Slider

ഒരു CBI ഡയറിക്കുറിപ്പ് @ദേവലോകം..

0
Image may contain: 1 person, sunglasses and beard

യമലോകത്തിലെ ഒരു ദിവസം...
"ചിത്രഗുപ്താ...എടോ ചിത്രഗുപ്താ" യമദേവൻ തൻ്റെ കണക്കുപിള്ളയായ ചിത്രഗുപ്തനെ നീട്ടി വിളിച്ചു. കാണാത്തതിനാൽ ആത്മഗതം'ഈ പഹയൻ ഇതെവിടെ പോയി കിടക്കുന്നു.ഇന്ന് ഇവിടേക്ക് വരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കാൻ പറഞ്ഞിരുന്നു'
ചിരിച്ചു കൊണ്ട് ചിത്രഗുപ്തൻ കടന്നു വന്നു.
"എന്തോന്നാടെ ഇത്ര ചിരിക്കാൻ"
"യമരാജൻ ഇന്ന് ദേവലോകത്തിലെ വാട്സ്ആപിൽ വന്ന കോമഡി കണ്ട് ചിരിച്ചു പോയതാ"
"എന്തായിരുന്നു വാട്സ്ആപിൽ?"
"അത് ഭൂമിയിലെ മനുഷ്യരുടെ കാര്യമാ...അവിടുത്തെ സർക്കാർ ഒരു നിയമം കൊണ്ടു വന്നു.ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കരുതെന്ന്."
"അതൊരു നല്ല കാര്യമല്ലേ..അപകടമുണ്ടായാൽ തലയ്ക്ക് പരിക്കേല്ക്കിലല്ലോ?അതിനെന്താ ഇത്ര ചിരിക്കാൻ"
"കോമഡി അതല്ല യമരാജൻ, തലയിൽ ഹെൽമറ്റും വച്ചൊരുത്തൻ ഓവർസ്പീഡിൽ പോയി പാണ്ടി ലോറിയുടെ അടിയിൽ പെട്ടു...ചതരഞ്ഞ് പോയി..ശരീരമില്ലാതെ തല മാത്രം ബാക്കി"
"ഇതൊക്കെ വായിച്ച് തനിക്കെങ്ങനെ ചിരിക്കാൻ പറ്റുന്നു?"
"പിന്നെ ചിരിക്കാതെ അവൻ്റെ ജാതകത്തിൽ ജോത്സ്യൻ പറഞ്ഞിരിക്കുന്നത് 80 വയസ്സാ...ചെക്കന് ഇന്നലെ പതിനെട്ട് തികഞ്ഞതേയുള്ളു"
"തൻ്റെ കണക്കുപുസ്തകത്തിൽ അവൻ്റെ ആയുസ്സ് എത്രയാണ്?"
"പതിനെട്ട്,ജോത്സ്യന്മാർ എത്ര കുറിച്ചാലും ഇവിടെ എൻ്റെ കണക്കുപുസ്തകമാണ് ശരിയായിട്ടുള്ളതെന്ന് ആ മണ്ടന്മാർക്ക് ഇനിയും മനസ്സിലായിട്ടില്ല"
ചിത്രഗുപ്തൻ ഒന്ന് നിർത്തി..വീണ്ടും തുടർന്നു
"ഇന്നലെ മറ്റൊരു കോമഡി കൂടിയുണ്ടായി യമരാജൻ"
"എന്താടോ അതും മനുഷ്യരുടെ കാര്യമാണോ?"
"ഹേയ്...അല്ലല്ല.. ഇത് നമ്മുടെ നാരദരുടെ കാര്യമാ...ഫെയ്സ്ബുക്കിൽ നാരദർക്ക് ഞാനൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു.'പി.ചിത്രഗുപ്തൻ' എന്ന പേരിൽ.. മൂപ്പരത് പരിഗണിക്കുക പോലും ചെയ്തില്ല...പക്ഷെ ഞാനാരാ മോൻ!!'Chithra.G'എന്ന പേരിൽ ഞാനൊരു റിക്വസ്റ്റ് വീണ്ടും അയച്ചു.നാരദരത് സ്വീകരിച്ചു എന്ന് മാത്രമല്ല രാത്രിയിൽ ഇൻബോക്സിൽ വന്ന് കിന്നരിക്കലാണ് പണി"
"ഹ...ഹ...ഹ...എന്നാലും എൻ്റെ നാരദരേ"
"യമരാജൻ"പുറത്ത് നിന്നൊരു വിളി
"ആ...കേറി പോര്...ആരാ എന്താ?"
"യമരാജൻ ഞാൻ കൈലാസത്തിൽ നിന്നും വരുന്നു.ശിവഭഗവാൻ അടിയന്തിര ദേവയോഗം വിളിച്ചിട്ടുണ്ട്.എത്രയും പെട്ടെന്ന് കൈലാസത്തിൽ എത്താൻ കല്പിച്ചു"
"തൻ്റെ ശിവഭഗവാൻ എത്ര പഴഞ്ചനാടോ..ഇപ്പോൾ എല്ലാവരുടെയും കൈയിൽ മൊബൈലും വാട്സ്ആപും ഉണ്ട്.ഒരു സന്ദേശം വിട്ടാൽ പോരെ..ദേവലോകത്താണെങ്കിൽ ഇൻ്റർനെറ്റ് ഫ്രീയുമാണ്....ശരി ഞങ്ങൾ വന്നേക്കാം"
*****
കൈലാസം....
ശിവഭഗവാൻ ആഗതനായി
"ആ...എല്ലാവരും എത്തിയിട്ടുണ്ടല്ലോ...എവിടെ ബ്രഹ്മദേവൻ?"
"ഞാൻ..ഇവിടെയുണ്ട്"
"എന്താ ബ്രഹ്മദേവ കലിപ്പിലാണല്ലോ.ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം എന്താ പിടിച്ചില്ലേ?"
"എനിക്ക് വയസ്സായിന്ന് വച്ച് ഒരു മൂലക്കിരുത്താനാ ശ്രമമെങ്കിൽ അതിന്റെ ഭവിഷ്യത്ത് ഈ ദേവലോകം അനുഭവിക്കും.ഇവിടുത്തെ സാധാരണ ദേവന്മാർ എൻ്റെ കൂടെയാണെന്ന് എല്ലാവർക്കും അറിയാലോ?"
മഹാവിഷ്ണുവിൻ്റെ ശബ്ദം
"ഇത് ദേവലോകമാണ്.ഇവിടെ എന്ത് നടക്കണമെന്ന് ഞാനും ശിവഭഗവാനും കൂടി തീരുമാനിക്കും..അത് ഓർക്കേണ്ടവർ ഓർത്താൽ നന്ന്..അല്ലാത്തവരോട് കടക്കു പുറത്ത് എന്നേ പറയാനുള്ളു"
"എന്തോന്നാടെ... ഇതെന്താ ഭൂമിയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണന്നോ...നിങ്ങൾക്ക് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നമുണ്ടെങ്കിൽ പിന്നെ ചർച്ച ചെയ്യാം....ഇപ്പോൾ വളരെ ഗൗരവമായ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാനാണ് യോഗം വിളിച്ചത്.ദേവലോകത്തെ ആസ്ഥാന നർത്തികമാരായ RUMഉംകൾ(രംഭ,ഉർവശി,മേനക)നമുക്കൊരു പരാതി തന്നിരിക്കുന്നു... രാത്രിയിൽ അവരുടെ വാട്സ്ആപിലും ഇൻബോക്സിലും അശ്ളീല വീഡിയോകളും സന്ദേശങ്ങളും അയക്കുന്നതായാണ് പരാതി...ഏതോ ഒരു ഫെയ്ക്ക് ഐഡിയിൽ നിന്നാണ് അവ വരുന്നത്.അത് ആരാണെന്ന് കണ്ടു പിടിക്കണം".മഹാവിഷ്ണുവിനെ നോക്കി
"മഹാവിഷ്ണു അങ്ങല്ലേ ആഭ്യന്തരം കൈയാളുന്നത്..എന്താണ് അഭിപ്രായം"
"മഹാദേവൻ അങ്ങ് പേടിക്കണ്ട... ഇതെൻ്റെ പിള്ളേർക്ക് ഒരു മണിക്കൂർ ചിലവഴിക്കാനെയുള്ളു..ആരാണ് ഈ വൃത്തികേടുകൾ കാണിക്കുന്നതെന്ന് ഞങ്ങൾ കണ്ടുപിടിച്ചോളാം"
"എനിക്ക് വിശ്വാസമില്ല"ബ്രഹ്മദേവൻ്റെ ശബ്ദം.."സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനാണ് ഈ ദേവലോകത്തിലെ സ്ത്രീകളും ചെറുപ്പക്കാരുമായ ദേവൻമാർ ദേവേന്ദ്രൻ്റെ കൈയിൽ നിന്ന് ഭരണം നമ്മേ ഏല്പിചത്.അത് മറക്കരുത്. അതുകൊണ്ട് ഇത് ദേവലോക സിബിഐ അന്വേഷിക്കണം"
"ഇത്ര ചെറിയ കേസുകൾ അന്വേഷിക്കാൻ എന്തിനാ സിബിഐ?സാധാ ദേവലോക പോലീസ് പോരെ"
"എങ്കിൽ നിങ്ങളായി നിങ്ങളുടെ പാടായി.പിന്നെ ബ്രഹ്മദേവൻ ഇതിന് പാരവെച്ചു എന്ന് പറഞ്ഞിങ്ങോട്ട് വരരുത് പറഞ്ഞേക്കാം"ബ്രഹ്മദേവൻ്റെ പ്രതിഷേധ സ്വരം കനത്തു.
"ശരി.ബ്രഹ്മദേവൻ്റെ വാക്കുകൾ നമ്മൾ പരിഗണിച്ചില്ല എന്ന് വേണ്ട.അതുകൊണ്ട് ഈ കേസ് ദേവലോക സിബിഐക്ക് വിട്ടതായി നാം ഉത്തരവിടുന്നു.എവിടെ നമ്മുടെ 'വായുരാമയ്യർ' സിബിഐ?"
"ഞാനിവിടുണ്ട് പ്രഭു"വായു ഭഗവാൻ ശിവൻ്റെ മുന്നിലേക്ക് നീങ്ങി നിന്നു.
"ആ വായു..ഈ കേസ് താങ്കൾ അന്വേഷിക്കണം.ആരൊക്കെയാണ് അസിസ്റ്റന്റ് എന്ന് പറഞ്ഞാൽ മതി"
"എനിക്ക് അഗ്നിയേയും വരുണനെയും മതി"
"ശരി അഗ്നിയും വരുണനും താങ്കളെ സഹായിക്കാനുണ്ടാവും.ഒരാഴ്ച സമയം തരുന്നു...അന്വേഷണ റിപ്പോർട്ട് എന്നെയോ മഹാവിഷ്ണുവിനെയോ മാത്രം കാണിക്കുക...എവിടെയെല്ലാം പോകാമോ അവിടെയെല്ലാം പോയി താങ്കൾക്ക് അന്വേഷിക്കാം....അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്ന ദിവസം എല്ലാവരും ഇവിടെ ഹാജരായിരിക്കണം...യോഗം പിരിച്ചു വിട്ടിരിക്കുന്നു"
*****
ഒരാഴ്ച കഴിഞ്ഞു ഇന്നാണ് വായുരാമയ്യർ സിബിഐ അന്വേഷണ റിപ്പോർട്ട് കൈലാസത്തിലെ പാറപ്പുറത്ത് വെക്കുന്നത്..എല്ലാ ദേവിദേവന്മാരും കൈലാസത്തിൽ സന്നിഹിതരായിരുന്നു.ശിവനും മഹാവിഷ്ണുവും ബ്രഹ്മദേവനും അവരരവരുടെ ഇരിപ്പിടത്തിൽ ഉപവിഷ്ടരായി..
"എവിടെ യമരാജൻ?"ശിവഭഗവാൻ്റെ ചോദ്യം എല്ലാവരെയും ചിന്തിപ്പിച്ചു.
"ഭഗവാനെ യമരാജൻ അടിയന്തിരമായി ഭൂമിയിലേക്ക് പോയിട്ടുണ്ട്.അവിടെ 90കഴിഞ്ഞ അന്നമ്മാ ചേട്ടത്തിയെ കൂട്ടികൊണ്ടു വരുവാൻ പോയതാ"ചിത്രഗുപ്തൻ്റെ മറുപടി
"ഞാൻ അന്നേ എല്ലാവരോടും പറഞ്ഞതല്ലേ..ഇന്ന് എല്ലാവരും ഇവിടെ ഹാജരാവണമെന്ന് എന്നിട്ട് യമരാജന് മാത്രം അതൊന്നും ബാധകമല്ലേ"
"മഹാദേവാ...ഞാനിപ്പോൾ വാട്സ്ആപിൽ സന്ദേശം വിട്ടിരുന്നു.. അരമണിക്കൂറിനുള്ളിൽ യമരാജൻ ഇവിടെത്തും...അന്നമ്മാ ചേട്ടത്തിയെയും കൊണ്ട് വരുന്ന വഴിയിൽ യമരാജൻ്റെ വാഹനമായ പോത്താശാന് ക്ഷീണം തോന്നിയതിനാൽ അല്പം വിശ്രമിക്കുകയാണ്"
"ഞാനന്നേ പറഞ്ഞതാ..ആ വയസ്സനായ പോത്തിനെ ഒഴിവാക്കി പുതിയ ആളെ നിയമിക്കാൻ.. എവിടെ കേൾക്കണ്ടേ!!.എന്തായാലും യമരാജൻ വന്നിട്ട് മതി കേസ് ഡയറി എന്താണെന്ന് വെളിപ്പെടുത്തൽ"
അരമണിക്കൂർ കഴിഞ്ഞപ്പോൾ യമരാജൻ ഓടി കിതച്ചു വന്നു..
"ആ...യമരാജൻ എത്തി.വായു തൻ്റെ അന്വേഷണം എങ്ങനെയായിരുന്നെന്നും ആരാണ് ആ കുറ്റവാളിയെന്നും വിവരിച്ചാലും"
വായുരാമയ്യർ സിബിഐ കൈകൾ പുറകിൽ കെട്ടി ഓരോ ദേവന്മാരുടെയും അടുത്തേക്ക് നടന്നു.
"ഭഗവാനെ ആ കുറ്റവാളി നമ്മുടെ ഈ കൂട്ടത്തിലുണ്ട്. പക്ഷെ ആള് കാഞ്ഞ ബുദ്ധിക്കാരനാ..നാരദരേ നോക്കി..."ന്താ...അങ്ങനെയല്ലേ നാരദരേ..രാത്രിയിൽ ഇപ്പോഴും പച്ചവെളിച്ചം കത്താറുണ്ടോ?"
നാരദർ നിന്ന് വിയർത്തു.
"എന്താ യമദേവാ...സുഖം തന്നെയല്ലേ..വാട്സ്ആപ് നമ്പർ എന്തിനാ മാറ്റിയത്?"
"ഞാൻ മാറ്റിയിട്ടില്ല"
"മാറ്റിയിട്ടില്ലേ...എന്നാൽ എനിക്ക് തോന്നിയതായിരിക്കും..അല്ലേ ചിത്രഗുപ്താ"
ചിത്രഗുപ്തനെ യമദേവൻ രൂക്ഷമായി ഒന്ന് നോക്കി..ചിത്രഗുപ്തൻ നോട്ടം തിരിച്ചു കളഞ്ഞു...
വായുരാമയ്യർ ദേവേന്ദ്രൻ്റെ അടുത്തേക്ക് നീങ്ങി
"അപ്പോൾ എങ്ങനെയാ ദേവേന്ദ്ര കാര്യങ്ങൾ സത്യം പറയുന്നതല്ലേ നല്ലത്"
ദേവേന്ദ്രൻ ഞെട്ടലോടെ"ഞാനോ, ഞാനെന്ത് സത്യം പറയാനാണ്..എനിക്കൊന്നും അറിയില്ല.ഞാനാർക്കും ഒരു സന്ദേശവും അയക്കുകയോ വീഡിയോ അയക്കുകയോ ചെയ്തിട്ടില്ല"
"താങ്കൾ ഇനിയെന്ത് പറഞ്ഞാലും അതൊന്നും താങ്കളെ രക്ഷിക്കില്ല ദേവേന്ദ്രൻ...താങ്കൾക്കെതിരെ വ്യക്തമായ തെളിവുണ്ട്..അഗ്നി അതിങ്ങ് കൊണ്ടു വരു"
അഗ്നിദേവൻ ഒരു ലാപ്‌ടോപ്പുമായി വന്നു...
"1246000007 എന്ന ഫോൺ നമ്പറിലുള്ള സിം താങ്കളുടെ കള്ള പേരിലുള്ളതല്ലേ...ഈ നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ കൈമാറിയിട്ടുള്ളത്.താങ്കൾ ഒരിക്കലും പിടിക്കപ്പെടുമായിരുന്നില്ല..പക്ഷെ താങ്കൾ ഒരു അതിബുദ്ധി കാണിച്ചു..താങ്കൾ അയച്ച എല്ലാ സന്ദേശത്തിൻ്റെ അടിയിലും D.Rഎന്ന് എഴുതി വിട്ടു.അത് ഞങ്ങളെ ഒന്ന് കുഴക്കിയെങ്കിലും ദേവേന്ദ്രൻ എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് അതെന്ന് മനസ്സിലായത് ഭൂമിയിലെ ഒരു അംഗൻവാടി കുട്ടിയോട് ചോദിച്ചപ്പോഴായിരുന്നു. അത് മാത്രമല്ല താങ്കൾ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഭരണം നഷ്ടപ്പെട്ടപ്പോൾ താങ്കളുടെ മനോനിലയ്ക്ക് കാര്യമായ എന്തോ തകരാർ സംഭവിച്ചിട്ടുണ്ട്.
പറയു ദേവേന്ദ്ര താങ്കൾക്കീ വീഡിയോയും സന്ദേശങ്ങളും എങ്ങനെയാണ് കിട്ടിയത്?"
"ശരിയാണ് ഞാനാണ് ആ അശ്ളീല വീഡിയോയും സന്ദേശങ്ങളും അയച്ചത്.എനിക്ക് ദേവലോകത്തിലെ ഭരണം നഷ്ടപ്പെട്ടപ്പോൾ ഒരുത്തിയും എന്നെ ഗൗനിക്കുന്നില്ല.അതിനുള്ള പ്രതികാരമായാണ് അങ്ങനെ ചെയ്തത്..എനിക്കീ വീഡിയോ തന്നത്" ദേവേന്ദ്രൻ ഒന്ന് നിർത്തി
"നാരദർ..നാരദരാണ് എനിക്കീ വീഡിയോയും സന്ദേശങ്ങളും തന്നത്"
"നാരദരോ?"എല്ലാവരുടെയും മുഖത്ത് അതിശയം നിറഞ്ഞു
"എന്താ നാരദരേ സത്യമാണോ?"
"അത്...അത് പിന്നെ ഭൂമിയിലേക്ക് പോയപ്പോൾ അവിടെയുള്ള പിള്ളേരുടെ കൈയിൽ നിന്ന് കിട്ടിയതാണ്"
"അപ്പോൾ ദേവേന്ദ്രൻ മാത്രമല്ല നാരദരും കുറ്റക്കാരനാണ്.അപ്പോൾ ശിക്ഷ രണ്ടുപേർക്കും വേണം..ദേവലോക കോടതി ഇവർക്കുള്ള ശിക്ഷ വിധിക്കുന്നതായിരിക്കും.അതുവരെ ഇവരെ കാരാഗൃഹത്തിൽ അടയ്ക്കാൻ നാം ഉത്തരവിടുകയാണ്"ശിവഭഗവാൻ്റെ പ്രസ്താവനയിൽ മഹാവിഷ്ണുവും ബ്രഹ്മദേവനും ഒപ്പ് വച്ചു...
"നാരദർ ഒന്നവിടെ നില്ക്കുക" മഹാവിഷ്ണു നാരദരെ തിരിച്ചു വിളിച്ചു... പ്രതീക്ഷയോടെ നാരദൻ മഹാവിഷ്ണുവിനെ നോക്കി അല്ലെങ്കിലും ഭക്തവത്സലനായാ തൻ്റെ ഭഗവാൻ തന്നെ രക്ഷിക്കും..
"താൻ ഇത്ര ചീപ്പാണെന്ന് ഞാൻ കരുതിയില്ല നാരദരെ...എൻ്റെ ഭക്തനാണെന്ന് പറയാൻ തന്നെ ലജ്ജ തോന്നുന്നു... മഹാവിഷ്ണു ഒന്നു നിർത്തി
"കാരാഗൃഹത്തിൽ എത്തിയാൽ തൻ്റെ കൈവശമുള്ള എല്ലാ വീഡിയോയും നശിപ്പിച്ചു കളയും അതുകൊണ്ട് എൻ്റെ വാട്സ്ആപിലേക്ക് ആ വീഡിയോകൾ അയച്ചു തന്നേക്കു"
"ഭഗവാനെ അപ്പോൾ മഹാദേവൻ അറിയില്ലേ"
"ഹ...ഹ..ഹ..എടോ മണ്ടച്ചാരെ മഹാദേവൻ തന്നെയാണ് ഈ ഒരു കാര്യം എന്നോട് പറഞ്ഞത്... നമ്മൾക്കും വേണ്ടടോ അല്പ സ്വല്പം വിനോദം"മഹാവിഷ്ണു തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിച്ചു....
"എൻ്റെ മഹാദേവാ....നാരായണ... നാരായണ"
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo