Slider

കിഴൂർ ഉത്സവം

0
Image may contain: 1 person, smiling, beard and closeup

ബാല്യത്തിന്റെ പാടവരമ്പത്ത് കൂടി ഞാൻ ഒരിക്കലൂടി നടക്കട്ടെ,
മഞ്ഞ് വീഴുന്ന ഡിസംബറിനെ എന്റെ പ്രിയപെട്ടതാക്കിയതിൽ ഒരു കാരണക്കാരൻ കിഴൂർ ചന്തയാണ്, കൊടിയേറ്റത്തിന്റെ ദിവസങ്ങൾക്ക് മുന്നേചന്ത കെട്ടി തുടങ്ങും, അന്നു മുതൽ തുടങ്ങുകയായിഉത്സവം,
പിന്നെ പൂവെടിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ ചൊവ്വ വയലിൽ സർക്കസ്സും, മൃഗശാലയും , മരണക്കുണ്ടും, തൊട്ടിലും കെട്ടുന്നതും, പുറത്ത് കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കണ്ടതും വീട്ടിൽ പോയി വിവരിക്കുമ്പോഴും, സ്കൂളിൽ വിവരിക്കുമ്പോഴും ഒരു വേള ലോകം എന്റെ കൈകുമ്പിളിൽ ആയ പോലെയാ, പൂവെടിക്ക് വീട്ടുകാരോടൊപ്പം വരണം, കൈവിട്ടു പോവരുത് ,തെരക്കായാൽ പിന്നെ കൂട്ടം തെറ്റി പോവും, കൈപിടിക്കണം ഇത്രയും കരാറുകളിൽ ആദ്യം ഒപ്പുവെക്കണം എന്നാലേ കൊണ്ടു പോവൂ, ട്യൂബ്ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച റോഡിലൂടെ പൂവെടി കാണാൻ പോകുന്ന കൗതുകം, അത് വാക്കുകൾക്കതീതമാണ്, ആനപിണ്ഡത്തിന്റെയും പൊട്ടിയ ബലൂണുകളുടെ ഗന്ധവും പീപ്പി വിളികളും പാട്ടുകളുമായി നടന്നു നീങ്ങുന്ന ജനങ്ങളുമെല്ലാം ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ബാല്യകാലം,
പൂവെടിക്ക് പോവുമ്പോൾ ഒന്നും വാങ്ങി തരില്ല, കരയരുത്, എന്ന മുൻധാരണ ഉള്ളത് കൊണ്ട് ഒന്നും ചോദിക്കാറില്ല,
പൂവെടിയുടെ അവസാനത്തെ കൂട്ടപൊരിച്ചിൽ ചെവി പൊത്താതെ നോക്കി നിൽക്കൽ ബാല്യത്തിന്റെ ഹീറോയിസം!
പിന്നെ ചന്തയിൽ പോവുന്ന ദിവസത്തിനായുള്ള കാത്തിരിപ്പാണ്, വാഴയില മുറിച്ച് ഹോട്ടലിൽ കൊടുത്തും, അടക്കപെറുക്കി വിറ്റും, തൂത്തി പൊട്ടിച്ചും അങ്ങനെ ഒരു വർഷം കൂട്ടി വെച്ച നാണയ തുട്ടുകൾ - ചന്തയിൽ പോവാൻ സ്വരുക്കൂട്ടി വെച്ച സ്വപ്നങ്ങൾ, പൂവണിയാൻ പോവുന്ന പ്രതീക്ഷകളുടെ ആകാംക്ഷ മുറ്റിയ ദിനങ്ങൾ,
ചന്തപ്പറമ്പിൽ എത്തുന്നതിന്റെ എത്രയോ അകലെ നിന്ന് തന്നെ ആരവങ്ങൾ കേർക്കാം, കിഴൂർ എന്ന താരതമ്യേന ചെറിയ ടൗണിന് ആഘോഷത്തിന്റെ ദിനങ്ങൾ,
എല്ലാ കടകളും ലൈറ്റുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കും, ഹലുവയും പൊരിയും പ്രധാന ഐറ്റം, അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്ന് കല്യാണം കഴിച്ച് കൊണ്ടുപോയ പെൺകുട്ടികളുടെ വീട്ടിൽ "ആറാട്ട് സാധനങ്ങൾ " എന്ന പേരിൽ ജാതിമത വെത്യാസമില്ലാതെ പലഹാരങ്ങൾ കൊണ്ട് പോവുന്ന ഒരു ചടങ്ങു പോലും ഉണ്ടായിരുന്നു, ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഈ ആറാട്ട് ഞങ്ങളുടെ ജീവിതവുമായി എത്ര മാത്രം അലിഞ്ഞ് ചേർന്നിരുന്നു എന്ന് '
പറഞ്ഞ കാര്യത്തിലേക്ക് വരാം,
ആദ്യം കാണുന്ന ബലൂൺ വിൽപനക്കാരൻ മുതൽ ചൊവ്വ വയലിലെ മരണക്കിണറിലെ ബൈക്ക് ക്കാരൻ വരേ നിറഞ്ഞു നിൽക്കുന്ന മാസ്മരിക ലോകമാണ് കിഴൂർ ചന്ത, എല്ലായിടത്തും ചുറ്റിനടന്ന് കാണും, മൺപാത്രങ്ങളും, വിത്തുകളും, കൈ നോക്കുന്ന കുറത്തിയും, എന്ന് വേണ്ട എണ്ണിയാൽ ഒടുങ്ങാത്ത മായാജാലം,
മനസ്സിലെ ഓർമ്മകൾക്ക് മുമ്പിൽ അക്ഷരങ്ങൾ പരാജയപെടുന്നു,
എല്ലാം കണ്ട് തിരിച്ചിറങ്ങുമ്പോൾ കയ്യിൽ ഒരു ബലൂണും, നാല് ചക്രത്തിൽ ഓടുന്ന പച്ചതത്തയും, പിന്നെ ലോകം കീഴടക്കിയവന്റെ മനസ്സും, ഇനി അടുത്ത ആറാട്ടിന് വാങ്ങി തരും എന്ന വാക്കും ബാക്കിയാവാറാണ് പതിവ്........
മതാന്ധതയുടെ ലോകത്ത് നിന്നും മതസൗഹാർദത്തിന്റെ ലോകത്തിലേക്ക് കിഴൂർ ഉത്സവത്തിന്റെ കൊടി ഒരിക്കൽ കൂടി ഉയരുകയാണ്,
അകലെ എവിടെയോ നേർത്ത ശബ്ദത്തിൽ കേൾക്കുന്ന ചെണ്ടമേളവും, പൊട്ടി പോയ ബലൂണിന്റെ നറുമണവും ഇന്നും ഈ പ്രവാസ ലോകത്തിലും എന്റെ ഉള്ളിൽ എവിടെയോ ഉറങ്ങാതിരിക്കുന്നു,
* * ഹരി മേലടി * *
* നിന്നിലെത്തും വരേ*
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo