
Download Nallezhuth Android App to read തുടർക്കഥകൾ
സാമ്പത്തികമാന്ദ്യം എന്നെ വല്ലാതെ പിടിമുറുക്കിയിരിക്കുന്നു. റൂമിലെ നാട്ടുകാരൻ തന്ന ഒരു വിരിപ്പു മായി ഒരു കട്ടിലിലാണ് കിടപ്പ്. കഫീൽ നോട് പറഞ്ഞു കിടക്കയും പുതപ്പും മറ്റും വാങ്ങാൻ ഒന്നും ഞാൻ ശ്രമിച്ചില്ല ഒരിക്കൽ മണി വിളിച്ചപ്പോൾ വിവരങ്ങളൊക്കെ ഞാൻ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ കഫീൽ വിളിച്ചു.
"എന്താ പ്രശ്നം "
" എന്തു പ്രശ്നം ഒരു പ്രശ്നവുമില്ല "
"നീ മണി യെ വിളിച്ചു എന്തെങ്കിലും വേണമെന്നു പറഞ്ഞോ ?"
" ഇല്ല റൂമിലെ വിശേഷങ്ങൾ ചോദിച്ചു കിടക്കയും പുതപ്പും ഇല്ലാത്ത കാര്യം ഞാൻ പറഞ്ഞു "
"ok "
കഫീൽ ന്റെ ശബ്ദത്തിൽ ദേഷ്യം ഉണ്ടോ എന്ന് സംശയം എന്തെങ്കിലും ആവട്ടെ എന്നു ഞാൻ വിചാരിച്ചു ഏതായാലും ആ പ്രശ്നം കൊണ്ട് ഒരു ഉപകാരം ഉണ്ടായി അന്ന് രാത്രി കഫീൽ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങി ത്തന്നു. ഒരു പുതപ്പ്, തലയിണ പിന്നെ 'ഒരാടി'നു കിടക്കാൻ വലിപ്പമുള്ള ഒരു കിടക്ക എന്ന് പറയാൻ പറ്റുമോ എന്ന് സംശയിക്കാവുന്ന ഒരു സാധനവും. അന്നത്തെ രാത്രി ഓട്ടത്തിനിടയിൽ മാഡത്തിന്റെ വകയായ രണ്ട് ചെറിയ ഡെറ്റോൾ സോപ്പുകൾ ഒരു ബ്രഷ്, പേസ്റ്റ്, ശാമ്പൂ എന്നിവയും കിട്ടി. ഞാൻ വന്നുപെട്ട വീട്ടുകാരുടെ പിശുക്കിനെ കുറിച്ച് എനിക്ക് ഒരു ഏകദേശ ധാരണയായി. മാത്രമല്ല ഭക്ഷണ സമയത്ത് പലപ്പോഴും ഓട്ടത്തിലായിരിക്കും അപ്പോൾ ഭക്ഷണമോ ഭക്ഷണം കഴിക്കാൻ പണമോ തരാറില്ലായിരുന്നു അതൊക്കെ ആദ്യത്തെ രണ്ടു ദിവസത്തോടെ നിന്നിരുന്നു എങ്കിലും പെരുമാറ്റത്തിലും മറ്റും നല്ലവരായിരുന്നു അതുതന്നെയാണല്ലോ മറ്റെന്തിനേക്കാളും പ്രധാനവും.
വീട്ടിലേക്ക് വിളിക്കൽ അടക്കം എല്ലാ കാര്യങ്ങളും ഇനി മുന്നോട്ടു പോകണമെങ്കിൽ പണം കിട്ടിയേ തീരു ഒരാഴ്ചയിലധികം എന്റെ നാട്ടുകാരനായ റൂംകാരന്റെ കയ്യിലെ ഫോണിൽ നിന്നാണ് ഞാൻ വീട്ടിലേക്ക് വിളിച്ചത്. നെറ്റ് ഉപയോഗിക്കുന്ന ഒരു മൊബൈൽ വാങ്ങാതെ ഇനി മുന്നോട്ടു പോവാൻ കഴിയില്ല ഞാൻ കഫീൽനെ വിളിച്ച് കാര്യം പറഞ്ഞു 'ഒരു 300 റിയാൽ കടമായി തരുമോ എന്നു ചോദിച്ചു ' 'നോക്കട്ടെ 'എന്നു പറഞ്ഞു പിന്നെയും രണ്ടു ദിവസങ്ങൾ കടന്നുപോയി. വണ്ടിയിലേക്ക് എണ്ണ അടിക്കുന്ന കാര്യത്തിൽ ഭയങ്കര മടിയന്മാരാണ് കഫീലും ഭാര്യയും എണ്ണ അടിക്കണം, എണ്ണ കഴിയാറായി എന്നൊക്കെ ഞാൻ പറയുമ്പോൾ അവർക്ക് ഞാൻ എന്റെ ആവശ്യത്തിന് പണം ചോദിക്കുന്ന പോലെയാണ് തോന്നുന്നത് രണ്ടുദിവസം മുമ്പല്ലേ അടിച്ചത് ഈ ആഴ്ച ഇത് മൂന്നാം തവണയാണ് എന്നൊക്കെ ചോദിച്ച് പതിനഞ്ചോ ഇരുപതോ റിയാൽ എടുത്തുതരും. ചിലപ്പോൾ മാഡത്തിനോട് പറഞ്ഞു പറഞ്ഞു മടുത്ത ഞാൻ കഫീലിന്റെ ഓഫീസിൽ പോയി എണ്ണ അടിക്കാനുള്ള പണം വാങ്ങൽ ആണ് പതിവ്.
അങ്ങിനെ ഒരു ദിവസം ഞാൻ പറഞ്ഞ സമയത്ത് ഒന്നും എണ്ണ അടിക്കാതെ ഞാൻ പയ്യനെ എടുക്കാൻ മദ്രാസിലേക്ക് പോകുമ്പോൾ വണ്ടിയിൽ നിന്നും എണ്ണയുടെ ലൈറ്റ് തെളിഞ്ഞു. ഉടനെ ഞാൻ കഫീലിനെ വിളിച്ചു വണ്ടിയിൽ നിന്നും സിഗ്നൽ കണ്ടു ഏതു നിമിഷവും എണ്ണ കഴിഞ്ഞു വണ്ടി വഴിയിൽ നിൽക്കും എന്നു പറഞ്ഞു 'കയ്യിൽ കാശുണ്ടെങ്കിൽ നീ അടിച്ചോ ഞാൻ പിന്നീട് തരാം' എന്ന് പറഞ്ഞു, ആഹാ ഇവിടെ വന്നിട്ട് എട്ടു പത്തു ദിവസം ആയി ഇതുവരെ ഒരു റിയാൽ എനിക്ക് തന്നിട്ടില്ല എന്നിട്ട് എന്റെ കാശിന് എണ്ണ അടിക്കാൻ പറയുന്നു വണ്ടി വഴിയിൽ നിൽക്കണ്ട എന്നു വിചാരിച്ച് ഞാൻ കയ്യിലുള്ള എട്ടു റിയാലിന്റെ എണ്ണയടിച്ചു അന്ന് വൈകുന്നേരം ആയപ്പോൾ കഫീൽ ഞാൻ ചോദിച്ച 300 റിയാൽ തന്നു എണ്ണയടിച്ച എട്ടു റിയാൽ ഞാൻ ചോദിച്ചു വാങ്ങി.
അതിനിടയിൽ മൂത്തമ്മയുടെ മക്കളായ എന്റെ രണ്ടു ജ്യേഷ്ഠന്മാരും എന്നെ കാണാൻ വന്നപ്പോൾ വലിയ ജേഷ്ഠൻ എനിക്ക് നൂറ് റിയാൽ തന്നിരുന്നു. വേണ്ട എന്ന് ഞാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും അവൻ എന്റെ കയ്യിൽ വച്ചിട്ട് പോയി എല്ലാം കൂടി കൂട്ടി ഷറഫിയയിൽ പോയി പുതിയ മൊബൈൽ വാങ്ങാനുള്ള പണം ഇല്ലാത്തതിനാൽ ഒരു സെക്കന്റ് ഹാൻഡ് ടാബ് വാങ്ങി 370 റിയാൽ അതിന് കൊടുത്തപ്പോൾ കൈയിൽ ബാക്കി ആറോ ഏഴോ റിയാൽ ഇനി നാട്ടിലേക്ക് വിളിക്കണമെങ്കിൽ നെറ്റു കാർഡ് വാങ്ങണം റൂമിലെ ഒരു ആളുടെ കയ്യിൽ നിന്നും ഒരു കാർഡ് കടമായി വാങ്ങി 30 റിയാലിന്റെ പുറമേ കിട്ടുന്ന കാർഡ് 32, 33 റിയാലിന് വിൽക്കുന്ന ഒരാൾ ആയിരുന്നു അത് . റൂമിൽ ഉള്ളവർക്ക് അത് വലിയ ആശ്വാസമാണ് രണ്ടോ മൂന്നോ റിയാൽ അധികം നൽകിയാലും ശമ്പളം കിട്ടി പതിയെ പണം നൽകിയാൽ മതി അങ്ങനെ വീട്ടിലേക്ക് വിളിക്കുക എന്ന വലിയ പ്രശ്നത്തിന് തൽക്കാലം പരിഹാരമായി.
കഫീൽ ന്റെയും വീട്ടുകാരുടെയും പിശുക്കിനെ കുറിച്ച് ജോലിയെക്കുറിച്ചും ഒക്കെ ഞാൻ റൂമിൽ ഉള്ളവരുമായി സംസാരിക്കുമായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും ഒക്കെയാണല്ലോ നമുക്ക് ഇവിടെയുള്ള ആശ്വാസം. റൂമിൽ ഉള്ളവർക്ക് പലർക്കും എന്നോട് സഹതാപമായിരുന്നു അതിൽ എന്നോട് ഏറെ അടുത്തിടപഴകിയ ഒരു നാട്ടുകാരൻ ഉണ്ടായിരുന്നു എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയുകയും മറ്റും ചെയ്തിരുന്ന അയാൾ എനിക്ക് വലിയ ആശ്വാസമായിരുന്നു. ദിവസങ്ങൾ പതിയെ മുന്നോട്ടു നീങ്ങി ഇടയ്ക്കൊരു ദിവസം വല്ലാതെ വിശന്നപ്പോൾ ഞാൻ റൂംമിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചത് കഫീൽ അറിയാനിടയായി. ഞാൻ തിരിച്ച് റൂമിൽ എത്താറായപ്പോൾ എനിക്ക് കഫീലിന്റെ വിളിവന്നു
"നീ എവിടെയാണ് "
"ഞാൻ റൂമിന്റെ അടുത്തുണ്ട് "
"റൂമിന്റെ അടുത്ത് ആണോ എവിടെയെങ്കിലും പോയിരുന്വോ "
" ഇപ്പോൾ റൂമിന്റെ താഴെയാണ് അല്പംമുമ്പ് ഹോട്ടലിൽ പോയിരുന്നു "
"ഹൈർ ഇന്ഷാ അല്ലാഹ് "
വണ്ടിയെടുത്ത് പോവേണ്ടായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി.
അതിനിടയിൽ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ ഒരു സംഭവം നടന്നു എന്റെ പല സാധനങ്ങളും റൂമിൽ നിന്നും കാണാതായി. പല്ലുതേക്കുന്ന ബ്രഷ്, തലയിൽ തേക്കാനുള്ള എണ്ണ അങ്ങിനെ ചില സാധനങ്ങൾ റൂമിലുള്ള ചിലരോട് ഞാൻ ഇക്കാര്യം സംസാരിച്ചു അപ്പോഴാണ് റൂമിലുള്ള ഏറ്റവും പ്രായം കൂടിയ ആളുടെ ഒരു സ്വഭാവത്തെ കുറിച്ച് ഞാൻ അറിയുന്നത് അയാൾ സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത്, കോണിപ്പടിയിൽ, അങ്ങനെ എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും സാധനം മറന്നുവച്ചാൽ അയാൾ അത് എടുത്ത് വലിച്ചെറിയുമെത്ര
' പടച്ചവനേ ഈ ദരിദ്രവാസി യുടെ സാധനങ്ങൾ വലിച്ചെറിഞ്ഞവൻ ആരാണാവോ അവൻ ഒന്നും ഒരു കാലത്തും...................... '
ഒരു റിയാലും കയ്യിലില്ലാതെ വല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആരോടെങ്കിലും ഒരു അമ്പത് റിയാൽ കടം ചോദിക്കാൻ ഞാൻ തീരുമാനിച്ചു. ആരോട് ചോദിക്കും കടം ചോദിച്ചാൽ തീർച്ചയായും കിട്ടുമെന്ന് ഉറപ്പുള്ള ആളോട് മാത്രമേ ചോദിക്കാവൂ എന്നാൽ തന്നെ അതൊരു പ്രയാസമുള്ള കാര്യമാണ് ഒടുവിൽ മനസ്സില്ലാമനസ്സോടെ എന്റെ നാട്ടുകാരനും എന്നോട് ഏറ്റവും കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തിരുന്ന ആളോട് ചോദിക്കാൻ തീരുമാനിച്ചു. അന്നു രാത്രി റൂമിൽ വന്നപ്പോൾ അയാളെ ഒന്ന് ഒറ്റക്ക് കിട്ടാൻ ഒരുപാട് കാത്തുനിന്നു അവസാനം അടുക്കളഭാഗത്ത് ഞങ്ങൾ രണ്ടുപേരും തനിച്ചായ സമയത്ത് ഞാൻ കാര്യം പറഞ്ഞു. 'വട്ടച്ചിലവിന് എന്റെ കൈയിൽ കാശ് ഒന്നും ഇല്ല ഒരു അമ്പത് റിയാൽ കടമായിട്ട് തരുമോ രണ്ടോ നാലോ ദിവസത്തിനുശേഷം ശമ്പളം കിട്ടും കിട്ടിയാൽ ഉടനെ തിരിച്ചു തരാം'. 'ഓ കാശോ നമുക്ക് ശ്രമിക്കാം ഞാൻ നോക്കട്ടെ '
( ഈ കഥാപാത്രത്തെ നമുക്ക് തൽക്കാലം 'കോരൻ' എന്ന് സങ്കൽപ്പിക്കാം) പിന്നീടുള്ള രണ്ടു ദിവസം കോരൻ എന്നിൽ നിന്നും അല്പം അകലം പാലിച്ചു സംസാരവും മറ്റും ഒന്നുമില്ല എന്നെക്കണ്ടാൽ ഒഴിഞ്ഞു മാറാൻ തുടങ്ങി എനിക്ക് കാര്യം പിടികിട്ടി എന്നോട് കൂടുതൽ അടുപ്പം കാണിച്ചിരുന്നതും മറ്റുമൊക്കെ ഞാൻ വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങൾ കണ്ടായിരുന്നു കടം തന്നില്ലെങ്കിലും ഞാൻ അത് മറക്കാൻ ശ്രമിക്കുകയും കോരനോട് പഴയപോലെ ഇടപഴകാനും തുടങ്ങി.
ജനുവരി കഴിഞ്ഞു ഫെബ്രുവരി രണ്ടാം തീയതി ആയപ്പോൾ ഞാൻ കഫീൽമായി ശമ്പളത്തിന്റെ കാര്യം സംസാരിച്ചു. ജോലി തുടങ്ങിയ അതേ തീയതിക്ക് ശമ്പളം തരാം എന്നു പറഞ്ഞു അതു വേണ്ട ജനുവരിയിലെ ശമ്പളം തീർത്തു തരിക പിന്നെ എല്ലാ ഒന്നാം തീയതിയും തന്നാൽ മതിയല്ലോ എന്ന് ഞാനും പറഞ്ഞു. അടുത്ത രണ്ടു ദിവസവും ശമ്പളത്തിന്റ ഒരു വാസനയും കിട്ടിയില്ല . നാണക്കേട് മറന്നു ഞാൻ റൂമിലെ മറ്റൊരാളോട് 50 റിയാൽ കടം ചോദിച്ചു ഇപ്പോൾ കയ്യിലില്ല നാളെ തരാം എന്ന് പറഞ്ഞു.
ഏതായാലും അത് വേണ്ടിവന്നില്ല അന്നുരാത്രിയിൽ കഫീൽ വിളിപ്പിച്ചു. മണി പറഞ്ഞിരുന്ന എന്റെ ശമ്പളം 1700 റിയാൽ ആയിരുന്നു റൂം അവന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ട് റൂമിനും ചിലവിനും ആയി 500 റിയാൽ ആണ് ഞാൻ നിൽക്കുന്ന റൂമിൽ ഏകദേശകണക്ക് അത് കഫീൽ തരാമെന്ന് ഏറ്റിരുന്നു ഞാനിവിടെ ഇറങ്ങിയ തീയതി ജനുവരി 14 അങ്ങനെയാവുമ്പോൾ ജനുവരി മാസം 18 ദിവസത്തെ ജോലിയുണ്ട് ഏകദേശം അഞ്ച് ദിവസം മുമ്പ് തന്നെ കൂട്ടിയും ഗുണിച്ചും ഹരിച്ചും ഞാൻ 1320 എന്ന സംഖ്യ മനസ്സിലിട്ട് നടക്കുന്നു.
ലോകം കണ്ട ഏറ്റവും വലിയ പിശുക്കൻ ഞാനാണ് എന്നൊരു ചെറിയ അഹങ്കാരം എനിക്കുണ്ടായിരുന്നു പക്ഷേ അത് ശരിയല്ല എന്ന് എന്റെ കഫീൽ തെളിയിച്ചു തന്നു അയാൾ പറഞ്ഞ കണക്ക് വളരെ വിചിത്രമാണ് ശമ്പളം 1500 റിയാൽ റൂമിനും ചിലവിനും 500 അങ്ങനെയാകുമ്പോൾ മൊത്തം 2000 പിന്നെ ജനുവരി 14 മുതൽ 31 വരെ അയാൾ കണക്കാക്കിയത് അര മാസം ആയിട്ടാണ് ജനുവരി 15 ആയാൽ മാസം പകുതി ആയല്ലോ പിന്നെ ആ മാസത്തിലെ പകുതി അല്ലേ ജോലിചെയ്തത് എന്നൊക്കെ പറഞ്ഞ് അയാൾ അയാളുടെ ഭാഗം ന്യായീകരിച്ചു. ശമ്പളം 1500 എന്നത് ഞാൻ ഒരു വിധത്തിൽ അംഗീകരിച്ചു കാരണം 1700 തന്ന് റൂം മാത്രമായാൽ ചിലവിനായി 300 രൂപയോളം വരും ഇവിടെ റൂമും ചിലവും കഴിഞ്ഞ് 1500 ഉണ്ടല്ലോ പക്ഷേ 18 ദിവസം ജോലിയെടുത്ത് അര മാസത്തെ ശമ്പളം എന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല ആ കാര്യത്തിൽ ഞാൻ കഫീൽ നോട് കുറെ തർക്കിച്ചു നിരാശയായിരുന്നു ഫലം അവസാനം അയാൾ പറഞ്ഞത് പ്രകാരം 18 ദിവസം കഴിഞ്ഞ് അര മാസത്തെ ശമ്പളമായി അയാളിൽ നിന്നും ആയിരം റിയാൽ വാങ്ങി ഞാൻ റൂമിലേക്ക് പോയി.
റൂമിൽ വന്നു ഞാൻ കുറെ ആലോചിച്ചു ശമ്പളം എന്തൊക്കെ ചെയ്യണം അര മാസം എന്നു പറഞ്ഞ് കഫീൽ തന്നെ ആയിരം റിയാലിൽ നിന്ന് 250 റൂമിനും മെസ്സിനും ആയിട്ടുള്ളതാണ്. പക്ഷേ അതിവിടെ പറയാൻ പറ്റില്ല ഇവിടെ അറബി മാസമാണ് മെസ്സിന്റെ കണക്ക് ഞാൻ അറബി ഏഴാം തീയതി വന്നതാണ് അങ്ങിനെ വരുമ്പോൾ 23 ദിവസത്തെ പണം കൊടുക്കാൻ ഉണ്ടാകും അതും കൊടുത്ത് അത്യാവശ്യം ഒന്നുരണ്ടു സാധനങ്ങളും വാങ്ങിയാൽ തന്നെ ഏകദേശം പണം തീരാറാവും പിന്നെ ഒരുമാസം മുഴുവൻ മുന്നോട്ടു പോകാനുള്ള പണം കൈയിൽ വേണം നാട്ടിലേക്ക് അയക്കാൻ ബാക്കി വരുന്ന കാര്യം കഷ്ടമാണ് അത്യാവശ്യമായി വേണ്ട കാര്യം നാട്ടിൽലേക്ക് പണമയയ്ക്കൽ ആണ് വീട്ടു ചിലവും മറ്റും മാത്രമല്ല നാട്ടിൽ ആഴ്ചയിൽ 1000 രൂപ വീതം നടത്താനുള്ള ഒരു കുറിയിലും ഞാൻ ചേർന്നതാണ്. പിറ്റേന്ന് കുഴൽപ്പണ ഏജന്റ് ആയ അയൽവാസിയെ കണ്ട് പതിനായിരം രൂപ നാട്ടിൽ കൊടുക്കാൻ പറഞ്ഞു 580 റിയാൽ അയാൾക്ക് കൊടുത്തു ബാക്കിയുള്ള പൈസയിൽ നിന്ന് മെസ്സിന്റെ 360 റിയാലും കൊടുത്തു കടയിലും മറ്റുമായി കൊടുക്കാനുള്ള ചെറിയ ചെറിയ കട ങ്ങളായ പത്ത് പതിനഞ്ച് ഒക്കെ വീട്ടിയപ്പോൾ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ.
റൂമിൽ ഓരോ മാസവും ഓരോ ആളുകളാണ് മെസ്സ് നടത്തിയിരുന്നത് അയാളെ ഞങ്ങൾ 'മാനേജർ' എന്ന ഓമനപ്പേരിട്ട് വിളിച്ചു. പുതിയ മാനേജർക്ക് എല്ലാവരും 200 റിയാൽ വീതം അഡ്വാൻസായി കൊടുക്കുന്ന ഒരു ശീലമുണ്ട് കയ്യിൽ കാശില്ലാത്തതുകൊണ്ടും പുതിയ ആളായതു കൊണ്ടും ഞാൻ മാത്രം അഡ്വാൻസ് കൊടുത്തിരുന്നില്ല മാത്രമല്ല അടുത്ത ശമ്പളം വരെ പിടിച്ചു നിൽക്കാൻ ഞാൻ നിത്യ ജീവിതത്തിൽ പല പദ്ധതികളും നടപ്പിലാക്കി. അതിൽ പ്രധാനപ്പെട്ടത് പിശുക്കൻ ആവുക എന്നതായിരുന്നു ഈ വിവരം എന്റെ വീട്ടുകാർ അറിഞ്ഞാൽ അവർക്ക് അത്ഭുതമായിരിക്കും കാരണം ഞാൻ അല്ലെങ്കിലേ ഒരു പിശുക്കനാണ് വീണ്ടും പിശുക്കൻ ആവാൻ പറ്റുമോ എന്നാവും അവരുടെ സംശയം പിശുക്ക് എന്നു പറഞ്ഞാൽ അറുപിശുക്ക് തോന്നിയ പോലെ ഭക്ഷണം കഴിക്കലും വേണ്ടതെല്ലാം വാങ്ങലും ഒന്നും പ്രവാസികളുടെ ഇടയിൽ പിശുക്കില്ലാത്തവർ തന്നെ ചെയ്യാറില്ലല്ലോ അത്യാവശ്യ സാധനങ്ങളുടെ കാര്യത്തിലാണ് പിശക്കുന്നത് അല്ലാതെ മറ്റു വഴികൾ ഒന്നും ഇല്ലായിരുന്നു സാമ്പത്തിക ബുദ്ധിമുട്ട് അത്രയ്ക്ക് പ്രയാസമേറിയതായിരുന്നു.
എത്രത്തോളമെന്നാൽ സോപ്പുപൊടി വാങ്ങാൻ പൈസ ഇല്ലാത്തതിനാൽ ഞാൻ ഒന്നോ രണ്ടോ തവണ റൂമിൽ ബാത്ത് റൂമും മറ്റും കഴുകാൻ കൊണ്ടുവരുന്ന സോപ്പ് പൊടിയിൽ നിന്നും അല്പം എടുത്തു. അത് ന്യായമല്ല എന്നറിഞ്ഞു കൊണ്ട് തന്നെ.തലയിൽ കുളി കഴിഞ്ഞു തേക്കാൻ ഞാൻ ഉപയോഗിച്ചത് അടുക്കളയിൽ പാചകത്തിന് കൊണ്ടുവന്ന എണ്ണയായിരുന്നു സോപ്പ് ഞാൻ വാങ്ങിയിരുന്നത് ഏറ്റവും വിലകുറഞ്ഞ ഒരു റിയാലിന്റെയോ ഒന്നര റിയാലിന്റെയോ ആയിരുന്നു. അത് ടെറസിന്റെ മുകളിൽ നന്നായി വെയിൽകൊള്ളുന്ന സ്ഥലത്താണ് വച്ചിരുന്നത് കൂടുതൽ കാലം ഉപയോഗിക്കാനായിരുന്നു അത് . റൂമിലെ ഭൂരിപക്ഷം ആളുകളെയും പോലെ ഞാനും രാവിലെയുള്ള ഭക്ഷണം തലേന്നത്തെ ഖുബ്ബൂസും കറിയും ആക്കി . എനിക്ക് പ്രത്യേകിച്ച് വിഷമമോ പ്രയാസമോ തോന്നിയില്ല മൂന്നോ നാലോ മാസം കഴിഞ്ഞാൽ ഈ സാമ്പത്തിക ഞെരുക്കം ഒക്കെ മാറും എന്ന് പ്രതീക്ഷിച്ച് ഞാൻ ഇരുന്നു ജീവിതത്തിൽ ഇതിലും കൂടുതൽ ഞെരുക്കം അനുഭവിച്ച സമയം ഉണ്ടായിട്ടുണ്ടല്ലോ മാത്രമല്ല ഞാൻ വന്നിരിക്കുന്നതും ഒരു ആറു പിശുക്കൻ ഫാമിലിയിൽ ആണല്ലോ സ്വന്തം വണ്ടിയിലേക്ക് പെട്രോൾ അടിക്കാത്ത മാഡം ഭാര്യ പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന പിശുക്കൻ ഭർത്താവ്.
കഫീലിന്റെ പിശുക്ക് നന്നായി ബോധ്യപ്പെട്ട മറ്റു ചില സംഭവങ്ങളും കൂടിയുണ്ടായി ഒരിക്കൽ കഫീലിന്റെ കൂടെ ഓട്ടം പോയ എനിക്ക് മൂന്നോ നാലോ മണിക്കൂർ നേരത്തെ കാത്തുകിടപ്പിന് ശേഷം ഒരല്പം ചോറും ഒരാടിന്റെ കശ്ണവും കിട്ടി തിരിച്ചുവന്നപ്പോൾ കഫീൽ എന്നോട് ചോദിക്കുകയാണ് 'ഭക്ഷണം എങ്ങനെ ഉണ്ടായിരുന്നു നന്നായി കഴിച്ചില്ലേ വളരെ ഉഷാർ ആയിരുന്നില്ലേ എന്ന്'
'എന്റെ പടച്ചോനെ ഇതൊന്നും ഇവർക്ക് തന്നെ കിട്ടാറില്ലെന്ന് തോന്നുന്നു'
നമ്മളെ സംബന്ധിച്ച് ഇതൊക്കെ എന്ത് എന്ന ഭാവം ആയിരുന്നു.
(തുടരും )
Abdul Nasser
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക