Slider

ഒരു നിയോഗംപോലെ

0
Image may contain: 1 person, selfie, closeup and indoor

ഒരു കഥയെഴുതാനുള്ള ശ്രമമായിരുന്നു. എത്രശതമാനം വിജയിച്ചുവെന്നറിയില്ല . ഈ കഥയിൽ ജീവാംശമുണ്ട് ,അനുഭവങ്ങളുടെ വെളിച്ചത്തിലെഴുതിയ ഇതിൽ തെറ്റുകുറ്റങ്ങളുണ്ട് ..ക്ഷമിക്കുമല്ലോ കൂട്ടുകാരേ..
"ഒരു നിയോഗംപോലെ"
ജീവിതത്തിനും മരണത്തിനുമപ്പുറം ജീവിതപ്പുറം കാഴ്ചകളുടെ മായാവലയമുണ്ട് . തോറ്റോടുവാൻ മനസ്സില്ലാതെ പൊരുതി ജയിച്ച എത്രയോപേർ. താളംതെറ്റിയ ജീവിതക്കാഴ്ചകളേ ശ്രദ്ധയോടെ കൂട്ടിച്ചേർത്ത് ചിന്തകളുടെ തിക്കിലും തിരക്കിലുംപെട്ട് ഒാരോ കാഴ്ചയും മറയുമ്പോഴും ഉള്ളിലിരുന്നൊരു ശക്തി പറയുന്നപോലെ ആത്മവിശ്വാസത്തിന്റെ ആണിക്കല്ലിൽ നീ ഉറച്ചു നിൽക്കുകയെന്ന് .. അശ്വതി തന്റെ ചിന്തകൾക്കുമേലേ ഒരു കറുത്ത പുതപ്പു വലിച്ചിട്ടു. എന്നിട്ട് ഊടുവഴികളിലൂടെ തന്റെ മൗനത്തേ പായാനനുവദിച്ചു. പലപ്പോഴും ഭയം ഒരു തേരട്ടയേപ്പോലെ തന്നേ ആക്രമിച്ചു കൊണ്ടിരുന്നു. ആരൊക്കെയോ തന്നെ പിൻതുടരുന്നപോലെ. ഞാനെന്റെ സ്കൂൾ ജീവിത കാലഘട്ടത്തിലേയ്ക്ക് നിങ്ങളെ ക്ഷണിക്കുകയാണ് ..
ഞാൻ അശ്വതിയെന്ന അച്ചു .ജൻമംകൊണ്ട് സങ്കടങ്ങളിലൂടെ നീന്തിത്തുഴയാൻ വിധിക്കപ്പെട്ടവൾ. വളർച്ചയിൽ അച്ഛനെനിക്ക് എല്ലാമെല്ലാമായിരുന്നു. മഴപെയ്യുമ്പോൾ ആരും കാണാതെ പിന്നാമ്പുറത്തുകൂടി ഇറങ്ങിയോടും മഴവെള്ളം ആവോളം നനഞ്ഞ് കടലാസു വഞ്ചിയൊഴുക്കി കളിച്ച് അമ്മ കാണാതെ തിരികെ വരും. മുറിയിലെത്തി നനഞ്ഞ തുണിയൊക്കെ മാറുന്നതിനുമുൻപേ അമ്മയൊരു വടിയുമായി മുൻപിലെത്തിയിരിക്കും. ഈ അമ്മയിതെങ്ങനെയറിഞ്ഞുവെന്നു ചിന്തിച്ചു നിൽക്കുമ്പോഴേക്കും പേരവടി രണ്ടുമൂന്നുതവണ ഉയർന്നു താഴ്ന്നിരിക്കും. അപ്പോഴാണ് അബദ്ധം തന്റെ ബുദ്ധിക്കാണു പറ്റിയതെന്ന ഒാർമ്മ വരുന്നത് . ധൃതിപിടിച്ച് വരുന്നതിനിടയിൽ പാവാടയിലെ വെള്ളവും കാലിലെ ചെളിയും പിൻവാതിലിൽ നിന്നുതുടങ്ങി മുറിവരെ ഉണ്ടെന്നുള്ള നഗ്നസത്യത്തിനുമുൻപിൽ പേരവടിയുടെ അടിയുടെ വേദന മുങ്ങിപ്പോയിരുന്നു.. ശിക്ഷണത്തിനെന്നും അമ്മ അച്ഛന്റെ ലാളനയേക്കാൾ മുൻപിലായിരുന്നു. സ്കൂൾ ജീവിതത്തിൽ നാലാം ക്ലാസ് പരീക്ഷാ ഹാളിലേക്കൊന്നു പോയാലോ . അവിടെ ഉണ്ടക്കണ്ണും ഒരുപാടു മുടിയും നുണക്കുഴിക്കവിളുകളുമുള്ള ഒരു പെൺകുട്ടിയെ നിങ്ങൾ കാണുന്നില്ലേ?.. അതാണ് അച്ചു. അവളുടെ അടുത്തേക്ക് ഒരദ്ധ്യാപകൻ വരുന്നുണ്ട് . കണക്കു പരീക്ഷയാണ് എന്തൊക്കെയോ എഴുതിക്കൂട്ടിവെയ്ക്കുകയാണ് താൻ . കണക്ക് എന്നേസംബന്ധിച്ച് ഒരു'കണക്കാണ് . ഇതുകണ്ട ഉണ്ണിത്താൻ സാർ എനിക്ക് ഉത്തരം പറഞ്ഞുതന്നു. പിന്നീടദ്ധേഹം എന്റെ മുടിയിലും കവിളിലുമൊക്കെ തലോടി. മറ്റു കുട്ടികളൊക്കെ പരീക്ഷയിൽ ലയിച്ചിരിക്കുന്നു. ആ തലോടൽ പലവട്ടം ആവർത്തിച്ചപ്പോഴാണ് ഇത് വാൽസല്യമല്ലായെന്നു മനസ്സിലായത് ..
ആ ഭയത്തിൽനിന്നും മുക്തിനേടാൻ പരീക്ഷ അവസാനിച്ചുവെന്ന ബെല്ലടിക്കേണ്ടി വന്നു.. അച്ഛന്റെ കൂട്ടുകാരനായതുകൊണ്ട് ഉണ്ണിത്താൻ മാഷ് വീട്ടിലെ നിത്യ സന്ദർശകനായി. പുഴുക്കും കഞ്ഞിയും കഴിക്കാൻ മിക്കവാറും രാത്രിയിൽ അദ്ധേഹമുണ്ടാവും. എന്നോടുകൂടുതലായി അടുക്കാനയാൾ ശ്രമിച്ചുകൊണ്ടിരുന്നു.. എന്റെ ഭയം അവിടെത്തുടങ്ങിയിരുന്നു. ആരോടെങ്കിലും ഇതേപ്പറ്റി പറയാനെനിക്കാവുമായിരുന്നില്ല. ഒടുവിൽ ആ വർഷത്തേ അദ്ധ്യയനം അവസാനിച്ച് സ്കൂളടച്ചു, ഉണ്ണിത്താൻ മാഷ് മടങ്ങി. അഞ്ചാംക്ലാസ്സ് മുതൽ എന്നേയും മറ്റൊരുസ്കൂളിലേക്ക് പറിച്ചുനട്ടു. ഉത്സാഹമൊക്കെ നശിച്ച് കൂട്ടുകാർക്കൊപ്പം ഞാനും പുതിയ സ്കൂളിലെത്തി ..ക്രൂരമായ ചില അനുഭവങ്ങൾ മനസ്സിനെ മദിച്ചിരുന്നെങ്കിലും പുതിയ കൂട്ടുകാരും അന്തരീക്ഷവും എന്നെ പാടേമാറ്റിയിരുന്നു.
പുത്തൻ പ്രതീക്ഷകളോടെ പുതിയ പുസ്തകത്തിന്റെ മണംപിടിച്ച് വാക്കുകളുടെ അക്ഷരങ്ങളുടെ അക്കങ്ങളടേയും ലഹരിയിലലിഞ്ഞു ഞാനും .പലപ്പോഴും കവിതകളെഴുതി മലയാളം ടീച്ചറിനെ അതിശയിപ്പിച്ചിരുന്നു. ഞാനെഴുതുന്നതൊന്നും എനിക്കിഷ്ടമായിരുന്നില്ല എന്നാൽ രാധാമണി ടീച്ചർ അതൊക്കെ നന്നായെന്നു പറഞ്ഞ് പ്രോൽസാഹിപ്പിച്ചുകൊണ്ടേയിരുന്നൂ. ഞാൻ ഒരു ആവറേജ് വിദ്ധ്യാർത്ഥിനിയായിരുന്നു. തോൽക്കാതെ ജയിക്കാൻമാത്രം പഠിച്ചവൾ. വാശിയോടെ ഒന്നിനേയും മുന്നിൽക്കണ്ടില്ല. ഒാരോ ക്ലാസ്മുറികളും ഒാരോ അനുഭവങ്ങൾതന്നു പൊയ്ക്കൊണ്ടിരുന്നു. ഒരിക്കൽപോലും തോൽവിയറിയാതെ കടന്നുപോയി...
കാലചക്രം അതിവേഗമോടിക്കൊണ്ടിരുന്നു. മുൻപിലുള്ള പലതും തല്ലിക്കൊഴിച്ച് പലതും ഒാർമ്മകളാക്കി മുൻപോട്ടു കുതിച്ചുപാഞ്ഞുപോകുകയാണ് . ഞാൻ വളർച്ചയുടെ പടിയിലെത്തിയ കൗമാരക്കാരിയിലായിരിക്കുന്നു.. അസൂയ ദൈവത്തിനുമുണ്ടായി എനിക്കുണ്ടായിരുന്ന ആകെ ആശ്വാസം സ്നേഹം കരുതൽ എല്ലാമെല്ലാം ദൈവം തിരിച്ചെടുത്തു. അച്ഛനെ എന്നെന്നേക്കുമായി മരണമെന്ന കള്ളൻ കൂട്ടിക്കൊണ്ടുപോയി...
ജൂണിലെ പെരുമഴയിൽ ഒലിച്ചുപോയത് അച്ഛന്റെ ചിതാവശിഷ്ടങ്ങൾ മാത്രമായിരുന്നില്ല ഇത്തിരിപ്പോന്ന എന്റെ കൊച്ചുസ്വപ്നങ്ങളുംകൂടിയായിരുന്നു.. സ്വന്തമെന്നു കരുതിയതൊന്നും എനിക്കു സ്വന്തമായിരുന്നില്ലെന്ന് പിന്നെ പറയാതെതന്നെ ഞാനറിയാൻ തുടങ്ങി. ജൻമം നൽകിയെന്നു ഞാൻ വിശ്വസിച്ചവരും
അന്നുമുതൽ എനിക്കന്യമായിത്തുടങ്ങി. എന്തുകൊണ്ടാണ് എല്ലാവരാലും ഞാൻ തനിച്ചാക്കപ്പെട്ടത് ? അന്നുമിന്നും എനിക്കതറിയാനായിട്ടില്ല. പത്താംതരം പഠിക്കുമ്പോൾ ബിന്ദുവെന്ന സഹപാഠിയെ പ്രധാന അദ്ധ്യാപകൻ അദ്ധേഹത്തിന്റെ ഒാഫീസ് മുറിയിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് അവളെന്നോടു പറയുകയുണ്ടായി. ചുണ്ടും കവിളുമൊക്കെ ചുവന്നുതിണർത്ത അവളെക്കണ്ടപ്പോൾ ഉണ്ണിത്താൻ മാഷ് ഒരു ഭീതിയായി എന്നിലേക്കോടിയെത്തിയ ഞാൻ അവളുമായി സാറിന്റെ മുൻപിലെത്തി. സാറിന്റെ ഇളയമകളുടെ പ്രായമുള്ള ഇവളെ ഭാര്യയെക്കാണുംപോലെ കാണാനെങ്ങനെ കഴിഞ്ഞുവെന്നു ശബ്ദമുയർത്തി ഞാൻ ചോദിച്ചു . എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് മറ്റദ്ധ്യാപികമാരെല്ലാം ഒാഫീസ് റൂമിനുമുന്നിലെത്തി. എന്റെ മലയാളം ടീച്ചറായ രാധാമണിടീച്ചറായിരുന്നു ഏറ്റവും മുൻപിൽ എന്താ എന്തുപറ്റി അശ്വതിയെന്ന ടീച്ചറുടെ ചോദ്യത്തിനു മറുപടിയായി ആർത്തലച്ചൊരു പേമാരിപോലെ ഞാൻ ടീച്ചറുടെ നെഞ്ചിലേയ്ക്കു വീണു കരഞ്ഞു എന്നിട്ട് ജോയിസാറിനുനേരെ വിരൽചൂണ്ടി. ഇദ്ധേഹം ഇദ്ധേഹമാണ് ബിന്ദുവിനെ ചീത്തയാക്കിയത് . എന്തുകൊണ്ടാ ടീച്ചറേ ലിന്റെയെന്ന സ്വന്തം മകളേപ്പോലെ ഞങ്ങളേയും കാണാനിയാൾക്ക് കഴിയാത്തേ..ആ ചോദ്യത്തിൽ കൂടിനിന്നവർക്കെല്ലാം കാര്യം മനസ്സിലായി. ടീച്ചറിന്റെ നേതൃത്വത്തിൽ കൂടിയ കമ്മറ്റിയിൽ പൊലീസിന് പരാതി കൊടുക്കുകയും മാനേജ്മെന്റ് അദ്ധേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തു..
ആ അദ്യയനവർഷത്തിന്റെ അവസാനം ബിന്ദു ആത്മഹത്യചെയ്തു. കാരണം അന്നുമിന്നും അജ്ഞാതമാണ് . കുറേ ദിവസങ്ങൾ ഭയത്തിന്റെ തീച്ചൂളയിൽ ഉരുകിയിരുന്നൂ ഞാൻ . മരണം അതൊരു നഗ്നസത്യമാണെന്ന് അച്ഛനിലൂടെ അറിഞ്ഞു ഇപ്പോൾ ബിന്ദു ജീവിതത്തെ തോൽപ്പിച്ചു മരണംവരിച്ചു. തമ്മിലെത്ര അന്തരമാണ് . അച്ഛൻ ജീവിതത്തെ ഒരുപാട് സ്നേഹിച്ചിരുന്നു . എന്നേക്കുറിച്ചുള്ള ആധി എപ്പോഴുമാ മുഖത്ത് കണ്ടിരുന്നതായി ഒാർമ്മ വന്നു ..
വർഷവും ഗ്രീഷ്മവും ശിശിരവും മാറി മാറി വന്നുകൊണ്ടിരുന്നു . കാലത്തിന്റെ ചില്ലുകൂട്ടിൽ ദുംഖവുംപേറി ഞാനും വളർന്നു.
അന്നൊരുനാൾ കോളേജിൽ പോയിട്ട് തിരികെ വീട്ടിലേയ്ക്കു തിരിയുന്ന ഇടവഴിക്കടുത്തുവെച്ച് കൈയ്യിൽ കയറിപിടിച്ചവന്റെ കൈത്തണ്ട കടിച്ചുമുറിച്ച് ഞാനെന്റെ മാനം കാത്തു. പത്താം ക്ലാസ്സിൽ പ്രധാന അദ്ധ്യാപകനെ ശിക്ഷിച്ചതും ഇടവഴിയിൽ ഉപദ്രവിച്ചവനെ കടിച്ചുമുറിച്ചതും എന്റെ വീട്ടിലറിഞ്ഞപ്പോൾ മുതൽ ഞാനൊരു അഹങ്കാരിയായി മാറുകയായിരുന്നു..നിക്ഷേധിയായ ഒരു ജൻമമെന്ന ഒാമനപ്പേരിലായിരുന്നു പിന്നെന്റെ ഒാരോ വളർച്ചയും..
അച്ഛന്റെ അമ്മാവനിൽനിന്നും രക്ഷനേടാൻവേണ്ടി രാത്രി വീടുവിട്ടോടി അയൽപക്കത്തൊരു വീട്ടിലൊളിച്ചതും അവിടെയുണ്ടായിരുന്ന ചേട്ടനിൽനിന്നും രക്ഷപ്പെടാൻ തിളച്ചവെള്ളമെടുത്തൊഴിച്ചതുമെല്ലാം അച്ചുവിനെ ഭയത്തിൽ നിന്നും കരുത്തുനേടാനുള്ള ഒാരോ അവസ്ഥകളായിരുന്നിരിക്കാം. നിർമ്മലമായ ഭൂമിയിൽ കള്ളനും പിടിച്ചുപറിക്കാരും കൊലപാതകികളുമല്ല ഏറെയുള്ളത് ഇരുളിന്റെ മറവിലും വെളിച്ചം പതിക്കാത്തയിടങ്ങളിലും പതുങ്ങിയിരുന്ന നഗ്നതയെ കടിച്ചുകീറുന്ന കാമഭ്രാന്തൻമാരാണധികവുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ സങ്കടങ്ങൾ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. അനിയത്തിയോട് ചെത്തുകാരൻ വേണ്ടാത്തതു പറഞ്ഞെന്നു പറഞ്ഞപ്പോ അവൾ പൊടിപ്പും തൊങ്ങലുംവെച്ച് അമ്മയോട് മറ്റെന്തോ പറഞ്ഞു അമ്മ വടിയുമായി വന്നൊരു അലർച്ച ഇത്തിരിയായപ്പോഴേ ആണുങ്ങളെ കണ്ണും കൈയ്യുംകാട്ടി വശത്താക്കുന്നോയെന്ന് . ഞാനാകെ സ്തംഭിച്ചു നിന്നു. എന്താ സംഭവിച്ചതെന്ന് മനസ്സിലായതേയില്ല.
രാത്രികളിൽ തനിച്ചാക്കപ്പെട്ടതിന്റെ സങ്കടങ്ങൾ കിടക്കയോടു പങ്കിട്ട് കണ്ണുനീർ തലയണയ്ക്കു മാത്രം സ്വന്തമായിത്തുടങ്ങുകയായിരുന്നു. അക്കാലത്താണ് ഷമീർ എന്റെ മനസ്സിലേക്ക് മിന്നായംപോലെത്തിയത് . കോളേജിൽ പട്ടുടുപ്പും പാവാടയും നിത്യവും ഉപയോഗിക്കുന്നവൾ ഞാനായിരുന്നു . ഫാഷൻ അന്നുമിന്നും എനിക്കന്യമാണ് . ശാന്തനായി നടന്നിരുന്ന അവനെ ഞാൻ ശ്രദ്ധിച്ചതുപോലെ അവൻ എന്നേക്കുറിച്ച് എന്റെ കൂട്ടുകാരികളോടെല്ലാം തിരക്കി. ഒടുവിൽ പരസ്പരം ഇഷ്ടമാണെന്നു തുറന്നു പറഞ്ഞു. കോളേജിലെ രണ്ടാം വർഷത്തിലെ ഒരു വെള്ളിയാഴ്ച ക്ലാസ്സുകഴിഞ്ഞ് വീട്ടിലെത്തിയ എന്നെ വരവേറ്റത് ഒരു കല്യാണ ആലോചനയും പെണ്ണുകാണലുമാണ് .ചെറുക്കന്റെ ആൾക്കാർക്കെല്ലാം എന്നെയറിയാം. പയ്യൻ ഒമാനിലും. എന്റെ എതിർപ്പിനെ അവഗണിച്ച് വിവാഹം ഉറപ്പിച്ചു. ഷെമീറിനോട് വിവരം പറഞ്ഞപ്പോൾ നാടുവിടാമെന്നായി . ഒരിക്കലും അത്തരമൊരു സാഹസം ഞാൻ ചെയ്യില്ലെന്നു പറഞ്ഞു. ഒടുവിൽ കണ്ണുനീരോടെ പരസ്പരം വേർപിരിയുമ്പോൾ അവൻ പറഞ്ഞിരുന്നു അച്ചൂട്ടീ എന്റെ സ്നേഹം തട്ടിക്കളഞ്ഞു നീ പോകുമ്പോൾ നിനക്കൊരിക്കലും സ്നേഹത്തിനൊരു കുറവുമില്ലാതിരിക്കട്ടേയെന്ന് ..
നവംബർ ഒന്നിന് രാജേഷുമായുള്ള വിവാഹവും കഴിഞ്ഞു.. എത്രയെത്ര പകലുകളും രാത്രികളും കടന്നുപോയെന്നറിയില്ല രാജേഷിനൊപ്പമുള്ള ജീവിതം മരണക്കിടക്കയിലെ മൃതപ്രായന്റെ അവസ്ഥയായിരുന്നു. ഭാര്യയേക്കാൾ കിടപ്പറയിലൊരു ഉപകരണമാകാനായിരുന്നു അയാൾക്ക് എന്നെ വേണ്ടിയിരുന്നത് ..
ജീവിതം പരീക്ഷണങ്ങളുടെ കലവറയാണെന്ന തിരിച്ചറിവ് സമ്മാനിച്ച് വെറും തൊണ്ണൂറു ദിനങ്ങൾക്കുള്ളിൽ രാജേഷെന്ന, ലഹരിക്കും പെണ്ണിനും അടിമയായ അയാളിൽനിന്നും ഞാനോടി രക്ഷപെട്ടിരുന്ന എന്റെയൊപ്പം രണ്ടു പെൺകുട്ടികൾ അറിയാതെ എന്റെ വയറ്റിൽ ജനിച്ചിരുന്നു. നഷ്ടമായ ജീവിതത്തിനൊപ്പം അവരേക്കൂടി ചേർത്ത് ഞാനെന്റെ കഷ്ടതയുടെ കെട്ട് ഒന്നുകൂടി മുറുക്കിക്കെട്ടി. കർമഫലങ്ങളാണ് ഞാനിന്നനുഭവിക്കുന്നതെങ്കിൽ നിങ്ങൾ പറയൂ ആരുചെയ്ത കർമ്മഫലം?.
ജൻമദോഷംകൊണ്ടോ കർമ്മദോഷംകൊണ്ടോ എന്റെ സ്വപ്നങ്ങൾ ആരോ കവർന്നതല്ല . മറിച്ച് സുഖം അനുഭവിക്കാനൊരു യോഗം വേണം ആ യോഗമില്ലെങ്കിൽ മറ്റെന്തിനെപ്പഴിച്ചിട്ടും ഒരു കാര്യവുമില്ല..
ലഹരിയുടെ പടവുകൾ താണ്ടി അച്ചുവിന്റെ ജീവിതം ഒരു വഴിക്കാക്കി രാജേഷ് മരിച്ചപ്പോൾ നഷ്ടമോ ലാഭമോയില്ലാത്ത ജീവിതത്തെപ്പറ്റി ഒാർമ്മിപ്പിച്ചത് ഷെമീറിന്റെ അന്നത്തെ വാക്കുകളായിരുന്നു.അവന്റെ സ്നേഹം നിക്ഷേധിച്ച ശിക്ഷയാണിന്ന് ഞാനനുഭവിക്കുന്നതെന്ന് അറിയാതെ ചിന്തിച്ചു. ജാതിയുടെ മതിൽക്കെട്ടുതകർക്കാനാകാത്തതാണ് കാരണമെന്ന് എനിക്കവനോടു പറയാനും കഴിഞ്ഞില്ല..
ഇന്നും ബന്ധനങ്ങളുടെ ചരടുപൊട്ടിക്കാനാവാതെ ജീവിതംതന്ന തീരാമുറിവുകളുംപേറി അശ്വതി നിങ്ങൾക്കിടയിലുണ്ട് .ഈ അന്ധകാരത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ഇനിവരാത്ത നല്ലനാളിനേയോർത്ത് നെടുവീർപ്പിടുന്നുണ്ട് .ഒന്നുകാതോർത്താൽ കേൾക്കാനാവും ഉള്ളിൽനിന്നുയരുന്ന നീണ്ട നിശ്വാസവും ആരോടും പരാതിപറയാനാകാത്ത ആ കുഞ്ഞുതേങ്ങലും..
NB:നമ്മുടെയിടയിൽ നാമറിയാത്ത എത്രയോ ബിന്ദുവുണ്ടാകും അശ്വതിമാരുമുണ്ട് .കുട്ടിക്കാലത്തേ ലൈംഗീക ചൂഷണത്തിനു വിധേയരായി മാനസീക പിരിമുറുക്കമനുഭവിക്കുന്നവർ. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു പേടിച്ചു സ്വയം ഉൾവലിയുന്നവർ. ജാഗ്രത പാലിക്കുക എല്ലാ അമ്മമാരും അച്ഛൻമാരും. നമ്മുതെ പ്രായപൂർത്തിയാകാത്ത പിഞ്ചുപെൺമക്കളെ എത്ര അടുത്ത ബന്ധുക്കളേപ്പോലും ഏൽപ്പിച്ചു പോകാതിരിക്കൂ. അനുഭവത്തോളം മറ്റൊന്നില്ലാത്തതുകൊണ്ട് എഴുതുന്നു..

By" 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo