Slider

ബാല്യകാല സ്മരണകൾ

1

അമ്മേ അവിടെയെന്താ ബഹളം?
ആ ഏട്ടന്മാർ അവിടെ എന്തെടുക്കുവാ..?
നാല് മണിക്ക് സ്ക്കൂൾ വിട്ട് വന്ന മകളുടെ ചോദ്യം കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്.അടുക്കളഭാഗത്ത് മുകളിലായി ഒരു മരത്തിന് കീഴെ മൂന്ന്, നാല് സ്ക്കൂൾ കുട്ടികൾ എന്തോ തെരയുന്നു. കൂട്ടത്തിൽ പൊക്കo കൂടിയക്കുട്ടി കല്ലെടുത്ത് മരത്തിന് മുകളിലേക്ക് എറിയാനും ശ്രമിക്കുന്നുണ്ട്. കാര്യമായ എന്തോ അവിടെ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ആ കുട്ടികളോടായി ചോദിച്ചു.
എന്തുവാ മക്കളേ അവിടെ?
ആന്റി ഇവിടെ മരത്തിൽ നിറയെ അമ്പഴങ്ങയാ ,പഴുത്തത് വീണീടുണ്ടോ എന്ന് നോക്കുവാ...
കുട്ടികൾ പറഞ്ഞപ്പോഴാണ് ഞാനും ആ മരം ശ്രദ്ധിച്ചത് ,ഇലകൾ കുറവാണെങ്കിലും കുലകുലയായി അമ്പഴങ്ങ പഴം.
ഇത്ര അടുത്തുണ്ടായിട്ടും ഞാനിതൊന്നും കണ്ടില്ലല്ലോ എന്നോർക്കുമ്പോഴാണ് ....
"ഫെയ്സ് ബുക്കിലാണല്ലോ ഇപ്പോ താമസം"
ഏട്ടൻ പകുതി കാര്യമായും, പകുതി തമാശയായും പറയാറുള്ള ആ വാചകം ഓർമ്മയിലെത്തിയത്.
ശരിയാണ്
പണ്ട് എന്തൊക്കെയായിരുന്നു കാട്ടിക്കൂട്ടാറുള്ളത്.വീട്ടിൽ നിന്ന് സ്ക്കൂളിൽ എത്തുന്നതു വരെയുള്ള വഴികളിലുളള മരങ്ങൾ പൂക്കുന്നതും, കായ്ക്കുന്നതും, പഴുക്കുന്നതും ,ആദ്യം ഞാനും കൂട്ടുകാരികളുമാണ് അറിയുക. പിന്നെ എന്നും രണ്ട് നേരവും അതിന് ചുവട്ടിനടിയിലൂടെയായിരുന്നു സഞ്ചാരം. മിക്കവാറും ബെല്ലടിച്ചതിന് ശേഷമായിരിക്കും ക്ലാസ്സിലെത്തുക. ടീച്ചർ തല്ലാതിരിക്കാനായി, ഏതോ സീനിയർ കുട്ടി പറഞ്ഞതനുസരിച്ച് പാറപൂവും കൈയ്യിൽ പിടിച്ചായിരിക്കും മിക്കവാറും ഞങ്ങൾ ക്ലാസ്സിലെത്തുക. ആദ്യമാദ്യം ടീച്ചർ അത് കാര്യമാക്കിയില്ലെങ്കിലും ,പിന്നീട് ഞങ്ങടെ കള്ളത്തരം കണ്ടു പിടിക്കുകയും, അച്ഛന്റെ കാതിലെത്തുകയും പിന്നിടങ്ങോട്ട് ഈ മരങ്ങളോടുള്ള സ്നേഹം ഒരു നേരത്തിലായി ഒതുക്കുകയും ചെയ്യേണ്ടി വന്നു.
സ്ക്കൂളിലെത്തിയാലും ക്ലാസ്സിലിരുന്ന് ഇതൊക്കെ ആയിരിക്കും ചിന്ത, അതു കൊണ്ടാണ് ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ അനുവദിച്ച സമയത്തിൽ നിന്ന് ,ഏകദേശം ഒന്നൊന്നര കിലോമീറ്ററോളം ദൂരെയുള്ള പറമ്പിലേക്ക്, നെല്ലിക്കയും, താണിക്കയും പെറുക്കാൻ ഓടാറുള്ളത് ,അന്ന് ഉച്ചക്കഞ്ഞി കഴിക്കാൻ വെറുo അഞ്ച് മിനിറ്റ് പോലും വേണ്ടി വന്നില്ലല്ലോയെന്ന്, ഇന്ന് മൊബെലും കൈയ്യിൽ പിടിച്ച് ഏകദേശം ഒന്നര മണിക്കൂർ എടുത്ത് കഴിക്കുമ്പോൾ ആലോചിച്ചു കൂട്ടാറുണ്ട്.
ആ പറമ്പിലേക്ക് ഒരുപാട് കുട്ടികൾ കനികൾ പെറുക്കാൻ ഓടി പോകുന്നത് കൊണ്ട് സീനിയേഴ്സിന് ചിലർക്ക് അതത്ര പിടിച്ചിരുന്നില്ല. അതിനായി അവർ കണ്ടു പിടിച്ച ഒരു സൂത്രമായിരിക്കണം" യക്ഷി പന"
ഫലങ്ങൾ ഉള്ള പറമ്പിലേക്ക് പോകുന്ന വഴിയിൽ ഒരു വലിയ തെങ്ങിൻ തോപ്പാണ്, അവിടെയൊരു പനമരവുo ഉണ്ടായിരുന്നു. ആ പനയിൽ യക്ഷിയുണ്ട് എന്നതാണ് സീനിയേഴ്സിന്റെ വാദം.
യക്ഷിയെ കണ്ടിട്ടു തന്നെ കാര്യമെന്നോർത്ത് അന്ന് സ്ക്കൂളിലെ എല്ലാ കുട്ടികളും അവിടെ സന്ദർശിക്കുക പതിവാക്കിയിരുന്നു. പനമരത്തിൽ നിന്ന് അകലെ മാറി നിന്ന് യക്ഷിയെ സസൂക്ഷ്മം വീക്ഷിക്കുമ്പോഴായിരിക്കുo ഒരു കുട്ടി ,
"ദേ യക്ഷി"
എന്ന് പറയുന്നത്.
ഇത് കേൾക്കേണ്ട താമസം എല്ലാവരും ജീവനും കൊണ്ട് ഓടുകയായിരുന്നു. ഈയൊരു സാഹസം എത്രയോ കാലം നീണ്ടു നിന്നിരുന്നു എന്നതാണെന്റ ഓർമ്മ.
സത്യത്തിൽ ആ പനയിൽ യക്ഷി ഉണ്ടായിരുന്നോ?
വെറുതെയാണെങ്കിലും ഞാനിന്നും എപ്പോഴെങ്കിലും ആ വഴിയിലൂടെ കടന്നുപോകുമ്പോൾ സ്വയം അന്വേഷിച്ച് നോക്കാറുണ്ട്.
ഹൈസ്ക്കൂളിൽ കാലഘട്ടം സ്ക്കൂൾ മാറി എന്നതൊഴിച്ചാൽ ഞങ്ങടെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇരുപത് മിനിറ്റ് മാത്രം ദൂരമുണ്ടായിരുന്ന സ്ക്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്താൻ ഏകദേശം ഒന്നര മണിക്കൂറോളം എടുക്കുമായിരുന്നു. കുന്നാറമൊട്ട എന്ന കാട്ടിലെ "കരിങ്ങാലിപ്പ ഴവും", " കാരപ്പഴവും" ആയിരുന്നു ഞങ്ങടെ പ്രിയപെട്ട കനികൾ. ആ സമയത്ത് കൂടെ ചുക്കാൻ പിടിക്കാൻ വല്യച്ഛന്റെ മകനായ ഏട്ടനും കൂടെയുള്ളതായിരുന്നു ഞങ്ങടെ ധൈര്യം.
വീട്ടിലെത്തിയ ഉടനെ നാവു് തുടയ്ക്കുക എന്നതാണ് പ്രധാന ജോലി. കരിങ്ങാലി പഴത്തിന്റെ നീലക്കളർ വീട്ടിലാരും കണ്ടു പിടിക്കാതിരിക്കാൻ വേണ്ടി മായ്ച്ചു കളയാനുള്ളതായിരുന്നു ആ സൂത്രം.
ഇത് മനസ്സിലാക്കിയ അമ്മ,
അന്ന് വിഷം തീണ്ടി മരിച്ച കുട്ടി,
വിഷം തീണ്ടിയ കാരപ്പഴം കഴിച്ചതിനാലാണ് ആ കുട്ടി മരിച്ചതെന്ന് കള്ളക്കഥയുണ്ടാക്കി, അങ്ങനെ ഞങ്ങടെ കരിങ്ങാലിഭ്രമം പാടേ ഉപേക്ഷിപ്പിക്കപ്പെട്ടു.
അങ്ങനെയെത്രയെത്ര മധുരമുള്ള ബാല്യകാല സ്മരണകൾ, ഇതൊന്നും അനുഭവിക്കാൻ ഇപ്പോഴത്തെ മക്കൾക്ക് പറ്റുന്നില്ലല്ലോ, എന്നാലോചിക്കുമ്പോഴാണ്.
ആന്റിക്ക് വേണോ?
അവരിലൊരുവന്റെ ശബ്ദം വീണ്ടും എന്റെ കാതിലെത്തിയത്.
അതിനുത്തരം പറയാതെ മക്കളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, വേണമെന്നർത്ഥത്തിൽ അവർ തലയാട്ടിയത് കണ്ടു കൊണ്ടായിരിക്കണം അവൻ അതിലൊരെണ്ണം എടുത്ത് മുറ്റത്തേക്കെറിഞ്ഞത്.
അമ്പഴങ്ങ കിട്ടിയ സന്തോഷത്തിൽ എന്നെ നോക്കിയ കുട്ടികളേയും ചേർത്ത് പിടിച്ച് ഞാൻ അകത്തേക്ക് കയറുമ്പോൾ എന്തിനോ വേണ്ടി നിറഞ്ഞു വന്ന കണ്ണുകൾ മക്കൾ കാണാതിരിക്കാനായി ഞാൻ പാടുപെടുകയായിരുന്നു..
by
പത്മിനി നാരായണൻ
1
( Hide )
  1. വീട്ടിൽ നിന്ന് സ്ക്കൂളിൽ എത്തുന്നതു വരെയുള്ള `വഴികളിലുളള മരങ്ങൾ പൂക്കുന്നതും, കായ്ക്കുന്നതും, പഴുക്കുന്നതും ,ആദ്യം ഞാനും കൂട്ടുകാരികളുമാണ് അറിയുക.`.........................``അന്ന് ഉച്ചക്കഞ്ഞി കഴിക്കാൻ വെറുo അഞ്ച് മിനിറ്റ് പോലും വേണ്ടി വന്നില്ലല്ലോയെന്ന്, ഇന്ന് മൊബെലും കൈയ്യിൽ പിടിച്ച് ഏകദേശം ഒന്നര മണിക്കൂർ എടുത്ത് കഴിക്കുമ്പോൾ ആലോചിച്ചു കൂട്ടാറുണ്ട്.`` .......``അങ്ങനെയെത്രയെത്ര മധുരമുള്ള ബാല്യകാല സ്മരണകൾ, ഇതൊന്നും അനുഭവിക്കാൻ ഇപ്പോഴത്തെ മക്കൾക്ക് പറ്റുന്നില്ലല്ലോ.`` ..................`` കുട്ടികളേയും ചേർത്ത് പിടിച്ച് ഞാൻ അകത്തേക്ക് കയറുമ്പോൾ എന്തിനോ വേണ്ടി നിറഞ്ഞു വന്ന കണ്ണുകൾ മക്കൾ കാണാതിരിക്കാനായി ഞാൻ പാടുപെടുകയായിരുന്നു..`` EE VAAKKUKALILE SATHYA SANDHATHAYUM AUCHITHYAVUM MANASSINE AAZHATTHIL SPARSHIKKUNNU. GRATE , ഇനിയും ധാരാളം എഴുതൂ ....ഞങ്ങളെപ്പോലുള്ളവര്‍ക്ക് വായിക്കാനായി , മനസ്സുകൊണ്ടെങ്കിലും സുന്ദരമായ മടക്ക യാത്രകള്‍ നടത്താനായി .... സവിനയം മഹേശ്വരന്‍ ....( എഴുതി ശീലമില്ല , `വായില്‍ വന്നത് കോതയ്ക്ക് പാട്ട് ` എന്നപോലെ പറയാനേ അറിയൂ ....... ...... .. . . )

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo