Slider

ചന്ദ്രിക-5(അവസാന ഭാഗം).

0
Image may contain: 1 person, sunglasses and beard

ചെങ്കുത്തായ ഒരു ചെറിയ ഇടവഴി..ഞാൻ നടക്കാൻ നന്നേ പാടുപ്പെട്ടു..പ്രാഞ്ചി ഓടുകയാണെന്ന് തോന്നി.ഒരു പഴയ വീടിന് മുന്നിലെത്തി അവനെന്നെ തിരിഞ്ഞു നോക്കി..മുകളിലെത്തിയപ്പോഴേക്കും ഞാൻ നന്നേ കിതച്ചിരുന്നു...
കാലപ്പഴക്കം കൊണ്ട് ആ വീട് ഒരു ഭാർഗ്ഗവീനിലയം പോലെ തോന്നി...ഓടുകൾ പുതിയതായി ഇട്ടതാണെന്ന് തോന്നുന്നു... എന്നാലും അങ്ങിങ്ങായി സിമൻ്റ് അടർന്ന് വീണ് ചുമരുകൾ ആകെ വൃത്തിക്കേടായി കിടക്കുന്നു.. പറമ്പിലാകെ കാട് പിടിച്ച് കിടക്കുന്നു..ഇഴജന്തുകൾ ധാരാളം കാണും..
വീടിൻ്റെ വരാന്തയിലെ കസേരയിൽ ഒരു മെലിഞ്ഞ മനുഷ്യരൂപം ഇരിക്കുന്നു.ശക്തമായി ചുമക്കുന്നുണ്ട്..കാലടി ശബ്ദം കേട്ടതിനാലാവാം അയാൾ മുഖമുയർത്തി
"ആരാ...ത്"
"പാപ്പാ ഞാനാ ഫ്രാൻസിസ്"
"ഓ...നീയോ...നീയല്ലാതെ വേറെ ആരാ ഇങ്ങോട്ട് വരാൻ..ല്ലേ!!"
"സോഫിയാകും പിള്ളേർക്കും സുഖം തന്നെയല്ലേടാ"
"അതേ...ഇന്ന് മരുന്ന് കഴിച്ചില്ലേ...വല്ലാതെ ചുമക്കുന്നുണ്ടല്ലോ"
"ഓ...ഇനി എന്നാത്തിനാടാ മരുന്ന്..അല്ലെങ്കിലും അതിന് വല്ലാത്ത കൈപ്പാണ്..ഈ ജന്മം അങ്ങ് വേഗം തീരാൻ ഞാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കാത്ത ദിവസമില്ല...വേഗം എന്നെ അങ്ങ് വിളിച്ചൂടെ കർത്താവേ..എന്നാൽ ഇതൊന്നും കാണണ്ടല്ലോ...കണ്ണിൻ്റെ കാഴ്ച കർത്താവ് നേരത്തെ എടുത്തത് ഏതായാലും നന്നായി"
ഇത്....ഇത് ചന്ദ്രികയുടെ അപ്പനല്ലേ...പാവം കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു...അമേരിക്കക്കാരൻ്റെ കൂടെ കഴിയുമ്പോൾ സ്വന്തം അപ്പനെയും അവൾ മറന്നിരിക്കുന്നു. ഈ പാപമൊക്കെ അവൾ എവിടെ കൊണ്ടുപോയി കളയും..
പ്രാഞ്ചി കൊണ്ടുവന്ന സാധനങ്ങളുമായി അകത്തേക്ക് പോയി..വേറെയാരെയും കാണുന്നില്ല.. അമ്മ?
അപ്പോഴാണ് വരാന്തയുടെ ചുമരിൻ്റെ മുകളിൽ അവളുടെ അമ്മയുടെ ഫോട്ടോ കണ്ടത്..വാടി കരിഞ്ഞ ഒരു മാല ആ ഫോട്ടോയ്ക്ക് ആഭരണമായിട്ടുണ്ട്.
അകത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം...പെട്ടെന്ന് ആ ശബ്ദം ഒരു പൊട്ടികരച്ചിലായി മാറി..
"ബാലു"
അകത്ത് നിന്ന് പ്രാഞ്ചിയുടെ വിളി..വരാന്തയിൽ ഉണ്ടായിരുന്ന അവളുടെ അപ്പൻ ചാടി എഴുന്നേറ്റു.. വീഴാൻ ഭാവിച്ചപ്പോൾ അയാളുടെ കൈയിൽ പിടിച്ചു.. എൻ്റെ കൈകളെ അയാൾ തട്ടിയെറിഞ്ഞു..ശുഷ്കമായ കൈകളായിട്ടും അയാളുടെ കൈകൾക്ക് ഭയങ്കര ശക്തി..ഞാനായാളുടെ മുഖത്തേക്ക് നോക്കി..ആ മുഖം ദേഷ്യം കൊണ്ട് ചുമന്ന് തുടുത്തിരിക്കുന്നു..ഒരു പക്ഷെ എൻ്റെ കഴുത്തയാൾ പിടിച്ചു ഞെക്കിയേക്കുമെന്ന് പോലും ഞാൻ ഭയന്നു.
ഞാൻ പതുക്കെ അകത്തേക്ക് നടന്നു.
"ദാ..ഇവിടെ"
അവൻ്റെ ശബ്ദം കേട്ടിടത്തേക്ക് ഞാൻ ചെന്നു.അവൻ ആരുടെയോ കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ട്....
ഞാനാ രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കി...എല്ലും തോലുമായ രൂപം മുടി ഒട്ടുമില്ലാത്ത തല കുഴിഞ്ഞ കവിളുകൾ അതൊരു സ്ത്രീ രൂപമാണ്.. ആ വികൃത രൂപം എന്നെയൊന്ന് നോക്കി...ഞാൻ ഞെട്ടിപ്പോയി...ആ കണ്ണുകൾ...
അതേ കണ്ണുകൾ..അതേ..അതവളാണ് ചന്ദ്രിക....
എൻ്റെ തലയിൽ ആരോ കൂടം കൊണ്ടടിക്കുന്നതായി തോന്നി..കാലുകൾക്ക് ബലക്ഷയം...തൊണ്ടയിലെ വെള്ളം വറ്റി ഒരിറ്റ് ദാഹജലത്തിനായി ഞാൻ കൊതിച്ചു
'ഈശ്വരാ...ഞാനെന്താണി കാണുന്നത്...എൻ്റെ കൊച്ച്...അവൾ എങ്ങനെ ഇങ്ങനെയായി'
"സന്തോഷിക്കെടാ...നീ സന്തോഷിക്ക്"
പ്രാഞ്ചിയുടെ ശബ്ദം
"നിന്നെ ചതിച്ച് അമേരിക്കക്കാരൻ്റെ പണവും സൗന്ദര്യവും കണ്ട് ഇറങ്ങി പോയവളല്ലേ ഇവൾ..അപ്പോൾ ഈ കാഴ്ച കാണുമ്പോൾ നീ സന്തോഷിക്കണം..നിനക്ക് പൊട്ടി ചിരിക്കാൻ തോന്നുന്നില്ലേടാ..." അവനൊന്ന് നിർത്തി
"നിന്നെ കർത്താവാടാ ഇവളുടെ മുന്നിൽ എത്തിച്ചത് ഇവളുടെ പ്രാർത്ഥനയുടെ ഫലം"
അവളെ എൻ്റെ മുന്നിലേക്ക് നീക്കി നിർത്തി
"ദാ...കാണടാ നീ കണ്ണ് നിറച്ച് കാണ്...ഇവൾക്ക് ദൈവം കൊടുത്ത ശിക്ഷ.. നിന്നെ പോലെ ഒരുത്തനെ ജീവന് തുല്ല്യം സ്നേഹിച്ചതിനുള്ള ശിക്ഷ...ഏത് നിമിഷവും മരിക്കാൻ വേണ്ടി ഒരുങ്ങി നില്ക്കുന്നവൾ...കാൻസറാ..ബ്ലഡ് കാൻസർ..നിനക്ക് സന്തോഷമായില്ലേ ബാലു..."
എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല...ആരോ എൻ്റെ നാവ് പിഴുതുമാറ്റിയത് പോലെ
"നീ പറഞ്ഞില്ലേ നിൻ്റെ അച്ഛൻ മഹാനാണെന്ന്...മഹാൻ..തൂഫ്....ആ മഹാനാണ് ഇവളുടെ ഈ ദുരിതത്തിന് കാരണം..നീ അയച്ച ഓരോ കത്തും ഇവൾ ഇപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.. നിനക്ക് ഇവളയച്ച കത്തുകൾ ഇവളുടെ ഹൃദയരക്തം കൊണ്ട് എഴുതിയതാണ്...ഞാൻ നിന്നെ കുറ്റം പറയില്ല...നിങ്ങളുടെ രണ്ടു പേരുടെയും ഇടയിൽ കളിച്ചത് നിൻ്റെ ആ സ്നേഹനിധിയായ അച്ഛനാണ്...ആദ്യമൊക്കെ നീ അയക്കുന്ന കത്തുകൾ കൃത്യമായി ഇവൾക്ക് കിട്ടിയിരുന്നു... പിന്നീട് പോസ്റ്റ്മാനെ സ്വാധീനിച്ച് നിൻ്റെ കത്തുകളും ഇവളയക്കുന്ന കത്തുകളും നിൻ്റെ അച്ഛൻ വാങ്ങി നശിപ്പിച്ചു.നിൻ്റെ അച്ഛൻ അത് സ്വയം ചെയ്തതാണെന്ന് എനിക്ക് വിശ്വാസമില്ല...നിൻ്റെ അമ്മാവന്മാരുടെയും അളിയന്മാരുടെയും കളികളുണ്ടാവും"
"അപ്പോൾ എനിക്ക് വന്ന ആ കല്ല്യാണ കത്ത്?"
"അത് നിൻ്റെ അളിയന്മാരുടെയും പെങ്ങന്മാരുടെയും അതിബുദ്ധി..അതിന് കൂട്ടു നില്ക്കാൻ നിൻ്റെ അമ്മാവന്മാരും..ഇതറിയിക്കാൻ ഞാനും ഒന്ന് രണ്ട് കത്തുകൾ നിനക്കയച്ചു..പക്ഷെ അത് നിനക്ക് കിട്ടിയില്ലെന്ന് എനിക്ക് മനസ്സിലായി..."
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി..ഒരു കടലിരമ്പം ഞാൻ അവിടെ കണ്ടു.ഭൂമി പിളർന്ന് താഴേക്ക് പോവാൻ കൊതിച്ചു... ആദ്യമായി അച്ഛനെ ഞാൻ ശപിച്ചു... ആ അച്ഛൻ്റെ മകനായി പിറന്നതിൽ ഞാൻ എന്നെ തന്നെ ശപിച്ചു.
"നീ എന്നെങ്കിലും തിരിച്ചു വരുമെന്ന് ഇവൾ കരുതി..ഒരുപാട് കല്ല്യാണാലോചന വന്നു ഒന്നിനും ഇവൾ നിന്നു കൊടുത്തില്ല...അവസാനം നീ ചതിച്ചൂന്ന് അറിഞ്ഞപ്പോൾ ഞാൻ ഇവളെ കെട്ടാമെന്ന് പറഞ്ഞു...പക്ഷെ നിന്നെയല്ലാതെ മറ്റൊരു പുരുഷനെ ഇവൾ ഭർത്താവായി കണ്ടിരുന്നില്ല.അതിനിടയിൽ മനോവേദന മൂലം ഇവളുടെ അമ്മച്ചിയും മരിച്ചു..മരം മുറിക്കുമ്പോൾ ഒരു ചെറു കമ്പ് പാപ്പൻ്റെ കണ്ണിൽ കൊണ്ടതാ...അതോടെ ഇരുളടഞ്ഞതായി പാപ്പൻ്റെ ജീവിതം.. കർത്താവിനെ മറന്ന് ഇവൾ നിന്നെ സ്നേഹിച്ചതിന് ദൈവം കൊടുത്ത ശിക്ഷ... എന്നിട്ടും ദൈവത്തിന് മതിയായില്ല...കഴിഞ്ഞ ഒരു വർഷമായി ഇവൾക്കീ അസുഖം വന്നിട്ട് കണ്ടെത്താൻ ഒരുപാട് വൈകി..ഡോക്ടർമാർ അന്നേ വിധിയെഴുതിയതാ....പക്ഷെ അവിടെ മാത്രം ദൈവം ഇവളോട് കരുണ കാണിച്ചു... നിന്നെ അവസാനമായി ഒന്ന് കാണാൻ സാധിച്ചു"
അവൻ്റെ ശബ്ദം ക്ഷോഭം കൊണ്ട് അടഞ്ഞുപോയി...
'ഈശ്വരാ...ഈ പാപം ഞാൻ എത്ര ജന്മം ജനിച്ചാലാണ് തീരുക....ദൈവത്താൽ ശപിക്കപ്പെട്ടവൻ ഞാനാണ്...ഈ ശാപത്തിൽ നിന്ന് എനിക്ക് മോചനമില്ല
"ഫ്രാൻസിച്ചായ" അവളുടെ ഇടറിയ ശബ്ദം എൻ്റെ കാതിനെ ചുട്ടു പൊള്ളിച്ചു
"എന്താ മോളെ"
"എനിക്ക് കുറച്ചു നേരത്തേക്ക് ബാലുവേട്ടനെ സ്വന്തമായിട്ട് വേണം...ആരുമില്ലാതെ നമ്മൾ രണ്ടു പേരും മാത്രമുള്ള ലോകം..നമുക്ക് രണ്ട് പേർക്കും ഒരുപാട് പറയാനുണ്ടല്ലേ അല്ലേ ബാലുവേട്ടാ"
പ്രാഞ്ചി പുറത്തേക്ക് പോയി
ഞാൻ അവളുടെ കൈ പിടിച്ചു..
"കൊച്ചേ"
"ആ വിളി മറന്നിട്ടില്ല... ല്ലേ...ഞാൻ പ്രതീക്ഷിച്ചു എന്നെങ്കിലും ഒരിക്കൽ ബാലുവേട്ടൻ വന്ന് 'എടി കൊച്ചേ ഇറങ്ങി വാടി' എന്ന് പറയുമെന്ന്.......
ദാ...ആ കാണുന്ന പെട്ടി കണ്ടോ അത് ബാലുവേട്ടൻ വന്ന് വിളിച്ചാൽ ഇറങ്ങിവരാൻ വേണ്ടി റെഡിയാക്കി വച്ചതാ...ഇനിയെന്തിനാ അല്ലേ"
അവളൊന്ന് ചിരിച്ചു...ഈ വേദനയിലും അവളുടെ ചിരി എന്നെ അതിശയിപ്പിച്ചു
"കൊച്ചേ..ഞാൻ..ഞാനൊന്നും അറിഞ്ഞില്ല..തോറ്റു പോയല്ലോടീ നമ്മൾ..നിന്നെ നഷ്ടമായെന്ന് തോന്നിയപ്പോൾ ആത്മഹത്യ ചെയ്യാനൊരുങ്ങിയവനായിരുന്നു...പക്ഷെ ദൈവം അവിടെയും എന്നെ തോൽപ്പിച്ചു"
"അത് സാരമില്ല ബാലുവേട്ടാ... നമ്മൾ ഒന്നിക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലായിരുന്നു"
"ദൈവമല്ലല്ലോ എൻ്റെ അച്ഛനല്ലേ കാരണം..ഞാനാ മനുഷ്യനെ വിശ്വസിച്ചു.. അല്ലെങ്കിൽ എന്നെ വിശ്വസിപ്പിച്ചു"
"അത് പോട്ടെ...എന്നെ കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ ബാലുവേട്ടൻ കഷ്ടപ്പെട്ടേനെ...ല്ലേ.." അവൾ അപ്പോഴും ചിരിച്ചു...
"ഇപ്പോൾ പോയ ആ മനുഷ്യനില്ലേ...ആ മനുഷ്യനെ ഞാൻ ദൈവത്തേക്കാൾ സ്നേഹിക്കുന്നു..കാരണം എന്തെന്നറിയോ ബാലുവേട്ടന്...എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു പോയ ഞങ്ങളെ സംരക്ഷിച്ചത്....ഞങ്ങൾ പട്ടിണി കിടക്കാതെ കഴിയുന്നത്..എൻ്റെ അപ്പനെ ചിക്തിസിപ്പിക്കുന്നത്...പൊളിഞ്ഞു വീഴാറായ ഈ വീട് പുതുക്കി പണിതത്.... മരിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ബാലുവേട്ടൻ ഒരിക്കൽ എന്നെ കാണാൻ വരുമെന്ന്,വന്നിലെങ്കിൽ ഞാൻ കൊണ്ടുവരുമെന്ന് എന്നെ വിശ്വസിപ്പിച്ച് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ആ മനുഷ്യനാണ്...ആ മനുഷ്യൻ അതൊക്കെ ചെയ്തത് എൻ്റെ അപ്പൻ്റെ അകന്ന ബന്ധുവായത് കൊണ്ടല്ല....അയാളുടെ ഉറ്റ ചങ്ങാതിയായ ബാലു സ്നേഹിച്ച ഒരു പെണ്ണും അവളുടെ കുടുംബവും ഈ ഭൂമിയിൽ ജീവിക്കണമെന്ന് അയാളുടെ ആഗ്രഹമായിരുന്നു എന്നത് കൊണ്ട്...എന്നെങ്കിലും ഒരിക്കൽ തൻ്റെ ചങ്ങാതി തന്നെ തേടി വരുമെന്ന് ആ മനുഷ്യനറിയാമായിരുന്നു..ഞങ്ങളെ സംരക്ഷിക്കുന്നതിൻ്റെ പേരിൽ ആ മനുഷ്യൻ കേട്ട അപവാദം...അപ്പോഴും ആരോടും പറയാതെ എല്ലാം ഉള്ളിലൊതുക്കി നടന്നു..സോഫിയ ചേച്ചി മാത്രമായിരുന്നു ആ മനുഷ്യൻ്റെ കരുത്ത്..."
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...അവളുടെ ശബ്ദത്തിന് വല്ലാത്ത ഇടർച്ച..
ഇതൊക്കെ അറിയാമായിരുന്നിട്ടും സോഫിയ എന്നോട് എന്തെ അങ്ങനെ പെരുമാറിയത്?
എനിക്ക് പ്രാഞ്ചിയുടെ കാല്ക്കൽ വീണ് പൊട്ടി കരയണമെന്നുണ്ട്..അവനോട് ചെയ്ത തെറ്റിന് മാപ്പ് പറയണം....അറിയാതെയാണെങ്കിലും ഞാൻ ചെയ്ത തെറ്റ്...സ്വന്തം പ്രണയിനിയെ മാത്രമല്ല..ആത്മാർത്ഥ സുഹൃത്തിനെയും ഞാൻ വഞ്ചിച്ചു..
"ബാലുവേട്ടാ....എനിക്കൊരു ആഗ്രഹമുണ്ട്... അതെൻ്റെ അവസാനത്തെ ആഗ്രഹമാ..സാധിച്ചു തരില്ലേ"
അവൾ എൻ്റെ മുഖത്ത് പ്രതീക്ഷയോടെ നോക്കി
"പറ കൊച്ചേ"
"എനിക്ക്... എനിക്ക് സുമംഗലിയായി മരിക്കണം ബാലുവേട്ടാ..ഇത്രയും കാലം എന്നെ കർത്താവ് വിളിക്കാഞ്ഞത് എൻ്റെ ഈ ആഗ്രഹമെങ്കിലും സാധിക്കട്ടെ എന്ന് കരുതിയാവും"
അത് പറഞ്ഞവൾ പൊട്ടി കരഞ്ഞു..... പക്ഷെ അപ്പോഴും ആ കണ്ണുകളിൽ ഞാനാ പഴയ തിളക്കം കണ്ടു...
"ആരും ഒന്നും അറിയണ്ട..എൻ്റെ കഴുത്തിൽ ഒരു ചെറു മിന്ന് കെട്ടിയാൽ മാത്രം മതി...ബാലുവേട്ടൻ്റെ പെണ്ണായി ഞാൻ മരിച്ചോളാം...അതെങ്കിലും എനിക്ക് സാധിച്ച് തരില്ലേ"
കുറച്ചു സമയത്തേക്ക് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല
"തരാം..."
അറിയാതെ എൻ്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു..അത് കേട്ടപ്പോൾ അവളുടെ കണ്ണുകളിലെ സന്തോഷ തിളക്കം ഞാൻ വ്യക്തമായി കണ്ടു..
"ബാലുവേട്ടാ... ദാ ആ ഷെൽഫിലെ ആ ചെറിയ പാത്രത്തിൽ സിന്ദൂരമുണ്ട്..ആ സിന്ദൂരം എൻ്റെ നെറ്റിയിൽ ബാലുവേട്ടനെ കൊണ്ട് തൊടീക്കാൻ ഞാൻ വാങ്ങി വെച്ചതാ"
അവൾ ഒന്ന് ശക്തമായി ചുമച്ചു ..മൂക്കിൽ നിന്ന് രക്തമൊഴുകി..കൈകൊണ്ടവളാ രക്തം തുടച്ചു കളഞ്ഞു..
"ഇതാണ് കുഴപ്പം..കൂടുതൽ നേരം സംസാരിക്കാൻ പറ്റില്ല..അപ്പോഴേക്കും തല ഭയങ്കരമായി വേദനിക്കും..അപ്പോൾ മൂക്കിന്നും വായിന്നും ചോര വരും..കുറെയായി ഞാനിങ്ങനെ സംസാരിച്ചിട്ട്..ബാലുവേട്ടനെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു......
ബാലുവേട്ടാ ഞാൻ മരിച്ചു കഴിഞ്ഞാൽ എൻ്റെ കുഴിമാടത്തിൽ ആദ്യ പിടി മണ്ണ് ബാലുവേട്ടൻ വേണം ഇടാൻ കേട്ടോ"
അവൾ ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും അവളുടെ ഉള്ളം വേവുന്നത് ഞാൻ കണ്ടു.
ഒന്നും മിണ്ടാതെ ഒന്നും മിണ്ടാനാവാതെ ഞാനിരുന്നു... അല്ലെങ്കിലും അങ്ങനെയാണ് അവൾ സംസാരിക്കാൻ തുടങ്ങിയാൽ വേറാരെയും അവൾ സംസാരിക്കാൻ സമ്മതിക്കില്ല...ഒരു വായാടി പെണ്ണ്..
എൻ്റെ കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ ഞാൻ നന്നേ പാടുപ്പെട്ടു...എൻ്റെ ഉള്ളിൽ ഒരു കടലിരമ്പുകയാണ്...ഉള്ളം ചുട്ടു പഴുക്കുന്നു..ആ ചൂടിൽ എൻ്റെ കണ്ണീര് ആവിയായി പോയി.എനിക്കൊന്ന് പൊട്ടികരയണമെന്ന് തോന്നി..
ആ സിന്ദൂരചെപ്പ് ഞാൻ കൈയിലെടുത്തു...ഇവിടെ ഒരു മംഗള കർമ്മം നടക്കുകയാണ്.. കൊട്ടും കുഴൽവിളിയും ഇല്ലാതെ ആരോടും ചോദിക്കാതെ മനസമ്മതം നടത്താതെ...എൻ്റെ കഴുത്തിലുണ്ടായിരുന്ന മാല ഞാൻ ഊരി അവളുടെ കഴുത്തിലേക്ക് കെട്ടി കൊടുത്തു...അവളാ മാല വലതു കൈകൊണ്ട് മുറുക്കെ പിടിച്ചു..സിന്ദൂരചെപ്പ് തുറന്ന് അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി...അവളുടെ നെറ്റിയിൽ ഞാൻ പതുക്കെ ചുംബിച്ചു.. എൻ്റെ മാറിലേക്ക് അവൾ ചാഞ്ഞു..അവളുടെ കണ്ണീര് കൊണ്ട് എൻ്റെ നെഞ്ച് പൊള്ളിയടർന്നു....കരയട്ടെ പാവം...
എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല...എന്നെ കെട്ടിപ്പിടിച്ചിരുന്ന അവളുടെ കൈകൾ ഞാൻ വിടുവിക്കാൻ നോക്കി...ആ കൈകൾക്ക് ചെറിയ തണുപ്പ് അനുഭവപ്പെട്ടു...പതുക്കെ അവളെ ഞാൻ എന്നിൽ നിന്നും വേർപ്പെടുത്തി...
പക്ഷേ........
അപ്പോഴും അവൾ ആ മാല വലത് കൈകൊണ്ട് കൂട്ടി പിടിച്ചിട്ടുണ്ടായിരുന്നു.
(അവസാനിച്ചു)
ബിജു പെരുംചെല്ലൂർ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo