Slider

താളപ്പിഴകൾ - Part 3

0
Image may contain: 1 person, closeup and outdoor

ദിവസങ്ങൾ പോകവേ ഹേമ കൂടുതൽ കൂടുതൽ വിഷാദയായി മാറിക്കൊണ്ടിരുന്നു. മുമ്പത്തെപ്പോലെ അവൾ ഫോണിൽ അധിക സമയം ചിലവഴിച്ചില്ല. ഏറെ നേരവും മൗനിയായി ഇരിപ്പാണ്. അന്നത്തെ സംഭവം അവൾക്ക് ഫോണിലുള്ള താല്പര്യം പോലും നഷ്ടപ്പെടുത്തിയിരിക്കുന്നു. ശരിക്കും ഒരു ഭ്രാന്തിന്റെ വക്കിലാണ് അവളെന്ന് തോന്നിപ്പോകും.
അവളുടെ മൗനത്തിനൊത്ത് രാജീവും നിരാശനായിരുന്നു. ഇനിയും എന്ത് ചെയ്താണ് ഹേമയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരേണ്ടത് ഒരു രൂപവും അവനുണ്ടായില്ല. അവളുടെ അവസ്ഥ പതിയെ അവനിലേക്കും പകരാൻ തുടങ്ങിയിരുന്നു.
അവന്റെ വിഷാദ ഭാവം ശ്രദ്ധയിൽ പെട്ട സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം ഒരു ദിവസം കൂട്ടുകാരുമൊത്ത് അവൻ സിനിമക്ക് പോകാൻ തയ്യാറെടുത്തു. ഹേമയെ കൂടാതെ പോകുന്നതിൽ രാജീവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ, വിളിച്ചാലും അവൾ വരില്ലെന്നവന് തോന്നി. നിർബന്ധിച്ചു കൊണ്ട് പോകാനും അവന് തോന്നിയില്ല.
സിനിമ തിയറ്ററിൽ കാത്തു നിൽക്കുമ്പോൾ അവൻ ഒരിക്കൽ കൂടി ആ പിൻവിളി കേട്ടു. രാജീവ് തിരിഞ്ഞു നോക്കി.
സൗമ്യ...
അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അന്ന് മൊബൈൽ ഷോപ്പിൽ വച്ച് കണ്ടതാണ്. അത് മനപ്പൂർവ്വം മറന്നു കളഞ്ഞതുമാണ്. പിന്നെയും അവൾ തേടി വന്നിരിക്കുന്നു. പുഞ്ചിരിയോടെ അവൾ അടുത്തേക്ക് വരികയാണ്. ചിരിക്കണോ വേണ്ടയോ എന്ന് രാജീവ് സംശയിച്ചു നിന്നതേ ഉള്ളു.
ഹായ് രാജീവ്...
ഹായ്...
ഒറ്റക്കെ ഉള്ളു?
അല്ല. ഫ്രണ്ട്സുണ്ട്.
വൈഫ് ഇല്ലേ?
ഇല്ല... അവൾ വന്നില്ല..
ശ്ശൊ.. ഒന്ന് കാണണമെന്നുണ്ടായിരുന്നു. സാരല്യ ഇനിയൊരിക്കലാകാം അല്ലെ...
രാജീവ് മിണ്ടാതെ നിന്നതേ ഉള്ളു. അപ്പോഴേക്കും സുഹൃത്തുക്കൾ അടുത്തെത്തിയിരുന്നു. ആരാണ് എന്ന ഭാവത്തിൽ അവർ നോക്കി.
എന്റെ... ഫ്രണ്ടാണ് സൗമ്യ..
അവൾ പുഞ്ചിരിച്ചു. ആ ചിരിയിൽ വീണു പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് രാജീവ് വേദനയോടെ ഓർത്തു. അവൾ യാത്ര പറഞ്ഞ് നടന്നു. പക്ഷെ രാജീവിന്റെ മനസ്സിൽ അപ്പോൾ ഓർമ്മകൾ പറന്നിറങ്ങി.
സിനിമ കാണുന്നതിൽ അവന് ഒട്ടും താല്പര്യം തോന്നിയില്ല. എവിടെയെങ്കിലും പോയി തനിച്ചിരിക്കാൻ അവന്റെ മനസ്സ് ആഗ്രഹിച്ചു. സിനിമ പാതി എത്തിയപ്പോഴേക്കും അവന് സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.
സൗമ്യ... അവൾ തന്റെ എല്ലാമെല്ലാമായിരുന്നു. ജീവനോളം സ്നേഹിച്ച പെണ്ണ്. എന്നും കൂടെ വേണം എന്ന് ആഗ്രഹിച്ച പെണ്ണ്. അങ്ങേയറ്റത്തെ ആത്മാർത്ഥതയോടെ അവളെ പ്രണയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു വിരൽത്തുമ്പുകൊണ്ടു പോലും തൊട്ട് അവളെ അശുദ്ധയാക്കാൻ ശ്രമിച്ചിട്ടില്ല. തികച്ചും പരിശുദ്ധ പ്രേമം. എന്നിട്ടും...
വീട്ടിലേക്ക് പോകാൻ അപ്പോൾ അവന് തോന്നിയില്ല. മനസ്സൊന്ന് ശാന്തമാകാതെ ഹേമയുടെ മുന്നിൽ ചെല്ലുന്നത് നല്ലതല്ല. ഹേമക്ക് സൗമ്യയെ അറിയില്ല എന്നത് തന്നെയാണ് അതിനുള്ള കാരണം. ഒരിക്കൽ പോലും ഹേമയോട് ഇതൊന്നും പറയാൻ താൻ താല്പര്യപ്പെട്ടിട്ടില്ല. സൗമ്യയെക്കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിച്ചിരുന്നില്ല. ഈ കണ്ടുമുട്ടൽ അത് തികച്ചും അപ്രതീക്ഷിതമായാണ്. അത് പഴയ ചില ഓർമ്മകളിലേക്ക് രാജീവിനെ കൂട്ടിക്കൊണ്ടു പോയി.
സൗമ്യ.. അവളെ സ്നേഹിച്ചു തുടങ്ങിയത് മുതൽ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. എല്ലാവരെയും പോലെ പ്രണയത്തിന്റെ മധുരം ആസ്വദിച്ചിരുന്ന കാലം. തന്റെ പ്രണയം സത്യമായിരുന്നു. അതുകൊണ്ട് തന്നെ എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും അവളെ കൈവിടാൻ ഒരുക്കവുമായിരുന്നില്ല. അതുകൊണ്ടാണ് എല്ലാ പ്രണയങ്ങളിലെപ്പോലെ ശാരീരികമായ അടുപ്പം ഉണ്ടാവാതെ പോയത്. തന്റേത് മാത്രം ആകുന്നത് വരെ അവൾ പരിശുദ്ധയായിരിക്കണം എന്ന വാശി. പക്ഷെ അതൊരു കഴിവ് കേടായി അവൾക്ക് തോന്നിയിരുന്നോ? അതുകൊണ്ടാണോ അവൾ ഉപേക്ഷിച്ചു പോയത്.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹജീവിതം തിരഞ്ഞെടുക്കുന്നു എന്നവൾ ഒരു സുപ്രഭാതത്തിൽ വന്നു പറയുമ്പോൾ ചങ്ക് പൊടിയുകയായിരുന്നുവെന്ന് രാജീവ് വേദനയോടെ ഓർത്തു. എന്ത് കഷ്ടപ്പാട് സഹിച്ചും അവളെ ജീവിതത്തിലേക്ക് കൂട്ടാൻ ആ സാഹചര്യത്തിലും തയ്യാറായിരുന്നിട്ടും അവൾ വന്നില്ല. വരാൻ പോകുന്ന പ്രതിബന്ധങ്ങളെയും ജീവിത പ്രയാസങ്ങളെയും ചൂണ്ടിക്കാട്ടി അവൾ പിൻവലിഞ്ഞു. എത്ര നിർബന്ധിച്ചിട്ടും അവൾ കൂടെവരാൻ തയ്യാറായില്ല. ആ വാക്കുകൾക്ക് ഒരു ചതിയുടെ മുഖം ഉണ്ടായിരുന്നുവെന്ന് തോന്നാൻ പിന്നെയും വൈകി.
ഏറെ നാൾ അവളുടെ ഓർമ്മകളിൽ വേദനയോടെ ജീവിച്ചു തീർത്തു. പിന്നീട് വഞ്ചനയുടെ മുഖമാണ് എല്ലാ സ്ത്രീകൾക്കും എന്ന തോന്നൽ തന്നെ എല്ലാവരിൽ നിന്നും അകറ്റി. ഒരു കല്യാണം താൻ ഒട്ടും ആഗ്രഹിച്ചതല്ല. പ്രണയ നൈരാശ്യം എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കിയപ്പോളും അത് ഒരു വഞ്ചനയിൽ നിന്ന് പഠിച്ച പാഠത്തിന്റെ തിരിച്ചറിവ് എന്നാണ് സ്വയം വിശ്വസിപ്പിച്ചത്. പക്ഷെ പിന്നെയും തോറ്റു പോയി.
എല്ലാവരുടെയും ശക്തമായ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിക്കുമ്പോൾ ഹേമയുടെ മുഖം മനസ്സിൽ എവിടെയും ഉണ്ടായിരുന്നില്ല. എല്ലാവർക്കും വേണ്ടിയാണ് അന്നതിന് സമ്മതിച്ചത്. ആ അകൽച്ച ആദ്യനാളുകൾ ശക്തമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. വെറുപ്പോടെ മാത്രമേ ഹേമയോട് പെരുമാറിയിരുന്നുള്ളു. പക്ഷെ അവൾ എല്ലാം സഹിച്ചു.
കാമുകിയും ഭാര്യയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് ഹേമയിലൂടെ ആയിരുന്നു. അവളുടെ ക്ഷമയും സ്നേഹവും തന്നിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. എല്ലാ സ്ത്രീകളും ഒരുപോലെയല്ല എന്ന പാഠം കൂടി പഠിപ്പിച്ചു തന്നു അവൾ.
എല്ലാ അർത്ഥത്തിലും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത് ആ സമയത്താണ്. ഒരു പുരുഷൻ ഭർത്താവായി മാറുമ്പോളുള്ള മാറ്റങ്ങൾ തന്നിലും കണ്ടു തുടങ്ങിയിരുന്നു. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പുകൾ വേണ്ടി വന്നപ്പോളാണ് ഹേമയിൽ മാറ്റങ്ങൾ ഉണ്ടായത്. അന്ന് അവൾക്കൊരു താങ്ങായി കൂടെ നിൽക്കാൻ എപ്പോളും ശ്രദ്ധിച്ചിട്ടുമുണ്ട്. പക്ഷെ നിരന്തരമായ കാത്തിരുപ്പ് ഹേമയെ നിരാശയിൽ എത്തിച്ചു. അപ്പോളും തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഹേമയെക്കാൾ, അവളുടെ സന്തോഷത്തേക്കാൾ പ്രാധാന്യമൊന്നും തന്റെ മനസ്സിൽ മക്കൾക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷെ എന്നിട്ടും..
ഇപ്പോളത്തെ അവസ്ഥ വളരെ മോശമാണ്. ഹേമയിൽ വിഷാദം ഒരു നിത്യ കാഴ്ചയായിരിക്കുന്നു. ഈ അവസ്ഥ തുടർന്ന് പോയാൽ എന്നെന്നേക്കുമായി അവളെ നഷ്ടപ്പെട്ടേക്കും. ഈ സമയത്താണ് സൗമ്യയുടെ ആഗമനം. ഒന്നും ഹേമയോട് തുറന്ന് പറയുന്നത് ഇപ്പോളത്തെ അവസ്ഥയിൽ നല്ലതല്ല. പക്ഷെ ഇനിയൊരിക്കൽ കൂടി സൗമ്യയെ കാണാൻ താൻ ഇഷ്ടപെടുന്നുമില്ല. എല്ലാം മറന്നുകളഞ്ഞതാണ്. എന്നെന്നേക്കുമായി അവസാനിപ്പിച്ചതുമാണ്. ഇനിയും ഒന്നും വേണ്ട.
ഒരുറച്ച തീരുമാനം എടുത്താണ് രാജീവ് വീട്ടിലേക്ക് മടങ്ങിയത്. ഹേമയെ കുറച്ചുകൂടെ ശ്രദ്ധയിൽ പരിപാലിക്കണം. അവളെ തിരികെ സന്തോഷത്തിലേക്ക് കൊണ്ട് വരണം. തന്റെ ജീവിതത്തിൽ ഹേമ അറിയാത്ത ഒരു അധ്യായം വേണ്ട. സൗമ്യയെക്കുറിച്ച് ഹേമയോട് പറയണം. ഒരു പുതിയ ഉണർവ്വ് രാജീവിന് തോന്നി.
വീട്ടിലെത്തുമ്പോൾ ഹേമ അതെ ഇരിപ്പ് തന്നെയാണ്. അതിൽ നിന്നും അവളുടെ ചിന്തകളെ മാറ്റാൻ തന്നെയാണ് ഒരു ചായക്ക് ആവശ്യപ്പെട്ടത്. ഒന്നും മിണ്ടാതെ അവൾ അടുക്കളയിലേക്ക് പോയി. ആ നേരത്താണ് മുറിയിൽ അവളുടെ ഫോൺ ബെല്ലടിച്ചത്. അതെടുക്കാൻ തുനിഞ്ഞ തന്നെ തടഞ്ഞുകൊണ്ട് തന്നെക്കാൾ മുൻപ് അവൾ ഓടിയെത്തി.
അതിലേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായോ? അതുമായി തിരികെ അടുക്കളയിലേക്ക് പോയി. ഒരു സംശയത്തിൽ രാജീവ് കാതോർത്തു. പിന്നെ വിളിക്കാം രാജീവ് വന്നിട്ടുണ്ട് എന്ന് പറഞ്ഞ് കോൾ കട്ടാക്കി. ആകപ്പാടെ ഒരു പരിഭ്രമം ഹേമക്കുണ്ടായിരുന്നു. പതിവില്ലാത്ത അവളുടെ ചേഷ്ടകളിൽ സന്ദേഹത്തോടെ രാജീവ് നിന്നു.
(തുടരും) -
Next part tomorrow same time on nallezhuth.com 

By Samini Gireesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo