Slider

സദാചാരക്കാരെ ഇതിലെ ഇതിലെ

0
Image may contain: 1 person, beard and eyeglasses

ബോധം വന്ന ഉടനെ ഞാൻ എന്നെ തന്നെ അടിമുടി ഒന്ന് നോക്കി.
"നാട്ടുകാരുടെ തല്ലിന് ഒരു മയവും ഉണ്ടാകില്ലെന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ.ഇതിപ്പോൾ എന്താ കഥ,കിട്ടിയ അവസരം അവന്മാര് നന്നായി മുതലാക്കിയിട്ടുണ്ട്."
തലയൊന്ന് അനക്കാൻ ശ്രമിച്ചപ്പോൾ ഭയങ്കര വേദന.കൈ കൊണ്ട് ഒന്ന് തൊട്ട് നോക്കിയപ്പോൾ ആണ് മനസ്സിലായത്.തലയിലും ഉണ്ട് കെട്ട്.
ബെഡിൽ നിന്ന് കുറച്ചൂടെ പിന്നിലേക്ക് ചേർന്നിരുന്ന് വലത്തോട്ട് ഒന്ന് തിരിഞ്ഞ് നോക്കിയതേ ഉള്ളൂ.ഒരുമാതിരി ദഹിപ്പിക്കുന്ന നോട്ടവും നോക്കി കൊണ്ട് അച്ഛൻ എണീറ്റ് പോയി.
ഇടത്തോട്ട് തിരിഞ്ഞപ്പോൾ ദേ നിൽക്കുന്നു അമ്മ.പല്ലിറുക്കി എന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയോട്,
"അമ്മേ....ഞാൻ........."
പറഞ്ഞ് തീരും മുൻപ് അവിടുന്ന് മറുപടി വന്നു,
"മിണ്ടരുത് നീ കുരുത്തംക്കെട്ടവനെ.അന്റെ മനസ്സിൽ ഇതായിരുന്നോടാ.എന്തായാലും നാട്ടിൽ ഒക്കെ നല്ല പേരായിണ്ട് ന്റെ മോൻക്ക്."
ദേഷ്യം കടിച്ചമർത്തിയ അമ്മയോട് തിരിച്ചൊന്നും പറയാൻ തോന്നിയില്ല. ഇനിയിപ്പോൾ അവൾ വായ തുറന്ന് എന്തെങ്കിലും പറഞ്ഞാലേ രക്ഷയുള്ളൂ.
ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ്.നാട്ടിലെ പ്രധാന മാന്യന്മാർ മുറിയിലേക്ക് കടന്ന് വന്നത്.
"ശാരദാമ്മേ.... നിങ്ങടെ ഈ ചെക്കനെ ഞങ്ങൾ കൊല്ലാതെ വിട്ടത് ഓന്റെ അച്ഛൻ ആ പാവം മനുഷ്യനെ മാത്രം ഓർത്തിട്ടാണ്."
നാട്ടിലെ പലിശക്കാരൻ സുകുവിന്റേതാണ് വാക്കുകൾ. ആരാ ഈശ്വരാ ഈ പറയ്ണേ.
ഞാൻ സുകുവേട്ടനെ ശരിക്കൊന്ന് നോക്കി.എന്നിട്ട് മനസ്സിൽ പിറു പിറുത്തു.
"എടോ പലിശക്കാരൻ തെണ്ടീ .തന്നെയല്ലെടോ രാത്രി ശാന്തേടത്തിടെ വീട്ടിൽ നിന്ന് അഞ്ച് വർഷം മുൻപ് നാട്ടുകാർ പൊക്കിയത്.രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിൽ ഉടുതുണി കിട്ടാത്തോണ്ട് ആ പെണ്ണൊരുത്തിയുടെ അടിപാവാടേം വലിച്ച് കയറ്റിയിട്ട് അല്ലെടോ താൻ ഓടിയേ. പോണ പോക്കിൽ ഇരുട്ടത്ത് പൊട്ടകിണറ്റിലും വീണില്ലെടോ താൻ."
വാക്കുകൾ പുറത്തേക്ക് വിടാതെ ഞാൻ ക്ഷമിച്ച് ഇരുന്നു.അമ്മേടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. സാരി തലപ്പ് കൊണ്ട് മുഖം തുടയ്ക്കുന്ന അമ്മയെ കണ്ടപ്പോൾ സഹിച്ചില്ലെനിക്ക്.
"ഇത് ഇവിടം കൊണ്ട് തീർന്നൂന്ന് സമാധാനിക്കണ്ട നീ.നിനക്ക് ഉള്ളത് കിട്ടാൻ ഇരിക്കുന്നേ ഉള്ളൂ......"
ദേ ബസ് കണ്ടക്ടർ സുബൈർ. ബസിലെ തിരക്കിനിടയിൽ ബാങ്ക് മാനേജരുടെ ചന്തിക്ക് പിടിച്ചതിന് ബംപർ സമ്മാനം മുതൽ പ്രോത്സാഹന സമ്മാനം വരെ യാത്രക്കാരുടെ കയ്യിൽ നിന്ന് ഒറ്റയ്ക്ക് വാങ്ങിയ മഹാൻ ആണ് ഇവൻ. അന്ന് കിട്ടിയ അവസരത്തിൽ അവന്റെ നടുവിനിട്ട് ഞാനും കൊടുത്തു ഒരു ചവിട്ട്.അതിന്റെ പക തീർക്കുകയാണ് അലവലാതി.
എന്തിനേറെ പറയുന്നു, തെങ്ങിന്റെ മണ്ടയിൽ ഇരുന്ന് തോട്ടിൽ കുളിക്കാൻ വരുന്ന സർവ വനിതകളുടെയും കുളി സീൻ കാണുന്ന ചന്ദ്രേട്ടൻ മുതൽ നാട്ടിലെ കട തിണ്ണയിൽ ഇരുന്ന് വഴിയേ പോകുന്ന സകല പെണ്മണികളുടെയും അളവെടുക്കുന്ന അപ്പൂപ്പന്മാർ വരെ എനിക്ക് എതിരെ തിരിഞ്ഞ് നിന്ന് കുത്താൻ തുടങ്ങി.
എല്ലാം കൂടെ വല്ലാത്തൊരാവസ്ഥ.സൈനബ താത്താന്റെ മോൾ ആണ് സഫ.ഓളെ ഞാൻ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ തല്ലി ആശുപത്രിയിൽ ആക്കിയെന്നും ഒക്കെയാണ് ഇപ്പോൾ നാട്ടിലെ സംസാരം.
രണ്ട് മതങ്ങളിൽ പെട്ടവരായത് കൊണ്ട് ഈ ഒരു വാർത്തയ്ക്ക് എല്ലാ നാട്ടിലെയും പോലെ ഇവിടെയും കുറച്ചധികം ചൂട് കൂടുതലായിരുന്നു.
ഭർത്താവ് ഉപേക്ഷിച്ചതിൽ പിന്നെ സൈനബ താത്ത വളരെ കഷ്ടപ്പെട്ടാണ് ഒറ്റ മോൾ സഫ നെ നോക്കുന്നത്.ഇന്ന് വരെ അവരെ ഞാൻ മോശമായ ഒരു കണ്ണിൽ കണ്ടിട്ട് കൂടിയില്ല.
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വരുന്ന അവളെ ചെമ്പക ചോട്ടിൽ ഇരിക്കുന്ന ഞാൻ കണ്ടതാണ്.എന്റെ വീടെത്തും മുൻപുള്ള വളവിൽ പെട്ടെന്ന് അവൾ വീഴുന്നത് കണ്ടത്.കാല് തെന്നി വീണാതാകും എന്ന് കരുതി ആദ്യം ശ്രദ്ധിച്ചില്ല.
അനക്കമൊന്നും ഇല്ലെന്ന് കണ്ടപ്പോൾ ആണ് ഞാൻ ഓടി ചെന്നത്.
ബോധം നഷ്ടപ്പെട്ട് കിടക്കുന്ന അവളെ ഒരു വിധം താങ്ങിയെടുത്ത് ആശുപത്രിയിലാക്കാൻ മെയിൻ റോഡിലേക്ക് ഓടുമ്പോൾ ഞാൻ ഓർത്തില്ല ഇത് ഇങ്ങനൊക്കെ ആയി തീരുമെന്ന്.
എതിരെ വന്ന സുകുവേട്ടൻ ആണ് ആദ്യം ആളുകളെ വിളിച്ച് കൂട്ടിയിയത്.ഓടി കൂടിയ ആളുകൾ എന്നെ മാറി മാറി തല്ലുമ്പോഴും ഒരുപാട് തവണ ഞാൻ പറഞ്ഞു. ഞാൻ ഒന്നും ചെയ്തില്ലെന്ന്.
തലയ്ക്ക് കിട്ടിയ അടിയിൽ ബോധം നഷ്ടപ്പെടുമ്പോഴും ഒരു മിന്നായം പോലെ സഫയെ ആരൊക്കെയോ ചേർന്ന് എടുത്തോണ്ട് പോകുന്നത് ഞാൻ കണ്ടു.
പിന്നെ ഉണർന്നപ്പോൾ ആശുപത്രിയിലാണ് ഞാൻ.
=================================
"എന്ത് ആലോചിച്ച് ഇരുക്കയാണെടാ നീ........."
വലിയൊരു അലർച്ചയോടെ മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് ഞാൻ ഒന്നൂടെ പുറകിലേക്ക് ചേർന്നിരുന്നു.
"ഇനിയെന്റെ വീടിന്റെ പടി നീ ചവിട്ടി പോകരുത്.നിന്റെ ഈ കയ്യിലിരിപ്പ് ഈശ്വരൻ നേരത്തെ കണ്ടതോണ്ടാവും എന്റെ മോളേയും ദൈവം നേരത്തെ അങ്ങ് തിരികെ വിളിച്ചത്."
അച്ഛൻ അത് പറഞ്ഞതും പുറകിൽ നിന്നും,
"അച്ഛാ......"
എന്ന വിളി വന്നത്.കൂടി നിന്നവർ എല്ലാവരും പുറകിലേക്ക് തിരിഞ്ഞു.അവർക്ക് ഇടയിലൂടെ സഫ എന്റെ നേരെ വന്നു.ഒപ്പം അവളുടെ ഉമ്മ സൈനബ താത്തയും.
"ഇങ്ങടെ മോളേ മാനം കെടുത്തിയവനെ എന്ത് വേണമെന്ന് ഒരു വാക്ക് പറഞ്ഞാൽ മതി.ബാക്കി ഞങ്ങൾ ചെയ്തോളാം."
കൂട്ടത്തിൽ ഒരുത്തൻ മുന്നിലോട്ട് വന്ന് ഇത് പറയുമ്പോൾ സൈനബ താത്ത അവനെ തടഞ്ഞു.
"എന്റെ മോളേ മാനം കെടുത്തിയത് നിങ്ങളീ തല്ലി തളർത്തിയവൻ അല്ല. നിങ്ങള് നാട്ടുകാർ തന്നെയാ.തളർന്ന് വീണ് വഴിയിൽ കിടന്ന എന്റെ മോളെ എടുത്ത് ആശുപത്രിയിലേക്ക് ഓടിയ ഇവനെങ്ങനെ ഇവൾടെ മാനം കെടുത്തിയവനാകും.ഇന്റെ മോൻ തന്നെയാ ഇവനും."
ഉള്ള സത്യങ്ങൾ സൈനബ താത്ത എന്റെ അമ്മയേയും അച്ഛനേയും നാട്ടുകാരെയും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ സഫ എനിക്ക് അടുത്തേക്ക് വന്നു.
"വല്ലാതെ സഹിച്ചൂലെ ഇങ്ങള്......"
കണ്ണൊന്ന് നിറഞ്ഞ സഫയുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാൻ മാത്രേ കഴിഞ്ഞുള്ളൂ എനിക്ക്.
എന്നെ നോക്കി വിതുമ്പുന്നവളുടെ കൈകൾ എന്നിലേക്ക് ചേർക്കുമ്പോഴും ആ കണ്ണുകളിൽ ഞാൻ കണ്ടത്.സ്നേഹിച്ച് കൊതി തീരും മുൻപേ വീടിന് പുറകിലെ കുളത്തിലെ ആഴങ്ങളിലേക്ക് ഞങ്ങളെ വിട്ടിട്ട് പോയ എന്റെ കുഞ്ഞു പെങ്ങൾ അനുവിന്റെ കണ്ണിലെ അതേ സ്നേഹമായിരുന്നു.
സ്നേഹത്തോടെ,
(ഒരു തൃശ്ശൂര്ക്കാരൻ ഗെഡി)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo