നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയപർവ്വം

Image may contain: 1 person, smiling, selfie and closeup

ബാഗ്ലൂർ വൈറ്റ് ഫീൽഡിലെ റിവേറഫ്ലാറ്റിന്റ അഞ്ചാം നിലയിലെ ബാൽക്കണിയിൽ അരണ്ട വെളിച്ചത്തിൽ ഇരിക്കുമ്പോൾ അതുവരെ കെട്ടിപ്പൊക്കിയ സ്വപ്ന സൗധം തകർന്നടിഞ്ഞതായി തോന്നി . സൈനൂനെ വിളിക്കാൻ തോന്നിയില്ല. അഭിമാനം അനുവദിച്ചില്ല എന്ന് പറയാം.
അഭിമാനം സ്വല്പം പോലും അർത്ഥമില്ലാത്ത വാക്ക് .!!
സത്യത്തിൽ ഒളിച്ചോട്ടമായിരുന്നു. കടപ്പെട്ടിരിക്കുന്നത് ഐ ഫ് ടി യിലെ സുഹൃത്ത് മറിയ ഫർണാണ്ടസ്സിനോടാണ്. സങ്കുചിത മനസ്സുകൾക്കുള്ള താക്കീതാണോ എന്റെയീ ശിഷ്ടജീവിതം..
മോട്ടിവേഷണൽ സ്റ്റോറീസ് മാത്രം വായിച്ചു വളർന്ന എനിക്ക് ചേർന്നതല്ല ഇത് എന്ന് മറിയ പലവട്ടം ഓർമ്മിപ്പിച്ചു.
ചില സമയത്ത് മനുഷ്യൻ നിസ്സഹായനാണ്. തന്റേടം സ്വാതന്ത്ര്യം എന്നൊക്കെ മുറവിളി കൂട്ടുമെങ്കിലും യാഥാർത്ഥ്യം അതിനൊക്കെ ഒരുപാട് ദൂരയാണെന്ന തിരിച്ചറിവ് നിസ്സംഗതയോടെ പുറംതിരിഞ്ഞോടാൻ പ്രേരിപ്പിക്കും.
ഇതൊരു ഇടവേള മാത്രമാണ് .സ്വപ്നങ്ങൾ വലിച്ചെറിയാൻ അത്ര ഭീരുവല്ല ഞാൻ. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.സൈനുവിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്നത് വെറുമൊരു പ്രണയം മാത്രമല്ല അത് എന്ന തിരിച്ചറിവാണ്.
താഴെ ലോണിൽ രണ്ട് മൂന്ന് കൊച്ചു കുട്ടികൾ കാൽപ്പന്തു കളിച്ചു കൊണ്ടിരിയ്ക്കുന്നു. ഒരാൾക്ക് പന്ത് കാലുകൊണ്ട് സ്പർശിക്കാൻ കിട്ടുന്നില്ലെങ്കിലും ക്ഷമയോടെ ഓടികൊണ്ടിരിയ്ക്കുന്നു. കുറച്ചു സമയം അത് നോക്കി നിന്നു.
ഫോൺ ശബ്ദം ഓർമ്മകളിൽ നിന്നും ഉണർത്തി. സെറ്റിയിൽ അലസമായി വലിച്ചെറിഞ്ഞ ബാഗ് ലക്ഷ്യമാക്കി നടന്നു.
മറിയയാണ്.
"വൈഗ നിന്റെ അച്ഛൻ വിളിച്ചിരുന്നു. അച്ഛന് പരിഭവമൊന്നുമില്ലെന്ന് പറയാൻ പറഞ്ഞു. ഒഴിവ് കിട്ടിയാൽ ഉടൻ തിരിച്ചു ചെല്ലാനും പറഞ്ഞിട്ടുണ്ട്. "
മറുത്തൊന്നും പറയാതെ കേട്ടു നിന്നു.
സൈനൂന് ഞാൻ പുതിയ നമ്പർ കൊടുത്തു..
"വേണ്ടിയിരുന്നില്ല മറിയ ." അറിയാതെ പറഞ്ഞു പോയി.
പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ലെന്ന് അവൻ പറയാൻ പറഞ്ഞു. ഞാൻ പിന്നേം മിണ്ടാതായി. അല്ലേലും എന്ത് പറയാനാണ്.
അവൾ പറഞ്ഞതല്ലേ പരമാർത്ഥം..
ചുമരിൽ തൂക്കിയ മൊണാലിസയുടെ ചിത്രത്തിലേക്ക് നോക്കി. വേദനിപ്പിക്കുന്ന എന്തോ ഉണ്ട് ആ ചിത്രത്തിൽ. എന്റെ ജീവിതത്തിലെന്ന പോലെ.
നഷ്ടപ്പെട്ടതിനെ , തിരിച്ചു കിട്ടാത്ത വിധം കൈവിട്ടു പോയതിനെക്കുറിച്ച് ഓർത്തു പോയി .ജീവിതം എന്ന പൊള്ളയായ ആവരണത്തിനുള്ളിലെ അരക്ഷിതാവസ്ഥ കണ്ണുനീരായി പരിണമിച്ചു.
അച്ഛനോട് ഒരു പരിഭവവുമില്ല. മതം എന്ന വേലിക്കെട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഞങ്ങളെ സ്വതന്ത്രരാക്കാൻ അച്ഛന്റെ സാമൂഹിക ചുറ്റുപാട് അനുവദിക്കുകയില്ല. അച്ഛൻ നിസ്സഹായനാണ്. അറിയാഞ്ഞിട്ടല്ല.
ചേർത്തുവെച്ചു താലോലിച്ചതൊക്കെ നഷ്ടപ്പെടുത്തിയുള്ള ഇറങ്ങിപ്പോക്കിന് അശക്തയുമാണ്. ഭ്രാന്തമായ ചിന്തകൾക്കൊരു ആശ്വാസം തേടിയുള്ള താല്ക്കാലിക വനവാസം അതേ പോംവഴിയായി കണ്ടുള്ളൂ.
ഫോണിലേക്ക് വന്ന മെസ്സേജ് നോക്കി.
.
Please give me some time to share my views
Please vaika make me a call.
I am ready to wait .
“I love you: and, it may be, from my soul. ...
സൈനുവാണ്. പതിവിൽ നിന്നും വ്യത്യസ്ഥമായി തോന്നി ആ മെസ്സേജ്. അവന്റെ മനസ്സും വേദനിച്ചിരിയ്ക്കുന്നു.
സെറ്റിയിൽ നിന്ന് എഴുന്നേറ്റ് മെല്ലെ റൂമിലേക്ക് നടന്നു. എന്നേക്കാൾ എന്റെ ഇഷ്ടങ്ങളറിയുന്ന മറിയ എനിക്കായി കണ്ടെത്തിയതാണ് റിവേറയിലെ ഈ വൺ ബെഡ് റൂം അപ്പാർട്ട് മെന്റ്.
എല്ലാ അർത്ഥത്തിലും താത്പര്യങ്ങൾക്ക് യോജിക്കുന്നത്. വൈറ്റ് സ്റ്റോൺ ക്ലാഡിങ്ങ് ചെയ്ത ചുമരിലെ മ്യൂറൽ വർക്ക് കൂടുതൽ മനോഹരമായി തോന്നി.
പഴമയും പുതുമയും ഒരു പോലെ മനസ്സിലേക്കാവാഹിക്കാൻ പണ്ടേ മിടുക്കിയായിരുന്നു.വാരിയത്ത് തറവാട്ടിലേക്കുള്ള യാത്ര അച്ഛനും അമ്മയ്ക്കും കടപ്പാടിന്റെ ഭാണ്ഡക്കെട്ട് ഇറക്കി വെയ്ക്കാനാണെങ്കിൽ എനിക്ക് ഭ്രാന്തമായ ഒരാവേശമായിരുന്നു. തടിത്തൂണുകളും അവയിലെ ചിത്രപ്പണികളും മച്ചിലെ കെട്ടും വരെ മനസ്സിലേക്കാവാഹിക്കാറുണ്ട്.
വല്ലാത്തൊരു പോസറ്റീവ് എനർജി പകർന്ന് തരാറുണ്ട് അവയൊക്കെ.
മനസ്സ് സ്വസ്ഥമാക്കാനായി കണ്ണടച്ചു കിടന്നു. ഓർമ്മകളുടെ തിരയടികളോടൊപ്പം മനസ്സും അറിയാതെ ഒഴുകി നീങ്ങുന്നു.
സ്വന്തം ഇഷ്ടപ്രകാരം തെരെഞ്ഞെടുത്തതാണ് അന്തേരിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ഇന്റീരിയർ ഡിസൈനിങ്ങ് കോഴ്സ്. സൈനുവിനേയും മറിയയേയും കണ്ടെത്തുന്നത് വരെ സത്യത്തിൽ ഏകയായിരുന്നു. അർത്ഥമില്ലാത്ത സൗഹൃദങ്ങളിൽ കടിച്ചു തൂങ്ങുന്നതിനേക്കാൾ നല്ലതാണ് ഏകാന്തത .
ഒരു പ്രണയം എന്നതിനേക്കാൾ മനസ്സിനെ ഒരു പ്രത്യേക തലത്തിലേക്കുയർത്തുന്ന സൗഹൃദമാണ് സൈനു എന്ന വ്യക്തിത്വം.
ഡിസംബറിലെ മരം കോച്ചുന്ന തണുപ്പുള്ള ഒരു പ്രഭാതത്തിൽ ഐ ഫ് ടി സമ്മാനിച്ച വിലമതിക്കാനാവാത്ത സമ്മാനം.
ആദ്യമായി കിട്ടിയ പ്രൊജക്ട് വർക്ക് ഉറക്കം കെടുത്തിയപ്പോഴാണ്
ലൈബ്രറിയിലേക്കെത്തിയത്. 24x7 വർക്ക് ചെയ്തിരുന്ന ലൈബ്രറി സത്യത്തിൽ അത്ഭുതപ്പെടുത്തി.
ആർക്കിടെക്ച്ചർ ഡിസൈൻ ഓഫ് ഇൻറീരിയർ എന്ന ബുക്ക് തേടി കിട്ടിയ സ്ഥലത്ത് ഇരുപ്പുറപ്പിച്ചു.
ചാർട്ട് പേപ്പറിലെ ലേ ഔട്ടിലെ സംശയം തീർക്കാൻ ബുക്കിലേക്ക് മുഖം പൂഴ്ത്തി.
"മലയാളിയാണ് അല്ലേ?" കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ ചാർട്ട് പേപ്പർ നീക്കി അതിലേക്ക് സസൂക്ഷ്മം വീക്ഷിക്കുകയാണ് കക്ഷി.
"ഇയാളുടെ പാഷൻ ഇതിൽ ഉണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു കാര്യം പറയാം. "
ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി. അവൻ സീരിയസ്സ് ആണ്. "ഒരു ഇൻറീരിയർ ഡിസൈനർക്ക് ആദ്യം വേണ്ട ക്വാളിറ്റി എന്താണെന്നറിയുമോ ?"
എന്റെ മൗനവും അമ്പരപ്പും കണ്ട് അവൻ തന്നെ ഉത്തരവും നൽകി.
"ഇമാജിനേഷൻ. ഓരോ മുക്കും മൂലയേയും കുറിച്ച് വിശദമായ മനക്കാഴ്ച്ച വേണം. "
പിന്നീട് അവൻ പറഞ്ഞതൊക്കെ അത്യധികം ആകാംക്ഷയോടെ കേട്ടിരുന്നു.
ക്രിയേറ്റീവ് വിഷ്വലൈസേഷന്റെ വിവിധ വശങ്ങളെക്കൂടി അവൻ വിശദീകരിച്ചു.
ചാർട്ടിലെ ഇറ്റാലിയൻ ശൈലിയിലുള്ള വീടിന്റെ ശ്രദ്ധിക്കാതെ പോയ രണ്ടു ജനാലകൾക്കിടയിലെ ഒരിക്കലും വരാത്ത അകലം പോലും അവൻ കാട്ടിത്തന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ മനസ്സിൽ മാന്ത്രികത സൃഷ്ടിച്ച സൗഹൃദം.
ഞാൻ തേടിയതെന്തോ അതൊക്കെ അവൻ പറഞ്ഞിരിക്കുന്നു.
ആർട്ട് ഡേയിൽ സെലക്ഷൻ കിട്ടിയ തേർഡ് ഇയർ മലയാളി പയ്യനെക്കുറിച്ച് റൂം മേറ്റ് മറിയ പറഞ്ഞതോർത്തു. അതിയാൾ തന്നെ .
ഞാൻ പേര് ചോദിക്കാതെ തന്നെ അവൻ പറഞ്ഞു ഞാൻ സുൽഫിക്കർ. ഇഷ്ടമുള്ളവർ സൈനു എന്ന് വിളിയ്ക്കും.
.
ഒരേ വേവ് ലങ്ങ്ത്തുള്ള സൗഹൃദങ്ങൾ വിരളമാണ്. വൈഗയെ ഇനിയും കാണണം. പറയാതെ പറഞ്ഞ പേരിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ചാർട്ട് പേപ്പറിൽ മാർക്കർ കൊണ്ട് എഴുതിച്ചേർത്ത എന്റെ പേര് ഓർത്തത്.
പിരിയാൻ നേരം ലെതർ ജാക്കറ്റിട്ട മെലിഞ്ഞു വെളുത്ത സുന്ദരിയും നല്ല ഉയരമുള്ള പയ്യനും അവിടേയ്ക്ക് വന്നു. അവർ ഞങ്ങളെ ശ്രദ്ധിച്ചു നോക്കിയതിന് ശേഷം തൊട്ടടുത്ത സീറ്റിൽ ഇരുപ്പുറപ്പിച്ചു. അതിരാവിലെ ലൈബ്രറിയിലേക്കെത്തുക കമിതാക്കളാണ് എന്ന് കേട്ടിട്ടുണ്ട് .
വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 6.30 കഴിഞ്ഞതേയുള്ളൂ. അപ്പോൾ അഞ്ചു മണിയ്ക്ക് ലൈബ്രറിയിൽ എത്തിയിരുന്നു. വെപ്രാളത്തിൽ ഉറക്കം വരാതെ ഇറങ്ങി പുറപ്പെട്ടതാണ്.
പുറത്ത് ഇറങ്ങിയപ്പോൾ കടുത്ത തണുപ്പിൽ കൈകൾ രണ്ടും അനുസരണക്കേട് കാട്ടി ശരീരത്തോട് ചേർന്നു നിന്നു.
"ഈവനിങ്ങ് ലൈബ്രറിയിലേക്ക് വരുമോ. ?"
പരിചയപ്പെട്ട് ഒരു മണിക്കൂർ ആയില്ലെങ്കിലും ഞാൻ തലയാട്ടി.
റൂമിലെത്തിയപ്പോൾ മറിയ ഉണർന്നിട്ടില്ല. അവൾ ഒന്നും അറിഞ്ഞിട്ടില്ല. മനസ്സ് നിറയെ പറഞ്ഞറിയിക്കാനാവാത്ത വികാരം.
ഈവിനിങ്ങ് മറിയയോട് പ്രൊജക്ട് വർക്കിനെക്കുറിച്ച് പറഞ്ഞ് ലൈബ്രറിയിലേക്ക് നടന്നു.
രാവിലെ ഇരുന്ന അതേ ഇരുപ്പിടത്തിലേക്ക് നോക്കി. രാവിലെ കണ്ടതിലും വെളുത്ത് സുന്ദരനായ രൂപം.അതേ സ്ഥലത്ത് തന്നെ. ഗാഢമായ വായനയിൽ ആണ്. വന്നത് അറിഞ്ഞതുമില്ല.
ഞാൻ ഹീൽഡ് ചപ്പൽ നിലത്തടിച്ചു ശബ്ദമുണ്ടാക്കി. അവൻ തല ഉയർത്തി എന്നെ നോക്കി.
.
എന്റെ വരവ് അപ്രതീക്ഷിതമായിട്ടെന്ന പോലെ അവൻ എഴുന്നേറ്റ് നിന്നു.
മുഖവുരയില്ലാതെ അവന്റെ കൈയ്യിലെ പുസ്തകത്തിന്റെ ഉള്ളടക്കവും ഇന്നലെ ചെയ്ത പ്രൊജക്ടിന്റെ തീമും താരതമ്യ പഠനം നടത്തിയതിലൂടെ നമുക്കിടയിലുള്ള അപരിചിതത്വത്തിന്റെ മറ അറിയാതെ നീങ്ങി.
ഒരിക്കൽ പോലും പ്രണയമാണെന്ന് പറഞ്ഞില്ലെങ്കിലും ഞങ്ങൾ പ്രണയിച്ചു തുടങ്ങിയിരുന്നു.
മുംബെ നഗരത്തിനും നാട്ടിൻ പുറത്തിന്റെ കാല്പനിക ഭാവമുണ്ടെന്ന് കാട്ടി തന്നത് സൈനു വായിരുന്നു.
ഞങ്ങളുടെ വൈകുന്നേരങ്ങൾ അറുപത് കഴിഞ്ഞ മനുഷ്യർ കൂടുന്ന കോഫി ക്ലബ്ബിലേക്ക് ചേക്കേറി.
മക്കളും മരുമക്കളുമൊക്കെ വിദേശത്ത് ചേക്കേറിയ അവരിൽ ചിലർ ആഴ്ച്ചപതിപ്പുകളും പേപ്പർ കെട്ടുകളുമായി രാഷ്ട്രീയവും സിനിമയും കവിയരങ്ങും കൊണ്ട് ശിഷ്ടജീവിതത്തിന്റെ വിരസത മാറ്റിയിരുന്നു.
കോഫീ ക്ലബിലെ തിരക്കിട്ട സാഹിത്യ ചർച്ചകൾ നഗരജീവിതത്തിന്റെ നീരസത്തിനപ്പുറം വശ്യമായ ഒരനുഭൂതി പകർന്നു നൽകി.
എംടിയേയും ബഷീറിനേയും വായിച്ച എന്നിലേക്ക് അലക്സാണ്ടർ പുഷ്കിനേയും സിൽവിയ പ്ലാത്തിനേയും പറിച്ചു നട്ടു.
ഫ്ലോറന്റിനോ അരിസയുടെയും ഫെർമിന ഡാസയുടേയും വൃദ്ധ പ്രണയത്തിന്റെ വശ്യത പറഞ്ഞ് മാർക്കസ്സിന്റെ മാന്ത്രികതയിലേക്കടുപ്പിച്ചതും അവൻ തന്നെ.
ഒരാൾക്കും മനസ്സിലാവാത്ത ഉൾക്കൊള്ളാനാവാത്ത ചില ഭ്രാന്തൻ ഇഷ്ടങ്ങൾ അവൻ കൂടെക്കൊണ്ടു നടന്നിരുന്നു.
മനസ്സ് ഓർമ്മകളിലേക്ക് ഊളിയിട്ടു കൊണ്ടിരിയ്ക്കുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്.സൈനുവാണ് .എടുക്കാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല.
"വൈഗ നീ ചെയ്ത ഫൂളിഷ്നസ്സിന്റെ വ്യാപ്തി നിനക്കറിയുമോ?"
പറഞ്ഞതിൽ കാര്യമുള്ളതുകൊണ്ട് സംസാരിക്കാനായില്ല. വർക്ക് മുടങ്ങി കിടക്കുകയാണ്.
"ജീവിതവും ജോലിയും കൂട്ടിക്കുഴയ്ക്കരുത് വൈഗ. ചിന്തിയ്ക്കാൻ സമയമുണ്ട്. നീ വരണം. ടിക്കറ്റ് ഞാൻ മറിയയ്ക്ക് അയച്ചിട്ടുണ്ട്. "
"നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വൂതറിങ്ങ് ഹൈറ്റ്സ് എഴുതിയ എമിലി ബോണ്ടിയെ ഓർത്തു പോവുന്നു.
ജീവിത ദുരിതത്തിനിടയിൽ പിടിപെട്ട രോഗത്തിന് കീഴടങ്ങിക്കൊടുത്ത് ജീവിതത്തെ തിരിച്ചു സ്നേഹിക്കാതെ മരണത്തിന്റെ കാല് പാടുകൾക്ക് കാതോർത്തുകൊണ്ട് കഥയെഴുതിയ എമിലി ബോണ്ടി.തന്നെ വഞ്ചിച്ച ജീവിതത്തോടുള്ള കയ്പ്പും വെറുപ്പുമാണ് അവർ പ്രമേയമാക്കിയത്.
ജീവിതത്തിൽ നിന്ന് തോറ്റോടുന്നത് ഭീരുത്വമാണ് വൈഗ .പ്രതിസന്ധികളെ നേരിടാൻ പഠിയ്ക്കണം. കടലോളം സംസാരിക്കാനുണ്ട്. നേരിട്ട് പറയണം."
"ഞാൻ വരാം സൈനു." വാക്കുകൾക്ക് സ്ഥാനമില്ലാത്തിടത്തെത്തിയ പോലെ തോന്നി.
അവൻ അങ്ങനെയായിരുന്നു.അതുകൊണ്ട് തന്നെയായിരുന്നു ഫോൺ എടുക്കാതിരുന്നതും.
ഞങ്ങൾ ഏറ്റെടുത്ത ആറാമത്തെ വർക്ക് ആണ് കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ ഫാമിലിയുടേത്.
അമേരിക്കയിൽ സെറ്റിൽ ചെയ്ത അവരുടെ നാട്ടിലെ ഡ്രീം ഹൗസിന്റെ നറുക്ക് വീണത് എനിക്കും സൈനുവിനും.
എന്റെ ലേ ഔട്ടിൽ സൈനുവിന്റെ കൈയ്യൊപ്പും ചേർന്ന് ഇതിനോടകം തന്നെ പേരെടുത്ത പത്ത് ഇന്റീരിയർ ഡിസൈനേഴ്സിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
എന്റെ ലേ ഔട്ട് വർക്ക് പുർത്തിയാവാറായപ്പോഴാണ് അപ്രതീക്ഷിതമായി അച്ഛന്റെ കോൾ.
സത്യത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സുഹൃത്തിന്റെ മകന് വേണ്ടിയുള്ള കല്യാണാലോചനയാണെന്ന് വീട്ടിലെത്തിയപ്പോൾ അറിഞ്ഞു. അതു വരെ കെട്ടിപ്പൊക്കിയതൊക്കെ ചിതറിത്തെറിച്ച് ചുറ്റും കിടക്കുകയാണ്.
സ്നേഹിക്കുന്നവരുടെ വേദനിയ്ക്കുന്ന മുഖങ്ങൾ ചുറ്റിലും പ്രതിധ്വനിയ്ക്കുന്നു.
സൈനുവിനും എനിയ്ക്കും ഇടയിൽ മതം എന്ന വേലിക്കെട്ട് വളർന്നുതുടങ്ങിയത് അറിയാൻ കഴിഞ്ഞു. ഒരിയ്ക്കൽ പോലും ചിന്തിയ്ക്കാത്ത കാര്യം.
ഒരിടത്തും ത്രാസ്സിന് ഭാരക്കൂടുതലോ കുറവോ തോന്നിയില്ല.
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് മുന്നിൽ അഭിമാനത്തോടെ വിളിച്ചു പറയാൻ മനസ്സിൽ സൂക്ഷിച്ച എന്റെ പ്രണയം തവിടുപൊടിയായി കിടക്കുന്നു.
ആത്മാവിൽ അടിഞ്ഞുകൂടിയ വേദന ഇറക്കി വെയ്ക്കേണ്ടത് എത് ശക്തിക്കു മുന്നിൽ ആണെന്നറിയാതെ മുറ്റത്തേക്കിറങ്ങി.
ഞാൻ നട്ടു വളർത്തിയ ചുവന്ന റോസാച്ചെടിയിലെ തേൻ കുടിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രശലഭത്തെ നോക്കിയിരുന്നു.
പ്രതിസന്ധികളിൽ എന്നും കൂടെ നിന്ന മറിയ തന്നെ ഇവിടേയും രക്ഷകയുടെ കുപ്പായമണിഞ്ഞു.
*****************
രാത്രി വളരെ വൈകിയാണ് കിടന്നത്. രണ്ടു ദിവസം മാത്രം തങ്ങാൻ വിധിക്കപ്പെട്ട ഈ മുറിയിൽ വെച്ച് ഓർമ്മകളുടെ വേലിയേറ്റം മാത്രം.
പ്രണയത്തെക്കുറിച്ച് ചിന്തിയ്ക്കാതെയാണ് ഈ സമസ്യയുടെ ഭാഗമായത്. അറിയാതെ സംഭവിക്കുന്ന വികാരമാണ് പ്രണയം.
സൈനുവിനോടൊപ്പം ക്ലാസ്സ്മേറ്റ് സ്വാതിയുടെ വീട്ടിൽ പോയത് ഓർത്തു. അവളുടെ ദീദി ബ്ലഡ് ക്യാൻസർ വന്ന് അവസാന സ്റ്റേജിലായിരുന്നു. കാണാതിരിക്കാൻ തോന്നിയില്ല. അവരുടെ ഭക്ഷണം എത്രയോ തവണ കഴിച്ചിരിയ്ക്കുന്നു.
അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. എല്ലാവരുടെ മുഖത്തും സന്തോഷം. ദീദിയ്ക്ക് രണ്ടു ദിവസമായി നല്ല മാറ്റം. രോഗം വിട്ടൊഴിഞ്ഞ പോലെ.
വൈഗ നിനക്ക് തോന്നുണ്ടോ ഈ മാറ്റം ശാശ്വതമാണെന്ന്?
പിന്നെ? ആകാംക്ഷയോടെയുള്ള എന്റെ ചോദ്യത്തിന് അവന്റെ മറുപടി തൃപ്തികരമായിരുന്നില്ല.
രോഗം അവരുടെ ശരീരത്തെ കീഴടക്കിയിരിക്കുന്നു. ജീവനു വേണ്ടിയുള്ള ശരീരത്തിന്റെ അവസാന പ്രതിരോധമാണ് ഈ മാറ്റം. സൈനൂന്റെ വിശദീകരണം ശരിവെയ്ക്കുന്നതായിരുന്നു രണ്ടു ദിവസം കഴിഞ്ഞുള്ള അവരുടെ മരണവാർത്ത .സത്യത്തിൽ അവനോട് ബഹുമാനം തോന്നി.കാര്യങ്ങളെ ഉൾക്കൊള്ളുവാനുള്ള അവന്റെ കഴിവ് അത്ഭുതപ്പെടുത്താറുണ്ട്.
സൈനുവിനെ അനുസരിക്കാൻ തീരുമാനിച്ചു.
കോളിംഗ് ബെൽ ശബ്ദം ഉറക്കത്തിൽ നിന്നും ഉണർത്തി. മറിയയാണ്. ടിക്കറ്റ് കൈയ്യിൽ തന്നു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.
നീ പറയാറുള്ളതുപോലെ നീ ഭാഗ്യവതിയാണ് വൈഗ .നിന്റെ ആത്മാവിനെ ഉണർത്തിയ ആൾ തന്നെയാണ് നിന്റെ സൈനു. ഇന്നലെ വരെ ഭയപ്പെട്ടിരുന്നു .ഇപ്പോഴാണ് നീ ശരിയായ തീരുമാനം എടുത്തത്.പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടുക. കെട്ടിപ്പിടിച്ച് യാത്രയാക്കുമ്പോൾ അവൾക്കതേ പറയാനുണ്ടായിരുന്നുള്ളൂ.
എയർപോട്ടിലേക്കുള്ള യാത്രയിലുടനീളം മനസ്സിന് ഒരു തരം മരവിപ്പായിരുന്നു.
ചെക്കിങ്ങ് കഴിഞ്ഞിറങ്ങുമ്പോൾ സൈനുവിനെ പ്രതീക്ഷിച്ചു. അച്ഛനും അമ്മയേയും കാണണമെന്നും ..
സൈനു കാത്തു നിൽക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അടുത്തേയ്ക്ക് വന്നു.
|എന്നോട് ക്ഷമിക്കണം സൈനു . എന്റെ ജീവിതം പൂർണ്ണമാവാൻ വേണ്ടപ്പെട്ടവരെ വേദനിപ്പിയ്ക്കാൻ കഴിഞ്ഞില്ല. "പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ തന്നെ അവൻ ചേർത്തു പിടിച്ചു.
"വൈഗയുടെ ആത്മാവിനെ ശ്വാസം മുട്ടിയ്ക്കാൻ അവർക്കവകാശമുണ്ടോ? "
അവന്റെ ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല.
"വൈഗ അവരെ വിളിയ്ക്കണം. കൊച്ചിയിൽ എത്തിയ കാര്യം പറയണം. ഞാനും വരാം വീട്ടിലേയ്ക്ക്."
ഫോൺ എടുത്തത് അമ്മയാണ്.
"ബോധാവസ്ഥയിലും അബോധാവസ്ഥയിലും അച്ഛന് നിന്നക്കുറിച്ച് തന്നെയാ ചിന്ത. നീ വേഗം വരണം. " അമ്മയുടെ വാക്കുകൾ ഇടറിയിരുന്നു. ഫോൺ കട്ടു ചെയ്തു.
വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.
സൈനുവിനെ അച്ഛൻ അകത്തേക്ക് വിളിച്ചു.
"നിന്നേക്കാൾ വലിയവനെ മോൾക്കായി കണ്ടെത്താൻ കഴിയില്ലെന്നറിയാം. നിങ്ങൾ എവിടേക്കെങ്കിലും മാറി ജീവിക്കണം. ഭീരുത്വമാണ് എന്നറിയാം . സമൂഹത്തെ പേടിയാണ് അച്ഛന് ." അച്ഛന്റെ കണ്ഠമിടറി.
"ഒക്കെ ശരിയാവുമ്പോൾ ഞങ്ങളും ഇവിടെ ഉപേക്ഷിച്ചു കൂടെ വരാം.നീ നിന്റെ വീട്ടുകാരുമായി ആലോചിക്കണം."
"അവർക്ക് സമ്മതമാണ്. എന്നെ വിശ്വാസവുമാണ്. " സൈനുവിന്റെ കണ്ണും നിറഞ്ഞൊഴുകി.
"കൊച്ചിയിലെ വർക്ക് പൂർത്തീകരിക്കണം.വൈഗ നാളെ വരണം. "
യാത്ര പറഞ്ഞിറങ്ങുമ്പോൾ സൈനു കീശയിൽ നിന്ന് പഴയതുപോലെ ഒരു പേപ്പർ തുണ്ട് കൈയ്യിൽ തന്നു.
Love can make you sadder than you have ever been.
Love can make you happier than You have ever been.
"ശരിയാണ്. ഇന്നലെ വരെ സങ്കടക്കടലിൽ മുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് സന്തോഷത്തിന്റെ പാരമ്യത്തിലും. അവനാണ് ശരി. അവൻ മാത്രമാണ് ശരി. "
21 / 12/2017
(കവിതസഫൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot