നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തൂവൽ സ്പർശം

Image may contain: 1 person, selfie

നിർത്താതെയുള്ള ഫോൺബെൽ കേട്ടാണ് ഹരി ഉറക്കത്തിൽ നിന്നും ഉണർന്നത്.
" ഈ പാതിരാത്രി ഇതാര ദൈവമേ? "
ഹരി ഫോൺ എടുത്തു നോക്കിയപ്പോൾ അത് മിന്നുവിന്റെ കോളായിരുന്നു.
" ഹരിയേട്ടാ , എനിക്കിനി പിടിച്ചു നിൽക്കാൻ കഴിയില്ല, വീട്ടിൽ എനിക്കൊരു സമാധാനവും കിട്ടില്ല, മുറിയിൽനിന്നും എന്നെ അഞ്ചു തുറന്നുവിട്ടു ഞാനിപ്പോൾ വീടിനടുത്തുള്ള ഹോസ്റ്റലിന്റെ മുന്നിൽ ഉണ്ട്.. വേഗം വാ ഹരിയേട്ട നമുക്ക് എങ്ങോട്ടെങ്കിലും പോകാം" ഇടറുന്ന ശബ്ദത്തോടെ മിന്നു പറഞ്ഞു.
" മിന്നു ഈ രാത്രിയിൽ ഇത്ര പെട്ടെന്ന് ".. ഒരു ഞെട്ടലോടെ ഹരി തുടർന്നു
" ഹരിയേട്ടൻ വന്നില്ലെങ്കിൽ നാളെ നേരം പുലരുമ്പോൾ ഞാനുണ്ടാവില്ല. എല്ലാം ഉപേക്ഷിച്ച് വന്നതാണ് ഞാൻ, ഇനി വീട്ടിലോട്ട് ഒരു തിരിച്ചു പോക്കില്ല " മിന്നു കരഞ്ഞു തളർന്ന സ്വരത്തിൽ പറഞ്ഞു.
"മിന്നു അബദ്ധം ഒന്നും കാണിക്കരുത് ഞാനിപ്പോൾ തന്നെ വരാം നി അവിടെ തന്നെ നിൽക്ക്‌ ", ഹരി ദൃതിയിൽ പറഞ്ഞു
ഹരിയും മീനാക്ഷിയും (മിന്നു എന്ന് ഹരി വിളിക്കുന്നത്) ഒരേ കോളേജിൽ പഠിച്ചവരാണ്. ഹരിയുടെ ജൂനിയറാണ് മിന്നു. പി.ജി. ചെയ്യുമ്പോഴാണ് ഹരി മിന്നുവുമായി സൗഹൃദത്തിൽ ആകുന്നത്. പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. സമ്പത്തിലും സൗന്ദര്യത്തിലും മിന്നു ഹരിയേക്കാൾ ഒരുപാട് മുകളിൽ ആയിരുന്നു. തന്റെ മകളെ ഒരു ഡോക്ടറെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു മിന്നുവിന്റെ അച്ഛന്റെ തീരുമാനം. അതിനായി തന്റെ സുഹൃത്തിന്റ മകനെയും അയാൾ കണ്ടെത്തിയിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു മിന്നുവും ഹരിയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അയാൾ അറിയുന്നത്‌. സാധാരണ വീട്ടിലെ ഒരു സ്കൂൾ മാഷിന്റെ മകനാണ് ഹരി. 10-ആം ക്ലാസ് കഴിഞ്ഞപ്പോൾ ഹരിയുടെ അച്ഛൻ മരിച്ചു. തുടർന്ന് പഠിപ്പിച്ചതും എല്ലാം ഹരിയുടെ അമ്മാവനാണ്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ട് ഹരിക്ക്. അനിയത്തിയുടെ പഠിപ്പും വീട്ടു ചിലവും എല്ലാമിപ്പോൾ ഹരിയാണ് നോക്കുന്നത്.
പി.ജി. കഴിഞ്ഞ ഹരിക്ക് ഇപ്പോൾ ഒരു കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട്. മിന്നു ഇപ്പോൾ പി.ജി ഫൈനൽ ഇയർ പഠിക്കുന്നു. മിന്നുവിന്റെ പഠനം കഴിഞ്ഞ് അവളുടെ വീട്ടിൽപ്പോയി പെണ്ണുചോദിക്കാനായിരുന്നു ഹരിയുടെ ആഗ്രഹം. പക്ഷേ അതിനുമുമ്പ് തന്നെ മിന്നുവിന്റെ അച്ഛൻ അവളുടെ കല്യാണമുറപ്പിച്ചു.
" നീയാ ദരിദ്രവാസിയുടെ കൂടെ പോയിട്ട് എന്തു കാണിക്കാനാ, പട്ടിണികിടന്ന് ചാവാനോ, രാജീവ് നല്ല പയ്യനാ, അമേരിക്കയിൽ ഡോക്ടർ, കല്യാണം കഴിഞ്ഞാൽ പിന്നെ അവൻ കൊണ്ടുപോകും നിന്നെ, പഠിച്ചതൊക്കെ മതി, ഞാൻ ഇത് ഉറപ്പിച്ചു, അവർക്ക് വാക്കും കൊടുത്തു", മിന്നുവിന്റെ അച്ഛൻ പറഞ്ഞു.
" എനിക്ക് ഹരിയേട്ടനെ അല്ലാതെ വേറെ ആരെയും വേണ്ട, ഹരിയേട്ടന് പണത്തിന്റെ കുറവ് മാത്രേ ഉള്ളൂ, എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഹരിയേട്ടനെ മറക്കാൻ എനിക്ക് പറ്റില്ല", കരഞ്ഞുകൊണ്ട് മിന്നു പറഞ്ഞു.
ഇത്രയും കേട്ടപ്പോൾ മിന്നുവിന്റെ കവിളത്ത് അവളുടെ അച്ഛന്റെ കൈകൾ പതിഞ്ഞു, മിന്നുവിനെ വലിച്ചിഴച്ചുകൊണ്ട് അയാളൊരു മുറിയിലിട്ട് പൂട്ടി.
" ഞാൻ പറയാതെ ആരും ഇത് തുറക്കരുത് ", ഞെട്ടിത്തരിച്ചു നിന്ന മിന്നുന്റെ അമ്മയോടും അനിയത്തി അഞ്ജുവിനോടും അയാൾ പറഞ്ഞു.
രാത്രിയിൽ അഞ്ജുവാണ് മിന്നുവിനെ തുറന്നുവിട്ടത്. അവളോട് യാത്ര പറഞ്ഞിട്ട് മിന്നു ഹോസ്റ്റലിന്റെ മുന്നിൽ നിന്നു.
"മിന്നു , വേഗം വാ",
ഓർമ്മകൾ അയവിറക്കി നിന്ന മിന്നുവിന്റെ മുന്നിൽ ഹരി ബൈക്കുമായെത്തി. ഹരിയുടെ കൂടെ ബൈക്കിൽ കയറി മിന്നു ഹരിയുടെ വീട്ടിലേക്ക് ചെന്നു.
" മോളെ അച്ഛൻ ഇവിടെ തിരക്കി വരില്ലേ", ഹരിയുടെ അമ്മ പരിഭ്രാന്തയായി ചോദിച്ചു
" വരും അമ്മേ പക്ഷെ ഞാൻ പോകില്ല എനിക്കാ ഡോക്ടറെ ഒന്നും വേണ്ട, എനിക്കെന്റെ ഹരിയേട്ടന്റെ കൂടെ ജീവിച്ചാൽ മതി" അമ്മയെ കെട്ടിപ്പിടിച്ചു മിന്നു കരഞ്ഞു.
" നാളെത്തന്നെ നമുക്ക് അമ്പലത്തിൽ പോണം. മോൾടെ കഴുത്തിൽ താലി ചാർത്തണം. മുഹൂർത്തം ഒന്നും നോക്കണ്ട", അമ്മ പറഞ്ഞു.
സന്തോഷത്താൽ മിന്നുവിന്റെ മുഖം ചുവന്നിരുന്നു.
എന്നാൽ പകയുടെ തീക്കനൽ മിന്നുവിന്റെ അച്ഛന്റെ നെഞ്ചിൽ നീറിക്കൊണ്ടിരുന്നു. അയാൾക്ക് ഒരു തരം വാശിയായിരുന്നു അവളോട്. ഒരിക്കൽ പോലും കാണാനോ മിണ്ടാനോ അയാൾ ശ്രമിച്ചിരുന്നില്ല.
പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു. ശരിക്കും ഹരിയുടെ വീട് ഒരു സ്വർഗ്ഗം ആയി മാറുകയായിരുന്നു. അവർ ജീവിതം തുടങ്ങിയിട്ട് ഇന്ന് ആറുമാസം കഴിഞ്ഞിരിക്കുന്നു.
"മിന്നുവേ, ദേ ഞാൻ ഇറങ്ങുവാ, നീയാ താക്കോൽ ഇങ്ങ് എടുത്തെ",
ഓഫീസിൽ പോകാനുള്ള ധൃതിയിൽ താക്കോൽ മറന്നു വെച്ചിട്ട് ബൈക്കിലിരുന്ന് ഹരി മിന്നുവിനെ വിളിച്ചു.
" ഈയിടെയായി ഇത്തിരി മറവി കൂടുന്നുണ്ട്, വേറെ വല്ല ചിന്തയും ഉണ്ടോ മനസ്സിൽ "
മിന്നു ഇത്തിരി കുസൃതിയായി ചോദിച്ചു.
" പിന്നലാതെ, എന്റെ ഛിന്ന വീട്ടിലൊക്കെ സന്ദർശനം നടത്തണംല്ലോ, അതിന്റെ ടെൻഷൻ ഉണ്ട് "
ഹരി വിട്ടുകൊടുത്തില്ല
" അങ്ങനെ വല്ലോം ഉണ്ടെങ്കിലേ മോൻ ആ വഴി പോയാൽ മതി ഇങ്ങോട്ട് വരണ്ട " മിന്നു ചെറുചിരിയിൽ പറഞ്ഞു
" എന്റെ മിന്നുസേ, ഞാൻ വെറുതെ പറഞ്ഞത്‌ അല്ലെ "
അവളെ ചേർത്ത് നിർത്തി നെറുകയിൽ ഒരു മുത്തം ചാർത്തിയിട്ടു ഹരി ബൈക്ക് എടുത്തു പോയി. ഹരിയുടെ ബൈക്ക് കൺവെട്ടത്ത് നിന്നും മറയുന്നത് വരെ മിന്നു നോക്കി നിന്നു.
അടുക്കളയിൽ പോയി അരി കഴുകി കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു മിന്നുവിന് വല്ലാതെ വരുന്ന പോലെ തോന്നിയത്. അല്പനേരം നിന്നെങ്കിലും മിന്നു തലകറങ്ങി വീണു. മുറ്റത്തു നിന്നും കയറിവന്ന അമ്മയും അനിയത്തി മാലുവും മിന്നുവിനെ വാരിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.
" മിന്നു കണ്ണ് തുറക്ക് ഒരു സന്തോഷ വാർത്തയുണ്ട് "
ഡോക്ടർ മിന്നുവിനെ നോക്കി പറഞ്ഞു
" എടോ താനൊരു അമ്മയാവാൻ പോകുവാ"
ഡോക്ടറുടെ വാക്കുകൾ മിന്നുവിനെ സന്തോഷത്തിലാക്കി. ഹരിയുടെ അമ്മയും അനിയത്തിയും സന്തോഷം കൊണ്ട് മിന്നുവിനെ പുണർന്നു.
" ഞാൻ ചേട്ടായിയെ വിളിച്ചു പറയാം " വീട്ടിൽ എത്തിയ ശേഷം ഹരിയെ വിളിക്കാൻ ഹരിയുടെ അനുജത്തി ഒരുങ്ങി.
" വേണ്ട മാളു, ഏട്ടൻ നേരിട്ട് വരട്ടെ, ഫോണിൽ കൂടെ പറയണ്ട"....
" എനിക്ക് ഇപ്പോൾ തന്നെ ഹരിയേട്ടനെ കാണണം, ഞാൻ വിളിക്കാൻ പോകുവാ.."
മിന്നു ഫോൺ എടുത്തു.
" ഹരിയേട്ട ഒന്ന് വേഗം വാ ഒരു കാര്യമുണ്ട് " മിന്നു നാണത്തോടെ പറഞ്ഞു.
" എന്താ മിന്നുസെ, എന്ത് പറ്റി പതിവില്ലാത "
ഹരി ചോദിച്ചു
" ഒന്നു വേഗം വാ ഏട്ടാ വന്നിട്ട് പറയാം "
മിന്നു ചിണുങ്ങി പറഞ്ഞു
" ഹും, ഞാൻ വേഗം വരാം "
ഫോൺ കട്ട് ചെയ്ത ശേഷം ഓഫീസിൽ ലീവാക്കി ഹരി വണ്ടിയെടുത്തു . കാര്യം എന്തെന്ന് അറിയാനുള്ള തിടുക്കത്തിൽ ഹരി ഇത്തിരി സ്പീഡ് കൂട്ടി. പക്ഷേ എല്ലാം ഒരു നിമിഷത്തിനുള്ളിൽ സംഭവിച്ചു . ചീറി പാഞ്ഞെത്തിയ ടിപ്പർ ഹരിയെ ഇടിച്ചുവീഴ്ത്തി. അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയ ഹരിയുടെ ദേഹത്തുകൂടി ടിപ്പറിന്റെ പിൻചക്രങ്ങൾ പാഞ്ഞുകയറി .
റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഹരിയെ നാട്ടുകാർ നിസ്സഹായരായി നോക്കി നിന്നു. അതുവഴി വന്ന പോലീസ് ജീപ്പിൽ ഹരിയെയും വാരിയെടുത് പൊലീസുകാർ ആശുപത്രിയിലേക്ക് പോയി.
" ഇയാൾ തൽക്ഷണം മരിച്ചിരുന്നു "
ഡോക്ടർ അവരെ നോക്കി പറഞ്ഞു.
ഹരിയുടെ പോക്കറ്റിൽ നിന്നും കിട്ടിയ കാർഡിലെ നമ്പറിൽ വിളിച്ചു . ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം അവർ പോസ്റ്റുമോർട്ടം നടത്തി . വിവരമറിഞ്ഞ് ഹരിയുടെ കൂട്ടുകാർ വീട്ടിലെത്തിയപ്പോഴും ഹരിയെ കാണാത്തതിന് മിന്നു ഹരിയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുക ആയിരുന്നു.
എന്തോ പന്തികേടു തോന്നിയ മിന്നു എല്ലാവരോടും കാര്യം എന്തെന്ന് തിരക്കി. പക്ഷേ അപ്പോഴേക്കും തൻ്റെ ഹരിയുടെ ചേതനയറ്റ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞ് അവിടെയെത്തിയിരുന്നു. പൊട്ടിക്കരയാൻ പോലും മിന്നുവിന് കഴിയില്ലായിരുന്നു. നിർവികാരയായി ഇരിക്കുന്ന മിന്നുവിനോട് ഒന്ന് പൊട്ടിക്കരയ് മോളെ എന്ന് ഹരിയുടെ അമ്മ പറയുന്നുണ്ടായിരുന്നു.
താൻ ഒരു അച്ഛനാവൻ പോകുവാണെന്ന വിവരം പോലും അറിയാതെ തന്നെ വിട്ട് ഇന്ന് ഹരി ഈ ലോകത്ത് നിന്നും പോയിരിക്കുകയാണ് എന്ന സത്യം ഉൾക്കൊള്ളാൻ മിന്നുവിന് കഴിഞ്ഞില്ല.
ചേതനയറ്റ ഹരിയുടെ ശരീരത്തിൽ കെട്ടിപിടിച്ചിരിക്കുന്ന മിന്നുവിന്നെ എല്ലാവരും സമാധാനിപ്പിക്കാൻ ശ്രമിച്ചു.
" ബോഡി എടുക്കാറായി "
ആരുടെയോ ശബ്‌ദം മിന്നുവിന്റെ ഹൃദയത്തെ കീറി മുറിച്ചു.
അന്ത്യചുംബനം കൊടുക്കുമ്പോൾ മിന്നു ഒരു കാര്യം മാത്രമേ ഹരിയോട് പറഞ്ഞൊള്ളു
" കൂടെ ജീവിച്ച നാളിലെ ഓർമകൾ മത്തിയേട്ട നൂറ് ജന്മം എനിക്ക് ജീവിക്കാൻ,
അല്ല നമ്മുടെ കുഞ്ഞിനും ".....
എങ്ങുനിന്നോ വന്ന ചന്ദനക്കാറ്റിന്റെ തണുപ്പ് അപ്പോഴും മിന്നുവിന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു, ഒരു നേർത്ത തൂവൽ സ്പർശം പോലെ.....
.
.
ദീപു അത്തിക്കയം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot