ചുമിനിറ്റിനുള്ളിൽ വരാം' എന്നു മറുപടി പറഞ്ഞു മറുതലക്കൽ എന്തൊക്കെയോ പറയുന്നു ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടിയുമെടുത്ത് പോയി
എന്റെ റൂമിൽ നിന്നും കഫീലിന്റെ ഫ്ലാറ്റിലേക്ക് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ പക്ഷേ ആ വഴിയിൽ ഒരു സിഗ്നൽ ഉണ്ടെന്നു മാത്രമല്ല തിരക്കു കൂടിയ ഏരിയയും ആണ് . എങ്ങിനെ പോയാലും സിഗ്നൽ കഴിയുമ്പോഴേക്കും എട്ടോ പത്തോ മിനുട്ട് വരും വണ്ടി സിഗ്നലിൽ എത്തിയപ്പോൾ വീണ്ടും വിളി വന്നു ഞാൻ ഫോണെടുത്തു മറുതലയ്ക്കൽ അവൾ ദേഷ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഞാൻ അവിടെയെത്തുമ്പോൾ റോഡിലേക്കിറങ്ങി എന്നെയും കാത്തു നിൽക്കുകയായിരുന്നു മാഡം. ഞാൻ വണ്ടി തിരിച്ചു വന്ന് ഡോർ ലോക്ക് തുറന്നു. ഡോർ തുറന്നു പിടിച്ചു കൊണ്ട് തന്നെ വണ്ടിയിലേക്ക് കയറാതെ റോഡിൽ നിന്ന് അവൾ എന്നെ ചീത്ത വിളിക്കാൻ തുടങ്ങി 'എവിടെയാ നീ നിസ്കരിച്ചത് ആ പള്ളി ഒന്ന് കാണിച്ചു തരുമോ താൻ ഏതു നിസ്കാരമാണ് നിസ്കരിച്ചത് തന്നോട് ഞാൻ എന്താണ് മുന്നേ പറഞ്ഞത്' ഇങ്ങനെ അവൾ റോഡിൽ നിന്നു തന്നെ ഉറഞ്ഞുതുള്ളി. വഴിയിലുണ്ടായിരുന്ന ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി അങ്ങോട്ട് ഒന്നും പറയാൻ ഒരു അവസരം തരാത്തതു കൊണ്ടും പറഞ്ഞിട്ട് കാര്യമില്ല അത് കൊണ്ടും ഞാൻ ഒരക്ഷരം പോലും പറയാതെ വണ്ടിയിലിരുന്നു
അവളെയും കയറ്റി വണ്ടി വളരെ സാവധാനത്തിൽ ഓടിച്ചു കൊണ്ടിരുന്നു ഏതോ കൂട്ടുകാരികൾ അവിടെ എവിടെയോ ഇവളെയും കാത്തുനിൽക്കുന്നുണ്ട് അവിടെ എത്താൻ വൈകിയതിനാണ് എന്നെ ഈ പറഞ്ഞത് മുഴുവനും ഏതായാലും ഇതിങ്ങനെ വിട്ടാൽ അവൾ എന്റെ തലയിൽ കയറി നിരങ്ങും അതുകൊണ്ട് ഞാൻ കഫീലിനെ വിളിച്ചു 'രാത്രി ഓട്ടം കഴിഞ്ഞ് വന്നിട്ട് ഒരു കാര്യം നേരിട്ട് പറയാനുണ്ടെന്ന്' പറഞ്ഞു നേരം പരമാവധി വൈകാൻ വേണ്ടി ഞാൻ വണ്ടി പതിയെ ഓടിച്ചു ഒന്നുരണ്ടുതവണ വഴിയും തെറ്റി ഞങ്ങൾ പുറപ്പെട്ടു വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് അവൾ കൂട്ടുകാരികളുടെ അടുത്ത് എത്തിയത്. അവിടെ എത്തി അല്പം കഴിഞ്ഞതോടെ കഫീൽ വിളിച്ചു എന്താ പ്രശ്നമെന്ന് അന്വേഷിച്ചു നേരിൽ പറയാമെന്ന് പറഞ്ഞെങ്കിലും കാര്യം പറയാൻ പറഞ്ഞു ഞാൻ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു 'ഒരല്പം വൈകിയതിനാണ് എന്നെ വഴക്കു പറഞ്ഞത് അതും നടുറോഡിൽ വച്ച് ആളുകളുടെ മുന്നിൽ വച്ച്, എന്നെ കുറിച്ച് വല്ലതും പറയാനുണ്ടെങ്കിൽ നിന്നോട് പറഞ്ഞിട്ട് നീ എന്നോടു പറഞ്ഞാൽ പോരെ അല്ലാതെ പെണ്ണുങ്ങളോട് വഴക്കിട്ടാൽ ശരിയാവില്ലല്ലോ ഇന്ന് ഞാൻ തിരിച്ച് ഒരക്ഷരം പറഞ്ഞില്ല അവൾ എന്നോട് പെരുമാറുന്നത് ഒരടിമയുടെ എന്ന പോലെയാണ് ഒരു ഡ്രൈവറോട് പെരുമാറുന്ന പോലെയല്ല ഇന്ന് എന്നോട് സംസാരിച്ചത്' എന്നൊക്കെ ഞാൻ പറഞ്ഞു
അയാളുടെ മറുപടി കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി ഇത് രണ്ടുപേരും കൂടി ചേർന്ന് തീരുമാനിച്ചു നടപ്പിലാക്കിയ പരിപാടിയാണ്, കാരണം അവൻ എന്നോട് സംസാരിച്ചതും ഞാൻ എന്തോ തെറ്റ് ചെയ്തു എന്ന രൂപത്തിലാണ് അരമണിക്കൂർ നേരത്തെ സംസാരത്തിന് ശേഷം ഫോൺ കട്ട് ചെയ്തു. തിരിച്ചു രാത്രി ഏറെ വൈകി വീട്ടിൽ വന്നപ്പോൾ ഞാൻ കഫീലിനെ വിളിച്ചു നേരിട്ട് സംസാരിച്ചു ഒരുപാട് പരാതികൾ എന്നെക്കുറിച്ച് അവരുടെ മനസ്സിൽ ഉള്ളത് ഞാൻ മനസ്സിലാക്കി എവിടെയെങ്കിലും ഓട്ടം പോയാൽ കാത്തു കിടക്കുന്ന സമയത്ത് വണ്ടിയുമായി പള്ളിയിൽ പോകുന്നത്,വിളിച്ചാൽ പത്തോ പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് വരുന്നത്, മാഡത്തിന്റെ വീട്ടിൽ പോയാൽ അവരുടെ ഫ്ളാറ്റിൽ കയറി ഇരിക്കാതെ പുറത്ത് നിൽക്കുന്നത്, അങ്ങനെ പലപല പരാതികൾ 'പടച്ചോനെ എന്തൊരു സ്ഥലത്താണ് ഞാൻ വന്നുപെട്ടത്' 'ഇനി ഞാൻ എങ്ങനെയാണ് നിന്റെ കൂടെ ജോലിയിൽ തുടരേണ്ടത് എന്നുകൂടി നീ പറഞ്ഞു താ' ഞാൻ കഫീൽ നോട് പറഞ്ഞു
എനിക്കുള്ള ഒരുപാട് നിയമങ്ങളും ചട്ടങ്ങളും അയാൾ എനിക്ക് പറഞ്ഞുതന്നു. സ്വന്തം ആവശ്യത്തിന് ഒരു സ്ഥലത്തു നിന്നായാലും വണ്ടി എടുക്കാൻ പാടില.്ല നിസ്കരിക്കാൻ പള്ളിയിൽ പോകുക, ദാഹിക്കുമ്പോൾ വെള്ളമോ മറ്റോ വാങ്ങാൻ കടയിൽ പോവുക, വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോവുക ഇതൊക്കെ നടന്നു വേണം പോവാൻ ഇതിനൊന്നും എണ്ണ അടിക്കാൻ കഫീലിന്റെ കൈയിൽ പണമില്ലത്രെ. അത് ഞാൻ അംഗീകരിച്ചു അവരുടെ വണ്ടി ഞാൻ എടുക്കുന്നത് അവർക്കിഷ്ടം ഇല്ലെങ്കിൽ പിന്നെ എനിക്ക് ആവശ്യമില്ല. അടുത്തത് നേരം വൈകലിനെ കുറിച്ചാണ്, എന്നെ വിളിച്ചാൽ ഉടനെ ഞാൻ വണ്ടിയുമെടുത്ത് വരാറുണ്ട് അതിനിയും അതുപോലെ തന്നെ ചെയ്യാം റോഡിൽ തിരക്കോ മറ്റോ ആണെങ്കിൽ അതിനു ഞാൻ ഉത്തരവാദിയല്ല. അടുത്ത പരാതി മാഡത്തിന്റെ വീട്ടിൽ അകത്തിരിക്കുന്ന കാര്യമാണ് എന്നെ കൊന്നാലും അവിടെ ഞാൻ കയറി ഇരിക്കില്ല കാരണം ഞാൻ അവിടെ ചെല്ലുന്ന സമയത്ത് അവിടെ പെണ്ണുങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ ഞാൻ റൂമിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അവരെ കാണുകയോ മറ്റോ ചെയ്താൽ അത് നമുക്ക് തന്നെ പ്രശ്നമാകും. അവർ നമ്മെ നോക്കിയാലും നമ്മളവരെ നോക്കിയാലും അത് അവസാനം നമുക്ക് പാരയാകും. സൗദിയിൽ പെണ്ണുങ്ങൾ വീട്ടിൽ കഴിയുന്നത് സ്വന്തം ആങ്ങളമാർക്കും ഉപ്പക്കും പോലും കാണാൻ പറ്റാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചാണല്ലോ .
അങ്ങിനെ ആ വീട്ടിൽ താഴെ ഒരു മുറിയിൽ താമസിക്കുന്ന ബിൽഡിങ് കാവൽക്കാരൻ (ഹാരിസ്) ന്റെ മുറിയിൽ ഞാൻ ഇരുന്നോളാം എന്നു പറഞ്ഞു ഒരു യമനിയായിരുന്നു അവിടെ ഹാരിസ്, പേര് അഹ്മദ്. കഫീൽ അപ്പോൾ തന്നെ അയാളെ വിളിച്ചു ഞാൻ വരുന്ന സമയത്ത് മുറി തുറന്നു ഉള്ളിൽ കയറാൻ വേണ്ടി താക്കോൽ പുറത്തെവിടെയെങ്കിലും വെക്കാൻ പറഞ്ഞു ആ പ്രശ്നവും തീരുമാനമായി. എന്നെ കുറിച്ച് പല പരാതികളും പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടു ചിലതൊക്കെ പറഞ്ഞു അതിൽ പ്രധാനപ്പെട്ടത് ഞാനിവിടെ വന്നു ജോലിയിൽ പ്രവേശിച്ചാൽ എനിക്കു തരാമെന്നു പറഞ്ഞിരുന്ന ടിക്കറ്റിന്റെ കാശ് ആയിരുന്നു. അത് ഞാൻ ചോദിച്ചപ്പോൾ അയാൾ അന്തം വിട്ടു. ഞാൻ നാട്ടിൽ നിന്നും പോരു ന്നതിന്റെ രണ്ടു ദിവസം മുൻപ് 2500 റിയാൽ മണിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. ടിക്കറ്റ് കഫീൽ എടുത്തു തരാമെന്ന് പറഞ്ഞപ്പോൾ മണിയാണത്രേ പറഞ്ഞത് "അതു വേണ്ട 2500 റിയാൽ പൈസയായി തന്നാൽ മതി ഉടനെ ഒരാൾ നാട്ടിലേക്ക് പോകുന്നുണ്ട് അയാളുടെ കൈയിൽ കൊടുത്തു വിടാം" എന്ന് 'എന്റെ മണീ എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു, ഭാര്യയുടെ കാതിലുള്ള കമ്മൽ വരെ വിൽക്കാൻ കൊണ്ടുപോകുന്ന അന്നുപോലും ഞാൻ നിന്നോട് ചോദിച്ചതല്ലേ കഫീലിന്റെ നമ്പർ തരുമോ ഞാൻ വിളിച്ച് സംസാരിക്കാം ടിക്കറ്റ് കാശ് കിട്ടിയാൽ സ്വർണം വിൽക്കണ്ടല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ പല ഒഴിവും പറഞ്ഞു മുടക്കിയത് ഇതിനായിരുന്നു അല്ലേ ആ പണം നിന്റെ മക്കൾ തിന്നിട്ടുണ്ടെങ്കിൽ അതിനൊക്കെ നീ പടച്ചവനോട് എന്താണ് സമാധാനം പറയുക'.
അന്ന് ഏതായാലും ഞാനും കഫീലും തമ്മിൽ പിരിഞ്ഞു റൂമിൽ വന്ന എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. എന്നെക്കുറിച്ച് ഒരുപാട് പരാതികൾ മനസ്സിൽ വച്ചാണ് മുതലാളിമാർ ഇന്ന് എന്നോട് വഴക്കിട്ടത് എന്നു മാത്രമല്ല ഇവിടെ വന്നാൽ കിട്ടുമെന്ന് പ്രതീക്ഷിച്ചു പോന്ന പൈസയും കിട്ടാൻ തരമില്ല. പിറ്റേന്ന് ഞാൻ മണിയെ വിളിച്ചു സംസാരിച്ചു അയാൾ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമുള്ള മറ്റൊരു കഥയാണ് അവന്റെ കൈയിൽ പണം കൊടുക്കുന്നത് അവന്റെ കഫീൽ കണ്ടു അയാൾ പണം വാങ്ങി എന്നിട്ടു പറഞ്ഞത്രേ "പുതിയ ആളു വന്നു ജോലിയൊക്കെ ശരിക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കട്ടെ അപ്പോൾ കൊടുക്കാം അതുവരെ എന്റെ കയ്യിൽ ഇരിക്കട്ടെ" എന്ന് ആ കഥ എനിക്ക് വിശ്വസനീയം ആയിരുന്നില്ല എങ്കിൽ എന്ത് കൊണ്ട് എന്നോട് ഇത് ആദ്യം പറഞ്ഞില്ല, ടിക്കറ്റ് കഫീൽ എടുക്കാം എന്നു പറഞ്ഞപ്പോൾ മണി എന്ത് കൊണ്ട് സമ്മതിച്ചില്ല , ഞാൻ പലപ്പോഴും കഫീൽ ന്റെ നമ്പർ ചോദിച്ചപ്പോൾ എന്തുകൊണ്ട് തന്നില്ല, ചോദ്യങ്ങൾ പലതും മനസ്സിൽ കിടന്നു കളിച്ചു .
അടുത്ത ഒരു ദിവസം മണി എന്നെ കാണാൻ വന്നു . ഏതോ ഒരു ശത്രുവിനോട് എന്ന പോലെയാണ് അയാൾ അന്ന് എന്നോട് സംസാരിച്ചത് എന്റെ പല കുറ്റങ്ങളും കഫീലും ഭാര്യയും അയാളെ വിളിച്ചു പറയാറുണ്ടെത്രേ 'നിനക്ക് പറ്റില്ലെങ്കിൽ നാട്ടിലേക്ക് പൊയ്ക്കോ' എന്നു വരെ എന്നോടവൻ പറഞ്ഞു. ഞാൻ എത്ര വിളിച്ചിട്ടും എന്നെയും കൂട്ടി എൻറെ കഫീൽനോട് സംസാരിക്കാൻ അവൻ വന്നില്ല കഫീലും ഞാനും ഒരുമിച്ചിരുന്ന് ഫോൺ വിളിച്ചാൽ അവൻ എടുക്കുകയുമില്ല. 'ഇക്കാമ ഒക്കെ കിട്ടിയതിനു ശേഷം പതിയെ ചോദിക്കാം' എന്നും പറഞ്ഞു എന്നെ തൽക്കാലം ഒതുക്കി അയാൾ ഞാനില്ലാത്ത സമയത്ത് കഫീലിനെ പോയി കണ്ടു.
മണിയുമായി എനിക്ക് ചർച്ച ചെയ്യാൻ അവസരം കുറവായിരുന്നു. കാരണം ആദ്യത്തെ വഴക്കിന് ശേഷം മാഡം ഒരു പ്രത്യേക സ്വഭാവക്കാരി ആയിരിക്കുന്നു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പല നിയമങ്ങളും എന്റെ മേൽ ചാർത്തപ്പെട്ടു എന്തിനും ഏതിനും കുറ്റം മാത്രം ബാക്കി. എന്നെ എന്റെ റൂമിലേക്ക്‌ തിരിച്ചുവിടാൻ പറ്റുന്ന ഓട്ടങ്ങളിൽ പോലും ഞാൻ കാത്തു നിൽക്കേണ്ടിവന്നു. മാത്രമല്ല സ്വഭാവത്തിൽ ഇതുവരെ ഇല്ലാത്ത മാറ്റവും രാവിലെ ഞാൻ 6.30ന് മുൻപ് തന്നെ അവരുടെ ഫ്ലാറ്റിന് മുന്നിലെത്തണം എന്നിട്ട് കഫീലിന്റെ മൊബൈലിലേക്ക് വിളിച്ചു അവരെ ഉണർത്തണം. അവർ ഏഴു മണി ആവുമ്പോഴേക്കും പുറത്തേക്കു വരും. മാഡവും മോനും എന്റെ കൂടെയും കഫീലും മോളും മറ്റൊരു വണ്ടിയിലും ആണ് യാത്ര അവരിറങ്ങി വരുന്നതുവരെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എ സി ഇട്ട് വണ്ടിയിൽ ഇരിക്കാൻ പാടില്ല. ഇവിടെ നാട്ടിലെ പോലെയല്ലല്ലോ എ സി ഇല്ലാതെ വണ്ടിയിൽ ഇരുന്നാൽ രാവിലെ ആയാലും വിയർത്തു കുളിക്കും . വണ്ടിയിൽ ഏസിയും ഇട്ട് ഇരുന്നാൽ പെട്രോൾ കഴിയും എന്നാണ് അവളുടെ ന്യായം ഒരു മണിക്കൂർ എ സി പ്രവർത്തിപ്പിച്ചാൽ പതിനഞ്ചോ ഇരുപതോ പൈസയുടെ പെട്രോളാണ് ചെലവാകുന്നത് കാരണം ഇവിടെ ഒരു ലിറ്റർ പെട്രോളിന് 75 പൈസയാണ് വില നാട്ടിലെ ഒൻപത് ,പത്ത് രൂപ.
അതു പോലെ മോനെ മദ്രസയിൽ വിട്ടാൽ തിരിച്ചു റൂമിലേക്ക് മടങ്ങി ഉച്ചക്ക് പതിനൊന്നര വരെ എനിക്ക് സാധാരണ ആയി ഒഴിവ് സമയം ആണ് . ആ സമയം മാഡം എന്തെങ്കിലും ഓട്ടം തരാൻ ശ്രമിച്ചുകൊണ്ടിരുന്നു അനിയത്തിമാരുടെ ഓട്ടമോ മറ്റോ എന്തെങ്കിലും ഒക്കെ തന്ന് എന്റെ റൂമിൽ പോവൽ മുടക്കും ഒന്നുമില്ലെങ്കിൽ മോനെ വിട്ട് അവളുടെ ഓഫിസിലേക്ക് തന്നെ തിരിച്ചുവന്നു അവൾക്ക് കോഫി വാങ്ങി കൊടുക്കാൻ പറയും. അങ്ങനെയാവുമ്പോൾ ഒരു വെടിക്ക് രണ്ടുപക്ഷി 1 എന്നെ കൊണ്ട് വീണ്ടും അതുവഴി വരുത്താം 2 കോഫിയുമായി സ്വന്തം ഡ്രൈവർ വരുന്നത് കൂടെ ജോലി ചെയ്യുന്നവരെ കാണുമ്പോഴുള്ള ഒരു സുഖം. പൊങ്ങച്ചത്തിന് വേണ്ടിയാണ് സൗദിയിലെ പെണ്ണുങ്ങൾ കൂടുതലും പണം ചിലവാക്കുന്നത്. റിയാദിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത് അവിടെയുള്ള മാഡം കൂട്ടുകാരികളോടൊത്ത് അവരുടെ വണ്ടിയിൽ യാത്ര പോകുമ്പോൾ എന്റെ വണ്ടിയുമായി പിറകെ ചെല്ലാൻ പറയും. അവരുടെ വണ്ടിയിൽ യാത്ര ചെയ്യുന്ന അവളുടെ പിറകിൽ ഞാൻ തനിച്ച് വണ്ടിയുമായി പോകും. തനിക്കും വണ്ടിയും ഡ്രൈവറും ഉണ്ടെന്ന് നാലാളുകൾ അറിയാൻ വേണ്ടിയാണ് അത്.
കരുതിക്കൂട്ടി എന്നെ ഉപദ്രവിക്കാനുള്ള മാഡത്തിന്റെ ശ്രമങ്ങൾ ഓരോന്നായി വന്നു കൊണ്ടിരുന്നു.വണ്ടിയിൽ എണ്ണ അടിക്കാതിരിക്കുക, ഒരു ചെറിയ കവർ ആണ് കയ്യിലുള്ളത് എങ്കിലും അതു വണ്ടിയിൽ ഇട്ട് അവൾ ഇറങ്ങിപ്പോകും ഞാൻ വണ്ടി പാർക്ക് ചെയ്ത് ആ കവറുമെടുത്ത് മുകളിൽ കൊണ്ടുപോയി കൊടുക്കണം അതുപോലെ വണ്ടി ചെറിയ കുണ്ടിലോ, കുഴിയിലോ ചാടുകയോ ,ഇളകുകയോ, മറ്റു വണ്ടികളെ കാണുമ്പോൾ ബ്രേക്ക് ചവിട്ടുകയോ ചെയ്താൽ പിറകിൽ ഇരുന്നുകൊണ്ട് ഇഷ്ടപ്പെടാത്തതു പോലെ ശബ്ദമുണ്ടാക്കുക, ഇങ്ങനെ തുടങ്ങി ഒരുപാട് കഷ്ട്ടപ്പെടുത്തലുകൾ. ആദ്യത്തെ വഴക്ക് മാത്രം വച്ച് ഇത്രയും ക്രൂരമായി എന്നോട് പെരുമാറാൻ വഴിയില്ല . മണി കഫീലിനോട് പോയി എന്തെല്ലാം സംസാരിച്ചിട്ടു ണ്ടാകും എന്നു എനിക്ക് എന്റെ മുതലാളിമാരുടെ സ്വഭാവത്തിൽ നിന്നും മനസ്സിലാകുമായിരുന്നു .വല്ലാത്ത ഒരു മാനസിക സമ്മർദ്ദത്തിൽ ഞാൻ അകപ്പെട്ടു എന്തു ചെയ്യണം എന്ന് എനിക്ക് ഒരു രൂപവും ഇല്ല സ്വസ്ഥമായി ജോലി ചെയ്യാൻ യാതൊരു സാഹചര്യവും ഇല്ല
വണ്ടി പലപ്പോഴും ഓടുന്നത് എണ്ണ കഴിഞ്ഞ ലൈറ്റ് തെളിഞ്ഞു കൊണ്ടാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ പ്രാർത്ഥന 'ഇന്ന് എന്നോട് അവൾ വഴക്കിടരുത്' എന്നായിരിക്കും. എണ്ണ തീരാറായാൽ ഞാൻ പെട്രോൾ പമ്പിന് മുമ്പിൽ നിർത്തി പതിയെ ചോദിക്കും "എണ്ണ അടിക്കുകയല്ലേ?" "താന് വണ്ടി വിടെടോ എനിക്ക് അല്ലെങ്കിലേ സമയം ഇല്ല" ഞാൻ പേടിച്ച് വണ്ടി ഓടിച്ചു പോകും പിന്നെ ഉച്ചക്കുള്ള ഓട്ടങ്ങളിൽ ഒക്കെ ഞാനും മോനും തനിച്ചാവും അവളെ കാണുന്നത് വൈകുന്നേരം അഞ്ചുമണിക്കാണ് അവൾ വണ്ടിയിൽ കയറിയാൽ ഞാൻ വീണ്ടും പേടിയോടെ ചോദിക്കും "എണ്ണ അടിക്കണ്ടേ കഴിയാറായി" "മിനിഞ്ഞാന്ന് 15 റിയാലിന്റെ അടിചില്ലേ" "അല്ല അത് നാലാം നാളാണ്" " നാലാംനാൾ രാത്രിയല്ലേ ഇത്ര പെട്ടെന്ന് കഴിഞ്ഞോ" ഇങ്ങനെ ഒരു ചോദ്യം ചെയ്യലും കഴിഞ്ഞ് അവൾ ഒന്നും മിണ്ടുന്നില്ല എങ്കിൽ ഞാൻ പമ്പിലേക്ക് കയറും എണ്ണ അടിക്കാൻ ആളു വന്ന് വണ്ടി തുറന്ന് എത്രക്കാണെന്ന് ചോദിക്കും. ഞാൻ ദയനീയമായി പിറകിലേക്ക് നോക്കും പിറകിൽ, സൗദി അറേബ്യയിലെ രാജ്ഞിയെ പോലെ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ അല്പം കഴിഞ്ഞ് അവളുടെ തിരുവായ തുറക്കും "15 അല്ലെങ്കിൽ ഇരുപത്" എണ്ണ അടിച്ചു കഴിഞ്ഞു പണത്തിനു വേണ്ടി ആള് എന്റെ അടുത്ത് വരുമ്പോഴും ഞാൻ നിസ്സഹായനായി പിറകിലേക്ക് നോക്കും . എനിക്ക് ഭിക്ഷ തരുന്നതു പോലെ അവൾ പണം തരും ആ കാലങ്ങളിൽ ഞാൻ അനുഭവിച്ച മാനസിക പിരിമുറുക്കത്തിന് യാതൊരു കണക്കുമില്ല. അതൊരിക്കലും ഒരാളോട് പറയുവാനോ പേനകൊണ്ട് എഴുതുവാനോ സാധ്യമല്ല .
പലപ്പോഴും ഞാൻ സ്വയം ചോദിക്കും ഞാൻ എന്തിനാണ് ഇതൊക്കെ സഹിക്കുന്നത് എന്ന് വ്യക്തമായ ഒരു ഉത്തരം എനിക്കുണ്ടായിരുന്നില്ല. എങ്കിലും പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഞാൻ എൻറെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നത് .1 പഴയപോലെ മുൻകോപവും ആയി ഇനിയും മുന്നോട്ടുപോയാൽ ഒരിക്കലും എനിക്ക് ഒരിടത്തും പിടിച്ചുനിൽക്കാൻ കഴിയില്ല, 2 വല്ലവിധേനയും ഞാൻ പ്രതികരിച്ചു പോയാൽ അത് എനിക്കുതന്നെ നിയന്ത്രിച്ചാൽ കിട്ടിയെന്നു വരില്ല കാരണം ചെറിയ പ്രതികരണം എനിക്ക് വശമില്ല ഒന്നുകിൽ എല്ലാം സഹിക്കുക അല്ലെങ്കിൽ അംഗീകരിക്കാൻ കഴിയാത്ത എല്ലാ കാര്യങ്ങളും തുറന്നു പറയുക അതോടെ ഇവരുമായി തെറ്റി പിരിയേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല അങ്ങനെ വന്നാൽ തിരിച്ചു നാട്ടിലേക്കു ചെല്ലുന്ന കാര്യം എനിക്ക് ഓർക്കാൻ പോലും വയ്യ . എന്റെ കടങ്ങളോ, നാട്ടിലെ ജോലി ഇല്ലായ്മയോ, നിത്യ ചിലവു എങ്ങിനെ കഴിഞ്ഞു പോകും എന്ന ചിന്തയോ ഒന്നുമല്ല നാട്ടിലേക്ക് പോകുന്നതിനു എന്റെ വിഷമം മറിച്ച് റിയാദിൽ നിന്നും അഞ്ചുമാസം കഴിഞ്ഞ ഉടനെ ഞാൻ നാട്ടിലേക്ക് ചെന്നത് എനിക്ക് കല്യാണത്തിനുശേഷം നാടു വിട്ടു നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് എന്നാണ് നാട്ടുകാരിലും കൂട്ടുകാരിലും എന്തിന് വീട്ടുകാരിലും ചിലരുടെ വിചാരം. തമാശയിൽ ആണെങ്കിലും സ്വന്തം ഭാര്യ പോലും ഇടക്ക് അത് സൂചിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എല്ലാ കഷ്ടപ്പാടും സഹിച്ച് ഇവിടെ തുടരാൻ ഞാൻ തീരുമാനിച്ചു ഒഴിവുസമയങ്ങളിൽ പള്ളിയിൽ പോയി അല്ലാഹുവിനോട് പ്രാർത്ഥിച്ചു ഏതു സാഹചര്യത്തിലും ക്ഷമയോടെ പിടിച്ചു നിൽക്കാൻ കഴിയണെ എന്ന്. മനസ്സിന് ഒരു പാട് വിഷമം ഉള്ള സമയത്ത് അല്ലാഹുവിന്റെ മുന്നിൽ കൈമലർത്തുമ്പോൾ നമ്മൾ അനുഭവിക്കുന്ന സമാധാനവും സുഖവും ഒരിക്കലും പറയുവാനോ എഴുതുവാനോ കഴിയില്ല. 
(തുടരും )

By abdul nasser

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot