Slider

നീതിപീഠമേ വിധിക്കുക. - സജി വർഗീസ്

0

സ്നേഹം ചുരത്താനൊരു തുള്ളിയില്ല;
വറ്റിവരണ്ടു ചുക്കിച്ചുളിഞ്ഞു വിണ്ടുകീറിക്കരയുന്നു.
യൗവനത്തിലെന്നെ കശക്കിയെറിഞ്ഞു,
യന്ത്രക്കൈകളെന്റെ മാറുപറിച്ചെറിഞ്ഞാക്കുഴിയിൽ നാട്ടുന്നു കോൺക്രീറ്റ് കാലുകൾ!
നയനങ്ങൾ നിറയുവാനൊന്നുമില്ല;
എന്റെ അക്ഷിഞെരമ്പുകൾ വെട്ടിമുറിച്ചെറിഞ്ഞു
മാന്തിപ്പറിച്ചെന്റെ രക്തം കുടിച്ചു തടിച്ചു വീർത്തകുമ്പയുമായ്ചീറിപ്പായുന്ന മുതലാളിയുടെ ഭാരവുമെന്റെ മാറിൽ ഞാൻ താങ്ങിടുന്നു;
കുയിലിന്റെ നാദമില്ല;
കുരുവിയുടെ കൂടണയലില്ല;
തുമ്പിയുടെ കുണുങ്ങിപ്പാറലില്ല;
താരാട്ടുപാട്ടുകേൾക്കാത്ത കുഞ്ഞിന്റെ വിതുമ്പിക്കരച്ചിലെന്റെ കാതുകളിൽ മുഴങ്ങുന്നു;
മരണത്തിന്നാർത്തനാദമെന്നെ ഉന്മാദമാക്കുന്നു.
പച്ചനോട്ടുകൾ കാഴ്ചമറച്ചപ്പോഴെന്റെ
മാനം പറിച്ചെറിയുവാനൊരായിരം കോടാലിക്കൈകൾ മിനുക്കിയെടുത്ത രാഷ്ട്രീയവേതാളങ്ങൾ!
നന്മവറ്റിവരണ്ട പിശാചുകളെന്റെ മാറിലൊഴുക്കീടുന്ന ചോരയെന്റെ ദാഹമകറ്റിടുന്നു.
ഒഴുക്കുന്നു കോടികൾ
പുതിയൊരു ഭൂമിക്കായ്,
ഹരിതഭൂമിക്കായൊഴുക്കിയ കോടികൾ കൊണ്ടുകെട്ടിയുയർത്തുന്ന സൗധങ്ങളെന്റെ നാഭിച്ചുഴിയിലസ്ഥിവാരം തീർക്കുന്നു.
മാറുപോയി തേങ്ങിക്കരയുന്നവളുടെ കാലു വലിച്ചുകീറിയെറിഞ്ഞട്ടഹസിച്ചു പോയ്മറിയുന്നവനെക്കാണാനോടുന്നു ചിലർ;
പൃഥിയുടെ മാനം കവർന്നെടുക്കാനോടിയവന്റെ ബീജത്തിൽ നിന്നുത്ഭവിച്ചവന്റെ കരിങ്കൽ ഹൃദയത്തെയലിക്കുവാൻ കഴിയില്ല മകളേ നിന്റെ തേങ്ങിക്കരച്ചിൽ,
നിന്റെ നിസ്സഹായതയുടെ കൈകൂപ്പൽ,
നിന്റെ കണ്ണുകളിൽനിന്നുതിരുന്ന കണ്ണുനീർത്തുള്ളികൾ നക്കിത്തുടച്ചവനൊരു പിശാചായ് മേഞ്ഞു നടക്കും;
ജീവശ്വാസം നിലനിർത്തുവാൻ കണ്ണുകൾ ഇറുക്കിയടച്ചു കിടക്കുക മകളേ..
കണ്ണുകളടച്ചു കിടക്കുക;
ശേഷമാവേശം തണുത്തു മയങ്ങുന്നവന്റെ യിടനെഞ്ചിലാഴത്തിലമർത്തിയകഠാരയീ ഭൂമിദേവിയുടെ നെഞ്ചകത്തോട് ഞാൻ ചേർത്തുനിർത്താം.
നീതിപീഠമേ വിധിക്കുക!
നിന്റെ വിധിക്കായ് ഞാൻ കാതോർത്തു കിടക്കുന്നന്ത്യശ്വാസത്തിനായ്.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo