Slider

അങ്ങനെ അമ്മിണിയും സ്റ്റാറായി

0
Image may contain: 1 person, smiling, selfie and closeup
കുടുംബശ്രീ മീറ്റിംഗ് കഴിഞ്ഞിറങ്ങിയ അമ്മിണി വല്ലാത്ത കലിപ്പിലായിരുന്നു..
''എല്ലാത്തിനും ആ സീതയാ കാരണം.. അവളുടെയൊരു ഫേസൂക്കും മണ്ണാങ്കട്ടയും.. അറിയാത്തതുകൊണ്ടല്ലേ ചോദിച്ചത്.. അതിനു ഇങ്ങനെ കളിയാക്കി കൊല്ലണോ.. അവള്‍ക്കെന്നെ ശരിക്കറിഞ്ഞൂട.. കാണിച്ചു കൊടുക്കാം ഞാന്‍..''
മുറുമുറുത്ത് കൊണ്ട് അമ്മിണി വീട്ടിലേക്ക് നടന്നു..
വഴിയില്‍ കണ്ട പരിചയക്കാരൊക്കെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പക്ഷേ അമ്മിണി അതൊന്നും കേട്ടതേയില്ല..
വീട്ടിലേക്ക് കയറി വരുന്ന കെട്ടിയോളുടെ മ്ളാനവദനം കണ്ടപ്പോള്‍ വാസുവിന്‍റെ നെഞ്ചൊന്നു കാളി..
'എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്.. എനിക്ക് പണിയായതു തന്നെ.. സ്കൂട്ടറീന്ന് വീണു പരിക്കു പറ്റിയതില്‍ പിന്നെ വലിയ മോഹങ്ങളൊന്നും പറയാതെ അങ്ങനെയങ്ങ് പോയിരുന്നതാ.. ഇതിപ്പോ ഞാന്‍ കാറു വാങ്ങേണ്ടി വരുമോ എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ..'
''അച്ഛാ.. മുത്തപ്പനെ വിളിച്ചിട്ടൊന്നും കാര്യമില്ല.. വരാനുള്ളത് വന്നില്ലെങ്കില്‍ അമ്മ കൂട്ടിക്കൊണ്ടു വന്നോളും..''
വാസുവിന്‍റെ ആത്മഗതം കേട്ടു മകള്‍ പുറകില്‍ നിന്നു വിളിച്ചു പറഞ്ഞു..
''എന്തുപറ്റിയെടീ.. നിന്‍റെ മുഖമെന്താ കടന്നലു കുത്തിയതു പോലെ..''
അകത്തേക്ക് പോകാനൊരുങ്ങിയ അമ്മിണിയെ വാസു പിടിച്ചു നിര്‍ത്തി..
''എനിക്കൊരു ഫേസ്ബുക്ക് വേണം..''
അമ്മിണി പ്രഖ്യാപിച്ചു..
''ങ്ങേ.. ഫേസ്ബുക്കോ അതെന്തൊന്നാടീ.. നിനക്ക് വേണമെങ്കില്‍ എന്‍റെ കടയിലെ പറ്റ് ബുക്ക് തരാം..''
''ദേ.. മനുഷ്യാ.. പൊക്കോണം നിങ്ങടെ ഓഞ്ഞ തമാശയുംകൊണ്ട്.. അല്ലെങ്കില്‍ത്തന്നെ കലികയറി നിക്കുവാ ഞാന്‍.. എന്‍റെ നില തെറ്റിക്കരുത്..''
അമ്മിണിയുടെ കത്തുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ വാസു മൗനം പാലിച്ചു..
''ഡീ.. നിനക്കറിയാമോ ഫേസ്ബുക്ക് ഉണ്ടാക്കാന്‍..''
അമ്മിണി മകളുടെ നേരെ തിരിഞ്ഞു..
''മ്ം .. അറിയാം.. പക്ഷേ അതിനു അമ്മയുടെ ഈ പൊട്ട ഫോണ്‍ ഒന്നും പോര.. സ്മാര്‍ട്ട് ഫോണ്‍ വേണം..''
പ്ളസ് ടുവിന് പഠിക്കുന്ന മകള്‍ക്ക് ഇതൊക്കെ എങ്ങനെയറിയാം എന്ന ചോദ്യം അമ്മിണിയുടെ നാക്കിന്‍ തുമ്പത്ത് വന്ന് എത്തിനോക്കിയെങ്കിലും തന്‍റെ ആവശ്യം നടക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ അത് പുറത്തേക്ക് എത്തിയില്ല..
''അങ്ങനെത്തെ ഫോണിന് എത്ര രൂപ വേണ്ടി വരും..?''
അമ്മിണി മകളുടെ മുഖത്ത് നോക്കി..
''ഒരു പത്തായിരം വേണ്ടി വരും.. അമ്മയ്ക്ക് എന്തിനാ ഇപ്പോ ഫേസ്ബുക്ക്.. അതുപറ..''
''എനിക്ക് ആ സീതയെ തോല്‍പ്പിക്കണം.. അവള്‍ക്ക് ഫേസ്ബുക്ക് ഉണ്ട്.. ഇടയ്ക്കിടക്ക് ഫോട്ടോ എടുത്ത് അതിലിടും.. അതിനെപ്പറ്റി അറിയാത്തതുകൊണ്ട് ഞാനൊന്ന് ചോദിച്ചു പോയതാ.. അതിന് അവളും അവളുടെ വാലും പിടിച്ചു നടക്കുന്ന ശൃംഗാരികളും കൂടി എന്നെ കളിയാക്കിക്കൊന്നു..''
അമ്മിണിയുടെ പറച്ചില്‍ കേട്ടു വാസു കണ്ണുമിഴിച്ചു പോയി..
'ഒരു സീതയും ഒരമ്മിണിയും.. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ല..'
''എന്‍റെ കെെയ്യില്‍ ഇന്ന് ചിട്ടി കിട്ടിയ പത്തായിരം ഉണ്ട്.. നമുക്ക് ഇപ്പോ തന്നെ പോയി വാങ്ങാം..''
അമ്മിണി ബ്ളൗസിനുള്ളില്‍ നിന്നും പെെസയെടുത്ത് ഉയര്‍ത്തിക്കാട്ടി..
''എടീ.. ആ പെെസയിങ്ങ് താടീ.. ഞാന്‍ കടയിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങട്ടെ..''
വാസു കെഞ്ചി..
''പിന്നേ.. ഇപ്പോ തരാം.. ഇത് എനിക്ക് ഫോണ്‍ വാങ്ങാനുള്ളതാ..''
''അമ്മേ .. വാ.. പോകാം..''
അപ്പോഴേക്കും മോള് റെഡിയായി വന്നു.. രണ്ടു പേരും കൂടി ഫോണ്‍ വാങ്ങാനായി പട്ടണത്തിലേക്ക് പുറപ്പെട്ടു..
അപ്പോള്‍ മോളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ അമിട്ട് പൊട്ടുകയായിരുന്നു..
'അമ്മയ്ക്ക് ഒരു ഫേസ്ബുക്ക് അല്ലേ വേണ്ടു.. എനിക്ക് ഇഷ്ടം പോലെ സെല്‍ഫിയെടുക്കാം.. വാട്ട്സാപ്പില്‍ കൂട്ടുകാരോട് ചാറ്റു ചെയ്യാം..'
രണ്ടു പേരും പട്ടണത്തിലെത്തി ഫോണും വാങ്ങി ..
''അമ്മേ നെറ്റ് റീചാര്‍ജ്ജ് ചെയ്യണം.. എന്നാലേ ഫേസ്ബുക്ക് എടുക്കാന്‍ പറ്റൂ..''
മകള്‍ പറഞ്ഞു..
''ആ.. ചെയ്തോ..''
അമ്മിണിയ്ക്ക് എങ്ങനെയെങ്കിലും ഫേസ്ബുക്കില്‍ കയറിപ്പറ്റിയാല്‍ മതി..
അങ്ങനെ മൂന്നുമാസത്തേക്കുള്ള ഡാറ്റാ പാക്കും റീചാര്‍ജ്ജ് ചെയ്തു അവര്‍ വീട്ടിലേക്ക് മടങ്ങി..
വീട്ടിലെത്തിയ ഉടന്‍ അമ്മിണി മകളെക്കൊണ്ട് ഫേസ്ബുക്ക് എടുപ്പിച്ചു..
''അമ്മിണി വാസു എന്നു പേര് കൊടുക്കാം അല്ലേ..''
മോള്‍ ചോദിച്ചു..
''അയ്യേ.. വാസു വേണ്ട.. പഴഞ്ചന്‍ പേരാ.. നീയാ സീതയുടെ പേര് എന്താണെന്ന് നോക്കിയേ..''
''സീതാ സീതൂസ് എന്നാണമ്മേ..''
''എന്നാലേ എനിക്ക് അമ്മിണി അമ്മൂസ് എന്നു മതി..''
അമ്മിണി പേര് ഉറപ്പിച്ചു..
അമ്മിണിയുടെ ഒരു ഫോട്ടോയെടുത്ത് യൂകേമിലിട്ട് നന്നായി എഡിറ്റ് ചെയ്തു പ്രൊഫെെല്‍ പിക്ച്ചറും ആക്കികൊടുത്തു മകള്‍..
''ഇനി കുറച്ച് പേരെ ഫ്രണ്ട്സ് ആക്കണം.. സീതേച്ചിക്കും റിക്വസ്റ്റ് കൊടുക്കാം..''
''വേണ്ട.. വേണ്ട.. അവള്‍ക്ക് കൊടുക്കണ്ട ..''
''വേണം.. അമ്മേ.. എന്നാലല്ലേ അമ്മ ഫേസ്ബുക്കില്‍ വന്നത് അവരറിയൂ..''
മകള്‍ കാര്യം മനസ്സിലാക്കി കൊടുത്തു..
''എന്നാല്‍ കൊടുക്ക്.. അവളുടെ ഫോട്ടോയൊക്കെ ഒന്നു കാണിച്ചേടീ..''
മോള് സീതയുടെ പ്രൊഫെെല്‍ എടുത്ത് ഫോട്ടോസ് കാണിച്ചു കൊടുത്തു.. കൂളിംഗ് ഗ്ളാസ് വെച്ചിട്ടുള്ളത്.. സ്കൂട്ടറില്‍ ഇരുന്നിട്ടുള്ളത്.. വിവിധ പോസിലുള്ള ഫോട്ടോസ്‌.. കണ്ടപ്പോള്‍ അമ്മിണിയ്ക്ക് സഹിച്ചില്ല..
''അവളുടെയൊരു പത്രാസ്.. സിനിമാ നടിയാണെന്നാ വിചാരം..''
രണ്ടു ദിവസം കൊണ്ട് അമ്മിണി ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പഠിച്ചു.. കുറേ ഫ്രണ്ട്സുമായി.. എന്നിട്ടും അമ്മിണിയ്ക്ക് തൃപ്തിയായില്ല..
'സീതയുടെ മുന്‍പില്‍ ഒരിക്കലെങ്കിലും ഒന്ന് ജയിച്ചു കാണിക്കണം.. അതിനെന്താ ഒരു വഴി.. '
അമ്മിണി ചുഴിഞ്ഞാലോചിച്ചിട്ടും ഒന്നും തെളിഞ്ഞു വന്നില്ല..
''അമ്മേ.. ഇതു കണ്ടോ..''
ഫോണും പൊക്കിപ്പിടിച്ച് മോള്‍ വന്നപ്പോഴാണ് അമ്മിണി ചിന്തയില്‍ നിന്ന് ഉണര്‍ന്നത്..
''എന്താടീ..''
''ഒതളങ്ങ ഗ്രൂപ്പിന്‍റെ സെല്‍ഫി മത്സരം..നാളെ രാവിലെ പത്തുമണി മുതല്‍ രാത്രി പത്തു മണി വരെ..''
''അതിനു ഞാനെന്ത് വേണം.. നീയൊന്ന് പോയെ..''
അമ്മിണി ചൂടായി..
''അമ്മേ.. അമ്മയ്ക്ക് സീതേച്ചിയുടെ മുന്‍പില്‍ ജയിക്കണ്ടേ.. അതിനു അമ്മ ഈ മത്സരത്തില്‍ പങ്കെടുക്കണം.. കൂടുതല്‍ ലെെക്ക് കിട്ടുന്നയാളാ ജയിക്കുക.. സമ്മാനോം ഉണ്ട്..''
''അതിനു ഞാന്‍ നിന്നാല്‍ ജയിക്കുമോടീ.. അതിനും ലവള് ജയിച്ചാലോ..''
അമ്മിണിയ്ക്കു സംശയം..
''അമ്മയെ ഞാനും എന്‍റെ കൂട്ടുകാരും ജയിപ്പിക്കും..''
മകള്‍ കൊടുത്ത ആത്മവിശ്വാസത്തിന്‍റെ ബലത്തില്‍ പിറ്റേന്ന് രാവിലെ അമ്മിണി കുളിച്ചൊരുങ്ങി മുല്ലപ്പൂവൊക്കെ ചൂടി ഒരു കിടിലന്‍ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തു..
മിനുട്ടുകള്‍ക്കകം തന്നെ ലെെക്കുകള്‍ കുമിഞ്ഞു കൂടി..
സീതയും ഇട്ടു ഒരടിപൊളി സെല്‍ഫി..
രണ്ടു പേരും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു..
പിറ്റേന്ന് രാവിലെ മത്സരഫലം വന്നു..
അമ്മിണി അമ്മൂസ് 519 ലെെക്കുകളുമായി ഒന്നാംസ്ഥാനം..
സീതാ സീതൂസ് 499 ലെെക്കുകളുമായി രണ്ടാം സ്ഥാനം..
അമ്മിണിയ്ക്ക് സന്തോഷം കൊണ്ട് ഇരിയ്ക്കാനും നില്‍ക്കാനും വയ്യാത്ത അവസ്ഥയിലായിപ്പോയി..
''പിന്നേ പത്ത് കോടി ലോട്ടറിയല്ലേ അടിച്ചത്..''
വാസു മുഖം കോട്ടി..
''നിങ്ങളൊന്നു പോ മനുഷ്യാ.. ആര്‍ക്ക് വേണം ലോട്ടറി.. അവളെ തോല്‍പ്പിച്ചല്ലോ എനിക്ക് അതുമതി..''
പിറ്റേന്ന് കുടുംബശ്രീ മീറ്റിംഗിനു പോയപ്പോള്‍ എല്ലാവരും അമ്മിണിയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു.. സ്വീകരണവും കൊടുത്തു.. അങ്ങനെ അമ്മിണിയും ഒരു സ്റ്റാറായി..
എല്ലാം കണ്ട് സീത സങ്കടത്തോടെ നെടുവീര്‍പ്പിട്ടു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo