നാം ദിവസേന, എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അല്ലെങ്കിൽ കണ്ടു മറക്കുന്നു. ജീവിതത്തിൻറെ ഓട്ടപാച്ചിലിൽ ആരെയും, ഒന്നിനെയും, ഓർത്തുവെയ്ക്കാൻ നമുക്ക് സമയമില്ല എന്നതാണ് സത്യം!
ചിലപ്പോൾ നമുക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ നാം അറിയാറില്ല. നമ്മൾ അറിയാതെ നമ്മെ ശ്രദ്ധിക്കുന്ന എത്രയോപേർ…. ഈ കഥയിലെ കഥാനായികയും കാണാതെപോയൊരു മുഖത്തിൻറെ തിരച്ചിലാണ്.. ഇനി കഥയിലേക്ക് വരാം…
‘ഇന്ദു’ ഭർത്താവ് ഹരിയും, അഞ്ച് വയസ്സുകാരി മകളുമൊത്തു നാട്ടിലേക്ക് പോവുകയാണ്. ഹരിയുടെ അച്ഛൻറെ ഒന്നാം ചരമവാർഷികത്തിന്.
'നൈനി'യിൽനിന്നും നേരിട്ട് ഒരു ട്രെയിനും ഇന്ദുവിൻറെ നാടായ കായംകുളത്തേക്കില്ല. ഏതു ട്രെയിനായാലും ഇടയ്ക്കൊന്നു മാറി കയറണം. ചെന്നൈയിലോ, എറണാകുളത്തോ ഒന്നിറങ്ങി കയറണം. അതിൻറെ നേരിയ പരിഭവമുണ്ട് ഇന്ദുവിന്. ഈ റെയിൽവേ മിനിസ്റ്റർക്കു ഒരു ട്രെയിനെങ്കിലും നേരിട്ട് തന്നുകൂടേ..? അല്ലെങ്കില് ഇപ്പമുള്ളത് കുറച്ചുകൂടി നീട്ടി തന്നുകൂടേ..? കായംകുളംവരെയോ, തിരുവനന്തപുരം വരെയോ.. പലപ്രവിശ്യം ഇത് ഹരിയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മൗനമായിരുന്നു മറുപടി. രണ്ട് ദിവസമായി ട്രെയിനിൽ കയറിയിട്ട്. കുട്ടികളുമൊത്തുള്ള യാത്ര വളരെ ദുഷ്കരം തന്നെ. സാധാരണക്കാരായ യാത്രക്കാരുടെ ബുദ്ധിമുട്ടുകളൊന്നും മിനിസ്റ്റർക്കു അറിയണ്ടല്ലോ? ‘ഫ്ളൈറ്റും’ ഏതാണ്ട് ഇതുപോലെക്കെ തന്നെയാണ്.
‘പട്ന-എറണാകുളംരാജേന്ദ്രനഗർ’ എക്സ്പ്രസ്സ് ചെറിയൊരു ഉലച്ചിലോടെ എറണാകുളം പ്ലാറ്റ്ഫോം നമ്പർ എട്ടിലെത്തി നിന്നു. രാത്രി കൃത്യം പതിനൊന്നേകാൽ മണി ആയിരിക്കുന്നു. രാത്രി തൻറെ കരിമ്പടത്തിനുള്ളില് ഈ വലിയ നഗരത്തെയും ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
ലഗേജൊക്കെ ഹരി നേരത്തെതന്നെ സീറ്റിനടിയിൽ നിന്നും പുറത്തെടുത്തു വെച്ചിട്ടുണ്ടായിരുന്നു. ‘കല്യാണിമോൾ’ നല്ല ഉറക്കത്തിലാണ്. വിളിച്ചുണർത്തിയാൽ ബഹളം വെയ്ക്കും. രണ്ട് ദിവസംകൊണ്ട് മോൾ സഹയാത്രികരുമായി നല്ല അടുപ്പം ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഒരേ കുടുംബംപോലെ ഒന്നിച്ചു കഴിഞ്ഞിരുന്നവർ അവരവരുടെ സ്റ്റേഷനാകുമ്പോൾ കൈകാണിച്ചു ഇറങ്ങി പോകുന്നു... ഇനിയും കണ്ടുമുട്ടുമോ.. എന്തോ..?
കൂട് തുറന്നുവിട്ട പക്ഷികളെപോലെ യാത്രക്കാരെല്ലാം തിരക്കുകൂട്ടി ഇറങ്ങുകയാണ്. ലാസ്റ്റ് സ്റ്റോപ്പാണ്. പിന്നെന്തിന് തിരക്കു കൂട്ടണം. ആരും വന്നു കാത്തുനിൽക്കാനുമില്ല. തങ്ങൾക്കുള്ള ട്രെയിൻ ഇനി വെളുപ്പിന് അഞ്ചുമണിക്കേ ഉള്ളൂ. കൂടെ ഉണ്ടായിരുന്ന ചേർത്തലക്കാരിയും, മകനും മോളുടെ തലയിൽതൊട്ടു തലോടികൊണ്ട് യാത്രപറഞ്ഞു. തിരിച്ചവർക്ക് ഒരുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഇന്ദുവും മെല്ലെ തലയാട്ടി.
“പതിയെ ഇറങ്ങിയാൽ മതി”
ഇറങ്ങാൻ തിരക്കുകൂട്ടിയ ഇന്ദുവിനോടായി ഹരി പറഞ്ഞു.
ഏറ്റവും ഒടുവിലായി ഹരിക്കൊപ്പം മോളെയും എടുത്തുകൊണ്ട് ഇന്ദുവും ഇറങ്ങി, നിറഞ്ഞുവന്ന കണ്ണുകള് തുടച്ചുകൊണ്ട്.
കഴിഞ്ഞ തവണയും തങ്ങൾ വന്നപ്പോൾ ഹരിയുടെ അച്ഛൻ സ്റ്റേഷനിൽ വന്ന് കാത്ത് നിൽപ്പുണ്ടായിരുന്നു. കണ്ടപാടെ മോളെ തന്നിൽനിന്നും ഏറ്റുവാങ്ങി. പിന്നെ… കൊച്ചുമകൾക്കായി കരുതിവെച്ചിരുന്ന സ്നേഹവാത്സല്യങ്ങൾ മുഴുവനും പുറത്തേക്ക് ഒഴുകുകയായിരുന്നു…. കളിയും, ചിരിയും കൊഞ്ചലുമൊക്കയായി രാത്രിമുഴുവനും ഇവിടെ കഴിച്ചുകൂട്ടി. ഉള്ളിൽനിന്നും പൊട്ടിവന്ന ഒരു തേങ്ങൽ ഇന്ദുവിൻറെ തൊണ്ടയോളമെത്തി നിന്നു.
പുറത്ത് നേർത്ത തണുപ്പുണ്ട്. പ്ലാറ്റ്ഫോമിൽ ‘ചായ’ ‘കോഫി’ വിൽപ്പനക്കാരാണ് കൂടുതലും.
രണ്ട് കൈയ്യിലും ലഗേജുമായ് ഹരി മുന്നേ നടന്നു, വെയിറ്റിംഗ്റൂമിനെ ലക്ഷ്യമാക്കി. ഇന്ദു മോളെയും കൊണ്ട് ഹരിക്കൊപ്പമെത്താൻ പാടുപെട്ടു. ഇടയ്ക്കിടെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ അനിഷ്ടം മോൾ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടന്ന്, മുന്നേപോയ ഹരി ഒരു ടീ സ്റ്റാളിനു മുന്നിൽ ബ്രേക്കിട്ടപോലെ നിന്നു.
മെല്ലെ കോഫി ഊതി കുടിച്ചുകൊണ്ടിരുന്നപ്പോൾ.. ഒരു പുഴ പകുതി നീന്തികടന്ന ആശ്വാസമായിരുന്നു ഇന്ദുവിന്. ഇനി എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാൽ മതി.
വെയ്റ്റിങ്റൂമിലെത്തി ലഗേജൊക്കെ ഒതുക്കിവെച്ച് മോളെ ഹരിയെ ഏല്പിച്ചിട്ടു ‘വാഷ്റൂമിൽ’ പോയി ഫ്രഷായി വന്നു. ഈരാത്രി ഇവിടെ കഴിച്ചുകൂട്ടണം. ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് ഒഴിഞ്ഞു കിടന്നിരുന്ന ഒരു ചെയറിലേക്ക് അവളിരുന്നു.
മോളെ ഇന്ദുവിന് തിരികെയേൽപ്പിച്ചിട്ടു ഹരി പുറത്തേക്ക് ചുറ്റാനിറങ്ങി. കുഞ്ഞിനെയും മടിയിൽവെച്ചുകൊണ്ട് അവളങ്ങനെയിരുന്നു. ട്രെയിൻ വരുന്നതും പോകുന്നതുമനുസരിച്ചു യാത്രക്കാർ അവിടേക്ക് വന്നും പോയുമിരുന്നു. കൊതുകിൻറെ ശല്യം കാരണം മോൾക്ക് ഉറക്കംനഷ്ടമായി… അവൾ അസഹനീയതയോടെ ഇടക്കിടയ്ക്ക് കൈകാലുകൾ ചലിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കുണർന്നു ചോദിച്ചു.
"എവിടാമ്മേ.. നമ്മൾ"
“സ്റ്റേഷിനിലാണ് മോളേ..”
കയ്യിൽ കരുതിയിരുന്ന ബെഡ്ഷീറ്റെടുത്തു മോളെ പുതപ്പിച്ചുകൊണ്ട് അവൾ മാറോട് ചേർത്ത് പിടിച്ചു, കുനിഞ്ഞ് ആ കുഞ്ഞു നെറ്റിയിലൊരുമ്മ കൊടുത്തു.
“മോളുറങ്ങിക്കോ...”
ഹരി പോയിട്ട് കാണുന്നില്ലല്ലോ..? അവൾ ഹരി പോയ ഭാഗത്തേക്ക് കണ്ണോടിച്ചു. അപ്പോഴാ ഇടതുവശത്തെ ബോർഡ് കണ്ണിൽപെട്ടത്.
"യാത്രക്കാർ സാധനങ്ങൾ സൂക്ഷിക്കുക"
ഇത്തിരി സമാധാനം ഉണ്ടായിരുന്നതും പോയികിട്ടി. പെട്ടന്നവൾ സാധനങ്ങൾ അല്പം കൂടി തൻറെ അടുത്തേക്ക് നീക്കിവെച്ചു. എത്ര നേരമിങ്ങനെ ഇരിക്കും..
ഹരിയെപ്പറ്റിയാണ് ആലോചിച്ചത്…
ആകെ മൂടികെട്ടി ഒരു ഇരുപ്പായിരുന്നു യാത്രയിൽ മുഴുവനും. അധികമൊന്നും സംസാരിച്ചതേയില്ല.. അയാളുടെ ഉള്ളിൽ ഒരു ദുഃഖസാഗരം തിരയടിക്കുന്നുണ്ടന്ന് അവൾക്ക് തോന്നി. സ്നേഹസമ്പന്നനായിരുന്ന അച്ഛൻറെ ആകസ്മികമായുണ്ടായ മരണം ഹരിക്കൊരു തീരാനഷ്ടമായിരുന്നു. ഒരു വാക്കുകൊണ്ടുപോലും.. അദ്ദേഹം ഒരാളെയും നോവിക്കില്ലായിരുന്നു. റിട്ടയർമെൻറ്റ് ജീവിതം ഒരാളെ ഇത്രമേൽ തകർത്തികളയുമോ..? തലേന്ന് തങ്ങളുമായി ഫോണില് സംസാരിച്ച് ഉറങ്ങാൻ കിടന്ന അച്ഛൻ… പിറ്റേദിവസം മരണവാർത്തയാണ് അറിയുന്നത്. ‘റെയ്മണ്ടിലെ' 'മാനേജർ' ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോരാനും ഹരി തയ്യാറായിരുന്നു. സുഹൃത്തുക്കളുടെ ഇടപെടലും, നാട്ടിൽ ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും ഒക്കെ കാരണം പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകമകനായ ഹരിക്ക് അച്ഛൻ ബാക്കിവെച്ചുപോയ ഉത്തരവാദിത്വങ്ങൾ നിറവേറ്റണം. അതിനുവേണ്ടികൂടിയാണീ വരവ്. ‘സിമി’യുടെ വിവാഹനിശ്ചയം നടത്തിയിട്ടേ ഉള്ളൂ ഇനി മടക്കം. ഒരേട്ടത്തിയുടെ ഭാഗത്തുനിന്നെല്ലാം.. തനിക്ക് ചെയ്യണം. അവളുടെ വിവാഹം കഴിഞ്ഞ് അമ്മ തങ്ങളോടൊപ്പം വരുമെങ്കിൽ ഒപ്പം കൂട്ടണം… അവൾ ഓരോന്ന് ആലോചിച്ചു നെടുവീർപ്പിട്ടു.
പുറത്ത് കാറ്റിൻറെ നേരിയ ഇരമ്പം.. മഴ പെയ്യുകയാണ്. മഴത്തുള്ളികൾ ഇരുമ്പ് ശകടങ്ങളിൽ വീണ് പ്രതിധ്വനിച്ചു കൊണ്ടിരുന്നു….
ഹരിയെ കാണുന്നില്ലല്ലോ..? മനസ്സിൽ വേണ്ടാത്ത വിചാരങ്ങളൊക്കെ പതിയെ കടന്ന് കൂടാൻ തുടങ്ങി. അവൾ വീണ്ടും ഹരി പോയ ഭാഗത്തേക്ക് നോക്കിയിരുപ്പായി.
വരുന്നുണ്ട്, കയ്യില് ഒരു പത്രവും മറുകയ്യിൽ ചായയുമായി.
അടുത്തെത്തി പാസ്റ്റിക് കപ്പിലെ ചായ അവൾക്കു നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു.
“ജോൺസൺ.. മാഷ് മരിച്ചുപോയി”
“ഏത് ജോൺസൺ മാഷ്…?”
ഒരു ഞെട്ടലോടെ അവൾ ചോദിച്ചു.
അവൻ പത്രം നിവർത്തി ആ വാർത്ത അവൾക്ക് കാണിച്ചു കൊടുത്തു. ‘മലയാളത്തിന്റെ പ്രിയസംഗീത സംവിധായകൻ ജോൺസൺമാഷ് ഓർമ്മയായി’. ആദ്യപേജില് തലകെട്ടോടുകൂടി തന്നെ ആ വാർത്ത കൊടുത്തിരിക്കുന്നു ഒപ്പം കുറെ ചിത്രങ്ങളും. തൻറെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ..!
“എങ്ങനെയാ ഹരിയേട്ടാ.. മരിച്ചത്”
“ഞാൻ.. വായിച്ചുനോക്കിയില്ല”
അവൻ പത്രം നിവർത്തിപിടിച്ച് അവൾക്കടുത്തായി ചെയറിൽ വന്നിരുന്നു.
അദ്ദേഹത്തിൻറെ എത്രപാട്ടുകളാ താൻ സ്കൂളിലും, കോളേജിലുമായി പാടി സമ്മാനങ്ങൾ വാങ്ങിയിരിക്കുന്നത്. ഇടനെഞ്ചിനെ തൊട്ടുണർത്തിയ അനവധി ഈണങ്ങൾ പകർന്ന് നൽകിയാണ് ആ പ്രതിഭ മറഞ്ഞത്. ആർദ്രരാഗങ്ങളുടെ തമ്പുരാൻ.. അദ്ദേഹത്തിന് ഒരായിരം പ്രണാമം...!!
സംഗീതം ഒരു ലഹരിയാണ്.....ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം പോലെ.. മറക്കാനാവാത്ത ഒരീണമായി മനസില് ജോൺസൺമാഷ് പെയ്തിറങ്ങുന്നു…
‘പ്രിയപെട്ടതെല്ലാം നഷ്ടപെടുകയാണെല്ലോ.. ഈശ്വരാ..’
അവളുടെ മനസ്സ് തേങ്ങികൊണ്ടിരുന്നു...
ഓർമ്മകൾ ഒരു സുഖമുള്ള വേദന തന്നെയാകുന്നു പലപ്പോഴും..? മനസ്സ് ദു;ഖത്തിനും സന്തോഷത്തിനുമിടയില് ആടിക്കളിക്കുന്ന ഒരു പെന്ഡുലംപോലെയാണ്…
‘വഞ്ചിനാട് എക്സ്പ്രസ്സ്’ തൻറെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്…
ലഗേജൊക്കെ സീറ്റിനടിയില് ഒതുക്കിവെച്ചു കഴിഞ്ഞപ്പോഴേക്കും ഇന്ദുവിനടുത്തുള്ള സീറ്റൊക്കയും നിറഞ്ഞു കഴിഞ്ഞിരുന്നു. കുറച്ചപ്പുറത്തു മാറി ഓരൊഴിഞ്ഞ സീറ്റിൽ ഹരിയുമിരുന്നു. മുഖാമുഖം കാണാമെന്ന രീതിയിൽ.
വിൻഡോ സീറ്റിന് അരികെ ഇരിക്കുന്ന ഇന്ദുവിൻറെ മാറോട് പറ്റിചേർന്നു മോളും നല്ല ഉറക്കത്തിലാണ്. രാത്രി മഴ പെയ്തതു കൊണ്ടാവണം നല്ല കുളിരുണ്ട്. തണുത്ത കാറ്റ് വീശിയടിച്ചു. മോൾ തണുത്തു വിറച്ചു. ഇന്ദു തൻറെ ചുരിദാറിൻറെ ഷോൾ ചുമലിലൂടെ ഇട്ട് മോളെ പുതപ്പിച്ചു. തള്ളപക്ഷി തൻറെ ചിറകിനടിയിൽ ഒതുക്കുമ്പോലെ അവളെ തൻറെ ശരീരത്തോട് ചേർത്തുപിടിച്ചു. ചൂട് പകരനെന്നവണ്ണം സീറ്റിലേക്കു ചാരി കണ്ണുകളടച്ചിരുന്നു.
മെല്ലെ മെല്ലെ ഇരുട്ട് ഉഷസ്സിനു വഴിമാറിക്കൊണ്ടിരുന്നു...
തഴുകി തലോടിയെത്തുന്ന കുളിരുള്ള ഇളം കാറ്റ് അവളുടെ മുടിയിൽ മുത്തമിട്ടുകൊണ്ടിരുന്നു. പ്രഭാതം പൊട്ടിവിടരുകയാണ്. ഇടയ്ക്ക്പ്പോഴോ ഒന്ന് മയങ്ങി ഉണരുമ്പോൾ...
കുളിച്ചു ഈറനണിഞ്ഞു നിൽക്കുന്ന സുന്ദരിയായ പ്രകൃതി. കിഴക്ക് മഞ്ഞുപുതച്ച മലകൾക്കിടയിൽ വർണ്ണപ്രപഞ്ചം തീർത്ത് സൂര്യോദയം. നനഞ്ഞ വൃക്ഷതലപ്പുകളിൽ തട്ടി സൂര്യകിരണങ്ങൾ പ്രകാശിച്ചു.
ഗൃഹാതുരത്വത്തിൻറെ നൊമ്പരവും പേറി കഴിഞ്ഞിരുന്ന ഇന്ദു കോരിത്തരിച്ചുപോയി… തനിക്ക് അന്യമായിരുന്ന കാഴ്ചകൾ!
മരങ്ങളും, പുഴകളും, മലകളും, കാടും താണ്ടി, അമ്പലകുളത്തില് നിറഞ്ഞു വിടർന്നു നിൽക്കുന്ന ആമ്പല് പൂവുകളെയും പിന്നിലാക്കി ഓടിമറയുകാണ് വഞ്ചിനാട്. എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ..! തെങ്ങോലകളും, പച്ചപട്ടുവിരിച്ച് നീണ്ടു കിടക്കുന്ന കുട്ടനാടൻ നെൽപാടങ്ങളും അവളിൽ ഒരു പുത്തനുണർവ് പകർന്നു കൊണ്ടിരുന്നു. ഭൂമിയ്ക്കുമേലെ ആരോ ഒരു പച്ചകുട നിവർത്തി വെച്ചപോലെ… മനസ്സ് തുടികൊട്ടുകയാണ്.. അവിടെ ഒരായിരം മയിൽപീലികൾ ഒന്നിച്ചു വിടരുന്നപോലെ…
മനസ്സ് മന്ത്രിച്ചു… വെറുതെയല്ല വിദേശിയരും, അന്യസംസ്ഥാനക്കാരും കേരളത്തെ ‘ദൈവത്തിൻറെ സ്വന്തം നാടെന്ന്’ പുകഴ്ത്തുന്നത്.
നാട്ടുവഴികളിലും, ചായ കടകളിലും പ്രഭാതത്തിൻറെ തുടിപ്പ് അറിഞ്ഞു തുടങ്ങി.
ഇടയ്ക്കെപ്പോഴോപാതി മയക്കത്തിൽ നിന്നുണർന്നു ഹരി നോക്കുമ്പോൾ ഇന്ദുവും, മോളും നല്ല മയക്കത്തിലാണ്. ലെഗേജൊക്കെ യഥാസ്ഥാനത്തുതന്നെയുണ്ട്. ട്രെയിനിലെ യാത്രക്കാരിലധികവും വിദ്യാർത്ഥികളും, അദ്ധ്യാപകരും, ഉദ്യോഗസ്ഥരുമാണെന്ന് തോന്നുന്നു. ചിലർ ന്യൂസ്പേപ്പർ വായിക്കുന്നു, ചിലർ പാട്ടുകേൾക്കുന്നു മറ്റു ചിലർ സീറ്റിലേക്ക് ചാരി കണ്ണുമടച്ചിരിക്കുന്നു, ഉറങ്ങുകയാവാം. ഇവരൊക്കെ ഈ വണ്ടിയിലെ സ്ഥിരം യാത്രക്കരാണെന്ന് തോന്നുന്നു..
പെട്ടന്നാണ് അടുത്തിരിക്കുന്ന ആളിലേക്കു ശ്രദ്ധ പതിഞ്ഞത്. പരിസരം ശ്രദ്ധിക്കാതെ സ്വന്തം ലോകത്തിൽ വിഹരിക്കുകായാണ് അദ്ദേഹം. ഫിനിഷ് പോയിന്റിൽ എത്തിയിരിക്കൊന്നൊരു ചിത്രം. ഒന്നേ നോക്കിയുള്ളൂ ഞെട്ടിപ്പോയി !!!
ഇന്ദുവിൻറെ ചിത്രം!
മടിയില് മോളുമൊത്ത്… ജീവൻ തുടിക്കുന്നൊരു ചിത്രം!
തലയ്ക്കൊരടിയേറ്റപോലെ… അങ്ങാനാവാതെ ഇരുന്നുപോയി അവൻ. ശ്വാസം തൊണ്ടയിൽ വിലങ്ങി ശബ്ദിക്കാനാവുന്നില്ല… ഒരു വാക്കുപോലും പുറത്തേക്ക് വരുന്നില്ല.
ആരാണീയാൾ..?
ഒന്നും പറയാനോ, ചെയ്യാനോ ആവാതെ നിർവികാരിതനായി, വെറുതെ അയാളുടെ കരവിരുതിൽ നോക്കി പകച്ചിരുന്നുപോയവൻ…
ആ ചിത്രം പൂർത്തിയാക്കി നോട്ടുബുക്കിലെ പേജുകള് മറയ്ക്കുമ്പോൾ കണ്ടു… വേറെയും ഒരുപാട് ചിത്രങ്ങൾ... കൂട്ടത്തിൽ ഇന്ദുവിൻറെ വേറെ രണ്ട് ചിത്രങ്ങളും.. ഒക്കെയും ജീവൻ തുടിക്കുന്നവ.
അമ്പരപ്പ് മെല്ലെ ആദരവിന് വഴി മാറി. പരിസരം ശ്രദ്ധിക്കാതെ വരയ്ക്കുന്ന ഈ ചിത്രകാരൻ ആരാണ്..? വേഷഭൂഷാദികൾ കണ്ടിട്ട് ആൾ കുഴപ്പക്കാരനല്ലെന്ന് തോന്നുന്നു… നല്ല കുലീനത്വമുള്ള മുഖം.
എന്തെങ്കിലും ചോദിക്കാൻ തുടങ്ങും മുൻപേ അയാൾ കയ്യിലിരുന്ന നോട്ടുബുക്ക് ബാഗിലേക്കു വെച്ചഴുന്നേറ്റു. വണ്ടിയുടെ വേഗത പതിയെ കുറഞ്ഞു വന്നു. ആ സ്റ്റോപ്പിൽ അയാളിറങ്ങി. കോട്ടയമോ? ചങ്ങനാശ്ശേരിയോ? ശരിക്കോർമ്മയില്ല. അത്തരമൊരു അവസ്ഥയിലായിരുന്നു ഹരിയും. സ്വപ്നമോ, മിഥ്യയോ..? തരിച്ചിരുന്നുപോയവൻ…
ഞാൻ നാട്ടിൽ നിന്നുളള മടക്കയാത്രയിലാണ് ഇന്ദുവിനെ കണ്ടുമുട്ടിയത്. ‘എറണാകുളം പട്ന-രാജേന്ദ്രനഗർ’ എക്സ്പ്ര സ്സിൽ വെച്ച്. അല്പം മാറി കിടന്നിരുന്ന കർട്ടനു പിന്നിൽ…
എന്തിനോ വേണ്ടി പരിഭവിച്ചിരിക്കുന്ന ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അച്ഛനും, മകളും. എൻറെ തൊട്ടടുത്ത് എതിർവശത്തെ സീറ്റിൽ യാത്രചെയ്യുന്ന അവരെ മനുഷ്യസഹജമായ ജിജ്ഞാസായോടെ ഞാൻ ശ്രദ്ധിച്ചുതുടങ്ങി. അഞ്ചുവയസുകാരിയായ മകൾ അച്ഛൻറെ മടിയിലിരുന്ന് അമ്മയെനോക്കി ഓരോ ‘ഗോഷിടികൾ’ കാട്ടി ചിരിപ്പിക്കാൻ ശ്രമിക്കുന്നു.പിണങ്ങി മുഖം വീർപ്പിച്ചിരിക്കുകയാണവൾ... ഇടയ്ക്ക് ആ കണ്ണുകൾ നിറഞ്ഞു വരുന്നു. അത് എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുകയാണവൾ. ഒരു ഇരുപത്തിയഞ്ച്–ഇരുപത്തിയാറ് വയസു പ്രായം തോന്നും ആ പെൺകുട്ടിക്ക്..
ഗ്രാമത്തിൻറെതായ എല്ലാ നിഷ്കളങ്കതയും, ശാലീനതയും എനിക്കവളിൽ ദർശിക്കാൻ കഴിഞ്ഞു. നുണകുഴികൾ വിരിയുന്ന കവിളുകൾ.. നീണ്ടു വിടർന്നകണ്ണുകൾ.. ഒക്കെ അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതുപോലെ തോന്നി.
ഇടയ്ക്കെപ്പോഴോ എൻറെ കമലിൻറെ ‘റൈറ്റിങ്പാഡി’ലേക്കു നീണ്ടുവരുന്ന കണ്ണുകൾ.. പിന്നെ.. ഒരു പുഞ്ചിരി. മറുപുഞ്ചിരി സമ്മാനിക്കാൻ ഞാനും മറന്നില്ല.
എനിക്കടുത്തായി അവൾ ഒപ്പം സീറ്റില് വന്നിരുന്നു. അവൾക്കെന്തോ എന്നോട് പറയുവാനുള്ള പോലെ തോന്നി. മെല്ലെ അവൾ സംസാരിച്ചു തുടങ്ങി. ഞങ്ങൾക്കിടയിലെ അപരിചിത്വം പതിയെ മാറി വന്നു. അവളെനിക്കൊരു കുഞ്ഞനുജത്തിയായ് മാറി. അപ്പോഴാണ് ‘വഞ്ചിനാടിൻറെ ചിത്രകാരൻ’ മറനീക്കി പുറത്തു വന്നത്. സിമിയുടെ വിവാഹനിശ്ചയവും കഴിഞ്ഞ് മടക്കയാത്രയിലാണ് ഹരി ആ ചിത്രകാരനെകുറിച്ച് ഇന്ദുവിനോട് പറയുന്നത്.
തൻറെ ഭർത്താവിൻറെ മുൻപിൽവെച്ചരാൾ തൻറെ ചിത്രവും വരച്ചു കടന്നുകളയുക…. ആർക്കാണ് സഹിക്കാനാവുന്നത്..? ഏത് ഭാര്യയാണ് സഹിക്കുക? ഒന്നും, രണ്ടുമല്ല… മൂന്നു ചിത്രങ്ങൾ !!
ഇന്ദു വിതുമ്പി. അയാളത് ഏതു രീതിയിൽ ഉപയോഗിക്കും..? അവളുടെ ചോദ്യങ്ങളെല്ലാം ന്യായമാണ്. ഒരു കുറ്റവാളിയെപോലെ തലതാഴ്ത്തി ഇരിക്കുകയാണ് ഹരി. ഇത്രയും ദിവസം തന്നോട് പറയാതെ മൂടിവെച്ചതിന് ഒക്കെ ഇന്ദു കുറ്റപ്പെടുത്തുകയാണ് ഹരിയെ.
‘കല്യാണിമോൾ’ ഇമവെട്ടാതെ കുറേനേരം ഞങ്ങളെതന്നെ നോക്കിയിരുന്നു. പിന്നെ… ബാർബി ഡോളിലേക്കായി അവളുടെ ശ്രദ്ധ മുഴുവൻ.. അതിനോട് കിന്നാരം പറയുന്നു, നെഞ്ചോടു ചേർത്ത് പിടിച്ച് പാട്ടു പാടുന്നു.. ഉറക്കുന്നു….
ഇടയ്ക്കെപ്പോഴോ, ഞങ്ങൾക്കിടയിൽ അതിർവരമ്പുകൾ തീർത്തിരുന്ന ആ കർട്ടൻ ആരോ മാറ്റിയിരുന്നു. ഇന്ദുവിനെ എങ്ങനെ സമാധാനപ്പെടുത്തുമെന്നറിയാതെ ഞാൻ വിഷമിച്ചു.
‘കലാകാരൻമാർ ചില സമയങ്ങളിൽ സ്വയം മറന്ന് പോകാറുണ്ട്. അത് ഒരു പരകായ പ്രവേശനമാണ്…. എഴുത്തിലായാലും, ചിത്ര രചനയിലായാലും… മനുഷ്യൻ തൻറെ വിചാരങ്ങളേയും, വികാരങ്ങളേയും, ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്ന തരത്തിൽ അല്ലെങ്കിൽ സ്വന്തം ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവൻറെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ അത് കലയാകുന്നു. കലയെ സ്നേഹിക്കുന്ന, ആദരിക്കുന്ന ഒരാൾക്കു മാത്രമേ ഒരു കലാകാരനെ തിരിച്ചറിയാൻ സാധിക്കൂ…’
ഹരിയിൽ അത് വേണ്ടുവോളമുണ്ട്. നിൻറെ ചിത്രങ്ങളൊന്നും അയാള് ദുരുപയോഗം ചെയ്യത്തില്ല. ഞാനവൾക്ക് ഉറപ്പുകൊടുത്തു.
‘ഒന്നുകിൽ അയാളൊരു മാഗസിനിലേക്ക് ചിത്രം വരയ്ക്കുന്ന ആളായിരിക്കും. അല്ലെങ്കിൽ ഒരദ്ധ്യാപകൻ, അതുമല്ലെങ്കിൽ….കഴിവുകൾ ഉള്ളിലൊളിപ്പിച്ചു ജീവിതഭാരം ചുമക്കുന്നൊരാൾ…’
ആ മൂന്ന് ചിത്രങ്ങളും എൻറെ മനസിലൂടെ കടന്നുപോയി… ഒന്ന് ഇന്ദു പുറത്തേക്കുനോക്കി ഇരിക്കൊന്നൊരു ചിത്രം, മറ്റൊന്ന് യാത്രക്കാരോടോപ്പം സീറ്റിലേക്ക് ചാരി കണ്ണുമടച്ചു ഇരിക്കുന്നത്. മൂന്നാമത്തേത് ഒരമ്മ തൻറെ മകളെ മാറോട് ചേർത്ത് പിടിച്ചിരിക്കൊന്നൊരു ചിത്രം.
“ഒരു യഥാർത്ഥ കലാകാരനാണ് അയാളെങ്കിൽ ഇതു തന്നെയാവും അയാൾ വരച്ചിരിക്കുക…. ഉറപ്പ്”. ഞാനത് അവളോട് പറഞ്ഞു.
ഹരിയിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു. അതുവരെ വെറുതെ ‘ഇൻഡ്യടുഡെ’ മറിച്ചു നോക്കുകയായിരുന്നു ഹരി അത് മടക്കിവെച്ചു എനിക്കു നേരെ തിരിഞ്ഞു ആചര്യത്തോടെ നോക്കികൊണ്ടു ചോദിച്ചു.
“ചേച്ചി, എങ്ങനെ ഇത്ര കൃത്യമായി ...” ഹരിയുടെ വാക്കുകൾ ഇടറിയിരുന്നു. വിശ്വാവാസം വരാത്തതുപോലെ ഇന്ദു എൻറെ മുഖത്തേക്ക് ഉറ്റുനോക്കി.
“കലയെ സ്നേഹിക്കുന്ന, ആദരിക്കുന്ന ഒരാൾ മാത്രമാണ് ഞാൻ…..”
ഞാൻ പറഞ്ഞു നിർത്തി. അതുവരെ മിണ്ടാതിരുന്ന ഹരി സംസാരിച്ചു തുടങ്ങി. ഹരിയിൽ നിന്നാണ് എനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
“അയാളാ.. വണ്ടിയിലെ സ്ഥിരം യാത്രക്കാരനാണെന്ന് തോന്നുന്നു... ആ 'ടൈമിങ്' അതിനെ സൂചിപ്പിക്കുന്നു.”
ആശ്വാസമെന്നോണം… ഇന്ദുവിൻറെ മുഖത്ത് പുഞ്ചിരി വിടർന്നു.. അവിടെ നേർത്ത ചുവപ്പ് രാശിയോടൊപ്പം നുണക്കുഴികൾ കൂടുതൽ തെളിഞ്ഞു വരുന്നു….
ട്രെയിനിൻറെ താളത്തിനൊത്തു കല്യാണിമോളും, അവളുടെ നെഞ്ചോടു ചേർന്ന് പാവക്കുട്ടിയും ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. ഒരു താരാട്ടായ്.. താളമായ്.. ‘എറണാകുളംപട്ന-രാജേന്ദ്രനഗർ’ എക്സ്പ്രസ്സും അതിൻറെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു കൊണ്ടേയിരുന്നു….
വർഷങ്ങൾ പലതു പിന്നിട്ടു..
ഇന്ദു ഇപ്പോഴും.. ‘വഞ്ചിനാട്എക്സ്പ്രസ്സിൽ’ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു...
ആ ചിത്രകാരനെയും… ചിത്രങ്ങളെയും… ഒരുനോക്കു കാണുവാൻ….!
~~~~~~~~~~~~~~~~~~~
(ബിന്ദു പുഷ്പൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക