
വാപ്പു ഹാജി ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. അത് എങ്ങിനെയുള്ള വിശ്വാസം എന്ന് ചോദിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവവിശ്വാസമോ, അന്ധവിശ്വാസമോ ഒക്കെ ആണെങ്കിലും അതിനുമപ്പുറം ആ വിശ്വാസത്തിന് ഒരു തലമുണ്ട്. അതായത് മനസ്സിൽ ഒരാളെ വിശ്വസിച്ച് പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ മരിക്കുവോളം ആ വിശ്വാസത്തിൽ നിന്നും ഹാജിയാരെ പിന്തിരിപ്പിക്കാൻ സാക്ഷാൽ ദൈവംതന്പുരാൻ തന്നെ വിചാരിച്ചിട്ടും കാര്യമില്ല. എന്തിനും പിന്നെ അവർ പറയുന്നത് തന്നെ ആയിരിക്കും ഹാജ്യാർക്ക് വേദവാക്ക്യം.
അതുകൊണ്ടാണല്ലോ മെഡിക്കൽ കോളേജിലെ ഏറ്റവും പ്രശസ്തനായ സീനിയർ ഡോക്ടർ ഹബീബ് സാറിന്റെ കീഴിൽ വർഷങ്ങളോളം ശ്വാസം മുട്ടലിനുള്ള ചികിത്സയും, മാസത്തിൽ പകുതിയിലേറെ ദിവസവും ഐ.സി.യു വിലും ആയി ആയുസ്സങ്ങിനെ തള്ളി നീക്കുമ്പോഴും, ഹബീബ് ഡോക്ടറെ അല്ലാതെ വേറൊരു ഡോക്ടറേയും തനിക്കു വിശ്വാസമില്ല എന്ന് ഹാജിയാർ തന്റെ നയം വ്യക്തമാക്കുമ്പോഴുമൊക്കെ, പക്ഷെ ഡോക്ടർ കുറിച്ച് കൊടുക്കുന്ന മരുന്ന് ഹാജിയാർ കഴിക്കണമെങ്കിൽ നാട്ടിലെ മെഡിക്കൽ ഷോപ്പ് നടത്തുന്ന ജോസേട്ടൻ, ഡോക്ടർ കൊടുത്ത ചീട്ട് നോക്കി ഓരോ ഗുളികയും എന്തിനുള്ളതാണെന്ന് തീർപ്പ് കൽപ്പിക്കണമായിരുന്നു. അതിനു ശേഷം മാത്രമേ ഹാജിയാര് മരുന്ന് കഴിക്കാറുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് പറയുന്നത് ഹാജിയാരുടെ വിശ്വാസം ആർക്കും തകർക്കാൻ പറ്റാത്തതാണെന്ന്. അതിപ്പോ ഹാജിയാർ ഐ.സി.യൂ വിൽ ആണെങ്കിൽ ജോസേട്ടനെ അങ്ങോട്ട് വിളിച്ചു വരുത്തിയിട്ടാണ് ഇതിനൊരു തീർപ്പ് ഉണ്ടാക്കിയിരുന്നത്.
മക്കളെല്ലാം പുരോഗമന വാദികളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കുന്നവരും
ആയതുകൊണ്ടാവാം, വായനാട്ടിലുള്ള ഒരു മന്ത്രവാദിയായ 'തങ്ങൾ' ഉടെ അടുത്തേക്കുള്ള യാത്ര ഹാജിയാർ മറ്റുള്ളവരിൽ നിന്നും ബുദ്ധിപൂർവ്വം മറച്ചു വെക്കുന്നത്.
ആയതുകൊണ്ടാവാം, വായനാട്ടിലുള്ള ഒരു മന്ത്രവാദിയായ 'തങ്ങൾ' ഉടെ അടുത്തേക്കുള്ള യാത്ര ഹാജിയാർ മറ്റുള്ളവരിൽ നിന്നും ബുദ്ധിപൂർവ്വം മറച്ചു വെക്കുന്നത്.
അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്ന ദിവസങ്ങളിൽ ഹാജിയാർ വയനാട്ടിലേക്ക് വിദഗ്ദ്ധമായി മുങ്ങും.
അത് ഒരു അന്ധവിശ്വാസമല്ല മറിച്ച് തന്റെ ഉറച്ചവിശ്വാസമാണ് എന്ന് ഹാജിയാർ കരുതി.
സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ഇത്തരം ചില കടുത്ത വിശ്വാസങ്ങൾക്ക് അടിമയാണെന്നാണ് ഇയ്യിടെയായി കേൾക്കുന്ന ചില വാർത്തകളിൽ നിന്നും മനസ്സിലാവുന്നത്.
ഹാജിയാരെപ്പോലെയുള്ളവരെപോലെ തികച്ചും യാഥാസ്ഥികരല്ലെങ്കിലും സമൂഹത്തിലെ സെലിബ്രിറ്റികൾ എന്ന് നമുക്ക് തോന്നിയിട്ടുള്ള പലരും തങ്ങൾക്കു വന്നിട്ടുള്ള ക്യാൻസർ പോലത്തെ മാരകരോഗങ്ങൾക്ക് അടിമപ്പെട്ടപ്പോൾ മുറിവൈദ്യന്മാരുടെയും, വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ചികിത്സകളുടേയും പിറകെ പോയി ആയുസ്സിന്റെ ദൈർഘ്യം വെട്ടിക്കുറച്ച് നേരത്തെ സ്വർഗ്ഗത്തിലേക്കോ നരഗത്തിലേക്കോ പോയ വാർത്തകൾ നമ്മൾ പലപ്പോഴായി കേൾക്കുന്നു.
ആധുനിക ശാസ്ത്രവും, മുറിവൈദ്യവും, മന്ത്രവാദവും തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും മത്സരിച്ച് പരീക്ഷണം നടത്തിയ ഹാജിയാരുടെ ശരീരത്തിലെ കോശങ്ങളുടെ ആയുസ്സിന്റെ വിധി നിർണ്ണയം ഇതുകൊണ്ടൊക്കെ ഒന്ന് കൂടി വേഗത്തിലാക്കി എന്നു വേണമെങ്കിൽ പറയാം.
തന്റെ ശരീരത്തിൽ നിന്നും ആയുസ്സ് നേരത്തെ വിട ചൊല്ലാൻ ഒരുങ്ങുന്നത് സ്വയം തിരിച്ചറിഞ്ഞ ഹാജിയാർ, ആ രാത്രി ഹബീബ് ഡോക്ടറെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി.. ഒന്ന് കാണാൻ... ഒന്നാശ്വസിക്കാൻ.. മനസ്സറിഞ് ഒന്ന് പ്രാർത്ഥിക്കാൻ..!!
അന്ത്യാഭിലാഷം പോലെ ഡോക്ടറുടെ കൈപിടിച്ച് ഹാജിയാർ തന്റെ സ്വന്തം മൂർദ്ധാവിൽ വെച്ചു.
ഹാജിയാരുടെ അസുഖത്തിന്റെ ആഴമറിയുന്ന ഡോക്ടർ തന്റെ തോളിൽ വിശ്രമിക്കുന്ന സ്തെതസ്കോപ്പ് എടുത്ത് മാറ്റി വെച്ച്, ഹാജിയാരുടെ മൂർദ്ധാവിൽ വിശ്രമിക്കുന്ന തന്റെ കൈ ഹാജിയാരുടെ കയ്യിനോടൊപ്പം ചേർത്ത് വെച്ച് ഡോക്ടർ പ്രാർത്ഥിച്ചു.
ഹാജിയാരുടെ വിശ്വാസങ്ങൾ എല്ലാം നിസ്സഹായരായി നോക്കി നിൽക്കെ.. തൊട്ടടുത്ത് വിശ്രമിക്കുന്ന സ്‌റ്റെതസ്കോപ്പും നെടുവീർപ്പിട്ടു.
ഹാജിയാരുടെ നെറ്റിയിൽ അപ്പോൾ യാത്ര പറച്ചിലിന്റെ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു എന്നന്നേക്കുമായി
By Nasser Puthusseri
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക