Slider

രണ്ട് അമ്മമാർ.

0
Image may contain: 1 person, smiling, sitting and outdoor
"ചേച്ചിയേ!! വരുന്നില്ലേ ". ?
ബസ്സ് കാത്ത്‌ നിന്നിരുന്ന രാധ ഞെട്ടി തല ഉയർത്തി നോക്കുമ്പോൾ ബസ്സിലെ കിളി ഡോർ തുറന്നു പിടിച്ച് നിൽക്കുന്നു. എല്ലാ മുഖങ്ങളും തന്നെ നോക്കി ചിരിക്കുന്നുണ്ട്.രാധ പെട്ടന്ന് ബസ്സിൽ കയറി സീറ്റിലേക്കിരുന്നു.
ബസ്സ്‌ വന്നതുപോലും താനറിഞ്ഞില്ല. കുറച്ച് മുൻപ് നടന്ന രംഗങ്ങൾ വീണ്ടും മനസ്സിലേക്ക് വന്ന് കൊണ്ടിരിക്കുന്നു. ഇപ്പോഴും ചങ്കിടിപ്പ് മാറിയിട്ടില്ല.എന്നാലും നിതിന് എങ്ങനെ തോന്നി തന്നെ കയറിപ്പിടിക്കുവാൻ.ആ വീട്ടിലെ വേലക്കാരി ആണെങ്കിലും മോനെപ്പോലെയല്ലേ അവനേ താൻ കണ്ടിട്ടുള്ളൂ. എന്നും വൈകി വരാറുള്ള ദീപമാഡം ആ സമയത്ത് വന്നില്ലായിരുന്നെങ്കിൽ ?.ഓർത്തപ്പോൾ അവളുടെ ശരീരം കിലുകിലാ വിറച്ചു.
ബസ്സ്‌ ഒരു സ്റ്റോപ്പിൽ നിറുത്തിയപ്പോൾ രാധ പുറത്തേക്ക് നോക്കി . ഉണ്ണിശോയുടെ കുരിശുപള്ളിക്കു മുൻപിൽ കുട്ടികൾ പുൽക്കൂട് ഉണ്ടാക്കുന്നു.
അവളുടെ മനസ്സിലേക്ക് കുട്ടിക്കാലം വിരുന്നു വന്നു.
അയൽവക്കത്തുള്ള റീനയുടെ കൂടെ പുൽക്കൂട് ഒരുക്കാനായി ഈറ്റ വെട്ടാൻ പോയപ്പോൾ പാമ്പിനെ കണ്ട് പേടിച്ച് ഓടിയത്...
ഓട്ടത്തിനിടയിൽ കമ്പ് കാലിൽ തട്ടിയപ്പോൾ പാമ്പ് ആണെന്നുള്ള വിചാരത്തിൽ വേഗം കൂട്ടി ഓടിയത്..
കയ്യാലപുറത്തുനിന്നും താഴോട്ട് ചാടിയപ്പോൾ താഴെ കൂട്ടിയിട്ടിരുന്ന കരിങ്കല്ലിൽ തല ഇടിച്ചു വീണത്..
ആശുപത്രിയിൽ കിടന്ന തനിക്കരികിലേക്കു ക്രിസ്തുമസ്സ് കേക്കുമായി റീനയും, അച്ഛനും, അമ്മയുമൊക്കെ വന്നത്..
റീന എവിടെയെന്ന് അറിയില്ലെങ്കിലും അവൾ തന്ന ക്രിസ്തുമസ്സ് കാർഡ് തന്റെ പെട്ടിക്കകത്തു ഇപ്പോഴും താൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
റീന അതിൽ എഴുതിയ മഷി പടർന്ന അക്ഷരങ്ങൾ രാധയുടെ കണ്മുന്നിൽ തെളിഞ്ഞു.
'അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി'.
'ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം '.
'എന്റെ രാധക്കുട്ടിക്ക് ഉണ്ണീശോയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ.'
രാധ ഒരു നിമിഷം കണ്ണുകൾ അടച്ചു.
'എന്റെ ഉണ്ണീശോയെ ഈ രാധക്ക് ഒരു സമാധാനവും ഇല്ലല്ലോ '.
അവളുടെ ഉള്ളം ഒന്ന് തേങ്ങി.
എന്താണ് ചെയ്യേണ്ടത് എന്ന് രാധക്ക് ഒരു ഊഹവും കിട്ടിയില്ല. ആരോടാണ് ഒന്ന് മനസ്സ് തുറക്കുക ?.
സെപ്റ്റിയ്ക്കായി ഒരു കാൽ മുറിച്ചുകളഞ്ഞ രഘുവേട്ടനോടോ ?.
ഓരോ ദിവസവും കാണുമ്പോൾ മനസ്സിൽ ആധി കൂട്ടുന്ന രണ്ട് പെണ്മക്കളോടോ ?.
രഘുവേട്ടന് ആവുമായിരുന്നെങ്കിൽ തനിക്ക് ഒരിക്കലും വീട്ടുവേലക്കാരിയായി പോകേണ്ടി വരില്ലായിരുന്നു. നാളെയും ആ വീട്ടിലേക്ക് ചെല്ലുന്ന കാര്യം ഓർത്തപ്പോൾ രാധക്ക് പേടി തോന്നി.
ബസ്സിറങ്ങി വീടെന്ന സുരക്ഷിതത്തിലേക്കു രാധ കാലുകൾ നീട്ടിവെച്ചു നടന്നു.ശക്തിയായി വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു.കുറേ ദിവസമായി തുടരെയുള്ള മഴയാണ്.മണ്ണ് കൊണ്ടുള്ള കുടിൽ ഏത് നിമിഷവും നിലം പൊത്തുമെന്നതിനാൽ മഴ പെയ്യുമ്പോൾ അവളുടെ ആശങ്ക ഏറും.പുല്ലിൽ ചവിട്ടി തെളിഞ്ഞ വഴിപ്പാടിൽ കൂടി മുന്നോട്ട് നടക്കുമ്പോൾ നാളെ ജോലിക്ക് പോകുന്നില്ലന്ന് മനസ്സിൽ ഉറപ്പിച്ചെങ്കിലും രഘുവേട്ടനോടും, മക്കളോടും എന്ത് പറയുമെന്ന് അവൾക്കറിയില്ലായിരുന്നു.
-------------------------------------------------------------
രണ്ട് ദിവസം സുഖമില്ലെന്ന് പറഞ്ഞ് രാധ ജോലിക്ക് പോയില്ല.
"അമ്മേ!! ദീപ ചേച്ചിയാ ".
ഫോൺ തന്ന് ഇളയ പെണ്ണ് പറയുമ്പോൾ ഇനി എന്ത് കള്ളം പറയും എന്ന് മനസ്സിൽ പരതുവായിരുന്നു രാധ.
"ഹലോ !.
"ഹലോ ! രാധാ !..കുറഞ്ഞില്ലേ അസുഖം. ഹോസ്പിറ്റലിൽ പോയില്ലേൽ ഞാൻ കൊണ്ടുപോകാം. "
"യ്യോ.. വേണ്ട !!.കുറവുണ്ട്. "
"നാളെ വരുമോ ?.അറിയാമല്ലോ രാധ വന്നില്ലേൽ ഇവിടത്തെ അവസ്ഥ. മൊത്തം താളം തെറ്റിക്കിടക്കുവാ. "
"നാളെ ഞാൻ വരാം മാഡം ".
എന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോളും രാധാക്കറിയാമായിരുന്നു പോകാൻ കഴിയില്ലെന്ന്. പക്ഷേ എത്ര ദിവസം ?. വേറെ എവിടെയെങ്കിലും ജോലി തരപ്പെടുത്തണം.രാധ മനസ്സിൽ പല കണക്കുക്കൂട്ടലുകളും നടത്തി.
---------------------------------------------------------------
രണ്ട് ദിവസത്തിന് ശേഷം ഏജൻസിയിൽ ഒരു ജോലി അന്വേഷിക്കാൻ ടൗണിലേക്ക് ബസ്സ്‌ കാത്തുനിൽക്കുകയായിരുന്നു രാധ. പെട്ടന്ന് മുൻപിൽ വന്നുനിന്ന കാറിലേക്ക് രാധ നോക്കുമ്പോൾ ഡോറിന്റെ ഗ്ലാസ്‌ താഴ്ന്നു.
' ദീപ മാഡം'.
ഓടി ഒളിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോന്ന് രാധ ചുറ്റും നോക്കി. എന്ത് കള്ളം പറയും ദീപ മാഡത്തിനോട്. ഇന്നലെ പല പ്രാവശ്യം ഫോൺ വിളിച്ചെങ്കിലും താൻ എടുത്തില്ല.
ദീപ ഡോർ തുറന്നു കൊടുത്തപ്പോൾ രാധക്ക് കയറാതിരിക്കാൻ കഴിഞ്ഞില്ല. ഇതുവരെ കാണാത്ത ഒരു ഗൗരവം ആ മുഖത്തുണ്ടന്ന് രാധക്ക് തോന്നി. അവൾ ദൂരേക്ക് മിഴികൾ നട്ടിരുന്നു.
"എന്താണ് രാധയുടെ പ്രശ്നം "?.
"ഒന്നുമില്ല മാഡം "
"ശമ്പളം കൂടുതൽ വേണോ രാധക്ക് "?.
"വേണ്ട !!.
"പിന്നെ ജോലിക്ക് വരാതിരിക്കാനുള്ള
കാരണം "?.
എന്ത് പറയണം എന്നറിയാതെ രാധ ഉഴറി .
"മോൻ നല്ലതുപോലെ എന്തെങ്കിലും കഴിച്ചിട്ട് എത്ര ദിവസമായെന്നറിയുമോ രാധക്ക് ?. അവനാണ് എന്നേ പറഞ്ഞ് വിട്ടത് രാധയേ വിളിച്ചുകൊണ്ട് വരാൻ ".
"നിതിൻ കള്ളം പറയുന്നതാ മാഡം. എനിക്ക് പേടിയാ മോനേ ".
പറയെല്ലന്ന് ഓർത്തിരുന്നെങ്കിലും പെട്ടന്ന് രാധ അങ്ങനെ പറഞ്ഞ് പോയി.
ദീപയുടെ കാലുകൾ ശക്തിയായി ബ്രേക്കിലമർന്നു. ദീപ കാർ സൈഡിലേക്ക് വെട്ടിച്ചു നിർത്തി. പെട്ടന്നുള്ള ബ്രേക്കിടലിൽ രാധ മുന്നോട്ട് വേച്ചു പോയി.
"എന്താ രാധ പറഞ്ഞത് ?. അവൻ എന്ത് ചെയ്തു ?.അവൻ എന്തെങ്കിലും തെറ്റ് ചെയ്തോ ?.പറ രാധേ!!.
ദീപയുടെ വായിൽ നിന്ന് തുരുതുരാ ചോദ്യങ്ങൾ വന്നപ്പോൾ രാധ പകച്ചുപോയി.
"എന്താ ഉണ്ടായതെന്ന് പറയാൻ "..
രാധയേ പിടിച്ചുലച്ചു കൊണ്ട് ദീപ ചോദിച്ചു.
രാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
------------------------------------------------------------------
സ്റ്റിയറിങ്ങിൽ തല ഇടിപ്പിച്ച് ദീപ വിങ്ങിപ്പൊട്ടി. തന്റെ മകനേക്കുറിച്ച് കേട്ടത് ആ അമ്മക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
രാധയുടെ ആശ്വസിപ്പിക്കലുകൾ ഒന്നും ദീപയുടെ നെഞ്ചിലെ തീയണച്ചില്ല.
ഒന്ന് സ്വന്തം അമ്മയും, മറ്റൊന്ന് അമ്മയേപ്പോലെ അവൻ കരുതുന്നുണ്ടന്നു സ്വയം വിശ്വസിച്ച സ്ത്രീയും.
അപമാനത്തിന്റെ, വിശ്വാസവഞ്ചനയുടെ, ഇരകളായി രണ്ട് അമ്മമാർ.
എത്ര തുടച്ചിട്ടും ഒഴുകി വന്നു കൊണ്ടിരുന്ന കണ്ണുനീരുമായി ദീപ തല ഉയർത്തി.
"രാധ ! ഈ ഉള്ളവളോട് പൊറുക്കണം.എന്ത് പ്രായശ്ചിത്തമാണ് ഞാൻ ചെയ്യേണ്ടത് എന്നെനിക്കറിയില്ല. ഞാൻ ഒരിക്കലും കരുതിയില്ല എന്റെ മോൻ ഇങ്ങനെ..
അവനേ പെറ്റുവളർത്തിയ ഞാനും തെറ്റുകാരിയാണ്. എന്നോട് ക്ഷമിക്കൂ രാധേ ".
ദീപ രാധയുടെ മടിയിലേക്ക് തല കുമ്പിട്ട് പൊട്ടിക്കരഞ്ഞു. രാധ ദീപയെ കെട്ടിപ്പിടിച്ചു.ഹൃദയം നുറുങ്ങിയ രണ്ട് അമ്മമാരുടെ ഏങ്ങലടികൾ ആ കാറിനുള്ളിൽ ഉയർന്നു.
-------------------------------------------------------------------
"സൂപ്പർ ദോശയാ എന്റെ രാധചേച്ചി.മൂന്നാലുദിവസമായി രുചിയോടെ വല്ലതും കഴിച്ചിട്ട്. ഞാൻ വൈകിട്ട് വരുമ്പോൾ എനിക്ക് ദോശ ചുട്ട് തരണം കേട്ടോ ".
രാധ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. ഇന്ന് ഒരു ദിവസം കൂടി ജോലിക്ക് വരണമെന്ന ദീപയുടെ അപേക്ഷ കേട്ടിട്ട് വന്നതായിരുന്നു രാധ.
മോൻ പറഞ്ഞിട്ട് പോകുന്നത് കേട്ട് ദീപ അപ്പുറത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു.
------------------------------------------------------------------
കാളിങ് ബെൽ കേട്ട് രാധ വാതിൽ തുറന്നു. ഒരു വഷളൻ ചിരിയോടെ നിതിൻ അകത്തേക്ക് കയറി.
"ഇന്ന് കുറച്ച് നേരത്തെ ഇങ്ങു പോന്നു. ഞാൻ കുളിച്ചിട്ട് ഇപ്പോൾ വരാം കേട്ടോ."
അവൻ ഒന്ന് കണ്ണടച്ച് കാണിച്ച് മുകളിലേക്ക് പോയി.
കുളിച്ചിട്ട് ഇറങ്ങി വന്ന നിതിൻ രാധയേ കാണാഞ്ഞിട്ട് രാധ ഡ്രസ്സ്‌ മാറാറുള്ള മുറിയിലേക്ക് വന്നു.
അവൻ പുറത്ത് നിന്ന് നോക്കി. കതക് പകുതി ചാരി ഇട്ടിരിക്കുന്നു. രാധ തിരിഞ്ഞു നിന്ന് സാരി ഉടുക്കുവാണ്. മുടി അഴിച്ചിട്ടിരിക്കുന്നു.
രാധ പെട്ടന്ന് പോകാനുള്ള ഒരുക്കത്തിലാണന്നു നിതിന് തോന്നി. ഈ അവസരം ഇനി കിട്ടിയെന്ന് വരില്ല. അവൻ അകത്തേക്ക് പതിയെ കാലുകൾ ചലിപ്പിച്ചു.രാധയുടെ തൊട്ട് പിന്നിലെത്തി അവൻ നിന്നു.
നിതിന്റെ ശ്വാസഗതി വേഗത്തിലായി.
പിറകിൽ നിന്ന് പെട്ടന്ന് അവൻ രാധയെ കെട്ടിപ്പിടിച്ചു. ഒട്ടും എതിർപ്പ് കാണാതായപ്പോൾ അവൻ അമ്പരന്നു.
"ഇത്ര പെട്ടന്ന് സമ്മതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ന്റെ രാധചേച്ചിയേ ".
നിധിൻ രാധയെ പതിയെ തനിക്കഭിമുഖമായി തിരിച്ചു നിറുത്തി.
ഒന്നേ നോക്കിയുള്ളൂ അവൻ.
"അമ്മേ !!!!
അതൊരലർച്ചയായിരുന്നു.
കണ്ണുനീർ ചാലുകൾ ധാരയായി ഒഴുകുന്ന ദീപയേ കണ്ട് നിതിൻ മുഖം പൊത്തി നിലത്തേക്കിരുന്നു.
"നീ എന്തിനു വേണ്ടി വന്നുവോ. അത് പൂർത്തീകരിച്ചു മടങ്ങുക. ഞാൻ എതിർക്കില്ല. വേറൊരു സ്ത്രീയുടെ ശാപം എന്റെ മോന്റെ തലയിൽ പതിക്കാതിരിക്കട്ടെ ".
നിതിന് വാക്കുകൾ ഇല്ലായിരുന്നു. അവൻ ദീപയുടെ കാലുകളിൽ മുഖം അമർത്തി വിങ്ങിക്കരഞ്ഞു.
"നീ മാപ്പ് ചോദിക്കേണ്ടത് എന്നോടല്ല. നിന്നേ മകനെപ്പോലേ കരുതി വാത്സല്യം കാണിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു ഇവിടെ. അന്ധത ബാധിച്ച നിന്റെ കണ്ണുകൾക്ക് തിരിച്ചറിയാനാവാതെ പോയ ഒരമ്മ.ഉള്ള് ഉരുകിയിരിക്കുന്ന ആ അമ്മയുടെ കാലിൽ പോയി എന്റെ മോൻ മാപ്പ് ചോദിക്ക്.നിനക്കുവേണ്ടി ഞാൻ പലവട്ടം ആ കാലുകളിൽ വീണു കഴിഞ്ഞു. "
ഒരു ഏങ്ങലടി ശബ്ദം കേട്ട് നിതിൻ നോക്കുമ്പോൾ മുറിയുടെ കോണിൽ രാധ.
രാധയുടെ മുൻപിൽ മുട്ട് കുത്തി തല കുമ്പിട്ട് ഇരിക്കുമ്പോൾ നിലത്തേക്ക് വീണ കണ്ണുനീർതുള്ളികളിൽ പശ്ചാത്താപത്തിന്റെ മണം ഉണ്ടായിരുന്നു.
--------------------------------------------------------------------
"രാധേ ! ഇനി ഇവിടെ ജോലിക്ക് നിൽക്കണമെന്ന് ഞാൻ പറയില്ല. രാധ പൊക്കോളൂ. റോഡിന്റെ എതിർ വശത്തുള്ള ഫ്ലാറ്റിൽ പുതിയ താമസക്കാർ വരുന്നുണ്ട്. നാളെ തൊട്ട് രാധ അവിടെ ജോലിക്ക് ചെന്നോളൂ.എനിക്കറിയാവുന്ന ഫാമിലി ആണവർ. എന്റെ മകനെപ്പോലൊരാൾ അവിടെ ഇല്ല. രണ്ട് പെണ്മക്കളാണവർക്ക്. "
രാധ നിശബ്ദമായി തല കുലുക്കി.കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിട്ട് അവൾ ഇറങ്ങി നടന്നു.
---------------------------------------------------------------------
"എന്നിട്ടോ അമ്മയുടെ കൂട്ടുകാരിക്ക് എന്തെങ്കിലും പറ്റിയോ" ?.
"പിന്നെ പറ്റാതിരിക്കുമോ ?. അച്ചാച്ചൻ പറമ്പിൽ കയ്യാല കെട്ടാൻ കൊണ്ട് വന്ന് ഇട്ടിരുന്ന കല്ലിന്റെ പുറത്തേക്കല്ലേ അവൾ ഓടി വന്ന് വീണത്. നെറ്റിയിൽ നാല് സ്റ്റിച്ച് ഉണ്ടായിരുന്നു.കുറേ ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ".
"എന്നിട്ട് ?.
"അന്ന് ക്രിസ്തുമസിന് ഞാനും,അച്ചാച്ചനും, അമ്മയും കൂടി അവളെ ഹോസ്പിറ്റലിൽ പോയി കണ്ടു. അമ്മ അവൾക്ക് ഒരു ക്രിസ്തുമസ്സ് കാർഡ് ഒക്കെ കൊടുത്തു.കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവർ അവിടത്തെ സ്ഥലമൊക്കെ വിറ്റിട്ട് വേറെ എങ്ങോട്ടോ പോയി ".
"പിന്നെ അമ്മ അവരെ കണ്ടിട്ടേ ഇല്ല ?.
" ഇല്ല. അമ്മ വലുതായപ്പോൾ കുറേ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല.
എവിടെ എങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും എന്റെ രാധ ".
"കഴിഞ്ഞോ അമ്മയുടെയും, മോളുടെയും കഥ പറച്ചിൽ ?. നമ്മൾ എത്തി റീനാ . അതാ ഫ്ലാറ്റ് ".
ജോസഫ് പറഞ്ഞതുകേട്ട്
തങ്ങളുടെ ഫ്ലാറ്റിലേക്ക് നോക്കിയിട്ട് റീന എതിർവശത്തേക്ക് നോക്കി. റോഡിനിരുവശവും ഒരേപോലത്തെ രണ്ട് ഫ്ലാറ്റുകൾ.
അപ്പോൾ ദീപയുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി വന്ന രാധ റോഡിലേക്കിറങ്ങി .
എതിർ വശത്ത് തനിക്കുള്ള ക്രിസ്തുമസ്സ് സമ്മാനം ഉള്ളതറിയാതെ..
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് മാത്രം അവകാശപ്പെട്ട സമാധാനം നാളെ തനിക്കും ലഭിക്കുമെന്നറിയാതെ രാധ ബസ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു..
By.. ബിൻസ് തോമസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo