പ്രവാസത്തിന്റെ തീച്ചൂടിൽ ഒരു വെള്ളിയാഴ്ച. ലേബർ ക്യാമ്പ് എന്ന സ്വപ്ന ഭൂമിയിൽ വിശാലമായി കിടന്ന് വിശ്രമിക്കുകയായിരുന്നു എല്ലാവരും. പെട്ടെന്നൊരു വെളിപാട് പോലെ അഭിഷേകിനൊരാഗ്രഹം.
നമുക്ക് പുട്ട് ഉണ്ടാക്കിയാലോ?
കേട്ടപ്പോൾ തന്നെ അമ്മമാരും ഭാര്യമാരും ഒക്കെ ഉണ്ടാക്കുന്ന പുട്ട്, പഴവും കടലക്കറിയും ഒക്കെ കൂട്ടി കഴിക്കുന്നെന്റെ രുചി എല്ലാവരുടെയും വായിലേക്ക് വന്നു. ആ സ്മരണയിൽ തന്നെ എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി.
കൂട്ടത്തിൽ തല മൂത്ത ആളാണ് വിജയേട്ടൻ. തല മൂത്തു എന്ന് പറഞ്ഞാൽ ആകെയുള്ള നാല് തലമുടി നാര് വെളുത്തു എന്നർത്ഥം. പ്രവാസത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട് എന്നതിനാൽ എല്ലാവരും പ്രതീക്ഷയോടെ നോക്കി.
പണ്ടെങ്ങോ അമ്മ ഉണ്ടാക്കിത്തന്ന പുട്ട് തിന്നതല്ലാതെ മൂപ്പർക്ക് അടുക്കള കണ്ട ഓർമ്മ കൂടിയില്ല. പക്ഷെ ചെറുപ്പക്കാരായ സഹവാസികളുടെ മുൻപിൽ ഒന്നും അറിയാത്തവനായി നില്ക്കാൻ മടി തോന്നിയത് കൊണ്ട് മൂപ്പർ പപ്പു ചേട്ടനെപ്പോലെ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഡയലോഗ് അടിച്ചു വിട്ടു.
എന്തോ ഭാഗ്യം... ആരോ പറഞ്ഞു അരിപ്പൊടിയാണ് പുട്ടിന് എന്ന്. എനിക്കറിയാം എന്ന ഭാവത്തിൽ അരിപ്പൊടിയെടുത്ത് നനക്കാൻ തുടങ്ങി. ആളൊന്നിന് രണ്ടു കഷ്ണം വീതം പുട്ട് എന്ന് നിശ്ചയിച്ച് പൊടി അളന്നെടുത്തു. ഒരു കഷ്ണം പുട്ടിന് രണ്ടു പിടി അരിപ്പൊടി. അങ്ങനെ രണ്ടു കഷണത്തിന് നാല് പിടി പൊടി വീതം കണക്കാക്കി എടുത്തു.
പിന്നെ നനക്കൽ കർമം. വെള്ളം ഒഴിക്കും തോറും പെരുകി വന്ന അരിപ്പൊടി കണ്ട് പ്രാരബ്ധം കൊണ്ട് കുഴിഞ്ഞു പോയ വിജയേട്ടന്റെ കണ്ണുകൾ ഉന്തി വെളിയിലേക്ക് വന്നു. മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ തിരിച്ച് അകത്തേക്ക് എടുത്തിട്ട് വീണ്ടും കർമ്മം തുടർന്നു.
എല്ലാവരും ചൂടുള്ള ആവി പറക്കുന്ന പുട്ട് മനസ്സിൽ ധ്യാനിച്ച് വിജയേട്ടന്റെ പ്രവൃത്തികൾ വീക്ഷിച്ച് നിന്നു. ഇന്ന് ഞാൻ ഈ ക്യാമ്പിലെ ആസ്ഥാന പാചകക്കാരന്റെ സ്ഥാനം പിടിച്ചെടുക്കും എന്ന ഭാവത്തിൽ വിജയേട്ടനും.
അങ്ങനെ പൊടി നനക്കൽ കർമ്മം കഴിഞ്ഞു. പുട്ട് കുടത്തിൽ വെള്ളം നിറച്ച് അടുപ്പത്ത് വച്ചു. കുംഭത്തിൽ ചില്ലും ഇട്ടു. പിന്നെ തേങ്ങാ പീരയും ഇട്ടു. അരിപ്പൊടി കുറേശ്ശേ ഇട്ടുകൊടുത്തു. ഇടക്കിടക്ക് പീര ഇട്ടുകൊടുത്ത് പിന്നെയും പുട്ട് പൊടി ഇട്ടു കൊണ്ടിരുന്നു. പഴുതില്ലാത്ത വിധം പുട്ട് പൊടി കുംഭത്തിൽ നിറഞ്ഞു. എന്നിട്ടും സ്ഥലം ബാക്കി. ഒരു കോപ്പർ റാഡ് എടുത്ത് വന്ന് കുത്തി ഇറക്കി അരിപ്പൊടി. അപ്പോളും സ്ഥലം ബാക്കി. പിന്നെയും അരിപ്പൊടി ഇട്ടു. പിന്നെയും റാഡ് പ്രയോഗം തുടർന്നു. അങ്ങനെ അങ്ങനെ ആ കുംഭത്തിൽ നിറക്കാവുന്നതിന്റെയും അതിന്റെ അപ്പുറത്തെയും അരിപ്പൊടി നിറച്ചു കഴിഞ്ഞിരുന്നു.
തൃപ്തനായ വിജയേട്ടൻ പുട്ടിന് ആവി വരാനായി കാത്തിരിപ്പായി. വായിൽ ഊറുന്ന കൊതി വെള്ളവുമായി മറ്റുള്ളവരും. പക്ഷെ കാത്തിരുപ്പ് നീണ്ടു പോയതല്ലാതെ ഒരു ഫലവുമുണ്ടായില്ല. "എന്താണെന്നറിയില്ല... എന്തുകൊണ്ടെന്നറിയില്ല... ആവി വന്നില്ല... പുട്ടിനാവി വന്നില്ല..." എന്ന വരികൾ ഓരോ മനസ്സിലും മൂളാൻ തുടങ്ങി.
ഇതിപ്പോ ശരിയാവും എന്ന ഭാവത്തിൽ നമ്മുടെ കഥാ നായകൻ ഇരിപ്പുണ്ടെങ്കിലും മൂപ്പർക്കും പതിയെ സംശയം തോന്നാൻ തുടങ്ങി. ഒടുവിൽ ഗതികെട്ട് പുട്ട് കുത്തിയപ്പോൾ കല്ല് പോലെ എന്തോ ഒന്ന് വന്നു.
ഇതെന്താണെടാ എന്ന ഭാവത്തിൽ വിജയേട്ടൻ അതിനെ തിരിച്ചും മറിച്ചും ഇട്ടു പരിശോധിച്ചു. താൻ ചെയ്തത് എല്ലാം ശരിയാ... ഇതിവിടത്തെ വെള്ളത്തിന്റെ കുഴപ്പമാ എന്ന ഡയലോഗ് പറഞ്ഞ് പിടിച്ച് നിൽക്കാൻ മൂപ്പർ ഒരു അവസാന ശ്രമം കൂടി നടത്തി നോക്കി. പക്ഷെ രക്ഷയില്ല.
ഇതെന്താണെടാ എന്ന ഭാവത്തിൽ വിജയേട്ടൻ അതിനെ തിരിച്ചും മറിച്ചും ഇട്ടു പരിശോധിച്ചു. താൻ ചെയ്തത് എല്ലാം ശരിയാ... ഇതിവിടത്തെ വെള്ളത്തിന്റെ കുഴപ്പമാ എന്ന ഡയലോഗ് പറഞ്ഞ് പിടിച്ച് നിൽക്കാൻ മൂപ്പർ ഒരു അവസാന ശ്രമം കൂടി നടത്തി നോക്കി. പക്ഷെ രക്ഷയില്ല.
ആവി പറക്കുന്ന പുട്ട് തിന്നുന്നത് സ്വപ്നം കണ്ട ഓരോരുത്തരുടെയും മുഖങ്ങളിൽ മ്ലാനത പടർന്നു. ഒടുക്കം സഹി കേട്ട് ആരോ നാട്ടിലേക്ക് വിളിച്ച് പുട്ടുണ്ടാക്കുന്നത് എങ്ങനെ എന്ന് ചോദിച്ചു. അപ്പോളല്ലേ സംഗതി പിടികിട്ടിയത്.
ഒരു തരി വായു കടക്കാൻ ഇടമില്ലാതെ പുട്ട് കുറ്റിയിൽ കോപ്പർ റാഡ് ഇട്ട് കുത്തി അരിപ്പൊടി നിറച്ച വിജയേട്ടനെ അന്നെല്ലാവരും സ്നേഹത്തോടെ ഒന്ന് നോക്കി. പിന്നെ അവിടെ എന്തൊക്കെ സംഭവിച്ചു എന്ന് സത്യമായിട്ടും എനിക്കറിഞ്ഞു കൂടാ...
ഏതായാലും കോപ്പർ റാഡ് വച്ച് പുട്ടുണ്ടാക്കുന്ന രീതി പരീക്ഷിച്ച വിജയേട്ടൻ അന്ന് മുതൽ കോപ്പർ പുട്ട് എന്നറിയപ്പെട്ടു.
ഹാവൂ.... ഇപ്പൊ ഒരു റിലാക്സേഷൻ ഒക്കെയുണ്ട്. ഈശ്വര... ഇതൊന്നും വിജയേട്ടൻ കാണില്ലല്ലോ അല്ലെ...
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക