Slider

മീര

0
Image may contain: 1 person, eating, sitting and child

ചില പേരുകൾ കേൾക്കുമ്പോൾ തന്നെ മനോഹരം എന്നു തോന്നും.
ചിലത് ഉടമസ്ഥന്റെ വ്യക്തിത്വത്തിന്റെ പ്രഭാവത്തിൽ മനോഹാരിതയാർജ്ജിക്കും.
രണ്ടു തരത്തിലും മനസ്സിൽ പതിഞ്ഞ പേരാണിത്.
മീര.
അവൾ എന്റെ വീട്ടിലെ പാർട്ട് ടൈം സെർവന്റ് ആണ്.
അൽപ്പയായിരുന്ന എന്റെ അധികാരഗർവിനെ കുത്തിപ്പൊട്ടിച്ചു കടന്നു വന്നവൾ.
വില കുറഞ്ഞു നിറം മങ്ങിയ ചുരിദാറിട്ട കഷ്ടപ്പാടു വിളിച്ചറിയിക്കുന്ന മുഖമുള്ള ഒരു വേലക്കാരിയെ കാത്തിരുന്ന എന്റെ മുന്നിലേക്ക് അതിസുന്ദരമായ കോട്ടൺ സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത് ആത്മവിശ്വാസം ഇതളിട്ട പുഞ്ചിരിയോടെ കടന്നു വന്ന മീര...
ആദ്യം തോന്നിയത് അതൃപ്തി തന്നെ...എങ്കിലും സഹിച്ചല്ലേ പറ്റു.സർക്കാരുദ്യോഗസ്ഥനേക്കാൾ ഡിമാൻഡ് ആണ് വീട്ടുജോലിക്കാർക്കിപ്പോൾ.
എങ്കിലുമവൾ മിടുക്കിയായിരുന്നു.
വളരെ വേഗത്തിൽ വൃത്തിയായി ജോലി തീർത്ത് അടുത്ത വീട്ടിലേക്ക്...
അസംതൃപ്തിയിലേക്ക് കലരുന്ന അസൂയയിൽ
നെയിൽപോളിഷിട്ട നഖമൊന്നമർത്തി അവൾ പറഞ്ഞു.
'ചേച്ചി കുട്ട്യോളെ പഠിപ്പിക്കുന്നു.ഞാൻ ചോറും കറിയുമുണ്ടാക്കുന്നു.രണ്ടു പേരും ജോലി ചെയ്യുകയല്ലെ?'
അതെ.രണ്ടു പേരും ജോലി ചെയ്യുകയാണ്.
അതിലപ്പുറം അവളുടെ വ്യക്തിത്വത്തിൽ ഞാനെന്തിന് ഇടപെടണം...
ഒരുപാടൊന്നും പറയാതെ...ഒരു മുഷിച്ചിലുമില്ലാതെ അവൾ പറഞ്ഞു.അവൾക്കു പറയാനുള്ളത്.
ഒരു ദിവസം വന്നതു മകനോടൊപ്പമാണ്.ഓമനത്തം തുളുമ്പുന്ന ഒരു സുന്ദരൻ ... കൊച്ചു വർത്താനത്തിനിടെ അവനാണു പറഞ്ഞത്
'ആന്റി കണ്ടോ അമ്മേടെ നെറ്റീലു പാട്...അച്ഛനിന്നലെ കതകീ പിടിച്ചിടിച്ചതാ'
ഒന്നു ഞെട്ടി.
അവളെ അധികം ശ്രദ്ധിക്കാറില്ല.ഏറ്റവും സുന്ദരമായ വസ്ത്രങ്ങൾക്ക് യോജ്യമായ ധാരാളിത്തം തീരെയില്ലാത്ത ചമയങ്ങൾ ..കാണുമ്പോഴൊക്കെ അപകർഷത ഇഴഞ്ഞ് കയറാറുണ്ട് മനസ്സിലേക്ക്...
ഒരു തവണ അവൾ തന്നെ പറയുകയും ചെയ്തു
'ചേച്ചിയെന്താ ഇങ്ങനെ അമ്മച്ചിമട്ടിൽ നടക്കുന്നെ?
ഫാഷനെ പറ്റിയൊന്നും ഒരു ബോധോമില്ലല്ലേ...പിള്ളേരു കൂവാറില്ലേ ഇങ്ങനെ ചെല്ലുമ്പോ...ഇപ്പളത്തെ കുട്ട്യോള് എല്ലാം തുറന്നു പറയൂലോ..'
തേൾക്കുത്തേറ്റ പോലെ ഒന്നു പിടഞ്ഞു...പക്ഷെ അവൾ ഭാവഭേദമില്ലാതെ ചിരിച്ചു.കളിയാക്കലിന്റെ ചെറിയൊരു അടയാളമെങ്കിലുമുണ്ടോ എന്നു തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
അതിനു ശേഷം കഴിവതും അവളെ ശ്രദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
മുഖമുയർത്തി നോക്കിയതു കൃത്യം അവളുടെ കണ്ണിലേക്ക്.
ഇന്നും ചിരി തന്നെ...
'ഈ ചെക്കനു വട്ടാ'....
ഒട്ടും പതർച്ചയില്ലാതെ മീര.
'ഒന്ന്വല്ലാട്ടോ ആന്റീ...അപ്പു സത്യാ പറഞ്ഞെ'
'അതു ചുമ്മാ...ഒരു നേരമ്പോക്കൊക്കെ വേണ്ടെ ചേച്ചി.പുള്ളി ഇത്തിരി കഴിക്കും.അപ്പോ ഇത് ഒരു രസാ'
തൊണ്ടയിലേക്ക് എന്തോ വന്നു തടഞ്ഞതു പോലെ...മീൻമുള്ളു പോലെ എന്തോ...
'ഈ അമ്മയുണ്ടല്ലോ ആന്റീ എന്നും കോളയും പപ്പ്സും ഒക്കെ വാങ്ങും.അച്ഛൻ കള്ളു കുടിക്കുമ്പോ അമ്മ ഞങ്ങക്ക് അതൊക്കെ തിന്നാൻ തരും.നല്ല ടേസ്റ്റാ...'
'എന്റെ പോളിസി അതാ ചേച്ചി,പുള്ളി കള്ളു കുടിക്കുമ്പോ ഞങ്ങളു കോള കുടിക്കും.മക്കൾക്ക് ഒരു കുറവുമില്ലാതെ നോക്കുന്നുണ്ട്.ഞാനും ആഗ്രഹത്തിനൊത്തു ജീവിക്കുന്നു.അങ്ങേരു കുടിക്കുന്നെന്നും പറഞ്ഞ് കരഞ്ഞോണ്ടിരുന്നിട്ടെന്താ...പിന്നെ നാളത്തെ കാര്യം...അതു നാളെയല്ലെ.'
ആത്മവിശ്വാസത്തോടെ അകലുന്ന അവളുടെ കാലടികളിലേക്ക് കണ്ണയച്ചു വെറുതെ നിൽക്കുമ്പോൾ നേരിയൊരാദരവ് ഞാൻ പോലുമറിയാതെ ഉള്ളിലൂറുന്നുണ്ടായിരുന്നു.
'വള്ളിത്തോട്...വള്ളിത്തോട്...ആളിറങ്ങാനുണ്ടല്ലോ...
നിങ്ങളു വള്ളിത്തോടല്ലേ ടിക്കറ്റ്?'
കണ്ടക്ടറുടെ പരുക്കൻ ശബ്ദം.
ബസ്സിറങ്ങുമ്പോളൊന്നു വേച്ചു.
പരിചയം തീരെയില്ലാത്ത സ്ഥലം
ഒറ്റയ്ക്കും കൂട്ടായും ഒരുപാടു പേർ.ഒറ്റ ലക്ഷ്യം
വഴി ചെന്നു നിന്നത് ഒരൊറ്റമുറി വീട്ടിലാണ്.
ചായ്പ് എന്നു പോലും വിളിക്കാനാവാത്ത ഒറ്റമുറി...മുറ്റത്ത് വെള്ള പുതച്ച് അവർ...നാലു ശരീരങ്ങൾ...എന്നത്തെയും പോലെ സുന്ദരിയായിരിക്കുമോ ഇന്നുമവൾ?
'അടീം വഴക്കും എന്നുമുള്ളതാ.എന്നാലും ഇങ്ങനെയാകുംന്നു കരുതീല.
താലി കെട്ടിയോനെ തലയ്ക്കടിച്ചു കൊല്ല്വാന്നൊക്കെ പറഞ്ഞാ...'
'അതു മാത്രാണോ...ആ കുഞ്ഞുങ്ങളേം തീർത്തിട്ടല്ലേ ഒരുമ്പെട്ടോള് കെട്ടിത്തൂങ്ങിയത്.എന്തായിരുന്നു അവൾടൊരുടുപ്പും നടപ്പും.ഞാനിതന്നേ വിചാരിച്ചതാ.....'
മുറ്റത്തിന്റെ അരികിൽ
കൂടിനിൽക്കുന്നവരാണ്.ആരാണെന്നു നോക്കിയില്ല.നോക്കാൻ തോന്നിയില്ല.
കണ്ണുകൾ അവളിലായിരുന്നു.
മീര...
പക്ഷേ എന്തിനായിരുന്നു കുട്ടീ?
അതിനു മാത്രം എന്താണ് അന്നുണ്ടായത്?
തിരിച്ചു വരാനുള്ള ബസ്സു കാത്ത് വഴിയരികിൽ നിൽക്കുമ്പോഴും മനസ്സിലാ ചോദ്യം... ദഹിക്കാതെയുണ്ടാകുന്ന ഒരു പുളിച്ചുതേട്ടൽ
എത്രയൊക്കെ പൊരുതിയാലും ജീവിതത്തിൽ ചില ചതിക്കുഴികൾ ഒരുക്കി വെക്കും ദൈവം..
കൃത്യം നമുക്കു ചെന്നു വീഴാൻ പാകത്തിൽ...അല്ലേ...???
.....
ദിവിജ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo