Slider

പ്രവാസം - Part 3

0
Image may contain: 1 person, text

ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്. 

Part 3.

ഞങ്ങളുടെ നാട്ടുകാരനായ ഒരാൾ കഫീൽ ഫോണിൽ വിളിച്ചതനുസരിച്ച് ഞങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് വന്നു. എനിക്ക് പരിചയമുള്ള ആളായിരുന്നു. കഫീൽ നോട് യാത്ര പറഞ്ഞ് ഞാൻ അയാളോടൊപ്പം നടന്നു. രണ്ടുനില ബിൽഡിങ്ങിൽ മുകളിൽ ആയിരുന്നു ഞങ്ങളുടെ താമസം മൊത്തം മൂന്നു മുറികളിലായി 13 പേർക്ക് താമസിക്കാൻ കട്ടിലും മറ്റു സൗകര്യവും ഒക്കെയുണ്ട് മുകളിലും താഴെയുമായി 2 ബാത്ത് റൂമും അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയും അലമാരയും ഫ്രിഡ്ജ് ഒക്കെയായി മറ്റൊരു റൂമും എല്ലാമെല്ലാം അത്യാവശ്യം നല്ല സൗകര്യമുള്ള ഒരു 'ഫ്ലാറ്റ്'എന്നു് പറയാവുന്ന ഒന്നായിരുന്നു അവിടെ.

13 പേർക്ക് സൗകര്യമുണ്ടെങ്കിലും ഇപ്പോൾ വെറും ആറു പേരാണ് ഇവിടെയുള്ളത് ബാക്കി പലരും നാട്ടിലും നാട്ടിൽനിന്ന് ഭാര്യമാരെ വിസിറ്റിങ്ങിനു കൊണ്ടുവന്നവർ അവരോടൊപ്പം ഫ്ലാറ്റിലും ഒക്കെയാണ് താമസം അതുകൊണ്ടാണ് എനിക്കിവിടെ അവസരം കിട്ടിയതും ഇവിടെയുള്ള നാലുപേർ എന്റെ സ്വന്തം നാട്ടുകാരും ബാക്കിയുള്ളവർ അടുത്ത നാട്ടിൽ ഉള്ളവരുമായിരുന്നു. പിറ്റേദിവസം കഫീൽ വന്നു എന്നെയും കൂട്ടി സ്ഥിരമായി ഓട്ടം ഉള്ള സ്ഥലങ്ങളിലൊക്കെ പോയി എന്നെ കൊണ്ട് വണ്ടി ഓടിച്ചു നോക്കുകയും ചെയ്തു അത്യാവശ്യം വലിയ ഓട്ടോമാറ്റിക് ഗിയർ ഉള്ള വണ്ടിയായിരുന്നു വിദേശത്ത് വണ്ടി ഓടിക്കുന്നതിനുള്ള ഒരു സുഖം തന്നെ ഓട്ടോമാറ്റിക് വണ്ടികളാണ് തിരക്കിലും മറ്റും ഡ്രൈവർക്ക് വിയർത്ത് ക്ലച്ചും ഗിയറുമായി മല്ലിടേണ്ടി വരില്ല. വണ്ടി സ്വയം ഗിയർ മാറി ഓടിക്കൊള്ളും.

ഞങ്ങൾ കഫീലിന്റെ ഭാര്യവീട്ടിലും ഭാര്യയുടെ ഓഫീസിന്റെ അടുത്തും മകന്റെ മദ്രസയുടെ അടുത്തും എല്ലാം പോയി ഓരോ റോഡും അവിടേക്ക് തിരിയാനുള്ള സ്ഥലങ്ങളും മറ്റും എനിക്കു പറഞ്ഞു തന്നു കൊണ്ടിരുനന്നു. എനിക്കൊന്നും മനസ്സിലായില്ല രണ്ടുദിവസം സ്വന്തമായി ഓടുമ്പോൾ മനസ്സിലായിക്കൊള്ളും എന്ന് സമാധാനിച്ച് ഞാൻ ഇരുന്നു കഫീലിന്റെ വീട്ടിലുണ്ടായിരുന്ന ഒരു സാധാരണ ഫോണും കടയിൽ നിന്ന് ഒരു സിം കാർഡും എനിക്ക് വാങ്ങിത്തന്നു എന്റെ റൂമിൽ നിന്ന് കഫീലിന്റെ റൂമിൽ ലേക്കുള്ള വഴിയും പറഞ്ഞുതന്നു കഫീൽ അവന്റെ ഫ്ലാറ്റിൽ ഇറങ്ങി. എന്നെ എന്റെ റൂമിലേക്ക് പറഞ്ഞയച്ചു നാളെ രാവിലെ ആറ് മുപ്പതിന് വരാൻ പറഞ്ഞു ഞാൻ വണ്ടിയുമായി തിരിച്ചുപോന്നു

ഞാൻ വന്നിട്ട് അഞ്ചു ദിവസം ആയിട്ടും കഫീൽ ഒരു റിയാൽ പോലും എനിക്ക് തന്നില്ല നാട്ടിൽ നിന്ന് പോരുമ്പോൾ അളിയാക്ക തന്ന 50 റിയാൽ എനിക്ക് കുറച്ചൊന്നുമല്ല ഉപകാരപ്പെട്ടതു. ചോദിക്കാതെ തരുന്നെങ്കിൽ തരട്ടെ അല്ലെങ്കിൽ ഒന്നാം തീയതി ശമ്പളം വാങ്ങാം എന്നും പ്രതീക്ഷിച്ചു ഞാൻ ഇരുന്നു.

രാവിലെ 6. 30 മുതൽ ഞാൻ കഫീലിന്റെ വീടിനു താഴെ വണ്ടിയുമായി കാത്തിരുന്നു 7 മണിയായപ്പോൾ കഫീലും ഭാര്യയും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇറങ്ങിവന്നു ആൺകുട്ടിക്ക് അഞ്ച് വയസ്സും പെൺകുട്ടിക്കു ഏഴോ എട്ടോ വയസ്സ് കാണും. ഭാര്യയെയും മകനെയും എന്റെ വണ്ടിയിൽ കയറ്റി കഫീൽലും പെൺകുട്ടിയും അവിടെ കിടന്നിരുന്ന ഒരു ചെറിയ വണ്ടിയിൽ കയറി ഓടിച്ചുപോയി. മാഡം പുറകിലിരുന്ന് റോഡ് കൃത്യമായി പറഞ്ഞു തന്നു അവളുടെ ഓഫീസിൽ അവളിറങ്ങി ശേഷം അവിടെ നിന്നും മോന്റെ മദ്രസയിലേക്ക് പോവാനുള്ള വഴി കൃത്യമായി എനിക്ക് പറഞ്ഞുതന്നു മോനെ മദ്രസയിൽ ആക്കി മാഡത്തിന്റെ ഓഫീസിലേക്ക് തന്നെ മടങ്ങാൻ പറഞ്ഞു. അറബി അനായാസമായി പറയാൻ അറിയുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.

തിരിച്ചുവന്ന എനിക്ക് മാഡം പ്രഭാത ഭക്ഷണമായി 'സാൻവിച്ച്' വാങ്ങിത്തന്നു റൂമിലേക്ക് മടങ്ങുന്ന വഴി അറിയാത്തതുകൊണ്ട് ഉച്ചവരെ അവിടെ കൂടി ഉച്ചക്ക് ഒരുമണിക്ക് മദ്രസയിൽ പോയി മോനെയും കൂട്ടി മാഡത്തിന്റെ വീട്ടിലേക്ക് പോകാനാണ് തീരുമാനം വഴി ഫോണിലൂടെ പറഞ്ഞു തരാം എന്നും പറഞ്ഞു. ഒരു മണിക്ക് ഞാൻ മോനെ വിളിച്ച് വണ്ടിയിൽ ഇരുത്തി സീറ്റ് ബെൽറ്റും ഇട്ടുകൊടുത്ത് വണ്ടിയെടുത്തു. എനിക്ക് ചെറിയ ആശ്വാസം തോന്നി ഒന്നും എതിർക്കാതെ ഞാൻ പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു പയ്യൻ അല്പം മുന്നോട്ടു പോയപ്പോൾ ഞാൻ പിറകിലേക്ക് നോക്കി സീറ്റ് ബെൽറ്റിന് അകത്ത്‌ ചെക്കൻ ഇല്ല. അവൻ നന്നേ പിറകിലെ സീറ്റും കഴിഞ്ഞ് വണ്ടിയുടെ പിറകിലെ ഗ്ലാസ്‌ന്ന് അടുത്ത് എത്തിയിരിക്കുന്നു പിന്നെ വണ്ടിയിൽ ഒരു മേളമായിരുന്നു സീറ്റ് താഴ്ത്തുന്നു പോക്കുന്നു അങ്ങോട്ടുമിങ്ങോട്ടും ചാടുന്നു അങ്ങനെപലതും. ഞാൻ മാഡത്തിന്റെ ഫോണിൽ വിളിച്ച് വഴി കൃത്യമായി മനസ്സിലാക്കി കൊണ്ടിരുന്നു.

അര മണിക്കൂർ നേരത്തെ ഓട്ടത്തിനു ശേഷം മാഡത്തിന്റെ വീട്ടിലെത്തി അതിനിടയിൽ ചെക്കൻ ഒരിക്കൽ എന്റെ കൈയിൽ ഷൂസ് ഇട്ട് ചവിട്ടുകയും ചെയ്തു ഞാൻ അവനോട് ദേഷ്യപ്പെട്ടു സൗദി ചെക്കൻമാർ എന്നാൽ 'നാടുകാണിയിലെ വാനരപ്പട' എന്നാണർത്ഥം അവരുടെ അക്രമങ്ങൾ വകവെച്ചു കൊടുത്താൽ അവർ തലയിൽ കയറിയിരിക്കും വണ്ടി നിർത്തിയ ഉടനെ പയ്യൻ വന്നു എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു അവനോടുള്ള സകല ദേഷ്യവും പോയി ഞാൻ അവനെയും കൂട്ടി മുകളിലേക്ക് പോയി.
ആറോ ഏഴോ നിലകളുള്ള ഒരു കെട്ടിടമാണ് പണി നടക്കുന്നതേയുള്ളൂ തത്ക്കാലം അവിടെ ഒന്നു രണ്ടു മുറികളിലായി മാഡത്തിന്റെ കുടുംബം മാത്രമാണ് താമസം കെട്ടിടം ഇവരുടേത് തന്നെയാണ് മാഡത്തിന്റെ ഉമ്മ വന്നു വാതിൽ തുറന്നു തന്നു എന്നോട് അവിടെയുള്ള ഒരു മുറിയിൽ ഇരിക്കാൻ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ പച്ചരി ചോറും പരിപ്പും കൊണ്ടുവന്നു ഞാൻ അതും കഴിച്ച് പുറത്തേക്ക് പോയി.

നാലു മണിയായപ്പോൾ മാഡത്തിന്റെ വിളിവന്നു അനിയത്തിയും മോനും അല്പം കഴിഞ്ഞ് താഴേക്കു വരും അവരെയും കൂട്ടി ഓഫീസിലേക്ക് വരാൻ പറഞ്ഞു. തിരിച്ചു പോവാൻ വഴി എനിക്ക് പ്രശ്നമായില്ല 5 മണിക്ക് മാഡം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ നേരെ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് ഓഫീസിൽ പോയപ്പോൾ വഴികൾ ഞാൻ വളരെയധികം ശ്രദ്ധിച്ചു എന്റെ വീട്ടിൽ നിന്നും മാഡത്തിന്റെ വീട്ടിലേക്കും അവിടെ നിന്ന് ഓഫീസിലേക്കുമായി ഒരു 20, 25 കിലോമീറ്റർ ദൂരം ഉണ്ടാകും അതുകൊണ്ടുതന്നെ വഴികൾ മുഴുവനും മനസ്സിലാക്കുക എളുപ്പമായിരുന്നില്ല മാഡം ഓഫീസിൽ ഇറങ്ങിയപ്പോൾ പത്ത് റിയാൽ കയ്യിൽ തന്നു പറഞ്ഞു 'വഴി അറിയുമെങ്കിൽ മാത്രം തിരിച്ചു പോയാൽ മതി അല്ലെങ്കിൽ ഈ പണത്തിന് ഭക്ഷണവും കഴിച്ച് ഇവിടെ കൂടിക്കോള്ളൂ ' 'ok 'പയ്യനെ മദ്രസയിൽ വിട്ട് ഞാൻ നേരെ റൂമിലേക്ക് തിരിച്ചു ഭാഗ്യത്തിന് ഞങ്ങളുടെ റൂം നിൽക്കുന്ന സ്ഥലത്തിനു തൊട്ടടുത്ത് വരെ ഒരു വഴിയും തെറ്റാതെ വന്നു പിന്നെ അവിടെ പല സിഗ്നലുകളും റൗണ്ടുകളും ആയിരുന്നു അവിടെ ഒരു പത്തുമിനുട്ട് അങ്ങോട്ടുമിങ്ങോട്ടും കറങ്ങി അവസാനം റൂമിലെത്തി. വഴി അറിയില്ല എന്നും പറഞ്ഞ് മാഡത്തിന്റെ ഓഫീസിന് പുറത്ത് കുറച്ചുദിവസം നിന്നാൽ പിന്നെ അത് അവർക്ക് ശീലമാകും പിന്നെ എല്ലാ ദിവസവും അവിടെ തങ്ങേണ്ടി വരും.

ഉച്ച ആകുന്നതിനു മുൻപ് ഞാൻ റൂമിൽ നിന്ന് ഭക്ഷണവും കഴിച്ച് പുറപ്പെട്ടു മദ്രസയിൽ പോയി മോനെയും കൂട്ടി പുറത്തിറങ്ങി മാഡത്തിനെ വിളിച്ചു റൂമിലേക്കുള്ള വഴി എനിക്ക് അറിയാവുന്നത് കൊണ്ട് അവിടേക്ക് മടങ്ങാൻ പറയുമെന്ന് കരുതി പക്ഷേ തലേദിവസത്തെപ്പോലെ അവളുടെ വീട്ടിലേക്ക് പോകാനാണ് പറഞ്ഞത് ചെക്കനെ അവരുടെ വീട്ടിൽ ആക്കി ഞാൻ പുറത്തേക്കു പോന്നു 'ചോറ് വേണ്ടേ' എന്ന മാഡത്തിന്റെ ഉമ്മയുടെ ചോദ്യത്തിന് വേണ്ട ഞാൻ കഴിച്ചതാണ് എന്നു മറുപടി പറഞ്ഞു. ഇവിടത്തെ പച്ചരി ചോറും പരിപ്പും ഒന്നും എനിക്ക് പിടിച്ചില്ല അവിടെ ഒരു മുറിയിൽ ഇരിക്കാൻ എന്നോട് പറഞ്ഞെങ്കിലും ഞാൻ പുറത്തിരിക്കാം എന്നു പറഞ്ഞു. തലേദിവസത്തെപ്പോലെ വൈകീട്ട് 5ന് പയ്യനേയും കൂട്ടി ഓഫീസിൽനിന്ന് മാഡത്തിനെയും എടുത്തു വീട്ടിലേക്ക്.

എന്റെ ജോലി ഏകദേശം എനിക്ക് മനസ്സിലായി രാവിലെ മാഡത്തെയും മോനെയും കൂട്ടി പുറപ്പെടുക മാഡത്തിനെ ഓഫീസിൽ ഇറക്കി മോനെയും കൊണ്ട് മദ്രസയിൽ പോവുക അവിടെ വിട്ടു തിരിച്ചു റൂമിലേക്ക് പോരുക ഉച്ചക്ക് ഒരുമണിക്ക് മോനെ മദ്രസയിൽ നിന്ന് എടുത്തു മാഡത്തിന്റെ വീട്ടിലേക്കു പോവുക മോനെ വീട്ടിലാക്കി നാലര വരെ അവിടെ നിൽക്കുക നാലരമണിക്ക് മോനെയും കൂട്ടി മാഡത്തിന്റെ ഓഫീസിൽ വരിക 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന മാഡത്തിനെയും എടുത്തു തിരിച്ച് അവരുടെ വീട്ടിലേക്ക് അല്ലെങ്കിൽ മാഡത്തിന്റെ സുഹൃത്തുക്കളുടെ വീട്ടിലേക്കു പോവുക ഇത്രയുമാകുമ്പോൾ ഏകദേശം 150 കിലോ മീറ്ററോളം ഓട്ടമായി ഇത്രയുമാണ് സ്ഥിരമായിട്ടുള്ള ഓട്ടം.

അടുത്തതു രാത്രി ഓട്ടങ്ങളാണ് ഡ്യൂട്ടി കഴിഞ്ഞ് നേരെ പോയത് കറങ്ങാൻ ആണെങ്കിൽ 10, 11 മണിക്ക് തിരിച്ചെത്താം വീട്ടിൽ വന്നതിനുശേഷം എട്ടുമണിക്ഓ ഒമ്പതു മണിക്ഓ ആണ് പോയതെങ്കിൽ 12 മണിയോ ഒരു മണിയോ ഒക്കെയാവും തിരിച്ചെത്താൻ വ്യാഴം വെള്ളി ദിവസങ്ങളിൽ അത് മൂന്ന് മണിയോ നാലുമണിയോ ഒക്കെയാവും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇവിടെ ഔദ്യോഗിക അവധി ആയതിനാൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാത്രിയും ഇവർക്ക് 'ശിവരാത്രി' ആണെന്നാണ് ഞങ്ങൾ ഡ്രൈവർമാർക്കിടയിൽ സംസാരം.

ഇത്രയധികം ഓടുന്നതോ രാത്രി വരാൻ വൈകുന്നതോ എനിക്കു ഒരു ബുദ്ധിമുട്ടായി തോന്നിയില്ല എന്നുമാത്രമല്ല അത് എനിക്ക് ആശ്വാസം ആയിരുന്നു വെറുതേ റൂമിലിരുന്ന് ഓരോന്ന് ആലോചിച്ച് കിടക്കുന്നതിനും നല്ലത് അല്പം ഉറങ്ങാനും മറ്റും ഉള്ള സമയം കഴിച്ചു ബാക്കിയുള്ള സമയം മുഴുവനും ഓട്ടത്തിൽ ആയിരിക്കുന്നത് തന്നെയാണ് ജോലി ഭാരം കൂടിയതുകൊണ്ട് ഒരിക്കലും ഇവരോട് ഞാൻ തെറ്റില്ല.

പതിയെ പതിയെ കഫീൽ നെയും കുടുംബത്തെയും മാഡത്തിന്റെ വീട്ടുകാരെയും ഞാൻ മനസ്സിലാക്കാൻ തുടങ്ങി കഫീലിന്റെ വീട്ടിൽ കഫീൽ,ഉമ്മ, ഭാര്യ, മകൻ, മകൾ ഇങ്ങനെ അഞ്ചുപേരാണ് താമസം. കഫീൽ ഉം ഭാര്യയും മക്കളുമൊക്കെ സൗദി ആണെങ്കിലും ഉമ്മ സൗദിയല്ല സൗദി ആയ ഉപ്പ ഇൻഡോനേഷ്യ കാരിയെ വിവാഹം കഴിച്ച് അതിൽ ഉണ്ടായ മക്കളാണ് കഫീലും അയാളുടെ സഹോദരിയും. സഹോദരിയെ വിവാഹം കഴിച്ചയച്ചു ഇടയ്ക്ക് ഇവരുടെ വീട്ടിൽ വരാറുണ്ട് ഉപ്പയെ കുറിച്ച് ഞാൻ അന്വേഷിച്ചില്ല ഇവരുടെ സംസാരത്തിൽ നിന്നും കഫീലിന്റെ ഉപ്പ റിയാദിൽ ഉണ്ടെന്നും അവിടെ കുടുംബം ഉണ്ടെന്നു മനസ്സിലായി ഉമ്മയെ മൊഴിചൊല്ലിയതാണോ അതോ ഇടയ്ക്ക് ഇവിടെ വരാറുണ്ടോ അറിയില്ല ഏതായാലും കഫീലും കുടുംബവും പഴയകാല സൗദി കുടുംബത്തിൽ പെട്ടവരല്ല മാത്രമല്ല ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന ഒരു സാധാരണ കുടുംബവുമാണ് അതുകൊണ്ട് തന്നെയാവും ഉമ്മയും ഇവരുടെ കൂടെ താമസിക്കുന്നത് ഇവിടെ സൗദികൾക്കിടയിൽ ഉള്ള ശീലം കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും മക്കളും ഒരു പ്രത്യേക ഫ്ലാറ്റിലേക്ക് താമസം മാറും.ഉമ്മ തനിച്ചാണ് എങ്കിലും മിക്കവാറും ഒരു ജോലിക്കാരിയെയും ഡ്രൈവറെയും വെച്ച് മറ്റൊരു ഫ്ലാറ്റിൽ ആയിരിക്കും താമസം.

കഫീലിന്റെ ഉമ്മയും ഭാര്യയും തമ്മിൽ വലിയ പൊരുത്തത്തിൽ അല്ല എന്ന് എനിക്ക് മനസ്സിലായത് ഞാൻ വന്നു അഞ്ചോ ആറോ ദിവസം കഴിഞ്ഞപ്പോൾ മാഡം ജോലി സംബന്ധമായി റിയാദിലേക്ക് പോയിരുന്നു അന്നാണ്. അന്ന് എന്നെ വിളിച്ച് മാഡം ചില കാര്യങ്ങൾ പറഞ്ഞു "എന്റെ അമ്മായി അമ്മ എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ റിയാദിലേക്ക് പോയ കാര്യം പറയരുത് ഞാൻ എന്റെ വീട്ടിൽ ആണെന്ന് പറഞ്ഞാൽ മതി നീ ആരുടെ ഡ്രൈവർ ആണെന്നോ നിനക്കാരാണ് ശമ്പളം തരുന്നതെന്നോ എന്തു ചോദിച്ചാലും ഒന്നും പറയരുത് നിന്റെ താമസസ്ഥലവും മറ്റും അവർക്ക് പറഞ്ഞുകൊടുക്കരുത് " ഈ വക സംസാരത്തിൽനിന്ന് അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പൊരുത്തം എനിക്കു മനസ്സിലായി ഇവളുടെയും മക്കളുടെയും ഓട്ടം കഴിഞ്ഞ് ആ ഉമ്മക്ക് ഒരു ഓട്ടം പോവാൻ ഉള്ള സമയം ഒന്നും എനിക്കില്ലായിരുന്നു അങ്ങിനെ ഒരു ഓട്ടം അപൂർവ്വം ആയിട്ടല്ലാതെ ഉണ്ടായിരുന്നതുമില്ല.

വേറെ എനിക്ക് ഓട്ടം വന്നിരുന്ന ഒരു സ്ഥലം മാഡത്തിന്റെ വീടായിരുന്നു അവിടെ മാഡത്തിന്റെ ഉമ്മയും ഉപ്പയും മാഡത്തെ കൂടാതെ അഞ്ച് സഹോദരിമാരും രണ്ട് അനിയന്മാരും ഉണ്ടായിരുന്നു കഫീലിന്റെ കുടുംബം പോലെ തന്നെ ഇവരും പഴയകാല സൗദികളല്ല. യെമനി ആയിരുന്ന ബാപ്പ സൗദി പെണ്ണിനെ വിവാഹം കഴിച്ച് സൗദി ആയതാണ് അങ്ങനെ മക്കളൊക്കെ സൗദികളായി മാഡത്തിന്റെ ഉപ്പാക്ക് എയർപോർട്ടിൽ എന്തോ ജോലിയാണ് പഴയ സൗദി ആയ ഉമ്മാന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ടാണ് അവരുടെ പുതിയ വീടിന്റെ പണി ആരംഭിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കിയത് അതിന്റെ പണി പാതിവഴിയിൽ എത്തിയതേയുള്ളു.മാഡത്തിന്റെസഹോദരിമാരിൽ രണ്ടുപേർ വിവാഹം കഴിഞ്ഞു ഏറ്റവും വലുത് മാഡവും അതിനു താഴെയുള്ളവൾ കല്യാണം കഴിഞ്ഞു ഭർത്താവിനോടൊപ്പം അമേരിക്കയിൽ എന്തോ പഠിക്കുന്നു അതിനു താഴെയുള്ളവൾ വിവാഹം കഴിഞ്ഞ് ജിദ്ദയിൽ തന്നെ ഭർത്താവിന്റെ കൂടെ കഴിയുന്നു പിന്നെയുള്ള മൂന്നു പേരിൽ രണ്ടുപേർ മദ്രസയിൽ പഠിക്കുന്നു . ഒരാൾ പടിപ്പു കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു അനിയന്മാരിൽ വലിയവൻ കോളേജിലും ഏറ്റവും ചെറിയവൻ 9 വയസുകാരൻ മദ്രസയിലും പഠിക്കുന്നു . ഇത്രയുമാണ് രണ്ടു കുടുംബത്തെയും കുറിച്ച് ഞാൻ മനസ്സിലാക്കിയത് മാഡത്തിന്റെ കുടുംബം വലുതാണെങ്കിലും അവിടെ ഡ്രൈവറോ ജോലിക്കാരിയോ ഇല്ല കഫീൽ ന്റെ വീട്ടിലും ഞാൻ വരുന്നതുവരെ ഡ്രൈവർ ഉണ്ടായിരുന്നില്ല ജോലിക്കാരിയും ഇല്ല. രണ്ടു വീട്ടിലെയും ഓട്ടങ്ങളും ആയി ഞാൻ പരിചയപ്പെട്ടു കൊണ്ടിരുന്നു.
(തുടരും )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo