Slider

അയാൾ

0
Image may contain: 3 people, people smiling, closeup

എഴുതാനിരുന്നപ്പോൾ അയാളുടെ മുഖമാണ് മനസ്സിൽ വന്നത് ... സത്യത്തിൽ ഞാനിന്ന് അയാളെ കുറിച്ച്‌ എഴുതണമെന്ന് വിചാരിച്ചതേയല്ല ....
എന്തായിരുന്നു അയാളുടെ പേര് ?? ഓർക്കുന്നില്ല.. !! അയാൾക്കൊരു പേരിന്റെ ആവിശ്യമില്ലെന്ന് തോന്നുന്നു .
പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ കാവൽക്കാരൻ...
അതുവരെ അയാൾ ചിരിച്ച് ഒരിക്കൽ പോലും ഞാൻ കണ്ടീട്ടില്ല .. !!
കറുത്ത് തടിച്ച് സാധാരണയിൽ കൂടുതൽ ഉയരവും എപ്പോഴും മദ്യപിച്ചീട്ടുണ്ടോ എന്ന് സംശയം തോന്നിക്കുന്ന ചുവന്നു കലങ്ങിയ കണ്ണുകളും , മുറുക്കാൻ കറ പിടിച്ച പല്ലുകളും , പണ്ടെന്നോവന്നു പോയ വസൂരി അവശേഷിപ്പിച്ച മുഖത്തെ കുഴികളും , ഒരിക്കൽ പോലും വൃത്തിയായി കണ്ടീട്ടില്ലാത്ത കാക്കി കളർ ഷർട്ടും പാന്റും , അവിടെയു ഇവിടെയും മാത്രം രണ്ടോ മൂന്നോ തലമുടി മാത്രമുള്ള തലയിൽ എപ്പോഴും കാണാറുള്ള എണ്ണമെഴുക്ക് പിടിച്ച കറുത്ത തൊപ്പിയും , തേഞ്ഞു തീരാറായ അഴുക്കു പിടിച്ച വള്ളി ചെരുപ്പും ഒക്കെ ചേർന്നാൽ അയാളായി !
അയാളുടെ രൂപവും ഭാവവും മറ്റുള്ളവർക്ക് അയാളിൽ നിന്നും എന്നും ഒരകലം പാലിക്കാൻ തക്കവണ്ണമായിരുന്നു ...
വൈകിട്ട്‌ ആറുമണി ആയാൽ അയാൾ ഹോസ്റ്റലിന്റെ ഗ്രില്ല് വാതിൽ വലിയ ശബ്ദത്തിൽ വലിച്ചടക്കും ..
പിന്നീട് എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തു പോകണമെങ്കിലും അയാളോട് സംസാരിക്കാനുള്ള ഇഷ്ടക്കേടുകൊണ്ട് ഹോസ്റ്റൽ വാസികളായ പെൺകുട്ടികൾ അയാളെ ഒരിക്കലും ശല്യപ്പെടുത്തിയിരുന്നില്ലയെന്ന് എന്റെ ഫ്‌ളാറ്റിന്റെ ജനാലയിൽ കൂടിയുള്ള നിരീക്ഷണത്തിൽ നിന്നും എനിക്ക് മനസിലായി..
ആറുമണിക്ക് ശേഷം ഹോസ്റ്റൽ ഗേറ്റിന് മുൻപിലുള്ള നീളൻ ബെഞ്ചിൽ ഒരിക്കൽ പോലും തെളിയിച്ചു കണ്ടീട്ടില്ലാത്ത നീളൻ ടോർച്ചും ലാത്തി പോലെയുള്ള ഒരു വടിയുമായി അയാൾ ഇരിപ്പുറക്കും ..
രാത്രിയിൽ ശല്യക്കാരായി വരുന്ന നായ്ക്കളെ ഓടിക്കാൻ 'ഹോയ് ഹോയ് ' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കുന്നതല്ലാതെ അയാളുടെ ശബ്ദം ഞാനൊരിക്കലും കേട്ടീട്ടില്ല !!
പ്രത്യേകിച്ച് ഒരു കാരണമില്ലെങ്കിലും ഹോസ്റ്റലിലെ പെൺകുട്ടികൾ അയാളെ വെറുത്തു ..
അയാൾ അയാളുടെ ജോലിയാണ് ചെയ്യുന്നതെങ്കിലും തങ്ങളുട സ്വാതന്ത്ര്യത്തിനു കുറുക്കെ വന്നു വീണ വിലങ്ങുതടിയായാണ് അവർ അയാളെ കണ്ടിരുന്നത് ..
അയാളെ പറ്റി പൊടിപ്പും തൊങ്ങലും വെച്ച പല കഥകളും ഹോസ്റ്റൽ റൂമുകളിൽ നിന്നും റൂമുകളിലോട്ട് കൈമാറപ്പെട്ടു ..!
ഹോസ്റ്റലിൽ ഭാവനാ സമ്പന്നർക്ക് ക്ഷാമം ഉണ്ടായിരുന്നില്ല !
അയാളുടെ രൂപത്തിന് ഒത്തവിധം സ്വഭാവവും അവരെ പോലെ തന്നെ ഞാനും ഭാവനയിൽ സങ്കൽപ്പിച്ചുണ്ടാക്കിയിരുന്നു ..
അയാൾ ഇവിടെ നിന്നും പോയാൽ തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് അവർ വിശ്വസിച്ചു ...
ഭാവിയിൽ സുന്ദര രാജ്യം കെട്ടിപ്പടുക്കുവാൻ അഭ്യസിച്ചുകൊണ്ടിരിക്കുന്ന സിവിൽ എൻജിനിയറിങ്ങും ആർകിടെക്ച്ചർ എൻജിനിയറിങ്ങും പഠിക്കുന്ന പെൺകുട്ടികൾ ആയിരുന്നു ആ ഹോസ്റ്റലിൽ ..
കൈനിറയെ പണവും ആ പണം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കാൻ സ്വാതന്ത്ര്യവും കിട്ടി വളർന്നവർ ..
ദിനവും വൈകിട്ട് ആറുമണിക്ക്‌‌ അടക്കുകയും രാവിലെ ഏഴുമണിക്ക് മാത്രം തുറക്കപ്പെടുകയും ചെയ്യുന്ന ഗ്രില്ല് വാതിൽ അവരെ വല്ലാതെ അലോസരപ്പെടുത്തി !
ഹോസ്റ്റലിന് എതിരേയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ഞാൻ അയാളെ ദിനവും കാണാറുണ്ട് ...
ഒരിക്കൽ പോലും അയാളുടെ ദിനചര്യയിൽ ഒരുമാറ്റവും ഉണ്ടായീട്ടില്ല ..
സമയമറിയാനായി ഹോസ്റ്റൽ വാതിൽ അടക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദത്തിനായി കാതോർക്കുന്നത് ഇപ്പോൾ എനിക്കൊരു ശീലമായിരിക്കുന്നു!
ഇടക്ക് പുറത്തു പോകുമ്പോൾ ആ ഹോസ്റ്റലിലെ ചില കുട്ടികളെ ഷോപ്പിംഗ് മാളിൽ വെച്ചോ ടെലഫോൺ ബൂത്തിൽ വെച്ചോ കാണാറുണ്ട് ..
ചിലർ ദിനവും കണ്ടുള്ള പരിചയത്തിൽ ചിരിക്കുകയു സംസാരിക്കുകയും ചെയ്യും ..
അവരുടെ പലപ്പോഴായുള്ള സംസാരത്തിൽ നിന്നും അവർ അയാളെ ഇവിടെ നിന്നും പറഞ്ഞയക്കാനുള്ള വഴികൾ ആസൂത്രണം ചെയ്യുകയാണെന്ന് എനിക്ക് മനസിലായി ..
അയാളുടെ വേഷവും രൂപവും എന്നിൽ അയാളോട് ഒരു അനാവശ്യ നീരസം ഉണർത്തിയിരുന്നത് കൊണ്ടാവണം ഞാനവരെ ഒരിക്കൽ പോലും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചില്ല ..!
അയാൾ പോയാൽ ഗ്രില്ല് വാതിൽ അടക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദം കേൾക്കാൻ സാധിക്കില്ലല്ലോ എന്ന് മാത്രമാണ് ഞാനപ്പോൾ ചിന്തിച്ചത് ...
അന്നും പതിവ് പോലെ അയാൾ ഹോസ്റ്റൽ ഗേറ്റ് അടക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാനായി ടിവിക്ക് മുൻപിൽ നിന്നും എഴുന്നേറ്റു ..
ടിവി ഓഫ് ചെയ്ത് ഒഴിഞ്ഞ കൊഫീ കപ്പുമായി അടുക്കളയിലേക്ക് നടക്കുമ്പോൾ എവിടെ നിന്നോ ആരോ ഉറക്കെ കരയും പോലെ തോന്നി...
തോന്നിയതാവും എന്ന് കരുതി .. പക്ഷെ വീണ്ടും ആ കരച്ചിൽ .. !!
താഴെ തെരുവിൽ നിന്നുമാണ് ..
ഞാൻ ജന്നലിന്നരികിലേക്ക് ഓടി ..
കർട്ടൻ മാറ്റി താഴെ തെരുവിലേക്ക് എത്തി നോക്കി ..
എനിക്കത്ഭുതം തോന്നി .. !!!
പരുക്കനെന്നും മനുഷ്യത്വമില്ലാത്തവനെന്നും ഞാനുൾപ്പടെ പലരും കരുതിയിരുന്ന അയാൾ ഉറക്കെ കരഞ്ഞു കൊണ്ട് റോഡിൽ കൂടി പോകുന്ന വാഹനങ്ങൾക്കെല്ലാം കൈ കാണിക്കുന്നു ..
നിർത്താതെ പോകുന്ന വാഹനങ്ങളെ നോക്കി ഉറക്കെ ശകാരിക്കുന്നു !!
ഞാൻ വേഗം താഴെയിറങ്ങി .. എന്നെ കണ്ടതും അയാൾ എന്റെയടുത്തേക്ക് ഓടി വന്നു .. അപ്പോഴും അയാൾ കരയുന്നുണ്ടായിരുന്നു ..
" പാപ്പാ കീഴെ വിഴുന്തിച്ച് സാർ ... രത്തരത്തമാ കൊട്ടുത് സാർ .. ആസ്പത്രിക്ക് കൂട്ടീട്ട് പോണംന്നാൽ പക്കത്തിലെ ഒരു ഓട്ടോ കൂടി കെടയാത് .. കടവുളേ .. നാൻ എന്ന സെയ്‌വേ "
( ഒരു കുട്ടി താഴെ വീണു സാർ ..വളരെ രക്തം പോയിരിക്കുന്നു .. ഹോസ്പിറ്റൽ കൂട്ടിക്കൊണ്ടു പോകാൻ അടുത്തെങ്ങും ഒരു ഓട്ടോ പോലും കിട്ടാനില്ല .. ദൈവമേ .. ഞാൻ എന്ത് ചെയ്യും )
അയാൾ തലക്ക് കൈ കൊടുത്ത് നിലത്തിരുന്നു.. ! ചെറിയ കുട്ടികൾ കരയും പോലെ വിങ്ങി കരഞ്ഞു ...
അയാൾ ആ കുട്ടികളിൽ ആരെയെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുമോ ?? അങ്ങനെ ആയിരിക്കുമോ ആ കുട്ടി വീണീട്ടുണ്ടാവുക ... ഞാനപ്പോൾ അങ്ങനെയാണ് ചിന്തിച്ചത് ...
ഞാൻ അയാളോട് ഹോസ്റ്റലിനകത്തു കയറാൻ അനുവാദം ചോദിച്ചു .. അയാൾ ഓടി വന്ന് ഹോസ്റ്റൽ ഗേറ്റ് തുറന്നു തന്നു ..
അകത്ത് ഒരു മുറിയിൽ നിന്നും ഒരു കുട്ടിയെ കൂട്ടുകാർ താങ്ങി പിടിച്ചു കൊണ്ട് വരുന്നുണ്ടായിരുന്നു ..
അവളുടെ തലയിൽ ചുറ്റി കെട്ടിയ തോർത്തിൽ രക്തത്തിന്റെ പാട് വലുതായി വരുന്നത് ഞാൻ കണ്ടു .. കാൽതെറ്റി വീണ് മേശയിൽ തലയിടിച്ചതാണെന്ന് അവരിൽ നിന്നും അറിഞ്ഞു ...
ആ കുട്ടിയെ കസേരയിൽ ഇരുത്തി കൂട്ടുകാരോട് മുറിവുള്ള ഭാഗം അമർത്തി പിടിക്കാൻ പറഞ്ഞു ..
കരഞ്ഞു കൊണ്ട് മാറി നിന്ന അയാളോട് അടുത്ത ജങ്ഷനിൽ പോയി വണ്ടി വിളിക്കാൻ പറഞ്ഞീട്ട് ഞാൻ ഫ്‌ളാറ്റിലേക്ക് ഓടി പോയി ബാൻഡേജ് റോൾ എടുത്തുകൊണ്ട് വന്നു ..
തലയിൽ കെട്ടിയ തൊർത്ത്‌ അഴിച്ചപ്പോൾ മുറിവ് ആഴത്തിലുള്ളതാണെന്ന് മനസിലായി .. ബാൻഡേജ് റോൾ മുറുക്കി കെട്ടിയപ്പോൾ രക്തം ഒഴുകുന്നത് നിന്നു ..
വേദനയും, രക്തം കണ്ടതിന്റെ പരിഭ്രമമവും ഒക്കെ കൊണ്ടാവാം അയാൾ ഓട്ടോ വിളിച്ചു വന്നപ്പോഴേക്കും അവൾ തളർന്നു വീണിരുന്നു ..
അയാൾ ഓടി വന്ന് അച്ഛൻ കുഞ്ഞിനെ സ്‌നേഹത്തോടെ വാരിയെടുക്കും പോലെ അവളെ എടുത്ത് ഓട്ടോയിൽ കയറ്റി .. !
അവളുടെ മുഖത്ത് പറ്റിയിരുന്ന രക്തം കൈകൊണ്ട് തുടച്ചു മാറ്റി ...
അയാളുടെ കണ്ണു നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .. ആ കണ്ണുകളിൽ, അയാളിൽ ഉറപ്പായും ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്ന ഒരു വികാരവും എനിക്ക് കാണാൻ കഴിഞ്ഞില്ല ... സ്നേഹവും വാത്സല്യവും മാത്രമാണ് ഉണ്ടായിരുന്നത് !
അയാൾ പറഞ്ഞു കൊണ്ടിരുന്നു
" പാപ്പാ .. ഒന്നുമാവാത്‌ പാപ്പാ .. ഭയപ്പെടാതെ"
( ഒന്നും സംഭവിക്കില്ല മോളെ .. പേടിക്കണ്ടാ)
വേറെ രണ്ടു കുട്ടികളെ കൂടി അവളുടെയൊപ്പം ഓട്ടോയിൽ കയറ്റി അയാൾ ഡ്രൈവറുടെ ഒപ്പം കയറി ഇരുന്നു .. ഓട്ടോ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു ...
അന്ന് മുഴുവൻ ഞാനയാളെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു .. സങ്കൽപ്പത്തിൽ ഞാൻ സൃഷ്ടിച്ചെടുത്ത അയാൾക്കും ഇന്ന് ഞാൻ കണ്ട അയാൾക്കും തമ്മിൽ ഒരു സാമ്യവും ഉണ്ടായിരുന്നില്ല ...
പിറ്റേന്ന് ഞാൻ രണ്ടാഴ്ചത്തെ അവധിക്ക്‌ നാട്ടിലേക്ക് തിരിച്ചു .. പോകും മുൻപ് ഹോസ്റ്റലിന് മുൻപിൽ അയാളെ തിരഞ്ഞു.. അയാളവിടെ ഉണ്ടായിരുന്നില്ല !!
രണ്ടാഴ്ചക്ക് ശേഷം ഞാൻ നാട്ടിൽ നിന്നും വന്ന് ഓട്ടോയിൽ നിന്നും പുറത്തിറങ്ങി ഓട്ടോക്കാരന് പൈസ കൊടുത്തുകൊണ്ടിരിക്കുമ്പോൾ അയാൾ ഓടി വന്നു .. ഓട്ടോയിൽ നിന്നും ലഗേജ് ഇറക്കി എന്റെ ഫ്‌ളാറ്റിന്റെ മുൻപിൽ കൊണ്ടുവന്ന് വച്ചു..
അയാളുടെ വൃത്തിയുള്ള കാക്കി കുപ്പായത്തിലേക്കും പുതിയ ചെരുപ്പിലേക്കും തൊപ്പിയിലേക്കും ഞാൻ നോക്കുന്നത് അയാൾ കണ്ടിരിക്കണം ...
നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
" എല്ലാമേ അന്ത പുള്ളങ്കൾ വാങ്കി തന്തത്‌... തങ്കമാന പുള്ളങ്കൾ .. "
( എല്ലാം ആ കുട്ടികൾ വാങ്ങി തന്നതാ .. നല്ല കുട്ടികൾ )
അന്ന് താഴെ വീണ് തലയിൽ പരിക്ക് പറ്റിയ കുട്ടി സുഖമായിരിക്കുന്നെന്നും പിറ്റേന്ന് അവളുടെ മാതാപിതാക്കൾ വന്ന് അവളെ നാട്ടിലേക്ക് കൂട്ടികൊണ്ട് പോയെന്നും അയാൾ പറഞ്ഞറിഞ്ഞു .. ഹോസ്റ്റലിലെ കുട്ടികൾ അയാളോട് സംസാരിക്കാൻ തുടങ്ങിയതിന്റെ സന്തോഷം ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ സാധിച്ചു ...
അയാൾ പെട്ടന്ന് വാച്ചിൽ നോക്കി പറഞ്ഞു
" ടൈം അയിട്ച്ച്‌ സാർ .. ഹോസ്റ്റൽ ഗേറ്റ് അടക്കണം .. നാൻ വരെ .. പൊമ്പള പുള്ളങ്കൾ അല്ലയാ സാർ .. നമ്മ നല്ലാ പാത്തുക്കണം .. അവങ്ക അപ്പാ അമ്മാ എന്നെ നമ്പി താനേ അന്ത കോളന്തൈകളെ ഇങ്കെ വിട്ടീട്ട്‌ പോയിരുക്ക് "
( ഹോസ്റ്റൽ ഗേറ്റ് അടക്കാൻ സമയമായി .. പെൺകുട്ടികൾ അല്ലെ .. നമ്മൾ നന്നായി സൂക്ഷിക്കണം ..എന്നെ വിശ്വസിച്ചല്ലേ ആ കുട്ടികളുടെ മാതാപിതാക്കൾ അവരെ ഇവിടെ ആക്കിയിരിക്കുന്നത് )
അയാൾ വേഗത്തിൽ പടികൾ ഇറങ്ങി മറഞ്ഞു.. അല്പസമയത്തിനുള്ളിൽ ഹോസ്റ്റൽ ഗേറ്റ് വലിച്ചടക്കുന്ന ശബ്ദം ഞാൻ കേട്ടു !!
അപ്പോൾ എന്റെ മനസ്സിൽ , പറഞ്ഞ സമയം തെറ്റിച്ച് താമസിച്ച് വീട്ടിലെത്തുന്ന എന്നെയും നോക്കി വല്ലാത്ത വെപ്രാളത്തോടെ വീടിന് മുൻപിൽ റോഡിലേക്ക് കണ്ണുംനട്ടു നിൽക്കുന്ന എന്റെ അച്ഛന്റെ മുഖമാണ് തെളിഞ്ഞത് !
വന്ദന 🖌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo