Slider

ഗുരുവായൂരിലെ അമ്മമാര്‍

0
Image may contain: one or more people and people sitting

ഗുരുവായൂര്‍ പ്രദക്ഷിണവഴിയില്‍ ഒരമ്മ കഥ പറയുന്നു. സംസ്കൃതശ്ലോകങ്ങളും കിളിപ്പാട്ടും പുസ്തകക്കെട്ടുകളുമില്ലാതെ
ഒരമ്മ കഥ പറയുന്നു. അനേകം അമ്മമാര്‍ വട്ടത്തിലിരുന്നു കഥകേള്‍ക്കുന്നു.
കണ്ണനാമുണ്ണിയുടെ കഥള്‍ പറയുമ്പോള്‍ കഥ പറയുന്ന അമ്മയ്ക്ക് ആയിരം നാവാണ്.കേള്‍ക്കുന്ന അമ്മമാര്‍ക്ക് ആയിരം കാതാണ്.
''മണ്ണു തിന്നതിനു ശാസിച്ചപ്പോള്‍ നമ്മളെ അവന്‍ വായ തുറന്നുകാട്ടി പേടിപ്പിച്ചു.. ഒരു കുഞ്ഞിന്റെ വായിലൊതുങ്ങാത്ത പ്രപഞ്ചമില്ലെന്നു കാട്ടിത്തന്ന് നമ്മെ വിസ്മയിപ്പിച്ചു..
'പാമ്പ്, പാമ്പ്' എന്നു നമ്മള്‍ പേടിപ്പിച്ചപ്പോള്‍ അതിന്റെ വിടര്‍ത്തിയ പത്തിക്കു മുകളില്‍ നൃത്തം ചെയ്തുകൊണ്ട് അവന്‍ നമ്മളെ അതിശയിപ്പിച്ചു..
മേച്ചിലിനിടയില്‍ കാണാതായ പെെക്കള്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്റെ ഓടക്കുഴല്‍ വിളികേട്ട് എവിടെനിന്നോ ഓടിയണഞ്ഞു..
അസുരരെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ അവന്റെ വേണുനാദം നമുക്കു താരാട്ടായി.
പേമാരിയും കൊടുങ്കറ്റും നമ്മളെ അനാധരാക്കിയ അന്നൊരു നാള്‍,തന്റെ ഉള്ളംകെകയ്യില്‍ പര്‍വ്വതം കുടയാക്കി പിടിച്ചുകൊണ്ട് അവന്‍ നമുക്ക് അഭയം തന്നു.
മുലപ്പാലില്‍ വിഷം കലര്‍ത്തി വീടായവീടൊക്കെ കയറിയിറങ്ങിയ പൂതനമാരെ അവന്‍ കടിച്ചുനോവിച്ചു കൊന്നു വീഴ്ത്തി.
തന്റെ നേരെ കുതിച്ചുവരുന്ന ഭീമാകാരമായ ശകടം അവന്‍ തന്റെ കുഞ്ഞിക്കാലുകൊണ്ടു ചവുട്ടി തെറിപ്പിച്ചു.
സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടാവുമെന്നു നമ്മള്‍ പറഞ്ഞപ്പോള്‍ കണ്ണുകള്‍ പൂട്ടിക്കൊണ്ട്, 'ദാ ഇരുട്ടായി . ചോറു തരൂ ' എന്നു കളിയാക്കി.
ഉറികളില്‍ നമ്മള്‍ സുക്ഷിച്ച തെെരും വെണ്ണയും ഉരലില്‍ കയറി നിന്ന് അവന്‍ കട്ടു തിന്നു. ശിക്ഷിക്കാനായി അവനെ ഉരലില്‍ കെട്ടിയിട്ടപ്പോള്‍ ഉരലും വലിച്ചുകൊണ്ടുകൊണ്ട് അവന്‍ വൃന്ദാവനം ഉഴുതു മറിച്ചു.
രാജനിയോഗപ്രകാരം അവന്‍ മഥുരയ്ക്കു പോയപ്പോള്‍ ശോകം അടക്കിപ്പിടിച്ച് അവന്റെ തിരിച്ചു വരവിന്റെ തേരുരുളൊച്ചയ്ക്കായി നമ്മള്‍ കാതോര്‍ത്തു കേണു.''
കഥ പറയുന്ന അമ്മയും , കഥ കേട്ടിരുന്നിരുന്ന അമ്മമാരും ഒരിക്കല്‍ ഒരു വൃന്ദാവനമായിരുന്ന അവരുടെ അമ്മമനസ്സില്‍നിന്നിറങ്ങിപ്പോയ ഉണ്ണികളെ ഓര്‍ത്തു. മണ്ണുവാരിക്കളിച്ചും വെണ്ണ കട്ടുതിന്നും കുഞ്ഞിവായില്‍ പ്രപഞ്ചവിസ്മയം ഒളിപ്പിച്ചും കാളീന്ദിയിലെ പാമ്പിനെ കുഞ്ഞിക്കാല്‍കൊണ്ടു തോണ്ടിയെറിഞ്ഞും വേണുനാദത്തിന്റെ മാസ്മരശക്തിയില്‍ ചരാചരങ്ങളെ ചുറ്റും നൃത്തം വെയ്പ്പിച്ചും കളിച്ച ഉണ്ണികളുടെ ഓര്‍മ്മ അവരെ നൊമ്പരപ്പെടുത്തി. പശുക്കളില്ലാത്ത തൊഴുത്തിലെ ചാണകപ്പൊട്ടുകള്‍ പോലെ പോലെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ പൊറ്റകെട്ടി .
പെപക്കളെ പോലെ ആഹ്ലാദംകൊണ്ടുതുള്ളിച്ചാടി നടന്ന അവരുടെ അമ്പാടിപെെക്കള്‍ പാല്‍ ചുരത്താനാവാതെ അകിടുകള്‍ നീര്‍ക്കെട്ടി വേപഥു പൂണ്ടു.
പുലരി പുലര്‍ന്നിട്ടും അവരുടെ ഹൃത്തില്‍ പൂക്കള്‍ വിരിഞ്ഞില്ല. ശലഭങ്ങള്‍ പറന്നയിടങ്ങളില്‍ കീടങ്ങളരിച്ചു. ഒഴുക്കു നിലച്ച കാളീന്ദി അഴുക്കുചാലായി ദുര്‍ഗന്ധം വമിച്ചു. ഉറികളില്‍ മാറാലകെട്ടി. ചെരിഞ്ഞു കിടന്ന പാല്‍ക്കുടങ്ങള്‍ക്കിടയില്‍ ചേരകള്‍ ഇഴഞ്ഞു.
എല്ലാ അമ്മമാരുടേയും ശോകം തന്നിലേയ്ക്കാവാഹിച്ച് കഥപറയുന്ന അമ്മ പെട്ടന്നു ജാഗരൂകയായി.
'' കണ്ണനുണ്ടല്ലോ നമ്മുടെ കൂടെ!. സാധുക്കള്‍ വലയുമ്പോള്‍ അവരെ രക്ഷിക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും ജനിക്കുമെന്നു പറഞ്ഞില്ലേ നമ്മുടെ പുന്നാര കണ്ണന്‍ ? ഉണ്ണികളില്ലാത്തവര്‍ക്കും ഉണ്ണികള്‍ വിട്ടുപോയവര്‍ക്കും ഉണ്ണിയായി അവന്‍ ദാ, ഇവിടെ, നമ്മുടെ ഹൃത്തില്‍ മണ്ണുവാരി കളിക്കുന്നു.നാം സാധുസ്ത്രീകളുടെ പരിത്രാണനത്തിനായി അവന്‍ ദാ വന്നിരിക്കുന്നു.''
അമ്മയ്ക്കൊപ്പം എല്ലാ അമ്മമാരും ഏറ്റുപാടി
'' ഉണ്ണികൃഷ്ണന്‍ മനസ്സില്‍കളിക്കുമ്പോ -
ളുണ്ണികള്‍ മറ്റു വേണമോ മക്കളായ് ''
ഒരു നിമിഷം പ്രദര്‍ശനവഴി അമ്പാടിയായി. അമ്മമാര്‍ ഗോപാംഗനകളായി. ക്ഷേത്രപരിസരത്ത് അലഞ്ഞു നടന്ന പെെക്കള്‍ കണ്ണന്റെ ഓടക്കുഴല്‍വിളി കേട്ടിട്ടെന്നപോലെ പാല്‍ചുരത്തി.

Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo