Slider

വിവാഹ സമ്മാനം

0
Image may contain: 1 person, closeup

നാളെ ഒന്നാം വിവാഹ വാർഷികമാണ്. കാന്തന് എന്തു സമ്മാനമാണ് കൊടുക്കേണ്ടത് എന്നുള്ള ചിന്തയിലാണ് സോഫി.
അരുണിന്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമല്ല. പത്രം വായിക്കുകയാണെങ്കിലും സോഫിക്ക്
അനുയോജ്യമായ സമ്മാനം എന്താണ് കൊടുക്കേണ്ടത് എന്നുള്ള ചിന്തയിലാണ് അരുണും .
അരുണിന് , വാച്ച് മേടിക്കണോ, അതോ ഷർട്ട് മേടിക്കണോ , അതോ പുസതകപ്പുഴു എന്ന നിലയ്ക്ക് സമ്മാനമായി പുസ്തകം മേടിക്കണോ.
സോഫി ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൂട്ടുകയും, തന്റെ ബാഗിൽ നിന്നും പേഴ്സെടു ത്ത്, അത് തുറന്നു നോക്കി സമ്മാനം വാങ്ങുവാനുള്ള തുകയുണ്ടോ എന്ന് പരിശോധിക്കുകയും, പിന്നെ നെടുവീർപ്പെടുകയും ആണ്.
മന:കണക്കും കൂട്ടി , എന്നിട്ടും തൃപ്തി പോരാതെ വായുവിൽ എന്തൊക്കെയോ എഴുതുകയും, മായിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം അരുൺ ശ്രദ്ധിക്കുന്നുണ്ട് . ഒരു വേള അരുൺ ചോദിച്ചു,
എന്താടീ... കുറെ നേരമായല്ലോ വായുവിൽ എഴുതുന്നത്.?
ഓ... ഒന്നുമില്ല .
എന്നാൽ എനിക്ക് കഴിക്കാനെന്തെങ്കിലും വിളമ്പ് ... ഓഫീസിൽ പോകാൻ നേരമായി .
ദാ .... ഇപ്പോൾ വിളമ്പാം... ചേട്ടൻ റെഡിയായി വാ.. അതും പറഞ്ഞ് വേഗം പെഴ്സ് ബാഗിൽ വച്ചിട്ട് , പിന്നേയും ആലോചിച്ചു കൊണ്ട് , എന്തൊക്കെയോ വായുവിൽ എഴുതി കൊണ്ട് സോഫി അടുക്കളയിലേക്ക് പോയി.
അരുൺ വേഷം മാറി വന്നപ്പോഴേക്കും സോഫി പ്രാതലിന് കഴിക്കാനുള്ളത് , മേശപ്പുറത്ത് വിളമ്പി വച്ചിട്ടുണ്ടായിരുന്നു. അവർ രണ്ടു പേരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ , സോഫി അരുണിനോട് ചോദിച്ചു;
അതെയ്..ചേട്ടാ.. ചേട്ടന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സാധനം ഏതാ...? ഒരു നിമിഷം അവൾ ആലോചിട്ട് തുടർന്നു , ചിലവ് കുറഞ്ഞത് , അതായത് വലിയ ....
മതി.... മതി... നിർത്ത്. എന്താ കാര്യം...?
ഏയ് ഒന്നൂല്ല്യ... ഞാൻ ചുമ്മാ ചോദിച്ചതല്ലേ ...
എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല. അതു പറഞ്ഞു കൊണ്ട് അരുൺ കൈകഴുകാൻ പോയി.
അതിനു ശേഷം പറഞ്ഞു,
"സോഫീ... , ഞാൻ ആഫീസിലേക്ക് പോകുകയാണ്. വീട്ടിലേക്ക് വല്ല സാധനങ്ങളും വാങ്ങുവാനുണ്ടെങ്കിൽ നീ വാങ്ങിക്കോളൂ... സാധിച്ചില്ലെങ്കിൽ , എന്താണ് വാങ്ങേണ്ടത് എന്നതിന്റെ ലിസ്റ്റ് എനിക്ക് വാട്സ്ആപ്പിൽ അയച്ചു തന്നാൽ മതി, കേട്ടോ. അപ്പോൾ ശരി.. എന്നും പറഞ്ഞു കൊണ്ട്, അരുൺ ബൈക്കെടുത്ത് പോയി.
ഹും... ചേട്ടന്റെ ഒരു കാര്യം. അതും പറഞ്ഞവൾ ചിന്തകളിലേയ്ക്ക് മുഴുകി. ഇനീ ഇപ്പോ എന്താ ..ചേട്ടന് വാങ്ങിക്കൊടുക്കുക.
ശ്ശൊ ! അതൊരു വല്യ തലവേദനയായല്ലോ. ഇങ്ങനെ തല പുകയ്ക്കുന്നതിനിടയിൽ പെട്ടെന്ന് തന്നെ എന്താണ് വാങ്ങേണ്ടതെന്നുള്ള കാര്യത്തിൽ അവളുടെ മനസ്സിൽ കത്തി.
വാച്ച്. .. അത് മേടിക്കാം. ചേട്ടന്റെ കൈയ്യിൽ അതില്ല. സമയം നോക്കുന്നത് ഫോണിലാണ്. അത് മേടിക്കാനുള്ള പൈസ ഏതായാലും പേഴ്സിൽ ഉണ്ട്.
പിന്നെ അവൾ വേഗം ഭക്ഷണം കഴിച്ചെഴുന്നേറ്റ് , പാത്രങ്ങളെല്ലാം കഴുകി വച്ചു.
പെട്ടെന്ന് തന്നെ റെഡിയായി ,അവൾ വീട് പൂട്ടി, സ്കൂട്ടെറെടുത്ത്, അവളുടെ ഓഫീസിൽ പോയി. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്, കൂട്ടുകാരിയേയും കൂട്ടി വാച്ച് കടയിൽ പോയി നല്ലൊരു 'ടൈറ്റൻ ' വാച്ച് തന്നെ വാങ്ങി ഭംഗിയായി പൊതിഞ്ഞെടുപ്പിച്ചു. തിരിച്ച് ഓഫീസിലേക്ക് വരുന്ന വഴിക്ക് വീട്ടിലേക്കുള്ള അത്യാവശ്യം പച്ചക്കറികൾ വാങ്ങിച്ചു.
എന്നിട്ട് എത്രയും വേഗം വൈകുന്നേരമാവാൻ അവൾ കാത്തിരുന്നു.
വൈകുന്നേരം ആയപ്പോൾ സമ്മാനപ്പൊതി ഭദ്രമായി എടുത്തു , പൊതിഞ്ഞെടുത്ത പേപ്പറിനു പോലും ചുളിവ് വരാതെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചിട്ട്, അരുൺ വീടെത്തുന്നതിനു മുമ്പ് , വേഗം വീട്ടിലെത്തണം എന്ന ലക്ഷ്യത്തോടെ സ്കൂട്ടർ പായിച്ചു.
വീട്ടിലെത്തിയ പാടെ, സമ്മാനപ്പൊതി എടുത്ത് അലമാരയിൽ ഭദ്രമായി എടുത്തു വച്ചു.
അരുണിന് കുടിക്കാനുള്ള ചായ തയ്യാറാക്കി വച്ചപ്പോഴേക്കും അരുൺ വന്നു.
വീട്ടിനകത്തേയ്ക്ക് കയറി വന്ന അരുണിന്റെ കൈയ്യിൽ ഏതോ ജ്വല്ലറിയുടെ ചെറിയ കവർ സോഫി കണ്ടു.
അരുൺ സോഫിയോട്, ആ ... നീ ചായ എടുത്തു വയ്ക്ക് . ഞാൻ അപ്പോഴേക്കും
ഈ വേഷമൊന്നു മാറ്റട്ടെ.
ആ... ശരി ചേട്ടാ.. ചായ ശരിയാക്കിയിട്ടുണ്ട്. ഗ്ലാസ്സിൽ പകർത്തുകയേ വേണ്ടൂ... എന്നും പറഞ്ഞു സോഫി അടുക്കളയിലേക്ക് പോയി. സോഫിയുടെ മനസ്സു മുഴുവനും ആ ജ്വല്ലറിക്കവറായിരുന്നു. എന്തായിരിക്കും അതിനുള്ളിൽ, ഒരു സ്വർണ്ണ നെക്ലസ്, അല്ലെങ്കിൽ മോതിരം, ഇനി ഡയമണ്ടിന്റെ വല്ലതുമായിരിക്കുമോ ? എന്തായാലും സാരി അല്ല., കവർ ചെറുതാണല്ലോ...
ചായ എന്തിയേടീ...?
ഇതാ .. ചായ എന്നു പറഞ്ഞ് ചായക്കപ്പ് അരുണിന് നേരെ നീട്ടി. അരുൺ അതു വാങ്ങിച്ച് ടി വി ഓൺ ചെയ്തു. അപ്പോഴേക്കും സോഫി ചായയുമെടുത്ത് അരുണിന്റെ അടുത്തിരുന്ന് , രണ്ടു പേരും വിശേഷങ്ങൾ പറയാൻ തുടങ്ങി.
രാത്രിയായപ്പോൾ രണ്ടാളും അത്താഴം കഴിച്ചു കിടന്നു. കിടന്നപാടെ അരുൺ ഉറങ്ങിപ്പോയി. ഉറക്കം വരാതെ സോഫി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ മനസ്സിൽ ജ്വല്ലറിക്കവർ ആയിരുന്നല്ലോ . ആലോചിച്ചാലോചിച്ചു പിന്നീടെപ്പോഴോ അവൾ ഉറങ്ങിപ്പോയി.
പിറ്റേന്ന്, അരുൺ , ഉറങ്ങിക്കിടക്കുന്ന അവളെ ചേർത്തു പിടിച്ച് , അവളുടെ കാതിൽ 'ഹാപ്പി ആനിവേഴ്സറി' എന്നു ആശംസിച്ചു. അവൾ തിരിഞ്ഞു കിടന്ന് അരുണിനോടും 'ഹാപ്പി ആനിവേഴ്സറി' എന്നു തിരിച്ചു പറഞ്ഞു.
പെട്ടെന്ന് തന്നെ അവൾ എഴുന്നേറ്റ് , അലമാര തുറന്ന് , സമ്മാനപ്പൊതി എടുത്ത് അരുണിന് നേരെ നീട്ടി. അരുൺ അത് അഴിച്ചു , വാച്ച് എടുത്തു നോക്കി.
അവന്റെ മുഖത്തെ ഭാവപ്രകടനങ്ങൾ നിരീക്ഷിക്കുകയാണ് സോഫി.
എങ്ങനെയുണ്ട്, ഇഷ്ടപ്പെട്ടോ ..? എന്ന സോഫിയുടെ ചോദ്യത്തിന് മറുപടിയായി 'ഉം.. തരക്കേടില്ല' എന്ന് അരുൺ പറഞ്ഞു.
പിന്നീട് അരുൺ ആ ജ്വല്ലറിക്കവർ എടുത്തു, സോഫിയുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു, നിനക്ക് യോജിച്ച ഒരു സമ്മാനമാണ് ഇത്. ആകാംക്ഷയോടെ അവൾ ആ കവറിൽ നിന്നും , മനോഹരമായി പൊതിഞ്ഞ ചെറിയ ബോക്സ് എടുത്തു. അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. അത് തുറന്നു നോക്കിയപ്പോൾ സോഫി ഞെട്ടിപ്പോയി,
അത് ഒരു 'കാൽക്കുലേറ്റർ ' ആയിരുന്നു.
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo