Slider

സായിപ്പും ഞാനും

0
Image may contain: 1 person, flower, plant, outdoor and nature

ഒരു ദിവസം ഫേസ് ബുക്ക് തുറക്കുമ്പോൾ ഇൻബോക്സിൽ അതിക്രമിച്ച് കടന്നിരിക്കുന്ന ഒരു സുന്ദരൻ സായിപ്പിനെ കണ്ടു
''ഹൗ ആർ യൂ" എന്ന ചോദ്യവും.
ഞാനൊരു മലയാളിയല്ലേ മനസിൽ ലഡു പൊട്ടി.
ചെന്നെ .. മുംബൈ... തുട ങ്ങിയ വിദേശ രാജ്യങ്ങൾ പോലും സന്ദർശിച്ചിട്ടില്ലാത്ത ഞാൻ സായിപ്പ് അയച്ചു തരുന്ന ഫ്രീ വിസയിൽ ലണ്ടൻ, അമേരിക്ക, സ്വിറ്റർലന്റ് തുടങ്ങിയ യഥാർഥ വിദേശ രാജ്യങ്ങളിലൂടെ ഹസിന്റെ കൂടെ കൈകോർത്തു നടക്കുന്നതും എന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ സായിപ്പിനോട് കൂട്ടുകൂടി വിദേശ ഉച്ചാരണ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതുമൊക്കെ ഒരു നിമിഷം കൊണ്ട് ചിന്തിച്ചുകൂട്ടി.
പ്രിറ്റി എന്നായിരുന്നു ആ യുവകോമളന്റെ പേര്.
ഞാൻ ഉടനേ മറുപടി കൊടുത്തു
"ഹായ്.. "
സായിപ്പിന്റെ മറുപടി അതിലും വേഗത്തിൽ വന്നു. " ഹൗ ആർ യു "
"ഫൈൻ"
അങ്ങനെ ഇൻബോക്സ് ചാറ്റ് താത്പര്യമില്ലാത്ത ഞാൻ സായിപ്പിനെ കാര്യമായി പരിഗണിച്ചു.
അവധിക്ക് വന്ന പ്രവാസി ഭർത്താവിന് സായിപ്പിനെ കാണിച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി.
"എത്ര നാളായി എന്നെ ഗൾഫിൽ കൊണ്ടുപോകാൻ പറയുന്നു.ഇനി ചേട്ടൻ കൊണ്ടു പോകണ്ട. ഞാൻ സായിപ്പിന്റെ കൂടെ ലണ്ടനിൽ പോയ്ക്കോളാം"
"ചെല്ല്.. ചെല്ല്.. വേഗം പോകണേ .. എങ്ങനെ ശല്യം ഒഴിവാക്കുമെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. പാവം സായിപ്പ് .ഇനി അവൻ അനുഭവിക്കട്ടെ "
ചേട്ടൻ ഉദാരമായി അനുഭാവം പ്രകടിപ്പിച്ചു.
സായിപ്പ് ഇൻബോക്സിൽ
ഹായ് ബ്യൂട്ടീ
വാട്ട് എ ബ്യുട്ടിഫുൾ ഐസ് ..
സ്മൈൽ..
ലൗലി
സ്വീറ്റി
എന്നൊക്കെ പുകഴ്ത്താൻ തുടങ്ങി.
ഞാനത് ചേട്ടനെ കാണിച്ച് "കണ്ടോ ... സായിപ്പ് പറയുന്നത് കണ്ടോ '.. സ്വന്തം ഭാര്യയുടെ സൗന്ദര്യം ദർശിക്കാനറിയണം എന്നൊക്കെ പരിഹസിക്കാൻ തുടങ്ങി.
അപ്പോഴാണ് സായിപ്പ് അടുത്ത മെസേജ് അയച്ചത്
" എന്റെ തലമുടി അവർണനീയമായ വിധം മനോഹരമാണെന്ന് "
ഞാൻ അത് വായിച്ച് ചേട്ടനെ ഒന്നു നോക്കി.
ഇത് പറയാൻ ധൈര്യം പോരാ..
ഈ കേശഭാരം കണ്ട് അയാൾക്ക് ഇതു പറയാൻ എങ്ങനെ ധൈര്യം വന്നു.
സായിപ്പാണ് എന്ന് കരുതി ഇത്ര സെൻസില്ലാതെ വരുമോ...
പിന്നെ രണ്ടും കൽപ്പിച്ച് അതു കാണിച്ച് കൊടുത്തു.
വായിച്ചതും ചേട്ടൻ ബെഡിൽ വീണ് കിടന്ന് ചിരി തുടങ്ങി
"നീയൊന്ന് കണ്ണാടിയിൽ നോക്കിക്കേ "
എന്ന് പറഞ്ഞാണ് അട്ടഹാസം.
ഞാൻ കണ്ണാടി നോക്കി.
എനിക്ക് തന്നെ ദേഷ്യം വന്നു.
" വല്ലാതെ ചിരിക്കണ്ട.. നാല് വർഷം പിന്നാലെ നടന്ന കാലം മറന്നിട്ടില്ലല്ലോ" എന്ന് കോപിഷ്ഠയായി
ചേട്ടന് പാവം തോന്നി.
"നീ വിഷമിക്കണ്ടെടീ. സായിപ്പ് പറയുന്നതൊക്കെചിലപ്പോൾ ശരിയായിരിക്കും. അവർ ആഫ്രിക്കയിലെ പെണ്ണുങ്ങളെയൊക്കെ വി വാഹം കഴിക്കാറില്ലേ.. അവരുടെ നിറവും ചുണ്ടും മുടിയുമൊക്കെ ഇഷ്ടപ്പെട്ടിട്ടാണല്ലോ .. അതുപോലെ ആയിരിക്കും "
സ്വതവേ നിർത്ത മോന്തായം പരമാവധി വീർപ്പിച്ച് ഞാൻ പിണങ്ങി നടന്നു.
ഇടയ്ക്ക് ചെല്ലും
''ചേട്ടാ.. ഈ ചോദ്യത്തിന് എന്താ ആൻസർ കൊടുക്കുക "
അങ്ങേര് ടൈപ്പ് ചെയ്ത് തന്ന് സഹായിക്കും.
"എന്താ ഉദ്ദേശം " ഇടയ്ക്ക് ചേട്ടൻ ചോദിച്ചു.
"വെറുതേ.. സായിപ്പിന്റെ ഉദ്ദേശം എന്താണെന്ന് അറിയാലോ. പിന്നെ എനിക്ക് സായിപ്പിനോട് ഇംഗ്ലീഷ് പറയുന്നു എന്ന ആത്മ സംതൃപ്തി
അത്രേയുള്ളു.
പിന്നെ പറന്ന് പോകുന്ന കാക്കയെ ഏണി വെച്ച് പിടിക്കുന്ന എന്റെ പതിവ് സ്വഭാവവും.
എന്തായാലും സായിപ്പ് മാന്യമായാണ് പെരുമാറ്റം
എ സർട്ടിഫിക്കേറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നും തന്നെയില്ല.
ആകെയുള്ള ദു:സ്വഭാവം എന്നെ പരമാവധി പുകഴ്ത്തുകയാണ്.
ഇന്ത്യൻ പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ മകുടോദാഹരണമാണ് ഞാൻ എന്നു വരെ പറഞ്ഞു കളഞ്ഞു.
" ഞാൻ സ്നേഹിക്കുന്നു"
എന്ന് ഇടക്കിടെ എഴുതി സനേഹമല്ലേ.
അതു സാരമില്ല.
അങ്ങനെ സായിപ്പ് ആത്മകഥ വിവരണം തുടങ്ങി.
ലണ്ടനിൽ വൻ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് ഈ സായിപ്പ് .
ഓരോ സീസണിലുമായി മൂന്ന് കാമുകിമാരും ഉണ്ടായി.
പക്ഷെ സായിപ്പിന്റെ പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
അങ്ങനെ അവരെ എല്ലാം ആട്ടിയോടിച്ച് ആ വേദനിക്കുന്ന കോടീശ്വരൻ സായിപ്പ് തനിച്ച് കഴിഞ്ഞുകൂടുമ്പോഴാണ് മനോഹര മിഴികൾ ഉള്ള സൗന്ദര്യം ഒളിചിന്നുന്ന മുടിയിഴകളുള്ള ഈ സാക്ഷാൽ എന്നെ കണ്ടുമുട്ടാനിടയായത്.
പക്ഷേ എന്തു ചെയ്യാം ഞാൻ വിവാഹിതയായിപ്പോയി.
"എന്നാലും സാരമില്ല നല്ല കൂട്ടുകാരിയായി കരുതാമല്ലോ"
"തീർച്ചയായും " ഞാൻ പറഞ്ഞു.
സായിപ്പിനോട് സംസാരിക്കുമ്പോൾ എന്താണെന്നറിയില്ല ഞാൻ വാക്കുകൾ അധികം ചെലവാക്കാറില്ല.
'താങ്ക്സ് '
'സോറി,
' വൗ.
തുടങ്ങി മിതഭാഷിയായിരുന്നു. എപ്പോഴും.
മൗനം ആണല്ലോ വിദ്വാന് ഭൂഷണം
കുന്നുകൂടുന്ന ആ പണം കുറേ എനിക്ക് തരാമെന്ന് അയാൾ പറഞ്ഞു
ഞാൻ വിനയം കൊണ്ട് അയാളെ ഞെട്ടിച്ചു.
"നോ താങ്ക്സ് ''
എന്നെ നിർബന്ധിച്ചു.
ഞാൻ പണത്തിനോട് അലർജിയുള്ള മട്ടിൽ
"നോ താങ്ക്സ് " ആവർത്തിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ആ സുദിനം വന്നെത്തിയത്.
എന്റെ ഹാപ്പി ബർത്ഡേ
എന്താണെന്നറിയില്ല ഈ പ്രാവശ്യം എഫ്.ബി കൂട്ട കാർ എനിക്ക് ടൈം ലൈനിൽ ആശംസകളും കേക്കുകളും വാരി വിതറി.
കൂട്ടത്തിൽ സായിപ്പും ആശംസ അറിയിച്ചു.
ഇൻ ബോക്സിൽ വന്ന് പറഞ്ഞു
"എനിക്ക് ഗിഫ്റ്റ് തരണം .തന്നേ പറ്റൂ. അല്ലെങ്കിൽ ഞാൻ നല്ല സുഹൃത്തായിട്ട് എന്തു കാര്യം'
ആ ആത്മാർത്ഥത എന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചു
ഞാൻ അഡ്രസും നമ്പറും കൊടുത്തു.
(പറന്ന് പോകുന്ന കാക്ക )
.ഒരു ദിവസം ഓഫീസിലിരുന്ന് വാർത്ത ടൈപ്പ് ചെയ്യുമ്പോൾ ഒരു വിദേശ കോൾ...
ലീവ് കഴിഞ്ഞു പോയ ചേട്ടൻ ആണെന്ന് കരുതി എടുത്തപ്പോൾ ഹോളിവുഡ് സിനിമയിൽ മാത്രം കേട്ടിട്ടുള്ള ഇംഗ്ലീഷ് .
"ഹായ് ഷൈനി അയാം പ്രിറ്റി "
ബാക്കിയൊന്നും കേട്ടില്ല.
അല്ല കേട്ടു ...
പക്ഷേ കേട്ടിട്ട് എന്തു കാര്യം
എന്തായാലും ഗിഫ്റ്റ്... ഗിഫ്റ്റ് എന്നൊക്കെ മനസിലായി.
എന്തൊക്കെയോ പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
എനിക്ക് മുമ്പ് ലന്നി എന്ന് പേരുള്ള ഒരു ഇന്തോനേഷ്യക്കാരി ഫ്രണ്ട് ഉണ്ടായിരുന്നു.
ഞങ്ങൾ നല്ല കൂട്ടായിരുന്നു.
ലന്നിക്ക് ഏയ്ഞ്ചലിൻ എന്ന ഒരു സുന്ദരി മോളും ഉണ്ട്.
ക്രിസ്തുമസിന് ലന്നിയുടെ അഡ്രസ് വാങ്ങി ഞാനൊരു കാർഡ് അയച്ചു.
ഒരു മാസം കഴിഞ്ഞാണ് അതു ലന്നിക്ക് കിട്ടിയത്.
ലന്നി നന്ദി പ്രകാശിപ്പിച്ച് കാർഡ് ഫേസ് ബുക്കിൽ പ്രദർശിപ്പിച്ചു.
എനിക്കും ഒരു കാർഡ് അയച്ചുതരികയുണ്ടായി.
ഇവിടെയും ഞാൻ അത്രയേ വിചാരിച്ചുള്ളൂ.
പിറ്റേ ദിവസം പ്രസ് ക്ലബിൽ പത്ര സമ്മേളനം നടക്കുന്നതിനിടെ ഒരു കാൾ വന്നു.
കട്ട ഇംഗ്ലിഷ് .
പക്ഷെ ഇന്ത്യൻ ഇംഗ്ലീഷായതു കൊണ്ട് മനസിലാക്കാൻ ബുദ്ധിമുട്ടില്ല.
ഡൽഹിയിലെ കസ്റ്റംസ ഉദ്യോഗസ്ഥയാണ് വിളിച്ചത്.
എനിക്ക് ലണ്ടനിൽ നിന്ന് പ്രിറ്റി എന്നയാൾ അയച്ച ഒരു കൊറിയർ വന്ന് കിടപ്പുണ്ട്.
അത് ചെക്ക് ചെയ്തു.
ഡയമണ്ട് മാലകൾ
വളകൾ
സ്വർണാഭരണങ്ങൾ
മൂന്ന് ആപ്പിൾ ഐഫോൺ സ്.
രണ്ടു ആപ്പിൾ ലാപ്ടോപ്പ്
എന്നിവയാണ് ബോക്സിന്റെ ഉള്ളടക്കം
അത് ഇന്ന് വൈകിട്ട് 4ന് മുമ്പ് ഡൽഹി കസ്റ്റംസ ഓഫീസിൽ എത്തി കൈപ്പറ്റണം
എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി.
" കാൾ യൂ ലേറ്റർ ' എന്ന് പറഞ്ഞ് പ്രസ് മീറ്റിൽ കണ്ണുനട്ടിരുന്നു.
മുന്നിൽ പത്ര സമ്മേളനം നടത്തുന്നവരല്ല.
ഡയമണ്ടിന്റെ വജ്രശോഭ
ഗോൾഡിന്റെ കിലുകിലാരവം.
ആപ്പിൾസ് ...
'"എന്താടി മുഖം വല്ലാതിരിക്കുന്നത്‌ "
ദേശാഭിമാനിക്കാരി ഡസ്നി ചോദിച്ചു.
പിന്നെ പ്രജിത, ബിജു ചേട്ടൻ, കെ.സി.അരുൺ, ഭാസി തുടങ്ങി അനവധി നിരവധി പത്രപ്രതിനിധികളും വിവരമറിഞ്ഞു.
പ്രസ് ക്ലബിന്റെ പ്രവേശന പടിക്കെട്ടിൽ ഇരുന്ന് ഞങ്ങൾ ചർച്ച തുടങ്ങി.
ഡസ് നി 'കസ്റ്റംസിലേക്ക് ' വിളിച്ചു.
നേരത്തെ വിളിച്ച യുവതി കാര്യങ്ങൾ വിശദീകരിച്ചു.
നാലിന് സംഗതി കൈപ്പറ്റണം
ഇല്ലെങ്കിൽ തിരിച്ചയക്കും.
ഇപ്പോൾ തന്നെ ഒന്നര ആയി. ഇനി എപ്പോൾ ഡൽഹിയിൽ പോകാനാണ്.
അപ്പോൾ കസ്റ്റംസ്കാരി പോംവഴി നിർദ്ദേശിച്ചു.
18,000 രൂപ ഒരു അക്കൗണ്ടിൽ നിഷേപിച്ചാൽ എയർ കാർഗോ വഴി നെടുമ്പാശേരിയിലെത്തിച്ച് അവിടുന്ന് വീട്ടിൽ എത്തിച്ച തരാം.
ഒരു ഹിന്ദിക്കാരന്റെ പേരും അക്കൗണ്ട് നമ്പറും എത്തി. ഒരു മണിക്കൂറിനുള്ളിൽ കാശsക്കണം. എന്നാലേ ഗിഫ്റ്റ് കയറ്റി വിടാൻ പറ്റൂ.
"തട്ടിപ്പാണ് സംശയമില്ല" ഒരു വിഭാഗം
"അല്ല .. ഇത് അവളുടെ ഫ്രണ്ട് അയച്ചതല്ലേ .പതിനെട്ടായിരം പറ്റിച്ചിട്ട് സായിപ്പിന് എന്ത് കിട്ടാനാണു. നീ എന്തായാലും അടച്ചു നോക്ക്. ഗിഫ്റ്റ് വെറുതേ കളയണ്ട " മറുവിഭാഗം.
എനിക്ക് തല പുകഞ്ഞു.
എന്റെ അക്കൗണ്ടിൽ 12,000 ഉള്ളൂ. ബാക്കി ..?
എന്തായാലും ഓഫീസിൽ ചെന്നിട്ട് ആലോചിക്കാം.
ഞാൻ ഓടി ഒരു ഓട്ടോയിൽ കയറിപ്പോന്നു.
ആ ഓട്ടോ യിൽ വെച്ച് എനിക്ക് നല്ല ബുദ്ധി ഉദിച്ചു
ഫേസ് ബുക്കിൽ പ്രിറ്റി സായിപ്പ് ഗിഫ്റ്റ് കിട്ടിയോ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നു.
ഞാൻ സംഗതി ഒക്കെ ഒരു വിധം ധരിപ്പിച്ചു. എന്നിട്ട് പറഞ്ഞു.
" ഗിഫ്റ്റ് തത്ക്കാലം സായിപ്പ് തിരിച്ചെടുത്തോളൂ. അത് കൈപ്പറ്റാനുള്ള പണം തത്ക്കാലം എന്റെ കൈയ്യിലില്ല. അതും കൂടി ചേർത്ത് എനിക്ക് പിന്നീട് അയച്ചു തന്നാൽ മതി"
"അയ്യോ അരുത്. അത് നിഷേധിക്കരുത്. എന്റെ ഗിഫ്റ്റാണ്.വില പിടിച്ച ഗിഫ്റ്റ്. പ്ലീസ്. എന്റെ ഹൃദയം പൊട്ടുന്നു. അത് വാങ്ങൂ.. ഞാൻ അതിന്റെ ഉള്ളിൽ 75, ooo പൗണ്ട് ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. "
സായിപ്പ് കാലു പിടിച്ചു.
" ഇല്ല സായിപ്പേ ഇപ്പോ നോ..വേ.. " ഞാൻ തീർത്തു പറഞ്ഞു.
സായിപ്പ് വീണ്ടും വിളിച്ചു.
ഹോളിവുഡ് ഇംഗ്ലീഷിൽ എന്തൊക്യോ പറഞ്ഞു.
ഞാൻ 'നോ' പറഞ്ഞ് മടുത്തു.
സായിപ്പ് ആ ബോക്സ് ബലം പിടിച്ച് ഉയർത്തി നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടു തന്നു.
" ഇത്രയും വില പിടിച്ചതാണ്... വാങ്ങു.. വാങ്ങൂ എന്ന് കെഞ്ചി.
"ഞാൻ നോ ക്യാഷ് .. നോ മണി'യിൽ ഉറച്ചു നിന്നു.
"എന്റെ ഹൃദയം പൊട്ടുന്നു "
സായിപ്പ് പറഞ്ഞു.
പിന്നെ എന്റെ ഹൃദയം പൊട്ടാഞ്ഞിട്ടാണോ ..വെറുതെ ഇരുന്ന എനിക്ക് എന്തെല്ലാം നഷ്ടബോധങ്ങളാണ് അയാൾ ഉണ്ടാക്കി വെച്ചത്.
ഒന്നുമില്ലേലും ആ ആപ്പിൾ മൊബൈലും ലാപ്ടോപ്പും ... ദുഷ്ടാ.. അത് ഇവിടെ എത്താനുള്ള സർവീസ് ചാർജ് കൂടി താൻ അടയ്ക്കാഞ്ഞതെന്തേ ..
എന്തായാലും മോഹഭംഗങ്ങളുടെ ആ രാത്രി അവസാനിച്ചു.രാവിലെ ഫേസ്ബുക്കിൽ സായിപ്പിന് ഗുഡ് മോണിംഗ് എഴുതി സെൻഡ് ചെയ്തു.
ഇല്ല ...സെൻ ഡാകുന്നില്ല.
ഞാൻ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
ഞാനും ക്യാമറാമാൻ സൂരജും ആ ഫോട്ടോ ഗൂഗിൾ സെർച്ച് ചെയ്തു നോക്കി.
അപ്പോഴതാ വിലപിടിച്ച വസ്തുക്കൾ നിറഞ്ഞ കാർ ബോർഡ് ബോക്സുകൾ പൊക്കി പിടിച്ചു നിൽക്കുന്ന നൂറോളം സായിപ്പൻമാരുടെ ചിത്രങ്ങൾക്കൊപ്പം നമ്മുടെ പ്രിറ്റി സായിപ്പും ഒരു ബോക്സുമായി നിൽക്കുന്നു.
എൻ.ബി: പിറ്റേന്ന് എന്റെ ഓൾ എഡിഷൻ വാർത്ത: ഓൺലൈൻ തട്ടിപ്പുമായി വിദേശികൾ സജീവം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo