Download Nallezhuth Android App to read all LongStories
വളരെ നല്ല ഒരുകൂട്ടം ആസ്വാദകരായ വായനക്കാരെ കാണുവാൻ കഴിഞ്ഞു. വളരെ സന്തോഷം ഒപ്പം നന്ദിയും അറിയിക്കട്ടെ... വാസന്തിയുടെ ബാക്കി ജീവിതത്തിലേക്ക് പ്രിയ വായനക്കാരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു... നന്ദി!
.........................................................
.........................................................
ജീവിതം ഒന്നേയുള്ളൂ....
അത് ഈ ഭൂമിയിൽ തന്നെ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു.....
അത് ഈ ഭൂമിയിൽ തന്നെ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു.....
അതിനപ്പുറം ഒരു ജീവിതം.....
ഈ ജീവിതം കരഞ്ഞു തീർക്കുവാനുള്ളതല്ല..
തനിക്ക് ഒരു മോനുണ്ട്...
അവനെ നോക്കേണ്ടെ.... താൻ അല്ലാതെ മറ്റാരാണ് അവനുള്ളത്....
രവിയേട്ടൻ വരും....
ഈശ്വരൻ തങ്ങളെ കൈവിടില്ല....
ഇനിയുള്ള ജീവിതം മോനുവേണ്ടിയാവട്ടെ...
അവൾ തീരുമാനിച്ചു. ..
വീണ്ടും വാസന്തി സിമന്റ് ചട്ടിയുമായി പണിക്കിറങ്ങി.....
സതീഷ് സ്കൂളിൽ നിന്നും തിരുച്ചു വരുന്ന സമയത്ത് അവനെ ശ്രദ്ധിക്കാൻ വാസന്തി അമ്മയോട് പറഞ്ഞു....കൂടെ അടുത്ത വീട്ടിലും പറഞ്ഞേല്പിച്ചു....
വീണ്ടും ഒരു പോരാട്ടം....
ഒരു പെണ്ണിന്റെ ജീവിക്കാനുളള പോരാട്ടം...
കൂടുതൽ വേതനം കിട്ടുന്നതിനായി അവൾ കരിങ്കല്ല് ചുമക്കുന്നതിനും പോകുവാൻ തുടങ്ങി...
അവളുടെ ഓരോ കാൽ വെപ്പുകളും ശക്തമായ തീരുമാനങ്ങളോടെ ആയിരുന്നു. ..
മനസ്സിൽ എരിയുന്ന കനൽ മറ്റാരും കാണാതെ അവളുടെ വിയർപ്പ് തൂള്ളികളോടൊപ്പം ഉരുകിയൊലിച്ചു....
മോനെ പഠിപ്പിച്ചു നല്ല നിലയിലാക്കുക....
കുടാതെ ഇനിയും വിവാഹിതരാകാത്ത രണ്ടു സഹോദരിമാരെ മറ്റൊരാളുടെ ശക്തമായ കരങ്ങളിൽ ഏല്പിക്കുക...
കഠിനാദ്ധ്വാനത്തിലൂടെ അല്പം വൈകിയാണെങ്കിലും അവരുടെ വിവാഹം കഴിഞ്ഞു.....
അവസാനം വാസന്തിയും അമ്മയും സതീഷും മാത്രമായി ആ വീട്ടിൽ.....
അമിതമായ അധ്വാനത്താൽ വാസന്തി വല്ലാതെ ക്ഷീണിതയായി കാണപ്പെട്ടു...
എങ്കിലും മനസ്സിലെ വിഷമം മറ്റുള്ളവരെ കാണിച്ച് അവരുടെ കപട സഹതാപം പിടിച്ചു പറ്റുവാൻ അവൾ ആഗ്രഹിച്ചില്ല....
എല്ലാവരോടും ചിരിച്ചു സ്നേഹത്തോടെ പെരുമാറി. ...
പരിചയമില്ലാത്ത ആരെങ്കിലും രവിയെക്കുറിച്ച് ചോദിച്ചാൽ അവൾ പറയും... രവി പേർഷ്യയിൽ ആണെന്നും.. ശമ്പളം വളരെ കുറവാണെന്നും....
കടലിനുള്ളിൽ എവിടെയോ ആണ് പണി.. അതിനാൽ പുറത്ത് വരുന്നത് വല്ലപ്പോഴും ആയിരിക്കും. ... അതുകൊണ്ടാണ് കത്തയക്കാത്തത്.... എന്നും....
അത് അവൾ സ്വയം കണ്ടുപിടിച്ച ഒരു രക്ഷ ആയിരുന്നു....
ഭർത്താവില്ലാത്ത ഒരു യുവതിയുടെ രക്ഷക്കായി അവൾ കണ്ടെടുത്ത മാർഗ്ഗം...
അവളുടെ സഹോദരങ്ങളും ബന്ധുക്കളുംമറ്റൊരു വിവാഹത്തിനായി അവളെ നിർബന്ധിച്ചു.
പക്ഷേ അവളുടെ മറുപടി ഇതായിരുന്നു.....
'എന്റെ രവിയേട്ടൻ എന്നെങ്കിലും തിരിച്ചു വരും... രവിയേട്ടൻ എന്റെ ഭർത്താവ് മാത്രമല്ല എന്റെ മോന്റെ അച്ഛനുംകൂടി ആണ്....
ഇനി അഥവാ വന്നില്ലെങ്കിലും എനിക്ക് ഇനി ഒരു വിവാഹം വേണ്ട.... ഒരു ആണിനോടൊത്തുള്ള ജീവിതം എന്താണെന്ന് ഞാൻ അറിഞ്ഞു കഴിഞ്ഞു.... അതിൽ കൂടുതൽ ഒന്നും തരാൻ മറ്റൊരാൾക്ക് കഴിയില്ല എന്ന് എനിക്കു നല്ല ഉറപ്പുണ്ട്....
ഇനി വേറൊരാൾ വന്നാൽ എനിക്ക് ഒരു ഭർത്താവിനെ കിട്ടും.... പക്ഷേ എന്റെ മോന് ഒരച്ഛനെ കിട്ടും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ.....? അതുകൊണ്ട് ആരും ഇനി അക്കാര്യം എന്നോടു പറയേണ്ട. ..'
ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും തലയിൽ ഏറ്റിയതാണ് ആ പാവം സ്ത്രീ....അതും തന്റെ കളിച്ചു നടക്കേണ്ട പ്രായത്തിൽ....
അതിനാൽ തന്നെ ആ ബഹുമാനം എല്ലാവരും അവൾക്ക് നല്കിയിരുന്നു..
പിന്നീട് ആരും ഒന്നും പറഞ്ഞില്ല....
വാസന്തിയെ തൽക്കാലം നമുക്ക് അവിടെ ഇരുത്താം.... വാസന്തി കുറച്ചു വിശ്രമിക്കട്ടെ...
നമുക്ക് ഇനി സതീഷിലേക്ക് ഒന്നു എത്തിനോക്കാം....
.........................................................
.........................................................
വർഷങ്ങൾ കൊഴിഞ്ഞു വീണു....
സതീഷ് വളർന്നു വലുതായി.....
പക്ഷേ വാസന്തിയുടെ പ്രതീക്ഷക്കൊത്ത് അവൻ വളർന്നില്ല....
പത്താം ക്ലാസ്സോടെ അവൻ പഠനം നിർത്തി...
എന്തെങ്കിലും ജോലിക്ക് പോകണം എന്നതായിരുന്നു അവന്റെ ആഗ്രഹം. ...
അങ്ങനെ അവൻ നേടിയെടുത്തത് ഒരു പ്രൈവറ്റ് ബസ്സിലെ "കിളി" യുടെ ജോലി ആയിരുന്നു...
കാണാൻ ഒരല്പം കാർമേഘ വർണ്ണനായിരുന്നെങ്കിലും നല്ല ഐശ്വര്യമുള്ള മുഖശ്രീയും ആരേയും ആകർഷിക്കുന്ന പെരുമാറ്റവും അവന് മാത്രം സ്വന്തമായി ഉണ്ടായിരുന്നു. ..
അതുകൊണ്ടുതന്നെ സുന്ദരിമാരായ പല സ്കൂൾ കോളേജ് വിദ്യാർത്ഥിനികളും ജോലിക്കാരായ ചില യുവതികളും അവന്റെ ബസ്സിലെ സ്ഥിരം യാത്രക്കാരായി....
മുതലാളിയുടെ പ്രീതി പാത്രമായതിനാൽ അധികം വൈകാതെ കണ്ടക്ടർ ലൈസൻസ് എടുക്കുകയും "കിളി" കണ്ടക്ടർ ആയി മാറുകയും ചെയ്തു. ...
ഓരോ ദിവസവും കിട്ടുന്ന വരുമാനം കൃത്യമായി മുതലാളിയെ ഏല്പിച്ച് സത്യസന്ധനായ പണിക്കാരൻ എന്ന ബഹുമതി അവൻ നേടി....
ആ വിശ്വാസം ഒരിക്കലും കളഞ്ഞു കുളിക്കാൻ അവൻ തയ്യാറായില്ല. ...
പിന്നീട് വാസന്തിയുടെ അമ്മ മരിച്ചു....
അവർ താമസിച്ചിരുന്ന കൊച്ചു വീടും സ്ഥലവും എല്ലാവരും ചേർന്ന് വാസന്തിയുടെയും സതീഷിന്റേയും പേരിൽ തീറെഴുതിക്കൊടുത്തു....
അപ്പോഴും വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത് അവൾ ആയിരുന്നു. ...
ജീവിതത്തിലെ പ്രതീക്ഷകൾ അസ്തമിക്കുന്നു എന്ന് തോന്നിയ ഏതോ ഒരു ദുർദിനത്തിൽ മനസ്സ് എത്തുന്നിടത്ത് ശരീരം എത്താതെ ഇടറുന്ന പാദങ്ങളാൽ ഒരു വലിയ വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് വാസന്തി കാലിടറി താഴേക്ക് വീണു. ...
ഈശ്വരാധീനം ഒന്നു കൊണ്ടു മാത്രം മരണം സംഭവിക്കാതെ കഴുത്തിനു മാത്രം ക്ഷതമേറ്റ് വാസന്തി കിടപ്പിലായി....
പലരുടെയും സഹായത്തോടെ ജോലിസ്ഥലത്തെ മുതലാളിയുടേയും തൊഴിലാളികളുടേയും ബന്ധുക്കളുടേയും സാമ്പത്തിക സഹായത്താൽ ഒന്നര വർഷത്തിനു ശേഷം വാസന്തി പൂർണ്ണമായും ആരോഗ്യവതിയായി.....
അപ്പോഴേക്കും സതീഷ് വിവാഹപ്രായം എത്തിയിരുന്നു....
പീന്നീട് മകന്റെ വിവാഹം ആയിരുന്നു വാസന്തിയുടെ ചിന്തകളിൽ നിറഞ്ഞു നിന്നത്...
പക്ഷേ അമ്മ എന്ത് പറഞ്ഞാലും കുറച്ചു കൂടി കഴിയട്ടെ എന്ന് അവൻ പറയും...
വീട് ഒന്നു നന്നാക്കണം..
എന്നിട്ടു മതി....
അതായിരുന്നു മറുപടി...
പക്ഷേ....
ഇനി ആര്....
അവൻ തന്നെ വേണ്ടെ എല്ലാം ചെയ്യുവാൻ....
വാസന്തിക്കാണെങ്കിൽ വരമാനമില്ല....
കാണുന്നവരോടൊക്കെ അവൾ ഈ സങ്കടം പറഞ്ഞു....
മോന്റെ വിവാഹം കഴിഞ്ഞു കാണാൻ ഒരമ്മ ആഗ്രഹിക്കുന്നത് തെറ്റാണോ...
പലതും പറഞ്ഞു നോക്കി മോൻ വഴങ്ങാതായപ്പോൾ അവസാനത്തെ അടവായി മുറ്റത്തെ കിണറ്റിൽ ചാടാൻ വരെ ശ്രമിച്ചു ആ പാവം.....
അങ്ങനെ അവസാനം സതീഷ് വിവാഹത്തിനു സമ്മതം മൂളി....
പല ആലോചനകളിൽ നിന്നും ഒരെണ്ണം ഏകദേശം ഉറപ്പിച്ചു...
ഭാവി വധു സതീഷിന്റെ ബസ്സിലെ യാത്രക്കാരി തന്നെ ആയിരുന്നു. ..
എല്ലാം ഉറപ്പിച്ചു അവർ പരസ്പരം പ്രേമലോലുപരായി ചില പകലുകളിൽ ഒരുമിച്ചു സ്വപ്നങ്ങൾ പങ്കുവെച്ചു എങ്കിലും എന്തുകൊണ്ടോ ആ വിവാഹം നടന്നില്ല...
പെൺകുട്ടിയുടെ അച്ഛൻ വിദേശത്തായിരുന്നു...
അയാൾ നാട്ടിൽ വന്നു സതീഷിന്റെ വീട്ടിൽ വന്നു കണ്ടു വീട് ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ ആ വിവാഹം നടക്കാതെപോയി.....
പക്ഷേ അതിൽ ഏറ്റവും വിഷമിച്ചത് വാസന്തി ആയിരുന്നു...
അവളുടെ പ്രതീക്ഷകൾ തകർത്തതിൽ വല്ലാത്ത മനോവിഷമം അവൾക്കുണ്ടായി..
പക്ഷേ സതീഷ് നേരെ മറിച്ച് ആയിരുന്നു...
ഒന്നു പോയാൽ മറ്റൊന്ന്...
അതായിരുന്നു അവന്റെ പ്രകൃതം....
അങ്ങനെയാണ് കൊടുങ്ങല്ലൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിക്കാരിയായ പത്തൊൻപതുകാരി അവന്റെ കാമുകിയായി മാറി....
തൽക്കാലം നമുക്ക് ആ കുട്ടിയെ പല്ലവി എന്ന് വിളിക്കാം. ..
സുന്ദരിയായ പെൺകുട്ടി....
ന്യൂ ജനറേഷൻ കാലമല്ലെ....
പലപ്പോഴും അവർ കണ്ടുമുട്ടി....
പലയിടത്തും....
പരസ്പരം വേർപിരിയാനാവാത്ത പ്രണയം...
പല്ലവി ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടി ആയിരുന്നു. .
അച്ഛൻ മരിച്ചു പോയി. ..
പിന്നെ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ. ..
വിവാഹാലോചനക്കായി സതീഷ് തന്റെ സുഹൃത്തുക്കളുമായി പല്ലവിയുടെ വീട്ടിൽ പോയി...
അവരുടെ ബന്ധുക്കൾ ചിലർ സതീഷിന്റെ വീട്ടിൽ വന്നു. ..
നിർഭാഗ്യവശാൽ സതീഷിന്റെ വീടും പ്രായക്കൂടുതലും വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിന്തിരിയാൻ കാരണമാക്കി....
പല്ലവിയെ വിലക്കുകയും ചെയ്തു...
പക്ഷേ പ്രേമത്തിന് കണ്ണില്ലല്ലോ...
സതീഷിനെ മാത്രം മതി എന്ന് പറഞ്ഞു പല്ലവി വീട്ടുകാരെ എതിർത്തു...
അങ്ങനെ ഒരു ദിവസം....
ഈ വർത്തമാന കാലത്തിൽ..... കഥാനായിക വാസന്തിയെ കഥാകൃത്ത് കണ്ടുമുട്ടുന്നു.....
'ആ.... എന്ത് പറയണ് ചേച്ചി.... സുഖമല്ലേ...?'
വാസന്തി ചിരിച്ചുകൊണ്ട്....
'ഇതാരാ.... നാട്ടിൽ ഒക്കെ ഇണ്ടാ...'
'പിന്നെ ഇല്ലാതെ.... എന്തൊക്കെയാ വിശേഷം....?'
'എന്ത് മോനെ... ഇങ്ങനെ പോണൂ...'
'സതീഷ് എവിടെയാണ്. .. ബസ്സിൽ തന്നെ അല്ലേ ഇപ്പോഴും...?'
'ഉം.... അതെ.....'
'വീട് പണി എന്തെങ്കിലും ആയോ....?
'ആ.... ഇപ്പോൾ പണി നടക്കണുണ്ട്...'
'ആദ്യത്തെ വീട് പൊളിച്ചോ... അതോ അത് വലുതാക്കി മുറി കൂട്ടി എടുത്തോ...?'
'ഏയ്... ആ വീട് തന്നെ.... അതൊന്നു വലുതാക്കി ഒരു മുറി എടുക്കാൻ പറഞ്ഞാ അവൻ പറയും കാശില്ല എന്ന്...'
'ആ... സാരമില്ല... അതൊക്കെ പിന്നീട് ആവാമല്ലോ.... തൽക്കാലം അതൊന്നു വൃത്തിയായി കിടക്കട്ടെ...'
'അതെ.... ഞാൻ പോട്ടെ മോനെ... റേഷൻ പീടികയിൽ ഒന്നു പോണം....'
'ശരി...'
.........................................
.........................................
രണ്ടാഴ്ചകൾക്കു ശേഷം......
'നീ അറിഞ്ഞില്ലേ.....?'
'എന്ത്....?'
'ഇന്ന് സതീഷിന്റെ കല്ല്യാണം ആണ്. ... പാലപ്പെട്ടി അമ്പലത്തിൽ വെച്ച് താലികെട്ട്...'
'ആണോ.... പെണ്ണ് എതാണ്....?
'പെണ്ണ് അതുതന്നെ... പല്ലവി... അവൾക്ക് അവനെ മതി എന്ന്.... വളരെ ചുരുക്കിയാണ് ചടങ്ങുകൾ... അതാണ് നിന്നെ വിളിക്കാതിരുന്നത്....
പെണ്ണിന്റെ വീട്ടിൽ നിന്നും ആരും വരില്ല. അവൾ ജോലിക്ക് പോകുന്നതുപോലെ അന്നും വരും... എന്നിട്ട് ഇവിടെ എല്ലാം ശരിയാക്കിയിട്ടുണ്ട്....'
'എന്നാലും അമ്മ മാത്രമല്ലേ ഉള്ളൂ... അതിനോട് പറയാതെ....'
'ഉം... ശരിയാണ്.....
നമ്മൾ എന്ത് പറയാനാണ്... ഇപ്പോഴത്തെ പിള്ളാരല്ലെ....'
'ഉം.......'
'അതെ.... എന്നാലും പോട്ടെ.... അവന്റെ അമ്മേടെ വിഷമം മാറുമല്ലോ.... മോൻ വിവാഹം കഴിച്ചു കാണാൻ കുറെ കാലമായില്ലേ ആഗ്രഹിച്ചു നടക്കുന്നു...
എന്തായാലും അതിനോട് സ്നേഹം കാണിക്കുന്ന ഒരു മരുമോളായാൽ മതിയായിരുന്നു....
'അതെ... കുറെ കഷ്ടപ്പെട്ടതാണ് അത്...'
'വിളിച്ചില്ലെങ്കിലും നാളെ ഒന്ന് അവിടെ പോകാം നമുക്ക്... എന്തെങ്കിലും കൊടുക്കണം...'
'പോകാം... ഞാനും വരാം..'
...............................................
...............................................
'ആ... ആരാത്.....
'ചേട്ടനും അനിയനും ഉണ്ടല്ലോ...'
'ആ... ചേച്ചി വിളിച്ചില്ലെങ്കിലും ഞങ്ങൾക്ക് വരാതെ പറ്റില്ലല്ലോ....'
'ആർക്കും ഉണ്ടായില്ല മോനെ.. അതാ.. നിങ്ങൾ ഇരിക്ക്.... ഞാൻ അവരെ വിളിക്കാം....
ആ പിന്നെ ഒരു കാര്യം കൂടിയുണ്ട്....
അവരുടെ അച്ഛൻ വരുന്നുണ്ട് അടുത്ത് തന്നെ...
രണ്ടു ദിവസം മുമ്പ് ദുബായിൽ നിന്ന് വന്ന ഒരാൾ ഇവിടെ വന്നിരുന്നു. .. അയാളാ പറഞ്ഞത്....
രവിയേട്ടൻ അവിടെ ജയിലിൽ ആയിരുന്നു എന്ന്...
പാസ്പോർട്ട് ഇല്ലാണ്ടോ മറ്റോ... എന്തെങ്ങാണ്ടൊക്കെ പറഞ്ഞു അയാൾ...
പാസ്പോർട്ട് ഇല്ലാണ്ടോ മറ്റോ... എന്തെങ്ങാണ്ടൊക്കെ പറഞ്ഞു അയാൾ...
ഇപ്പോൾ അവര് വെറുതെ കേറ്റിവിടുമെന്ന്...
എന്തായാലും നന്നായി.... ജീവനോടെ ഉണ്ടല്ലോ....'
അതു പറയുമ്പോൾ വാസന്തിയുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു....
അവസാനിച്ചു....
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക