ഇന്നും വൈകിയല്ലോ ദൈവമേ, വാതിലു പൂട്ടിയോന്ന് ഒന്നൂടെ നോക്കി ഉറപ്പുവരുത്തി സുനന്ദ. ധൃതി പിടിച്ച് ഓടുന്നതിനിടയിൽ തൊട്ടപ്പുറത്തുളള തറവാട്ടിലേക്കുനോക്കി "അമ്മേ ഞാൻ പോണൂട്ടോ" ന്ന് ഒരു അറിയിപ്പും കൊടുത്തു. മുറ്റത്ത് നിന്ന അമ്മ അവൾ പോകുന്നതും നോക്കി നെടുവീർപ്പിട്ടു. ഇവളുടെ ഈ ഓട്ടവും പ്രാരാബ്ദവും എന്നു തീരുവോ ആവോ.
ഇനി രണ്ടര കിലോമീറ്റർ താണ്ടണം റോഡിലെത്താൻ. മാറി മാറി വന്ന ഏതേലും
ജനപ്രതിനിധി ഈ വഴിയൊന്ന് നന്നാക്കി തന്നിരുന്നേൽ കുറഞ്ഞപക്ഷം തൻറ ഈ ഓട്ടത്തിനേലും ഒരു ആശ്വാസം കിട്ടിയേനെ. നന്നേ ക്ഷീണമുണ്ടെങ്കിലും പോകാതിരുന്നാൽ പറ്റില്ല. അന്നന്നു കിട്ടുന്നതുകൊണ്ട് ജീവിതം തളളി നീക്കുന്ന താൻ പോയില്ലേ എന്തു ചെയ്യും. താൻ മാത്രം അല്ലല്ലൊ മക്കളും ഇല്ലേ. പെട്ടെന്നാണോർമ്മ വന്നത്, താൻ വീണ്ടും ആലോചനകളിലേക്കു പോകുന്നു. ഇന്നലെക്കൂടി ഇതു പോലെ ഓരോന്നാലിച്ച് പോയപ്പോഴാണ് ഒരു വണ്ടിക്ക് എതിരേ നേരെ ചെന്ന് ചാടിയത്. അയാള് പരിഹാസത്തോടെ ചോദിക്ക്വേം ചെയ്തു, "ഇന്ന് തിരിച്ച് വീട്ടിലേക്കില്ലാന്ന് പറഞ്ഞിട്ടാണോ പോന്നതെന്ന്". കേട്ടപ്പോ ചിരി വന്നു, ആരോട് പറയാൻ, ആരിരിക്കുന്നു അവിടെ. പതിവുപോലെ സുനന്ദ വീണ്ടും ചിന്തകളുടെ ലോകത്തേക്ക്.
എന്തിനാവും വീട്ടുകാർ തന്നെ വിവാഹം ചെയ്തയച്ചത്. മകളെ പറഞ്ഞയക്കാൻ പോകുന്നിടത്തേക്കുറിച്ച് അവർ എന്തെങ്കിലും തിരക്കിയിരുന്നോ. അതോ ഒരാളേലും രക്ഷപ്പെടട്ടേ എന്നു കരുതിക്കാണുമോ, അതോ അഞ്ചു ഭാരങളിൽ രണ്ടാമത്തെ ഭാരത്തെക്കൂടി അങ് ഇറക്കി വക്കാമെന്നോ. രണ്ടാങളമാരും, അച്ഛനും, അമ്മയും ഉണ്ടായിട്ടും എന്തേ ആരും ഒന്നും തിരക്കീല്ല. അമ്മയുടെ കാര്യം പോട്ടെ ആ സാധു എന്തറിയാൻ.
മോശമല്ലാതെ പഠിച്ചിരുന്ന തനിക്ക് വലിയ മോഹങളൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. കൂടെയുണ്ടായിരുന്ന ഇരട്ട സഹോദരി എല്ലാം പഠിച്ചു തീർത്തോണ്ടാരിക്കും എട്ടാം തരത്തിൽ അതങ് നിർത്തി അല്ലറ ചില്ലറ തയ്യൽ ജോലികൾ ചെയ്തു പോന്നു. കൊയ്ത്തുകാലമായാൽ ടീച്ചർപറയും ഇനി സുനന്ദക്ക് ഇടക്കിടക്ക് പനിയാരിക്കുമെന്ന്. കാരണം അമ്മയുടെ കൂടെ കൊയ്യാനും, കറ്റ ചുമക്കാനും , മെതിക്കാനും ഒക്കെ താനും പോകണം. താഴെയുളള അനിയത്തി മടികാരണം വരത്തുമില്ല, ഇളയത്തുങൾ സ്കൂളിലും പോകും. കല്ല്യാണം കഴിയും വരെ വല്ല്യേച്ചിയാരുന്നു അമ്മയുടെ കൂടെ പോയിരുന്നത്. നേരാംവണ്ണം നിന്ന് ശ്വാസം കഴിക്കാൻ വിഷമിക്കുന്ന അമ്മയെ എങനെ തനിയെ വിടും. അച്ഛൻ ഉളളതും ഇല്ലാത്തതും കണക്കാ. എവിടുന്നേലും പത്ത് രൂപ കിട്ടിയാ ഉടൻ പോകും കുടിക്കാൻ. പിന്നെ അങോട്ടൊരു മേളമാണ്. ശൃംഗാരമാണ് പ്രധാന ഭാവം, അതിൻറ ബാക്കി പത്രമാവണം ഞങൾ മക്കൾ. ഒന്നും രണ്ടുമല്ല ഞങൾ ഏഴു മക്കൾ.
പത്താംതരം മോശമല്ലാത്ത രീതിയിൽ ജയിച്ചപ്പോ തുടർന്ന് പഠിക്കണം എന്നുണ്ടാരുന്നു. ആരോടു പറയാൻ ആരു കേക്കാൻ. അങനെ പഠിപ്പൊക്കെ നിർത്തി അടുത്തുളള കമ്പനീല് ജോലിക്കു പോകാൻ തുടങീപ്പോ, ഞാനങ് സമ്പാദിച്ച് പണക്കാരിയായാലോന്ന് കരുതീട്ടാവും കൂടെപിറന്ന ലവളും ഒപ്പം കൂടി. അങനെ കിട്ടുന്നത് അമ്മക്ക് കൊടുക്കും, അതിൽ നിന്നും ആരുമറിയാതെ അമ്മ മിച്ചം പിടിച്ചിരുന്നൂന്ന് പിന്നീടാണ് അറിഞ്ഞത്. മൂന്ന് നാല് കൊല്ലം അങനെ പോയി. പിന്നീടൊരു സുപ്രഭാതത്തിലാണ് എന്നെ അങ് കെട്ടിച്ചാലെന്നാന്നൊരു ഭൂതോദയം വീട്ടുകാർക്കൊണ്ടായത്. ആകെ അഞ്ചടിപ്പൊക്കത്തിലും അൻപതു കിലോ താഴെ ഭാരവുമായി ഞാനങ് പുര നിറഞ്ഞു നിക്കുവാണല്ലോ. അമ്മയൊഴിച്ച് ആർക്കേലും ഇങനൊരു ചിന്ത ഒണ്ടാരുന്നോന്ന് സംശയമാണ്. അത്രക്ക് ഉത്തരവാദിത്തമാരുന്നല്ലോ അച്ഛനും ആങളമാർക്കും. അങനെ ആരോ എവിടുന്നോ ഒരാലോചന കൊണ്ടുവന്നു. പ്രകാശൻ, അതാരുന്നു അയാളുടെ പേര്. പേരിനു യോജിക്കാത്ത, മുഖത്ത് ഒട്ടും പ്രകാശമില്ലാത്ത ഒരാൾ. പെണ്ണുകാണലൊക്കെ കഴിഞ്ഞു, പോക്കും വരവും ഒക്കെ മുറക്ക് നടന്നു. എന്തിനാ പോയേന്ന് ചോദിച്ചാ ഇപ്പഴും ഒരു ഉത്തരമില്ല. അങനെ കല്ല്യാണം തീരുമാനിച്ചു.
ആങളമാർ രണ്ടുപേരും കൂടി ഒരു മാല തന്നു. വല്ല്യേച്ചി ഒരു വള, പിന്നെ അമ്മ ഉറുമ്പ് അരിമണി കൂട്ടിവക്കുംപോലെ സൂക്ഷിച്ചു വച്ച പൈസകൊണ്ട് മറ്റൊരു വള. ഇതാരുന്നു ഞാനെന്ന കല്ല്യാണപ്പെണ്ണിൻറ സ്ത്രീധനം. ചടങുകളൊക്കെ ഒരു ചടങായി നടന്നു. വരൻറ വീട്ടിലെത്തിയപ്പോ കുറച്ചാളുകൾ വീട്ടുമുറ്റത്തു നിന്നിരുന്നു. കല്ല്യാണത്തിനേ ശ്രദ്ധിച്ചിരുന്നു, വരൻറ വീട്ടുകാരുടെ നിസ്സംഗമനോഭാവം. അമ്മ, ശോകം സ്ഥായിയായ മുഖഭാവമുളള, ആർക്കും അലിവു തോന്നുന്ന രൂപം. അവിടുത്തേതിൽനിന്നും ഇവിടേയും ജീവിതത്തിൽ വ്യത്യാസമൊന്നും വരാനിടയില്ലെന്ന് അപ്പഴേ തോന്നി. അമ്മ തന്ന വിളക്കുമായി വലതുകാൽ വച്ച് അകത്തേക്ക്. താനൊക്കെ ഏത് കാല് വെച്ചാലെന്നൊരു തോന്നലും ഉളളിലുണ്ടായി. അന്നേരം കണ്ട പ്രകാശനെ പിന്നെ കാണുന്നത് രാത്രിയാണ്. പ്രകാശൻറ ചേട്ടനും, ഭാര്യയും, അനിയനും, പെങളും, ഭർത്താവുമാണ് അവിടുണ്ടായിരുന്നത്. സാമാന്യം നന്നായി മദ്യപിച്ച അയാളെ കണ്ടപ്പോ പ്രത്യേകിച്ചൊന്നും തോന്നിയില്ല. മനസ്സിൽ ആദ്യം തോന്നിയത് ഒന്നൂടി അടിവരയിട്ടുറപ്പിച്ചു.
ചെരിപ്പ് ഒരു കല്ലിൽ തട്ടിയപ്പോ സുനന്ദ വർത്തമാനത്തിലേക്കെത്തി. എതിരേവന്ന നാണിയമ്മ ചോദിച്ചു "ഇന്നും മനോരാജ്യത്തിലാ' ല്ലേന്ന്. ഒരു വരണ്ട ചിരി സമ്മാനിച്ച് ഓർമ്മകളെ മേയാൻ വിട്ട് വീണ്ടും നടത്തം തുടർന്നു.
അന്നു തുടങിയ ഉപദ്രവമാണയാളുടെ. ഇന്നും അതിനൊറുതിയായിട്ടില്ല. ഒന്നും തരണ്ട, സമാധാനമായി ഒന്നുറങാൻ അനുവദിച്ചിരുന്നെങ്കിൽ. അയാളിൽ തനിക്ക് രണ്ട് കുഞ്ഞുങളൊണ്ടല്ലോ എന്നോർത്തപ്പോ അവൾക്കവളോട് തന്നെ വെറുപ്പ് തോന്നി. അമ്മ എല്ലാത്തിനും മൂക സാക്ഷിയായിരുന്നു. അനിയൻ ഗൾഫിൽ പോയതീപ്പിന്നെയാണ് ഒരു തരി വെളിച്ചം ജീവിതത്തിൽ കിട്ടിയത്. വീതം വെപ്പെല്ലാം കഴിഞ്ഞ് കിട്ടിയ കുറച്ച് സ്ഥലം തൻറ പേരിൽ എഴുതണമെന്ന് അമ്മ നിർബ്ബന്ധം പിടിച്ചു. അനിയൻറയും, പഞ്ചായത്തിൻറയും സഹായത്തോടെ ഒരു കൊച്ചുവീട് ഉണ്ടാക്കികിട്ടി. അയാൾ വീട്ടിലുളളപ്പോ താനെന്നും വീടിന് പുറത്താണല്ലോ. ഒതു തരത്തിൽ പറഞ്ഞാ അതാ നല്ലതും അടികൊളളാതെ രക്ഷപ്പെടാമല്ലോ. തന്നെ ഉപദ്രവിക്കുന്നതിൽ അയാൾ എന്തോ സന്തോഷം കണ്ടെത്തുന്നതുപോലൊണ്ട് പെരുമാറ്റം കണ്ടാൽ. അന്നും ഇന്നും വെറുതാണേലും ഒരു തൂപ്പുകാരിയുടെ ജോലി ഉളളതുകൊണ്ട് മുന്നോട്ടു പോകുന്നു. ഇടക്ക് അയൽപക്കത്താരോ പറഞ്ഞ് കേട്ടാണറിഞ്ഞത്. ഇയാൾ നന്നാവുമോ എന്നറിയാനാണത്രേ വിവാഹം കഴിച്ചത്. കേടപ്പോ ഒരു തമാശയായിട്ടാണ് തോന്നീത്. ഒരാള് നന്നാവേണ്ടത് മറ്റൊരാളുടെ ജീവിതം തല്ലിക്കെടുത്തിക്കൊണ്ടാണോ? അദ്യമൊക്കെ വീട്ടിൽ അമ്മയോട് കരഞ്ഞു പറഞ്ഞിട്ടുണ്ട്, ഇവിടെ എവിടേലും എന്തേലും ജോലിചെയ്ത് ജീവിച്ചോളാം, ഒന്നൂല്ലേ രാത്രീല് പേടിക്കാതെ സമാധാനമായി ഉറങാലോന്ന്. കെട്ടിച്ചുവിട്ട ഞാനൊരു ബാദ്ധ്യതയായി ഇവിടെ നിന്നാ ബാക്കിയുളളവരുടെ കാര്യമോ എന്ന ചോദ്യത്തിനു മുന്നിൽ തോറ്റ്പോയി. പിന്നീട് അധികം അങോട്ട് പോയിട്ടില്ല.
മകനെ സ്കൂളീ ചേർക്കാൻ ചെന്നപ്പോഴാണ് അയാളുടെ മറ്റൊരു മുഖം കണ്ടത്. പിതാവിൻറ പേരെഴുതേണ്ടിടത്ത് അയാളുടെ പേര് വക്കരുതെന്ന്. കാരണം ഇതയാളുടേതല്ലെന്ന്. അന്നാദ്യമായിട്ടാരുന്നു കൈയും, നാവും അയാൾക്കെതിരെ ഉയർന്നത്. തൻറ സ്ത്രീത്വത്തെ ഇത്രയേറെ അപമാനിച്ചപ്പോ, പിന്നെ ഒന്നും ഓർത്തില്ല. ഒരു മനുഷ്യന് ഇത്രത്തോളം അധപ്പതിക്കാൻ കഴിയുമോ, എപ്പോഴെങങ്കിലും ഒരു മാറ്റം വരില്ലേ. അങനെ ഓരോ കൂടപ്പിറപ്പുകളുടേയും വിവാഹമെന്ന ആ കടമ്പ കടത്തി വിട്ടു. ആരുടേയും അവസ്ഥ അത്ര നന്നല്ലായിരുന്നു. ദൈവം ഏറെ ഇഷ്ടമുളളവരെ ഒരുപാട് പരീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്. ഈ പാവത്തുങളോട് ഇത്രേം ഇഷ്ടം വേണാരുന്നോ ദൈവമേന്ന് ചോദിച്ചിട്ടുമൊണ്ട്.
ഇന്നിപ്പോ മകൾ തനിക്കൊപ്പമെത്തിയിരിക്കുന്നു. വിവാഹപ്രായമാകുന്നു. വിവാഹം എന്നു കേൾക്കുമ്പഴേ അവള് ചോദിക്കും "എന്തിനാണമ്മേ ഒരു പരീക്ഷണംന്ന്". എല്ലാരും ഒരുപോലാവില്ല മോളെന്ന് ഞാനും പറയും. പഠിക്കാനേതായാലും മിടുക്കിയാണ്. പഠിക്കട്ടെ, തന്നെപ്പോലെയാവാതെ അവൾ സ്വന്തം കാലിൽ നിൽക്കട്ടെ. ഇന്നിപ്പോ തനിക്കുവേണ്ടി അവളാണ് അയാളോട് വാദിക്കുന്നത്. കഴിഞ്ഞ ദിവസം പറയുന്നകേട്ടു "ഇനി മേലിൽ അച്ഛൻ അമ്മയെ ദേഹം നോവിച്ചാ ഞാനതു സഹിക്കില്ലെന്ന്". ബസ്സിൻറ നീണ്ട ഹോൺ കേട്ടാണ് സുനന്ദ തൻറ ചിന്തകൾക്ക് വിരാമമിട്ടത്.
ഇന്നിപ്പോ മകൾ തനിക്കൊപ്പമെത്തിയിരിക്കുന്നു. വിവാഹപ്രായമാകുന്നു. വിവാഹം എന്നു കേൾക്കുമ്പഴേ അവള് ചോദിക്കും "എന്തിനാണമ്മേ ഒരു പരീക്ഷണംന്ന്". എല്ലാരും ഒരുപോലാവില്ല മോളെന്ന് ഞാനും പറയും. പഠിക്കാനേതായാലും മിടുക്കിയാണ്. പഠിക്കട്ടെ, തന്നെപ്പോലെയാവാതെ അവൾ സ്വന്തം കാലിൽ നിൽക്കട്ടെ. ഇന്നിപ്പോ തനിക്കുവേണ്ടി അവളാണ് അയാളോട് വാദിക്കുന്നത്. കഴിഞ്ഞ ദിവസം പറയുന്നകേട്ടു "ഇനി മേലിൽ അച്ഛൻ അമ്മയെ ദേഹം നോവിച്ചാ ഞാനതു സഹിക്കില്ലെന്ന്". ബസ്സിൻറ നീണ്ട ഹോൺ കേട്ടാണ് സുനന്ദ തൻറ ചിന്തകൾക്ക് വിരാമമിട്ടത്.
പ്രസാദ് കളരിയ്ക്കൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക